KUDAKAMBI കുടക്കമ്പി , FB, E, N, A

 "എൻ്റെ കുടക്കമ്പി, നിന്നെ കൊണ്ട് ഞാൻ തോറ്റൂ. നീ എന്താ എപ്പോഴും ഇങ്ങനെ.."

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നൂ.

മണ്ടത്തരങ്ങൾ കാട്ടി കൂട്ടുവാൻ അവളെ കഴിഞ്ഞിട്ട് ഈ ലോകത്തു വേറെ ആളെ അന്വേഷിച്ചാൽ മതി. അവൾ മനഃപൂർവ്വം ചെയ്യുന്നതാണോ ഇതൊക്കെ എന്നൊരു സംശയം ഇല്ലാതെ ഇല്ല..

മെലിഞ്ഞു ഉണങ്ങിയിരിക്കുന്ന അവൾക്കു ഞാൻ ഇട്ട പേരാണ് കുടക്കമ്പി. ആരും കാണാതെ അവളെ അങ്ങനെ വിളിക്കുവാനാണ് എനിക്കിഷ്ടം.

ഇന്നലെ കണ്ടപ്പോൾ അവളുടെ അമ്മ പറഞ്ഞു 

"അവളെയും കൊണ്ട് ജീസസ് യുത്തിൻ്റെ  പ്രാർത്ഥന യോഗത്തിനു പോകണം..."

കർത്താവെ, അവളെ അറിയിക്കാതെ ഒറ്റയ്ക്ക് ഞാൻ പോകാനിരുന്നതാണ്. ഇതിപ്പോൾ  അവളുടെ അമ്മയുടെ ഉത്തരവാണ്. അനുസരിക്കാതെ വയ്യ.

അവൾക്കാണെങ്കിൽ വരുവാൻ ഇഷ്ടമില്ല.

അതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം  എനിക്കറിയാം അവൾ എന്തെങ്കിലും അവിടെ ഒപ്പിക്കുമെന്നു.

 ഒന്നും വരാതെ ഇരുന്നാൽ മതിയായിരുന്നൂ..

ഞാനും മിനിയും അയല്പക്കകാരാണ്. അതിനും മേലെ കളിക്കൂട്ടുകാർ ഒരുമിച്ചു പഠിക്കുന്നവർ. 

എന്തിനും ഏതിനും അവൾ എനിക്കൊപ്പം ആണ്. പക്ഷേ അവളുടെ മണ്ടത്തരങ്ങൾ കാരണം എനിക്കാണ് എപ്പോഴും വഴക്കു കിട്ടുക..

കഴിഞ്ഞ വർഷം കോളേജിലെ മത്സര ഓണപ്പൂക്കളം ഇട്ടു തീർന്നതും അവൾ കാൽതെറ്റി അതിനു മേലേയ്ക്ക് വീഴുവാൻ പോയി. ഭാഗ്യത്തിന് കൃത്യ സമയത്തു ഞാൻ കയറി പിടിച്ചൂ.. 

അപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്..

അവളെങ്ങാനും അതിൻ്റെ മേലെ വീണിരുന്നെങ്കിൽ രണ്ടു മണിക്കൂറത്തെ പണി വെറുതെ ആയേനെ... എന്നാൽ പിന്നെ കൂട്ടുകാരെല്ലാം കൂടി അവളെ ശരിയാക്കിയേനെ.. 

കഴിഞ്ഞ ആഴ്ച കോളേജ് ബസ് ഇല്ലാതെ ഇരുന്നത് കൊണ്ട് ഞാനും അവളും കൂടെ K.S.R.T.C. ബസ്സിനു പോകാമെന്നു കരുതി സ്റ്റാൻഡിലേയ്ക്ക് നടക്കുകയായിരുന്നൂ. അവളുടെ കൈ ഞാൻ പിടിച്ചിരുന്നൂ. പെട്ടെന്ന് വളവു തിരിഞ്ഞു വന്ന ബസ് അവൾ കണ്ടില്ല. അതെങ്ങനെ കൈയ്യിൽ ഫോൺ പിടിച്ചു ഓരോന്ന് നോക്കി നടക്കും. 

ബസ് സഡൻ ബ്രേക്കിട്ടൂ. ബസ്സിലുള്ള എല്ലാവരും കുട്ടി ബസ്സിനടിയിൽ ഉണ്ട് എന്നും പറഞ്ഞു തലയ്ക്കു കൈയ്യും കൊടുത്തു ജനലിലൂടെ എത്തി നോക്കുന്നൂ. 

കണ്ടക്ടർ ഇറങ്ങി ബസിനടിയിൽ നോക്കി. 

ഇതൊന്നും അറിയാതെ അവൾ ഫോണും പിടിച്ചുകൊണ്ടു മുന്നോട്ടു പോയി. അപ്പോഴാണ് യാത്രക്കാർ പറഞ്ഞത് 

"ദാ ആ കുട്ടി നടന്നു പോകുന്നുണ്ട്"

 കണ്ടറ്ററുടെ വായിലിരുന്നത് മൊത്തം ഞാൻ കേട്ടൂ. അവൾ അത് അറിഞ്ഞത് പോലുമില്ല..

ആ അവളെയും കൊണ്ടാണ് ഞാൻ പ്രാർത്ഥന യോഗത്തിനു പോകണം എന്ന് പറയുന്നത്. ഏതായാലും ഒരാഴ്ച അവിടെ നിൽക്കണം. ഞാനും അവളും എല്ലാം പാക്ക് ചെയ്തു ഇറങ്ങി. 

അവിടെ എത്തി എല്ലാം നന്നായി പോയി. മൂന്നാം ദിവസം ഊട്ടുപുരയുടെ മുന്നിൽ വച്ചാണ് ഞാൻ മനുവിനെ കാണുന്നത്. മനു എൻ്റെ അമ്മവീടിനു അടുത്തുള്ളതാണ്. അവനും ഞാനും സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് മനു ഒറ്റ അലർച്ച. 

ഞാൻ ഓർത്തു...

"ഇവനെന്താ വട്ടാണോ.."

അപ്പോൾ വളിച്ച ഒരു ചിരിയോടെ ദാ നിൽക്കുന്നൂ മിനി.

സംഭവം എന്താണെന്നു വച്ചാൽ മിനി നോക്കിയപ്പോൾ മനുവിൻ്റെ ഷർട്ടിനു മുകളിൽ ഒരു മുടി ഇരിക്കുന്നൂ. മനുവിനെ സഹായിക്കുവാൻ അവൾ അത് എടുത്തു കളഞ്ഞു..

അവൻ്റെ രോമം ബട്ടൻസിനു ഇടയിലൂടെ പുറത്തേയ്ക്കു നിന്നതാണ്. അതാണ് അവൾ പറിച്ചെടുത്തത്. എന്തായാലും അവൻ ഒന്നും പറഞ്ഞില്ല.

എൻ്റെ മുഖത്തേയ്ക്കു ഒന്ന് നോക്കി. ആ കണ്ണിൽ എല്ലാം ഉണ്ടായിരുന്നൂ...

വളരെ നല്ല കൂട്ടുകാരി...

ഞാൻ ജാള്യതയോടെ അവിടെ നിന്നും അവളെയും കൂട്ടി ഊട്ടുപുരയ്ക്കു ഉള്ളിലേയ്ക്ക് പോയി...

"എൻ്റെ കുടക്കമ്പി, നീ എന്നെ ഇങ്ങനേ സഹായിക്കരുത്... ദയവായി ഒരപേക്ഷയാണ്..."

അങ്ങനെ ഒരുകണക്കിന് ഒരാഴ്ച തികച്ചു ഞങ്ങൾ തിരിച്ചു പോന്നൂ...

പിറ്റേന്ന് കോളേജിൽ ചെന്നപ്പോഴാണ് അറിഞ്ഞത് NSS വക രക്തദാനം ഉണ്ട്. എന്തായാലും ഞാൻ അതിലൊന്നും കൂടാതെ ലൈബ്രറിയിൽ പോയിരുന്നൂ. കുറെ നേരം കഴിഞ്ഞിട്ടും കുടക്കമ്പിയെ കാണാനില്ല.

അവളെ അന്വേഷിച്ചു പോയ ഞാൻ കണ്ടത് രക്തദാനത്തിന് തയ്യാറായി നിൽക്കുന്ന കുടക്കമ്പി.

അവളെ പിന്തിരിപ്പിക്കുവാൻ ഞാൻ നോക്കിയെങ്കിലും നടന്നില്ല.

അവൾ നേരെ നഴ്സിൻ്റെ അടുത്തേയ്ക്കു വച്ച് പിടിച്ചൂ..

അവളെ കണ്ടതും നഴ്‌സ്‌ ചരിച്ചിട്ടു ചോദിച്ചൂ..

"ഈ ശരീരത്തിൽ കൊതുകിനു കുടിക്കുവാൻ ഉള്ളത് പോലും ഇല്ലല്ലോ. എന്തായാലും വന്നതല്ലേ ദാ ഈ ഫ്രൂട്ടിയും കൊണ്ട് പൊയ്‌ക്കോ..

അവൾ വേഗം അതും വാങ്ങി എൻ്റെ കൂടെ പോന്നൂ..

ഇങ്ങനെ ഒക്കെ ആണെങ്കിലും അവൾ എനിക്ക് പ്രീയപെട്ടവൾ ആണ്. എന്തും തുറന്നു പറയാവുന്ന ഒരു സൗഹൃദം. അത് ഒരു ഭാഗ്യം അല്ലെ...

ഇങ്ങനെ കുറച്ചു തമാശകൾ ഇല്ലെങ്കിൽ എങ്ങനെ ജീവിക്കും ഈ ഭൂമിയിൽ...

............................സുജ അനൂപ് 




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA