KLE 310, FB, A, G, TMC

ആദ്യമായി എൻ്റെ വീട്ടിലേയ്ക്കു വന്ന വണ്ടിയാണ് KLE 310 എന്ന അംബാസഡർ കാറ്. അപ്പച്ചൻ അത് വാങ്ങി കൊണ്ട് വന്ന ദിവസ്സം വീട്ടിൽ ഒരാഘോഷമായിരുന്നൂ. അത് ഒരു പഴയ കാറ് ആയിരുന്നൂ. അപ്പോൾ ആ കാറിൻ്റെ വിശേഷങ്ങളിലേയ്ക് പോകാം..

അപ്പച്ചൻ ST. സേവിയേർസ് കോളേജിലെ ഒരു പണി തീർത്തു കഴിഞ്ഞപ്പോൾ പണിക്കൂലിയുടെ ഭാഗമായാണ് ആ കാറ് അപ്പച്ചന് കിട്ടുന്നത്. അപ്പച്ചൻ അത് വർക്ക് ഷോപ്പിൽ കൊണ്ട് പോയി ഒന്ന് ചെറുതായി കുട്ടപ്പൻ ആക്കി എടുത്തൂ. അതോടെ ഞങ്ങളുടെ കറക്കം മുഴുവൻ പിന്നെ അതിലായി. ഈ കാറ് മൂലം കുറേ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

ചിലപ്പോഴൊക്കെ വഴിയിൽ നിന്ന് പോവുക, പിന്നെ വണ്ടിയിൽ ഉള്ളവർ എല്ലാം കൂടെ അതിനെ തള്ളി സ്റ്റാർട്ട് ആക്കുക. അപ്പോൾ ആ സംഭവങ്ങളിലേയ്ക്ക് പോകാം..

അമ്മയുടെ മൂന്നാമത്തെ ആങ്ങളയുടെ വിവാഹം കഴിഞ്ഞ സമയം, പണ്ടൊക്കെ വിവാഹം കഴിഞ്ഞ പുതുജോഡികൾ ബന്ധു വീടുകളിലെ സന്ദർശനം കഴിഞ്ഞാൽ  ആദ്യമായി പങ്കെടുക്കുന്ന ചടങ്ങു മറ്റൊരു വിവാഹം ആയിരിക്കും.

അങ്ങനെ പാവം സാജു അങ്കിളും ഗ്രേസി ആന്റിയും അപ്പച്ചനും അമ്മിച്ചിയും കൂടെ ഒരു കല്യാണത്തിന് പോയി. കൃത്യം പകുതി വഴി എത്തിയതും ആശാൻ ഓട്ടം നിറുത്തി. പിന്നെന്തു ചെയ്യുവാൻ പുതുപെണ്ണും അമ്മിച്ചിയും സാജു അങ്കിളും കൂടെ വണ്ടി തള്ളി സ്റ്റാർട്ടാക്കി.

ഈ വണ്ടി വിറ്റു കളയുന്നത് ഒരു അപകടം ഉണ്ടായ ശേഷം ആണ്...

സാധാരണ ഞായറാഴ്ചകളിൽ പള്ളിയിലേയ്ക്ക് പോകുന്നത് ഈ കാറിനാണ്. മുന്നിലെ സീറ്റിൽ അപ്പൂപ്പൻ ഉണ്ടാകും. പുറകിലെ സീറ്റിൽ അമ്മിച്ചിയും ഡ്രൈവിംഗ് സീറ്റിൽ അപ്പച്ചനും ഉണ്ടാകും. അന്നെന്തോ തിരിച്ചു വന്നപ്പോൾ അപ്പച്ചൻ വണ്ടി നിറുത്തുവാൻ ബ്രെക്ക് ചവിട്ടുവാൻ നോക്കി എങ്കിലും മാറി ചവിട്ടിയത് ആക്സിലേറ്ററിൽ ആയിരുന്നൂ. മതിൽ പൊളിച്ചു കാറ് പറമ്പിൽ കയറി. ആർക്കും ഒന്നും പറ്റിയില്ല. മുന്നിലെ സീറ്റിൽ ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന അപ്പൂപ്പന് പക്ഷേ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല.

അപ്പൂപ്പൻ സന്തോഷത്തോടെ എൻ്റെ അപ്പനോട് പറഞ്ഞ ഒരു കാര്യമുണ്ട്.

"എടാ, അവിസിഞ്ഞൂട്ടി.. നീ എത്ര രസമായിട്ടാണ് വണ്ടി പറമ്പിലേയ്ക്ക് ഇറക്കിയത്. എന്നാലും മതിൽ പൊളിച്ചു പുതിയ വഴി ഉണ്ടാക്കിയ കാര്യം എന്നോട് ഒന്ന് നേരത്തെ പറയാമായിരുന്നൂ.."

അപ്പോൾ അപ്പൻ അപ്പോഴും ഞെട്ടലിൽ നിന്ന് മുക്തൻ ആയിട്ടുണ്ടായിരുന്നില്ല....

ആ സംഭവത്തോടെ ആ കാറിൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി. അങ്ങനെ അപ്പച്ചൻ അവനെ വിറ്റിട്ടു ഒരു മാരുതി വാൻ അങ്ങു വാങ്ങി. പിന്നെ അത് മാറി ടാറ്റ ഇൻഡിക്ക വന്നൂ. ഇപ്പോൾ ആങ്ങളമാർ "ബെല്ലാ ബേബി ടൂർസ് ആൻഡ് ട്രാവെൽസ്" എന്ന സ്ഥാപനം നടത്തുന്നത് കൊണ്ട് മുറ്റം നിറയെ വണ്ടികൾ ആണ്, എന്നിട്ടും മനസ്സിൽ ആദ്യസ്ഥാനം ഇപ്പോഴും KLE 310 എന്ന ആ പഴയ അംബാസഡർ കാറിനാണ്..."

.............................സുജ അനൂപ്  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA