SAMMATHAM സമ്മതം , E, K, A, AP, KZ, P
"അമ്മേ, എന്താണ് എന്നെ മനസ്സിലാക്കാത്തത്. എനിക്ക് ഒരു വിവാഹം വേണ്ട. എനിക്ക് വയ്യ.."
"മോൾ ഞാൻ പറയുന്നത് കേൾക്കൂ. അച്ഛനെ വിഷമിപ്പിക്കേണ്ട. അവർ വന്നു കണ്ടു പൊയ്‌ക്കോട്ടെ. ഇപ്പോൾ വിവാഹം വേണ്ടെങ്കിൽ അച്ഛനോട് അമ്മ പറയാം.."
മനസ്സില്ലാ മനസ്സോടെ ഞാൻ മൂളി...
പിറ്റേന്ന് അവർ വന്നു. ചെറുക്കനെ ഞാൻ ശ്രദ്ധിച്ചത് പോലുമില്ല. അച്ഛനും അമ്മയും കാര്യമായി അവരോടു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നൂ.
അവർ പോയതും അച്ഛൻ വന്നു പറഞ്ഞു..
"നീ മാത്രമേ ഞങ്ങൾക്കുള്ളൂ. ഇഷ്ടപെട്ട പയ്യനെ വിവാഹം കഴിക്കുവാൻ സമ്മതം ചോദിച്ചപ്പോൾ ഞാൻ മറുത്തൊന്നും പറഞ്ഞില്ല. വിവാഹത്തിന് മുൻപേ അവൻ അപകടത്തിൽ മരിച്ചപ്പോൾ നിന്നെ മനസ്സിലാക്കുവാൻ ഞങ്ങൾക്കായി. പക്ഷേ എന്നെങ്കിലും നീ ഞങ്ങളെ മനസ്സിലാക്കിയിരുന്നോ. വളർത്തി വലുതാക്കിയ മകൾ തന്നിഷ്ടം കാണിക്കുമ്പോൾ നോവുന്നത് ഞങ്ങൾക്കാണ്..."
"അവർക്കു ഈ വിവാഹത്തിന് സമ്മതമാണ്. നിൻ്റെ സമ്മതം ചോദിക്കാതെ ഞാൻ വാക്ക് കൊടുത്തൂ. വാക്ക് തെറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.."
ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ ഉള്ളിലെ നീറ്റൽ കൂടിക്കൊണ്ടേയിരുന്നൂ.
വിവാഹനിശ്ചയം കഴിഞ്ഞു. എല്ലാവരുടെയും മുൻപിൽ ഞാൻ സന്തോഷം അഭിനയിച്ചൂ.
പിറ്റേന്ന് എനിക്ക് ഒരു കാൾ വന്നൂ.
ചെറുക്കൻ്റെ എടത്തിയാണ്. എന്നെ ഒന്ന് കാണണം പോലും. ഞാൻ സമ്മതിച്ചൂ. പറഞ്ഞ പോലെ അവർ റെസ്റ്റോറന്റിൽ വന്നൂ.
ആദ്യത്തെ തിക്കുമുട്ടൽ മാറിയതും അവർ പറഞ്ഞു തുടങ്ങി.
"കുട്ടിക്ക് രവിയെ ഇഷ്ടമായോ.."
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..
"എനിക്കറിയാം. കുട്ടി അവൻ്റെ മുഖത്തേയ്ക്കു പോലും ഒന്ന് നോക്കിയിട്ടില്ല എന്ന്.. പക്ഷേ അവൻ്റെ മനസ്സിൽ മുഴുവൻ നീ മാത്രമേ ഉള്ളൂ.."
നിനക്ക് അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട് കുട്ടി..
ഞാൻ വിവാഹം കഴിച്ചു വരുമ്പോൾ അവൻ പത്തിൽ പഠിക്കുന്നു. സന്തോഷം മാത്രം നിറഞ്ഞ വീട്. ഏട്ടന് വാധ്യാരാണ്. അച്ഛൻ സർവീസിൽ നിന്നും വിരമിച്ചു കുറച്ചു കൃഷിയെല്ലാം നോക്കുന്നൂ. 'അമ്മയും ഞാനും വീട്ടിൽ തന്നെയാണ്.
എൻ്റെ വിവാഹം കഴിഞ്ഞു ഒരു വർഷം കഴിയുന്ന സമയത്താണ് പെട്ടെന്ന് അമ്മ മരിക്കുന്നത്.
തലേന്ന് അമ്മ എന്നെ മുറിയിൽ വിളിച്ചിട്ട് അച്ഛൻ്റെ ഗുളികകൾ എല്ലാം കാണിച്ചു തന്നൂ. ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നൂ. കുറെ കാര്യങ്ങൾ പറഞ്ഞു തന്നൂ. ഞാൻ ചോദിച്ചൂ
"അമ്മ എന്താ വല്ല ദൂരയാത്രയ്‌ക്കും പോകുന്നുണ്ടോ..?"
അതിനു മറുപടിയായി അമ്മ പതിയെ ചിരിച്ചൂ.
"എൻ്റെ രവിയെ നീ നന്നായി നോക്കണം. നിന്നെ പോലെ തന്നെ ഒരു കുട്ടിയെ അവനു കണ്ടെത്തണം. ഒരിക്കലും അവൻ വിഷമിക്കരുത്.."
പിറ്റേന്ന് അമ്മ ഉണർന്നില്ല..
അന്ന് എൻ്റെ രവി എത്ര കരഞ്ഞെന്നോ..
'അമ്മ പോയി ആറ് മാസം തികയും മുൻപേ അച്ഛനും പോയി. അമ്മ ഇല്ലാത്ത ലോകത്തിൽ അച്ഛൻ നിന്നില്ല.
അതോടെ രവി ഒറ്റപ്പെട്ടൂ. നന്നായി പഠിക്കും. നല്ലൊരു കുട്ടി. എന്നിട്ടും എപ്പോഴൊക്കെയോ അവൻ തന്നിലേയ്ക്ക് ഒതുങ്ങുന്നതു ഞാൻ കണ്ടൂ.
അവനു നല്ലൊരു ജോലി കിട്ടിയതും ഞങ്ങൾ അവനു വേണ്ടി വിവാഹ ആലോചനകൾ തുടങ്ങി.
കുറേ കുട്ടികളെ കണ്ടെങ്കിലും അവനു ആരെയും ഇഷ്ടമായില്ല. നിന്നെ കണ്ടു കഴിഞ്ഞതും ഞങ്ങൾ എന്തെങ്കിലും പറയും മുൻപേ അവൻ ഇങ്ങോട്ട് ഇഷ്ടമായെന്നു പറഞ്ഞു. നിന്നെ പെണ്ണ് കാണുവാൻ വരുന്നതിൻ്റെ അന്ന് വെളുപ്പിന് അമ്മ സ്വപ്നത്തിൽ വന്നു നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞു പോലും..
ഞാൻ എല്ലാം കേട്ടിരുന്നൂ..
ഇപ്പോൾ അവൻ ആകെ വിഷമത്തിൽ ആണ്. നിനക്ക് അവനെ ഇഷ്ടമായില്ല എന്നൊരു തോന്നൽ അവനുണ്ട്. നിന്നെ പറ്റി എല്ലാം അവനു അറിയാം. നിൻ്റെ അച്ഛൻ എല്ലാം ഏട്ടനെ വിളിച്ചു പറഞ്ഞിരുന്നൂ. അതുകൊണ്ടു തന്നെ നിന്നെ മനസ്സിലാക്കുവാൻ അവനു കഴിയും. പക്ഷേ നിനക്ക് അവനെ മനസ്സിലാകുമോ..
"അച്ഛനും അമ്മയും നഷ്ട്ടപെട്ട ഒരു കൗമാരക്കാരൻ. വിവാഹം കഴിച്ചു വരുന്ന കുട്ടിക്ക് അവനെ മനസിലാക്കുവാൻ കഴിഞ്ഞില്ലെങ്കിൽ എൻ്റെ കുട്ടി ആകെ തകർന്നു പോകും.."
എനിക്കു എന്ത് പറയണം എന്ന് അറിയില്ലായിരുന്നൂ..
തിരിച്ചു വീട്ടിലെത്തിയതും ആദ്യമായി ഞാൻ രവിയുടെ ഫോട്ടോ അച്ഛൻ മേശപ്പുറത്തു വച്ചിരുന്നത് എടുത്തു നോക്കി..
മനസ്സിൽ ഞാൻ ഒന്നുറപ്പിച്ചൂ..
"ഞാൻ ഒരു സ്വാർത്ഥയാണ്. എൻ്റെ ദുഃഖം മാത്രമേ ഞാൻ കണ്ടുള്ളൂ. അച്ഛൻ, അമ്മ പിന്നെ രവി അവർക്കു വേണ്ടി ഞാൻ മാറണം.."
പിറ്റേന്ന് ഞാൻ എടത്തിയെ ഫോണിൽ വിളിച്ചൂ. രവിയെ നേരിട്ട് വിളിക്കുവാൻ ഒരു ചമ്മൽ ഉണ്ടായിരുന്നൂ..
ഏടത്തിയോട് കുറേ വിശേഷങ്ങൾ പറഞ്ഞു. ഏടത്തി പക്ഷേ എന്നോട് പറഞ്ഞു
"ഓഫീസിൽ നിന്ന് വന്നതും നിന്നെ വിളിക്കുവാൻ ഞാൻ രവിയോട് പറയാം.."
ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. നമ്മളെ മനസ്സിലാക്കുവാൻ ഒരാൾ ഉണ്ടാവുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. എനിക്കാണെങ്കിൽ ഒരു കുടുംബം തന്നെ കിട്ടിയിരിക്കുന്നൂ..
ആ വീട്ടിലെ മരുമകൾ ആയി ചെല്ലുവാൻ എനിക്ക് സമ്മതമായിരുന്നൂ...
........................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ