MANALARANYAM മണലാരണ്യം FB, N, E, A, K, KZ, P, AP, TMC, G, NL

"മോനെ നീ ഇവിടെ തന്നെ നിന്നാൽ മതി. വേറെ നാട്ടിൽ പോകുന്നതെന്തിനാണ്.? നമുക്ക് വേണ്ടതെല്ലാം ദൈവം തരുന്നുണ്ടല്ലോ..."?

അല്ലെങ്കിലും നാട് വിട്ടു മണലാരണ്യത്തിൽ പോയി കഷ്ടപെടുവാൻ മനസ്സുണ്ടായിരുന്നില്ല. ഭാര്യയുടെ സഹോദരൻ അവിടെ ഉണ്ട്. അവനാണ് ജോലി ശരിയാക്കിയത് . അവളുടെ കുറച്ചു ആഭരണങ്ങൾ വീട് പണിക്കായി പണയം വച്ചിട്ടുണ്ട്.

കുറച്ചു പണമുള്ള വീട്ടിലെ പെണ്ണിനെ പ്രണയിച്ചു വിവാഹം കഴിക്കുമ്പോൾ എല്ലാവരും പറഞ്ഞു..

"മോനെ, കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ. നമുക്ക് ആ പെൺകുട്ടി വേണ്ട. നിൻ്റെ  മുറപ്പെണ്ണ് നിനക്കായി കാത്തിരിപ്പുണ്ട്. അത് നീ മറക്കരുത്. അമ്മാവന് അത് വിഷമം ആകും.."

പ്രണയം തലയ്ക്കു പിടിച്ചപ്പോൾ അവൾ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

വിവാഹം കഴിഞ്ഞപ്പോൾ മാത്രമാണ് പ്രണയം പോലെ സുന്ദരമല്ല ജീവിതം എന്ന് മനസ്സിലായത്.

മക്കൾ രണ്ടായി, അവർക്കു വേണ്ട സുഖസൗകര്യങ്ങൾ ഉണ്ടാക്കണം. പെങ്ങളുടെ പങ്കു കൊടുക്കണം. എല്ലാത്തിനും കൂടെ ആകെ ഉള്ളത് ഞാൻ മാത്രo. അങ്ങനെ മണലാരണ്യത്തിലേയ്ക്ക് പുറപ്പെട്ടൂ....

....................................

നാട്ടിൽ നിന്നും മുറ തെറ്റാതെ പെങ്ങളുടെ കത്ത് വരും. അവൾക്കു പറയുവാൻ പലതും ഉണ്ടാകും.

നാട്ടിൽ നിന്നും ഭാര്യ വിളിക്കുമ്പോഴെല്ലാം ഒന്നു മാത്രം ആശിചൂ..

"ഏട്ടാ, എനിക്ക് കാണുവാൻ കൊതിയാകുന്നൂ. എന്നാണ് വരുന്നത്.."

അത് മാത്രം കണ്ടില്ല. അയച്ചു കൊടുക്കേണ്ട പൈസ, തിരിച്ചടയ്‌ക്കേണ്ട വായ്‌പ തുക തുടങ്ങി നീണ്ട ഒരു നിര തന്നെ അവൾ എന്നും നിരത്തുമായിരുന്നൂ...

ഇടയിൽ എപ്പോഴോ നാട്ടിൽ നിന്ന് വരുന്ന പെങ്ങളുടെ കത്തുകളിൽ അവളെ പറ്റി മോശമായി പലതും കണ്ടൂ. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതെല്ലാം മനസ്സിൽ നീറ്റലായി.

"അമ്മ ഉറങ്ങി കഴിയുമ്പോൾ അവൾ ആരെയോ വീട്ടിൽ വിളിച്ചു കയറ്റുന്നുണ്ട് പോലും..."

നാട്ടിൽ പോയിട്ട് വർഷം നാലായി. ഇനിയും വയ്യ..

.............................

കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എല്ലാവരും വീതിച്ചു കൊണ്ടുപോയി..

ഒറ്റയ്ക്ക് മുറിയിൽ ആയപ്പോൾ അവൾ പതിയെ അടുത്തേയ്ക്കു വന്നൂ. അവളോട് നീരസം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

അല്ലെങ്കിലും ഭർത്താവു വിദേശത്തു പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണവുമായി കാമുകനൊപ്പം ഒളിച്ചോടി പോകുന്ന എത്രയോ പേരുടെ കഥകൾ കേട്ടിരിക്കുന്നൂ..

"നല്ല ക്ഷീണം, ഞാൻ ഒന്ന് കിടക്കട്ടെ.."

അവളുടെ മുഖത്തു പോലും നോക്കാതെയാണ് അങ്ങനെ പറഞ്ഞത്..

പിറ്റേന്ന് അവളെ പറ്റി പെങ്ങളുടെ ഭർത്താവിനോടൊന്നു തിരക്കി.

"അവൾ നിൻ്റെ കൂട്ടുകാരനോടൊപ്പം ആണ്."

അളിയൻ പറഞ്ഞത് എനിക്ക് വിശ്വാസമായി. അത്ര ആത്മാർത്ഥമായിട്ടാണ് കാര്യങ്ങൾ അവൻ അവതരിപ്പിച്ചത്.

..........................

പരസ്പര സമ്മത പ്രകാരമുള്ള ഡിവോഴ്സ് വേണം. വക്കീലിനെ പോയി കണ്ടൂ. അവളെ വീട്ടിൽ കൊണ്ട് പോയി ആക്കി.

വീട്ടിൽ നിന്നും ഇറങ്ങുബോൾ അവൾ ഒന്നും പറഞ്ഞില്ല...

 അല്ലെങ്കിലും നാട്ടിൽ എത്തിയ അന്ന് മുതൽ അവളോട് ഞാൻ സംസാരിക്കുവാൻ കൂട്ടാക്കിയിട്ടില്ല.

കുട്ടികളെ അവളിൽ നിന്നും ഞാൻ പിടിച്ചടക്കി.

മക്കളുമൊത്തു കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴേക്കും പ്രശ്നങ്ങൾ തുടങ്ങി. പ്രായമായ അമ്മയ്ക്ക് അവരെ ഒരുക്കി സ്കൂളിൽ വിടുവാൻ വയ്യ. ആദ്യമൊക്കെ ഗൾഫ് പണം നോക്കി വന്നിരുന്ന പെങ്ങൾ പതിയെ വരുന്നത് അങ്ങു നിറുത്തി.

ഒരു ദിവസ്സം അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൻ എന്നോട് ഒരു കാര്യം ചോദിച്ചൂ

"എന്തിനാണ് അച്ഛാ അമ്മയെ പറഞ്ഞു വിട്ടത്..?"

"അതൊക്കെ പിന്നെ പറയാം. മോൻ ഇരുന്നു പഠിക്കൂ.."

"ഇപ്പോൾ അച്ഛമ്മ പറഞ്ഞത് പോലെ സംഭവിച്ചൂ.."

"എന്ത് സംഭവിച്ചൂ..?"

"അന്ന് ഒരു ദിവസ്സം രാത്രി ചിറ്റ ഇവിടെ ഉണ്ടായിരുന്നൂ. രാത്രി എന്തിനാണ് വേണു അങ്കിൾ വന്നതെന്ന് ചോദിച്ചൂ അമ്മ വേണു അങ്കിളിനെ (എൻ്റെ കൂട്ടുകാരൻ) തല്ലിയില്ലേ. അമ്മ കരഞ്ഞപ്പോൾ അച്ഛമ്മ പറഞ്ഞല്ലോ, നീ പറയുന്നതൊന്നും എൻ്റെ മകൻ കേൾക്കില്ല. അവനു ചിറ്റയെ വിശ്വാസം ആണത്രേ. അവൻ വരുമ്പോൾ നിന്നെ ഇവിടെ നിന്ന് പുറത്താക്കും.."

എനിക്ക് എല്ലാം മനസ്സിലായി..

അവളെ തേടിയാണ് ഞാൻ പിറ്റേന്ന് അവളുടെ വീട്ടിൽ ചെന്നത്. അവിടെ അവൾ ഉണ്ടായിരുന്നില്ല.

അവളുടെ അമ്മ പറഞ്ഞ സ്ഥലത്തേയ്ക്ക് ഞാൻ ചെന്നൂ.

.......................................

അവിടെ ഞാൻ കണ്ടൂ..

ചുറുചുറുക്കോടെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയെ...

എന്നെ കണ്ടതും അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങി വന്നൂ. അവൾ പറഞ്ഞത് പോലെ അവൾക്കായി ഞാൻ കാന്റീനിൽ കാത്തിരുന്നൂ..

അവിടെ വച്ച് എൻ്റെ വിശദീകരണം തുടങ്ങുന്നതിനു മുൻപേ ഒന്നും കേൾക്കുവാൻ കൂട്ടാക്കാതെ അവൾ പറഞ്ഞു തുടങ്ങി..

"ഇനി ഒരു വിശദീകരണം എനിക്ക് വേണ്ട.."

"നിങ്ങളുടെ രണ്ടു കുട്ടികളുടെ അമ്മയായി, നിങ്ങൾക്ക് വേണ്ടി മാത്രം ഞാൻ എൻ്റെ ജീവിതം മാറ്റി വച്ചൂ. കൈയ്യിൽ കുറച്ചു വിദ്യാഭ്യാസം ഉണ്ടായിരുന്നത് കൊണ്ട് മാത്രം നിങ്ങൾ വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ഞാൻ പിടിച്ചു നിന്നൂ..."

"ഇവിടെ ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ നിങ്ങളെ അറിയിച്ചാൽ നിങ്ങൾ വിഷമിക്കുമല്ലോ എന്ന് ഞാൻ കരുതി. നിങ്ങൾ അയച്ചു തന്ന ഓരോ തുട്ടും സൂക്ഷിച്ചു ചെലവാക്കി ഞാൻ കടങ്ങളൊക്കെ വീട്ടി. നിങ്ങൾ ഫോൺ വിളിക്കുമ്പോഴൊക്കെ മനസ്സിൽ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
എന്ന് വരും..? അത് മാത്രം പക്ഷേ ഞാൻ ചോദിച്ചില്ല. നിങ്ങൾ അത് കേട്ട് വിഷമിക്കരുത് ഒരിക്കലും. അത്ര മാത്രമേ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. മനസ്സിൽ എപ്പോഴും നിങ്ങളെ മാത്രം ഓർത്തു ഞാൻ പിടിച്ചു നിന്നൂ.."

"പക്ഷേ..."

"നീ എന്നോട് ക്ഷമിക്കണം, എൻ്റെ കൂടെ വരണം.."

"നല്ല ഭക്ഷണം പോലും കഴിക്കുവാൻ മനസ്സ് വന്നില്ല. എത്രയോ രാത്രികളിൽ എൻ്റെ കണ്ണുനീർ വീണു ആ തലയിണ നനഞ്ഞു. നിങ്ങളുടെ വിയർപ്പു പിടിച്ച ഒരു ഷർട്ട് ഞാൻ അലക്കാതെ മാറ്റി വച്ചിരുന്നൂ. പല രാത്രികളിലും എൻ്റെ സങ്കടങ്ങൾ ആ ഷർട്ടിനോട് ഞാൻ പറഞ്ഞു. ഒരു വില കൂടിയ സാരി പോലും ഞാൻ വാങ്ങിയില്ല. പൈസ പിടിച്ചു ചെലവാക്കിയാൽ നിങ്ങൾ വേഗം തിരിച്ചു വരുമല്ലോ എന്ന് ഞാൻ കരുതി. ഇത്രയും നാൾ ഞാൻ നിങ്ങൾ പറഞ്ഞത് കേട്ടൂ. അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ, നാട്ടുകാരുടെ മുന്നിലൂടെ തല കുനിച്ചു ഞാൻ നടന്നപ്പോൾ, സോഷ്യൽ മീഡിയ മുഴുവൻ എന്നെ പഴി ചാരിയപ്പോൾ ഞാൻ ഒരു നിമിഷം മരിച്ചാലോ എന്ന് പോലും ചിന്തിച്ചൂ. പിന്നീട് ഓർത്തു തെറ്റ് ചെയ്യാത്ത ഞാൻ എന്തിനു പേടിക്കണം.."

"നമ്മുടെ മക്കൾക്ക് വേണ്ടി നീ വരണം.."

"അതേ, അവർക്കു എന്നെ വേണം. അവരെയും കൂട്ടി നിങ്ങൾക്ക് ഇവിടേയ്ക്ക് വരാം. ഇവിടെ എൻ്റെ കൂടെ നിങ്ങൾക്കും താമസിക്കാം. ഞാൻ എന്നും അവരുടെ അമ്മ മാത്രം ആയിരിക്കും.."

"മാപ്പ്..."

"അത് എനിക്ക് വേണ്ട.

"എന്നെങ്കിലും നിനക്ക് എന്നോട്  പൊറുക്കുവാൻ സാധിക്കും. അതുവരെ ഞാൻ കാത്തിരിക്കാം. അന്ന് നമുക്ക് വീണ്ടും വിവാഹിതരാകാം.."

തിരിച്ചു വീട്ടിലെത്തി, മക്കളുമായി അവളുടെ അടുത്തേയ്ക്കു പോകുമ്പോൾ കണ്ണ് നിറഞ്ഞു നിൽക്കുന്ന അമ്മയെ കൂടെ കൂട്ടി...

 "സ്വന്തം മകളുടെ താലിച്ചരടും മരുമകളുടെ താലിച്ചരടും തുലാസിൽ വന്നപ്പോൾ അമ്മയ്ക്ക് സംഭവിച്ച ആ തെറ്റ് എനിക്ക് മനസ്സിലാകും. തെറ്റുകാരൻ ഞാൻ മാത്രമാണ്. സ്വന്തം ഭാര്യയെ മനസ്സിലാക്കേണ്ടിയിരുന്നത് ഞാനാണ്. മറ്റൊരുത്തൻ പറയുമ്പോൾ ഭാര്യയുടെ ചാരിത്രശുദ്ധിയെ സംശയിച്ച ഞാൻ മാത്രമാണ് തെറ്റുകാരൻ..."

ഇനി ഒരു പുതിയ ജീവിതം തുടങ്ങണം. അവിടെ ആരോടും കടപ്പാടില്ല. മനസ്സിൽ അവളും മക്കളും മാത്രമേ ഉള്ളൂ...

............................സുജ അനൂപ്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G