NALLATHU നല്ലത്, FB, K, N, E, P, A, KZ, AP, G, SXC

"അമ്മേ, എനിക്ക് വയ്യ. എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകുമോ..?"

"എന്താ മോനെ നീ ഇങ്ങനെ, ഇന്നലെ അല്ലെ നിന്നെ ക്ലിനിക്കിൽ കൊണ്ട് പോയത്..? ഡോക്ടർ പറഞ്ഞതല്ലേ വൈറൽ പനിയാണ്, രണ്ടു ദിവസ്സം കൊണ്ട് മാറി പൊക്കോളും എന്ന്...?"

"ഇല്ല അമ്മെ, എനിക്ക് തീരെ വയ്യ. എന്നെ ഏതെങ്കിലും നല്ല ആശുപത്രിയിൽ ഒന്ന് കൊണ്ട് പോകുമോ..?"

എല്ലാം എൻ്റെ വിധിയാണ്. സ്നേഹിച്ച പുരുഷനെ വിശ്വസിച്ചു കൂടെ ഇറങ്ങി പോന്നൂ. അവസാനം കുട്ടികൾ രണ്ടു ആയപ്പോൾ അയാൾക്ക്‌ എന്നെ വേണ്ട. കുടിച്ചു കൂത്താടി നടക്കുന്ന അയാൾക്കു ഞാനും മക്കളും അധികപ്പറ്റാണ്. അദ്ദേഹത്തിൻ്റെ അച്ഛനും അമ്മയും ഉള്ളത് കൊണ്ട് ഞാൻ ഇങ്ങനെ എങ്കിലും ജീവിച്ചു പോകുന്നൂ.

അയല്പക്കത്തെ വീടുകളിൽ പോയി പണി എടുത്തു കിട്ടുന്ന പണം കൊണ്ട് ഞാൻ എന്തെങ്കിലും മക്കൾക്ക് വച്ച് കൊടുക്കുന്നൂ. എൻ്റെ വീട്ടിലേയ്ക്കു എനിക്ക് പ്രവേശനമില്ല. ഈ കൊച്ചുകൂരയിൽ ഞാനും മക്കളും അദ്ദേഹത്തിൻ്റെ മാതാപിതാക്കളോടൊപ്പം കഴിയുന്നൂ..

"അമ്മെ, കാല് വേദനിക്കുന്നൂ. എനിക്കൊന്നു തിരുമ്മി താ.."

"എൻ്റെ മോൻ ഉറങ്ങിക്കോ. അമ്മ എന്തെങ്കിലും വഴി ഉണ്ടാക്കാം.."

.......................

"അച്ഛാ, മോന് വയ്യ. ഇപ്പോൾ പല തരത്തിലുള്ള പനി ഉള്ളതല്ലേ. മോനെ നല്ലൊരു ആശുപത്രിയിൽ കൊണ്ട് പോകണം. എനിക്ക് ഒരു അഞ്ഞൂറ് രൂപ വേണം, ഞാൻ എവിടെ പോയി ചോദിക്കും.."

"ഞാൻ എവിടെ നിന്ന് എടുത്തു തരാനാണ് മോളെ.."

പെട്ടെന്നാണ് സുനന്ദ വന്നത്..

"ഏന്തേ, ചേച്ചി പ്രശ്‌നം..?"

നാത്തൂനാണ്..

ഞാൻ കാര്യങ്ങൾ പറഞ്ഞു.

"എൻ്റെ കൈയ്യിൽ പണമൊന്നുമില്ല ചേച്ചി, ഏട്ടൻ എന്നെ ബൈക്കിൽ വഴിയിൽ ആക്കിയിട്ടു തിരിച്ചു പോയി. വൈകിട്ട് വരാമെന്നു പറഞ്ഞിട്ടുണ്ട്. ഏട്ടൻ വരട്ടെ നമുക്ക് മോനെ ആശുപത്രിയിൽ കൊണ്ട് പോകാം. ചേച്ചി വിഷമിക്കാതെ വാ, ഞാൻ മോനെ ഒന്ന് നോക്കട്ടെ.."

പെട്ടെന്ന് മനസ്സിൽ ഒരു കുളിർമഴ പെയ്തു.

നാത്തൂനേ കണ്ടതും നിലത്തു പായയിൽ കിടന്നിരുന്ന മകൻ അവളുടെ കാലുകളിൽ പിടിച്ചൂ..

"ചിറ്റേ, ഞാൻ മരിച്ചു പോകും. എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകുമോ.."

അവൾ അവിടെ ഇരുന്നു കുറച്ചു നേരം കരഞ്ഞു.

അപ്പോൾ തന്നെ അവൾ പുറത്തേയ്ക്കു പോയി. തിരിച്ചു ഒരു ഓട്ടോയുമായി വന്നു, അവൾ എന്നെയും മകനെയും ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി..

അവനെ ആശുപത്രിയിൽ ആക്കി. രണ്ടു ദിവസ്സം കഴിഞ്ഞതും ഡോക്ടർ പറഞ്ഞു

"എലിപ്പനിയാണ്, സമയത്തു എത്തിച്ചത് കൊണ്ട് മാത്രം രക്ഷപെട്ടൂ.."

ആ നിമിഷം എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ. ഒരു പക്ഷേ നാത്തൂൻ വന്നില്ലായിരുന്നെങ്കിൽ എൻ്റെ മകൻ മരിച്ചേനെ..

"ഇനി ഒന്നും പേടിക്കുവാനില്ല.."

അപ്പോഴാണ് അവളുടെ ഒഴിഞ്ഞു കിടക്കുന്ന കഴുത്തു ഞാൻ ശ്രദ്ധിച്ചത്.

"നിൻ്റെ താലി മാല എവിടെ..?"

"അത് പണയം വച്ചിട്ടാണ് ഞാൻ മോനെ ഇവിടെ എത്തിച്ചത്. നമ്മുടെ മോനേലും വലുതാണോ അത് ചേച്ചി.."

"[പക്ഷേ, രവി അറിഞ്ഞാൽ പ്രശ്നം ആകില്ലേ.."

"എന്ത്‌ പ്രശ്നം ചേച്ചി, മോനേലും വലുത് സ്വർണം ആണോ, പണം വരുമ്പോൾ ഞാൻ അത് തിരിച്ചെടുക്കും. താലി ഇപ്പോഴും എൻ്റെ കൈയ്യിലുണ്ട് ഭദ്രമായി..."

അപ്പോൾ ഞാൻ ഓർത്തൂ, ഇങ്ങനെ ചിന്തിക്കുന്ന ഒരു നാത്തൂൻ ഉണ്ടായതു കൊണ്ട് മാത്രം എൻ്റെ മകൻ രക്ഷപെട്ടിരിക്കുന്നൂ.

രണ്ടാഴ്ച ആശുപത്രിയിൽ കിടന്ന അവനെ സുനന്ദയും രവിയും നന്നായി നോക്കി. എൻ്റെ തെറ്റ് മൂലം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നത് എൻ്റെ മക്കളാണ്.

പ്രണയം ഒരു ഉത്സവം ആക്കി ആഘോഷിക്കുന്ന ആളുകൾ ഉണ്ട്. പക്ഷേ.. എത്ര പ്രണയങ്ങൾ  തകർന്നു വീഴുന്നൂ. മാതാപിതാക്കളുടെ സ്വപ്നങ്ങൾ തകർത്തു അന്യൻ്റെ കൈ പിടിക്കുമ്പോൾ ചെറുതായൊന്നു പിഴച്ചാൽ താങ്ങുവാൻ ആരുണ്ട്. കൂട്ടുകാർ എന്നും കൂടെ നിൽക്കുമോ..

ജീവിതം ഒരു ദിവസ്സം കൊണ്ട് അവസാനിക്കുന്നില്ല. ആദ്യത്തെ ആവേശം തീരുമ്പോൾ ചെളിക്കുണ്ടിലേയ്ക്ക് വലിച്ചെറിയപ്പെടുന്നവർ ധാരാളം ഉണ്ട്... പൊരുതുവാൻ തയ്യാറുള്ളവർ പ്രണയിക്കട്ടെ, വിജയിച്ചു കാണിക്കട്ടെ. അതിനു സാധിക്കാത്തവർ പ്രണയിക്കേണ്ട, അതല്ലേ നല്ലത്...

......................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G