അനുഗ്രഹം ANUGRAHAM, E, K, AP, P, KZ, G
"എങ്ങനെ മുന്നോട്ടു പോകണം എന്ന് എനിക്ക് അറിയില്ല. എന്തിനാ മാതാവേ ഇങ്ങനെ ഒരു ജന്മം നീ എനിക്ക് തന്നത്....?
അമ്മയില്ല. അപ്പനില്ല.. ആർക്കും വേണ്ടാത്തൊരു ജന്മം..."
"എൻ്റെ കണ്ണീരു മുഴുവൻ ഒരു കുപ്പിയിലാക്കി ഞാൻ ഇവിടെ വയ്ക്കുന്നുണ്ട്. നീ അത് നോക്കി ചിരിച്ചോ.. ഭൂമിയിലെ മനുഷ്യരുടെ സങ്കടം നിനക്ക് മനസ്സിലാകില്ലല്ലോ.."
മാതാവിന് മുന്നിൽ നിന്ന് ഒത്തിരി നേരം കരഞ്ഞിട്ടാണ് ഞാൻ അന്ന് തിരിച്ചു വീട്ടിലേയ്ക്കു പോയത്.
കയ്യിൽ റിസൾട്ട് ഉണ്ട്. പക്ഷേ അതിനു ഈ വീട്ടിൽ ഒരു വിലയും ഇല്ല. കരഞ്ഞു കരഞ്ഞാണ് ഉറങ്ങുവാൻ കിടന്നത്.
പെട്ടെന്ന് ഒരു നനുത്ത സ്പർശം നെറ്റിയിൽ.
"എൻ്റെ കുട്ടി ഉറങ്ങിയോ..?"
അമ്മൂമ്മയാണ്. പാവം തീരെ വയസ്സായി.
"എൻ്റെ കുട്ടി കരയുകയാണോ..? ഈ അമ്മൂമ്മ ഉള്ളിടത്തോളം കാലം എൻ്റെ കുട്ടിയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കും..?
തലയിണ മുഴുവൻ നനഞ്ഞു കുതിർന്നിരുന്നൂ..
പതുക്കെ തല എടുത്തു അമ്മൂമ്മയുടെ മടിയിലേയ്ക്ക് വച്ചൂ. പിന്നെ കണ്ണടച്ചൂ...
..........................
അപ്പനും അമ്മയും തമ്മിൽ എന്നും പ്രശ്നങ്ങൾ ആയിരുന്നൂ...
വഴി പിരിയുവാൻ അവർ തീരുമാനിച്ചപ്പോൾ ഞാൻ അവർക്കൊരു ഭാരമായി. മനസ്സില്ലാ മനസ്സോടെ അമ്മ എന്നെ കൂടെ കൂട്ടി തറവാട്ടിലേയ്ക്ക്.
ഡീവോർസ് കൈയ്യിൽ കിട്ടിയതും അപ്പൻ വേറെ കെട്ടി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയ്ക്കും നല്ലൊരാളെ കിട്ടി.
ഇതൊക്കെ അമ്മൂമ്മ പറഞ്ഞു തന്നതാണ് കേട്ടോ. കാരണം അന്നെനിക്ക് മൂന്ന് വയസ്സ് മാത്രമേ ഉള്ളൂ.
തറവാട്ടിൽ അമ്മ എന്നെ വിട്ടിട്ടു പോയത് മുതൽ അമ്മൂമ്മയാണ് എനിക്കമ്മ.
അമ്മയുടെ ആങ്ങളയ്ക്കും ഭാര്യയ്ക്കും എന്തോ എന്നെ ഇഷ്ടമല്ല. അതുകൊണ്ടു തന്നെ എനിക്ക് വേണ്ടി പണം ചെലവിടുവാൻ അവർ ആഗ്രഹിക്കുന്നില്ല. അമ്മൂമ്മയാണ് എന്നെ കഷ്ടപ്പെട്ട് അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ പഠിപ്പിച്ചത്. ഇപ്പോൾ പ്ലസ്‌ടു കഴിഞ്ഞു.
ഒരു എൻട്രൻസ് കോച്ചിങിനും പോകാതെ മെഡിസിന് അഡ്മിഷൻ കിട്ടിയിരിക്കുന്നൂ. ജീവിതത്തിലെ ഏറ്റവും വലിയ മോഹം ആണത്... എന്നിട്ടും ...
പക്ഷേ.. പഠിക്കുവാൻ പറ്റുമെന്ന് തോന്നുന്നില്ല..
കാരണം മെഡിക്കൽ കോളേജിൽ കൊടുക്കുവാൻ എൻ്റെ കൈയ്യിൽ പൈസ ഇല്ല.
വലിയ തറവാട്ടുകാർ ഒക്കെ ആണ് അമ്മയുടെ വീട്ടുകാർ. പക്ഷേ എന്നെ പഠിപ്പിക്കുവാൻ അമ്മാവൻ പൈസ ചെലവാക്കില്ല..
അമ്മായി ഇടയ്ക്കിടെ പറയും.
"എൻ്റെ കുട്ടികൾക്ക് അവകാശപെട്ടതൊന്നും നിനക്ക് ഞാൻ തരില്ല.."
അവർക്കു ഒരു കുട്ടി മാത്രമേ ഉള്ളൂ. എന്നിട്ടും എന്നെ മകളായി കാണുവാൻ അവർ തയ്യാറല്ല.
ബൈബിളിൽ ഒക്കെ ദൈവം ഒത്തിരി കാര്യങ്ങൾ പറയും....
"ആകാശത്തിലെ പാറാവുകളെ നോക്കുക...അവ വിതയ്ക്കുന്നില്ല.. കൊയ്യുന്നില്ല...."
എല്ലാം ശരി. പക്ഷേ ഈ പാവത്തിന് ആരുമില്ല. ജനിച്ച നാൾ മുതൽ ഈ വീടിൻ്റെ ഒരു കോണിൽ ഒരു ശാപം പോലെ കഴിയുന്നൂ. എല്ലാ പണികളും അമ്മായി എന്നെ കൊണ്ട് ചെയ്യിക്കും..
എൻ്റെ കണ്ണുനീർ കാണുവാൻ മാത്രം ആരുമില്ല... ഈശോയ്ക്കും എൻ്റെ കണ്ണുനീർ വേണ്ട...
പഠിച്ചു നേടിക്കൊണ്ട് വരുന്ന പരീക്ഷയിലെ മാർക്കുകൾക്കോ മറ്റു സമ്മാനങ്ങൾക്കോ ഒരു നല്ല വാക്ക് പറയുവാൻ ആരുമില്ല. ആത്മഹത്യ ചെയ്യുവാൻ വയ്യ. അങ്ങനെ പരാജയപെടുവാൻ വേണ്ടി ആയിരുന്നെങ്കിൽ ഇത്രയും നാൾ ഞാൻ കഷ്ടപെട്ടതൊക്കെ വെറുതെ ആകില്ലേ..
എല്ലാവരും വഴക്കു പറയുമ്പോൾ അമ്മൂമ്മ പറയും
"എല്ലാ സങ്കടങ്ങളും മാതാവിനോട് പറ. അവൾ നിന്നെ കൈ വിടില്ല.."
അങ്ങനെ കുട്ടിക്കാലത്തു തുടങ്ങിയ ശീലമാണ് സങ്കടം വരുമ്പോൾ പള്ളിയിൽ പോയി മാതാവിൻ്റെ രൂപത്തിന് മുന്നിൽ നിന്ന് കരയുക എന്നത്.. അപ്പോൾ ഒരാശ്വാസം കിട്ടും...ആരുമില്ലാത്തവർക്കു ദൈവം ഉണ്ടാകും...
.........................
"മോളെ, നീ കരയേണ്ട. നിനക്ക് അമ്മയായിട്ടു മാതാവില്ലേ. എൻ്റെ കുഞ്ഞിനെ ആരും വിഷമിപ്പിക്കുന്നത് മാതാവിനിഷ്ടമല്ല.."
" പിന്നെ അടുത്താഴ്ച അപ്പുറത്തെ വീട്ടിലെ വിനയൻ മാഷിനെയും കൂട്ടി നമുക്ക് ബാങ്കിൽ പോണം. ഒരു ചെറിയ ലോൺ. പിന്നെ അമ്മൂമ്മ കുറച്ചു പണം കരുതി വച്ചിട്ടുണ്ട്. അത് അമ്മൂമ്മയുടെ മരണാന്തര ചടങ്ങുകൾക്കും എൻ്റെ മോളുടെ കല്യാണത്തിനും വേണ്ടി അപ്പൂപ്പൻ മാറ്റി വച്ചിട്ടുള്ളതാണ്. അമ്മൂമ്മയുടെ കൈയ്യിൽ കുറച്ചു ആഭരണങ്ങൾ ഉണ്ട്. അതും വിൽക്കാം. തത്ക്കാലം അത് ധാരാളം മതി. ബാക്കി നമുക്ക് പിന്നെ നോക്കാം..."
ആ പണം സ്വീകരിക്കുവാൻ എനിക്ക് മടി ഉണ്ടായിരുന്നൂ...
പാവം അമ്മൂമ്മ..
ഏതായാലും അങ്ങനെ ഞാൻ മെഡിക്കൽ കോളേജിൽ ചേർന്നൂ..
സമയം കിട്ടുമ്പോഴൊക്കെ ഞാൻ അമ്മൂമ്മയെ കാണുവാൻ ചെല്ലും. അമ്മൂമ്മയ്ക്ക് വേണ്ടി എല്ലാ പരീക്ഷകളിലും ഞാൻ ഉന്നത വിജയം നേടി. അങ്ങനെ പഠനം അവസാന വർഷത്തിൽ എത്തി, ഇനി ഹൗസ് സർജെൻസിയും ബാക്കി ഉണ്ട്...
ഇതുവരെ എല്ലാം പാവം അമ്മൂമ്മ മൂലം സാധിച്ചൂ...
ഇപ്പോൾ അമ്മൂമ്മയ്ക്ക് തീരെ വയ്യാതെ ആയി തുടങ്ങിയിരുന്നൂ. എന്നെ കുറിച്ചാണ് സങ്കടം മുഴുവൻ. അമ്മൂമ്മ പോയാൽ എനിക്ക് ആരുമില്ലല്ലോ. പഠനം എങ്ങനെ പൂർത്തിയാക്കും..
ഇന്നലെ ഞാൻ വന്നപ്പോൾ അമ്മൂമ്മ എൻ്റെ കൈ പിടിചു ഒത്തിരി കരഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല..
ഈയിടെയായി മരണം അടുത്തൂ എന്നൊരു തോന്നൽ ഉണ്ടത്രേ... മോളെ ഓർത്താണ് സങ്കടം പോലും. കേട്ടപ്പോൾ എൻ്റെ നെഞ്ച് പിടഞ്ഞു..
"അമ്മൂമ്മ പോയാൽ എനിക്ക് ആരുമില്ല.. ദൈവം അത്ര ക്രൂരൻ ആണോ.."
വിദേശത്തു സ്ഥിര താമസമാക്കിയ അമ്മയും കുടുംബവും പിന്നെ അച്ഛനും കുടുംബവും... ധാരാളം പണം ഉണ്ടെങ്കിലും ആരും ഒന്നും തരില്ല. ഒന്ന് ഫോൺ ചെയ്യാറു പോലുമില്ല.
അവർക്കാർക്കും എന്നെ വേണ്ട.
......................................
പിറ്റേന്ന് രാവിലെ അല്പം മനഃസമാധാനത്തിനു വേണ്ടി പള്ളിയിലേയ്ക്ക് പോയി. തിരിച്ചൂ വീട്ടിലെത്തിയപ്പോൾ വീട്ടിൽ പ്രതീക്ഷിക്കാത്ത കുറച്ചു അതിഥികൾ എത്തിയിരിക്കുന്നൂ..
സാജനും മാതാപിതാക്കളും ...
വേദപഠന ക്ലാസ്സിൽ എൻ്റെ സൂപ്പർ സീനിയർ ആയിരുന്നൂ. എനിക്ക് ആളെ അറിയാം. ആരും ഇഷ്ടപെടുന്ന പ്രകൃതം.
വീട്ടിൽ വന്ന സാജൻ്റെ അമ്മ, അമ്മൂമ്മയുടെ അടുത്ത് വന്നു ഒന്ന് മാത്രം ആവശ്യപ്പെട്ടൂ...
"പ്രിയയെ എനിക്ക് ഇഷ്ടമാണ്. അവളെ എൻ്റെ മോനെക്കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ തയ്യാറാണ്. അവളുടെ പഠനം ഞാൻ നോക്കികൊള്ളാം.."
അമ്മൂമ്മ സമ്മതം പറഞ്ഞു.
അവർ പോയതും അമ്മാവൻ കല്യാണത്തെ എതിർത്തൂ..
"അവളുടെ അപ്പനും അമ്മയും തീരുമാനിച്ചു കൊള്ളും വിവാഹമൊക്കെ. അനാവശ്യമായി ചെലവഴിക്കുവാൻ എൻ്റെ കൈയ്യിൽ പണമില്ല. ഈ വിവാഹം ഈ വീട്ടിൽ വച്ച് നടക്കില്ല ഒരിക്കലും..."
അതുവരെ ഒന്നും മിണ്ടാതിരുന്ന അമ്മൂമ്മ പറഞ്ഞു
"ഇത്രയും നാൾ എൻ്റെ കുട്ടിക്ക് ഞാൻ മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ. ഇനി അവകാശം പറഞ്ഞു ആരും വരേണ്ട. അവൾക്കു ഞാൻ മതി. സ്ത്രീധനം ഒന്നും നീ കൊടുക്കേണ്ട..."
പിറ്റേന്ന് ഞാൻ അറിയാതെ അമ്മൂമ്മ വിനയൻ മാഷെയും കൂട്ടി സാജൻ്റെ വീട്ടിൽ പോയിരുന്നൂ..
അവിടത്തെ അമ്മയുടെ കൈയ്യിൽ അമ്മൂമ്മയുടെ പേരിൽ ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്തിൻ്റെ ആധാരം കൊടുത്തൂ എന്നിട്ടു പറഞ്ഞു.
"ആ സ്ഥലം അത് പ്രിയയുടെ പേരിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അവൾക്കു കൊടുക്കുവാൻ എനിക്ക് അത് മാത്രമേ ഉള്ളൂ.എൻ്റെ കുട്ടിക്ക് ലോൺ തിരിച്ചു അടക്കാനുണ്ട്. തരുവാൻ പൊന്നൊന്നും ഇല്ല. നാളെ നിങ്ങൾക്ക് അവൾ ഒരു ഭാരം ആയി തോന്നരുത്.."
സാജൻ്റെ അമ്മ പറഞ്ഞു
"ഈ സ്ഥലം എനിക്ക് വേണ്ട. പക്ഷേ ഞാൻ ഇതു വാങ്ങി വയ്ക്കുന്നൂ, അമ്മൂമ്മയ്ക്ക് വിഷമം തോന്നാതിരിക്കുവാൻ മാത്രം. അമ്മൂമ്മ അറിയണം, അവളെ ആദ്യമായി ഞാൻ കാണുന്നത് നമ്മുടെ മാതാവിൻ്റെ പള്ളിയിൽ വച്ചാണ്. അന്ന് അവൾ പ്ലസ്‌ടു കഴിഞ്ഞു നിൽക്കുന്നൂ. അവൾ അവിടെ നിന്ന് കരയുന്നതു കണ്ടപ്പോൾ ഞാൻ തീരുമാനിച്ചതാണ്, എൻ്റെ മകന് വിവാഹപ്രായം ആയാൽ അവളെ ഞാൻ കൂടെ കൂട്ടും എന്ന്. ആളുകൾ പലതും പറയുമായിരിക്കും. പക്ഷേ ഞാൻ മാതാവ് പറയുന്നതേ കേൾക്കൂ. എനിക്ക് അവളെ മാത്രം മതി. വിവാഹത്തിന് ആവശ്യമായ പൊന്നു ഞങ്ങൾ കൊണ്ടുവന്നു ഇടീക്കും. വിവാഹവും ഈ വീട്ടിൽ വച്ച് ഞങ്ങൾ നടത്തും. പെണ്ണിനെ മാത്രം മതി ഞങ്ങൾക്ക്.."
പിന്നെ അമ്മ സാജനെ വിളിച്ചൂ..
"അമ്മൂമ്മയുടെ കൈയ്യിൽ ഒന്നുകൂടെ ബാക്കി ഉണ്ട്. അത് എൻ്റെ മകന് വേണം.."
അമ്മൂമ്മ അവരെ അതുഭുതത്തോടെ നോക്കി..
"ആ വീട്ടിൽ ആർക്കു വേണ്ടാത്തത്. എന്നാൽ പ്രിയയ്ക്ക് അമ്മൂമ്മ വാരിക്കോരി കൊടുത്തത്. അമ്മൂമ്മ എൻ്റെ മകനെ മനസ്സ് നിറഞ്ഞു അനുഗ്രഹിക്കണം. അവനും പ്രിയയും എന്നും സന്തോഷമായി കഴിയണം.."
സാജൻ അമ്മൂമ്മയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങി.
ആ സമയത്തു സാജൻ്റെ അമ്മ അമ്മൂമ്മയ്ക്ക് ഒരു വാക്ക് കൊടുത്തൂ..
"പ്രിയമോളുടെ കണ്ണുകൾ ഇനി ഒരിക്കലും നിറയുവാൻ ഞാൻ അനുവദിക്കില്ല. അവൾക്കു അമ്മയുടെ സ്ഥാനത്തു ഞാൻ ഉണ്ട്.."
അടുത്ത ശുഭമുഹൂർത്തത്തിൽ വിവാഹം നടന്നൂ.
...............................
വിവാഹത്തിൻ്റെ പിറ്റേന്ന് വെളുപ്പിനെ ഞാൻ അമ്മൂമ്മ ഞങ്ങളുടെ മുറിയിൽ വന്നു അനുഗ്രഹിക്കുന്നതായി സ്വപ്നം കണ്ടൂ..
അപ്പോൾ തന്നെ അമ്മാവൻ്റെ ഫോൺ വന്നൂ.
ആ ബെല്ലടി ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്...
"അമ്മൂമ്മ പോയി.."
അമ്മാവൻ അത് മാത്രം പറഞ്ഞു..
ഏങ്ങലടിച്ചു കരയുന്ന എന്നോട് സാജൻ്റെ അമ്മ ഒന്ന് മാത്രം പറഞ്ഞു..
"നിന്നെ ഒരു കൈയ്യിൽ ഏൽപ്പിക്കുവാൻ വേണ്ടി മാത്രം ആണ് അമ്മൂമ്മ ഇത്രയും നാൾ കാത്തിരുന്നത്. അവർ ഒത്തിരി കഷ്ടപെട്ടില്ലേ. മനസമാധാനത്തോടെ ആണ് അവർ അപ്പൂപ്പൻ്റെ അടുത്തേയ്ക്കു പോയത്. മോള് ഒന്ന് കൊണ്ടും വിഷമിക്കരുത്. മോൾക്ക് ഇനി അമ്മയുടെ സ്ഥാനത്തു ഞാൻ ഉണ്ട്. ഓരോ ആളുകൾക്കും ഭൂമിയിൽ ഓരോ നിയോഗം ഉണ്ട്. അത് പൂർത്തിയാകുമ്പോൾ അവർ മടങ്ങും. നിൻ്റെ അമ്മൂമ്മയുടെ അനുഗ്രഹം എന്നും നിനക്കും സാജനും തുണയായി ഉണ്ടാകും.....
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ