ഐവിഎഫ് FB, E (Competition) K, N, A, P, TMC, NL, SXC, AP, LF, KZ

"വർഷം പതിനൊന്നായി. ഇനിയും ഇങ്ങനെ കാത്തിരിക്കണോ..ഇനി അവൾക്ക് ഒരു കുട്ടിയെ നിനക്ക് നൽകുവാൻ കഴിയുമോ..?. നമുക്ക് മറ്റൊരു വിവാഹത്തിന് ശ്രമിച്ചാലോ.."

അമ്മ പിന്നേയും എന്തൊക്കെയോ പറയുന്നൂ. കല്യാണം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്നതാണ് ഈ എണ്ണിപെറുക്കൽ. പാവം രേവതി തിരിച്ചൊന്നും പറയാതെ എല്ലാം സഹിക്കും.

വിവാഹം എന്നത് കുട്ടികളെ ഉണ്ടാക്കുവാൻ മാത്രമാണോ, സന്തോഷത്തിലും സന്താപത്തിലും കൂടെ താങ്ങായി ഞാനുണ്ട് എന്ന വാഗ്ദാനം കൂടെ അല്ലേ അത്. അമ്മയെ അത് പറഞ്ഞു മനസ്സിലാക്കുവാൻ എനിക്കാവില്ല...

സ്വന്തം മകൾക്കു ഈ അവസ്ഥ വന്നാലേ പല അമ്മമാരും അത് മനസ്സിലാക്കൂ. മരുമകൾക്കും മകൾക്കും ഇടയിൽ ഒത്തിരി അന്തരമുണ്ട്....

റൂമിൽ പോയി നോക്കിയപ്പോൾ കണ്ടൂ..

ജനലിനരികിൽ നിൽക്കുന്ന രേവതിയെ...

പാവം കരയുകയാകും....

"രേവതി..."

ഒഴുകികൊണ്ടിരുന്ന കണ്ണുനീർ അവൾ തുടച്ചൂ. പാവം എൻ്റെ രേവതി. മച്ചി എന്ന് വിളിച്ചു എത്ര പ്രാവശ്യം അവളെ പലരും അപമാനിച്ചിരിക്കുന്നൂ...

"ഉണ്ണിയേട്ടാ.. ഞാൻ ഒരു കാര്യം പറയട്ടെ. ഉണ്ണിയേട്ടൻ വേറെ വിവാഹം കഴിച്ചോളൂ. ഞാൻ വീട്ടിൽ പൊയ്‌ക്കൊള്ളാം.."

അവൾക്കു പോകുവാൻ ഒരിടമില്ല. അച്ഛനും അമ്മയും പണ്ടേ മരിച്ചൂ. ആങ്ങളയുടെ വീട്ടിലെ ചായ്‌പിൽ അവൾക്കു എന്ത് സുഖമാണ് ലഭിക്കുക എന്ന് എനിക്ക് നന്നായി അറിയാം...

"രേവതി, വയസ്സായ അമ്മ പലതും പറയും. ഈ പ്രായത്തിൽ ഇനി അവരെ തിരുത്തേണ്ട. നിനക്ക് എന്നും താങ്ങായി ഞാൻ ഉണ്ടാകും. ഞാൻ നിന്നോട് വീണ്ടും ചോദിക്കുന്നൂ പണച്ചെലവിനെ പറ്റി ഓർത്തു നീ വിഷമിക്കേണ്ട. നമുക്ക് ഐവിഎഫ് നു ശ്രമിച്ചാലോ മോളെ.."

"വേണ്ട ഏട്ടാ, അതൊന്നും ശരിയല്ല.."

" നീ ഈ പഴഞ്ചൻ ചിന്താഗതികൾ ഒക്കെ മാറ്റണം. ശാസ്ത്രം മുന്നേറുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ കുറച്ചൊക്കെ അതിലൂടെ മാറ്റുവാൻ ശ്രമിക്കണം. അതിൽ ദൈവകോപം ഉണ്ടാകും, ശരിയല്ല എന്നൊന്നും പറഞ്ഞു മാറി നിൽക്കരുത്. ദൈവം തന്നെയല്ലേ അത് കണ്ടെത്തുവാൻ ഒരു ശാസ്ത്രജ്ഞനെ ഈ ഭൂമിയിലേയ്ക്ക് അയച്ചതും..."

"എന്നാലും ഏട്ടാ, ആളുകൾ എന്ത് പറയും.."

"ആളുകളുടെ വായ് അടച്ചു പൂട്ടിയിട്ടു നമുക്ക് ജീവിക്കുവാൻ സാധിക്കില്ല. നമുക്ക് നമ്മുടെ ജീവിതം. ഇപ്പോഴും അവർ പലതും പറയുന്നില്ലേ.."

"ഇനി ഏട്ടൻ്റെ ഇഷ്ടം അതാണെങ്കിൽ അത് തന്നെ നടക്കട്ടെ.."

..........................................

"എൻ്റെ രേവതിക്ക് വിശേഷം ആയിട്ടോ..."

മതി മറന്നു സന്തോഷിക്കുന്ന അമ്മയെ കണ്ടപ്പോൾ ഉണ്ണിയേട്ടൻ എന്നോട് പറഞ്ഞു

"നിൻ്റെ കടുംപിടുത്തം മൂലമാണ് ഇത് ഇത്രയും വൈകിയത്. നേർച്ചകളും കാഴ്ചകളും വേണം. ഒപ്പം നമ്മൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്,  മനുഷ്യന് മരുന്നും ആവശ്യമാണ്..."

ശരിയാണ്, ഞാനും അത് മനസ്സിലാക്കേണ്ടതായിരുന്നൂ. അമ്മയുടെ സന്തോഷം എൻ്റെ മനസ്സിൽ വരണ്ടു കിടന്നിരുന്ന ഓർമ്മകളെ കുളിരണിയിച്ചൂ...

..........................

"രേവതി, പ്രസവിച്ചൂ കേട്ടോ, ആൺകുട്ടിയാണ്.."

വളരെ സന്തോഷത്തോടെയാണ് അമ്മ അയല്പക്കത്തെ പാറു തള്ളയോട് അത് പറഞ്ഞത്.

ഏഷണി കൂട്ടുന്ന കാര്യത്തിൽ അവരെ കഴിഞ്ഞിട്ടേ ആരും ഉള്ളൂ. എന്തിലും ഏതിലും അവർ കുറ്റം കണ്ടെത്തും...

"ഓ.. അത് അവൻ്റെ തന്നെ ആണോ.. വേറെ ആരുടെ എങ്കിലും ആയിരിക്കും. കൃത്രിമം അല്ലെ.."

അമ്മയുടെ മുഖം പെട്ടെന്ന് മങ്ങി. അമ്മയ്ക്ക് അത് താങ്ങുവാൻ ആയില്ല...

രേവതി കുഞ്ഞുമായി വന്നിട്ടും അമ്മ എൻ്റെ മകനെ അവഗണിക്കുന്നതു പോലെ പലപ്പോഴും എനിക്ക് തോന്നി...

എന്നാലും എൻ്റെയും രേവതിയുടെയും ജീവിതത്തിൽ അവൻ വന്നതോട് കൂടി സന്തോഷം പതിന്മടങ്ങായി. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമായി കാലം  കടന്നു പോയികൊണ്ടിരുന്നൂ....

അവൻ്റെ കൊച്ചു വർത്തമാനങ്ങളും കളികളും പതിയെ അമ്മയെ മാറ്റി.

ആദ്യത്തെ നാട്ടുകാരുടെ പറച്ചിലുകൾ തനി യാഥാസ്ഥികയായ അമ്മയ്ക്ക് ഉൾക്കൊള്ളുവാൻ കഴിയുമായിരുന്നില്ല. ഇന്നിപ്പോൾ അമ്മയ്ക്ക് അവൻ കഴിഞ്ഞിട്ടേ ആരുമുള്ളൂ..

ഐവിഎഫ് എന്താണെന്നും അതിനെ പറ്റിയുള്ള കാര്യങ്ങളും അമ്മയ്ക്കറിയാം.

 അത് തെറ്റോ ശരിയോ എന്നതിലുപരി ചിലരുടെ ജീവിതത്തിൽ അത് സന്തോഷം നൽകുമെങ്കിൽ അതിനെ അവരുടെ ശരിക്കു വിടുന്നതല്ലേ നല്ലത്...

സന്തോഷം പങ്കിടുവാൻ ഒത്തിരി പേരുണ്ടാകും. കുറ്റം പറയുവാൻ അതിലേറെ ആളുകളും. പറയുവാൻ നന്മ ഒന്നുമില്ലെങ്കിൽ മിണ്ടുന്നതെന്തിനാണ്. നിൻ്റെ ശരികൾ അത് നിനക്ക് മാത്രമാണ്. മറ്റുള്ളവനെ അത് അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്. ദൈവം നൽകിയ ചെറിയ ജീവിതം അത് എങ്ങനെ ജീവിച്ചു തീർക്കണം എന്നുള്ളത് അവനവൻ തീരുമാനിക്കട്ടെ...

..............................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G