ശുഭമുഹൂർത്ത0 SHUBHAMUHOORTHAM FB, E, A, K, KZ, P, AP

"നിനക്കെന്താ വട്ടുണ്ടോ...? എത്ര വട്ടം നിന്നെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. എനിക്ക് നിന്നെ പ്രണയിക്കുവാൻ ഒരിക്കലും ആകില്ല.."

"ദീപ്തി, നിനക്ക് മാത്രമേ എന്നെ മനസ്സിലാകൂ. എനിക്ക് നീ വേണം. ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം. പക്ഷേ പറ്റില്ല എന്ന് മാത്രം പറയരുത്.."

അനസിൻ്റെ വാക്കുകൾ അവഗണിച്ചു മുന്നോട്ടു നീങ്ങുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടൂ. എനിക്ക് അവനെ ഇഷ്ടമാണ്. പക്ഷേ അത് തുറന്നു പറയുവാനുള്ള ധൈര്യ0 എനിക്കില്ല.കാരണങ്ങൾ പലതാണ്.

ഈ സമൂഹം ഒരിക്കലും ഞങ്ങളെ അംഗീകരിക്കില്ല....

 മതം എന്നും ഞങ്ങൾക്കിടയിൽ ഒരു പ്രശ്‌നമാണ്, മുസ്‌ലിമായ അവനും ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ള ഞാനും. മറ്റൊരു ലൗ ജിഹാദ് എന്നവർ മുറവിളി കൂട്ടില്ലേ.

രണ്ടാമത് പ്രായം എന്നേലും ആറു വയസ്സ് താഴെയുള്ള അവനെ എങ്ങനെ ഞാൻ വരനായി സ്വീകരിക്കും. ആളുകൾ കളിയാക്കില്ലേ..

"ദീപ്തി, നീ എന്താണ് ആലോചിക്കുന്നത്..."

"ഒന്നുമില്ല വീണേ, ഞാൻ അനസിനെ പറ്റി ചിന്തിക്കുകയായിരുന്നൂ. അവൻ രണ്ടു വർഷമായി എൻ്റെ പുറകേ നടക്കുന്ന കാര്യം നിനക്കറിയാമല്ലോ.."

"നീ അത് വിട്ടു കള. അവനു വട്ടാണ്. അവമ്മാർക്കെന്താ പെണ്ണ് കെട്ടുക, മൊഴി ചൊല്ലുക. അതൊക്കെ ഒരു തമാശയായി കണ്ടാൽ മതി. അവൻ നിന്നെ മുതലെടുക്കുവാൻ നോക്കുന്നതാണ്. നീ പണക്കാരിയാണ്. ഒറ്റ മകൾ. അതുകൊണ്ടു മാത്രം അവൻ നിൻ്റെ പുറകെ നടക്കുന്നതാണ്.."

.............................

"മോളെ ദീപ്തി, ഇതുവരെ നിന്നെ ഞാൻ ഒന്നിനും നിർബന്ധിച്ചിട്ടില്ല. വയസ്സ് ഇരുപത്തെട്ടായി. എടുക്കേണ്ട ബിരുദങ്ങൾ എല്ലാം എടുത്തില്ലേ. ഇനി കല്യാണം വൈകിക്കുവാൻ പറ്റില്ല. സമുദായത്തിലെ ആളുകൾ ഓരോന്ന് പറഞ്ഞു തുടങ്ങി. ഞങ്ങൾക്കും ആഗ്രഹങ്ങൾ ഉണ്ടാകില്ലേ...."

ഒരിക്കൽ പോലും മനസ്സിൽ ഒളിപ്പിച്ച പ്രണയം ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല. അവർക്കു അത് താങ്ങുവാൻ ആകില്ല. കുടുംബ മഹിമ തകർക്കുവാൻ എനിക്കാവില്ല..

"എന്ത് പരീക്ഷണം ആണ് കൃഷ്ണ..?" എൻ്റെ ആത്മഗതം ആരറിയുവാൻ..

"മോളെ, നാളെ അവർ വരും. മറുത്തൊന്നും പറയരുത്. പയ്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ഒറ്റ മകൻ, ഇട്ടു മൂടുവാനുള്ള സ്വത്തുണ്ട്. നിനക്ക് ചേരും. പത്തിൽ പത്തു ജാതകപ്പൊരുത്തം ഉണ്ട്.."

"എല്ലാം അമ്മയുടെയും അച്ഛൻ്റെയും ഇഷ്ടം പോലെ നടക്കട്ടെ.."

എൻ്റെ സങ്കടങ്ങൾ ഞാൻ മറച്ചു വച്ചൂ. ഈ ലോകത്തിനു ഒരു നിയമം ഉണ്ട്. മാറ്റി ചിന്തിക്കുവാൻ എൻ്റെ മനസ്സിന് കരുത്തില്ല..

...................................

വിവാഹ പന്തലിലേയ്ക്ക് കയറുമ്പോഴും എൻ്റെ കണ്ണുകൾ തിരഞ്ഞത് അനസിനെ മാത്രമാണ്..

അവൻ പക്ഷേ വന്നില്ല......

താലി കഴുത്തിൽ വീണപ്പോൾ മനസ്സുകൊണ്ട് ഞാൻ തീരുമാനിച്ചൂ..

"ഇനി ഒരിക്കലും അനസ്സിനു എൻ്റെ മനസ്സിൽ ഇടമില്ല. ജോലി രാജി വച്ചതു കൊണ്ട് ഇനി അവനെ കാണേണ്ടി വരില്ല. പുതിയ ജോലി, കുടുംബം..എല്ലാം ..മറക്കുവാൻ എനിക്കാവും.."

മനുവിൻ്റെ കൈ പിടിച്ചു പുതിയ വീട്ടിലേയ്ക്കു കയറുമ്പോൾ മനസ്സിൽ ഒരായിരം പ്രതീക്ഷകൾ ഉടലെടുത്തിരുന്നൂ..

...................................

പക്ഷേ....

ആദ്യരാത്രി തന്നെ എൻ്റെ സ്വപ്നങ്ങൾ തകർന്നതായി എനിക്ക് തോന്നി.
കുടിച്ചു മുറിയിലേക്ക് വന്ന മനു എന്നോട് ആദ്യമേ പറഞ്ഞ വാചകം കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടമായി.. എൻ്റെ സ്വപ്നങ്ങൾ അവിടെ അവസാനിച്ചൂ...

"കെട്ടാച്ചരക്കായ നിന്നെ കെട്ടിയതു നിൻ്റെ സ്വത്തു മാത്രം കണ്ടിട്ടാണ്. ഈ പ്രായത്തിനുള്ളിൽ നീ ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലാകും. ഞാനും ഒരു പാട് വണ്ടികൾ ഓടിച്ചു നോക്കിയതാണ്.."

പിന്നെ അവിടെ നടന്നതൊന്നും എനിക്ക് ഓർമ്മയില്ല. അവൻ കടിച്ചു കീറിയ എൻ്റെ ശരീരത്തോട് എനിക്ക് ആദ്യമായി പുച്ഛം തോന്നി..

ആദ്യരാത്രിയിലെ അനുഭവങ്ങൾ തുടർന്ന്കൊണ്ടേയിരുന്നൂ...

 അച്ഛനോടും അമ്മയോടും ഞാൻ എല്ലാം മറച്ചു വച്ചൂ. പണത്തിനു വേണ്ടി എൻ്റെ തുടയിൽ പൊള്ളിക്കുന്നതും രാത്രിയിൽ ഉറങ്ങുവാൻ സമ്മതിക്കാതെ തലയിൽ കൂടെ വെള്ളമൊഴിച്ചു നിറുത്തുന്നതും വയറ്റിൽ ചവിട്ടുന്നതും എല്ലാം..."

ക്ഷമയുടെ നെല്ലിപ്പലക ഞാൻ കണ്ടൂ..

ഇനിയും വയ്യ... വർഷം ഒന്നാകുന്നൂ...

"എതിർക്കാനുള്ള ധൈര്യം എനിക്ക് തരണേ..." എന്ന പ്രാർത്ഥന ദൈവങ്ങൾ കേൾക്കുന്നില്ലേ...

..................................

അന്ന് മനസ്സിൽ ഉറച്ച തീരുമാനം എടുത്തിട്ടാണ് ഞാൻ അമ്മയെ കാണുവാൻ പോയത്...

"അമ്മേ, എനിക്ക് അമ്മയോട് കുറച്ചു കാര്യങ്ങൾ പറയുവാനുണ്ട്.."

"നീ ആകെ വല്ലാതെ ഇരിക്കുന്നല്ലോ. വിശേഷം വല്ലതുമുണ്ടോ. മനുവെന്തേ വന്നില്ല."

"എനിക്ക് അവിടെ ജീവിക്കുവാൻ വയ്യ അമ്മേ, എന്നെ ഇനിയെങ്കിലും അമ്മ മനസ്സിലാക്കണം. എൻ്റെ തുട കണ്ടോ..?"

പെട്ടെന്നാണ് അച്ഛൻ അവിടേയ്ക്കു കടന്നു വന്നത്. അച്ഛൻ കരഞ്ഞു കൊണ്ട് നിലത്തിരുന്നൂ..

"ഒരിക്കൽ പോലും നിന്നെ ഞാൻ ഈ കൈ കൊണ്ട് നുള്ളിയിട്ടെങ്കിലും ഉണ്ടോ. എന്നിട്ടെന്തിനാ മോളെ നീ ഇതെല്ലാം സഹിച്ചത്..."

ഞാൻ ആകെ പേടിച്ചു പോയി. അച്ഛൻ ഹൃദ്രോഗി ആണ്. അദ്ദേഹത്തിന് ഇതു സഹിക്കുവാൻ കഴിയുമോ...

"ഇനി, ഒരു നിമിഷം പോലും നീ ആ വീട്ടിൽ കഴിയേണ്ട. ഈ അച്ഛൻ നോക്കിക്കൊള്ളാം നിന്നെ.."

പിന്നീടെല്ലാം വേഗം നടന്നു. അങ്ങനെ ഒരു വർഷത്തെ എൻ്റെ സഹന ജീവിതം അവിടെ അവസാനിച്ചൂ.

പക്ഷേ, പിന്നീടൊരിക്കലും എനിക്ക് പഴയ ദീപ്തി ആകുവാൻ കഴിഞ്ഞില്ല. ഡീവോർസ് കഴിഞ്ഞതല്ലേ, ആർക്കും എന്തും പറയാമല്ലോ...?

അനസിനെക്കുറിച്ചു ഇടയ്ക്കൊക്കെ ഞാൻ ഓർക്കും. അപ്പോഴൊക്കെ ഞാൻ എൻ്റെ വിധിയെ പഴിക്കും...

സ്വയം എരിഞ്ഞു തീരുവാൻ വിധിക്കപെട്ട ജന്മങ്ങൾ അങ്ങനെ ഒത്തിരി ഉണ്ടല്ലോ ഭൂമിയിൽ...

ഓഫീസും ഞാനും മാത്രമായി എൻ്റെ ലോകം ചുരുങ്ങി. അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ സന്തോഷം അഭിനയിച്ചു ഞാൻ മടുത്തൂ...

.............................

"മോൾ ഇന്ന് നേരത്തെ വരണം. നാളെ നമുക്ക് ഒരിടം വരെ പോകണം. പിന്നെ രണ്ടാഴ്ചത്തെ ലീവ് എഴുതി കൊടുത്തോളൂ.."

പെട്ടെന്ന് വീട്ടിൽ നിന്നും ഒരു വിളി വന്നപ്പോൾ ഒന്ന് പേടിച്ചൂ.

അധികമൊന്നും ചിന്തിച്ചില്ല. ജീവിതം യാന്ത്രികമായി എന്നേ മാറിയിരുന്നൂ.

ഞാൻ മറുത്തൊന്നും പറഞ്ഞില്ല അവരുടെ  ആഗ്രഹങ്ങൾ ഒറ്റമകളായ ഞാൻ അല്ലാതെ ആര് കാണും...

പിന്നെ എനിക്കായി ഞാൻ സ്വപ്നങ്ങൾ ഒന്നും കാണാറില്ല....

...........................

വീട്ടിൽ എത്തിയപ്പോൾ അമ്മ പറഞ്ഞു...

"നിന്നെ കാണുവാൻ ഒരു കൂട്ടർ വരുന്നുണ്ട്. മോൾ എതിർപ്പൊന്നും പറയരുത്.."

മനസ്സെന്നെ മരവിച്ചിരുന്നൂ, ഇനി ആരുടെ മുന്നിലും നിന്ന് കൊടുക്കുവാൻ എനിക്ക് വയ്യ. പക്ഷേ, വയസ്സുകാലത്തു  അച്ഛനേയും അമ്മയേയും കൂടുതൽ വിഷമിപ്പിക്കുവാൻ വയ്യ.

ഞാൻ ഒന്നേ അമ്മയോട് ആവശ്യപ്പെട്ടുള്ളൂ....

"ഉടുത്തൊരുങ്ങി അവരുടെ മുന്നിൽ നിൽക്കുവാൻ എനിക്ക് വയ്യ. അച്ഛനും അമ്മയും പറയുന്ന ആരെയും ഞാൻ കെട്ടിക്കൊള്ളാം..."

മനസ്സില്ലാ മനസ്സോടെ ഞാൻ ഒരുങ്ങി...

എന്നെ മുറിയിൽ ഇരുത്തി അമ്മ പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാറ് വരുന്ന ശബ്ദം കേട്ടൂ.

അറിയാതെ കണ്ണുനീർ ഒഴുകി..

"എന്നാലും എൻ്റെ കണ്ണാ, നീ എന്നെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്. ഈ ജന്മത്തിൽ അനുഭവിക്കേണ്ടതെല്ലാം ഞാൻ അനുഭവിച്ചു കഴിഞ്ഞല്ലോ..."

മനസ്സിൽ പിറുപിറുക്കുവാനല്ലാതെ ഞാൻ എന്ത് ചെയ്യുവാൻ....

കുറച്ചു കഴിഞ്ഞപ്പോൾ വാതിക്കൽ ഒരു കാൽപ്പെരുമാറ്റം കേട്ടൂ. ആരാണെന്നു അറിയുവാൻ തിരിഞ്ഞു നോക്കിയ എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കുവാൻ ആയില്ല..

"എൻ്റെ അനസ്.."

അപ്പോഴേക്കും അച്ഛനും അമ്മയും അവിടേയ്ക്കു കടന്നു വന്നൂ..

"മോളേ, ഇപ്പോഴെങ്കിലും ഞങ്ങൾ ചെയ്ത തെറ്റ് ഞങ്ങൾ തിരുത്തുന്നൂ. ഒരു മാസം മുൻപാണ് അനസ് നിന്നെ തേടി ഈ വീട്ടിലേയ്ക്കു വന്നത്. നിന്നെക്കുറിച്ചു എല്ലാം അവൻ അന്വേഷിച്ചറിഞ്ഞിരുന്നൂ. അവൻ എന്നോട് ഒന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളൂ, ഇനിയെങ്കിലും നിന്നെ അവനു കൊടുക്കണമെന്ന്..."

"അവൻ്റെ വാക്കുകളിലെ സത്യസന്ധത എനിക്ക് മനസിലായി. പക്ഷേ അവനും മാതാപിതാക്കൾ ഇല്ലേ, അവർക്കും സ്വപ്നങ്ങൾ ഉണ്ടാകില്ലേ.പിന്നെ നിന്നെ അറിയിക്കാതെ ഞാൻ ഒരു ദിവസ്സം അവൻ്റെ വീട്ടിലേയ്ക്കു പോയി. അവൻ്റെ ഉമ്മയെയും ഉപ്പയേയും കണ്ടൂ. അവിടെ വച്ച് അവർ അനസിൻ്റെ അനിയത്തിയുടെ ഫോട്ടോ എന്നെ കാണിച്ചു തന്നൂ. ഭർത്താവു പീഢിപ്പിച്ചു കൊന്ന അവരുടെ മകളുടെ ഫോട്ടോ. ഇനി അവർക്കു ഈ മകൻ മാത്രമേ ഉള്ളൂ. അവനെ കൂടെ നഷ്ടപ്പെടുവാൻ അവർക്കു വയ്യ. പക്ഷേ അവൻ്റെ വിവാഹത്തേ കുറിചു അവർക്കു ഒത്തിരി സ്വപ്നങ്ങൾ ഉണ്ട്. എന്നിരുന്നാലും മകനിലും വലുതായി അവർക്കൊന്നുമില്ല.അവർ താഴെ ഉണ്ട്. നീ വാ..."

എന്നെ കണ്ടതും അവൻ്റെ ഉമ്മ എൻ്റെ കൈയ്യിൽ വള ഇട്ടു തന്നൂ...

വളരെ നാളുകൾക്കു ശേഷം അന്നാദ്യമായി എൻ്റെ കണ്ണിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു.

ജാതകപ്പൊരുത്തം നോക്കാതെ മനഃപൊരുത്തം മാത്രം നോക്കി.... പിന്നെയുള്ള ശുഭമുഹൂർത്തത്തിൽ ആ വിവാഹം നടന്നൂ..

................................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA