ആരവങ്ങൾ AARAVANGHAL, FB, E, A, N, KZ, AP, K, G, SXC

"അമ്മേ, എനിക്ക് ആ കോളേജിൽ പഠിക്കണ്ട. നാളെ മുതൽ ഞാൻ പോകില്ല. എനിക്ക് വയ്യ."

എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

"ദേ, ചെറിയ കുട്ടികളെ പോലെ നിന്ന് ചിണുങ്ങാതെ. ഇതിപ്പോൾ എന്താ പറ്റിയത്. ഇത്രയും കാലം അവിടെ അഡ്മിഷൻ കിട്ടണം എന്ന് പ്രാർത്ഥിച്ചിരുന്ന കുട്ടിയാണോ ഇങ്ങനെ പറയുന്നത്.."

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. 

തല താഴ്ത്തി ഒരു മൂലയിൽ ഇരുന്നൂ..

..............................

അമ്മ പറഞ്ഞത് ശരിയാണ്. 

കുഞ്ഞിലേ മുതലുള്ള വലിയ ആഗ്രഹം ആയിരുന്നൂ. പ്രീ ഡിഗ്രിക്ക് ആ കോളേജിൽ പഠിക്കണം എന്നുള്ളത്. പത്താം തരം വരെ വാശിയോടെ പഠിച്ചതും നല്ല മാർക്ക് വാങ്ങിയതും അതിനു വേണ്ടിയാണ്. 

അച്ഛനില്ലാത്ത എന്നെ അത്ര കരുതലോടെയാണ് അമ്മ വളർത്തുന്നത്. ഉണ്ടായിട്ടല്ല അമ്മ എന്നെ കോളേജിൽ വിടുന്നത് അതെനിക്കറിയാം. കൂലിപ്പണി എടുത്തു കിട്ടുന്ന പണം കൊണ്ടാണ് അമ്മ എന്നെ ഇവിടെ വരെ എത്തിച്ചത്.

പാവത്തിന് വയ്യെങ്കിലും മുടങ്ങാതെ പണിക്കു പോകുന്നതും എനിക്ക് വേണ്ടിയാണ്..

പക്ഷേ...

കോളേജിലെ ആദ്യ ദിനങ്ങൾ എനിക്ക് നല്ല ഓർമ്മകൾ ഒന്നും നല്കിയില്ല. ദിവസങ്ങൾ കഴിയുന്തോറും ബുദ്ധിമുട്ടുകൾ ഏറി വന്നൂ. 

ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് വന്ന സുന്ദരികളുടെ ഇടയിൽ അല്പം ജാള്യതയോടെയാണ്  ഞാൻ ഇരുന്നത്. മെറിറ്റ് സീറ്റിൽ ആണ് ഞാൻ വന്നത്.  ഒരു സാധരണ ഗവൺമെൻ്റ് സ്കൂളിൽ നിന്നും വന്ന മലയാളം മീഡിയംകാരിക്കു അവിടെ എന്ത് വിലയുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരെയും എനിക്ക് പേടി ആയിരുന്നൂ..

മറ്റുള്ളവരോട് കൂട്ടുകൂടുവാൻ പോലും മടി തോന്നി. ആരും എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല..

വസ്ത്രത്തിലും ഭാഷയിലും വരെ ഒത്തിരി അന്തരം തോന്നി. 

ക്ലാസ്സിൽ പറയുന്നതൊന്നും പലപ്പോഴും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. 

മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള മാറ്റം. ട്യൂഷന് പോകുവാൻ കൈയ്യിൽ പണമില്ല. സയൻസ് ഗ്രൂപ് എടുത്തതും പ്രശ്‌നമായി. അതിനിടയിലാണ് മറ്റു കുട്ടികളുടെ കളിയാക്കലുകൾ.

എല്ലാം സഹിക്കാം. 

പക്ഷേ അഭിമാനത്തിന് ക്ഷതമേറ്റത്‌ എങ്ങനെ സഹിക്കും.

ഇന്നലെ റാഗ് ചെയ്യുവാൻ വന്നവൾ  ഇംഗ്ലീഷിൽ എന്നെക്കൊണ്ട് പ്രസംഗം പറയിച്ചൂ. പ്രസംഗം പറയുവാൻ കഴിയാതെ നിന്ന എന്നെ അവർ ചുറ്റും നിന്ന് പരിഹസിച്ചൂ. 

എൻ്റെ അടുത്ത് വന്നവൾ പറഞ്ഞു 

"എന്തൊരു വിയർപ്പു നാറ്റം ആണ്. വൃത്തിക്ക് നടന്നു കൂടെ. ഒരു സെൻസും ഇല്ലാതെ കിട്ടിയത് വാരിപെറുക്കി ഇട്ടുകൊണ്ട് വന്നുകൊള്ളും നമ്മുടെ കോളേജിലെ ആണെന്ന് പറയുവാൻ തന്നെ നാണക്കേടു തോന്നുന്നൂ. ഒരു പഠിപ്പുകാരി വന്നിരിക്കുന്നൂ. നിനക്കൊക്കെ ഈ കോളേജിൽ പഠിക്കുവാൻ എന്ത് യോഗ്യത ആണുള്ളത്."

ഞാൻ ഒന്നും പറഞ്ഞില്ല. 

പാവപ്പെട്ടവർ നല്ല കോളേജിൽ പഠിക്കുവാൻ പാടില്ലേ. വൃത്തിയുള്ള വസ്ത്രം പോരെ, ഫാഷൻ വേണം എന്ന് നിർബന്ധം ഉണ്ടോ. 

ശരിയാണ് വില കൂടിയ വസ്ത്രങ്ങളോ മണം കൂടിയ സോപ്പോ, സ്പ്രേയോ ഒന്നും എനിക്കില്ല.നാട്ടിൻപുറത്തെ കടയിൽ നിന്ന് വാങ്ങുന്ന വസ്ത്രം അതാണ് കൂടുതലും ഉള്ളത്. ഇല്ലെങ്കിൽ അവിടെ തന്നെയുള്ള കടയിൽ തുന്നിയ വസ്ത്രം.

 നാലു സെന്ററിലെ ചെറ്റപ്പുരയിൽ നിന്നും പഠിക്കുവാൻ വരുന്നതാണ്. അവിടെ പണത്തിനു കുറവുണ്ട്. 

പക്ഷേ എനിക്ക് ഉറക്കേ വിളിച്ചു പറയണം എന്നുണ്ടായിരുന്നൂ 

"നിങ്ങളുടെ വീട്ടിലെ പോലെയല്ല, എൻ്റെ വീട്ടിൽ സ്നേഹത്തിനു ഒരു കുറവും ഇല്ല. നിങ്ങൾക്ക് ചുറ്റും ജോലിക്കാർ ഉണ്ടാകും. പക്ഷേ എൻ്റെ കൂടെ എന്തിനും അമ്മയുണ്ടാകും. ഞാൻ പടിക്കുമ്പോഴെല്ലാം കൂടെ ഇരിക്കുന്ന അമ്മ ."

പക്ഷേ നാണക്കേട് കാരണം വാക്കുകൾ ഒന്നും പുറത്തേയ്ക്കു വന്നില്ല. 

ക്ലാസ്സിൽ എത്തിയിട്ടും മനസ്സ് വിങ്ങുകയായിരുന്നൂ.

ആദ്യത്തെ  പിരീഡ് ബയോളജി ആയിരുന്നൂ. 

 പെട്ടെന്ന് ടീച്ചർ ചോദ്യം ചോദിച്ചൂ. 

"Tell me, What  is the difference between Racemose and Cymose inflorescence ?"

എൻ്റെ നേരെ ആയിരുന്നൂ ആ ചോദ്യം.

കാണാതെ പഠിച്ചതെല്ലാം മനസ്സിൽ ഉണ്ടായിരുന്നില്ല. നാണക്കേടിൽ അതെല്ലാം മുങ്ങിരുന്നൂ. വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു. മനസ്സു നിറയെ ദുഃഖം ആയിരുന്നൂ.

ആ മണ്ടത്തരങ്ങൾ കേട്ട് ക്ലാസ്സു മുഴുവൻ ചിരിച്ചൂ..

ടീച്ചറും അവരോടൊപ്പം ചേർന്ന് പൊട്ടിചിരിച്ചൂ, ഒപ്പം ഒരു ഡയലോഗും..

"From where all these bullshits are coming for the class"

ഞാൻ വേദനയോടെ എൻ്റെ സീറ്റിൽ ഇരുന്നൂ.

അന്ന് ആദ്യമായി ഞാൻ മനസ്സിലോർത്തൂ.

"എന്തിനാണ് പാവപ്പെട്ട വീട്ടിൽ കുട്ടികൾ ഉണ്ടാകുന്നതു. മറ്റുള്ളവരുടെ പരിഹാസം കേൾക്കുവാനോ. അവർക്കു മനസ്സില്ലെ, അവർക്കു അഭിമാനം ഇല്ലേ..."

"എൻ്റെ  ദൈവമേ ഒന്നും ഇല്ലാ എന്നറിഞ്ഞിട്ടു കൂടി എന്തിനാണ് എൻ്റെ അച്ഛനെ തിരിച്ചെടുത്തത്. എനിക്കും അമ്മയ്ക്കും ആരുമില്ലാതെ നീ ആക്കിയില്ലേ.?"

...........................

പെട്ടെന്ന് അമ്മ എന്നെ തട്ടി വിളിച്ചൂ..

"എന്താ മോളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്.."

ഞാൻ അമ്മയോട് എല്ലാം പറഞ്ഞു. 

അമ്മയ്ക്ക് അത് ഒത്തിരി വിഷമം ആയ പോലെ തോന്നി. ഒരിക്കൽ പോലും മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ടോ വൃത്തിയില്ലാതെയോ അമ്മ എന്നെ പുറത്തു അയച്ചിട്ടില്ല. 

അച്ഛൻ്റെ ഫോട്ടോയുടെ മുന്നിലേയ്ക്ക് അമ്മ എന്നെ കൊണ്ട് പോയി. ഈ ഒറ്റമുറി വീട്ടിൽ ഏറ്റവും വൃത്തിയായി, പരിപാവനം ആയി അമ്മ കാണുന്ന സ്ഥലം. 

അവിടെ വച്ച് അമ്മ പറഞ്ഞു 

"എൻ്റെ മോൾ ഇനി ഒരിക്കലും കരയരുത്. വില കൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ അല്ല മോളെ ഒരാളെ വലിയവൾ ആക്കുന്നത്. നീ അവിടെ പോയത് ഫാഷൻ കണ്ടു പഠിക്കുവാനാണോ, അല്ല വിദ്യ എന്ന ധനം സ്വന്തമാക്കുവാൻ ആണ്. മറ്റുള്ളവർ എത്ര വിഷമിപ്പിച്ചാലും എൻ്റെ മോൾ പിടിച്ചു നിൽക്കണം. അന്തിമ വിജയം നിൻ്റെതു മാത്രം ആയിരിക്കും. ദൈവം  നിൻ്റെ മനസ്സു കാണുന്നുണ്ട്..."

അമ്മ എൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി..

 മോളെ നീ പഠിച്ചു ഒരു ഡോക്ടർ ആവണം എന്നുള്ളത് അച്ഛൻ്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നൂ. സമയത്തിനു ചികിത്സ കിട്ടാതെയാണ് നിൻ്റെ അച്ഛൻ പോയത്.നമുക്ക് പണത്തിനു കുറവുണ്ട്. പക്ഷേ നിനക്ക് വേണ്ടി മരിക്കുവാൻ വരെ തയ്യാറായി ഞാൻ ഇല്ലേ. നിൻ്റെ അച്ഛൻ പോയപ്പോൾ ഞാൻ തളർന്നു പോയിരുന്നെങ്കിൽ, നമ്മൾ എന്ത് ചെയ്തേനെ..? ഇനി ഒരിക്കലും മോൾ തളരരുത്. വാശിയോടെ നീ പഠിക്കണം. ആ കോളേജിൽ നിന്ന് പുറത്തു നീ ഇറങ്ങുമ്പോൾ നിന്നെ കളിയാക്കിയവരൊക്കെ ആർപ്പു വിളിക്കണം. പാവപ്പെട്ടവർക്കും പലതും സാധിക്കുമെന്ന് നീ തെളിയിക്കണം."

അമ്മ എൻ്റെ കണ്ണുകൾ തുടച്ചൂ..

അവിടെ വച്ച് ഞാൻ അച്ഛന് മനസ്സുകൊണ്ട് വാക്ക് കൊടുത്തൂ. 

ഒരിക്കൽ എൻ്റെ അമ്മയുടെ അഭിമാനം ആവും ഞാൻ. ഇനി ഒരിക്കലും ഞാൻ തളരില്ല.

.............................

"അമ്മേ, പ്രിൻസിപ്പാൾ വരുന്നുണ്ട്.."

ഉള്ളതിൽ വില കൂടിയ സാരി അടുത്താണ് അമ്മ എൻ്റെ അടുത്ത് നിൽക്കുന്നത്.

പെട്ടെന്നു പ്രിൻസിപ്പാൾ ചോദിച്ചൂ..

"നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നത്. വേദിയുടെ മുന്നിൽ തന്നെ നിങ്ങൾ രണ്ടുപേരും വേണം. എൻ്റെ കോളേജിൻ്റെ അഭിമാനം ആണിവൾ.."

അമ്മയും ഞാനും തല ഉയർത്തി പ്രിൻസിപ്പാളിൻ്റെ കൂടെ മുന്നിലേയ്ക്ക് നടന്നൂ.

ആ പഴയ പെൺകുട്ടിയാണ് ഞാൻ. ഇപ്പോഴും വില കൂടിയ വസ്ത്രങ്ങൾ ഇല്ല..

പക്ഷേ ചെറിയ ഒരു വ്യത്യാസം ഉണ്ട്...

 മെഡിക്കൽ എൻട്രസ് പരീക്ഷയിൽ നാലാം റാങ്കും, പ്രീഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്കും ഉണ്ട്.

ഇനി പേടിക്കുവാൻ ഇല്ല. ഈ കോളജിൻ്റെ ചെയർമാൻ എൻ്റെ പഠനം സ്പോൺസർ ചെയ്യാം എന്ന് വാക്ക് തന്നിട്ടുണ്ട്. ഇന്നത്തെ മീറ്റിംഗിൽ അതിനുള്ള ആദ്യത്തെ ഗഡു അവർ അമ്മയെ ഏല്പിക്കും.

പ്രിൻസിപ്പാൾ സ്റ്റേജിലേയ്ക്ക് എന്നെയും അമ്മയെയും വിളിച്ചൂ.

ചുറ്റിലും ഉയർന്ന ആരവങ്ങൾക്കിടയിലൂടെ ഞാനും അമ്മയും വേദിയിലേയ്ക്ക് നടന്നൂ. 

അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ, ഒപ്പം എൻ്റെയും.

..............................സുജ അനൂപ് 


 

 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA