PUNYAM പുണ്യം FB, E, P, K, AP, KZ

"എന്താ മീനുമോളെ നിനക്ക് പറ്റിയത്..? ആകെ കോലം കേട്ടല്ലോ..?"

"എനിക്ക് ഈ ജീവിതം മടുത്തൂ ചേച്ചി. ഇനി വയ്യ. എങ്ങനെ എങ്കിലും ഒന്ന് ചത്താൽ മതി.."

മുന്നിലിരിക്കുന്ന കുട്ടിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി അവൾ നിരാശയിൽ ആണെന്ന്. അവളോട് ഒന്നും അങ്ങോട്ട് പറഞ്ഞിട്ട് കാര്യമില്ല. അവൾ പറയുന്നത് കേട്ടിരിക്കാം. ഒരു പക്ഷേ വിഷമങ്ങൾ തുറന്നു പറഞ്ഞു കഴിയുമ്പോൾ അവൾ ആത്മഹത്യ എന്ന തീരുമാനം മാറ്റിയാലോ...

ഞാൻ മാതാവിൻ്റെ രൂപത്തിലേയ്ക്ക് നോക്കി. ഒരു കൗൺസിലർ ആയിരുന്നു സങ്കടങ്ങൾ കേൾക്കുവാൻ എനിക്ക് ശക്തി തരുന്നത് ഈ രൂപം ആണ്.
എൻ്റെ സങ്കടങ്ങൾ കേൾക്കുവാൻ മാത്രം ആരുമില്ലലോ...?

"മോളു പറയൂ..?"

"അവൻ എന്നെ ചതിച്ചൂ. എന്നെ ഉപയോഗിച്ചിട്ട് അവൻ ഉപേക്ഷിച്ചൂ. എനിക്ക് ഇത് വേണം. പഠിക്കുന്ന സമയത്തു അത് ചെയ്യാതെ അവൻ്റെ കൂടെ പോയില്ലേ.."

 പിന്നെ അവൾ അവനെ ഒത്തിരി ചീത്ത പറഞ്ഞു. എന്തൊക്കെയോ പറഞ്ഞു പൊട്ടിക്കരഞ്ഞു.

........................................

അപ്പനും അമ്മയ്ക്കും അവർ രണ്ടു പെണ്മക്കൾ ആണ്. മൂത്തവൾ വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം ആ വീട്ടിൽ തന്നെയുണ്ട്. വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ ഉടമയാണ് അവളുടെ അപ്പൻ. അമ്മയും ചേച്ചിയും ചേട്ടനും അപ്പനെ ബിസിനസിൽ സഹായിക്കുന്നൂ. സ്നേഹം കൊടുക്കുന്നതിന് പകരം അവൾക്കു അവർ പണം മാത്രം കൊടുത്തൂ.

മകൾ വഴി തെറ്റി പോകുന്നത് അവർ അറിഞ്ഞില്ല. അല്ലെങ്കിൽ അവൾ എന്തേ അങ്ങനെ പോകുന്നൂ എന്നവർ ചിന്തിച്ചില്ല. എല്ലാം അവർ അറിഞ്ഞപ്പോഴേയ്ക്കും ഒത്തിരി വൈകി പോയിരുന്നൂ.

ഒരിക്കൽ ബിസിനസ്സ് മീറ്റിംഗിനായി മുന്തിയ ഹോട്ടലിൽ എത്തിയ അപ്പനും അമ്മയും കണ്ടത് കാമുകൻ ഒന്നിച്ചു ഹോട്ടൽ മുറിയിലേയ്ക്കു കയറി പോകുന്ന മകളെ ആണ്. മാനഭയം നിമിത്തം അവർ ഒന്നും കണ്ടില്ല എന്ന് നടിച്ചൂ.

രാവിലെ കോളേജിലേയ്‌ക്ക്‌ പോയ മകൾ വൈകീട്ട് ഒന്നും സംഭവിക്കാത്തത് പോലെ കയറി വന്നത് കണ്ടപ്പോൾ പിടി വിട്ടു പോയ അമ്മ അവളെ ഒന്ന് തല്ലി. ആ ദേഷ്യത്തിന് അവൾ വീട് വിട്ടിറങ്ങി. കാമുകൻ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അവൾ കണ്ടത് മറ്റൊരുത്തിയുമായി ശയിക്കുന്ന കാമുകനെ. തിരിച്ചു വീട്ടിലെത്തിയ അവൾ ഞരമ്പ് മുറിച്ചു ആത്മഹത്യക്കു ശ്രമിച്ചൂ. അങ്ങനെയാണ് അവളെ എൻ്റെ അടുത്തേയ്ക്കു അവളുടെ മാതാപിതാക്കൾ കൊണ്ട് വരുന്നത്.

ഞാൻ അവൾ പറയുന്നതെല്ലാം കേട്ടിരുന്നൂ.

"എല്ലാം ഞാൻ സഹിച്ചേനെ. പക്ഷേ ചേച്ചിയുടെ ഭർത്താവു എന്നോട് മോശമായി പെരുമാറി. ഞാൻ തെറ്റ് ചെയ്തവൾ ആയതു കൊണ്ട് ആരും എന്നെ വിശ്വസിക്കില്ല. ഞാൻ എന്ത് ചെയ്യണം...?

"അല്ലെങ്കിലും ഒരിക്കൽ ചീത്തപ്പേര് കേൾപ്പിച്ചാൽ അത് മുതലെടുക്കുവാൻ നടക്കുന്ന കുറെ എണ്ണങ്ങൾ കാണും.."

അവളുടെ മനസ്സിലുള്ളത് മൊത്തം അവൾ പറഞ്ഞു തീർന്നപ്പോൾ ഞാൻ അവളെ ഉപദേശിച്ചൂ.

ശരീരം അശുദ്ധമായി എന്ന ദുഃഖം അവളിൽ നിന്നും ഞാൻ എടുത്തു കളഞ്ഞു. ഒന്ന് കുളിച്ചാൽ തീരുന്ന അശുദ്ധിയെ ഇപ്പോൾ അവൾക്കുള്ളൂ. തേച്ചിട്ടു പോയ കാമുകനെ ഓർത്തു നശിപ്പിക്കുവാനുള്ളത് അല്ല ജീവിതം. പിന്നെ ചേച്ചിയുടെ ഭർത്താവിനെ എങ്ങനെ നേരിടാം എന്നും ഞാൻ അവളെ പഠിപ്പിചൂ.

അവളെ പതിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുവാൻ എനിക്കായി, നാലു പ്രാവശ്യത്തെ കൗൺസിലിംഗിലൂടെ അത്രയും എനിക്ക് സാധിച്ചൂ.

............................

കാലം കടന്നു പോയികൊണ്ടിരുന്നൂ..

"എൻ്റെ ഈശോയെ ഈ മുൾക്കിരീടം  നീ എന്തിനാണ് എനിക്ക് തന്നത്? എത്ര മാത്രം ഞാൻ വേദനിക്കുന്നൂ.? ഞാൻ ഉരുകി തീരുന്നതു നീ അറിയുന്നുണ്ടോ..?"

പതിവ് പോലെ അൾത്താരയുടെ മുന്നിലെ കരച്ചിൽ കഴിഞ്ഞതും ഞാൻ പൂച്ചെണ്ടുകളുമായി സിമിത്തേരിയിലേയ്ക്ക് നടന്നൂ.

ഓരോ പൂച്ചെണ്ടുകളായി ഞാൻ ആ കുഴിമാടങ്ങളിൽ വച്ചൂ. പിന്നെ മെഴുകുതിരി കത്തിച്ചൂ. പ്രാർത്ഥനയ്ക്ക് പകരം കണ്ണീർ മാത്രമേ വന്നുള്ളൂ.

പെട്ടെന്നാണ് പുറകിൽ നിന്നും ഒരു വിളി കേട്ടത്.

"ചേച്ചി.."

"മീനുമോൾ.."

"നീ എന്താ ഇവിടെ..?"

"ഈ പള്ളിയിൽ വച്ച് ഇന്ന് കൂട്ടുകാരിയുടെ മനസമ്മതം ഉണ്ട്. ഞാൻ പുറത്തു ചേച്ചിയുടെ കാറ് കിടക്കുന്നതു കണ്ടൂ. പള്ളി മൊത്തം അന്വേഷിച്ചൂ. പിന്നെ ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ സിമിത്തേരിയിൽ ചേച്ചി നിൽക്കുന്നത് കണ്ടൂ....."

"ചേച്ചി എന്തിനാണ് കരയുന്നത്. ഈ കുഴിമാടങ്ങളിൽ ആരാണ് ഉള്ളത്..?"

"അതൊരു കഥയാണ് കുട്ടി. നിനക്ക് തിരക്കില്ലേ.."

"ചേച്ചിയാണ് എന്നെ മരണത്തിൽ നിന്നും കാത്തത്. ചേച്ചി ഇവിടെ മനസ്സ് നീറി നിൽക്കുമ്പോൾ എനിക്ക് എന്ത് സന്തോഷമാണ് ഉള്ളത്. എനിക്ക് അറിയണം എന്തിനാണ് ചേച്ചി കരയുന്നതു എന്ന്.."

ഞങ്ങൾ പതിയെ ഒരു മരച്ചുവട്ടിൽ പോയിരുന്നൂ. അവിടെ വച്ച് ഞാൻ അവളോട് ആ കഥ പറഞ്ഞു.

സന്തോഷം മാത്രം നിറഞ്ഞ ഞങ്ങളുടെ വീട്, ഞാനും രാജുവും ഞങ്ങളുടെ മൂന്ന് മക്കളും. മൂത്ത മകൾ ബിരുദം കഴിഞ്ഞു, രണ്ടാമത്തവൾ എൻ്റെ വഴിയേ സൈക്കോളജി പഠിക്കുന്നു ഒന്നാം വർഷം. മകൻ പത്തിൽ പഠിക്കുന്നു.

നാലു  വർഷം മുന്നേയുള്ള ഒരു ക്രിസ്തുമസ്സ് കാലം. ക്രിസ്തുമസിന് കൊടൈക്കനാലിനു പോകണമെന്ന് അവർക്കു വാശി. അങ്ങനെ ഞങ്ങൾ ഒരാഴ്ച അവിടെ താമസിച്ചൂ. ആഘോഷമെല്ലാം കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുമ്പോൾ ആണ് ആ അപകടം സംഭവിക്കുന്നത്. മകനും മൂത്ത മകളും ഭർത്താവും ആ അപകടത്തിൽ പോയി. ഞാനും ഇളയ മകളും ചെറിയ പരിക്കുകളോടെ രക്ഷപെട്ടൂ.

പതിയെ ജീവിതത്തിലേയ്ക്ക് ഞങ്ങൾ തിരിച്ചു വരികയായിരുന്നു. വീണ്ടും ജീവിതത്തോട് പൊരുത്തപ്പെട്ട് ജീവിക്കുവാൻ ഞങ്ങൾ തീരുമാനിച്ചൂ. എനിക്ക് അവളും അവൾക്കു ഞാനും മാത്രം.

പക്ഷേ... വിധി വീണ്ടും എന്നെ പരീക്ഷിച്ചൂ..

കഴിഞ്ഞ വർഷം കൂട്ടുകാരികൾക്കൊപ്പം അതിരംപുഴ വെള്ളച്ചാട്ടത്തിൽ പോയ അവൾ തിരിച്ചു വന്നില്ല.

എൻ്റെ കുട്ടിക്ക് പോകുവാൻ ഇഷ്ടം ഉണ്ടായിരുന്നില്ല. അപ്പനും കൂടപ്പിറപ്പുകളും പോയതിനു ശേഷം  അവൾ എന്നെ തനിച്ചാക്കി എങ്ങും പോയിരുന്നില്ല. അവൾ ഒന്നുഷാറാകുമല്ലോ എന്ന് കരുതിയാണ് കൂട്ടുകാരികൾക്കൊപ്പം അയച്ചത്.

കരയിൽ ഇരുന്നിരുന്ന അവളെ  കൂട്ടുകാരി നിർബന്ധിച്ചു വെള്ളത്തിൽ ഇറക്കിയതാണ്. വഴുക്കുള്ള പാറയിൽ ചവിട്ടി അവൾ തെന്നി, അവർ പിടിക്കുന്നതിനു മുൻപേ അവൾ ഒഴുകി പോയി.

ഞാൻ അവളുടെ കൂട്ടുകാരെ വഴക്കു പറഞ്ഞില്ല. ഇനി എനിക്ക് ആരുമില്ല. ആ ദുഃഖങ്ങൾ എല്ലാം ഞാൻ ഇവിടെ വന്നിരുന്നു മാതാവിനോട് പറയും.

"ഇത്രയും ദുഃഖം അനുഭവിക്കുന്ന ചേച്ചി എങ്ങനെ എന്നെ ആശ്വസിപ്പിച്ചൂ. എങ്ങനെ ഇത്ര നന്നായി ചേച്ചിക്ക് ചിരിക്കുവാൻ കഴിയുന്നു.?"

"കരയുവാനും മരിക്കുവാനും നൂറു കാരണങ്ങൾ ഉണ്ടാകും കുട്ടി.അപ്പോൾ ജീവിക്കുവാൻ ഒരായിരം കാരണങ്ങൾ ഉണ്ടാകില്ലേ. എൻ്റെ മക്കളെയും ഭർത്താവിനെയും എനിക്ക് തിരികെ കിട്ടില്ല. പക്ഷേ എൻ്റെ മുൻപിൽ ദുഖവുമായി വരുന്ന ഓരോ ആളുകളിലും ഞാൻ അവരെ കാണുന്നൂ. അവരെ മരണത്തിൽ നിന്ന് പിടിച്ചു കയറ്റുന്നൂ.ഞാൻ ആത്മഹത്യ ചെയ്താൽ സ്വർഗ്ഗത്തിൽ ഇരിക്കുന്ന അവർ വേദനിക്കില്ലേ. ഈ ഭൂമിയിൽ ഒരാളുടെ കണ്ണീരൊപ്പുവാൻ എനിക്ക് കഴിഞ്ഞാൽ അതിലും വലിയ പുണ്യമുണ്ടോ..? ഇനി മോൾ പറയൂ ഞാൻ അനുഭവിക്കുന്ന ഈ ദുഖത്തിലും ഏകാന്തതയിലും വലുതാണോ മോളുടെ ദുഃഖം. നമ്മളേലും ദുഃഖം അനുഭവിക്കുന്നവർ ഉണ്ടാകില്ലേ. അവർക്കെല്ലാം ഒരു കൈത്താങ്ങാകുവാൻ നമുക്കാകില്ലേ..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവൾ എൻ്റെ കൈചേർത്തു പിടിച്ചൂ..

"ഇനി ഒരിക്കലും ഞാൻ ആത്മഹത്യ ചെയ്യുവാൻ ശ്രമിക്കില്ല.  ഇനി മുതൽ ചേച്ചി ഒറ്റയ്ക്കല്ല. ഈ ഞാൻ ചേച്ചീയുടെ കൂടെ എന്നും ഉണ്ടാകും ഒരു മകളുടെ സ്ഥാനത്തു.."

അവളുടെ കണ്ണുകളിലേയ്ക്ക് ഞാൻ നോക്കി. അവിടെ ഞാൻ എൻ്റെ മകളെ കണ്ടു.

എൻ്റെ കണ്ണുകളും നിറഞ്ഞു..

............................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G