വെറോനിക്ക VERONICA, KZ

 ആരാണ് വെറോനിക്ക? ഒരു കഥ എഴുതുവാൻ മാത്രം കാര്യങ്ങൾ ഈ ഭൂമിയിൽ അവൾ ചെയ്തിട്ടുണ്ടോ..?

ഇല്ല.. എന്നാണ് എല്ലാവരും പറയുക.

അത് എനിക്കും അറിയാം..

ഈ ലോകത്തിൻ്റെ ദൃഷ്ടിയിൽ അത് അങ്ങനെ തന്നെ ആണ്. 

പക്ഷേ എൻ്റെ മനസ്സിൽ അങ്ങനെ ഒരു സ്ഥാനമല്ല അവർക്കുള്ളത്. അവർ ഒരു നന്മ മരം ആണ്. പ്രണയത്തിൻ്റെ ഉത്തമ മാതൃക...

ഇനി അവളെ പറ്റി പറയാം..

തീരെ പാവപ്പെട്ട കുടുംബം ആയിരുന്നൂ വെറോനിക്കയുടേത്. അയല്പക്കത്തെ വീടുകളിൽ പണിയെടുത്തായിരുന്നൂ അമ്മ അവളെയും ആങ്ങളമാരെയും വളർത്തിയത്. 

ഇടയ്ക്ക് എപ്പോഴോ ഞാൻ കേട്ടിരുന്നൂ വെറോനിക്കയും അയല്പക്കത്തെ മുതലാളിയുടെ മകനും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. 

അന്ന് എനിക്ക് വെറോനിക്കയോട് ആദ്യമായി ദേഷ്യം തോന്നി. മുതാളിമാരുടെ വീട്ടിലെ പയ്യൻമ്മാർ പാവപെട്ട പെണ്ണുങ്ങളെ ചതിക്കുന്ന എത്രയോ കഥകൾ ഉണ്ട്. 

എന്നിട്ടും എന്തെ വെറോണിക്ക അയാളുടെ പുറകെ പോകുന്നൂ.

പ്രണയിക്കുന്നവർ ഒരിക്കലും അതൊന്നും മനസ്സിലാക്കില്ല.

ഒരിക്കൽ  അയാളുടെ വാക്കുകളിൽ വിശ്വസിച്ചു അവൾ എല്ലാം അയാൾക്കായി സമർപ്പിച്ചൂ...

വർഷങ്ങൾ കടന്നു പോയി.. 

അയാൾ തന്നെ വിവാഹം കഴിക്കും എന്ന ധാരണയിൽ അവൾ ജീവിച്ചൂ. പ്രണയത്തിൻ്റെ ഉത്തമ മാതൃകയായി അയാൾക്കായി അവൾ ജീവിച്ചൂ..

എന്നിട്ടും...

.................................

ഇന്ന് വെറോനിക്കയുടെ കാമുകൻ്റെ വിവാഹം ആയിരുന്നൂ. 

ആരും കാണാതെ ഉള്ളിൽ കരഞ്ഞു കൊണ്ട് പള്ളിയുടെ ഒരു കോണിൽ നിന്നു വെറോണിക്ക തൻ്റെ കാമുകൻ മറ്റൊരുത്തൻ്റെ കഴുത്തിൽ മിന്നു കെട്ടുന്ന ആ കാഴ്ച കണ്ടു. 

അപ്പോൾ അവളുടെ മനസ്സിൽ എന്തായിരുന്നിരിക്കും...?

എല്ലാവരും അവളെ കുറ്റം പറഞ്ഞു 

"അവനവൻ്റെ നിലയ്‌ക്കൊത്തത് എടുക്കുവാൻ നോക്കണം.. അഹങ്കാരി.. അവൾക്കു അത് തന്നെ വേണം.."

പക്ഷേ എന്തായിരുന്നൂ വെറോണിക്ക ചെയ്ത തെറ്റ്..?

പാവപ്പെട്ടവൾ ആണെന്നറിഞ്ഞിട്ടും പണക്കാരനെ പ്രണയിച്ചത്..? അതോ തോൽക്കും എന്ന് ഉറപ്പായിട്ടും ആത്മാർത്ഥമായി പ്രണയിച്ചതോ..? അതോ പ്രണയം നടിച്ചു അവനെ മുതലാക്കാതെ ഇരുന്നതോ..?

അന്ന് പള്ളിയിൽ നിന്നും തിരിച്ചെത്തിയ വെറോണിക്ക, പിന്നെ പഴയ പോലെ ആരോടും സംസാരിച്ചില്ല. 

മനസ്സിൽ കൊണ്ട് നടന്ന സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് തകർന്നത് ആ പാവത്തിന് സഹിക്കാനായില്ല. അവളുടെ മനസ്സ് അവൾക്ക് കൈ വിട്ടുപോയിരുന്നൂ...

നാട്ടുകാരുടെ ഭാഷയിൽ അവൾക്കു ഭ്രാന്തു ആയിരുന്നൂ. ഒത്തിരി ദിനങ്ങൾ അവൾ വീടിനു പുറത്തിറങ്ങിയില്ല..

ചുറ്റും ഉള്ള മനുഷ്യരെ അവൾ ഭയപ്പെട്ടൂ. തൻ്റെ  ശരീരത്തിലേയ്ക്ക് തുളച്ചിറങ്ങുന്ന കണ്ണുകളെ  അവൾ ഭയപ്പെട്ടൂ.. ഒരിക്കൽ പിഴച്ചാൽ അത് മറ്റുള്ളവർക്ക് എന്തും ചെയ്യാവുന്ന ശരീരമായി മാറുമോ..?

പിന്നീട് വെറോണിക്കയെ ആരും വിവാഹം കഴിച്ചില്ല. നാട്ടിൻ പ്രദേശം നന്മകളാൽ സമൃദ്ധം ആയതുകൊണ്ടാവണം അവളുടെ കല്യാണങ്ങൾ എല്ലാം കുത്തിപോയി.

ആങ്ങളമാർ വിവാഹം കഴിച്ചു വന്നപ്പോൾ വെറോണിക്ക ആ വീട്ടിലെ വേലക്കാരി മാത്രം ആയി ഒതുങ്ങി. 

എല്ലാം അവൾ സഹിച്ചൂ.. അർഹിക്കാത്ത പ്രണയത്തിനു എല്ലാം സമർപ്പിച്ചതിനു അവൾ പരിഹാരം ചെയ്യണമല്ലോ....

......................

എല്ലാവരും കൈ വിട്ടപ്പോഴും അവളുടെ അമ്മ മാത്രം അവളെ ഉപേക്ഷിച്ചില്ല. അവർ എന്നും അവൾക്കു താങ്ങായിരുന്നൂ..

പക്ഷേ ആ സന്തോഷവും അധികം നീണ്ടു നിന്നില്ല. 

വെറോനിക്കയുടെ മടിയിൽ കിടന്നു അവളുടെ അമ്മ മരിച്ചൂ. അന്ന് അവൾ പൊട്ടിപൊട്ടിക്കരഞ്ഞു. ആ കരച്ചിൽ അവൾ പക്ഷേ നിറുത്തിയില്ല. അവളെ അവർ ആശുപത്രിയിൽ ആക്കി. 

അവസാനത്തെ കച്ചിത്തുരുമ്പു കൂടി കൈ വിട്ടു പോയപ്പോൾ അവൾ അലറിക്കരഞ്ഞതല്ലേ....

പിന്നെ കുറേക്കാലം അവൾ ആശുപത്രിയിൽ ആയിരുന്നൂ...

വെറോനിക്കയ്ക്കു ഭ്രാന്തു ഉണ്ടെന്നു എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്നെ കാണുമ്പോൾ അവൾ എന്നും ചോദിക്കും..

"സുഖമാണോ..?

"അതെ.." എന്ന ഒരു ഉത്തരം മാത്രം ഞാനും നൽകി വന്നൂ..

ഇടയ്ക്കൊക്കെ വെറോനിക്കയെ അവർ ആശുപത്രിയിൽ ആക്കും. പിന്നെ മാസങ്ങൾ അവൾ ഇരുമ്പഴിക്കുള്ളിൽ കിടക്കും. 

ചെയ്ത തെറ്റിനുള്ള പരിഹാരം. മനസ്സു തുറന്നു ഒരാളെ സ്നേഹിച്ചതിനുള്ള സമ്മാനം..

.........................

ഇന്ന് ഞാൻ വെറോനിക്കയെ പള്ളിയിൽ കണ്ടൂ.. അവൾ അങ്ങനെ പള്ളിയിൽ വരാറില്ല...

കാരണം എനിക്ക് മനസ്സിലായി..

"തന്നെ ചതിച്ചിട്ടു പോയ കാമുകന് ഹൃദയാഘാതം വന്നു ആശുപത്രിയിൽ കിടക്കുന്ന കാര്യം അവൾ അറിഞ്ഞിരിക്കുന്നൂ. അവൻ്റെ ആയുസ്സിന് വേണ്ടി ആ പാവം പ്രാർത്ഥിക്കുന്നൂ നല്ലവനായ ദൈവത്തിനു മുൻപിൽ.."

സത്യത്തിൽ അവൾക്കു ഭ്രാന്തു ഉണ്ടോ..?

അത്രയും നല്ലൊരു മനസ്സിൻ്റെ ഉടമയ്ക്കല്ലേ അങ്ങനെ ഒക്കെ ചിന്തിക്കുവാൻ ആകൂ.

തന്നെ ചതിച്ചവളെ അല്ലെങ്കിൽ ചതിച്ചവനെ കൊല്ലുന്ന ആളുകൾ ആണ് ഈ ലോകത്തിൽ ഉള്ളത്. അവർ എല്ലാം ഈ ലോകത്തിനു മുൻപിൽ ചിത്തരോഗികൾ അല്ല.

എൻ്റെ വെറോനിക്കയുടെ പ്രാർത്ഥന പക്ഷേ ദൈവം കേട്ടില്ല..

"അയാൾ പോയി.."

പക്ഷേ ഈ തവണ അവൾ ദൈവത്തെയും തൻ്റെ വിധിയെയും തോൽപ്പിച്ചൂ..

കഷ്ടപ്പാടുകളുടെ ലോകത്തു നിന്നും അവൾ വിട പറഞ്ഞു. 

അവൻ മരിച്ചു എന്നുള്ള വാർത്ത കേട്ടതിനൊപ്പം അവളും ഈ ലോകത്തു നിന്നും യാത്രയായി. 

അത്രയ്ക്ക് അവൾ അവനെ സ്നേഹിച്ചിരുന്നൂവോ. 

ആ പുതിയ ലോകത്തിൽ എങ്കിലും വെറോണിക്കയെ അവനു മനസ്സിലാകുമോ.. അവനെ തേടി മാത്രമാണ് അവൾ അങ്ങോട്ടേയ്ക്ക് പോകുന്നത്..

അവൻ അവിടെ അവളെ സ്വീകരിക്കുമോ...

ഈ വരികൾ ആരും അറിയാതെ ഒന്നും പരാതി പെടാതെ ഇവിടം കടന്നു പോയ വെറോനിക്കയ്ക്കു ഉള്ള എൻ്റെ പ്രണാമം ആണ്. 

ആരും പൂക്കൾ സമർപ്പിക്കാത്ത ആ കുഴിമാടത്തിൽ ഒരു പിടി പൂക്കൾക്കൊപ്പം ഞാൻ ഇതു സമർപ്പിക്കുന്നൂ..

.......................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA