കല്യാണം മുടക്കി KALYANAM MUDAKKI FB, E, K,G, A, AP, KZ, TMC, P, NL, SXC, EK, LF, NA
"മോനെ, ഇതിപ്പോൾ എത്രാമത്തെ കല്യാണമാണ് മുടങ്ങുന്നത്, നീ പെണ്ണ് കണ്ടു വന്നുകേറുമ്പോഴേക്കും താല്പര്യമില്ല എന്ന് പെൺ വീട്ടുകാർ വിളിച്ചു പറയുന്നൂ. ആരും കാര്യമൊന്നും പറയുന്നില്ല. ഇതിലെന്തോ പ്രശ്നം ഉണ്ട്.."
"എനിക്കും അങ്ങനെ തന്നെ തോന്നുന്നൂ അമ്മേ . ഇരുപത്തഞ്ചണ്ണം മുടങ്ങി. ചായ കുടിക്കുവാൻ പോകുവാണോ എന്ന നാട്ടുകാരുടെ കളിയാക്കൽ വേറെ.."
"നാളത്തെ പെണ്ണുകാണൽ എങ്കിലും ഒന്ന് നടന്നു കിട്ടിയാൽ മതിയായിരുന്നൂ.."
"മോനെ പറയുവാൻ മറന്നൂ. എനിക്ക് ആ ബാബുച്ചേട്ടനെ ആണ് സംശയം. അയാൾ ആണോ ഇതെല്ലാം കുത്തുന്നത്....?"
"'അമ്മ ഒന്നു വെറുതെ ഇരിക്ക്. എന്ത് തങ്കപ്പെട്ട മനുഷ്യൻ ആണെന്നോ പുള്ളിക്കാരൻ..ഇന്നലെയും കൂടെ എന്നോട് പറഞ്ഞതേ ഉള്ളൂ, നിൻ്റെ കല്യാണം നടക്കും വിഷമിക്കേണ്ട എന്ന്.."
"ശരി ഞാനായിട്ടു ഒന്നും പറയുന്നില്ല.."
'അമ്മ ദേഷ്യപ്പെട്ടു പോയി..
..................................
"അമ്മേ എങ്ങനെ ഉണ്ട്. ഉഷാറായിട്ടില്ലേ..."
"നീ വേഗം വാ. എത്ര നേരമെടുത്താണ് നീ ഒരുങ്ങുന്നത്. മൂന്നാൻ വഴിയിൽ കാത്തു നിൽപ്പുണ്ട്..."
"ഈശോയെ, ഈ കല്യാണമെങ്കിലും നടന്നു കണ്ടാൽ മതി. അപ്പൻ ഇല്ലാതെ ഇതിനെ വളർത്തികൊണ്ടു വന്നൂ. കൂലിപ്പണി എടുത്താണെങ്കിലും എൻ്റെ മോൻ കുടുംബം നന്നായി നോക്കുന്നുണ്ട്. പെങ്ങളെ അവൻ കെട്ടിച്ചയച്ചൂ. അവനു നീ തന്നെ തുണയാകണേ.."
"'അമ്മ തുടങ്ങിയല്ലോ.."
"നീ പോടാ ചെക്കാ..." പ്രാർത്ഥിച്ചിട്ടു ഇറങ്ങിയാൽ എല്ലാം നന്നായി നടക്കും..
......................................
വീടെത്തിയതും മൂന്നാൻ പെൺവീട്ടിലേയ്ക്കു ഓടിപ്പോയി. ഞങ്ങൾ കാറിൽ തന്നെ ഇരുന്നൂ. അവർ ആരെങ്കിലും ഒന്ന് പുറത്തേയ്ക്കു ഇറങ്ങി വന്നിട്ട് അകത്തേയ്ക്കു കയറുന്നതാണല്ലോ അതിൻ്റെ ഒരു മര്യാദ..
കുറേ നേരമായി ആരും വരുന്നില്ല. അകത്തേയ്ക്കു പോയ മൂന്നാനെയും കാണുന്നില്ല..
"പറഞ്ഞ സമയത്തു തന്നെ ചെറുക്കൻ എത്തി. സാറ് വേഗം പെണ്ണിനെ വിളിക്കൂ.."
"ഉള്ളത് പറയാമല്ലോ. ഈ പെണ്ണുകാണൽ നടക്കില്ല.." പെണ്ണിൻ്റെ അച്ഛൻ പറഞ്ഞു
"അയ്യോ, അങ്ങനെ പറയരുത്. അവർ വന്നു പോയില്ലേ. പെണ്ണിനെ കാണിക്കില്ല എന്ന് പറഞ്ഞാൽ എനിക്ക് വലിയ അപമാനം ആകും. ഇനി ഒരിക്കലും ഞാൻ ഈ വഴിക്കു വരില്ല."
"താൻ വരേണ്ട. ചതിയൻ. ആ ചെറുക്കൻ ഒരു വൃത്തികെട്ടവൻ അല്ലെ. വായ് നോക്കി. കുടിച്ചു നടക്കുന്നവൻ. അവനെയൊക്കെ വീട്ടിൽ ആരെങ്കിലും കയറ്റുമോ..."
മൂന്നാൻ വന്നു കാര്യം പറഞ്ഞപ്പോൾ കാറിൽ നിന്നും ഇറങ്ങ്‌ണ്ട എന്ന് അമ്മ തീരുമാനിച്ചൂ.
പക്ഷേ ഞാൻ ഇറങ്ങി.
പറഞ്ഞ അപവാദങ്ങൾ എല്ലാം ഞാൻ സഹിക്കുവാൻ തയ്യാറായിരുന്നൂ. പക്ഷേ അതാര് പറഞ്ഞു. അതെനിക്കറിയണം.
അവസാനം പെണ്ണിൻ്റെ അച്ഛൻ വിളി വന്ന നമ്പർ കാണിച്ചു തന്നൂ.
വീടിനടുത്തുള്ള കടയിലെ ലാൻഡ് ലൈൻ നമ്പർ. പക്ഷേ അയാൾ എന്തിനു ഇങ്ങനെ ചെയ്യുന്നൂ. എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
ഏതായാലും തിരിച്ചു വീട്ടിൽ എത്തിയ ഉടനെ ഞാൻ കടയിലേക്ക് ചെന്നൂ വിവരം തിരക്കി. ആദ്യം സമ്മതിച്ചില്ലെങ്കിലും അയാൾ ഉള്ളത് തുറന്നു പറഞ്ഞു.
"ഇന്ന് രാവിലെ നിങ്ങൾ പെണ്ണ് കാണുവാൻ പോയതിനു പുറകെ ബാബുവേട്ടൻ വന്നു അത്യാവശ്യമായി ഒരു കാൾ ചെയ്യണം എന്ന് പറഞ്ഞു. മൊബൈലിൽ കാശില്ല എന്ന് പറഞ്ഞാണ് വന്നത്. അപ്പോഴേ എനിക്ക് സംശയം തോന്നി. ഞാൻ സമ്മതിച്ചൂ. അയാൾ എന്തൊക്കെയോ കുശുകുശുക്കുന്നത് കണ്ടപ്പോൾ എൻ്റെ സംശയം കൂടി. ദാ ഞാൻ ഒരു ഫോട്ടോ എടുത്തു വച്ചിട്ടുണ്ട്. അയാളോട് കാര്യം ചോദിച്ചപ്പോൾ കൂട്ടുകാരനെ വിളിച്ചതാണ്, ഒരു ചെറുക്കനെ പറ്റി പറയാനാണ് എന്ന് പറഞ്ഞൊഴിഞ്ഞു.."
ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല...
"അല്ലെങ്കിലും മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ. അമ്മ പലപ്രാവശ്യം പറഞ്ഞതാണ് ബാബു ചേട്ടനെ വിശ്വസിക്കരുത് എന്ന്.."
വീട്ടിൽ എത്തിയതും കട്ടിലിൽ തളർന്നു കിടന്നൂ...
കുറച്ചു നേരം വിഷമിച്ചു കിടന്നൂ. പിന്നെ വിചാരിച്ചൂ, അയാൾക്കിട്ടൊരു പണി കൊടുക്കണം. ഇനി ആരോടും അയാൾ ഇങ്ങനെ ചെയ്യരുത്.
പക്ഷേ എങ്ങനെ.. അപ്പോഴാണ് ഓർത്തത്. അയാളുടെ മകൾ എം.ടെക് നു പഠിക്കുകയാണ്.
അവളെ അങ്ങു വളക്കുക, അവളെ തന്നെ കെട്ടുക. പക്ഷേ ഈ പത്താം ക്ലാസുകാരനെ അവൾ കെട്ടുമോ..?
ശ്രമിക്കുക തന്നെ...
അമ്മയോട് പോലും ഞാൻ ഒന്നും പറഞ്ഞില്ല..
പിന്നെ അതിനു മാത്രമായി എൻ്റെ ജീവിതം..
കഷ്ടപ്പെട്ട് അവളുടെ പുറകെ നടന്നു. അവൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തൂ. വർഷം ഒന്ന് വേണ്ടി വന്നെങ്കിലും അവൾ വളഞ്ഞു.
അവൾക്കു വേണ്ട പ്രൊജക്റ്റ് ഉണ്ടാക്കുവാൻ പോലും അവളെ സഹായിച്ചത് ഞാൻ ആണ്. അവളെ പുറകെ നടന്നു ശല്യം ചെയ്ത രണ്ടെണ്ണത്തിനെ ഒതുക്കി. ഏതായാലും അവസാനം അവൾ വീണൂ.
പഠിപ്പു കഴിയുവാൻ കാത്തു നിന്നില്ല. പഠിപ്പു കഴിഞ്ഞാൽ തേച്ചിട്ടു പോയാലോ. അവളെ കൊണ്ട് തന്നെ വീട്ടിൽ അവളുടെ പറയിച്ചൂ എന്നെയല്ലാതെ വേറെ ആരെയും കെട്ടില്ല എന്ന്.
അവൾ അത് അവളുടെ വീട്ടിൽ അവതരിപ്പിച്ചതിൻ്റെ പിറ്റേദിവസ്സം വീട്ടിലേയ്ക്കു ഒരു മൂന്നാൻ വന്നൂ...
"നല്ല രണ്ടു ആലോചനകൾ ഉണ്ട്. ബാബുവേട്ടൻ പറഞ്ഞു വിട്ടതാണ്..."
ആ വെള്ളം അങ്ങു വാങ്ങി വച്ചേക്കുവാൻ ഞാൻ മൂന്നാനോട് പറഞ്ഞു.
അങ്ങനെ അടുത്ത ശുഭമുഹൂർത്തത്തിൽ ആ വിവാഹം നടന്നൂ..
പാവം അമ്മായിഅപ്പൻ ഇപ്പോൾ മനസ്സിൽ ഓർക്കുന്നുണ്ടാകും..
"അവൻ്റെ കല്യാണം വെറുതെ കുത്തിക്കളയേണ്ടിയിരുന്നില്ല..."
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് അയാൾക്ക് മനസ്സിലായി കാണും. പക്ഷേ എൻ്റെ ഭാര്യയെ ഞാൻ നന്നായി നോക്കും. ഈ മാതിരി ഉള്ള കല്യാണംകുത്തികൾക്കു ഇതാണ് നല്ല മരുന്ന്.....
...........................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ