അമ്മ AMMA
#ഗ്രാമമിത്രംവനിതാദിനാചരണം
എൻ്റെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച വനിതാരത്നം എൻ്റെ അമ്മ തന്നെയാണ്.
സാധാരണ കുടുംബത്തിൽ ജനിച്ച ഒരു സാധാ വീട്ടമ്മയാണ് എൻ്റെ അമ്മ, പക്ഷേ എൻ്റെ കണ്ണിൽ അങ്ങനെയല്ല. അപ്പച്ചനെ തൻ്റെ വ്യാപാരത്തിൽ സഹായിച്ചു, ഒരു പരാതിയുമില്ലാതെ നാല് മക്കളെ വളർത്തി വലുതാക്കി, തനിക്കായി ഒന്നും മാറ്റി വക്കാതെ എല്ലാം പകർന്നു നല്കിയവൾ.
എൻ്റെ ആവശ്യങ്ങൾ എന്നേലും മുന്നേ അമ്മ അറിഞ്ഞിരുന്നൂ. ഇന്ന് ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ താങ്ങായി നിന്ന ശക്തി അമ്മയാണ്.. അതൊരിക്കലും വരികളിലൂടെ പറയുവാൻ ആകില്ല..
കഷ്ടപ്പാടുകൾക്കിടയിലും കുറ്റപ്പെടുത്തലുകൾക്കിടയിലും ധീരമായി മുന്നേറുന്നവൾ, അതാണ് അമ്മ. ഒരാൾക്ക് ജീവിതം മൊത്തം പൊരുതുവാൻ സാധിക്കുമോ?
ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട് അമ്മയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെകിൽ എന്നേ ഞാൻ ഈ പോരാട്ടം പകുതി വഴിയിൽ അവസാനിപ്പിച്ചു ഓടിഒളിച്ചേനെ.
തന്നെ ആരും മനസ്സിലാക്കുന്നില്ല എന്നു അറിയുമ്പോഴും പതറാതെ മുന്നേറുവാൻ സാധിക്കുമോ? തന്നെ മനസ്സിലാക്കാത്തവർക്കുവേണ്ടി ഒരു ജീവിതം മുഴുവൻ സമർപ്പിക്കുവാൻ സാധിക്കുമോ?
എൻ്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഒന്നായിരുന്നൂ. അതല്ലേ അമ്മ.
സഹനത്തിൻെറ മൂർത്തീഭാവം, എല്ലാം ക്ഷമിക്കുന്നവൾ. ഒരിക്കലും പരിഭവം പറയാത്തവൾ. അമ്മ എന്ന വാക്കിന് എൻ്റെ ഡിക്ഷനറിയിൽ സഹനം എന്ന ഒരു അർത്ഥമേ ഞാൻ നല്കിയിരുന്നുള്ളൂ അന്നും ഇന്നും.
കാലചക്രം മുന്നോട്ടു പോവുന്നു. അതിൻ്റെ കറക്കത്തിനിടയിൽ ഞാനും ഒരമ്മയാണെന്ന സത്യം ഞാൻ തിരിരിച്ചറിയുന്നൂ. എല്ലാ അമ്മമാരും ഒരുപോലെ ആണോ ഇടയ്ക്കൊക്കെ വ്യത്യസ്തയായ അമ്മമാരേ പറ്റി പത്രങ്ങളിലൂടെ വായിക്കാറുണ്ട്.
പക്ഷെ എൻ്റെ മനസ്സിലെ അമ്മ എന്ന സങ്കൽപ്പത്തിന് ഒരു മാറ്റവും സംഭവിക്കില്ല. സഹനത്തിൻ്റെ ചൂളയിൽ വേവുമ്പോഴും തൻ്റെ കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുന്നവളാണ് അമ്മ. ഒരു പെലിക്കൻ പക്ഷിയെ പോലെ തൻ്റെ മാറു പിളർന്നു കുഞ്ഞുങ്ങൾക്ക് നല്കുന്നവൾ. ആ മാറിലെ സ്നേഹം ഒരിക്കലും വറ്റുകയുമില്ല ...
അമ്മയെ മനസ്സിലാക്കുന്ന മക്കളായി ജനിക്കണം. ഒരു ജൻമം അവർ തന്നില്ലേ, സ്വന്തം സുഖങ്ങൾ അവർ മാറ്റി വെച്ചില്ല നമുക്കായി.. അത് മതി ആ സ്നേഹം മനസ്സിലാക്കുവാൻ..
തളർന്നു വീണു പോകുമ്പോഴെല്ലാം ഒരു ഫീനിക്ക്സ് പക്ഷിയെ പോലെ ഉയർന്നെഴുന്നേൽക്കുവാൻ പ്രചോദനം എന്നും അമ്മയായിരുന്നൂ. നേടുവാൻ ഒത്തിരി ഉണ്ടെന്നും ഒരു പെണ്ണ് എന്ന് പറഞ്ഞു പുറകിലേക്ക് മാറി നിൽക്കേണ്ടതില്ലെന്നും ആദ്യം പഠിപ്പിച്ചത് അമ്മയാണ്.
അമ്മയ്ക്ക് എൻ്റെ വനിതാദിന ആശംസകൾ.......
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ