എൻ്റെ നിധി ENTE NIDHI, FB, E, K, A, P, AP, KZ

"ഏട്ടാ , എനിക്കിവിടെ നല്ല തിരക്കാണ്. ഈ വർഷം വരുവാൻ പറ്റില്ല. അടുത്ത ഉത്സവത്തിന് എന്തായാലും ഞാൻ വരും..."

"നീ ഇല്ലാതെ കടന്നു പോകുന്ന നാലാമത്തെ ഉത്സവമാണ് ഇത്. അമ്മയും അച്ഛനും ഏടത്തിയും നിന്നെ നന്നായി മിസ് ചെയ്യുന്നുണ്ട്. നീ എൻ്റെ ഉണ്ണിമോനെ ഒന്ന് കണ്ടില്ലല്ലോ മോളെ..."

"ഏട്ടന് അറിയാമല്ലോ.. എല്ലാവരും ഒരുപാടു ആഗ്രഹിക്കും ഇങ്ങനെ ഒരു ജോലിയിൽ എത്തിപെടുവാൻ. ടാർഗറ്റ് എത്തിപിടിച്ചാലേ എനിക്ക് ഇവിടെ ഒരു നിലനിൽപ്പുള്ളൂ.."

"ശരി മോളെ, എന്നാലും എന്തോ നിന്നെ ഒന്ന് കാണണം എന്ന് മനസ്സ് പറയുന്നൂ. ഇനി നിന്നെ കാണുവാൻ പറ്റിയില്ലെങ്കിലോ. ഇനി ഒരു ഉത്സവത്തിനു നിന്നെ വിളിക്കുവാൻ ഏട്ടൻ ഉണ്ടായില്ലെങ്കിലോ.."

"എന്താ, ഏട്ടാ ഇങ്ങനെ. എന്നെ വിഷമിപ്പിക്കുവാനാണോ ഏട്ടൻ വിളിച്ചത്.."

"പോട്ടെ മോളെ, നിനക്ക് നല്ലതു വരട്ടെ. മനുവിനോട് എൻ്റെ അന്വേഷണം പറയണം.."

എന്നും ഏട്ടൻ വിളിക്കും. മറ്റൊരു മഹാനഗരത്തിൻ്റെ ഭാഗമായി ഇവിടെ ഒതുങ്ങി കൂടുമ്പോഴും മനസ്സിൽ ഇന്നും നാട് നിറഞ്ഞു നിൽക്കുകയാണ്.

ഏട്ടനും ഞാനും തമ്മിൽ പത്തു വയസ്സിൻ്റെ വ്യത്യാസമുണ്ട്. എനിക്കെന്നും ഏട്ടൻ അച്ഛൻ്റെ സ്ഥാനത്തായിരുന്നൂ.

നാട്ടിലെ സ്കൂളിൽ പഠിപ്പിക്കുകയാണ് ഏട്ടൻ. ഏടത്തിയും ആ സ്കൂളിൽ തന്നെ പഠിപ്പിക്കുന്നൂ. അല്പം കൃഷി ഉണ്ട്, അച്ഛൻ അതെല്ലാം നോക്കി നടത്തുന്നൂ. വൈകിയാണ് ഏട്ടന് ഒരു മകൻ പിറന്നത്. ഉണ്ണിക്കുട്ടൻ. അവനിപ്പോൾ രണ്ടു വയസ്സായി.

.......................................

ഇരുപത്തി മൂന്നാം വയസ്സിൽ ഒരു കല്യാണ ആലോചന എന്നെ തേടി വന്നൂ. എഞ്ചിനീയറിംഗ് കഴിഞ്ഞു ചെറിയ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന സമയം....

 ചെറുക്കൻ അമേരിക്കയിൽ ആണ്. PR ഉണ്ട് എന്ന് പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞു

"ഇല്ല ഏട്ടാ.. എനിക്ക് പറ്റില്ല. നിങ്ങളെ ഒക്കെ പിരിഞ്ഞു വേറെ ഒരു സ്ഥലത്തേയ്ക്കുള്ള പറിച്ചു നടൽ അത് എനിക്ക് താങ്ങുവാൻ ആകില്ല. എനിക്ക് ഏട്ടനെ പോലെ ഒരു അദ്ധ്യാപകനെ നോക്കിയാൽ മതി.."

"എൻ്റെ കുട്ടി അങ്ങനെ പറയരുത്. നിനക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളെ വീഡിയോ കാളിൽ കാണാമല്ലോ. നല്ല ജോലി, സാമ്പത്തികം എല്ലാമുണ്ട്. പഴയ തറവാട്ടുകാർ ആണ്. ഇതു നിൻ്റെ ഭാഗ്യമാണ്....കുട്ടി..."

"എന്നാലും ഏട്ടാ..."

മനസ്സില്ലാമനസ്സോടെയാണ് ആ വിവാഹത്തിന് ഞാൻ സമ്മതം മൂളിയത്.

..................................

എത്ര പെട്ടെന്നാണ് കാലം കടന്നു പോയത്...

 ആദ്യമൊക്കെ ഇവിടെ വന്നപ്പോൾ നാട് ഒത്തിരി വേദനയായി മനസ്സിൽ കിടന്നൂ. എത്രയോ രാത്രികളിൽ എൻ്റെ തലയിണകൾ കണ്ണുനീരിൽ കുതിർന്നിരിക്കുന്നൂ..

പിന്നീട് എപ്പോഴോ ഞാൻ ഈ നാടിൻ്റെ ഭാഗം ആയി.

ഒരു ജോലി കിട്ടിക്കഴിഞ്ഞപ്പോൾ അതിൻ്റെ തിരക്കുകളിലേയ്ക്ക് മനസ്സ് വഴുതി മാറി.

ഏട്ടനു വിഷമം കാണും. കല്യാണം കഴിഞ്ഞിട്ട് വർഷം ആറാകുന്നു. ആദ്യത്തെ രണ്ടു വർഷങ്ങളിലും നാട്ടിൽ പോകുവാൻ ഞാൻ തിരക്ക് കൂട്ടി. പിന്നീട് ജോലിത്തിരക്കുകൾ കാരണം ഞാൻ പോയതേയില്ല...

മനസ്സിൽ എന്നും ടാർഗറ്റ് മാത്രമേയുള്ളൂ. നാടിൻ്റെ നന്മയൊക്കെ എപ്പോഴേ കൈമോശം വന്നിരിക്കുന്നൂ..

യാന്ത്രികമായ ഒരു ജീവിതo...

 നാട്ടിലെ കുളവും തൊടിയിലൂടെയുള്ള നടത്തവും, ഒന്നും എനിക്ക് ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.

നാട്ടിൽ പോകുവാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല....

 പക്ഷേ.. നാട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും മനസ്സിൽ ഒരു വിങ്ങലാണ്. ദിവസ്സങ്ങൾ വേഗം കൊഴിഞ്ഞു പോകുന്നൂ.. എത്ര വേഗത്തിലാണ് സമയം തീരുക. തിരിച്ചു പോരണം എന്നറിയുമ്പോൾ ഉണ്ടാകുന്ന വേദന അത് പറഞ്ഞറിയിക്കുവാൻ കഴിയില്ല. പിന്നീട് ഇവിടെ തിരിച്ചെത്തുമ്പോഴും അതൊന്നു മറന്നു ഇവിടവുമായി ഇഴുകി ചേരുവാൻ ഒത്തിരി സമയമെടുക്കും.

നാട്ടിലേക്കുള്ള യാത്രകളിൽ എത്രയോ പണം ചെലവാകുന്നൂ. അപ്പോഴാണ് മനസ്സിൽ തിരിച്ചു അടയ്ക്കുവാനുള്ള പണത്തിൻ്റെ  ചിന്ത വരുക. ആ പണം കൂട്ടിവച്ചാൽ കടം തീർക്കാമല്ലോ. അത് മറ്റൊരു സത്യം...

.................................................

"ഈ രാത്രി ആരാണ് ഫോൺ വിളിക്കുന്നത്. മീനു വേഗം എഴുന്നേൽക്കൂ.."

"മനുവിൻ്റെ ഫോണല്ലേ അടിക്കുന്നത്. ഞാൻ എടുക്കില്ല.."

"ദുഷ്ട..."

"ഹലോ.."

"മനു, മീനു ഒന്നും അറിയരുത്. നീ അടുത്ത മുറിയിലേയ്ക്കു വാ. അവളുടെ വീട്ടിൽ നിന്നും ഫോൺ വന്നിരുന്നൂ. ഏട്ടൻ ആശുപത്രിയിൽ ആണ്. ബൈക്ക് അപകടം ആണ്. ഒന്നും പറയുവാൻ കഴിയില്ല. വെൻറ്റിലേറ്ററിൽ ആണ്. എല്ലാവരെയും അറിയിക്കുവാൻ ഡോക്ടർ പറഞ്ഞു. എന്തെങ്കിലും അത്ഭുതം നടന്നാൽ മാത്രമേ രക്ഷയുള്ളൂ..."

"അമ്മേ, അവളോട് എനിക്ക് ഇതു പറയുവാൻ കഴിയില്ല..."

"നീ എന്തെങ്കിലും പറഞ്ഞു അവളെ കൂട്ടിയിട്ടു വരണം..."

"ശരി അമ്മേ..."

ഓടി പിടിച്ചു എത്തുവാൻ കഴിയില്ല.

വേഗം തന്നെ ടിക്കറ്റുകൾ ഒപ്പിച്ചൂ. അവളെ പറഞ്ഞു മനസ്സിലാക്കിയേ പറ്റൂ. കരഞ്ഞുകൊണ്ട് ഇത്ര ദൂരം യാത്ര ചെയ്യുവാൻ സാധിക്കില്ല..

"മീനു, നിനക്ക് ഞാൻ ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്..."

"എന്താ മനു, കൊച്ചുകുട്ടികളെപ്പോലെ..."

" എല്ലാം പാക്ക് ചെയ്‌തോ.."

"വൈകിട്ട് നമ്മൾ നാട്ടിൽ പോകുന്നൂ..."

"മനുഷ്യനെ വെറുതെ വട്ടാക്കരുത്. വെളുപ്പിനിരുന്നൂ തമാശ പറയുന്നോ.."

"ഇല്ല മോളെ, ഈ പ്രാവശ്യം ഉത്സവം കാണണം എന്ന് എനിക്ക് ഒരു ആഗ്രഹം. എല്ലാവരെയും കാണണം എന്നൊരു തോന്നലുണ്ട്."

"പിന്നെ, ഇന്നലെയും കൂടെ ഞാൻ സംസാരിച്ചതാണല്ലോ ഇതിനെ പറ്റി, അപ്പോഴൊന്നും പറഞ്ഞില്ല.."

"അതിപ്പോ എനിക്ക് ഒന്ന് മാറ്റി ചിന്തിച്ചുകൂടെ, നീ വരുന്നോ, ഇല്ലയോ..."

"ഏതായാലും നീ എല്ലാം തയ്യാറാക്കിക്കോ. കമ്പനിയിൽ നിന്നും ലീവ് എടുത്തോ. എല്ലാം ഞാൻ നിൻ്റെ മാനേജരോട് പറഞ്ഞിട്ടുണ്ട്. അവൻ എൻ്റെ കൂട്ടുകാരൻ ആയതു നിൻ്റെ ഭാഗ്യം..."

....................................

നാട്ടിൽ എത്തിയതും അവളെയും കൂട്ടി ആശുപത്രിയിലേയ്ക്ക് ചെന്നൂ. അവിടെ എത്തും വരെ ഏട്ടൻ ആണ് അവിടെ ഉള്ളത് എന്ന് അവളെ അറിയിച്ചില്ല. അമ്മൂമ്മ ആശുപത്രിയിൽ ആണ് എന്ന് പറഞ്ഞു.

കരഞ്ഞു തളർന്നിരിക്കുന്ന അച്ഛനേയും ഏട്ടത്തിയെയും കണ്ടപ്പോൾ അവൾക്കു എല്ലാം മനസ്സിലായി.

പിന്നെ ഒരലർച്ചയായിരുന്നൂ..

"ഏട്ടൻ എവിടെ..? എനിക്ക് ഇപ്പോൾ കാണണം.."

അവളെ ഞാൻ പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി..

ഏട്ടനെ കാണുമ്പോൾ കരഞ്ഞു പ്രശ്നം ഉണ്ടാകരുതെന്ന് അവളോട് പറഞ്ഞു..

എമർജൻസി വിഭാഗത്തിലേയ്ക്ക് അവളെ ഞാൻ കൂട്ടികൊണ്ടു പോയി...

ഏട്ടൻ്റെ കൈ അവൾ പിടിച്ചൂ..

"ഏട്ടാ, ഈ ഉത്സവത്തിനു എന്നെ കാണണം എന്ന് പറഞ്ഞില്ലേ. ഏട്ടൻ്റെ മീനൂട്ടി വന്നല്ലോ. ഏട്ടൻ വേണ്ടേ എന്നെ എല്ലാം കാണിച്ചു തരുവാൻ. ഉണ്ണിക്കുട്ടനെയും എടുത്തു കൊണ്ട് ഏട്ടൻ്റെ കൂടെ ഉത്സവം കാണുവാനാണ് ഞാൻ വന്നത്.."

"ഏട്ടൻ ഇങ്ങനെ എന്നെ ഇട്ടിട്ടു പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എന്നെ വളർത്തി വലുതാക്കിയ പോലെ അവനെ എട്ടനല്ലേ നോക്കേണ്ടത്. ഇനി ഒരിക്കലും മീനൂട്ടി  ഈ നാട്ടിലേയ്ക്ക് വരില്ല..."

പിന്നെയും എന്തൊക്കെയോ പറഞ്ഞു അവൾ കരഞ്ഞുകൊണ്ടിരുന്നൂ..

...............................

ആശുപത്രിയിൽ നിന്നും പുറത്തു കടക്കുമ്പോൾ എൻ്റെ മനസ്സ് നിറയെ ശൂന്യത ആയിരുന്നൂ. എനിക്ക്‌ എന്ത് പറയണം എന്ന് അറിയില്ലായിരുന്നൂ..

 "ജോലി, പണം, EMI അതിനോടെല്ലാം ആദ്യമായി എനിക്ക് പുച്ഛം തോന്നുന്നൂ. ഇതിനൊന്നും നേടി തരുവാൻ ആവാത്ത ഒന്നുണ്ട്.."

"എൻ്റെ ഏട്ടൻ്റെ നിസ്വാർത്ഥമായ സ്നേഹം..."

ആരോടെന്നില്ലാതെ ഞാൻ പറഞ്ഞുകൊണ്ടിരുന്നൂ....

"അടുത്ത് അവരുള്ളപ്പോൾ നാം അവരുടെ സ്നേഹം തിരിച്ചറിയില്ല. അല്ലെങ്കിൽ തിരിച്ചു കൊടുക്കില്ല. ഇനി ഒരിക്കലും അവർ നമ്മുടെ കൂടെ ഇല്ല എന്നറിയുമ്പോൾ ഉള്ള ശൂന്യത ഉണ്ടല്ലോ.. അത് നികത്തുവാൻ ഈ ലോകത്തിലെ ഒന്നിനും കഴിയില്ല."

പിറ്റേന്ന് തന്നെ ഞാൻ മനുവിനേയും  കൂട്ടി ഒരുപാടു അമ്പലങ്ങൾ കയറി ഇറങ്ങി. ഒത്തിരി നേർച്ചകൾ ചെയ്തു.

വേണ്ട എന്ന് പറയുവാൻ മനുവിന് ആവുമായിരുന്നില്ല....

പിറ്റേന്ന് ഞാൻ മനുവിനെ നിർബന്ധിച്ചു ഉണ്ണിക്കുട്ടനെയും കൂട്ടി ആശുപത്രിയിൽ എത്തി.

എൻ്റെ  മനസ്സിൽ എന്താണെന്നു എനിക്ക് തന്നെ അറിയുവാൻ വയ്യ.................

ഇന്ന് ഏട്ടനെ വെന്റിലേറ്ററിൽ നിന്നും മാറ്റും. പിന്നീടൊരിക്കലും ഏട്ടൻ തിരിച്ചു വരില്ല....

ഞാൻ  ഉണ്ണിക്കുട്ടനെയും കൂട്ടി ഏട്ടൻ്റെ അടുത്തേയ്ക്കു ചെന്നൂ.

എന്നും ഏട്ടൻ പറയാറുണ്ടല്ലോ..

"എനിക്ക് മക്കൾ രണ്ടാണ്, ഒരു മകളും മകനും..."

ഏടത്തിയും എന്നെ അങ്ങനെ മാത്രമേ കണ്ടിട്ടുള്ളൂ..

"ഏട്ടാ, ഒന്ന് കണ്ണ് തുറന്നൂ ഉണ്ണിക്കുട്ടനെ നോക്കൂ. അവനെയും എന്നെയും തനിച്ചാക്കി ഏട്ടന് പോകുവാൻ കഴിയുമോ..."

"അച്ഛാ...അച്ഛാ.."

ഉണ്ണിക്കുട്ടൻ്റെ കരച്ചിലും വിളികളും ആ മുറിയിൽ നിറഞ്ഞു..

പെട്ടെന്നു ഏട്ടൻ ഒന്നനങ്ങി, ഏട്ടൻ പതിയേ കണ്ണുകൾ തുറന്നൂ..

എനിക്ക് അത് ഉറപ്പായിരുന്നൂ. ഞങ്ങളെ ഉപേക്ഷിച്ചു ഏട്ടന് എങ്ങും പോകുവാൻ കഴിയില്ല...

............................

രണ്ടാഴ്ച കഴിഞ്ഞപ്പോൾ മനു തിരിച്ചു പോയി. പിന്നീട് രണ്ടു മാസം ഞാൻ  എൻ്റെ ഏട്ടൻ്റെ കൂടെ നിന്നൂ...

ഏട്ടൻ പതിയെ പതിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നൂ..

ഏട്ടനാണ് എന്നോട് പറഞ്ഞത്...

"നീ ഒരു മകളുടെ സ്ഥാനത്തു നിന്ന് എന്നെ നോക്കിയില്ലേ മോളെ, ഇത്രയും മതി. ഇനി നീ തിരിച്ചു പോവണം. മനുവിനോടൊപ്പം നീ അവിടെ കഴിയണം. എനിക്ക് അതാണ് സന്തോഷം. എന്നും എനിക്ക് നിന്നെ വീഡിയോ കാളിൽ  കാണാമല്ലോ. മോള് ആഗ്രഹിച്ച പോലെ ജോലിക്കയറ്റം നേടണം. അതുകണ്ടു ഈ ഏട്ടൻ സന്തോഷിക്കും.."

"പിന്നെ വർഷത്തിൽ ഒരിക്കലോ രണ്ടു വർഷത്തിൽ ഒരിക്കലോ എങ്കിലും മോള് നാട്ടിൽ വരണം. ഇനി വരുമ്പോൾ എൻ്റെ ഉണ്ണിക്കുട്ടന് ഒരു കൂട്ടുകാരിയെ കൊണ്ട് വരണം. അത് ഇനി വൈകിക്കരുത്..."

"ഏട്ടാ.."

തിരിച്ചു പോരുമ്പോൾ ഞാൻ മനസ്സിൽ ഒന്ന് തീരുമാനിച്ചിരുന്നൂ. ഇനി മുതൽ എല്ലാ വർഷവും ഒരു പത്തു ദിവസമെങ്കിലും ഞാൻ നാട്ടിലേയ്ക്ക് പോകും... അന്യനാട്ടിൽ  ഞാൻ ഉണ്ടാക്കുന്ന സമ്പത്തിനേക്കാളും വലിയ ഒരു നിധി എനിക്ക് എൻ്റെ നാട്ടിലുണ്ട്. അവരോടൊപ്പം കഴിയുന്ന ആ നാളുകൾ, ആ നല്ല ഓർമ്മകൾ  അത് മാത്രമേ ഈ ലോകത്തിൽ നിന്നും പിരിഞ്ഞു പോകുമ്പോൾ ഞാൻ കൊണ്ടുപോകുകയുള്ളൂ. ബാക്കി ഞാൻ നേടുന്നതിനൊന്നും സ്ഥായിഭാവം ഇല്ല. എൻ്റെ നിധി, എൻ്റെ സമ്പാദ്യം എല്ലാം ഈ ഓർമ്മകൾ മാത്രമാണ്..."

.........................സുജ അനൂപ്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G