Self Introduction - For Book
Self Introduction
എൻ്റെ പേര് ഡോ. സുജ അഗസ്‌റ്റിൻ. ഞാൻ ജനിച്ചത് 1982 ജൂൺ മൂന്നിന് ആണ്. എൻ്റെ വീട് ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളം എന്ന സ്ഥലത്താണ്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് പാനായിക്കുളം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നിന്നുമാണ്.
പ്രീ ഡിഗ്രി മുതൽ എം. എസ്‌സി വരെ പഠിച്ചത് ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിൽ ആണ്. ബി.എഡ് പഠനം പൂർത്തിയാക്കിയത് എറണാകുളത്തെ സെൻറ് ജോസഫ്‌സ് കോളേജിൽ നിന്നുമാണ്. മൈക്രോബയോളജിയിൽ ഡോക്ടറേറ് നേടിയത് കോയമ്പത്തൂരെ കർപ്പകം യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്.
ജോലിയുടെ ഭാഗമായി കരിയർ കൗൺസിലിങ് സെർട്ടിഫിക്കേഷൻ ചെയ്തിരിക്കുന്നത് യു എസ് എയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നുമാണ്.
പതിനഞ്ചു വർഷമായി മോട്ടിവേഷണൽ സ്പീക്കർ,കരിയർ കൗൺസിലർ തുടങ്ങിയ നിലകളിൽ ബാംഗളൂരിൽ പ്രവർത്തിക്കുന്നൂ. ഇപ്പോൾ T. I. M.E. എന്ന കമ്പനിയുടെ കർണ്ണാടകയുടെ മെഡിക്കൽ എൻട്രൻസ് വിഭാഗത്തിൻ്റെ ചുമതല വഹിക്കുന്നൂ.
അഗസ്റ്റിൻ കൊടിയൻ ആണ് എൻ്റെ പിതാവ്. മാതാവ് മേരി അഗസ്റ്റിൻ. മൂന്ന് ആങ്ങളമാർ ഉണ്ട്. വിമൽ ജോസ് കൊടിയൻ, സിനോജ് ആൻറണി കൊടിയൻ, സോളമൻ കൊടിയൻ.
ഭർത്താവ് അനൂപ് ലോറൻസ്, മകൻ ജൊഹാൻ ജോർജ്. ഞാനും കുടുംബവും ബാംഗളൂരിൽ താമസിക്കുന്നൂ.
അവതാരിക
ഞാൻ ഒരിക്കലും ഒരു സാഹിത്യകാരി അല്ല. എഴുതുവാൻ എനിക്ക് അത്ര വശവുമില്ല. പിന്നെ എപ്പോഴോ ഞാനും എഴുതി തുടങ്ങി.ആദ്യമായി രണ്ടു വരി എഴുതണം എന്ന് തോന്നിയത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.
എങ്ങനെ ആ ചിന്ത മനസ്സിൽ കയറിപറ്റി എന്ന് പറയാം.
അന്ന് എന്നെയും ആങ്ങളമാരെയും ട്യൂഷൻ പഠിപ്പിക്കുവാൻ വീട്ടിൽ ഒരു ചേച്ചി വരുമായിരുന്നൂ. മിനി ടീച്ചർ എന്നാണ് അവരെ ഞാൻ വിളിച്ചിരുന്നത്.
അന്നൊരിക്കൽ ചേച്ചി വന്നപ്പോൾ കൈയ്യിൽ ഒരു കവർ ഉണ്ടായിരുന്നൂ.. ചേച്ചി എഴുതിയ ഒരു കവിതയായിരുന്നൂ ആ കവറിനുള്ളിൽ .
എൻ്റെ ഓർമ്മ ശരിയാണെങ്കിൽ "ഇതിവൃത്തം" എന്നായിരുന്നൂ ആ കവിതയുടെ പേര്.ഞാനതു വായിച്ചു നോക്കി.എഴുതണം എന്ന തോന്നൽ ആദ്യം മനസ്സിൽ ഉദിക്കുന്നത് അപ്പോഴാണ്.
പക്ഷെ എഴുതി തുടങ്ങിയത് പതിമൂന്നാം വയസ്സിലാണ്.എൻ്റെ ഭാഷയിൽ ഞാൻ ആദ്യമായി എഴുതിയ ആ കുറിപ്പിനെ കവിത എന്നു വിളിച്ചൂ. കൂട്ടുകാരുടെ ഭാഷയിൽ അതിൻ്റെ പേര് ഭ്രാന്ത് എന്നായിരുന്നൂ.
ഡിഗ്രികൾ എടുത്തു കൂട്ടുന്നതിനിടയിൽ എൻ്റെ തൂലിക എനിക്കു എവിടേയോ നഷ്ടമായി.ഇല്ലെങ്കിൽ ഭാവി തട്ടിക്കൂട്ടുന്നതിനിടയിൽ അത് ഞാൻ തന്നെ ഉപേക്ഷിച്ചൂ എന്നു പറയുന്നതാവും ശരി.
തിരക്കുകളിൽ നിന്നും തിരക്കുകളിലേയ്ക്കുള്ള ജീവിതം. ജോലിയുടെ ഇടവേളകളിൽ ഇടയ്ക്കൊക്കെ പേപ്പറിൽ ഞാൻ എന്തൊക്കെയോ എഴുതി. അതൊന്നും ഞാൻ സൂക്ഷിച്ചു വച്ചില്ല.
ഞാൻ എഴുതുന്നത് അമ്മയും ഭർത്താവും ശ്രദ്ധിച്ചിരുന്നൂ,കുത്തിക്കുറിക്കുന്നതൊക്കെ അവർ വായിച്ചു നോക്കിയിരുന്നൂ.നീഎഴുതണം അതെല്ലാം പ്രസിദ്ധീകരിക്കണം എന്നൊരിക്കൽ അവർ രണ്ടുപേരും ആവശ്യപ്പെട്ടൂ.
അങ്ങനെ ഒരിക്കൽ കൂടി ഞാൻ തൂലിക ഏടുത്തൂ. ഭർത്താവ് എനിക്ക് സമ്മാനിച്ച "അനാമിക" എന്ന ഫേസ്ബുക് പേജിലും "ഔർ ഡ്രീം ട്രിപ്‌സ്" എന്ന ബ്ലോഗിലും ഞാൻ അങ്ങനെ എഴുതി തുടങ്ങി. ആങ്ങളമാരുടെ ഭാര്യാമാരും അമ്മാവൻമ്മാരും അമ്മായിമാരും അതെല്ലാം വായിച്ചു നോക്കി അഭിപ്രായം പറഞ്ഞു തുടങ്ങി. അത് എനിക്ക് തുടർന്നെഴുതുവാൻ ഉന്മേഷം നൽകി.
പണ്ട് ഭ്രാന്ത് എന്ന് എൻ്റെ കവിതയെ വിളിച്ച ആ നല്ല സൗഹൃദങ്ങൾ പലതും പഴയ ഊഷ്മളതയോടെ ഇപ്പോഴും ഉണ്ട് . അവരും ഞാൻ എഴുതുന്നതെല്ലാം വായിച്ചു നോക്കി അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങി . അത് വീണ്ടും എനിക്ക് ആവേശം പകർന്നൂ.
എടുക്കാവുന്ന ഡിഗ്രികൾ എടുത്തു കൂട്ടി, അതുകൊണ്ടു തന്നെ വീണ്ടും തൂലിക എനിക്കു ഉപേക്ഷിക്കേണ്ടി വരില്ല.
കഥകൾ എഴുതുവാൻ എനിക്ക് പ്രേരണ ആയത് എൻ്റെ യാത്രകൾ ആണ്. യാത്രകളിൽ കാണുന്ന ഒരു കാഴ്ച്ചയിൽ നിന്നോ പരിച്ചയപെടുന്ന ആളുകളിൽ നിന്നോ എനിക്ക് എൻ്റെ കഥാപാത്രങ്ങളെ ലഭിച്ചൂ. ആ കഥാപാത്രങ്ങൾ മനസ്സിൽ ഓരോ കഥകൾ ആയി. അത് ഞാൻ പതിയെ എൻ്റെ പേജിലേക്ക് പകർത്തി.
ഓൺലൈനിൽ ഒരുപാട് ഗ്രൂപ്പുകളിലും പേജുകളിലും സുജ അനൂപ് എന്ന പേരിൽ എഴുതി തുടങ്ങി. പിന്നീടെപ്പോഴോ ഒരു പുസ്‌തകം ഇറക്കണം എന്ന് തോന്നി. അങ്ങനെ എൻ്റെ കഥകളിൽ വായനക്കാർ ഏറ്റവും ഇഷ്ടപെട്ട തെരഞ്ഞെടുത്ത കഥകൾ ചേർത്ത് ഈ പുസ്‌തകം അണിയിച്ചൊരുക്കി.
സമർപ്പണം
എനിക്ക് ജന്മം നൽകിയ എൻ്റെ മാതാപിതാക്കൾക്ക് ഞാൻ ഈ പുസ്തകം സമർപ്പിക്കുന്നൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ