കളങ്കം KALANGAM FB, E, A, K, KZ, AP,NL, SXC, G, P, EK

തല കുനിച്ചു നാട്ടുവഴിയിലൂടെ സ്കൂളിലേയ്ക്ക് നടക്കുമ്പോൾ എന്തായിരുന്നൂ മനസ്സിൽ.

വെറും നിസ്സംഗത മാത്രം..

ഒന്നും ചെയ്യുവാൻ കഴിയാത്ത നാലാംതരക്കാരി അത് മാത്രമാണ് ഞാൻ...

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ആരും കാണാതെ തുടച്ചൂ...

പോകുന്ന വഴിയിൽ എല്ലാം ആളുകൾ കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി. അവരോടു ദേഷ്യം ഒന്നും തോന്നിയില്ല.

മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷിക്കുവാൻ അല്ലെ എല്ലാവർക്കും ഇഷ്ടം. എത്രയോ വർഷങ്ങളായി ഈ പരിഹാസ ചിരികളും കുത്തുവാക്കുകളും ഞാൻ കേൾക്കുന്നൂ..

........................................

അപ്പനും അമ്മയും തമ്മിൽ എന്നും വഴക്കാണ്. ഞാൻ പിടിച്ച മുയലിനാണ് മൂന്ന് കൊമ്പ് എന്ന വാശിയാണോ രണ്ടുപേർക്കും.

കുടിയനായ അപ്പനാണോ തെറ്റുകാരൻ....

അറിയില്ല...

പലപ്പോഴും അവർ തമ്മിൽ എന്തിനാണ് വഴക്കു കൂടുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നൂ..

അനിയൻ ജനിച്ചതിൽ പിന്നെ അമ്മയെ അപ്പന് സംശയമാണ്.

അപ്പൻ്റെ തല്ലു കൊള്ളുന്നത് അമ്മയ്ക്ക് ശീലമാണ്. തല്ലുകൊണ്ട് അമ്മ ഇരുന്നു കരയുന്നതു കാണുമ്പോൾ ഞാൻ നിസ്സംഗതയോടെ നോക്കി നിൽക്കും. അല്ലെങ്കിലും കരഞ്ഞു കരഞ്ഞു എൻ്റെ കണ്ണുനീരൊക്കെ വറ്റിയിരുന്നൂ..

വലിയ വഴക്കും വക്കാണവും നടന്നു കഴിഞ്ഞു പിറ്റേന്ന് പുറത്തേയ്ക്കു ഇറങ്ങുമ്പോൾ എനിക്ക് വലിയ നാണക്കേട് തോന്നാറുണ്ട്.

"എന്നെ നോക്കി ചിരിക്കുന്ന ആളുകളുടെ മുഖത്തു പുച്ഛമാണോ അതോ സഹതാപമാണോ എന്ന് എനിക്ക് ഇന്നും അറിയില്ല..."

എന്തായാലും ഇന്നലെ എല്ലാം തകർന്നൂ

തല്ലു കുടുന്നതിനിടയിൽ അപ്പൻ അമ്മയോട് ഉറക്കെ ചോദിച്ചൂ

"നീ വലിയ പതിവ്രത ചമയേണ്ട. മനുക്കുട്ടൻ എൻ്റെ അല്ല എന്ന് എനിക്കറിയാം. അയല്പക്കത്തെ നിൻ്റെ മറ്റവൻ്റെ അല്ലേ...."

അമ്മ സ്‌തബ്ധയായി നിന്നൂ. അതിൻ്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.. അല്ലെങ്കിൽ മനസ്സിലാകുന്നുണ്ടായിരുന്നില്ല...

അയല്പക്കത്തു നിന്നും വീട്ടിലെ വഴക്ക് എത്തി നോക്കി രസിക്കുന്ന ആളുകൾക്ക് പറഞ്ഞു നടക്കുവാൻ മറ്റൊരു കഥയായി എന്ന് എനിക്ക് മനസ്സിലായി...

അച്ഛമ്മ ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ടായിരുന്നൂ..

............................

ക്ലാസ്സിൽ എത്തിയതും പഴയതു പോലെ ഞാൻ ഒരു മൂലയിൽ പോയിരുന്നൂ. പതിയെ പാഠപുസ്‌തകം തുറന്നു വായിച്ചു തുടങ്ങി.

ഉച്ചയ്ക്ക് ഹെഡ്മിസ്ട്രസ്സ് റൂമിലേയ്ക്ക് വിളിപ്പിച്ചൂ

"ബാഗ് എടുത്തു ചെല്ലുവാൻ അറിയിപ്പ് വന്നൂ.."

ഹെഡ്മിസ്ട്രെസ്സിൻ്റെ  റൂമിനു മുന്നിലെത്തിയതും ടീച്ചർ വന്നു ബാഗ് വാങ്ങി കൈയ്യിൽ പിടിച്ചൂ, പിന്നെ എന്നെ സ്കൂൾ ബസ്സിൽ കയറ്റി ഇരുത്തി.

എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല....

വീട്ടിൽ എത്തിയപ്പോൾ വലിയ ആൾകൂട്ടം..

അനിയൻ അച്ഛമ്മയുടെ ഒക്കത്തിരിപ്പുണ്ട്.

അപ്പനേയും അമ്മയേയും അവിടെയെങ്ങും കണ്ടില്ല...

"പാവം കുട്ടി.."

ആരോ പറയുന്നത് കേട്ടൂ...

അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞു. ടീച്ചർ എന്നെ ചേർത്ത് പിടിച്ചൂ...

കുറെ നേരം കഴിഞ്ഞതും ഞാൻ കരഞ്ഞു തളർന്നുറങ്ങി...

പിറ്റേന്ന് വെള്ളയിൽ പൊതിഞ്ഞ അമ്മയുടെ ശരീരം വീട്ടിലെത്തി. കൂടെ കരഞ്ഞുകൊണ്ട് അപ്പനും ഉണ്ടായിരുന്നൂ..

അപമാനം ഭയന്ന് അമ്മ ആത്മഹത്യ ചെയ്തു..

"അപമാനം ഭയന്ന്..."

 എനിക്ക് അപ്പോഴും അതിൻ്റെ അർത്ഥം മനസ്സിലായില്ല....

ഒറ്റരാത്രി കൊണ്ട് ഞങ്ങളുടെ ജീവിതം മാറി മറിഞ്ഞു...

അതോ ആ ഒറ്റ ചോദ്യം കൊണ്ടോ....?

.............................

"മോളെ സ്ഥലം എത്താറായി.."

ഡ്രൈവർ പറഞ്ഞപ്പോൾ കണ്ണ് തുറന്നൂ നോക്കി. പഴയ നാട്ടുവഴിയുടെ സ്ഥാനത്തു വലിയ റോഡ് വന്നിരിക്കുന്നൂ.

"ചേട്ടൻ കാറ് ഇവിടെ ഇട്ടിട്ടു പൊക്കോളൂ. നാളെ വന്നാൽ മതി."

ഈ നാട് വിട്ടു പോയിട്ട് ഒരുപാടു വർഷങ്ങൾ ആയി.

അമ്മയുടെ ഇരുപത്തഞ്ചാമത്തെ ആണ്ട് ഇവിടെ നടത്തണം എന്നത് അനിയൻ്റെ വാശിയായിരുന്നൂ. അല്ലെങ്കിൽ തന്നെ അമ്മ മരിച്ചതിൽ പിന്നെ ഈ നാടിനെ ഞാൻ സ്നേഹിച്ചിട്ടില്ല.

അമ്മ മരിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ വയനാട്ടിലേയ്ക്ക് ചേക്കേറി.

അപ്പൻ അമ്മയുടെ മരണത്തിനു ശേഷം ഒത്തിരി മാറി.

അച്ചമ്മയും അപ്പനും നന്നായി തന്നെ ഞങ്ങളെ വളർത്തി. കുടിയെല്ലാം നിറുത്തി നല്ല മനുഷ്യനാകുവാൻ അപ്പന് കഴിഞ്ഞു. അത് മുന്നേ ആയിരുന്നെങ്കിൽ.....................

ഞങ്ങൾ രണ്ടു പേരും നന്നായി തന്നെ പഠിച്ചൂ. നല്ല ജോലിയും കിട്ടി. കഴിഞ്ഞ വർഷം അപ്പൻ മരിച്ചൂ.

ഒരാഴ്ച മുന്നേ അനിയൻ വിളിച്ചു പറഞ്ഞു

"ചേച്ചി നമുക്ക് അമ്മയുടെ ആണ്ട് നമ്മുടെ നാട്ടിൽ നടത്തണം."

"അതെന്തിനാ മോനെ, അവിടെ ഇനി നമുക്ക് ആരുമില്ലല്ലോ.."

"ഇല്ല ചേച്ചി, എൻ്റെ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ ഒരിക്കൽ എൻ്റെ അമ്മയെ കളിയാക്കിയ ആ നാട്ടുകാരുടെ മുൻപിൽ ഞാൻ ചെല്ലണം. എൻ്റെ അമ്മയുടെ മേലുള്ള കളങ്കം ഞാൻ തിരുത്തും.."

ശരിയാണ്, എൻ്റെ അപ്പയുടെ അതേ ഛായയാണ് എൻ്റെ മനുക്കുട്ടന്.................

..................................

അമ്മയുടെ ആണ്ടിന് എല്ലാവരെയും വിളിക്കുവാൻ ഏർപ്പാടാക്കിയിരുന്നു. അത് അമ്മയുടെ ആങ്ങള ചെയ്തു.

പള്ളിയിൽ നിന്നും പുറത്തിറങ്ങി സെമിത്തേരിയിൽ പോയി പ്രാർത്ഥിച്ചു. അമ്മയുടെ കുഴിമാടം അവിടെ തന്നെ ഉണ്ടായിരുന്നൂ..

മനസ്സിൽ അപ്പോഴും ഒരു ചോദ്യം ബാക്കി ഉണ്ടായിരുന്നൂ..

"എന്നാലും അമ്മേ, എന്തേ പോണം എന്ന് തോന്നിയപ്പോൾ ഞങ്ങളെ കൂടെ കൂട്ടിയില്ല..?"

എൻ്റെ ചോദ്യം അമ്മ കേട്ടുവോ...

അടുത്ത് നിന്ന അനിയൻ ആരോടെന്നില്ലാതെ പറഞ്ഞു..

"ഒരിക്കൽ ഇതു പോലെ ഞാൻ ഇവിടെ വന്നു നിൽക്കുമെന്ന് അമ്മ മനസ്സിൽ കരുതിയിരിക്കും.."

..................................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G