ചിത്തരോഗി CHITHAROGI, E, A, N, P, KZ, K, AP, G
"ഭ്രാന്തൻ പോണേ.. ഹോയ്... ഓടടാ ഭ്രാന്താ.."
കുട്ടികളുടെ അട്ടഹാസം ചുറ്റിനും മുഴങ്ങുന്നൂ.
ഞാൻ വേഗം പുറത്തേക്കിറങ്ങി.
അതേ മോൻ അവിടെ നില്പുണ്ട്. എൻ്റെ പൊന്നുമകൻ
നാട്ടുകാർക്ക് അവൻ ഭ്രാന്തൻ കൊച്ചുരാമൻ...
ഒരമ്മയുടെ മനസ്സു ആ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുമോ. അവനെ അവർ ഭ്രാന്തൻ എന്ന് വിളിക്കുമ്പോഴെല്ലാം നീറുന്നത് ഈ നെഞ്ചകം ആണ്. അവൻ്റെ ഈ അവസ്ഥ കണ്ടു നീറിയാണ് അവൻ്റെ അച്ഛൻ പോയത്.
വേഗം അവൻ്റെ അടുത്തേയ്ക്കു ഓടി ചെന്നൂ. വേഗം ചെന്നില്ലെങ്കിൽ അവൻ്റെ മേലാണ് കുട്ടികൾ കല്ലെറിഞ്ഞു കളിക്കുക. അതിനെ പ്രോത്സാഹിപ്പിക്കുവാൻ മുതിർന്നവരും ഉണ്ട്.
കല്ല് കൊള്ളുമ്പോൾ മറ്റു മനുഷ്യരെ പോലെ തന്നെയാണ് അവനും വേദനിക്കുക.
ഭ്രാന്തൻമ്മാർ മനുഷ്യർ അല്ലെന്നാണോ..
"ഭ്രാന്തൻ കൊച്ചുരാമൻ കുട്ടികളെ പിടിച്ചു തിന്നുമത്രെ. കൊച്ചുകുട്ടികളെ പേടിപ്പിക്കുവാൻ അമ്മമാർ അവൻ്റെ പേരാണ് ഉപയോഗിക്കുക.."
പക്ഷേ കുട്ടികൾ എറിയുന്ന ആ കല്ലുകൾ ഓരോന്നും വീഴുന്നത് ഈ നെഞ്ചിലാണ്. മുതിർന്നവർ പറയുന്ന ഓരോ വാക്കുകളും തറഞ്ഞിറങ്ങുന്നതാണ് എൻ്റെ മനസ്സിലാണ്..
കൈ വളരുന്നോ കാല് വളരുന്നോ എന്ന് നോക്കി താഴെത്തെങ്ങും വയ്ക്കാതെ ഞാൻ വളർത്തിയ എൻ്റെ ഉണ്ണി.
എൻ്റെ ദേവി എൻ്റെ കണ്ണുനീർ നീ കാണുന്നില്ലേ..
അവനെ ഞാൻ അവിടെ നിന്ന് കൂട്ടി കൊണ്ട് വന്നു ചങ്ങലയിൽ ഇട്ടൂ. ഒരു പരാതിയും കൂടാതെ അവൻ അതിനു സമ്മതിച്ചൂ.
ചങ്ങല മുറുകി ആ കാല് മുഴുവൻ പഴുത്തിരിക്കുന്നൂ...
പെറ്റ വയർ ഇതെങ്ങനെ സഹിക്കും.
ഇനി ഇപ്പോൾ മൂത്തവൻ വരുമ്പോൾ ബാക്കി ഞാൻ കേൾക്കണം. ഇങ്ങനെ ഒരു അനുജൻ ഉള്ളത് അവനു നാണക്കേടാണ്. വിവാഹത്തിന് എന്നെ പോലും അവൻ കൊണ്ട് പോയില്ല. ഈ വീട്ടിലേയ്ക്കു മരുമകളെ അവൻ കൊണ്ട് വന്നില്ല. അവൻ അവളോടൊപ്പം അവളുടെ വീട്ടിൽ താമസിക്കുന്നൂ.
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മയുണ്ട്.
അന്ന് കൊച്ചുരാമൻ്റെ ഇരുപത്തഞ്ചാം പിറന്നാൾ ആയിരുന്നൂ. രാത്രി കൂട്ടുകാരോടൊപ്പം സെക്കന്റ് ഷോ കാണുവാൻ അവൻ പോയി. എൻ്റെ കുട്ടിക്ക് ഇരുട്ടിനെ ഭയമാണ്. എത്ര ഞാൻ പറഞ്ഞു നോക്കി പോകേണ്ട എന്ന്. കൂട്ടുകാർ അവനെ നിർബന്ധിച്ചു കൂടെ കൊണ്ട് പോവുകയായിരുന്നൂ. തിരിച്ചു അവനെ വീട്ടിൽ എത്തിക്കാം എന്ന് അവർ പറഞ്ഞു, അതുകൊണ്ടു മാത്രമാണ് ഞാൻ സമ്മതം മൂളിയത്.
അല്ലെങ്കിലും അവൻ ഇള്ളകുട്ടി അല്ലല്ലോ എന്ന് ഞാനും ഓർത്തൂ..
സിനിമ കഴിഞ്ഞു ഒത്തിരി നേരം ആയിട്ടും അവൻ വന്നില്ല. അയൽപക്കത്തെ ചെക്കൻ ആണ് വന്നു പറഞ്ഞത് അവൻ ബോധം കെട്ടു പാടത്തു കിടക്കുന്ന കാര്യം. ബോധം കെട്ടു കിടക്കുന്ന അവനെ നാട്ടുകാർ ആണ് വീട്ടിൽ എത്തിച്ചത്. ബോധം വന്നിട്ടും പിന്നെ എൻ്റെ കുട്ടി ഒന്നും മിണ്ടിയിട്ടില്ല. പതിയെ പതിയെ അവൻ എല്ലാം മറന്നൂ. ചിലപ്പോഴെല്ലാം അവൻ പൊട്ടിക്കരഞ്ഞു.
അങ്ങനെയാണ് അവനെ ആശുപത്രിയിൽ എത്തിച്ചത്. അവർ ഷോക്ക് കൊടുക്കുന്നത് നോക്കി നിൽക്കുവാൻ എനിക്കായില്ല.
നേർച്ചകൾ ഒന്നും ഫലം കണ്ടില്ല.
എല്ലാം എൻ്റെ വിധി.
അവനു നാളെ വയസ്സ് ഇരുപത്തെട്ടു വയസ്സ് തികയും. ഇനി എന്ത് എന്നെനിക്കറിയില്ല..
..................
"അമ്മേ, രാമൻ ഇന്ന് പുറത്തു പോയോ.."
മൂത്ത മകൻ്റെ ശബ്ദത്തിലെ കാർക്കശ്യം എനിക്ക് മനസ്സിലായി.
കൊച്ചുരാമൻ പുറത്തു പോകുന്നത് അവനിഷ്ടമല്ല. നാട്ടുകാർ ആരെങ്കിലും വിളിച്ചു പരാതി പറഞ്ഞു കാണും.
ഒരു പത്തു നിമിഷം എൻ്റെ കുട്ടി പുറം ലോകം കണ്ടതിനാണ് ആളുകൾ പ്രശ്‌നം ഉണ്ടാക്കുന്നത്.
"മോനെ ഞാൻ അവനു ഊണ് കൊടുത്തു കഴിഞ്ഞു, അവൻ്റെ ചങ്ങലയിട്ടു പൊട്ടിയ കാലിൽ മരുന്ന് പുരട്ടുവാൻ ഒന്ന് തുറന്നു കൊടുത്തതാണ്. അപ്പോഴാണ് അടുക്കളയിൽ പൂച്ച കയറിയത്. അത് നോക്കുവാൻ ഞാൻ അടുക്കളയിലേയ്ക്ക് പോയതും അവൻ പുറത്തേക്കിറങ്ങി. അവൻ റോഡിലെത്തിയതും ഞാൻ ഓടിച്ചെന്നു അവനെ പിടിച്ചു പൂട്ടി. അവൻ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല മോനെ."
"എനിക്കൊന്നും കേൾക്കണ്ട. ശവം, അവൻ കാരണം എനിക്ക് പുറത്തിറങ്ങി നടക്കുവാൻ വയ്യ. എൻ്റെ ജനിക്കുവാൻ പോകുന്ന കുഞ്ഞിന് വരെ അവൻ നാണക്കേട് ഉണ്ടാക്കും. വിഷം കൊടുത്തു ഞാൻ തന്നെ അവനെ കൊല്ലേണ്ടി വരും. ഇല്ലെങ്കിൽ എൻ്റെ കുഞ്ഞിനെ അവൻ്റെ പേരും പറഞ്ഞു നാട്ടുകാർ കളിയാക്കും "
കുറേ ചീത്ത പറഞ്ഞതിന് ശേഷം ചാടി തുള്ളി മൂത്ത മകൻ പോയി.
അവൻ പറഞ്ഞ വാക്കുകൾ ഓരോന്നും ഈ മനസ്സിൽ ആണ് തറച്ചത്.
...........................................
എൻ്റെ കൊച്ചുരാമൻ നല്ലവണ്ണം പഠിക്കുമായിരുന്നൂ . ബിരുദം കഴിഞ്ഞു ഒരു ജോലിക്കായി കാത്തുനിൽക്കുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇനി എനിക്ക് വയ്യ.
എൻ്റെ കാലം കഴിഞ്ഞാൽ അവനു ആരുമില്ല.
എന്താ വേണ്ടത് എന്ന് എനിക്കറിയാം. അനുജനെ കൊന്നെന്ന പാവം എൻ്റെ മൂത്ത മകന് വേണ്ട..
......................
"മോനെ, ഇന്ന് അമ്മ വാരി തരാട്ടോ. ഇന്നെൻ്റെ മോൻ്റെ പിറന്നാൾ അല്ലെ.."
അവന് ഒന്നും മനസ്സിലാകുന്നുണ്ടാകില്ല അതെനിക്കറിയാം. എങ്കിലും എൻ്റെ കുട്ടി തലയാട്ടി നല്ല കുട്ടിയായി അവിടെ ഇരുന്നൂ.
ഓരോ ഉരുള ചോറ് കൊടുക്കുമ്പോഴും എൻ്റെ കണ്ണ് നിറഞ്ഞു. ഇനി ഒരിക്കലും ആരും എൻ്റെ മോനെ കല്ലെറിയില്ല.
ഇനി ലോകത്തിൽ ഭാരമായി അവനുണ്ടാവില്ല. അവനില്ലാത്ത ലോകത്തിൽ ഞാനും ഉണ്ടാകില്ല.
പായസം ഞാൻ അവൻ്റെ കൈയ്യിലേയ്ക്ക് വച്ചതും, അത് മറിഞ്ഞു പോയി. ആ പായസത്തിൽ ആണ് ഞാൻ വിഷം കലർത്തിയിരുന്നത്.
ആ നിമിഷം പുറത്തു നിന്നും ഒരു വിളി കേട്ടൂ. ഞാൻ വേഗം പുറത്തേയ്ക്കു ചെന്നൂ.
"ആരാ അവിടെ?"
"എന്താ അമ്മയ്ക്ക് എന്നെ മനസ്സിലായില്ലേ.."
"മോൾ രവിയുടെ അനിയത്തിയല്ലേ. മീനു .."
"അതേ അമ്മേ, രവിയേട്ടനെ അമ്മ മറന്നിട്ടില്ല അല്ലേ.."
"ഇല്ല മോളെ, അവൻ സുഖമായിരിക്കുന്നോ.."
"അപ്പോൾ അമ്മ ഒന്നും അറിഞ്ഞില്ലേ..
അവളുടെ കണ്ണുകൾ നിറഞ്ഞു. കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല.
പിന്നെ പറഞ്ഞു
"എൻ്റെ രവിയേട്ടൻ പോയമ്മേ. എല്ലാം പെട്ടെന്നായിരുന്നൂ. ഏട്ടൻ ഒരു അപകടത്തിൽ പെട്ടൂ. ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നൂ. ശസ്ത്രക്രിയ നടന്നൂ. എല്ലാം ശരിയാവുമെന്നു ഡോക്ടർ പറഞ്ഞു.
പക്ഷേ....
ഇപ്പോൾ വർഷം ഒന്ന് കഴിഞ്ഞു."
"പാവം രവി..ഞാൻ വീടിനു പുറത്തിറങ്ങുന്നതു തന്നെ ആശുപത്രിയിൽ പോകുവാൻ മാത്രമാണ്, ആവശ്യമുള്ള സാധനങ്ങൾ എല്ലാം മൂത്തവൻ എത്തിക്കും. എൻ്റെ ലോകം എന്നേ അടഞ്ഞു പോയിരിക്കുന്നൂ മോളെ. കൊച്ചുരാമൻ്റെ കൂട്ടുകാർ ഒന്നും അവൻ ഇങ്ങനെ ആയതിൽ പിന്നെ ഈ വഴിക്കു വരാറില്ലല്ലോ. നാട്ടുകാർക്കും ഞങ്ങൾ ശാപം കിട്ടിയവർ അല്ലെ. അതുകൊണ്ടു തന്നെ ഒന്നും അറിയാറില്ല."
"എല്ലാം എനിക്കറിയാം അമ്മെ, പക്ഷേ അമ്മ അറിയാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട്. അതെല്ലാം പറയുവാൻ ആണ് ഞാൻ വന്നത്.."
"മോൾ അകത്തേക്ക് വരൂ.."
"എനിക്ക് രാമേട്ടനെ ഒന്ന് കാണണം.."
"ആഹാ അമ്മ പായസം ഒക്കെ ഉണ്ടാക്കിയിട്ടുണ്ടല്ലോ. എനിക്കും കുറച്ചു വേണം."
"ഇല്ല മോളെ അത് ആരും കഴിക്കേണ്ട.."
"അതെന്താ അമ്മെ.."
എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എനിക്കെല്ലാം മനസ്സിലായി. അമ്മ കരയേണ്ട. ഇനി അമ്മയ്ക്ക് ഞാൻ ഉണ്ട്.."
അവൾ പറഞ്ഞു തുടങ്ങി
"അന്ന് രാമേട്ടനെയും കൂട്ടി രവിയേട്ടനും മറ്റു കൂട്ടുകാരും സിനിമയ്ക്ക് പോയില്ലേ. സിനിമ കഴിഞ്ഞതും അവർ രാമേട്ടനെ അങ്ങ് പാടത്തു കൂടെയുള്ള വഴിയിലൂടെ പറഞ്ഞു വിട്ടൂ. രാമേട്ടൻ സൈക്കിളിൽ അതിലൂടെ വരുമ്പോൾ ഏട്ടനെ പേടിപ്പിക്കുവാൻ അവർ അവിടെ വഴിയിൽ ഒരു തമാശ ഒപ്പിച്ചിരുന്നൂ. യക്ഷിയുടെ പോലെ വേഷം ധരിച്ചു ഒരുത്തൻ അവിടെ വച്ച് ഏട്ടനെ പേടിപ്പിച്ചൂ. ഏട്ടൻ ബോധം കെട്ടു വീണതും അവരെല്ലാം ഓടി വന്നൂ. എത്ര വിളിച്ചിട്ടും കൊച്ചുരാമേട്ടൻ എഴുന്നേറ്റില്ല. അതോടെ പേടിച്ചു എല്ലാവരും സ്ഥലം വിട്ടൂ. ആ ചെറിയ തമാശ ഒരാളുടെ ജീവിതം ഇങ്ങനെ ആക്കുമെന്ന് രവിയേട്ടൻ കരുതിയില്ല. എന്നും ഏട്ടന് ആ കുറ്റബോധം ഉണ്ടായിരുന്നൂ."
ഞാൻ ഒന്നും മിണ്ടിയില്ല. രാമന് ഭ്രാന്തു വന്നതിൽ പിന്നെ രവിയോ മറ്റു കൂട്ടുകാരോ വന്നിട്ടില്ല. അത് നാണക്കേട് കൊണ്ടാകുമെന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്.
"അമ്മ വിഷമിക്കരുത്. ഞാൻ നല്ലൊരു ഡോക്ടറെ കണ്ടെത്തിയിട്ടുണ്ട്. ഇനി ഏട്ടനെ അവിടെ ചികിത്സിപ്പിക്കാം. ഇത് എൻ്റെ കടമയാണ്.."
ഞാൻ ഒന്നും പറഞ്ഞില്ല.
അവൾക്കൊപ്പം ഞാനും അവനെയും കൂട്ടി ആ ആശുപത്രിയിൽ ചെന്നൂ. കാര്യങ്ങൾ എല്ലാം ഡോക്ടർക്കു അറിയാമായിരുന്നു. പതിയെ പതിയെ അവർ അവനെ ജീവിതത്തിലേയ്ക്ക് കൊണ്ട് വന്നൂ. രണ്ടു വർഷത്തോളം ആ ചികിത്‌സാ തുടർന്നൂ.
എല്ലാം അസുഖവും മാറി എനിക്ക് എൻ്റെ മോനെ തിരിച്ചു കിട്ടി.
അസുഖം മാറിയിട്ടും അവൻ എൻ്റെ കൂടെ തിരികെ നാട്ടിലേയ്ക്ക് വരുവാൻ തയ്യാറായില്ല.
അവൻ എന്നോട് ഒന്ന് മാത്രം പറഞ്ഞു
"ഒരിക്കൽ ചിത്തരോഗി എന്ന് പേര് വന്നാൽ പിന്നെ ഒരിക്കലും ആ പേരിൽ നിന്ന് മോക്ഷം കിട്ടില്ലല്ലോ അമ്മേ. ഞാൻ ചെയ്യുന്ന എന്തിലും കുറ്റം കണ്ടുപിടിക്കുവാൻ മാത്രമേ നാട്ടുകാരും വീട്ടുകാരും ശ്രമിക്കൂ. എൻ്റെ ലോകം ഇവിടെ അവസാനിക്കുകയാണ്."
പിന്നെ അവൻ എന്നെ ഒന്ന് നോക്കി..
"ഇനി ഞാൻ എന്ത് ചെയ്യണം അമ്മ പറയൂ.."
അതിനുള്ള മറുപടി എനിക്കറിയില്ല.
പക്ഷേ അതിനുള്ള ഉത്തരം പറഞ്ഞത് അവൾ ആയിരുന്നൂ, മീനു
"ശരിയാണ് ഒരു ഭ്രാന്തനായിട്ടെ ഈ ലോകം രാമേട്ടനെ കാണൂ. പക്ഷേ ഞാൻ രാമേട്ടനെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നൂ. എൻ്റെ ഏട്ടൻ മൂലമാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്. അതിനുള്ള ശിക്ഷ ഏട്ടന് കിട്ടി. ഞാൻ എവിടെ പോയാലും അത് എൻ്റെ മനസ്സിനെ വേട്ടയാടും. രാമേട്ടനെ ശരിക്കും ഇഷ്ടപെട്ടിട്ടു തന്നെയാണ് ഞാൻ ഇതു പറയുന്നത്. ഏട്ടൻ ബാക്കി വച്ചിട്ട് പോയ പലതും ഉണ്ട്. ഇനി രാമേട്ടൻ വേണം ആ ബിസിനസ് ഒക്കെ നോക്കി നടത്തുവാൻ. ഏട്ടനെ സഹായിക്കുവാൻ ഞാൻ ഉണ്ടാകും. ഏട്ടനെ മനസ്സിലാക്കുവാൻ ഞാൻ ഉണ്ടാകും എന്നും."
"എൻ്റെ മോളെ നിനക്ക് വലിയ ഒരു മനസ്സുണ്ട്. നിനക്ക് എന്നും നന്മകൾ മാത്രമേ ഉണ്ടാകൂ.."
"ഒരു ജന്മം അല്ലെ അമ്മേ നമുക്കുള്ളൂ. കുറവുകൾ ഉള്ളവർ ഒത്തിരി ഉണ്ട്. ഒരാൾക്കെങ്കിലും ഒരു ചെറിയ നന്മ ഈ ജീവിതത്തിൽ ചെയ്യുവാൻ കഴിഞ്ഞാൽ അതിലും വലിയ പുണ്യം ഉണ്ടോ. എന്നെ മനസ്സിലാക്കുവാൻ രാമേട്ടന് കഴിയും. എനിക്ക് അത് മതി. ആരും ഭ്രാന്തൻ ആയി ജനിക്കുന്നില്ലലോ. നല്ലവർ ചമയുന്ന പലരും എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്. അപ്പോൾ ഇതു ഒരു കുറവല്ല. മനസ്സിലാക്കുവാൻ ഒരാൾ തുണയായിട്ടുണ്ടെങ്കിൽ, സ്നേഹിക്കുവാൻ ഒരാൾ ഉണ്ടെങ്കിൽ ആർക്കും ഭ്രാന്തു വരില്ല.."
അപ്പോൾ എനിക്ക് മനസ്സിലായി. എൻ്റെ പ്രാർത്ഥനകൾ ദൈവം കേട്ടിരിക്കുന്നൂ. എൻ്റെ കുഞ്ഞിൻ്റെ കഷ്ടപ്പാടുകൾ ദൈവം കണ്ടിരിക്കുന്നൂ..
.....................................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ