KUDUMBAVILAKKU കുടുംബവിളക്ക് E, F, N, A, KZ, K, G, SXC, NL, P, LF

 "അമ്മേ, അടുത്താഴ്ച ഞാൻ മിനിയുടെ വീട്ടിലേയ്ക്കു പോകും..."

"അതിനെന്താ മോനെ, നീ ഇടയ്ക്കു പോകാറുള്ളതല്ലേ. എത്ര ദിവസത്തേയ്ക്കാണ്.."

"അത് അമ്മേ.."

"എന്താ മധു മോനെ.."

"അമ്മയ്ക്ക് ഒന്നും തോന്നരുത്. ഇനി ഞങ്ങൾ അവിടെയാണ് നിൽക്കുന്നത്.."

"നീ എന്താ ഈ പറയുന്നത്. ഈ വീട് പിന്നെ ആർക്കുള്ളതാണ്.."

"ഇല്ല അമ്മേ, മിനിയുടെ അച്ഛൻ ഞങ്ങൾക്ക് കുറച്ചു സ്ഥലം തന്നിട്ടുണ്ടല്ലോ. അവിടെ വീട് പണിയണമെന്ന് വിചാരിക്കുന്നൂ. അതാകുമ്പോൾ മിനിക്ക് എപ്പോഴും അവളുടെ അച്ഛനെയും അമ്മയെയും കാണുവാൻ സാധിക്കും. വീട് പണിയുന്നതുവരെ ഞങ്ങൾക്ക് അവളുടെ വീട്ടിൽ താമസിക്കാം. ആകെയുള്ള അളിയൻ കാനഡയിൽ അല്ലെ. അവർ കുടുംബമായി അവിടെ തന്നെ കൂടും. പിന്നെ അവിടെ അച്ഛനും അമ്മയ്ക്കും ആരുമില്ലല്ലോ. ഇവിടെ അവൾക്കു ശരിയാകുന്നില്ല..."

അമ്മ അവിടെ തളർന്നിരുന്നൂ. മറുത്തൊരക്ഷരം എന്നോട് പറഞ്ഞില്ല. അമ്മ എന്തൊക്കെയോ ചിന്തിക്കുന്ന പോലെ തോന്നി. അത് ശ്രദ്ധിക്കുവാൻ ഞാൻ നിന്നില്ല. ഓഫീസിൽ പിടിപ്പതു പണിയുണ്ട്.

...............................

അദ്ദേഹത്തിൻ്റെ ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ആദ്യമായി മോനെ പറ്റി പരാതി പറഞ്ഞു.

"എന്നെ ഒറ്റയ്ക്കാക്കി പോയില്ലേ. ഇപ്പോൾ കണ്ടോ. എനിക്ക് ആരുമില്ല. ഇനി എങ്കിലും എന്നെ കൂടെ കൊണ്ടുപോയിക്കൂടെ.."

മോൻ ജനിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം പോയി. പിന്നീട് അങ്ങോട്ട് ഒരു കുറവും വരുത്താതെയാണ് മോനെ വളർത്തിയത്. അവനെ പഠിപ്പിചൂ, ജോലിക്കാരനാക്കി. വിവാഹം കഴിപ്പിച്ചൂ. ഇനിയുള്ള കാലം അവനും കുട്ടികൾക്കും ഒപ്പം കഴിയണം എന്ന് വിചാരിക്കുമ്പോൾ ആണ് അവൻ ഇങ്ങനെ പറയുന്നത്. 

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്..എന്ന് പഴമക്കാർ പറയുന്നത് എത്ര സത്യം ആണ്.

എന്നാലും എൻ്റെ മകൻ..

ഒഴുകി വന്ന കണ്ണുനീർ ഞാൻ തുടച്ചൂ. 

"എൻ്റെ കാലം കഴിയാറായി. സാരമില്ല, എവിടെ ആണെങ്കിലും അവൻ സുഖമായി ഇരുന്നാൽ മതി.."

.........................

പറഞ്ഞപോലെ ഞാനും മിനിയും കുട്ടികളും അവളുടെ വീട്ടിലേയ്ക്കു മാറി. ആദ്യമൊക്കെ ആഴ്ചയിൽ ഒരിക്കൽ വീട്ടിലേയ്ക്കു പോയിരുന്നൂ. പിന്നീട് മാസത്തിലൊരിക്കൽ വീട്ടിലേയ്ക്കു പോയി തുടങ്ങി. 

അമ്മ  ഒന്നും പരാതി പറഞ്ഞില്ല.  

കൃഷിയും കാര്യങ്ങളും നോക്കി സന്തോഷം അമ്മ കണ്ടെത്തുവാൻ ശ്രമിക്കുന്ന പോലെ തോന്നി..

............................

"മധുവേട്ടൻ എന്താ ആലോചിക്കുന്നത്..?

"ഒന്നുമില്ല മിനി.."

ഭക്ഷണം കഴിച്ചു മുറിയിലേയ്ക്കു കയറുമ്പോൾ മനസ്സു കലുങ്കുഷം ആയിരുന്നൂ.."

കഴിഞ്ഞ മാസം അളിയനും കുടുംബവും എല്ലാം അവസാനിപ്പിച്ച് തിരിച്ചു വന്നൂ. അവർ ഇനി തിരിച്ചു പോകുന്നില്ല. അവർ വരില്ല എന്ന് കരുതി പുതിയ  വീടും പണിതില്ല. കൈയ്യിലുള്ള പൈസ ഒക്കെ മുടക്കി ഉള്ള ഈ വീട് പുതുക്കി പണിയുകയും ചെയ്തു. 

ഇനി...

പെട്ടെന്നാണ് താഴെ ഒരു കലഹം കേട്ടത്.

നോക്കുമ്പോൾ ഭാര്യയും നാത്തൂനും തമ്മിൽ ഉള്ള കലഹം ആണ്. 

ശനിയാഴ്ചയാണ്. കളിക്കുന്നതിനിടയിൽ കുട്ടികൾ തമ്മിൽ വഴക്കു കൂടിയിരിക്കുന്നൂ. 

അത് ഏറ്റുപിടിച്ചു രണ്ടു പേരും തമ്മിൽ അടി കൂടുന്നൂ..

അവിടേയ്ക്കു ചെന്നൂ, രണ്ടു പേരെയും ശാന്തരാക്കുവാൻ നോക്കി. ഉടൻ വന്നൂ അളിയൻ്റെ ഭാര്യയുടെ മറുപടി

"വലിഞ്ഞു കയറി വന്നു നിൽക്കുന്നവർ മാധ്യസ്ഥം വഹിക്കുവാൻ വരേണ്ട. ഇതു ഞാൻ കെട്ടി വന്ന വീടാണ്."

നിൽക്കുന്ന ഭൂമി പിളർന്നു ഉള്ളിലേക്ക് പോകുന്ന പോലെ തോന്നി. പടികൾ കയറി മുകളിലെ മുറിയിൽ എത്തുമ്പോൾ ഒന്ന് മനസ്സിലായി. 

അച്ചിവീട്ടിൽ കിടക്കുന്നവന് ആട്ടും തുപ്പും കിട്ടുന്നതിൽ തെറ്റില്ല. 

എല്ലാം ആരുടെ തെറ്റാണു. രാജകുമാരനെ പോലെ വളർത്തിയ അമ്മയെ വിട്ടു ഇവിടേയ്ക്ക് വരുമ്പോൾ അത് ഓർക്കണം ആയിരുന്നൂ. ഭാര്യ പറയുന്നത് കേട്ട് അമ്മയെ തള്ളി പറയുമ്പോൾ പെറ്റവയറിൻ്റെ നോവ് അറിയുവാൻ ശ്രമിച്ചില്ല. 

ആ ശാപം അത് എവിടെ കഴുകി കളയുവാൻ..

നാളെ ഒന്ന് അമ്മയെ പോയി കാണണം. അവിടെ നിന്ന് ഇറങ്ങിയിട്ട് വർഷം എട്ടു ആയിരിക്കുന്നൂ. രണ്ടു ദിവസ്സം തികച്ചു പിന്നീട് ആ വീട്ടിൽ നിന്നിട്ടില്ല.

..........

കാളിങ് ബെല്ല് അടിച്ചിട്ട് നേരം കുറച്ചായി. ആരെയും കാണുന്നില്ല.

പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടൂ..

"അമ്മ.." 

"മോൻ വന്നോ, എന്തായാലും നന്നായി. നിന്നെ കണ്ടിട്ട് പോകുവാൻ പറ്റിയല്ലോ. മോൻ കയറി വാ.."

അമ്മയ്‌ക്കൊപ്പം അകത്തേയ്ക്കു കയറി.

"അമ്മയ്ക്ക് വയസ്സായി മോനെ..."

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ചുറുചുറുക്കോടെ ഓടി നടന്ന അമ്മ പെട്ടെന്ന് വയസ്സായ പോലെ. 

"ഇനിയും ഒറ്റയ്ക്ക് കഴിയുവാൻ വയ്യ. പക്ഷെ നിൻ്റെ ജീവിതത്തിലേയ്ക്ക് വന്നു നിന്നെ കഷ്ടപെടുത്തുവാൻ വയ്യ. അമ്മ സ്വാമിയുടെ ആശ്രമത്തിലേയ്ക്ക് പോകുവാണ്. നാളെ വൈകുന്നേരം അവർ വരും കൊണ്ട് പോകുവാൻ. അവിടെയുള്ള അനാഥ ആശ്രമത്തിലും വൃദ്ധ സദനത്തിലും ഒത്തിരി ആളുകൾ ഉണ്ട്. അവർക്കൊപ്പം ഞാൻ കൂടിക്കൊള്ളാം.കൊച്ചുമക്കൾ പടി ഇറങ്ങിയപ്പോൾ തന്നെ എൻ്റെ മനസ്സു പാതി ചത്തിരുന്നൂ. അദ്ദേഹം പോയപ്പോൾ എൻ്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയ സന്തോഷം പതിയെ തിരിച്ചു വന്നത് കൊച്ചുമക്കളിലൂടെ ആയിരുന്നൂ. ഇനിയും ഇവിടെ വയ്യ. ദിവസ്സങ്ങൾ നീങ്ങുന്നത് പലപ്പോഴും ഒച്ചിഴയും പോലെയാണെന്ന് തോന്നിയിരുന്നൂ."

ഞാൻ ഒന്നും മിണ്ടിയില്ല. 

ബാക്കിയെല്ലാം ആ കണ്ണുകളിൽ നിന്ന് എനിക്ക് വായിക്കാം....

വൈകുന്നേരം ആയിട്ടും ഞാൻ തിരിച്ചു ചെല്ലാതിരുന്നപ്പോൾ മിനിയുടെ വിളി  വന്നൂ.

ഫോണെടുത്തതും മറുവശത്തു നിന്നും പുച്ഛത്തോടെയുള്ള സംസാരം കേട്ടൂ..

"എന്തേ അമ്മയോടപ്പം കൂടാമെന്നു തീരുമാനിച്ചോ പൊന്നുമോൻ.."

ഉടനെ തന്നെ ഞാൻ മറുപടിയും കൊടുത്തൂ..

"അതേ, വല്ല പ്രശ്നവും ഉണ്ടോ. പിന്നെ ഞാൻ കൂടെ വേണം എന്നുണ്ടെങ്കിൽ ഇങ്ങു പോന്നേക്കൂ. ഇല്ലെങ്കിൽ അവിടെ തന്നെ കൂടിക്കോ. അതും പറഞ്ഞു ഞാൻ ഫോൺ വച്ചൂ."

അന്ന് രാത്രി വർഷങ്ങൾക്കു ശേഷം മനസമാധാനത്തോടെ ഞാൻ ഉറങ്ങി. രാവിലെ എഴുന്നേറ്റു ഉമ്മറത്തെ കസേരയിൽ ഇരിക്കുമ്പോൾ ഒന്ന് മനസ്സിലായി 

"അവനവൻ ഇരിക്കേണ്ട സ്ഥലത്തു  ഇരിക്കണം.."

വൈകുന്നേരം ആശ്രമത്തിൽ നിന്നും വന്നവരെ ഞാൻ പറഞ്ഞയച്ചൂ. 

"അമ്മയ്ക്ക് ഇനി ഞാനുണ്ട്.."

.................

രണ്ടാഴ്ച മിനി എന്നെ വിളിച്ചില്ല. കുട്ടികൾ വിളിച്ചു അവിടത്തെ വിശേഷങ്ങൾ അറിയിച്ചുകൊണ്ടിരുന്നൂ. 

ഏതായാലും ആ ഞായറാഴ്‌ച്ച എല്ലാം കെട്ടി പെറുക്കി അവൾ വന്നൂ. 

വീട്ടിൽ വന്നു കയറിയതും അവൾ അമ്മയ്‌ക്കെതിരെയുള്ള മുറുമുറുപ്പ് തുടങ്ങി. 

വന്നു രണ്ടു ദിവസ്സം കഴിഞ്ഞിട്ടും അടുക്കളയിൽ കയറാതെ മാറി നിൽക്കുന്ന അവളെ ഞാൻ നടുമുറിയിലേയ്ക്കു വിളിച്ചൂ, ഒപ്പം അമ്മയേയും. മക്കളെ പറമ്പിലേയ്ക്ക് പറഞ്ഞയച്ചിരുന്നൂ.

"മിനി, ഈ വീട്ടിൽ നമ്മൾ അഞ്ചുപേരുണ്ട്. ഏതായാലും എനിക്കും മക്കൾക്കും നീ ഭക്ഷണം ഉണ്ടാക്കണം. അതിൽ ഒരു പങ്കു നിനക്ക് അമ്മയ്ക്ക് കൊടുക്കാമല്ലോ. നിൻ്റെ വീട്ടിൽ വച്ചും നീ തന്നെ അല്ലെ ഭക്ഷണം വച്ചിരുന്നത്. അമ്മയ്ക്ക് ഇഷ്ടം ഉണ്ടെങ്കിൽ നിന്നെ സഹായിക്കും. പിന്നെ പുറത്തെ പണികൾ ഞാനും മക്കളും നോക്കുന്നുണ്ട്. അടുക്കളയിൽ നിന്നെ ഞാൻ സഹായിക്കാം. നിനക്ക് ജോലിക്കു പോകണം അപ്പോൾ നമ്മൾ ഒരുമിച്ചു എല്ലാം ചെയ്യും. ഇനിയും അമ്മയെ തിരിച്ചു നിറുത്തി ദ്രോഹിക്കുവാൻ ആണെങ്കിൽ നീ ഈ വീട്ടിൽ നിൽക്കേണ്ട. ഇന്ന് തന്നെ ഇവിടെ നിന്ന് ഇറങ്ങിക്കോ..

"മോനെ അങ്ങനെ പറയരുത്.." അമ്മ പറഞ്ഞു 

"അമ്മ ഒന്നും പറയേണ്ട. ഇതു ഞാൻ എട്ടു വർഷം മുൻപേ ചെയ്യണമായിരുന്നൂ. ഇനിയും വൈകിയാൽ. നാളെ എൻ്റെ മക്കളും എന്നോട് ഇതു തന്നെ ചെയ്യും.."

"മിനിക്ക് എന്ത് പറയാനുണ്ടെങ്കിലും ഇപ്പോൾ പറയാം. കഴിഞ്ഞ എട്ടു വർഷങ്ങളിൽ നിൻ്റെ മാതാപിതാക്കളോട് നീ എങ്ങനെ പെരുമാറിയോ അങ്ങനെ വേണം ഈ വീട്ടിൽ ജീവിക്കുവാൻ. ഇരുപത്തെട്ടു വർഷം എൻ്റെ അമ്മയ്‌ക്കൊപ്പം ഞാൻ ജീവിച്ചൂ, അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് നീ എനിക്ക് തരേണ്ട..."

മിനി ഒന്നും പറഞ്ഞില്ല.

പിറ്റേന്ന് രാവിലെ അടുക്കളയിൽ ഞാൻ കണ്ടൂ.

അമ്മയും മിനിയും ഒരുമിച്ചു നിന്ന് കാര്യങ്ങൾ മുന്നോട്ടു നീക്കുന്നൂ. അല്ലെങ്കിലും തെറ്റ് എൻ്റെ മാത്രം ആണ്. വീട്ടിലേയ്ക്കു വരുന്ന പെണ്ണ്, അവളെ പറഞ്ഞു മനസ്സിലാക്കി കുടുംബം നന്നായി മുന്നോട്ടു കൊണ്ട് പോകേണ്ടത് ഞാൻ ആയിരുന്നൂ. കുടുംബത്തിൽ മിനിയുടെ സ്ഥാനവും അമ്മയുടെ സ്ഥാനവും ഞാൻ മനസ്സിലാക്കിയിരുന്നങ്കിൽ ഈ കുടുംബം എന്നേ സ്വർഗ്ഗം ആകുമായിരുന്നൂ..  

.....................സുജ അനൂപ് 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA