തേപ്പുകാരി THEPPUKAARI, FB, E, N, A, K, AP, KZ, G, P

 "സ്നേഹം എന്ന വാക്കിന് തുണയായി കൂടെ നിൽക്കുക  എന്നും എന്നൊരു അർത്ഥം മാത്രമേ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ അന്നും ഇന്നും."

"കിട്ടുന്ന ശമ്പളത്തിൽ നിന്നും അവളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കുവാൻ വേണ്ടി മാത്രം ഒരു തുക എന്നും ഞാൻ മാറ്റി വയ്ക്കുമായിരുന്നൂ. കോളേജിൽ നിന്ന് വിനോദയാത്ര പോകുവാൻ വരെ അവൾക്കു പണം കൊടുത്തിരുന്നത് ഞാൻ ആയിരുന്നൂ. അവളുടെ എല്ലാ പിറന്നാളുകൾക്കും അവൾക്കിഷ്ടമുള്ളതൊക്കെ ഞാൻ വാങ്ങി നൽകി."

അവൾ എപ്പോഴാണ് മനസ്സിലേയ്ക്ക് കയറിയത് എന്ന് ഓർമ്മയില്ല. ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത് ആരാണ് എന്നും ഓർമ്മയില്ല. 

പക്ഷേ ഇപ്പോൾ "വേണ്ട" എന്ന് ആദ്യം പറയുന്നത് അവൾ ആണ്.

എല്ലാ ശനിയാഴ്ചകളിലും അവൾ വീട്ടിൽ നിന്നിറങ്ങും. ഒരുമിച്ചിരുന്നു പഠിക്കുവാൻ കൂട്ടുകാരിയുടെ വീട്ടിലേയ്ക്കു എന്നും പറഞ്ഞുകൊണ്ട്. പക്ഷേ അന്ന് മുഴുവൻ അവൾ എൻ്റെ കൂടെ ആയിരിക്കും. ഇഷ്ടമുള്ളതൊക്കെ എന്നെകൊണ്ട് വാങ്ങിപ്പിക്കും. നല്ല ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിക്കും. എന്നിട്ടും...

എൻ്റെ ജീവിതം ആകെ മാറിയത് ഇന്നലെയാണ്. 

ഞാനും അവളും ഒന്നിച്ചുള്ള അവസാന കൂടികാഴ്ചയിൽ..

സാധരണ കാണുബോൾ ഉള്ള ആവേശമൊന്നും ഇന്നലത്തെ മീറ്റിംഗിൽ ഉണ്ടായിരുന്നില്ല...

ഒരുതരം നിസ്സംഗത ആ കണ്ണുകളിൽ ഞാൻ കണ്ടൂ...

അവളുടെ കൈകളിൽ ഞാൻ പിടിച്ചൂ. 

അത് പതിയെ തട്ടി നീക്കി അകന്നിരുന്നുകൊണ്ടു അവൾ പറഞ്ഞു..

"നമുക്ക് പിരിയാം.."

എന്നെ കിട്ടിയില്ലെങ്കിൽ ചത്ത് കളയുമെന്ന് പറഞ്ഞവൾ... എന്നെ കാണാതെ ഇരിക്കുവാൻ വയ്യ എന്ന് പറഞ്ഞവൾ. എനിക്കതു വിശ്വസിക്കുവാൻ ആയില്ല..

"നീ എന്താണ് പറഞ്ഞത്.."

"എടാ, നമുക്ക് കുറച്ചു പ്രാക്ടിക്കൽ ആയി ചിന്തിക്കാം. നീ ഇപ്പോഴും ജീവിതത്തിൽ സെറ്റിൽ ആയിട്ടില്ല. എനിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. ചെറുക്കൻ ഗൾഫിൽ ആണ്. വിവാഹം കഴിഞ്ഞാൽ ഞങ്ങൾ അങ്ങു പോകും. നിന്നെ വിശ്വസിച്ചു വന്നാൽ ഞാൻ നാലഞ്ചു കൊച്ചുങ്ങളെയും ചുമന്നു കൊണ്ട് അടുക്കളയിൽ കിടന്നു കഷ്ടപ്പെടും. ഇതാകുമ്പോൾ എനിക്ക് പഠിക്കാം. എൻ്റെ കരിയറിനെ പറ്റി ചിന്തിക്കാം. പിന്നെ ആ മൊബൈലിൽ ഉള്ള ഫോട്ടോസ് ഒക്കെ ഒന്ന് ഡിലീറ്റ് ചെയ്യണം കേട്ടോ. എന്നെ നീ ഇനി ഒരിക്കലും ശല്യപെടുത്തരുത്. മേലാൽ എന്നെ വിളിക്കരുത്. എന്താ മനസ്സിലായോ..പിന്നെ വിളിച്ചാലും ഞാൻ ഫോൺ എടുക്കില്ല."

ഞാൻ വാങ്ങി കൊടുത്ത ഫോണിൽ അവൾ കാണിച്ചു തന്നൂ 

'അവനും അവളും കൂടെ നിൽക്കുന്ന ഫോട്ടോകൾ..'

"നീ എനിക്ക് കുറച്ചു സമയം തരണം. നീ ഇല്ലാതെ എനിക്ക് പറ്റില്ല. നിനക്ക് വേണ്ടി മാത്രമല്ലെ ഞാൻ ചെന്നൈയിലേക്കു പോകാതെ ഇവിടെ നിന്നതു. ആ നല്ല ജോലി ഞാൻ വേണ്ടെന്നു വച്ചതു പോലും."

"എടാ, നമ്മൾ തമ്മിൽ ഇൻഫാക്ടച്ചുവേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഞാൻ പ്രണയം തിരിച്ചറിയുന്നൂ. പിന്നെ അപ്പൻ ഇപ്പോൾ വരും. എനിക്ക് പോകണം.."

അവൾ പിന്നെ ഒന്നും പറഞ്ഞില്ല..

ഞാൻ പറയുന്നത് മുഴുവൻ കേൾക്കുവാൻ നിൽക്കാതെ അവൾ പോയി.

"ഞാൻ വാങ്ങി കൊടുത്ത വസ്ത്രം, അതിട്ടു വന്നു എന്നോടിത് പറയുവാൻ അവൾക്കു ഒരു ഉളുപ്പം തോന്നിയില്ല."

അപ്പോൾ എനിക്ക് അമ്മയെ ഓർമ്മ വന്നൂ..

"ഉള്ള ചെറിയ ജോലിയിൽ ആദ്യം കിട്ടിയ ശമ്പളത്തിൽ നിന്നോ ഇതുവരെ കിട്ടിയ ശമ്പളത്തിൽ നിന്നോ ആ പാവത്തിന് ഒരു സാരി ഞാൻ വാങ്ങി കൊടുത്തിട്ടില്ല. ഒരു നല്ല ഹോട്ടലിൽ കൊണ്ട് പോവുകയോ ഒരു പാർസൽ ഭക്ഷണം പോലും ഞാൻ വാങ്ങി കൊടുത്തിട്ടില്ല..."

'അമ്മ എന്നോട് ഒരിക്കൽ പറഞ്ഞു 

"മാമ്പൂ കണ്ടും മക്കളെ കൊണ്ടും കൊതിക്കരുത് എന്ന് മുതിർന്നവർ പറഞ്ഞു തരാറുണ്ട്. അതൊക്കെ ശരിയാണ് എന്ന് ഇപ്പോൾ മനസ്സിലായി. നീ എന്നും നന്നായിരിക്കണം എന്നേ ഉള്ളൂ അമ്മയ്ക്ക്. വെറുതെ ഒരു പെണ്ണിന് വേണ്ടി നിൻ്റെ ജന്മം പാഴാക്കരുത്. നാളെ ഈ ജോലി പോയതോർത്തു നീ വേദനിക്കും. ചെന്നൈയിലെ നല്ല കമ്പനിയിയിലെ ജോലി, നല്ല ശമ്പളം, വീട്ടിലേയ്ക്കു ഒന്നും തന്നില്ലെങ്കിലും നിനക്ക് മര്യാദയ്ക്ക് ജീവിക്കാമല്ലോ. അവൾക്കും നിൻ്റെ കൂടെ പോരാമല്ലോ. "

അപ്പോഴൊക്കെ അമ്മയോട് ദേഷ്യം മാത്രമേ തോന്നിയിട്ടുള്ളൂ. 

പവിത്രമായ പ്രേമത്തിന് തടസ്സം നിൽക്കുന്നവൾ..

അവളും അന്ന് എത്ര കരഞ്ഞു

"നീ ഇല്ലാതെ എനിക്ക് പറ്റില്ല. ചെന്നൈയിൽ പോയാൽ നീ എന്നെ മറക്കും. എൻ്റെ ബിരുദം കഴിയട്ടെ നമുക്ക് ഒരുമിച്ചു പോകാം. അല്ലെങ്കിൽ തന്നെ നമുക്ക് ജീവിക്കുവാൻ ചെറിയ ജോലി നാട്ടിൽ പോരെ.."

ഇപ്പോൾ എന്തായി. അവൾ പൊടിയും തട്ടി പോയി.

"ഇനി അമ്മയുടെ മുഖത്തു എങ്ങനെ നോക്കും.."

അവൾ തന്ന അടി അത് എന്നെ ആകെ തകർത്തൂ. പക്ഷേ പരാജയം സമ്മതിക്കുവാൻ എൻ്റെ അമ്മ തയ്യാറായില്ല. അല്ലെങ്കിലും അവസാനം മക്കളെ മനസ്സിലാക്കുവാൻ മാതാപിതാക്കൾ മാത്രമേ ഉണ്ടാകൂ..

അവൾ നിന്നെ വേണ്ട എന്ന് വച്ചതു പണത്തിനു വേണ്ടിയല്ലേ..

"നീ വിദേശത്തു പോകണം. നാളെ നിന്നെ വേണ്ട എന്ന് പറഞ്ഞതോർത്തു അവൾ വിഷമിക്കണം.."

അമ്മാവൻ വഴി അമ്മ എന്നെ വിദേശത്തേയ്ക്ക് അയച്ചൂ. ഒരു മാറ്റം എനിക്ക് ആവശ്യം ആയിരുന്നൂ എന്ന് അമ്മയ്ക്ക് തോന്നിയിരുന്നൂ.... 

"വിദേശത്തു പോയി സമ്പാദിക്കുവാൻ എനിക്കും ആകും. അത് അവൾക്കു കാണിച്ചു കൊടുക്കണം..." എന്നൊരു ചിന്ത എനിക്കും ഉണ്ടായി..

അവളുടെ പുറകെ നടന്ന സമയം ഞാൻ നന്നായി ഉപയോഗിച്ചാൽ മതിയായിരുന്നൂ, എങ്കിൽ എൻ്റെ  ജീവിതത്തിൽ  പണ്ടേ ഞാൻ സെറ്റിൽ ആകുമായിരുന്നൂ..

........................

ഇന്ന് അഞ്ചു വർഷങ്ങൾക്കു ശേഷം അവളെ ഞാൻ കണ്ടൂ...

എനിക്ക് ഒട്ടും വിഷമം തോന്നിയില്ല അവളെ കണ്ടപ്പോൾ. പകരം പുച്ഛം തോന്നി..

"അവൾ ഗർഭിണി ആയിരുന്നൂ. കൈയ്യിൽ മറ്റൊരു കുട്ടി ഉണ്ട് (രണ്ടു വയസ്സ് കാണും. ഓടി നടക്കുന്ന മറ്റൊരു കുട്ടി. അതിനു ഒരു മൂന്നര വയസ്സു കാണും.. മുഖത്തു നല്ല വിഷമം ഉള്ളത് പോലെ തോന്നി.."

"ശരിക്കും സെറ്റിൽ ആയിട്ടുണ്ട്.."

അവൾ എന്നെ നോക്കി. ഞാൻ അവളേയും...

പതിയെ ഞാൻ അവളുടെ അടുത്തേയ്ക്കു ചെന്നൂ.

കുട്ടികളുടെ പേരുകൾ ചോദിച്ചൂ..

പിന്നെ ഒട്ടും മടിച്ചില്ല..

"നീ ഉദ്ദേശിച്ച കരിയർ ഇതായിരുന്നല്ലേ എന്ന് ചോദിച്ചൂ.."

അവൾ ഒന്നും മിണ്ടിയില്ല.

അത്രയെങ്കിലും ചെയ്തില്ലെങ്കിൽ എനിക്ക് മനഃസമാധാനം കിട്ടില്ലായിരുന്നൂ..

ഞാൻ ഭാര്യയെ അടുത്തേയ്ക്കു വിളിചൂ. അവളെ പരിചയപ്പെടുത്തി..

"ഇത് ദീപ്തി. എൻ്റെ ഭാര്യ, ഇപ്പോൾ ഇവിടെ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ PhD ചെയ്യുന്നൂ. പിന്നെ അവൾക്കു ഇഷ്ടമുള്ളിടത്തോളം അവളെ ഞാൻ പഠിപ്പിക്കും. അത് ഞാൻ അവൾക്കു കൊടുത്ത വാക്കാണ്."

അവളുടെ വീടിൻ്റെ അടുത്ത് നിന്നാണ് ഞാൻ കല്യാണം കഴിച്ചത്. ഒരിക്കലും വിവാഹം കഴിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നൂ. പക്ഷേ അമ്മയെ വിഷമിപ്പിക്കുവാൻ എനിക്ക് വയ്യ എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഞാൻ ദീപ്തിയെ സ്വീകരിചൂ.

അവളെ അധികം കളിയാക്കിയില്ല. അവൾ എന്നെ തേച്ചു. കാരണം ഞാൻ ഒരു മണ്ടൻ ആണ്. അവളുടെ മോഹവാഗ്ദാനങ്ങളിൽ വീണവൻ.

പിന്നെ ദൈവം ഉള്ളത് കൊണ്ട് ആ തേപ്പു അവൾക്കു തിരിച്ചും കിട്ടി. അവളുടെ ഭർത്താവു അവളെയും തേചൂ .

ഭാര്യയാണ് അവളെ പറ്റി എന്നോട് പറഞ്ഞത്..

അമ്മ പറഞ്ഞു എൻ്റെ കാമുകി ആയിരുന്നവളെ ഭാര്യക്ക് നന്നായി അറിയാമായിരുന്നൂ..

ആ നാട്ടിലെ തന്നെ കൊള്ളാവുന്ന കുടുംബത്തിലെ നല്ലൊരു തല്ലിപ്പൊളി പയ്യൻ, വീട്ടുകാർക്കും വേണ്ട. നാട്ടുകാർക്കും വേണ്ട. അവസാനം ശല്യം കാരണം വീട്ടുകാർ ഗൾഫിൽ പറഞ്ഞു വിട്ടൂ. ആദ്യത്തെ ലീവിന് വന്ന സമയത്തു അവൻ അവളെ കല്യാണം കഴിച്ചൂ. പിന്നെ തിരിച്ചു പോയില്ല. അവൻ്റെ അപ്പൻ കുടുംബം നോക്കും. അവൻ അവനു തോന്നിയ പോലെ ജീവിക്കും..

അപ്പോൾ ഞാൻ മനസ്സിൽ ഓർത്തൂ അതായിരിക്കും അവൾ പറഞ്ഞ എല്ലാം തികഞ്ഞവൻ.

അല്ലെങ്കിലും മനസ്സു നിറഞ്ഞു സ്നേഹിക്കുന്നവരെ ആർക്കും വേണ്ടല്ലോ. എല്ലാവരും പോകുന്നത് പണവും പ്രതാപവും നോക്കിയല്ലേ. അവൾക്കു നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുവാൻ ഞാൻ അത്ര മഹാനൊന്നുമല്ല. അവൾ തേച്ചിട്ടു പോയപ്പോൾ ഉടഞ്ഞു പോയ എൻ്റെ മനസ്സു, ഞാൻ കരഞ്ഞു തീർത്ത ദിനങ്ങൾ അതെല്ലാം എനിക്ക് മറക്കുവാൻ ആകില്ല..

ഇന്ന് വരെ അവളെ ഞാൻ വേദനിപ്പിച്ചിട്ടില്ല.അവളോടൊപ്പമുള്ള ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നൂ. ഒരു രാജകുമാരിയെ പോലെ ഞാൻ അവളെ കൊണ്ട് നടക്കുമായിരുന്നൂ. അവൾക്കു വിധിച്ചതല്ല അവൾ ഇരന്നു വാങ്ങിയതാണ് അവൾക്കു കിട്ടിയത്. അത് അവൾ അനുഭവിക്കട്ടെ. ഇനിയുള്ള ജീവിതം മുഴുവൻ അവൾ എന്നെ കുറിച്ചോർത്തു ദുഖിക്കും. 

അത് മാത്രം മതി എനിക്ക്. 

പിന്നെ അവൾക്കായി ഞാൻ കരുതി വച്ചതൊക്കെയും എൻ്റെ ഭാര്യയ്ക്ക് ഞാൻ നല്കും...

....................സുജ അനൂപ്  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA