AVASARAM അവസരം FB, K, KZ, AP, E, A

 "മീനൂട്ടി, നാളെ എനിക്ക് ഡൽഹി വരെ ഒന്ന് പോകണo. ഓഫീസിൽ നിന്നും ഒരു ജോലി ഏല്പിച്ചിട്ടുണ്ട്.."

"ശരി മനു, എത്ര ദിവസ്സത്തേക്കാണ്. ഞാൻ എല്ലാം പാക്ക് ചെയ്‌തോളാo.."

അത് പറയുമ്പോൾ എൻ്റെ കണ്ഠം ഇടറിയിരുന്നോ...

അദ്ദേഹം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ഡൽഹിയിൽ വർഷത്തിൽ നാലു തവണയെങ്കിലും പോകും. എല്ലാ യാത്രകളും ഒരാഴ്ചയോളേം നീണ്ടു നിൽക്കും. അവിടെ അദ്ദേഹത്തിന് കാണുവാനുള്ളത് അദ്ദേഹത്തിൻ്റെ കാമുകിയെ ആണ്. അതെനിക്കറിയാം. എന്നിട്ടും ഞാൻ ഒരിക്കലും ഒന്നും ചോദിച്ചിട്ടില്ല. എൻ്റെ മകൾക്കു വേണ്ടി എല്ലാം ഞാൻ സഹിച്ചൂ..

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അദ്ദേഹം എന്നെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ. പിന്നെ എപ്പോഴാണ് ഞങ്ങൾക്കിടയിൽ അവൾ കടന്നു വന്നത്..

അഞ്ചു വർഷം മുന്നെയാണ് അവൾ അദ്ദേഹത്തിൻ്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. 

അദ്ദേഹത്തിൻ്റെ കൂട്ടുകാരിൽ നിന്ന് തന്നെ ഞാൻ ആ അവിഹിത ബന്ധത്തെ പറ്റി കേട്ടിരുന്നൂ. ഇപ്പോൾ അവൾ ഡൽഹിയിൽ ആണെന്നും അറിയാം. എന്തും അവളോട് പറയുക എന്നത് അദ്ദേഹത്തിന് ഒരു ശീലമാണ് ഇപ്പോൾ. 

ആ ശീലം മൂലം പലപ്പോഴും എന്നോടും മകളോടും മിണ്ടുവാൻ പോലും അദ്ദേഹത്തിന് ഇപ്പോൾ സമയം കിട്ടാതെയായിരിക്കുന്നൂ..

ഒരു കാര്യം ഒരാളോട് പറഞ്ഞു കഴിഞ്ഞാൽ പിന്നെ വീണ്ടും പറയുവാൻ ആരും ഇഷ്ടപെടില്ലല്ലോ...

അദ്ദേഹം എന്തേ ഇങ്ങനെ എന്നതിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല..

അവളും  വിവാഹിതയാണ്. എന്നിട്ടും...

അവിഹിത ബന്ധം തുടരുവാൻ അവൾക്കു ഒരു മടിയുമില്ല..

പക്ഷേ എനിക്ക് എന്തും തുറന്നു പറയുവാൻ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പലപ്പോഴും ഓഫീസിൽ നിന്നും വീട്ടിൽ എത്തിയാൽ വിരസത തോന്നി തുടങ്ങിയിരുന്നൂ. എങ്കിലും മോൾക്ക് വേണ്ടി ഞാൻ സന്തോഷം നടിച്ചൂ..

അവളോട്‌ എനിക്ക് ചോദിക്കണം ഇന്നുണ്ടായിരുന്നൂ..

"എൻ്റെ ഉണ്ണിയേട്ടനെ എനിക്ക് വിട്ടു തന്നൂടെ.."

പക്ഷേ എനിക്ക് ഭയം ആയിരുന്നൂ. ഞാൻ അറിഞ്ഞു എന്ന് മനസ്സിലാക്കിയാൽ ഇപ്പോൾ ഒളിച്ചു ചെയ്യുന്ന കാര്യങ്ങൾ നാളെ എൻ്റെ മുന്നിൽ വച്ച് തന്നെ അവർ ചെയ്താൽ..

ഇല്ല എനിക്കതു താങ്ങുവാൻ ആകില്ല...

........................

ഡൽഹിയിൽ നിന്നും തിരിച്ചു വന്ന അദ്ദേഹം പഴയ പോലെ തന്നെ എന്നോട് പെരുമാറി. അദ്ദേഹത്തിൻ്റെ ഓരോ പ്രവർത്തികളിലും കള്ളത്തരം ഒളിഞ്ഞിരുന്നൂ..

മൊബൈലിൽ അവളുടെ പേര് സൂക്ഷിച്ചിരിക്കുന്നത് പോലും ഒരു ആണിൻ്റെ പേരിൽ ആയിരുന്നൂ. 

എത്ര പ്രാവശ്യം ആ നമ്പറിലേയ്ക്ക് വീഡിയോ കാളുകൾ പോകാറുണ്ട് ഒരു ദിവസ്സം എന്നും അറിയാം. 

എന്നിട്ടും ഞാൻ പ്രതികരിച്ചില്ല..

........................

രാവിലെ അദ്ദേഹം ഓഫീസിലേയ്ക്ക് പോയി. ഞാനും മോളെ സ്കൂളിൽ ആക്കി ഓഫീസിലേയ്ക്ക് പാഞ്ഞു. വീട്ടിലെ എല്ലാ പണികളും തീർത്താണ് ഞാൻ ഓഫീസിലേയ്ക്ക് ഓടാറുള്ളത്.

എന്നെ കൂടെ കൊണ്ട് പോകുന്നത് അദ്ദേഹം ഒഴിവാക്കുമായിരുന്നൂ. അതിനും പല ഒഴിവുകഴിവുകൾ അദ്ദേഹം പറയുമായിരുന്നൂ..

ഞാൻ കൂടെ ഉണ്ടെങ്കിൽ അവർക്കു സംസാരിക്കുവാൻ പറ്റില്ലല്ലോ...

ഓഫീസിൽ എത്തിയതും പെട്ടെന്ന് ഒരു കാൾ വന്നൂ..

"ഉണ്ണി ആശുപത്രിയിൽ ആണ്. തല കറങ്ങി വീണതാണ്.."

ഞാൻ ആശുപത്രിയിലേയ്ക്ക് ഓടി..

അവിടെ എത്തിയതും വിവരങ്ങൾ അറിഞ്ഞു.

"മൊബൈലിൽ സംസാരിച്ചു വണ്ടി ഓടിക്കുന്നതിനിടയിൽ വണ്ടി ലോറിയിൽ ഇടിച്ചൂ. അല്പം സീരിയസ് ആണ്.."

അല്ലെങ്കിലും ഓഫീസിലേയ്ക്ക് പോകുമ്പോൾ കുറച്ചു നേരത്തെ അദ്ദേഹം ഇറങ്ങും. വഴി നീളെ അവരുമായി സംസാരം ആയിരിക്കും. എന്നെയോ മകളെയോ കൂടെ കൊണ്ട് പോകുവാൻ അദ്ദേഹത്തിന് താല്പര്യമില്ലല്ലോ..

എത്ര നാൾ കടന്നു പോയി എന്ന് എനിക്കറിയില്ല..

ഒരു മാസം അദ്ദേഹം ആശുപത്രിയിൽ കിടന്നൂ. ശരീരം ഭാഗികമായി തളർന്നൂ. ഞാൻ കൂടെ നിന്ന് അദ്ദേഹത്തെ നോക്കി. 

ഓഫീസിൽ നിന്നും അധികം അവധികൾ എടുക്കുവാൻ സാധിക്കുമായിരുന്നില്ല. ജോലി ഉപേക്ഷിക്കാം എന്ന് പറഞ്ഞെങ്കിലും അദ്ദേഹം എന്നെ അതിനു സമ്മതിച്ചില്ല. ഒരു ജോലിക്കാരിയെ സഹായത്തിനു വച്ചൂ. വർക്ക് ഫ്രം ഹോം തന്നു കമ്പനിയും സഹായിച്ചൂ. 

പതിയെ അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങി വന്നൂ. 

ഞാനും മകളും അദ്ദേഹത്തിനു താങ്ങായി നിന്നൂ..

പതിയെ അദ്ദേഹം നടന്നു തുടങ്ങി..

അന്നൊരിക്കൽ അദ്ദേഹം എൻ്റെ കൈകൾ ചേർത്ത് പിടിച്ചു ഒത്തിരി കരഞ്ഞു. പിന്നെ എന്നോട് പറഞ്ഞു 

"എനിക്ക് നിന്നോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. ഞാൻ തെറ്റ് ചെയ്തു. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി. ഞാൻ..."

"ഇനി ഒന്നും പറയേണ്ട. എല്ലാം എനിക്കറിയാം. പക്ഷേ അത് നിങ്ങൾ തുറന്നു പറഞ്ഞാൽ ഒരു പക്ഷേ എനിക്ക് സഹിക്കുവാൻ ആകില്ല. അതെന്നും എൻ്റെ മനസ്സിൽ ഒരു സമസ്യയായി ഇരിക്കട്ടെ.."

അദ്ദേഹം തെറ്റ് ചെയ്തു എന്നെനിക്കറിയാം. എങ്കിലും അവർ ഒരുമിച്ചു കഴിഞ്ഞിരുന്നോ ഡൽഹിയിലെ നാളുകളിൽ എന്നെനിക്കറിയില്ല. ഒരു കൂട്ടുകാരി മാത്രം ആയിരുന്നൂ അവൾ എന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതിലപ്പുറം അദ്ദേഹം പറഞ്ഞാൽ എനിക്ക് അത് സഹിക്കുവാൻ ആകില്ല.

പെട്ടെന്ന്  അദ്ദേഹത്തിന് ഒരു വീഡിയോ കാൾ വന്നൂ. അദ്ദേഹം അതെടുത്തില്ല. പകരം എന്നെ നോക്കി.

ഇനിയും അദ്ദേഹം പഴയ ജീവിതത്തിലേയ്ക്ക് മടങ്ങുമോ.. ഇനി മടങ്ങുവാൻ തുനിഞ്ഞാൽ ഞാൻ പിന്നെ ആ വീട്ടിൽ ഉണ്ടാകില്ല. ചത്ത് ജീവിച്ചു ഞാൻ മടുത്തൂ. മകളെയും ചേർത്ത് പിടിച്ചു മറ്റൊരു നഗരത്തിലേയ്ക്ക് ചേക്കേറുവാൻ  ഞാൻ മനസ്സിനെ ബലപ്പെടുത്തി എടുക്കുകയായിരുന്നൂ ഈ ദിനങ്ങളിൽ ഒക്കെയും. കാരണം ഞാൻ കൂടെ ഉള്ളത് കൊണ്ടല്ലേ അദ്ദേഹം എല്ലാം ഒളിച്ചു ചെയ്യുന്നതും അപകടങ്ങളിൽ പെടുന്നതും. ഞാൻ അദ്ദേഹത്തിന് ഒരു ഭാരമല്ലേ. അത് മനസ്സിലാക്കി മാറി കൊടുക്കേണ്ടത് ഞാൻ തന്നെയല്ലേ..

തെറ്റു പറ്റാത്തവർ ആരും ഉണ്ടാകില്ല. തിരുത്തുവാൻ തയ്യാറാവുകയാണെങ്കിൽ ഒരവസരം കൊടുക്കണം. പിന്നെയും തെറ്റിലേയ്ക്ക് തന്നെ മടങ്ങുകയാണെങ്കിൽ വെറുതെ ജീവിതം പാഴാക്കരുത്. ഭൂമിയിൽ എനിക്കും ഒരു ജീവിതമേ ഉള്ളൂ. ആ ജീവിതം സന്തോഷത്തോടെ ഞാനും ജീവിച്ചു തീർക്കും. വെറുതെ കരഞ്ഞു തീർക്കുവാൻ എനിക്ക് സമയമില്ല...

ഞാൻ ആ കണ്ണുകളിലേയ്ക്ക് ഒന്ന് കൂടെ നോക്കി. ആ കണ്ണുകളിൽ നിന്നും എനിക്ക് ഒന്ന് മനസ്സിലായി...

ഇനി ഒരിക്കലും പഴയ വഴികളിലേയ്ക്ക് അദ്ദേഹം മടങ്ങില്ല. അവിടെ ഞാൻ സ്നേഹം മാത്രമേ കണ്ടുള്ളൂ. എൻ്റെ ആ പഴയ ഭർത്താവിനെ മാത്രമേ അവിടെ കണ്ടൂള്ളൂ.....

...................................സുജ അനൂപ്  


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA