രക്തബന്ധം RAKTHABANDHAM E, N, A, K, AP,KZ, P, LF, G, SXC, EK, QL, NA

 "നിനക്ക് എൻ്റെ കൂടെ ഇറങ്ങി വന്നൂടെ. ഇനി എത്ര നാൾ ഞാൻ കാത്തിരിക്കണം. എൻ്റെ വീണേ"

പള്ളിയിൽ നിന്നും ഇറങ്ങി, നാട്ടുവഴിയിലൂടെ നടക്കുമ്പോൾ സാധാരണ നിൽക്കുന്ന ഭാഗത്തു മഹി കാത്തു നില്ക്കുന്നുണ്ടായിരുന്നൂ. കാണുമ്പോൾ എന്നും ആ ഒരു ചോദ്യം ചോദിക്കുവാൻ മഹി മറക്കാറില്ല. 

ഉത്തരം കിട്ടില്ല എന്നറിഞ്ഞിട്ടും..

എനിക്ക് മഹിയുടെ ഈ ചോദ്യത്തിനുള്ള ഉത്തരം അറിയില്ല. 

"ഇന്നും കുഴിമാടത്തിൽ പോയി കരഞ്ഞോ..?"

ഞാൻ മഹിയെ നോക്കി ചിരിച്ചൂ.

അമ്മയുടെ കുഴിമാടത്തിൽ പോയി കരയുമ്പോൾ ആണ് എനിക്ക് കുറച്ചു ആശ്വാസം കിട്ടുന്നത്. ഒരാഴ്ചയിലെ ദുഃഖം മുഴുവൻ ഞാൻ അവിടെ തീർക്കും. 

ജോലി സ്ഥലത്തു വച്ചാണ് ഞാൻ മഹേഷിനെ കണ്ടു മുട്ടുന്നത്. ആദ്യനോട്ടത്തിലെ തന്നെ എനിക്ക് മഹിയെ ഇഷ്ടമായി. അല്ലെങ്കിലും ജാതിയും സാമ്പത്തികവും നോക്കിയല്ലല്ലോ നമ്മൾ പ്രണയിക്കുന്നതു.

പക്ഷേ എൻ്റെ ബന്ധം വീട്ടുകാർ അംഗീകരിച്ചില്ല. ക്രിസ്ത്യാനി ആയ ഞാൻ മഹേഷിനെ സ്നേഹിച്ചത് തന്നെ തെറ്റാണു എന്നാണ് എല്ലാവരും പറയുന്നത്. കുടുംബ പാരമ്പര്യത്തിന് ഞാൻ കളങ്കം ഉണ്ടാക്കി പോലും...

പക്ഷേ ഞാൻ തെറ്റുകാരിയാണോ....

ഇന്ന് വരെ ഈ കുടുംബത്തിന് വേണ്ടിയാണ് ഞാൻ ജീവിച്ചത്. കഷ്ടപ്പെട്ട് പഠിച്ചു, അപ്പൻ കിടപ്പിലാകുന്നത് ഞാൻ ബിരുദത്തിനു പഠിക്കുമ്പോൾ ആയിരുന്നൂ. കുടുംബത്തിലെ മൂത്ത മകൾ ആയതു കൊണ്ട് ബിരുദം കഴിഞ്ഞതും ഒരു ജോലി ചെയ്തു എല്ലാവരെയും നോക്കി.... 

അനിയത്തിയെ വിവാഹം കഴിപ്പിച്ചൂ. അനിയൻ്റെ വിവാഹം കഴിഞ്ഞു. എന്നിട്ടും ഞാൻ ഇവിടെ കഴിയുന്നൂ. ഇതിനിടയിൽ അമ്മ പോയി. ഇപ്പോൾ കിടപ്പിലായ അപ്പനെ നോക്കുവാൻ ഒരാൾ എന്ന് അവർ എന്നെ കണക്കു കൂട്ടിയിരിക്കുന്നൂ. 

"ജോലി ചെയ്തു കഷ്ടപ്പെടേണ്ട പോലും..."

 വീട്ടിൽ ഇരുന്നാൽ മതിയത്രെ. അപ്പനെ  നോക്കുവാൻ വീട്ടിൽ ആളില്ല എന്ന് മുഖത്തു നോക്കി പറഞ്ഞാൽ പോരെ. അത് നാത്തൂൻ ചെയ്യില്ല.

 അച്ഛൻ്റെ കാലം കഴിഞ്ഞാൽ എനിക്ക് ആരുണ്ട്..?

ഇനി എങ്കിലും എന്നെ മഹിക്ക് കൊടുത്തു കൂടെ. വീട്ടുകാരെ വേദനിപ്പിച്ചു മഹിയുടെ കൂടെ ഇറങ്ങി ചെല്ലുവാൻ എനിക്ക് വയ്യ.ഈ വീട്ടിൽ എന്നെ മനസ്സിലാക്കുവാൻ ആരുമില്ല. എൻ്റെ സങ്കടം കാണുവാൻ ആരുമില്ല...

........................

വീട്ടിൽ എത്തിയതും കണ്ടൂ. അനിയത്തിയും ഭർത്താവും വന്നിരിക്കുന്നൂ..

"ഇന്നെന്താ വിശേഷം. അവർ വരുന്ന കാര്യം ആരും എന്നോട് പറഞ്ഞില്ല."

ബാബു, അവളുടെ ഭർത്താവ് എന്നെ നോക്കി ചിരിച്ചൂ. അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേയ്ക്കു പോയി. നാത്തൂൻ വന്നതിൽ പിന്നെ അവളും നാത്തൂനും ഒറ്റകെട്ടാണ്. 

ഞാൻ അവളെ ഒരിക്കലും ദ്രോഹിച്ചിട്ടില്ല. എന്നിട്ടും എന്നെ നോക്കി അവൾ ഒന്ന് ചിരിച്ചു പോലുമില്ല. 

ബാബുവാണ് പറഞ്ഞത് 

"അളിയന് ഉദ്യോഗ കയറ്റം കിട്ടിയത് കൊണ്ട് ഇന്ന് അവർ ഇവിടെ ഒരുമിച്ചു കൂടുകയാണ് എന്ന്..."

ഭക്ഷണം എല്ലാം ഉണ്ടാക്കുന്നത് ഞാൻ ആണ്. അവൻ്റെ കോളേജിലെ കാര്യങ്ങൾ നോക്കിയതും ഞാൻ ആണ്. എന്നിട്ടും ഒരു വാക്ക് എന്നോട് അവൻ പറഞ്ഞില്ല.

വേണ്ട സാധനങ്ങൾ എല്ലാം അവൻ വീട്ടിലെത്തിച്ചിരുന്നൂ. ഞാൻ വീണ്ടും എൻ്റെ പണി തുടങ്ങി. അനിയൻ്റെ ഭാര്യ മെനു തന്നൂ. പക്ഷേ ഒന്ന് സഹായിക്കുവാൻ ആ ഭാഗത്തേയ്ക്ക് ആരും വന്നില്ല.

രാത്രി  അച്ഛനുള്ള ഭക്ഷണം കൊടുത്തു കഴിഞ്ഞപ്പോൾ മാത്രമാണ് ഇത്തിരി സമയം എനിക്കു മാത്രമായി കിട്ടിയത്. അച്ഛൻ്റെ നാപ്‌കിൻ എല്ലാം മാറ്റിയതിനു ശേഷം ഞാൻ  കുളിക്കുവാൻ കയറി. നേരം ഒത്തിരി വൈകിയിരുന്നൂ. 

ഒരു കപ്പു വെള്ളം തലയിൽ ഒഴിക്കുമ്പോൾ അതിലേറെ കണ്ണുന്നീർ ഞാൻ പൊഴിക്കാറുണ്ട്. തലയിൽ നിന്നിറങ്ങുന്ന വെള്ളത്തിൽ എൻ്റെ കണ്ണുന്നീർ ഒലിച്ചു പോകും. ഒപ്പം കുറച്ചു ഭാരങ്ങളും...

ആഘോഷങ്ങൾക്കിടയിൽ ഞാനോ അപ്പനോ ഉണ്ടോ എന്ന് ആരും അന്വേഷിച്ചില്ല. അല്ലെങ്കിലും ആ വീട്ടിൽ ഞങ്ങൾ അധികപ്പറ്റാണല്ലോ.

വസ്ത്രം മാറുവാൻ തുടങ്ങുമ്പോഴാണ് പെട്ടെന്നു ആരോ എന്നെ പുറകിൽ നിന്നും കയറി പിടിച്ചത്. ഞാൻ അലറി കരഞ്ഞു. 

എല്ലാവരും എൻ്റെ അലർച്ച കേട്ട് ഓടി വന്നൂ. 

ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഭയം കാരണം എൻ്റെ പുറകിൽ നിൽക്കുന്ന അയാളുടെ മുഖത്തേയ്ക്കു എനിക്ക് നോക്കുവാൻ ആയില്ല.

പുറത്തേക്കിറങ്ങിയതും അനിയത്തി എന്നെ അടിച്ചൂ. കാരണം പോലും ചോദിക്കാതെ അവൾ എന്നെ കുറ്റപ്പെടുത്തി.

"അവളുടെ ഭർത്താവിനെ വളക്കുവാൻ ഞാൻ ശ്രമിച്ചൂ പോലും.."

അപ്പോൾ മാത്രമാണ് അത് ബാബുവാണെന്നു എനിക്ക് മനസ്സിലായത്. അപമാനഭാരത്താൽ എൻ്റെ തല താണൂ..

എല്ലാവരും ചുറ്റിൽ നിന്നും എന്നെ കുറ്റപ്പെടുത്തി. ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു എന്നെ മനസ്സിലാക്കുവാൻ മാത്രമല്ല സഹായിക്കുവാനും ഈ വീട്ടിൽ ആരുമില്ല. 

കണ്ണുനീരിനിടയിൽ ഞാൻ കണ്ടൂ

മുറ്റത്തേയ്ക്ക് ഒരു ബൈക്ക് വരുന്നൂ. 

"മഹി.."

ഞാൻ ഓടി ചെന്ന് മഹിയെ കെട്ടി പിടിച്ചൂ..

മഹി എന്നെ ഒന്ന് നോക്കി, എൻ്റെ കണ്ണുന്നീർ തുടച്ചിട്ട് എന്നോട് ബൈക്കിൽ കയറുവാൻ പറഞ്ഞു..

ഒന്നും മിണ്ടാതെ ഞാൻ അനുസരിച്ചൂ. ഇട്ടിരുന്ന അതേ വിയർപ്പു നാറിയ വസ്ത്രത്തിൽ ഞാൻ മഹിയുടെ കൂടെ ഇറങ്ങി. 

ആരും എന്നെ തടഞ്ഞില്ല. 

മഹിയുടെ വീട്ടിൽ ചെന്നതും മഹിയുടെ അമ്മ എന്നെ വിളക്ക് തന്നു അകത്തേയ്ക്കു കയറ്റി. 

മഹി ആ സമയത്തു അവിടെ വന്നില്ലായിരുന്നെങ്കിൽ ഞാൻ ആ രാത്രി ആത്മഹത്യ ചെയ്തേനെ..

പിറ്റേന്ന് ഉച്ചയ്ക്ക് ബാബു വീട്ടിലേയ്ക്കു കയറി വന്നൂ. 

മഹി, ബാബുവിനെ സ്വീകരിച്ചിരുത്തി.

"ഇവിടെ നിന്ന് ഇറങ്ങി പോകട" എന്ന് പറയുവാനാണ് ഞാൻ ചെന്നതെങ്കിലും മഹി എന്നെ തടഞ്ഞു. 

ബാബു പറഞ്ഞു 

"ചേച്ചി എന്നോട് ക്ഷമിക്കണം. അമ്മയേയും പെങ്ങളെയും തിരിച്ചറിയാത്തവൻ അല്ല ഞാൻ. ചേച്ചി ഒരിക്കലും ആ വീട്ടിൽ നിന്ന് രക്ഷപ്പെടില്ല എന്ന് എനിക്കറിയാമായിരുന്നൂ. എത്രയോ വട്ടം മഹിയേട്ടൻ  ചേച്ചിയെ വിളിച്ചിറക്കുവാൻ ശ്രമിച്ചൂ. ചേച്ചി അവിടെ നിന്ന് അങ്ങനെ ഇറങ്ങി പോരില്ല എന്ന് എനിക്ക് മനസ്സിലായി. ജീവിതകാലം മുഴുവൻ  ആങ്ങളയുടെയും ഭാര്യയുടെയും വേലക്കാരിയായി അങ്ങനെ കഴിയും. ഇനി എത്ര നാൾ ചേച്ചിക്ക് ലീവ് നീട്ടി കിട്ടും? കുടുംബപ്പേര്, അന്യമതം അങ്ങനെ കുറേ വാക്കുകൾ അവർ അവിടെ കരുതി വച്ചിട്ടുണ്ടല്ലോ ചേച്ചിയെ തളച്ചിടുവാൻ. ചേച്ചിയെ സ്നേഹിക്കാത്ത അവർക്കു വേണ്ടി ചേച്ചിയെ ജീവനായി കരുതുന്ന മഹിയേട്ടനെ ഉപേക്ഷിക്കണോ...? ഞാൻ ആ വീട്ടിൽ വന്ന അന്ന് മുതൽ ചേച്ചിയുടെ വിഷമം കാണുന്നതാണ്. ആ ശാപം എൻ്റെ കുട്ടികളുടെ മേൽ വീഴുവാൻ ഞാൻ സമ്മതിക്കില്ല.."

"ഞാൻ രണ്ടു ദിവസം മുൻപേ ഇവിടെ വന്നു മഹിയേട്ടനെ കണ്ടു കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി. അങ്ങനെ ഞാനും മഹിയേട്ടനും കൂടെ രചിച്ച ഒരു നാടകം ആയിരുന്നൂ അത്. മഹിയേട്ടൻ  പറഞ്ഞ പോലെ ഞാൻ അങ്ങു അഭിനയിച്ചൂ. മറ്റുള്ളവരുടെ മുൻപിൽ ഞാൻ തെറ്റുകാരൻ ആയിരിക്കും. അത് സാരമില്ല. എൻ്റെ ഭാര്യയെ പിന്നീട് മഹിയേട്ടൻ പറഞ്ഞു മനസ്സിലാക്കികൊള്ളും." 

"പിന്നെ മഹിയേട്ട, അപ്പോൾ പറഞ്ഞ പോലെ ഞായറാഴ്ച കല്യാണം. സദ്യയൊക്കെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്..."

"പിന്നെ ചേച്ചി വിഷമിക്കേണ്ട, അപ്പനെ നോക്കുവാൻ അവർ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. ഇപ്പോൾ അവർക്കു പൈസയുണ്ടല്ലോ."

അപ്പോൾ ഒന്ന് എനിക്ക് മനസിലായി 

"ഒരാളെ മനസ്സിലാക്കുവാനും സ്നേഹിക്കുവാനും രക്തബന്ധം വേണമെന്നില്ല. നല്ലൊരു മനസ്സു മതി."

.........................................സുജ അനൂപ് 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA