ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

 'എന്തിനാണ് അവൾ എന്നെ കാണണം എന്ന് പറഞ്ഞത്?' 

അവളുടെ ഫോൺ കാൾ വന്നതോടെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നൂ. ഒരിക്കൽ എല്ലാം ഉപേക്ഷിച്ചതാണ്. അന്ന് ഞാൻ ഒത്തിരി വേദനിച്ചു. ഈ രണ്ടു വർഷം കൊണ്ട് ഞാൻ എത്ര മാറിപ്പോയി എന്ന് അവൾക്കറിയില്ല.  

'കാലം ഉണക്കാത്ത മുറിവുകൾ ഉണ്ടോ' എന്ന് പറയുന്നവരുണ്ട് 

ഉണ്ടല്ലോ, എന്ന് ഞാൻ പറയും. അതേ, ആദ്യ പ്രണയം. അത് അങ്ങനെ ഒരു വിങ്ങൽ ആയി മനസ്സിൻ്റെ ഒരു കോണിൽ കിടക്കും. മരിക്കും വരെ അത് അവിടെ തന്നെ കാണും. 

എൻ്റെ പ്രണയം. എൻ്റെ കവിത..

 കോളേജിൽ എല്ലാവർക്കും അറിയാവുന്ന പ്രണയ ജോഡികൾ ആയിരുന്നൂ ഞങ്ങൾ. അവളെ കാണുവാൻ വേണ്ടി മാത്രം കോളേജിൽ പോയിരുന്ന ദിവസ്സങ്ങൾ. അവൾക്കായി മാത്രം ആണ് ആ ക്യാമ്പസ്സിലെ ചെമ്പകമരങ്ങൾ പൂത്തിരുന്നത് എന്ന് തോന്നിപ്പോയിരുന്ന കാലം. 

എൻ്റെ കവിതയ്ക്കായി മാത്രം ഞാൻ എഴുതിയ കവിതകൾ..

അവളോട് ഇഷ്ടം തുറന്നു പറയുവാൻ ഞാൻ എത്ര സമയം എടുത്തൂ. അവൾ പ്രണയം നിരസിക്കുകയാണെങ്കിൽ മരിക്കുവാൻ പോലും തയ്യാറായിരുന്നൂ അപ്പോൾ ഞാൻ. അത്രയ്ക്ക് അവൾ എൻ്റെ മനസ്സിനെ കീഴടക്കിയിരുന്നൂ. 

പക്വത ഇല്ലാത്ത പ്രണയം ഒന്നും ആയിരുന്നില്ല ഞങ്ങളുടേത്. ബിരുദാനന്ത ബിരുദത്തിനു പഠിക്കുമ്പോൾ ഉള്ള പ്രണയം. വിവാഹം കഴിക്കുകയാണെങ്കിൽ അത് അവളെ മാത്രം എന്ന് അന്നേ തീരുമാനിച്ചിരുന്നൂ. ആദ്യമുണ്ടാകുന്ന കൺമണിക്കുള്ള പേര് വരെ ഞങ്ങൾ തീരുമാനിച്ചിരുന്നൂ.

പക്ഷേ ഒരു നിമിഷം കൊണ്ട് അവൾ എല്ലാം തകർത്തൂ. ഫൈൻ ആർട്സ് പഠിക്കുന്നത് തെറ്റാണെന്നു അവൾ ആണ് എനിക്ക് മനസ്സിലാക്കി തന്നത്. അതും കോളേജിലെ അവസാനദിനത്തിൽ തന്നെ. 

ഇഷ്ടങ്ങൾക്കൊപ്പം എന്നും കൂടെ ഉണ്ടാകുമെന്നു കരുതിയവൾ. ഈ ലോകം മുഴുവൻ തള്ളി പറഞ്ഞാലും കൂടെ നിൽക്കുമെന്ന് പറഞ്ഞവൾ. പണത്തിനു മീതെ പരുന്തും പറക്കുകയില്ലെന്നു അവൾ തെളിയിച്ചു. 

ആ നശിച്ച ദിനം ഇപ്പോഴും കണ്മുന്നിൽ ഉണ്ട്...

'മനു എനിക്ക് നിന്നോട് കുറച്ചു സംസാരിക്കുവാനുണ്ട്."

കണ്ടപ്പോൾ തന്നെ കുറച്ചു സീരിയസ്സായി അവൾ പറഞ്ഞു. ഞാൻ ഓർത്തു. ഇനി കാണുവാൻ പറ്റില്ല എന്ന സങ്കടം ആയിരിക്കും എന്ന്. ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു..

'എനിക്കറിയാം, ഇനി എങ്ങനെ കാണും എന്നല്ലേ. ഞാൻ എൻ്റെ പൊന്നിനെ കാണുവാൻ ഓടി വരില്ലേ രണ്ടു ദിവസ്സം കൂടുമ്പോൾ. അരമണിക്കൂർ മതിയല്ലോ എനിക്ക് നിൻ്റെ അടുത്തെത്തുവാൻ.'

അവൾ ഒന്നും പറഞ്ഞില്ല. ഞാൻ പറയുന്നത് അവൾ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നി.

അന്നാദ്യമായി മുഖവുരയൊന്നും ഇല്ലാതെ നാണിക്കാതെ അവൾ മുഖത്തടിച്ചതു പോലെ ഒരു കാര്യം പറഞ്ഞു. 

'മനു, നമ്മൾ രണ്ടു പേരും പഠിച്ച ഈ കോഴ്സ് വച്ച് എന്തെങ്കിലും ജോലി ഉടനെ കിട്ടില്ല. പിന്നെ നമുക്ക് കുറച്ചു പ്രാക്ടിക്കൽ ആയി ചിന്തിക്കാം. എനിക്കിപ്പോൾ നല്ലൊരു ആലോചന വന്നിട്ടുണ്ട്. അവനു ബാംഗളൂരിൽ നല്ല ജോലി ഉണ്ട്. 'ഓൺ സൈറ്റ്' പോകുവാൻ അമേരിക്കയിലേക്ക് ചാൻസും ഉണ്ട്.'

'നീ എന്താ ഈ പറയുന്നത്. എനിക്ക് ഉടനെ ഒരു ജോലി ആകും. പിന്നെ നമുക്ക് തകർക്കാം. ഈ ലോകത്തിൻ്റെ ഏതു കോണിലും നിന്നെ ഞാൻ കൊണ്ട് പോകാം.'

'നീ ചുമ്മാ സിനിമയിലെ നായകനെ പോലെ സംസാരിക്കാതെ. നടക്കുന്ന വല്ല കാര്യവും പറ. നമ്മുടെ സീനിയേഴ്സ് തന്നെ എത്ര പേരാണ് തേരാപാരാ നടക്കുന്നത്. Passion എന്ന് പറഞ്ഞാണ് പലരും പഠിക്കുവാൻ വരുന്നത്. പക്ഷേ  Passion കൊണ്ട് അന്നം മുട്ടിയാലോ. 

ആ കവിതയെ ഞാൻ ആദ്യമായി കാണുകയായിരുന്നൂ. 

പിന്നീട് അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. കണ്ണുകൾ നിറഞ്ഞത്‌ അവൾ കാണാതെ ഞാൻ തുടച്ചു. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഞാൻ മുന്നോട്ടു നടന്നൂ.

വീട്ടിൽ ചെന്നപ്പോൾ അവളുടെ സന്ദേശം കണ്ടു ഫോണിൽ. 

'ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്യണം. ഇനി ഒരിക്കലും വിളിക്കരുത്. വെറുതെ എന്നെ ശല്യം ചെയ്യരുത്. നീ എനിക്ക് ഒരു അടഞ്ഞ അദ്ധ്യായം മാത്രം ആണ്.'

കാലം കടന്നു പോയി. 

'അവൾ കല്യാണം കഴിച്ചു, ബാംഗളൂരിലേക്ക് പോയി' എന്ന്  ആരോ പറഞ്ഞു.

വിധിയുടെ വിളയാട്ടം പോലെ അധികം താമസിയാതെ ജോലി കിട്ടി ഞാനും ബാഗ്ലൂരിൽ തന്നെ എത്തി. നല്ലൊരു കമ്പനി. നല്ല ശമ്പളം. 

രാവിലെ കമ്പനിയിലേക്ക് പോകും. വൈകീട്ട് കൂട്ടുകാരോടൊപ്പം വാടകയ്‌ക്കെടുത്ത വീട്ടിൽ കള്ളുകുടി. ശനിയാഴ്ചകളിലോ ഞായറാഴ്ചകളിലോ പോലും പുറത്തൊന്നു കറങ്ങുവാൻ പോകാറില്ല. മനസ്സ് ആകെ മരവിച്ചു പോയിരുന്നൂ..

എല്ലാ അമ്മമാരെയും പോലെ എന്നെ നന്നാക്കുവാൻ അമ്മ കണ്ട വഴിയായിരുന്നു വിവാഹം. വിവാഹത്തിന് വീട്ടിൽ നിന്നും നിർബന്ധിച്ചു കൊണ്ടിരുന്നൂ. ഒരു കാര്യം ഞാൻ തീരുമാനിച്ചു. 

'ഇനി ഒരു പെണ്ണ് ഈ ജീവിതത്തിൽ ഇല്ല.' അത് അമ്മയെ വിളിച്ചു പറഞ്ഞു.

അമ്മയുടെ കരച്ചിലുകൾ ഒന്നും എൻ്റെ ചെവിയിൽ കയറിയില്ല. 

ആയിടയ്ക്കാണ് എൻ്റെ മുറപ്പെണിൻ്റെ കല്യാണം തീരുമാനിച്ചത്. നാട്ടിൽ ഒരു വിശേഷങ്ങൾക്കും പോകാറില്ല. ഇതു പക്ഷേ, അവൾ സമ്മതിക്കില്ല. ഒരുമിച്ചു കൂടെ കളിച്ചു വളർന്നവൾ. എന്തായാലും പോയി. അത് ഒരു നിമിത്തം ആകാം. 

വിവാഹത്തിന് വന്ന ഒരു പെൺകുട്ടിയിൽ എൻ്റെ കണ്ണുകൾ ഉടക്കി. എന്തോ ഒരു പ്രത്യേകത ആ കണ്ണുകളിൽ ഉണ്ടായിരുന്നൂ. അമ്മയും അത് ശ്രദ്ധിച്ചിരുന്നൂ എന്ന് തോന്നുന്നൂ. 

'നാട്ടിൻപുറത്തെ ഒരു പാവം കുട്ടി'

ഞാൻ വിവാഹം കഴിഞ്ഞതും വേഗം തന്നെ ഞാൻ തിരിച്ചു പോന്നൂ.

കഴിഞ്ഞ ആഴ്ച അമ്മ ഒരു ഫോട്ടോ ഫോണിലേക്കു അയച്ചു. അമ്മ എനിക്കായി കണ്ടെത്തിയ ആ പെൺകുട്ടിയെ പോയി കണ്ടു. അന്ന് വിവാഹത്തിന് പോയപ്പോൾ കണ്ട അതേ കുട്ടി. ഇഷ്ടം ആയോ എന്നറിയില്ല. പക്ഷേ  സംസാരിച്ചപ്പോൾ എന്തോ അവളോട്‌ ഒരു താല്പര്യം തോന്നി. 

'ഒരു പാവം'

അച്ഛനില്ല. അമ്മ കഷ്ടപ്പെട്ട് വളർത്തിയ കുട്ടി. 

എന്തോ അവളെ വിവാഹം കഴിക്കാമെന്നു അമ്മയ്ക്ക് വാക്ക് കൊടുത്തു. അത് ഒരു പക്ഷേ, അവളും അവളുടെ ചുറ്റുപാടുകളും കണ്ടപ്പോൾ തോന്നിയ സഹതാപം മൂലം ആണോ എന്നറിയില്ല. എനിക്കെന്തോ അവളെ കൈ വിടുവാൻ മനസ്സു വന്നില്ല. 

അമ്മ അവൾക്കു ഒരു ഫോൺ കൊടുത്തു. 

'എനിക്കറിയാം, അതിൽ എൻ്റെ നമ്പർ അമ്മ സേവ് ചെയ്തിട്ടുണ്ടെന്നു.' അവളുടെ ഒരു വിളിക്കായി ഞാൻ കാത്തിരുന്നൂ..

........

ഇന്നലെ നാട്ടിൽ നിന്നും എത്തിയതേ ഉളളൂ. അപ്പോഴാണ് അവളുടെ കാൾ വന്നത്. 

'യാത്ര സുഖം ആയിരുന്നോ' എന്നതിനപ്പുറം അവൾ ഒന്നും ചോദിച്ചില്ല. ഞാനും ഫോൺ വച്ചു. 

കുളി കഴിഞ്ഞു ഫോൺ നോക്കിയപ്പോൾ 5 'missed calls'..

ആരാണെന്ന് അറിയുവാൻ തിരിച്ചു വിളിച്ചു. അത് അവൾ ആയിരുന്നൂ 'കവിത'.

'കാണണം പോലും'

ആദ്യം വേണ്ടെന്നു വച്ചൂ. പിന്നെ അന്ന് തന്നെ കണ്ടേക്കാം എന്ന് കരുതി. ഏതായാലും കഷ്ടപ്പെട്ട് ഫോൺ നമ്പർ തപ്പിയെടുത്തു വിളിച്ചതല്ലേ.

പാർക്കിൽ വച്ച് കാണുമ്പോൾ കവിത ആകെ മാറിയിരുന്നൂ. അറിയാതെ മനസ്സു നൊന്തു. 

എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. ആ കണ്ണുകൾ തുടച്ചു കൊടുക്കുവാൻ കൈകൾ പൊങ്ങിയതാണ്. 

വയ്യ.., മറ്റാർക്കോ അവകാശപെട്ടവൾ ആണെന്ന തോന്നൽ അതിനു അനുവദിച്ചില്ല.

അവൾ പതിയേ പറഞ്ഞു തുടങ്ങി. 

'ഞാൻ മനുവിനോട് പറഞ്ഞതും കാണിച്ചതും ഒക്കെ തെറ്റാണു. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി. എന്നെ പോലെ കലയെ സ്നേഹിക്കുന്ന ഒരുവളെ അവനു വേണ്ട. ഞാൻ ഒട്ടും 'Career Oriented' അല്ലത്രേ. വിവാഹം കഴിഞ്ഞു ഇത്രയും നാൾ ആയപ്പോൾ ആണ് അവനു അത് മനസ്സിലായത്. അവൻ എന്നെ കൂട്ടാതെ അമേരിക്കയ്ക്ക് പോയി. ഇനി വരില്ല. പോവുന്നതിനു മുൻപേ 'ഡിവോഴ്സ്' തന്നൂ. 

'എനിക്ക് ആരുമില്ല മനു. നീ എന്നെ കൂടെ കൂട്ടണം.'

എനിക്ക് അത് കേട്ടപ്പോൾ പക്ഷേ ഒന്നും തോന്നിയില്ല. ഒരിക്കൽ അവൾ കൂടെ വേണം എന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നൂ. പക്ഷേ ഇനി വയ്യ.

പെട്ടെന്നു അറിയാതെ പറഞ്ഞു പോയി. അവളെ വിഷമിപ്പിക്കണം എന്ന് കരുതിയതല്ല. 

'ഞാൻ നിനക്ക് ചേരില്ല കവി. എനിക്ക് നിന്നെ അമേരിക്കയ്ക്ക് കൊണ്ട് പോകുവാനും കഴിയില്ല. എനിക്ക് നാടാണ് ഇഷ്ടം. പിന്നെ ഈ കലയും കൊണ്ട് നടക്കുന്ന എന്നോടൊപ്പം കൂടിയാൽ അന്നം മുട്ടിയാലോ. പിന്നെ ദയവു ചെയ്തു ഇനി എന്നെ വിളിച്ചു ബുദ്ധിമുട്ടിക്കരുത്. എൻ്റെ ജീവിതത്തിൽ ഇപ്പോൾ  മറ്റൊരു പെൺകുട്ടി ഉണ്ട്. അവളെ വേദനിപ്പിക്കുവാൻ വയ്യ.'

മനസ്സിൽ ഞാൻ പറഞ്ഞു 

'നീ കുറച്ചു വൈകിപ്പോയി മോളെ. ഇന്നലെ രാവിലെ നിനക്ക് എന്നെ വിളിക്കാമായിരുന്നില്ലേ. ഇനി വയ്യ. നീ എന്നോട് ചെയ്ത ചതി ഞാൻ അവളോട്  ചെയ്യില്ല.'

അവൾക്കു എൻ്റെ കൈയ്യിലെ തൂവാല പോലും നൽകാതെ ആ കണ്ണൊന്നു തുടയ്ക്കാതെ ഞാൻ നടന്നു നീങ്ങി. അപ്പോഴും മനസ്സിൽ ഞാൻ കരയുകയായിരുന്നൂ. അവളെ വേദനിപ്പിച്ചതിനെ ഓർത്തു.

ചില ബന്ധങ്ങൾ അങ്ങനെയാണ്, ഒരിക്കലും എത്തിപ്പിടിക്കുവാൻ കഴിയില്ല. അത് അങ്ങനെ ഒരു വേദനയായി മരിക്കുവോളം ഒരു കോണിൽ കിടക്കും. 

...സുജ അനൂപ്  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA