MANAVATTI മണവാട്ടി K, E, A, P, AP, KZ

 " മിനി നീ എന്താണ് ആലോചിക്കുന്നത്.."

"ഒന്നുമില്ല ഏട്ടത്തി. വെറുതെ അങ്ങനെ ഇരുന്നൂ എന്നെ ഉള്ളൂ.."

പാവം കുട്ടി...

എപ്പോഴും അവൾ എന്തൊക്കെയോ ചിന്തിച്ചു ഇരിക്കുന്നത് കാണാം.. 

ഹരിയേട്ടനെ വിവാഹം കഴിച്ചു ഈ വീട്ടിൽ  വന്നതിൽ പിന്നെ അവളുടെ കാര്യങ്ങൾക്കു ഞാൻ ഒരു കുറവും വരുത്തിയിട്ടില്ല.ഈ വീട്ടിലെ എല്ലാവരുടെയും പ്രാണൻ ആണവൾ. 

വിവാഹപ്രായം ആയി അവൾക്കു. എന്നിട്ടും അവൾ ഒരു വിവാഹത്തിന് തയ്യാറാവുന്നില്ല. അല്ലെങ്കിലും വിവാഹകമ്പോളത്തിലെ വിലപേശലുകൾക്കിടയിൽ അവളുടെ മനസ്സു ഉരുകുന്നത് ആരും കാണുന്നില്ല.

ഒരപകടത്തിൽ അവൾക്കു വലതു കാൽ നഷ്ടമായി. എന്നിട്ടും സ്വന്തം വിധിയോട് പോരാടുന്ന അവളെ ഓർത്തു എനിക്ക് എന്നും അഭിമാനമേ ഉള്ളൂ. പൊയ്ക്കാൽ ഉള്ളത് എളുപ്പം ആർക്കും മനസ്സിലാകില്ല. അത്ര നന്നായാണ് അവൾ നടക്കുന്നത്.

പഠിക്കാവുന്നിടത്തോളം അവൾ പഠിച്ചൂ. ഒരു ഗവൺമെൻറ് ജോലിയും നേടി.

എത്രയോ ആലോചനകൾ വന്നൂ...

 കിട്ടുവാൻ പോകുന്ന വലിയ സ്ത്രീധനം മാത്രമാണ് അവർക്കൊക്കെ  ആവശ്യം. പറയുവാൻ ഒരു കുറ്റം ഉണ്ടല്ലോ.. "കാലില്ല.."

ഹരിയേട്ടന് അവളെ കുറിച്ചോർത്താണ് ആധി. 

പക്ഷേ..അവളുടെ കൂടെ നിന്ന് അവൾക്കു താങ്ങാകുന്ന ഒരാൾക്ക് മാത്രമേ അവളെ ഞങ്ങൾ നൽകൂ. 

"ഏതു ചെക്കൻ പെണ്ണ് കാണുവാൻ വരാം" എന്ന് പറഞ്ഞാലും എന്തോ അവൾക്കു ഒരു നിസ്സംഗതയാണ്‌. 

അതിനു പിന്നിൽ എന്തോ ഉണ്ട് എന്ന് എൻ്റെ മനസ്സ് പറയുന്നൂ. 

അത് കണ്ടുപിടിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ...

രാത്രി മുഴുവൻ മനസ്സിൽ അതായിരുന്നൂ ചിന്ത. അവളുടെ മനസ്സിൽ ആരോ ഉണ്ട്..

പിറ്റേന്ന് എനിക്ക് ഒരു ബുദ്ധി തോന്നി...

എങ്ങനെ എങ്കിലും അവളുടെ മനസ്സിൽ ഉള്ളത് അറിയണം എന്ന ഉദ്ദേശത്തോടെയാണ്  അവളെയും കൂട്ടി ഒന്ന് പറമ്പിലേയ്ക്ക് ഇറങ്ങുവാൻ ഞാൻ തീരുമാനിച്ചത്..

"മിനി നമുക്ക് ഒന്ന് പറമ്പിലേയ്ക്ക് ഇറങ്ങിയാലോ. ഞായറാഴ്ച്ചയല്ലേ നിന്നെ എനിക്ക് ഇങ്ങനെ ഒന്ന് കൈയ്യിൽ കിട്ടൂ.."

"ഏടത്തി വാ.." അവൾക്കും സന്തോഷമായി..

അങ്ങനെ ഞങ്ങൾ പറമ്പിലേയ്ക്ക് ഇറങ്ങി. 

പഴയ ഓരോ കാര്യങ്ങൾ പറയുന്നതിനിടയിൽ അവളോട് ഞാൻ അവളുടെ പള്ളിക്കൂടത്തെ പറ്റിയും അവൾ നേടിയ ട്രോഫികളെ പറ്റിയും ചോദിച്ചൂ..

പെട്ടെന്ന് അവൾ നിശബ്ദയായി..

അവളുടെ കണ്ണുകൾ നിറഞ്ഞോ...

ആരോടും പറയാനാകാതെ അവൾ കരുതി വച്ച ആ രഹസ്യം അവൾ അവിടെ വച്ച് വെളിപ്പെടുത്തി.

"ചേച്ചിക്ക് അറിയാല്ലോ. ഞാൻ നല്ലൊരു ഓട്ടക്കാരി ആയിരുന്നെന്ന്.. . അന്നൊരിക്കൽ ജില്ലാതലത്തിൽ നിന്നും തെരഞ്ഞെടുക്കപെട്ട ഞാൻ ഓട്ടമത്സരത്തിൽ പങ്കെടുക്കുവാൻ കണ്ണൂർക്ക് പോയി. ആ വർഷം അവിടെ വച്ചായിരുന്നൂ സംസ്ഥാന തല മത്സരങ്ങൾ നടന്നത്..."

"അന്ന് രണ്ടിനങ്ങളിൽ ആണ് ഞാൻ മത്സരിച്ചത്. രണ്ടിലും സമ്മാനവും കിട്ടി. 

അന്ന് വൈകീട്ട് കൂട്ടുകാരോടൊപ്പം ഊട്ടുപുരയിലേയ്ക്ക് ഞാൻ നടക്കുകയായിരുന്നൂ. വർത്തമാനം പറയുന്നതിനിടയിൽ  നടക്കുന്ന വഴിയിൽ കല്ല് കിടന്നത് ശ്രദ്ധയിൽ പെട്ടില്ല. അതിൽ തട്ടി പെട്ടെന്ന് ഞാൻ വീണത് മുന്നിൽ പോയികൊണ്ടിരുന്ന ഒരു പയ്യൻ്റെ മേലേയ്‌ക്കാണ്‌. അവൻ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചൂ. 

എന്തോ ആദ്യനോട്ടത്തിലെ അവനെ എനിക്ക് ഒത്തിരി ഇഷ്ടമായി. 

"ഒരാഴ്ച ഞാൻ അവിടെ ഉണ്ടായിരുന്നൂ. എന്നും വൈകിട്ട് അവനെ ഞാൻ കാണുമായിരുന്നൂ. പക്ഷേ പരസ്പരം ഞങ്ങൾ ഒന്നും മിണ്ടിയില്ല."

"മീറ്റിൻ്റെ അവസാനദിവസം കണ്ടപ്പോൾ അവൻ എൻ്റെ കൈയ്യിൽ ഒരു കത്ത് തന്നൂ. ജീവിതത്തിൽ ആദ്യമായി കിട്ടിയ പ്രണയലേഖനം. അതിൽ അവൻ്റെ ഫോൺ നമ്പറും അഡ്രസ്സും ഉണ്ടായിരുന്നൂ. അവൻ കണ്ണൂരിൽ നിന്നും ആയിരുന്നൂ. എന്നെ അവനു ഇഷ്ടം ആണത്രേ.."

ഞാൻ അന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുന്നൂ. അവൻ ഒൻപതാം തരത്തിലും...

അത് ഒരു പ്രണയമായി എനിക്ക് അപ്പോൾ തോന്നിയില്ല. 

അതുകൊണ്ടു തന്നെ ഞാൻ അവനോടു പറഞ്ഞു.. 

"അടുത്ത വർഷത്തെ മീറ്റിൽ വച്ച് നമുക്ക് കാണാം. അന്നും നിനക്ക് എന്നോട് ഈ ഇഷ്ടം ഉണ്ടെങ്കിൽ ഞാൻ ഒരു മറുപടി തരാം.."

വീട്ടിൽ തിരിച്ചെത്തിയിട്ടും അവൻ മനസ്സിൽ തന്നെ തങ്ങി നിന്നൂ. ഞാൻ ആ ദിവസത്തിനായി കാത്തു കാത്തിരുന്നൂ. 

"പക്ഷേ അതിനിടയിൽ ആയിരുന്നല്ലോ ആ അപകടം. പിന്നെ ആശുപത്രി വീട് അങ്ങനെ ആയി ജീവിതം. മറ്റെല്ലാം ഞാൻ മറന്നൂ. അപകടത്തിൽ എല്ലാം എനിക്ക് നഷ്ടമായില്ലേ. എൻ്റെ സ്വപ്നങ്ങൾ, ഒപ്പം അവനേയും. 

ഇന്നും മനസ്സിൽ അവൻ ഉണ്ട്. പക്ഷേ ഈ അവസ്ഥയിൽ അവനോടു പ്രണയം തുറന്നു പറയുവാൻ വയ്യ.."

എനിക്ക് ചിരിയാണ് വന്നത്. പന്ത്രണ്ടു വർഷം മുൻപേ നടന്ന ഒരു കാര്യം. ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് കൂടിയില്ല. അവൻ അവളെ ഓർക്കുന്നു പോലും ഉണ്ടാകില്ല. കോളേജിൽ വച്ച് എത്രയോ പെൺകുട്ടികളെ അവൻ കണ്ടിട്ടുണ്ടാകും. ചെലപ്പോൾ വിവാഹവും കഴിഞ്ഞു കാണും..

എന്നാലും അവളെ വിഷമിപ്പിക്കുവാൻ ഞാൻ തയ്യാറായില്ല. അവളുടെ മനസ്സ് എനിക്ക് മനസ്സിലായി. ആ കണ്ണുകളിലെ വേദന അത് എനിക്ക് മനസ്സിലാകും. 

അവൾക്കു എന്നെ അറിയില്ലല്ലോ..

"ഒരിക്കലും തുറന്നു പറയാതെ കാത്തുസൂക്ഷിച്ച ഒരു പ്രണയം എനിക്കും ഉണ്ട്. തൊട്ടടുത്ത വീട്ടിലെ പയ്യൻ. കളിക്കൂട്ടുകാരൻ. കോളേജിൽ എൻ്റെ സൂപ്പർ സീനിയർ. അവൻ മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടിയപ്പോൾ എൻ്റെ  മനസ്സു ഒത്തിരി നീറിയതാണ്.

 പലവട്ടം മനസ്സ് എന്നോട് ചോദിച്ചൂ "ഒന്ന് പറയാമായിരുന്നില്ലേ ഇഷ്ടം ആണെന്ന്.."

ഇഷ്ടപെടുന്ന പുരുഷൻ മറ്റൊരു പെൺകുട്ടിയെ നോക്കുന്നത് പോലും സഹിക്കുവാനാകില്ല. ഇവിടെ അവനെ മറ്റൊരു പെൺകുട്ടി സ്വന്തം ആക്കുന്നൂ. ആരും കാണാതെ ഞാൻ കണ്ണുനീർ തുടച്ചു. ഇന്നും അവനെ ഓർത്തു മനസ്സ് നീറുന്നൂ. ഇന്നും സ്വയം ഞാൻ ശപിക്കാറുണ്ട്. 

"അവനോടു അത് തുറന്നു പറഞ്ഞിട്ട് അവൻ വേണ്ട" എന്ന് പറഞ്ഞിരുന്നെങ്കിൽ മനസ്സ് ഇത്രയും നീറില്ലായിരുന്നൂ. 

"ജീവിതം ഒന്നേ ഉള്ളൂ ഭൂമിയിൽ എന്നറിഞ്ഞിട്ടും സ്‌നേഹം മാത്രം തുറന്നു പറയുവാൻ ആർക്കും ധൈര്യമില്ല. പിന്നെ ജീവിതകാലം മുഴുവൻ നഷ്ടബോധവും ആയി നടക്കും.." 

"ആരും അറിയാതെ ഇന്നും ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന രഹസ്യം.."

വീട്ടിൽ തിരിച്ചെത്തിയതും അവൾ പൊന്നുപോലെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ കത്ത് ഞാൻ കണ്ടെടുത്തൂ...

എന്താണ് ചെയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നൂ..

എങ്കിലും ഞാൻ രണ്ടും കൽപ്പിച്ചു ആ വിലാസത്തിൽ  ഒരു കത്തയച്ചൂ. അവൾ ഒത്തിരി തടഞ്ഞെങ്കിലും ഞാൻ അത് ചെയ്തു.ആ കവറിൽ ആ പഴയ  കത്തും ഞാൻ വച്ചൂ. 

ഒരേ ഒരു വാക്യം മാത്രം ഞാൻ ആ കത്തിൽ എഴുതി..

"ഇന്നും ആ ഇഷ്ടം മനസ്സിൽ ഉണ്ടെങ്കിൽ എന്നെ വന്നു ഒന്ന് കാണണം...."

കത്തയച്ചു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു മറുപടി ആ കത്തിന് വന്നൂ..

"അടുത്ത മാസം ഒന്നാം തീയതി ഞാൻ വരും.."

.................................

പറഞ്ഞ പോലെ ഒന്നാം തീയതി ഒരു  കാറ് മുറ്റത്തു വന്നൂ നിന്നൂ. അതിൽ നിന്നും പ്രായമുള്ള രണ്ടുപേർ ഇറങ്ങി വന്നൂ. കൂടെ ഒരു ചെറുപ്പക്കാരനും. 

അവർ അകത്തേയ്ക്കു വന്നൂ..

പതിയെ ഓരോ വിശേഷങ്ങൾ സംസാരിക്കുന്നതിനിടയിൽ ആ അമ്മ  പറഞ്ഞു.

"ഇതെൻ്റെ രണ്ടാമത്തെ മകനാണ്. മൂത്ത മകൻ ഇപ്പോൾ കീമോ കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുകയാണ്. അവനു ക്യാൻസർ ആണെന്ന് പെട്ടെന്നാണ് തിരിച്ചറിഞ്ഞത്. ഇപ്പോൾ പേടിക്കാനില്ല എന്ന് ഡോക്ടർ പറഞ്ഞു. അവനും മിനിയെ പോലെ ഗവൺമെൻ്റ് സർവീസിൽ ആണ്..."

പെട്ടെന്ന് ആകെ ഒരു നിശബ്ദത അവിടെ മൊത്തം നിറഞ്ഞു.

അവർ തുടർന്നൂ..

"മിനിയെ തേടി അവൻ പിറ്റേ വർഷം മീറ്റിനു പോയിരുന്നൂ. മിനിയെ കാണാതെ വിഷമിച്ചാണ് അവൻ തിരിച്ചു വീട്ടിൽ വന്നത്. തുടർച്ചയായി മൂന്ന് വർഷം അവൻ മിനിയെ അന്വേഷിച്ചു മീറ്റിനു വന്നൂ. അവനു വട്ടാണെന്ന് പറഞ്ഞു ഞാൻ കളിയാക്കുമായിരുന്നൂ..."

"കാലം കടന്നു പോയി. സ്പോർട്സ് അവനു പാഷൻ ആയിരുന്നൂ. യൂണിവേഴ്സിറ്റി മീറ്റിലും അവൻ അവളെ ഒത്തിരി തിരഞ്ഞിരുന്നൂ. പഠനമെല്ലാം കഴിഞ്ഞു ജോലി കിട്ടിയപ്പോൾ ഞങ്ങൾ അവനെ വിവാഹത്തിന് നിർബന്ധിച്ചൂ. ഒരു വർഷം കൂടെ കഴിയട്ടെ എന്നിട്ടു മതി എന്നും ആ ഒരു വർഷം കൂടെ അവൻ മിനിക്കായി കാത്തിരിക്കും എന്നും പറഞ്ഞു. അവനെ പറഞ്ഞു തിരുത്തുവാൻ ഞങ്ങൾ ഒത്തിരി ശ്രമിച്ചൂ. പക്ഷേ അതിനിടയിൽ മിനി വരും എന്ന് അവൻ ഉറച്ചു വിശ്വസിച്ചൂ.." 

ആ സമയത്താണ് അവനു അസുഖം ആണെന്ന് മനസ്സിലാകുന്നത്. ഇത് ഇവിടെ വരെ വന്നു ഒന്ന് പറയണം എന്നുണ്ടായിരുന്നൂ. അതുകൊണ്ടു മാത്രമാണ് വന്നത്. മിനിക്ക് നല്ലതു മാത്രമേ വരൂ. മോളെ ഞങ്ങൾക്ക് ഒരുപാടു ഇഷ്ടമായിട്ടോ.."

"ഏതായാലും മിനിയെ കണ്ടല്ലോ. ഇനി ഞങ്ങൾ ഇറങ്ങട്ടെ. മോളെ ദൈവം അനുഗ്രഹിക്കും."

അത് പറഞ്ഞപ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ..

"എൻ്റെ മകന് മിനിയെ തരുമോ എന്ന്" അവരുടെ കണ്ണുകൾ എല്ലാവരോടും ചോദിക്കുന്നുണ്ടായിരുന്നൂ

അവർ ഇറങ്ങുന്നൂ എന്ന് പറഞ്ഞപ്പോഴും എനിക്കും ഹരിയേട്ടനും അച്ഛനും അമ്മയ്ക്കും ഒന്നും പറയാനായില്ല. ഒരു ക്യാൻസർ രോഗിക്ക് മിനിയെ നൽകുവാൻ ഞങ്ങൾക്ക് ആവുമായിരുന്നില്ല. 

അതുവരെ എല്ലാം കേട്ടിരുന്ന മിനി ആ അമ്മയുടെ കൈകളിൽ പിടിച്ചൂ എന്നിട്ടു ചോദിച്ചൂ...

"എൻ്റെ കുറവുകൾ അമ്മയ്ക്ക് അംഗീകരിക്കുവാൻ ആവുമെങ്കിൽ ഞാൻ ഒന്ന് ചോദിചോട്ടെ. രാജുവിനെയും കൂട്ടി എന്നെ പെണ്ണ് ചോദിക്കുവാൻ എന്ന് വരും. ഇത്രയും നാൾ ഞാൻ കാത്തിരുന്നത് അവനു വേണ്ടിയാണ്.. ഞാൻ അല്ലാതെ ആരാണ് ഈ സമയത്തു രാജുവിന് തുണയാകേണ്ടത്. വിവാഹം അങ്ങു സ്വർഗ്ഗത്തിൽ നിശ്ചയിക്കപ്പെടുന്നതാണ്. അത് വേണ്ട എന്ന് ഞാൻ പറയില്ല." 

ആ സമയം ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒപ്പം സന്തോഷത്തിൽ എൻ്റെയും...

ഹരിയേട്ടൻ എന്തോ പറയുവാൻ വന്നെങ്കിലും ഞാൻ തടഞ്ഞു. 

കാരണം എൻ്റെ  മിനിക്ക് താങ്ങാകുവാൻ അതിലും നല്ലൊരു പയ്യനെയോ കുടുംബത്തെയോ വേറെ കണ്ടെത്തുവാൻ എനിക്ക് ആവുമായിരുന്നില്ല... 

ഒരു പക്ഷേ പണം കൊടുത്തു നല്ലൊരു പയ്യനെ വിവാഹ കമ്പോളത്തിൽ നിന്നും എനിക്ക് വാങ്ങാനാകും. അവനു പക്ഷേ  എൻ്റെ മിനിയുടെ മനസ്സ് കാണുവാൻ കഴിയില്ല...

ഇഷ്ടപെടുന്നവൻ്റെ കൂടെ ഒരു ദിവസ്സമെങ്കിൽ ഒരു ദിവസ്സം അവൻ്റെ മണവാട്ടിയായി കഴിയണമെന്നാണ് ആരും ആഗ്രഹിക്കുക.ജീവിതം ഒന്നേയുള്ളൂ. പ്രണയം കൈവിട്ടു പോകുമ്പോൾ ഉള്ള പിടച്ചിൽ അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകൂ. തുറന്നു പറയാതെ ഇരിക്കുന്നത് പോലും നഷ്ടമാകുന്ന പ്രണയങ്ങൾ ആണ് അധികവും. പിന്നെ സ്നേഹിക്കുന്നവരെ പിരിക്കുവാൻ ഒരു വിധിക്കും ആകില്ല. പ്രണയം സത്യമാണെങ്കിൽ പൊരുതുവാൻ അവർക്കാകും. പരസ്പരം താങ്ങായി അതിൽ വിജയിക്കുവാനും അവർക്കാകും.

............................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA