പെറ്റമ്മ PETTAMMA, E, A,K, AP, KZ, P

അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എനിക്ക് സങ്കടം നിയന്ത്രിക്കുവാൻ ആയില്ല.

എൻ്റെ അമ്മ അങ്ങനെ ചെയ്താൽ എനിക്ക് സഹിക്കുവാൻ ആവുമോ...

പാവം എൻ്റെ പവിത....

അവളെ ആശ്വസിപ്പിക്കുവാൻ എനിക്ക് ആവില്ല. പക്ഷേ അവളെ ചേർത്ത് പിടിക്കുവാൻ എനിക്കാവും..

......................

കഴിഞ്ഞ വർഷമാണ് ഒട്ടും പ്രതീക്ഷിക്കാതെ പവിത എൻ്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. അച്ഛൻ മരിച്ചതിനു ശേഷം അവളും അമ്മയും തറവാട്ട് വീട്ടിലേയ്ക്കു താമസം മാറ്റുകയായിരുന്നൂ.

അങ്ങനെ എനിക്ക് പുതിയ കൂട്ടുകാരിയെ കിട്ടി. അന്ന് ഞാൻ അഞ്ചാം ക്ലാസ്സിൽ ആണ്, അവളും എൻ്റെ ക്ലാസ്സിൽ തന്നെ. പതിയെ പതിയെ ഞങ്ങൾ പിരിയുവാൻ പറ്റാത്ത കൂട്ടുകാരായി..

പാവം എൻ്റെ പവി..

അവളും അമ്മയും ജീവിക്കുവാൻ തന്നെ കഷ്ടപ്പെടുന്നൂ. അമ്മായിയുടെ (അമ്മയുടെ ആങ്ങളയുടെ ഭാര്യ) കുത്തലുകളും ഉപദ്രവവും വേറെ..

എന്നിട്ടും എത്ര മനോഹരമായിട്ടാണ് എൻ്റെ പവി ചിരിക്കുന്നത്.

വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ എല്ലാം ഞാൻ അവളുമായി പങ്കു വച്ചൂ, പകരം അവൾ അവളുടെ ദുഃഖങ്ങളും..

..........................

എല്ലാം തകർന്നത് പെട്ടെന്നാണ്.

പവിതയുടെ അമ്മയ്ക്ക് ഒരു കല്യാണ ആലോചന വന്നൂ. അവർ ഒരിക്കലും അതിനു തുനിയില്ല എന്ന് തന്നെ പവിത കരുതി.

പക്ഷേ അവർ ആ വിവാഹത്തിന് തയ്യാറായി.

വലിയ പണക്കാരനായ ഒരു വയസ്സൻ. രണ്ടു പെണ്മക്കൾ ഉള്ളവർ കോളേജിൽ പഠിക്കുന്നൂ. അവരെ നോക്കുവാൻ ഒരാൾ വേണം.

പവിതയെ കൂടെ കൂട്ടുവാൻ പക്ഷേ അവർ തയ്യാറായില്ല.

ആവശ്യമുള്ള പണം അവൾക്കു വേണ്ടി അയാൾ ചെലവാക്കുവാൻ തയ്യാറാണത്രേ. മകളെ അവരുടെ പുതിയ ഭർത്താവ് സ്വീകരിക്കില്ല പോലും..

....................പണം എല്ലാറ്റിനും പകരം ആവുമോ...

പവി എത്ര കരഞ്ഞു.

ആരും അവളുടെ കണ്ണുന്നീർ കണ്ടില്ല..

.............................

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവളുടെ അമ്മ അയാളുടെ കാറിൽ കയറി പോയി.

പിന്നീടങ്ങോട്ട് മാസം തോറും അമ്മാവൻ്റെ അകൗണ്ടിൽ വരുന്ന തുച്ഛമായ അവൾക്കൊരിക്കലും അവകാശം ഇല്ലാത്ത ആ പണം മാത്രമായി അവളുമായി അമ്മയ്ക്കുള്ള ബന്ധം.

ഒന്നും തിരിച്ചറിയുവാൻ ആവാത്ത പ്രായത്തിൽ അമ്മ പോയി.

എന്നും അവളെ ഞാൻ ചേർത്ത് പിടിച്ചൂ.

ടീനേജിലേയ്‌ക്ക്‌ കടക്കുമ്പോൾ ഒരു കുട്ടി അറിയേണ്ട കാര്യങ്ങൾ വരെ ഞാൻ അവൾക്കു പറഞ്ഞു കൊടുത്തൂ. അവളുടെ ദുഃഖങ്ങൾ എൻ്റെ ദുഃഖങ്ങൾ ആയി.

വളർന്നു വരുന്തോറും അവളുടെ കഷ്ടപ്പാടുകൾ ഏറി. ക്ലാസ് കഴിഞ്ഞു വന്നാൽ എല്ലു മുറിയെ പണി ചെയ്യണം. എന്നിട്ടും അമ്മായിയുടെ ശകാരം മാത്രം. അമ്മാവനോട് സംസാരിക്കുവാൻ വയ്യ. സമൂഹത്തിൽ മാന്യനായി നടക്കുന്ന അയാൾക്ക്‌ അവളുടെ ശരീരം മതി.

പക്ഷേ എല്ലാം തുറന്നു പറയുവാൻ അവൾക്കു ഞാൻ ഉണ്ട്..

.........................

കാലം കടന്നു പോയി.

എഞ്ചിനീയറിംഗ് അഡ്മിഷൻ കിട്ടിയതോടെ ഞാൻ ഹോസ്റ്റലിൽ ആയി. പഠന തിരക്കിനിടയിൽ മാസത്തിൽ രണ്ടു തവണ അവളെ കാണുവാൻ ഞാൻ ഓടി വരുമായിരുന്നൂ..

അവൾ അടുത്തുള്ള കോളേജിൽ പഠനം തുടർന്നൂ.

പാവം പവി, നന്നായി പഠിക്കുമായിരുന്നിട്ടും അവൾക്കു എൻ്റെ കൂടെ എഞ്ചിനീയറിംഗ് കോളേജിൽ വരുവാൻ കഴിഞ്ഞില്ല.

ആ തവണ ഞാൻ വീട്ടിൽ വന്നപ്പോൾ അവൾ നന്നായി ക്ഷീണിച്ചിരുന്നൂ. അവൾക്കു എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്  എന്ന് എനിക്ക് അറിയാമായിരുന്നൂ..

ഞാൻ അവളോട് കാര്യങ്ങൾ തിരക്കി..

അവൾ കരഞ്ഞുകൊണ്ട് ഒന്ന് മാത്രം പറഞ്ഞു.

"ഇനി നീ വരുമ്പോൾ ഞാൻ ഉണ്ടാകില്ല. അമ്മാവൻ അമിതമായി ശല്യം ചെയ്യുന്നൂ. ആരോടും പരാതി പറയുവാൻ വയ്യ. ഇറക്കി വിട്ടാൽ കയറി ചെല്ലുവാൻ ഒരിടമില്ല.."

എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ..

ഞാൻ അമ്മയോട് എല്ലാം പറഞ്ഞു..

'അമ്മ എന്നെയും കൂട്ടി അവളുടെ അമ്മയെ കാണുവാൻ ചെന്നൂ. എന്നും എനിക്ക് അവരോടു വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങളെ കണ്ടതും അവർ ഓടി വന്നൂ, എന്നെ കെട്ടിപിടിച്ചൂ.

അതെനിക്ക് അത്ഭുതമായിരുന്നൂ.

അമ്മ അവരോടു എല്ലാം പറഞ്ഞു..

അവർ പകരം ഞങ്ങൾക്ക് സാഹനത്തിൻ്റെ മറ്റൊരു കഥ പറഞ്ഞു തന്നൂ..

"വിധവയായ പെങ്ങളുടെ മാംസം തേടി രാത്രിയിൽ വന്ന ഒരാങ്ങളയുടെ കഥ..."

"നിങ്ങൾ പറയൂ.. ഒരു പെൺകുട്ടിയെയും കൂട്ടി വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഞാൻ എവിടെ പോകും. ഞാൻ ആകെ തകർന്നു പോയിരുന്നു. എവിടെയും കഴുകൻ കണ്ണുകൾ.ആ വീട്ടിൽ നിന്നും ഓടി രക്ഷപെടണം എന്ന് മാത്രമേ എനിക്ക് അപ്പോൾ തോന്നിയുള്ളൂ. അവൾ കുട്ടിയല്ലേ അവളെ ആ ദുഷ്ടൻ ഒന്നും ചെയ്യില്ല എന്ന് ഞാൻ കരുതി. പാപിയാണ് ഞാൻ. ഇവിടേയ്ക്ക് അവളെ ഞാൻ എങ്ങനെ കൊണ്ടു വരും. എൻ്റെ അവസ്ഥ കാണുന്നില്ലേ. ഈ വീട്ടിൽ ഞാൻ ഒരു വേലക്കാരിയാണ്. ഞാൻ ചെയ്യുന്ന പണിക്കുള്ള കൂലിയാണ് മാസാമാസം അവൾക്കായി അയക്കുന്നത്. അവളുടെ അച്ഛൻ മനസ്സ് പിടഞ്ഞു നടക്കുകയാവും, ആ ആത്മാവ് എത്ര വേദനിക്കുന്നുണ്ടാവും."

പെട്ടെന്ന് അവർ അമ്മയുടെ കാലിലേക്ക് വീണൂ..

'അമ്മ അത് ഒട്ടും പ്രതീക്ഷിച്ചില്ല..

"എൻ്റെ മകളെ എങ്ങനെ എങ്കിലും രക്ഷിക്കുമോ. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നിങ്ങൾക്ക് അയച്ചു തരാം.?"

അമ്മ ഒരു നിമിഷം സ്‌തബ്ധയായി നിന്നൂ..

പിന്നെ പറഞ്ഞു.

"എനിക്ക് ഒരു മകളെ ഉള്ളൂ, ഇനി ഒരു മകളെ കൂടെ നോക്കുവാൻ എനിക്കാവും. അല്ലെങ്കിലും ഇത്രയും നാൾ അവളെ കണ്ടില്ല എന്ന് നടിച്ചതു എൻ്റെ തെറ്റാണു. എനിക്ക് പണം ഒന്നും വേണ്ട. നിൻ്റെ ആങ്ങളയുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം.."

ഏതായാലും അമ്മ പിറ്റേന്ന് തന്നെ അവളെ വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് വന്നൂ. ചോദിക്കുവാൻ വന്നാൽ പ്രശ്നം ആകും എന്ന് അവളുടെ അമ്മാവന് അറിയാമായിരുന്നൂ. അവളെ കൊണ്ട് അമ്മ പോലീസിൽ പരാതി നല്കിയിരുന്നൂ.

"അവളും എഞ്ചിനീറിംഗ് പഠിക്കട്ടെ" എന്ന് അച്ഛൻ തീരുമാനിച്ചൂ.

പിറ്റേ വർഷം എൻ്റെ കോളേജിൽ അവളേയും ചേർത്തൂ..

................................

കാലം കടന്നു പോയി. ഞാൻ കോളേജ് കഴിഞ്ഞു ജോലിയിൽ കയറി. അടുത്ത വർഷം പവിയുടെ പഠനവും കഴിയും.

കഴിഞ്ഞ വർഷം ഒരു വാഹനാപകടത്തിൽ അവളുടെ അമ്മാവൻ മരിച്ചൂ. അതോടെ ആ ശല്യവും തീർന്നൂ..

....................................

ഇപ്പോൾ എൻ്റെ പവിക്കു സ്വന്തം കാലിൽ നിൽക്കാം..

 എഞ്ചിനീയറിംഗ് കഴിഞ്ഞു, ചെറുതാണെങ്കിലും ഒരു ജോലി കിട്ടി.

അമ്മയാണ് അവളോട് ഇന്നലെ അവളുടെ അമ്മയെ പറ്റി പറഞ്ഞത്. അതുവരെ അവരെ വെറുക്കുക മാത്രം ചെയ്തിരുന്ന അവൾക്ക് അവരേ ഇപ്പോൾ മനസ്സിലാകും.

അല്ലെങ്കിൽ തന്നെ സ്വന്തം അമ്മയോടുള്ള വാശിയാണ് അവളെ പൊരുതുവാൻ പഠിപ്പിച്ചത്. ആ വാശിയിൽ അവൾ മുന്നേറണം അതിനു വേണ്ടി മാത്രം അവളുടെ അമ്മയെ പറ്റി എൻ്റെ അമ്മ ഒന്നും അവളെ ഇതുവരെ അറിയിച്ചിരുന്നില്ല.

"എട്ടും പൊട്ടും തിരിയാത്ത കുട്ടിയെ നരകത്തിൽ ഉപേക്ഷിച്ചു പോയതിനെ ന്യായീകരിക്കുവാൻ ആവില്ലല്ലോ..? എല്ലാവർക്കും അവരുടെ മാത്രം പ്രശ്നങ്ങൾ ആണ് വലുത്... ആ കുഞ്ഞിനേറ്റ മുറിവ് അത് എങ്ങനെ ന്യായീകരിക്കും"

 ഇന്ന് എൻ്റെ മുറ്റത്തേയ്ക്ക് അവൾ കടന്നു വന്നൂ സന്തോഷത്തോടെ, അവളുടെ അമ്മയുടെ കൈയ്യും പിടിച്ചു.

"അമ്മ ആദ്യം കൂടെ വരുവാൻ തയ്യാറായിരുന്നില്ലത്രേ. അവരുടെ ഭർത്താവു കഴിഞ്ഞ വർഷം മരിച്ചു പോയി. മൂത്ത മകൾ വിവാഹം കഴിഞ്ഞു വിദേശത്തു പോയി. ഇളയവൾ ഭർത്താവുമൊത്തു ആ വീട്ടിൽ ഉണ്ട്. അവർക്കു ഒരു ജോലിക്കാരിയായി  അമ്മ അവിടെ നില്ക്കുകയായിരുന്നൂ.."

അവൾ എന്നോട്  പറഞ്ഞു..

"ഒരു പക്ഷേ എൻ്റെ അമ്മയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ഞാനും അങ്ങനെ തന്നെ ചെയ്യുമായിരുന്നൂ. ഈ കാലം വരെ ഒരിക്കൽ പോലും അവർ സന്തോഷിച്ചിട്ടുണ്ടാവില്ല. ഇനിയുള്ള കാലം എനിക്ക് രണ്ടു അമ്മമാർ വേണം. എന്നെ ചേർത്ത് നിർത്തിയ എൻ്റെ കൂട്ടുകാരിയുടെ അമ്മയും എൻ്റെ പെറ്റമ്മയും.."

നാളെ അവളും അമ്മയും ചെന്നൈയിലേക്ക് പോകും. അവിടെ അവൾക്ക് ജോലി ഉണ്ട്. പക്ഷേ ഈ വീട്ടിൽ എന്നും അവൾക്കു മകളുടെ സ്ഥാനം ഉണ്ടാകും. അത് അവൾക്കും അറിയാം...

.....................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA