SHWANARODHANAM ശ്വാനരോദനം FB, N, E, K, A, AP, P, KZ

ഞാൻ മിട്ടൂ, ഇതെൻ്റെ കഥയാണ്...

ആർക്കും വേണ്ടാത്ത എന്നെ പോലെയുള്ള ഒത്തിരി ജന്മങ്ങൾ ഈ ഭൂമിയിൽ ഉണ്ട്.

എൻ്റെ രോദനം ആര് കേൾക്കുവാൻ...?

"മൂന്ന് ദിവസമായി എനിക്ക് സുഖമില്ലാതെ ആയിട്ട്. ആറു വർഷമായി ശമ്പളം ഒന്നും ഇല്ലാതെ ഞാൻ ഈ വഴിയിലുള്ള വീടുകൾക്കെല്ലാം കാവലാണ്. എന്നിട്ടും എനിക്ക് ഈ അവസ്ഥ വന്നപ്പോൾ ആരും എന്നെ തിരിഞ്ഞു നോക്കുന്നു പോലുമില്ല.മൂന്ന് ദിവസ്സം ആയി പട്ടിണി കിടക്കുന്നൂ.."

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മയുണ്ട്...

അമ്മ എവിടെ എന്ന് അറിയില്ല. കണ്ണ് തുറക്കുമ്പോൾ മുതൽ ഈ വഴിയിൽ ഉണ്ട്. പിന്നെ പതിയെ പതിയെ എപ്പോഴോ ഈ വഴിയുടെ ഭാഗമായി.

ഈ വഴിയിലെ ഓരോ വീടുകളും ഞാൻ ഉറക്കം നിന്ന് കാത്തു സംരക്ഷിക്കുന്നൂ. ഒരു ഗൂർഖ ഉള്ളത് രാത്രിയിൽ ഒരു പ്രാവശ്യം വന്നു നോക്കിയിട്ടു വീട്ടിൽ കിടന്നു ഉറങ്ങും. അത് ആരും നോക്കാറില്ല. അയാൾക്ക്‌ ശമ്പളം ഉണ്ട്.

അയാളെ പോലെ എങ്കിലും ജനിച്ചാൽ മതിയായിരുന്നൂ. ആരും എനിക്ക് ഭക്ഷണം തരുന്നില്ല. എനിക്കും വിശക്കില്ലേ. മുതലാളിമാരുടെ മക്കൾ എന്നെ കല്ലെറിയുന്നൂ. എനിക്ക് നോവില്ലേ..

ഇന്നലെ സണ്ണി മുതലാളിയുടെ മകൻ എൻ്റെ നേരെ കത്തി വലിച്ചെറിഞ്ഞു. ഇത്രയും വെറുക്കപെടുവാൻ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ നിങ്ങളുടെ ലോകത്തിലെ കുശുമ്പും കുത്തലും ഒന്നും ഞങ്ങളുടെ ലോകത്തിലില്ല...

മുതലാളിമാരുടെ വീടുകളിലെ മുന്തിയ തരം പട്ടികൾ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നൂ. അകത്തു കിടന്നു രാത്രി ഉറങ്ങുന്ന അവൻമ്മാർ എന്ത് സേവനമാണ് ചെയ്യുന്നത്...?

ആകെ എന്നെ സ്നേഹിക്കുന്നത് സുമ മാഡം ആണ്. അവർ ആണ് എനിക്ക് ഒരു പേരിട്ടു തന്നത്

"മിട്ടൂ.."

അവർ രണ്ടാഴ്ചയായി സ്ഥലത്തില്ല.

എന്നെ കാണുമ്പോൾ ഒക്കെ അവർ വന്നു തലോടും..

"മിട്ടൂ..സുഖമാണോ...? നിനക്കെന്താ ഒരു വിഷമം പോലെ. ഞാൻ ഉണ്ട് കേട്ടോ നിനക്ക്.." എന്നവർ പറയുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു കുളിർമഴ പെയ്യും.

മഴ പെയ്യുമ്പോഴെല്ലാം മാഡത്തിൻ്റെ വീട്ടിൽ ഞാൻ പോയി കിടക്കും. അവിടത്തെ കുട്ടികൾക്ക് എന്നെ ഇഷ്ടമാണ്.

എനിക്ക് ഒന്ന് അനങ്ങുവാൻ പോലും ആകുന്നില്ല. എത്രയോ ആളുകൾ ഈ വഴിയിലൂടെ കടന്നു പോകുന്നൂ. ഞാൻ ഒരു നാടൻ പട്ടി ആയതു കൊണ്ടല്ലേ ആരും എന്നെ ശ്രദ്ധിക്കാത്തത്. എനിക്കും വേദന ഉണ്ട്.

പക്ഷേ... ആരോട് പറയുവാൻ...

"ദൈവമേ എന്നെ ഒന്ന് സഹായിക്കൂ. ജീവിച്ചു കൊതി തീർന്നിട്ടില്ല. മാഡം ഒന്ന് വന്നിരുന്നെങ്കിൽ.."

......................................

കണ്ണ് തുറന്നപ്പോൾ പുതിയ സ്ഥലം. ചുറ്റിലും ആരൊക്കെയോ നിൽക്കുന്നൂ. കൈയ്യും കാലും അനങ്ങുന്നില്ല...

പെട്ടെന്ന് ആ ശബ്ദം കേട്ടൂ...എൻ്റെ മാഡം....

"വിഷമിക്കേണ്ട, ഞാൻ ഉണ്ട്. നിന്നെ ഇവിടെ അഡ്മിറ്റ് ചെയ്തു. ഇപ്പോൾ കുഴപ്പമൊന്നും ഇല്ല. രണ്ടു ദിവസ്സം വിശ്രമിക്കണം.."

എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ.. എന്തോ കണ്ണുകൾ നിറഞ്ഞൊഴുകി...

"മാഡം, എന്തിനാണ് ഈ ചാവാലി പട്ടിക്ക് വേണ്ടി പണം ചെലവാക്കുന്നത്. നല്ല ഇനം വാങ്ങി വീട്ടിൽ വളർത്തിക്കൂടേ. ഇതൊക്കെ വഴിയിൽ കിടന്നു ചത്താലെന്താ...?"

മാഡത്തിൻ്റെ ഡ്രൈവർ ആണ്..

"നീ ഒരക്ഷരം മിണ്ടരുത്. അതും ഒരു ജീവനല്ലേ. പോകുമ്പോൾ ഞാൻ പറഞ്ഞതല്ലേ ഇടയ്ക്കൊക്കെ അതിന്‌ തിന്നുവാൻ എന്തെങ്കിലും വാങ്ങി കൊടുക്കണം എന്ന്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അറിയിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ.."

"മാഡം അത്.."

"പണവും ഞാൻ തന്നു ഏല്പിച്ചതല്ലേ. മനുഷ്യൻ ആയാലും മൃഗം ആയാലും വേദന ഒരു പോലെയാണ്. ഡോക്ടർ പറഞ്ഞത് കേട്ടോ, ഒരു ദിവസ്സം വൈകിയിരുന്നെങ്കിൽ അവൻ ചത്ത് പോയേനെ എന്ന്. ആരാണാവോ ഇവന് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയത്. അവൻ അത് മുഴുവൻ കഴിക്കാതിരുന്നത്‌ നന്നായി.."

അപ്പോഴൊക്കെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നൂ.

"സണ്ണി മുതലാളി ആണ് എനിക്ക് വിഷം തന്നത്. പക്ഷേ എനിക്ക് പറയുവാൻ ആകില്ലലോ..."

....................................

ചികിത്സ കഴിഞ്ഞു ഞാൻ പഴയ പോലെ ഓടി തുടങ്ങി.

"മിട്ടൂ, ഇനി മേലാൽ ആരും തരുന്ന ഭക്ഷണം കഴിക്കരുത്. നീ ഇവിടെ നിന്നോ. പറഞ്ഞാൽ കേൾക്കില്ല എന്നെനിക്കറിയാം. നിനക്ക് റോഡിൽ കിടന്നു ഓടണമല്ലോ..."

ഞാൻ വാലാട്ടി ശരി എന്ന് പറഞ്ഞു. പിന്നെ റോഡിലേയ്‌ക്കോടി..

പഴയ പോലെ എല്ലാവരുടേയും വീടുകൾ കാത്തൂ..

പിന്നീട് പല പ്രാവശ്യം സണ്ണി മുതലാളി ഭക്ഷണം തരുവാൻ വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞു പോലും നോക്കിയില്ല.

.................................

ഒന്ന് രണ്ടു പ്രാവശ്യം റോഡ് മൊത്തം നടന്നു. ഇനി ഒരു റൗണ്ടും കൂടെ കഴിഞ്ഞാൽ മാഡത്തിൻ്റെ  ഗേറ്റിൽ പോയി കിടക്കാം. പഴയ സംഭവത്തിനു ശേഷം ചെറിയ പേടി ഉണ്ട് ഉള്ളിൽ...

"രാത്രി ആരെങ്കിലും വന്നു പിടിച്ചു കൊണ്ട് പോയാലോ..?"

പാതിരാത്രി ആയി..

"അല്ല അവിടെ എന്തോ കശപിശ നടക്കുന്നുണ്ടല്ലോ...?"

ഓടി ചെന്ന് നോക്കുമ്പോൾ കാണുന്നത് കുത്തു കൊണ്ട് നിലത്തു വീഴുന്ന സണ്ണി മുതലാളിയെ ആണ്.

ഞാൻ ഒന്ന് കുരച്ചതെ അവരെല്ലാം ഓടി..

ആരെയും പുറത്തു കാണുന്നില്ല. സണ്ണി മുതലാളി എന്നെ ദയനീയമായി ഒന്ന് നോക്കി.

എനിക്ക് ആരോടും പക ഇല്ല.

ഞാൻ സണ്ണി മുതലാളിയുടെ വീട്ടിലേയ്ക്കു ഓടി ചെന്നൂ. ഗേറ്റിൽ നിന്ന് കുരച്ച എന്നെ സണ്ണി മുതലാളിയുടെ മക്കൾ "പേ ഇളകി.." എന്നും പറഞ്ഞു ഓടിച്ചു വിട്ടൂ..

പിന്നെ അമാന്തിച്ചില്ല..

നേരെ മാഡത്തിൻ്റെ അടുത്തേക്കോടി..

എൻ്റെ കുരയും പരാക്രമവും കണ്ടതും മാഡം പുറകേ വന്നൂ..

"സണ്ണി, എന്താ പറ്റിയത്. വിഷമിക്കേണ്ട. മിട്ടൂ സമയത്തു എന്നെ വിവരം അറിയിച്ചൂ.."

മുതലാളിയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ..

അങ്ങനെ മുതലാളിയെ മാഡം മുതലാളിയുടെ വീട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ ആക്കി..

.............................

ദിവസ്സങ്ങൾ കഴിഞ്ഞു പോയി...

അന്ന് മാഡം അസോസിയേഷൻ മീറ്റിംഗിന് പോയപ്പോൾ ഞാനും കൂടെ പോയി. ഈയിടെയായി പകൽ സമയം മാഡത്തിന് പുറകേ നടക്കുന്നതാണ് എൻ്റെ പ്രധാന കലാപരിപാടി.

മീറ്റിംഗിനിടയിൽ ആരോ പറയുന്നത് കേട്ടൂ..

"ഈ പട്ടി വഴിയിൽ ഉള്ളത് ഞങ്ങൾക്ക് തീരെ താല്പര്യം ഇല്ല. വല്ല പേയും ഇളകിയാലോ. അതിനെ പിടിച്ചു കൊണ്ട് പോകുവാൻ നാളെ ആള് വരും. അവർ അതിനെ വേദനിപ്പിക്കാതെ കൊന്നു കളഞ്ഞോളും."

മാഡം ചാടി എഴുന്നേറ്റൂ..

"വേദനിപ്പിക്കാതെ കൊല്ലും പോലും.."

എന്നെ  ഞെട്ടിച്ചു കൊണ്ട് പെട്ടെന്ന് ഒരാൾ കൂടെ ചാടി എഴുന്നേറ്റൂ...

"സണ്ണി മുതലാളി.."

"ആർക്കാടാ ഇവിടെ മീട്ടുവിനെ തൊടുവാൻ ധൈര്യം ഉള്ളത്. അവൻ്റെ കൈ ഞാൻ വെട്ടും. അത് ഈ വഴിയിൽ ഉണ്ടാകും. അതിനാവശ്യം ഉള്ളത് ഞാൻ എൻ്റെ വീട്ടിൽ നിന്നും കൊടുക്കും.."

മുതലാളിയുടെ വാക്കുകൾക്ക് മറുത്തൊരക്ഷരം ആരും പറഞ്ഞില്ല. മുതലാളിക്ക് ഗുണ്ടാപ്പട ഉള്ളത് എല്ലാവർക്കും അറിയാം..

"ഞാൻ ഒരു തെറ്റ് ചെയ്തു. അതിൻ്റെ സ്നേഹം മനസ്സിലാക്കുവാൻ ഞാൻ വൈകി. ഇനി മിട്ടൂ മരിക്കുവോളം അവനെ ആരും ഒന്നും ചെയ്യില്ല. അങ്ങനെ സംഭവിച്ചാൽ ഏല്ലാവർക്കും എൻ്റെ സ്വഭാവം അറിയാമല്ലോ..."

"പിന്നെ, സുമ മാഡം എന്നോട് ക്ഷമിക്കണം.."

മുതലാളി എൻ്റെ അടുത്ത് വന്നു ആദ്യമായി എന്നെ തലോടി.

"മിട്ടൂ, ഇനി നിന്നെ ആരും ഇവിടെ ഉപദ്രവിക്കില്ല..."

അന്നാദ്യമായി മുതലാളിമാരുടെ വീട്ടിലെ പട്ടികളുടെ മുന്നിൽ ഞാൻ തല ഉയർത്തി നിന്നൂ...

.............................സുജ അനൂപ്








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G