യോഗ്യത YOGYATHA, FB, E, A, N, K, TMC, G, P, AP, NL, KZ, EK, NA, LF
"ഈ ചെറുക്കൻ എവിടെ പോയി കിടക്കുന്നൂ. കളിക്കുന്ന സ്ഥലത്തു നിന്നും ഇപ്പോൾ വരാമെന്നു പറഞ്ഞു പോയതാണ്. കുറേ നേരമായി.."
ഞാൻ പതിയെ പറമ്പിൽ നിന്നും മനുവിൻ്റെ വീട്ടിലേയ്ക്കു നടന്നൂ.
വീടിനടുത്തെത്തിയതും ഇടിത്തീ പോലെ ആ വാക്കുകൾ എൻ്റെ ചെവിയിൽ തറച്ചൂ.
"മിനി ഇവിടെ വരുന്നത് എനിക്കിഷ്ടമല്ല. എത്രയോ തവണ ഞാൻ അത് പറഞ്ഞിരിക്കുന്നൂ. നിനക്ക് കളിക്കുവാൻ വേറെ കൂട്ടുകാരുണ്ടല്ലോ ഇവിടെ. ആ ചെറ്റക്കൂട്ടങ്ങളെ ഇവിടെ അടുപ്പിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ. വീട്ടിൽ കയറ്റുവാൻ കൊള്ളാത്ത ഇനങ്ങൾ ആണ്. വല്ലതും കക്കാനും മടിക്കില്ല. ഗതിയില്ലാത്ത കൂട്ടർ ആണ്. മനു ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ. നമ്മുടെ സ്റ്റാറ്റസിന് ചേർന്നവരോട് നീ കൂട്ടു കൂടിയാൽ മതി."
"ആ പെണ്ണ് അങ്ങനെ വലിഞ്ഞു കയറി വന്നു കൊള്ളും. നീ ഭക്ഷണം കഴിക്കുമ്പോൾ പോലും നോക്കി വെള്ളമിറക്കി നിൽക്കുന്നത് കാണാം. നിനക്ക് അസുഖം ഒന്നും വരരുതല്ലോ എന്ന് കരുതിയാണ് ഞാൻ ആ പണ്ടാരത്തിനു എന്തെങ്കിലുമൊക്കെ തിന്നുവാൻ കൊടുക്കുന്നത്. പെണ്ണങ്ങു വളർന്നു വലുതാകുന്നുണ്ട്, നിന്നെയും വളച്ചു അവസാനം അവൾ അങ്ങ് കൊണ്ട് പോകും."
അറിയാതെ കണ്ണുകൾ നിറഞ്ഞു.
അവരുടെ വീട്ടിൽ നിന്നും അന്നുവരെ കഴിച്ചതൊക്കെയും വയറ്റിൽ കിടന്നു കുത്തി മറിയുന്നത് പോലെ തോന്നി.
അവർ പറയുന്നത് മുഴുവൻ ഞാൻ അവിടെ നിന്ന് കേട്ടൂ.
ഒരു നാലാം ക്ലാസ്സുകാരിക്ക് അതെല്ലാം മനസ്സിലാക്കാനുള്ള പക്വത ഉണ്ടോ എന്നെനിക്കറിയില്ല.
എനിക്കപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നി. പക്ഷേ ആ നിമിഷം അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ മനസ്സിൽ പലതും ഉറപ്പിച്ചിരുന്നൂ.
അമ്മ എത്രയോ വട്ടം പറഞ്ഞിരിക്കുന്നൂ
"മോളെ, നീ മനുവിൻ്റെ വീട്ടിൽ പോവുന്നത് എന്തിനാണ്?. മോൾ ഇവിടെ ഇരുന്നു കളിച്ചാൽ മതി. അവരുടെ വീട്ടിൽ മോള് ചെല്ലുന്നതു അവർക്കു ഇഷ്ടമല്ല. നമ്മൾ പാവപ്പെട്ടവർ അല്ലെ. അർഹിക്കാത്തതൊന്നും എൻ്റെ മോൾ ആശിക്കരുത്."
അന്നൊക്കെ ഞാൻ അത് കേട്ടില്ല. എല്ലാം എൻ്റെ തെറ്റാണു.
കോളനിയിലെ ചെറ്റക്കൂരയിൽ കഴിയുന്ന ഞാൻ, അവിടെ ചെല്ലുന്നത് സെലീന ചേച്ചിക്ക് പണ്ടേ ഇഷമല്ല. അത് മനസ്സിലാക്കി ഞാൻ മാറണമായിരുന്നൂ.
മനുവിനൊപ്പം കളിക്കാം. പിന്നെ ടീവിയും കാണാം. രണ്ടു ഉദ്ദേശത്തോടെയാണ് ഞാൻ എന്നും അവിടെ പോകാറുള്ളത്
അച്ഛനും അമ്മയ്ക്കും ഞാൻ ഒന്നേ ഉള്ളൂ. കൂലിപ്പണി എടുത്തു കഷ്ടപെട്ടിട്ടാണെങ്കിലും ആ പണം ഉപയോഗിച്ച് നന്നായി തന്നെ അപ്പനും അമ്മയും എന്നെ നോക്കുന്നുണ്ട്.
മനുവിൻ്റെ വീട്ടിലെ പോലെ ഫോറിൻ ചോക്കലേറ്റ്സും ബിസ്‌ക്കറ്റ്സും ഇല്ല എന്നേ ഉള്ളൂ. ഞാൻ ഒരിക്കലും പട്ടിണി കിടന്നിട്ടില്ല. അവർക്കിലെങ്കിലും അപ്പനും അമ്മയും എനിക്കൊന്നിനും ഒരിക്കലും കുറവ് വരുത്തിയിട്ടില്ല.
സെലീന ചേച്ചിക്ക് എന്തോ എന്നെ തീരെ ഇഷ്ടമല്ല.
ഇടയ്ക്കൊക്കെ അമ്മയോട് അവർ ചോദിക്കും.
"മോൾ വലുതായല്ലോ, ഇവിടെ പുര അടിച്ചു വാരാൻ ആഴ്ചയിൽ ഒരിക്കൽ അവളെ വിടൂ. പെൺകൊച്ചല്ലേ പണിയൊക്കെ പഠിച്ചിരിക്കട്ടെ. നിനക്കൊരു സഹായം ആകുമല്ലോ പിന്നീട്."
അമ്മ അത് കേട്ടില്ല എന്ന മട്ടിൽ പോരും.
പ്ലസ് ടു കഴിഞ്ഞതും മനു പേയ്മെന്റ് സീറ്റിൽ എഞ്ചിനീറിങ്ങിനു പോയി . അതോടെ അവരുടെ അഹങ്കാരം കൂടി.
എന്നെ കാണുമ്പോഴൊക്കെ ഒരു പുച്ഛഭാവം ആണ് മുഖത്തു.
ഞാൻ പ്ലസ് ടുവിന് ആർട്സ് ഗ്രൂപ്പ് എടുത്തത് കണ്ടപ്പോൾ അവർ പറഞ്ഞു
"അല്ലെങ്കിലും പെൺപിള്ളേർ അധികം പഠിച്ചിട്ടു എന്തിനാണ്. വല്ലവൻ്റെയും വീട്ടിൽ ചെന്ന് പാത്രം കഴുകുവാൻ ഇതൊക്കെ മതി."
പക്ഷെ ഞാൻ ആർട്സ് ഗ്രൂപ്പ് എടുത്തത് സിവിൽ സർവീസ് പരിശീലനം ഒപ്പം കൊണ്ട് നടക്കുവാൻ വേണ്ടി ആയിരുന്നൂ.
ബിരുദം കഴിഞ്ഞതും ഞാൻ ചെറിയ ഒരു ജോലിക്കു പോയി തുടങ്ങി. അവിടെ നിന്ന് കിട്ടുന്ന പണം മുഴുവൻ എൻ്റെ സിവിൽ സർവീസ് പഠനത്തിന് ഉപയോഗിച്ചു. ആദ്യ വട്ടം കിട്ടിയില്ല. പക്ഷേ രണ്ടാം വട്ടം അത് കിട്ടി. ആഗ്രഹിച്ച പോലെ പോസ്റ്റിങ്ങ് ആയി.
മനു അപ്പോഴേക്കും ഒരു ജോലിയിൽ പ്രവേശിച്ചിരുന്നൂ.
ഇനി അപ്പനെയും അമ്മയെയും കഷ്ടപെടുത്തുവാൻ വയ്യ. അവരെ കൂടെ കൊണ്ട് പോകണം ജോലിസ്ഥലത്തേയ്ക്കു.
റിസൾട്ട് വന്നതറിഞ്ഞു നാട്ടിൽ വലിയ സ്വീകരണമെല്ലാം കിട്ടി. പാവപെട്ട വീട്ടിലെ കുട്ടി ഒരു നേട്ടം കൈ വരിച്ചിരിക്കുന്നൂ. മനസ്സിൽ ഒത്തിരി സന്തോഷം തോന്നിയ നിമിഷം. അപ്പനും അമ്മയും കണ്ണ് നിറഞ്ഞു അത് നോക്കി നിന്നൂ. അവരുടെ അഭിമാനം ആണ് ഞാൻ.
സ്വീകരണം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അമ്മയാണ് എന്നോട് പറഞ്ഞത്.
സെലീന ചേച്ചി പറഞ്ഞത്രേ..
"മനുവിന് പെണ്ണ് നോക്കുന്നുണ്ട്. മിനിയെ വിവാഹം കഴിപ്പിച്ചു കൊടുത്താൽ നന്നായിരുന്നൂ എന്ന് തോന്നുന്നൂ.."
അത് പറയുമ്പോൾ അമ്മയുടെ കണ്ഠം ഇടറിയിരുന്നൂ.
ഞാൻ അമ്മയോട് ചോദിച്ചൂ
"എന്നിട്ടു അമ്മ എന്ത് പറഞ്ഞു"
"എനിക്ക് നിൻ്റെ മനസ്സു അറിയില്ലല്ലോ മോളെ. ഞാൻ നിന്നോട് ചോദിക്കുവാൻ പറഞ്ഞു. നിൻ്റെ നന്മ മാത്രമേ എന്നും ഞങ്ങൾ ആശിച്ചിട്ടുള്ളു. മോൾക്ക് വേണ്ടി അല്ലെ ഞങ്ങൾ ജീവിക്കുന്നത്"
ഞാൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചൂ.
അമ്മ പറഞ്ഞു
"നീ നാളെ അവരെ ഒന്ന് പോയി കാണണം."
അന്ന് രാത്രി ഉറങ്ങുവാൻ കിടക്കുമ്പോൾ പലതും മനസ്സിലൂടെ കടന്നു പോയി.
നല്ല ഒരു സാരി അമ്മ ഉടുത്തു കണ്ടിട്ടില്ല. ആ പാവത്തിന് ഒരു തരി പൊന്നു ഉണ്ടായിരുന്നില്ല. പക്ഷെ എനിക്ക് നല്ല വസ്ത്രങ്ങൾ, സ്വർണ്ണ കമ്മൽ എല്ലാം ഉണ്ടായിരുന്നൂ. ഒരു ക്രിസ്തുമസിന് പോലും അപ്പൻ നല്ലൊരു ഷർട്ട് ഇട്ടു കണ്ടിട്ടില്ല. എല്ലാം അവർ എനിക്കായി മാറ്റി വച്ചൂ.
പിറ്റേന്ന് ഞാൻ അവിടെ കയറി ചെന്നൂ.
ജീവിതത്തിൽ എന്തെങ്കിലും ആവണം എന്ന ഉറപ്പിച്ചതിനു പിന്നിൽ സെലീന ചേച്ചിയുടെ കുത്തലുകൾ ആയിരുന്നല്ലോ. ആ നന്ദി എനിക്കെന്നും ഉണ്ടാകും അവരോട്.
പതിവില്ലാത്ത വിധം ചേച്ചി സ്നേഹം കാണിച്ചൂ. അവർ കൊണ്ട് വന്നു വച്ച ജ്യൂസ് പക്ഷേ ഒരിറക്ക് പോലും എനിക്ക് എടുക്കുവാൻ സാധിച്ചില്ല.
അവിടെ നിന്ന് എന്ത് കഴിച്ചാലും എനിക്ക് അത് ദഹിക്കില്ല. അത്രയ്ക്ക് അന്ന് ഞാൻ വേദനിച്ചിട്ടുണ്ട്...
ചേച്ചി എന്നോട് പറഞ്ഞു
"മനുവിനു ഒത്തിരി നല്ല ആലോചനകൾ വരുന്നുണ്ട്. എത്രയോ വലിയ കുടുംബക്കാർ ആണെന്നോ അവനെ നോട്ടമിട്ടു നടക്കുന്നത്. ഞാൻ ഓർത്തു അറിയാവുന്ന കുട്ടി ആകുമ്പോൾ നമ്മൾ പറയുന്ന ഇടത്തു നിൽക്കുമല്ലോ എന്ന്.."
അവർ പറയുന്ന പൊങ്ങച്ചമെല്ലാം ഞാൻ കേട്ടിരുന്നൂ. സ്വത്തിൻ്റെ കണക്കുകൾ, കിട്ടുവാൻ സാധ്യതയുള്ള സ്ത്രീധനത്തിൻ്റെ കണക്കുകൾ, എന്നെ മനുവിന് വേണ്ടി ആലോചിക്കുന്ന ത്യാഗത്തിൻ്റെ കണക്കുകൾ. അങ്ങനെ പലതും.
പക്ഷേ എനിക്ക് ഈ വിവാഹത്തിന് സമ്മതം ആണോ എന്ന് മാത്രം അവർ ചോദിച്ചില്ല.
അവരുടെ വാചക കസർത്തു അവസാനിച്ചതും ഞാൻ പറഞ്ഞു..
"എനിക്ക് മനുവിനെ ആലോചിച്ചത് ചേച്ചിയുടെ വലിയ മനസ്സ് ആണ്. പക്ഷെ അതിനുള്ള യോഗ്യത എനിക്കില്ല. അവനെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല. എൻ്റെ ഈ പദവി എന്ന് പറയുന്നത് എൻ്റെ അപ്പനും അമ്മയും ഒഴുക്കിയ വിയർപ്പാണ്. എൻ്റെ അപ്പനും അമ്മയും തല കുനിക്കാതെ കയറി വരുന്ന ഒരു വീടാണ് എൻ്റെ സ്വപ്നത്തിൽ ഉളളത്. അവരെ അംഗീകരിക്കുവാൻ ഈ വീടിനൊരിക്കലൂം കഴിയില്ല. ഞാൻ ഒരിക്കലും ഈ വീടിനു ചേർന്ന മരുമകൾ അല്ല. എൻ്റെ പദവി ഈ വീടിനു ചേർന്നത് ആയിരിക്കും. നാളെ ഒരിക്കൽ ഈ പദവി ഇല്ലെങ്കിലും എന്നെ മരുമകൾ ആയി കാണുന്ന ഒരു വീട്ടിലേയ്ക്കു മാത്രമേ ഞാൻ കയറി ചെല്ലൂ. എന്നോട് ക്ഷമിക്കണം.."
അത്രയും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.
പിറ്റേന്ന് അപ്പനെയും അമ്മയെയും കൂട്ടി ഞാൻ എൻ്റെ ജോലി സ്ഥലത്തേയ്ക്ക് മടങ്ങി. ഇനി ഒരിക്കലും അവരുടെ കണ്ണുനീർ എങ്ങും വീഴരുത്.
..............................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ