ATHIJEEVANAM അതിജീവനം FB, E, N, K, P, KZ, A, AP, G, SXC, NL

"പെട്ടെന്ന് എന്താണ് എൻ്റെ അമ്മയ്ക്ക് പറ്റിയത്..?

കേട്ടത് സത്യമാകരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ആശുപത്രിയിലേയ്ക്ക് ഓടിയത്..

ക്ലാസ്സ് കഴിഞ്ഞു വീട്ടിലേയ്ക്കു എത്തുമ്പോൾ എന്നും ചിരിയോടെ അമ്മ ഉമ്മറത്തുണ്ടാകും. എല്ലാ ദുഃഖങ്ങളും എനിക്ക് വേണ്ടി മറന്നു ചുണ്ടിൽ ഒരു ചിരി വിടർത്തി നിൽക്കുന്ന അമ്മ. അമ്മ എനിക്കെന്നും അത്ഭുതമായിരുന്നൂ..

ബിരുദം അവസാന വർഷമാണ്. ഇനി രണ്ടു പരീക്ഷകൾ മാത്രമേ ബാക്കിയുള്ളൂ. അതും കൂടെ കഴിഞ്ഞാൽ പിന്നെ കുറച്ചെങ്കിലും പിടിച്ചു നിൽക്കുവാനുള്ള ശക്തി എനിക്ക് കിട്ടും.

ഇന്നലെ രാത്രിയിലും അമ്മയുടെ കരച്ചിൽ ഞാൻ അച്ഛൻ്റെ മുറിയിൽ നിന്ന് കേട്ടിരുന്നൂ...

"നമ്മുടെ മകളെ ഓർത്തിട്ടെങ്കിലും നിങ്ങൾ ഇനി കണ്ട പെണ്ണുങ്ങളെ തേടി പോകരുത്. അവൾ വലുതാവുകയാണ്. അവൾക്കെല്ലാം മനസ്സിലാകുന്ന പ്രായമാണ്.."

അമ്മയുടെ അപേക്ഷകൾ പക്ഷേ ഒരിക്കലും അച്ഛൻ്റെ മുന്നിൽ വില പോകില്ല.

എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നൂ. ഒരു പക്ഷേ അമ്മയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ അച്ഛനെ തല്ലിയിട്ടു ആ ബന്ധം ഉപേക്ഷിച്ചു എന്നേ സ്ഥലം വിട്ടേനെ..

ഒരിക്കൽ മാത്രം അമ്മയോട് ഞാൻ ചോദിച്ചൂ..

"നമുക്ക് എവിടേക്കെങ്കിലും പോയാലോ അമ്മേ, ഒരിക്കലും അച്ഛൻ തേടി വരാത്ത ഒരിടത്തേയ്ക്ക്.."

അന്ന് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"മോളേ, പെൺകുട്ടികൾ പഠിക്കണം. പഠിച്ചു നല്ലൊരു ജോലി വാങ്ങണം. സ്വന്തം കാലിൽ നിൽക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ഈ അമ്മയെ പോലെ ആകും മോളുടെ ജീവിതവും. മോൾ ഒരിക്കലും അമ്മയെ പറ്റി ചിന്തിക്കരുത്. അമ്മയുടെ സ്വപ്നങ്ങൾ എല്ലാം അവസാനിച്ചൂ. എൻ്റെ ജീവിതം നിനക്കെന്നും ഒരു പാഠം ആയിരിക്കണം. എനിക്ക് അച്ഛൻ്റെ കൈയ്യിൽ നിന്നും കിട്ടുന്ന ഓരോ അടിയും നിനക്ക് നൻമ്മക്കായി വരുവാൻ ഞാൻ പ്രാർത്ഥിക്കാം.."

അന്ന് മനസ്സിൽ ഞാൻ ഒന്ന് ഉറപ്പിച്ചൂ..

"ഈ ലോകത്തിൽ നേടുവാൻ എനിക്ക് ഒരുപാടുണ്ട്. ഞാൻ തളർന്നാൽ അമ്മയ്ക്ക് ആരുമില്ല. അമ്മയുടെ സ്വപ്നങ്ങൾ ഞാൻ ഒരിക്കൽ നേടി കൊടുക്കും.."

..................................

ആശുപത്രി കിടക്കയിൽ ഞാൻ കണ്ടു.

ഒന്നും മിണ്ടാതെ കിടക്കുന്ന അമ്മ. കൺകോണിൽ കണ്ണുനീർത്തുള്ളികൾ...

ഞാൻ ഓടി പോയി ഡോക്ടറെ കണ്ടു.

"ഇനി എഴുന്നേൽക്കില്ല എന്നാണ് തോന്നുന്നത്. സ്ട്രോക്ക് ആയിരുന്നൂ. ദൈവത്തോട് പ്രാർത്ഥിച്ചോളൂ. ഒരു ഭാഗം മുഴുവൻ തളർന്നു പോയി. ചിലപ്പോൾ പതിയെ മാറ്റം വന്നേക്കാം..."

നിറഞ്ഞൊഴുകിയ കണ്ണുന്നീർ ഞാൻ തുടച്ചുകൊണ്ടേയിരുന്നൂ..

"എന്തിനാണ് ദൈവം ഇങ്ങനെ ഒരു ശിക്ഷ അമ്മയ്ക്ക് തന്നത്..? എൻ്റെ പാവം അമ്മ.. ചിലപ്പോഴൊക്കെ ദൈവങ്ങൾ ഓരോ വിക്രിയകൾ കാട്ടികൂട്ടുമല്ലോ.."

ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മയെ ഡിസ്ചാർജ് ചെയ്തു. പേരിനെപ്പോഴോ അച്ഛൻ ഒന്ന് ആശുപത്രിയിൽ വന്നിരുന്നൂ.

വീട്ടിൽ എല്ലാം താളം തെറ്റിതുടങ്ങിയിരുന്നൂ..

രാത്രിയിൽ അമ്മയ്ക്കുള്ള ഭക്ഷണം കൊടുത്തു മുറിയിലേയ്ക്കു നടക്കുമ്പോൾ ഗസ്റ്റ് റൂമിൽ നിന്നും അച്ഛൻ്റെ അടക്കി പിടിച്ച വർത്തമാനം കേട്ടൂ. അച്ഛൻ വന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല.

പതിയെ ഞാൻ അവിടേയ്ക്കു ചെന്നൂ..

അച്ഛനൊപ്പം മറ്റൊരു സ്ത്രീ.. എന്നെ കണ്ടതും രണ്ടുപേരും പതുക്കെ അകന്നു മാറി..

അവരുടെ നിൽപ്പും സംസാരവും എനിക്ക് പിടിച്ചില്ല..

"അച്ഛാ, ഇതാരാണ്..?"

"നിൻ്റെ അമ്മയെ നോക്കുവാൻ വന്നതാണ്. ഇനി ഇവർ ഇവിടെയാണ് താമസം."

ഞാൻ ഒന്നും മിണ്ടിയില്ല..

പിന്നീട് ഞാൻ പലതും കണ്ടു. അപ്പുറത്തെ മുറിയിൽ കിടക്കുന്ന ആൾക്ക് ജീവൻ ഉണ്ടെന്നും എല്ലാം കേൾക്കുവാൻ പറ്റുമെന്ന് പോലും അവർ ആലോചിച്ചില്ല.

പരീക്ഷകൾ മൊത്തം ഞാൻ എഴുതി.

രാത്രിയിൽ അമ്മയുടെ മുറിയിൽ ഇരുന്നു പഠിക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്നും ചെവിയിൽ വീണ ഇക്കിളി പെടുത്തുന്ന സംസാരങ്ങൾ എൻ്റെ വാശി കൂടിയതെ ഉള്ളൂ. ആ ദേഷ്യം മുഴുവൻ ഞാൻ തീർത്തത് വാശിയോടെ പഠിച്ചിട്ടായിരുന്നൂ...

അവസാനത്തെ പരീക്ഷ കഴിഞ്ഞ ദിവസം ഞാൻ വീട്ടിൽ വന്നത് പലതീരുമാനങ്ങളും എടുത്തിട്ടായിരുന്നൂ.

അച്ഛനോട് രാത്രിയിൽ ഉണ്ടായിരുന്ന ധൈര്യമെല്ലാം സംഭരിച്ചു ഞാൻ പറഞ്ഞു..

"നാളെ, അവരെ പറഞ്ഞു വിട്ടേക്കണം. എൻ്റെ പരീക്ഷ കഴിഞ്ഞല്ലോ. ഞാൻ അമ്മയെ നോക്കി കൊള്ളാം. വീട്ടുപണികളും ഞാൻ ചെയ്തു കൊള്ളാം ."

അതിനു അച്ഛൻ പറഞ്ഞ മറുപടി, അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല...

"നിന്നെ കൊണ്ട് ചെയ്യുവാൻ പറ്റാത്ത പല പണികളും ഉണ്ട്. രാത്രിയിൽ നീ വന്നു കൂടെ കിടക്കുമോ...?"

ശബ്ദം നഷ്ടപ്പെട്ട് ഞാൻ നിന്നൂ. കണ്ണിൽ എരിഞ്ഞത് അഗ്നിയായിരുന്നൂ.

അന്ന് രാത്രിയിൽ ഞാൻ ഒത്തിരി കരഞ്ഞു.

പിറ്റേന്ന് രാവിലെ ഒരു ആംബുലൻസ് വിളിച്ചു, അമ്മയേയും കൂട്ടി ഞാൻ അമ്മവീട്ടിലേയ്ക്കു യാത്രയായി.

അവിടെ എത്തി. രണ്ടു ദിവസ്സം കഴിഞ്ഞതും അമ്മാവൻ്റെ ഭാര്യ പ്രശ്നം ഉണ്ടാക്കി തുടങ്ങി. അവരുടെ കുത്തുവാക്കുകൾ, ശാപവചനങ്ങൾ അതെല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരുന്നൂ..

ഒരു ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി പ്രാർത്ഥിച്ചു....

അവസാനം ഒരു ജോലി തരമായി, അഡ്മിൻ വിഭാഗത്തിൽ, ഊട്ടിയിലെ ഒരു സ്കൂളിൽ എനിക്ക് ജോലി കിട്ടി.

എപ്പോഴും ദൈവം ശിക്ഷ മാത്രമല്ലലോ തരുന്നത്....

അമ്മയേയും കൂടെ കൂട്ടാൻ കഴിഞ്ഞു എന്നുള്ളത് ഭാഗ്യമായി. ഒരു ചെറിയ വാടക വീടെടുത്തൂ. അമ്മയെ നോക്കുവാനും ഒരാളെ അവിടെ കിട്ടി.

പതിയെ പതിയെ പഴയതെല്ലാം മറന്നു ഞങ്ങൾ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നൂ. അമ്മയ്ക്ക് ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി. അമ്മ പതിയെ തൻ്റെ അവസ്ഥയെ അതിജീവിച്ചു ജീവിതത്തിലേയ്ക്ക് നടന്നു തുടങ്ങി...

പൂജകൾക്കും മരുന്നുകൾക്കും ഉപരി അമ്മയുടെ മനസ്സ് ശക്തിയാർജ്ജിച്ചതാണ് അമ്മയിൽ മാറ്റം വരുത്തിയത്. എന്തിനും ഏതിനും വഴക്കു പറയുവാൻ അച്ഛനില്ല.

അമ്മയ്ക്ക് സന്തോഷം മാത്രമേ ഇവിടെ ഉള്ളൂ....

വാശിയോടെ അമ്മ ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോൾ അച്ഛൻ പതനത്തിലേക്ക് പോവുകയായിരുന്നൂ.

നാട്ടിൽ നിന്നും കൂട്ടുകാരി വിളിച്ചിരുന്നൂ..

"അച്ഛനും ആ പെണ്ണുപിള്ളയും എന്നും വഴക്കാണത്രെ. അച്ഛനില്ലാത്ത നേരത്തു അവരെ കാണുവാൻ അവിടെ പലരും വരാറുണ്ട്. അത് അച്ഛൻ ചോദ്യം ചെയ്തു.."

ഞാൻ ഒന്നും മിണ്ടിയില്ല..

"അച്ഛൻ അമ്മയെ ചതിച്ചൂ. വിധി അച്ഛന് മാറ്റി വച്ചതു അച്ഛനിപ്പോൾ കിട്ടുന്നൂ.." അതിൽ കൂടുതൽ ഞാൻ ഒന്നും ചിന്തിച്ചില്ല..

.........................................

അമ്മ നെറ്റിയിൽ സിന്ദൂരം തൊടുന്നത് നിർത്തിയിരുന്നില്ല.

"എന്തിനാണമ്മേ ഇങ്ങനെ, ഇനി ഈ സിന്ദൂരം തൊടണോ...?"

"ഞാൻ അച്ഛനെ വഞ്ചിച്ചിട്ടില്ലല്ലോ മോളെ. എന്നും ഞാൻ അദ്ധേഹത്തെ സ്നേഹിച്ചിട്ടേ ഉള്ളൂ. പതിനെട്ടാം വയസ്സിൽ ഇട്ടു തുടങ്ങിയതാണ് ഈ സിന്ദൂരം. ഇനി ഇതു എനിക്ക് ആവശ്യമില്ല. എന്നാലും അത് അങ്ങനെ ഞാൻ വയ്ക്കുമ്പോൾ അച്ഛന് ആപത്തൊന്നും വരില്ല എന്ന് എനിക്കൊരു തോന്നലുണ്ട് ഉള്ളിൻ്റെ ഉള്ളിൽ. ഇനി ഒരിക്കലും ഞാൻ നിൻ്റെ അച്ഛനെ കാണുവാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ മരിച്ചാലും ഈ നാട്ടിൽ എൻ്റെ അന്ത്യകർമ്മങ്ങൾ ചെയ്താൽ മതി. മരിക്കുമ്പോഴും പക്ഷേ സുമഗലി ആയി ഈ സിന്ദൂരം അണിഞ്ഞു മരിക്കുവാനാണ് എനിക്കിഷ്ടം..."

അമ്മയോട് ഞാൻ മറുത്തൊന്നും പറഞ്ഞില്ല.

പിറ്റേന്ന് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ നല്ല ക്ഷീണം തോന്നി.

ഒന്ന് കിടക്കുവാൻ തുടങ്ങുബോഴാണ് കൂട്ടുകാരിയുടെ ഫോൺ വന്നത്.

"മോളെ, നീ വിഷമിക്കരുത്. നിൻ്റെ അച്ഛൻ മരിച്ചൂ. ആത്മഹത്യയാണ്. വിഷം കൊടുത്തു അവർ കൊന്നതാണ് എന്ന് പറയപ്പെടുന്നൂ.."

കൺകോണിൽ വന്ന ഒരു തുള്ളികണ്ണുന്നീർ ഞാൻ തുടച്ചൂ..

"ജന്മം തന്ന ആളോടുള്ള സ്നേഹം.."

സ്കൂളിൽ മാനേജറിനെ മാത്രം വിവരമറിയിച്ചു ഞാൻ ഒറ്റയ്ക്ക് നാട്ടിലേയ്ക്ക് പുറപ്പെട്ടൂ.

അച്ഛൻ മരിച്ചൂ എന്ന് ഞാൻ അമ്മയെ അറിയിച്ചില്ല. അത് അമ്മയ്ക്ക് താങ്ങുവാൻ ആകില്ല. ഇനി ഒരു സ്ട്രോക്ക്...അത്  അമ്മയ്ക്ക് അതിജീവിക്കുവാൻ ആവില്ല. ആദ്യം തന്നെ ഡോക്ടർ എന്നോട് അത് പറഞ്ഞിട്ടുള്ളതാണ്. എത്ര വേണ്ടാത്ത ആൾ ആയാലും മരിച്ചു എന്ന് കേൾക്കുമ്പോൾ അമ്മ എങ്ങനെ പ്രതികരിക്കും എന്ന് പറയുവാൻ വയ്യ.

"സ്കൂളിൽ നിന്നും റീജിയണൽ ആഫീസിൽ നാലുദിവസത്തെ ട്രെയ്‌നിങ്ങിനു പോകുവാണ്" എന്നുമാത്രം ഞാൻ അമ്മയോട് പറഞ്ഞു..

നാട്ടിലെത്തി, അച്ഛൻ്റെ കർമ്മങ്ങൾ എല്ലാം ഞാൻ മുന്നിൽ നിന്ന് ചെയ്തു...

സംസ്കാരത്തിന് ശേഷം വീട് പൂട്ടി  ഞാൻ താക്കോൽ എടുത്തൂ.

അച്ഛൻ മരിച്ചപ്പോൾ തന്നെ നാട്ടുകാരെ പേടിച്ചു ആ സ്ത്രീ സ്ഥലം വിട്ടിരുന്നൂ. ഭാഗ്യം അല്ലെങ്കിൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നൂ...

.................................

വീട്ടിൽ തിരിച്ചെത്തുമ്പോൾ അമ്മ പതിവ് പോലെ ചിരിച്ചു കൊണ്ട് വീടിൻ്റെ ഉമ്മറത്ത് ഉണ്ടായിരുന്നൂ.

"ആ നെറ്റിയിലെ സിന്ദൂരം മായ്ക്കുവാൻ സമയമായി എന്ന് ഞാൻ എങ്ങനെ അമ്മയോട് പറയും..?"

അത് അവിടെ ഇരുന്നോട്ടെ..

ഇനി ഈ ജന്മത്തിൽ അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളൂ. അമ്മ മരിക്കുവോളം അത് അവിടെ വേണം. ഒരിക്കലും അച്ഛൻ മരിച്ച വിവരം ഞാൻ അമ്മയെ അറിയിക്കില്ല..

പിറ്റേന്ന് ഞാൻ ഉണർന്നപ്പോൾ അമ്മയുടെ ശബ്ദമൊന്നും കേട്ടില്ല.

അകത്തു ചെന്ന് നോക്കുമ്പോൾ അമ്മ അനങ്ങുന്നില്ല. അമ്മയുടെ നെറ്റിയിൽ സിന്ദൂരമില്ല.

ഒന്ന് പേടിച്ചൂ.

" അമ്മേ..."

"എന്താ മോളെ, കുറച്ചു കൂടുതൽ ഉറങ്ങിപ്പോയി. സ്വപ്നത്തിൽ അച്ഛൻ വന്നു എന്നോട് മാപ്പു പറഞ്ഞു. അച്ചൻ ഒരുപാടു ക്ഷീണിച്ചിരുന്നൂ. നിന്നെ നന്നായി നോക്കണം എന്ന് പറഞ്ഞു എൻ്റെ കൈ പിടിച്ചു കരഞ്ഞു.."

"'അമ്മ വാ, ചുമ്മാ ഓരോ കാര്യങ്ങളും ചിന്തിച്ചു കിടന്നോളും. ഇനി ഈ വീട്ടിൽ ഞാനും അമ്മയും നമ്മുടെ സ്വപ്നങ്ങളും മാത്രമേ പാടുള്ളൂ. അമ്മയ്ക്ക് വേറെ പണിയില്ലേ. ഒരു സ്വപ്നം കണ്ടു പോലും..

കൺകോണിൽ വന്ന രണ്ടുതുള്ളി ഞാൻ അമ്മ കാണാതെ തുടച്ചൂ...

"അമ്മയോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. അമ്മ ഇടയ്ക്കു നിറുത്തിയ നൃത്തം വീണ്ടും തുടരണം. ഞാൻ ഒരു അദ്ധ്യാപികയെ കണ്ടെത്തിയിട്ടുണ്ട്. എനിക്ക് കാണണം അമ്മ പഴയതു പോലെ നൃത്തം ചെയ്യുന്നത്. പതിനെട്ടാം വയസ്സിൽ എല്ലാം നഷ്ടപ്പെട്ട് നിന്ന ആ അമ്മയിൽ നിന്ന് ഉയരങ്ങൾ കീഴടക്കുന്ന ഒരമ്മയെ വേണം എനിക്ക്. എന്തിനും ഏതിനും ഞാൻ ഉണ്ടാകും, അമ്മയ്ക്ക് താങ്ങായി. നമുക്കായി തുറന്നിട്ടിരിക്കുന്ന അതിജീവനത്തിൻ്റെ ഈ വഴികളിലൂടെ നമുക്ക് മുന്നോട്ടു പോകാം. നേടുവാൻ മുന്നിൽ ഒരുപാടു സ്വപ്നങ്ങൾ ഉണ്ട്. ചെയ്തു തീർക്കുവാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്."


......................സുജ അനൂപ്









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G