THIRICHUVARAVU തിരിച്ചുവരവ് FB, E, A, K, P, AP, G, KZ, NL
"ഉടനെ നാട്ടിലേയ്ക്ക് പോകുന്നെന്നോ. നിങ്ങൾക്കെന്താ വട്ടുണ്ടോ..?
വീണ്ടും അതെ പല്ലവി.. എന്ന് നാട്ടിൽ പോകുന്നൂ എന്ന് പറഞ്ഞാലും അവൾ ചോദിക്കുന്ന ചോദ്യം..
ഭാര്യയുടെ ചോദ്യത്തിന് എന്ത് മറുപടി നൽകണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ..
അവൾ പറയുന്നതെല്ലാം ഞാൻ ഇതുവരെ കേട്ടിട്ടേ ഉള്ളൂ. അല്ലെങ്കിലും എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ എൻ്റെ ഭൂതകാലം മുഴുവൻ അവൾ ഓർമ്മിപ്പിക്കും.
കുറ്റപ്പെടുത്തലുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നെ ഒരു മനുഷ്യൻ ആയി പോലും അവൾ കരുതുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
അവളുടെ ആഗ്രഹങ്ങൾക്കാണ് എന്നും മുൻതൂക്കം...
എല്ലാം എൻ്റെ വിധി..
.........................................
പാവപെട്ട വീട്ടിലെ എന്നെ തേടി വിദേശത്തു താമസിക്കുന്ന കുടുംബത്തിലെ ഏകമകളുടെ ആലോചന വന്നപ്പോൾ വീട്ടുകാർ ഒത്തിരി സന്തോഷിച്ചൂ.
നന്നായി തന്നെ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിരുന്ന എനിക്ക് ഒരു ജോലി കിട്ടും എന്ന് നല്ല ഉറപ്പുണ്ടായിരുന്നൂ. സ്വന്തം കാലിൽ നിന്ന് കുടുംബം നോക്കണം. അത് മാത്രമേ അന്നും എന്നും മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
എന്നിട്ടും വീട്ടുകാർ സമ്മതിച്ചില്ല. പറയുവാൻ അവർക്കു ഒത്തിരി ന്യായീകരണങ്ങൾ ഉണ്ടായിരുന്നൂ.
"നിൻ്റെ ചേച്ചിമാർ രണ്ടും പാതി വഴിയിൽ പഠിപ്പു നിർത്തിയില്ലേ നിനക്ക് വേണ്ടി മാത്രം . അവർക്കു വിവാഹപ്രായം കഴിഞ്ഞിരിക്കുന്നൂ.നല്ല രീതിയിൽ അവരെ അയയ്‌ക്കേണ്ട ബാധ്യത നിനക്കില്ലേ. ഈ ആലോചന നടന്നാൽ കിട്ടുന്ന പൈസ കൊണ്ട് അവരെ കെട്ടിക്കാം. പിന്നെ നിനക്ക് എന്തിൻ്റെ കുറവാണ് അവിടെ. അവർ നിനക്ക് ജോലി വാങ്ങി തരും. ഒറ്റമകൾ, കാണുവാൻ സുന്ദരി. ആവശ്യത്തിൽ കൂടുതൽ പണം.
എല്ലാം ശരിയാണ് പക്ഷേ എൻ്റെ സ്വപ്നങ്ങൾ...
എന്നും എനിക്ക് എൻ്റെ നാടായിരുന്നൂ ഇഷ്ടം.
പിന്നെ എൻ്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന പ്രണയവും. അവൾ എനിക്ക് എല്ലാമായിരുന്നൂ.
എൻ്റെ നിലീന.. എൻ്റെ മാത്രം നീലൂ..
സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പ്രണയം. അത് ആകെ അറിയാവുന്നതു എൻ്റെ കിച്ചുവിന് മാത്രം ആയിരുന്നൂ. ഞങ്ങൾ മൂന്ന്പേർക്കിടയിൽ മാത്രം ഒതുങ്ങി നിന്ന പ്രണയം.
എൻജിനീയറിങ് പഠിക്കുവാൻ പോയിട്ടും അവൾ മാത്രം ആയിരുന്നൂ മനസ്സിൽ. അവധി കിട്ടുമ്പോഴെല്ലാം ഹോസ്റ്റലിൽ നിന്നും ഓടി വരും. അപ്പോഴൊക്കെ ഈ വയലേലകൾക്കിടയിലൂടെ നടന്നു തോടിനരികിൽ എത്തി അവളെ കാത്തു ഞാൻ നിൽക്കുമായിരുന്നൂ. കൂടെ കിച്ചുവും ഉണ്ടാകും.
അവളും കിച്ചുവും ഒന്നിച്ചാണ് ബി.കോമിന് ചേർന്നത്. അതുകൊണ്ടു തന്നെ ഞങ്ങളുടെ പ്രണയത്തിലെ സന്ദേശവാഹകനും അവൻ ആയിരുന്നൂ...
എൻ്റെ കാര്യങ്ങൾ എല്ലാം കിച്ചു അവളെ അറിയിച്ചു പോന്നിരുന്നൂ.
ഒടുക്കം എൻ്റെ വിവാഹം പോലും കിച്ചുവാണ് അവളെ അറിയിച്ചത്. എനിക്ക് ഭയം ആയിരുന്നൂ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കുവാൻ. ആ കണ്ണുകളിൽ നോക്കി ഞാൻ എന്താണ് പറയേണ്ടത്..
"എൻ്റെ ബാധ്യതകൾ തീർക്കുവാൻ ശക്തിയുള്ള ഒരു പണക്കാരി സുന്ദരി വന്നിരിക്കുന്നൂ.. നിൻ്റെ കൂടെ നിന്ന് കഷ്ടപ്പാട് അനുഭവിക്കുവാൻ എനിക്ക് വയ്യ എന്നോ.... അതോ ഈ മനസ്സിൽ ഞാൻ എന്നും നിന്നെ മാത്രം പ്രണയിക്കും, ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നിനക്കായ് ഞാൻ പുനർജനിക്കും എന്നോ..."
ഒരിക്കലും കൈ വിടില്ല എന്ന് പറഞ്ഞിരുന്നൂ. ഉറപ്പു നല്കിയിരുന്നൂ. എന്നിട്ടും....
അന്ന് കിച്ചു എന്നോട് ചോദിച്ചൂ..
"നീ വിചാരിച്ചാൽ വിദേശത്തു നല്ല ജോലി കിട്ടില്ലേ. അവൾ ഒരു പാവമാണ്. ആ മനസ്സ് നീ കാണാതെ പോകരുത്. ജീവിതം ഒന്നേ ഉള്ളൂ. നാളെ ഒരിക്കൽ നീ ചിന്തിക്കും ഈ കഴിഞ്ഞു പോയ സമയങ്ങൾ എനിക്ക് ഒന്ന് കൂടെ തന്നാൽ ഞാൻ ചിലതെല്ലാം തിരുത്തി എഴുതും എന്ന്. കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല. അവളുടെ കണ്ണുനീർ നീ കാണാതെ പോകരുത്..."
എനിക്ക് അവനോടു പറയണം എന്നുണ്ടായിരുന്നൂ..
"എനിക്ക് അവളെ വേണം. നിൻ്റെ സൗഹ്രദവും വേണം. പക്ഷേ എൻ്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നൂ. കടപ്പാട് എന്ന ചരടിൽ അവർ എന്നെ തളച്ചിട്ടിരിക്കുന്നൂ. അവളുടെ കണ്ണുനീർ അതെനിക്ക് കാണുവാൻ വയ്യ. പക്ഷെ പെങ്ങമ്മാർ മറുവശത്തുണ്ട്. കടപ്പാട് ഒരു ഭാഗത്തു തുലാസിൽ ഇരിക്കുമ്പോൾ ഞാൻ എന്ത് ചെയ്യും..."
എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല. അവൻ്റെ ചോദ്യങ്ങൾക്കു നേരെ മുഖം തിരിച്ചു..
കിച്ചു എൻ്റെ കൈ ചേർത്ത് പിടിച്ചൂ. എന്നിട്ടു പറഞ്ഞു...
"ആരൊക്കെ നിന്നെ മനസ്സിലാക്കിയില്ലെങ്കിലും നിൻ്റെ കൂടെ ഞാൻ ഉണ്ടാകും. എപ്പോഴെങ്കിലും മനസ്സു ഒന്ന് വിങ്ങിയാൽ ഓടി വരണം ഈ തോടിനരികിൽ ഞാൻ ഉണ്ടാകും. ഒരിക്കലും അത് മറക്കരുത്. നിന്നെ പോലെ ഒരു കൂട്ടുകാരൻ അത് മാത്രമാണ് ഈ ജീവിതത്തിൽ എൻ്റെ സമ്പാദ്യം.."
..........................................
വിവാഹം കഴിഞ്ഞു പുതിയ ലോകത്തേയ്ക്ക് ചേക്കേറി.
എന്തോ എല്ലാത്തിനോടും വെറുപ്പായിരുന്നൂ മനസ്സിൽ.
ആശിച്ച ജീവിതവും വിധിച്ച ജീവിതവും തമ്മിൽ എന്നും മനസ്സിൽ അടികൂടി...
പെങ്ങമ്മാരുടെ വിവാഹം നടത്തി. അവരുടെ പ്രസവം നോക്കി. ഞാൻ വിവാഹങ്ങൾക്ക് വരാതിരുന്നത് പോലും അവർക്കു ഒരു വിഷയമേ ആയിരുന്നില്ല. എൻ്റെ സ്ഥാനത്തു നിന്ന് കിച്ചു വേണ്ടത് ചെയ്തിട്ടുണ്ടാകും എന്ന് എനിക്കുറപ്പായിരുന്നൂ. ഓടി നടക്കുന്ന അവനെ ഞാൻ ആ കല്യാണവീഡിയോകളിൽ കണ്ടിരുന്നൂ. മനസ്സു അത്രമേൽ ദുഃഖത്തിൽ ആയിരുന്നൂ. എല്ലാറ്റിൽ നിന്നും ഒളിച്ചോടുവാൻ ഞാൻ ആഗ്രഹിച്ചൂ...
കണ്ണുകൾ നീലുവിനെ ആ വീഡിയോകളിൽ തിരഞ്ഞെങ്കിലും കണ്ടില്ല...
ഇടയ്ക്കെപ്പോഴോ ഒരു പ്രാവശ്യം നാട്ടിൽ വന്നെങ്കിലും എൻ്റെ വീട്ടിൽ നിൽക്കുവാൻ ഭാര്യ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ അച്ഛനും അമ്മയും നഗരത്തിലെ ഞങ്ങളുടെ വില്ലയിൽ വന്നൂ കൂടെ നിന്നൂ.
സത്യത്തിൽ നീലുവിനെ അഭിമുഖകരിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.
...................................
ഇന്നിപ്പോൾ എനിക്ക് തോന്നുന്നൂ ചെയ്തത് തെറ്റാണ്.
ഒന്ന് നാട് വരെ പോകണം. കുറെ കാര്യങ്ങൾ ചെയ്യുവാൻ ഉണ്ടെന്നു ആരോ മനസ്സിൽ ഇരുന്നു പറയുന്നൂ. എന്തായാലും അവളുടെ സമ്മതം നോക്കാതെ ഞാൻ നാട്ടിലേയ്ക്ക് പറന്നൂ.
ഒരു പത്തു ദിവസ്സം എനിക്ക് മാത്രമായി വേണം.
പഴയ പോലെ ആ തോടിനരികിൽ ഒന്ന് പോയിരിക്കണം. കിച്ചുവിനോട് മനസ്സ് ഒന്ന് തുറക്കണം...
നാട്ടിൽ എത്തിയതും ആദ്യം അന്വേഷിച്ചത് കിച്ചുവിനെ ആയിരുന്നൂ. വിദേശത്തേയ്ക്ക് പോയിട്ട് ഒരിക്കൽ പോലും അവനു വേണ്ടി ഇത്തിരി സമയം ചെലവഴിചിച്ചിരുന്നില്ല.
എൻ്റെ തെറ്റ്.
ഒരിക്കൽ എൻ്റെ ദുഃഖങ്ങൾ കേൾക്കുവാനും മനസ്സ് കാണുവാനും അവനെ ഉണ്ടായിരുന്നുള്ളൂ.
അമ്മയോട് അന്വേഷിച്ചപ്പോൾ എന്തോ ഒഴിവു കഴിവ് പറഞ്ഞു ഒഴിഞ്ഞു. സംസാരം വേറെ കാര്യത്തിലേയ്ക്ക് മാറ്റി.
നീലുവിനെ കുറിച്ച് ഞാൻ ചോദിക്കാതെ തന്നെ പക്ഷെ അമ്മ പറഞ്ഞു
അവൾ വിവാഹം കഴിച്ചു സുഖമായി കഴിയുന്നൂ. ഗൾഫിൽ എവിടെയോ ആണ്. കുട്ടികൾ രണ്ടായിരിക്കുന്നൂ..
പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചു പതിയെ ഞാൻ അവൻ്റെ വീട്ടിലേയ്ക്കു നടന്നൂ. മനസ്സിൽ നിറയെ കുറ്റബോധം ഉണ്ടായിരുന്നൂ.
അവിടെ ചെന്നപ്പോൾ അവൻ്റെ പേര് വിളിച്ചതും എല്ലും തോലുമായ ഒരു പെൺകുട്ടി ഇറങ്ങി വന്നൂ. രമ്യ കിച്ചുവിൻ്റെ അനിയത്തി. വിവാഹപ്രായം ആയിരിക്കുന്നൂ . അവർ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ടായിരുന്നൂ. അവൾ വളർന്നു വലുതായിരിക്കുന്നൂ..
അവൾ എന്നെ നോക്കി. തിരിച്ചറിഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല. പകരം പുറത്തേയ്ക്കു കൈ ചൂണ്ടി...
അവിടെ ഞാൻ കണ്ടൂ. ആ പഴയ തോടിനരികിൽ അവരുടെ പറമ്പിനോട് ചേർന്ന് ഒരു ചെറിയ മണ്ണിൻകൂന.
ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി. അവൾ പറഞ്ഞു
"ഏട്ടൻ്റെ ആഗ്രഹം ആയിരുന്നൂ മരിക്കുമ്പോൾ ആ തോടിനരിൽ വേണം സമാധി എന്നുള്ളത്. എന്നെങ്കിലും കണ്ണൻ വന്നാൽ അവനോടു പറയണം ആ തോടിനരികിൽ ഇന്നും കിച്ചു കാത്തിരിപ്പുണ്ട് എന്ന്.."
എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ
അവനു ആയുസ്സു അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും എല്ലാം എൻ്റെ തെറ്റല്ലേ. അവനെ എന്തേ പിന്നീട് ഞാൻ എൻ്റെ കൂടെ കൊണ്ട് പോയില്ല. ഞാൻ വിചാരിച്ചിരുന്നെങ്കിൽ അവനും നല്ലൊരു ജോലി അവിടെ കിട്ടുമായിരുന്നൂ. കാലം എനിക്കായി കാത്തു നിൽക്കില്ല എന്ന സത്യം ഞാൻ തിരിച്ചറിയുന്നൂ...
അവൾ പറഞ്ഞു
"കണ്ണേട്ടൻ കയറി ഇരിക്കൂ.."
ഓടിട്ട , ചുവരുകൾ തേയ്ക്കാത്ത ആ വീട്, മറ്റുള്ളവർക്ക് അതിനോട് മതിപ്പു കാണില്ല. പക്ഷേ ഈ വീട് എൻ്റെ സ്വന്തം ആണ്. ഈ വീട്ടിൽ നിന്നും കിച്ചുവിനൊപ്പം ഇരുന്നു എത്രയോ പ്രാവശ്യം ഞാൻ വയറു നിറയെ കഞ്ഞിയും പുഴുക്കും കഴിച്ചിരിക്കുന്നൂ.
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ...
അവൾ പറഞ്ഞു തുടങ്ങി
"കണ്ണേട്ടൻ പോയതിൽ പിന്നെ ഏട്ടന് വലിയ സങ്കടം ആയിരുന്നൂ. എന്നും ഏട്ടൻ വിചാരിക്കും ഇന്ന് കണ്ണേട്ടൻ വിളിക്കും.അങ്ങനെ ദിവസ്സങ്ങൾ കടന്നു പോയി . എല്ലാ വൈകുന്നേരങ്ങളിലും ഏട്ടൻ ആ തോടിനരികിൽ പോയിരിക്കും . അവസാനം നാട്ടിൽ വന്നപ്പോഴും കണ്ണേട്ടൻ ഏട്ടനെ അറിയിച്ചില്ലല്ലോ. അത് ഒരു അഞ്ചു കൊല്ലം മുന്നേ അല്ലായിരുന്നോ.അതുകഴിഞ്ഞു ആണ് ഏട്ടൻ വിവാഹം കഴിക്കുന്നത് . ഒരു കുട്ടി ഉണ്ട്. അവനിപ്പോൾ മൂന്ന് വയസ്സുണ്ട്.
കഴിഞ്ഞ വർഷം പെട്ടെന്ന് ഏട്ടന് ഒരു പനി വന്നൂ.എന്താണെന്നു കണ്ടുപിടിക്കുന്നതിനു മുൻപേ ഏട്ടൻ അങ്ങു പോയി. കണ്ണേട്ടനെ വിളിച്ചു അറിയിക്കുവാൻ എനിക്ക് ആയില്ല. അത്രയ്ക്ക് ഞങ്ങൾ തകർന്നു പോയിരുന്നൂ..
ഏട്ടൻ മരിച്ചതിൽ പിന്നെ കുറചു നാൾ ഏട്ടത്തി അമ്മ ഇവിടെ ഉണ്ടായിരുന്നൂ. കുഞ്ഞിനെ എന്നെ ഏല്പിച്ചിട്ടു പിന്നെ ഏട്ടത്തി വേറെ വിവാഹം കഴിച്ചൂ പോയി.
ഏടത്തിയുടെ വീട്ടുകാർ ഒത്തിരി നിർബന്ധിച്ചപ്പോൾ ഏട്ടത്തിക്ക്ആ വിവാഹത്തിന് വഴങ്ങേണ്ടി വന്നൂ. കുഞ്ഞിനെ പക്ഷേ ഏടത്തിയുടെ ഭർത്താവു കൂടെ കൊണ്ട് പോയില്ല...."
പെട്ടെന്ന് അകത്തു നിന്നും ഒരു വിളി കേട്ടൂ...
രമ്യ അകത്തേയ്ക്കു നോക്കി വിളിച്ചൂ
"കണ്ണാ..."
അകത്തു നിന്നും ഒരു കുഞ്ഞു തല എന്നെ എത്തി നോക്കി. പിന്നെ പതുക്കെ വന്നു രമ്യയുടെ പിന്നിലൊളിച്ചൂ..
രമ്യ പറഞ്ഞു
"ഏട്ടൻ്റെ മകൻ ആണ്.."
കണ്ണൻ...
കിച്ചുവേട്ടന് നിർബന്ധം ആയിരുന്നൂ കുട്ടി ആണ് ആണെങ്കിൽ കണ്ണൻ എന്ന് വിളിക്കണം എന്ന്.."
ഞാൻ അവനെ കൈ നീട്ടി വിളിച്ചൂ. ആദ്യം ഒന്ന് മടിച്ചെങ്കിലും അവൻ എൻ്റെ അടുത്തേയ്ക്കു വന്നൂ.
അവനെ ഞാൻ എടുക്കുമ്പോൾ എൻ്റെ കൈകൾ വിറച്ചൂ..
ഞാൻ അവിടെ ഇരുന്നൂ.. കണ്ണുകൾ നിറഞ്ഞൊഴുകി..
പതുക്കെ ഞാൻ അവരുടെ വിവരങ്ങൾ തിരക്കി..
"ഏട്ടൻ പോയിട്ട് കുറച്ചു നാൾ കഴിഞ്ഞതും കഴിഞ്ഞതും അച്ഛൻ പോയി. ഇപ്പോൾ അമ്മയും ഞാനും മോനും ഇവിടെ ഉണ്ട്. അമ്മ അധികം ആരോടും സംസാരിക്കാറില്ല. ഈ കണ്ണൻ ആണ് അമ്മയ്ക്ക് ഇപ്പോൾ എല്ലാം. ഇവൻ കൂടെ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ പണ്ടേ ഞങ്ങൾ ആത്മഹത്യ ചെയ്തേനെ.."
അവിടെ നിന്നും ഇറങ്ങുമ്പോൾ മനസ്സിൽ കുറ്റബോധം നിറഞ്ഞു.
ഏതായാലും കിച്ചുവിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാമായിരുന്നൂ. അവൻ ബാക്കി വച്ചതു ഞാൻ പൂർത്തിയാക്കണം..
...............................
"മോളെ, കണ്ണൻ്റെ കാലിൽ വീണു അനുഗ്രഹം വാങ്ങിക്കു.."
'അമ്മ പറഞ്ഞതും അവൾ എൻ്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി.
അവളുടെ കഴുത്തിൽ താലി വീഴുമ്പോൾ എൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നൂ.
പത്തു ദിവസ്സം ലീവ് എടുത്ത ഞാൻ ഒന്നും വക വയ്ക്കാതെ അത് ഒരു മാസത്തേയ്ക്ക് നീട്ടിയിരുന്നൂ.
ഭാര്യ അവൾ എന്തും പറയട്ടെ . എനിക്ക് കുറച്ചു കടങ്ങൾ എങ്കിലും വീട്ടണം . എനിക്കായി കുറച്ചു നാൾ ജീവിക്കണം. മരിക്കുമ്പോൾ ഒരു ദിവസ്സം പോലും ജീവിച്ചില്ല എന്ന് തോന്നരുത്.
ഒത്തിരി അന്വേഷണങ്ങൾക്കു ശേഷം ആണ് ദത്തു നിൽക്കുവാനും കിച്ചുവിൻ്റെ മോനെ നോക്കുവാനും തയ്യാറുള്ള ഒരു പയ്യനെ രമ്യക്കായി കിട്ടിയത്.
ആ വിവാഹം അങ്ങനെ മംഗളമായി നടന്നൂ..
നാളെ തിരിച്ചു പോകണം. കടമ തീർത്തിരിക്കുന്നൂ..
പിറ്റേന്ന് വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി..
ആ തോടിനരികിൽ പോകണം .അവിടെ അവൻ കാത്തു നില്പുണ്ടാകും. എനിക്കറിയാം. അവസാനമായി എൻ്റെ കിച്ചുവിനോട് ഒന്ന് യാത്ര പറയണം..
അവനോടു യാത്ര പറഞ്ഞിട്ടാണ് ഞാൻ കാറിൽ കയറിയത്. അപ്പോഴേക്കും കണ്ണൻ കരച്ചിൽ തുടങ്ങി.അവനും കാറിൽ വരണമത്രേ. കൊണ്ട് വിടുവാൻ വേറെ ആരും വേണ്ട എന്ന് തീരുമാനിച്ചാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്.
പിന്നെ രമ്യയും ഭർത്താവും കണ്ണനെയും കൂട്ടി ഒപ്പം വന്നൂ.
എയർപോർട്ടിൽ എത്തിയതും കണ്ണനു ഒരു ഉമ്മ കൊടുത്തു, വേഗം അവരോടു യാത്ര പറഞ്ഞു ഞാൻ മുന്നോട്ടു നീങ്ങി.
പെട്ടെന്ന് പുറകിൽ നിന്നും ഒരു വിളി കേട്ടൂ..
"കണ്ണാ..."
ഞാൻ തിരിഞ്ഞു നോക്കി..
എൻ്റെ കണ്ണൻ മോൻ, അവൻ അന്നാദ്യമായി എന്നെ പേരെടുത്തു വിളിച്ചൂ...
"ഇനി എപ്പോഴാ വരാ കണ്ണാ.."
അവൻ്റെ ഭാഷയിൽ അവൻ വാക്കുകൾ പെറുക്കി പെറുക്കി ചോദിച്ചൂ.
എൻ്റെ കിച്ചു, അവസാനമായി കണ്ടപ്പോൾ എന്നോട് ചോദിച്ച അതെ ചോദ്യം.
അന്ന് അതിനു ഞാൻ മറുപടി നൽകിയിരുന്നില്ല. കാരണം എനിക്ക് എന്നെ നഷ്ടമായിരുന്നൂ. പക്ഷേ ഇന്ന് എനിക്ക് അതിനുള്ള മറുപടി ഉണ്ട്.
ഞാൻ ഓടി ചെന്ന് അവനെ വാരി എടുത്തൂ..
പിന്നെ പറഞ്ഞു
"ഇനി എല്ലാ വർഷവും മോനെ കാണുവാൻ ഞാൻ വരും. ഇല്ലെങ്കിൽ മോൻ അവിടെ വരണം എന്നെ കാണുവാൻ.."
അത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നൂ..
"കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല. ചില കാര്യങ്ങൾക്കു ജീവിതത്തിൽ സമയം കണ്ടെത്തേണ്ടിയിരിക്കുന്നൂ. ജീവിതം ഒരു പുസ്‌തകം ആയിരുന്നെങ്കിൽ ഇഷ്ടമില്ലാത്ത പേജുകൾ തിരിച്ചു നോക്കി കീറി മാറ്റാമായിരുന്നൂ. ചിലതൊക്കെ മായിച്ചു കളഞ്ഞു പുതിയതായി എഴുതി ചേർക്കാമായിരുന്നൂ. പക്ഷേ ഇവിടെ അത് പറ്റില്ലല്ലോ. നാളെ കുറ്റബോധത്തിൽ ജീവിക്കുന്നതിലും നല്ലതല്ലേ ഇന്നേ വേണ്ടത് ചെയ്യുന്നത്..."
..........................................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ