ലിവിങ് ടുഗെതർ LIVING TOGETHER, E, FB, A, N, K, KZ, TMC, LF, G, P, EK, SXC
"കേട്ടത് സത്യം ആകരുതേ എന്ന് ഒത്തിരി പ്രാർത്ഥിചൂ. കിച്ചേട്ടൻ എന്നെ ചതിക്കുമോ. ഇല്ല ഒരിക്കലുമില്ല. എൻ്റെ കിച്ചേട്ടൻ നല്ലവനാണ്."
ഫോൺ വിളി വന്നതും, ആധി പിടിച്ചു ആദ്യം കിട്ടിയ ഓട്ടോയിൽ കയറി വേഗം ആ ആശുപത്രിയിൽ എത്തി. അവിടെ കണ്ടു ക്യാൻ്റെനിൽ കൂട്ടുകാരി പറഞ്ഞത് പോലെ എൻ്റെ ഭർത്താവും അവളും മുട്ടിയിരുന്നു ഭക്ഷണം കഴിക്കുന്നൂ.
എന്നാലും എൻ്റെ കിച്ചേട്ടൻ എന്നെ ഇങ്ങനെ ചതിക്കുമെന്നു മനസ്സിൽ ഒരിക്കൽ പോലും ഞാൻ കരുതിയില്ല.
ബിരുദം കഴിഞ്ഞു വീട്ടുകാരെ ഉപേക്ഷിച്ചു കിച്ചേട്ടന് ഒപ്പം പോരുമ്പോൾ മനസ്സിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അന്നൊരു ദിവസ്സം കിച്ചേട്ടൻ വീട്ടിൽ വന്നു വിളിച്ചിറക്കുകയായിരുന്നൂ..
വീടിൻ്റെ പടി ഇറങ്ങുമ്പോൾ അമ്മ നെഞ്ചത്തലച്ചു കരഞ്ഞു പറഞ്ഞു.
"നിനക്ക് ഒരു കുറവും ഞങ്ങൾ ഇതുവരെ വരുത്തിയിട്ടില്ല. സ്നേഹം പങ്കിട്ടു പോകുവാതിരിക്കുവാൻ വേറൊരു കുഞ്ഞിന് ഞാൻ ജന്മം നൽകിയില്ല. എന്നിട്ടും നീ എന്നെ ചതിച്ചില്ലേ. കൂട്ടുകാരെ പോലെ ആയിരുന്നില്ലേ നമ്മൾ. ഇതുവരെ വളർത്തിയ ഞങ്ങളേക്കാൾ വിശ്വാസം നിനക്ക് അവനെയല്ലേ. ഞാൻ നിന്നെ ശപിക്കില്ല മോളെ ഒരിക്കലും. പക്ഷേ ഒരിക്കൽ നീ മനസ്സിലാക്കും ഞങ്ങളുടെ സ്നേഹം, ഈ പെറ്റവയറിൻ്റെ ദെണ്ണം.."
അച്ഛൻ ഒന്നും മിണ്ടിയില്ല. കണ്ണുകൾ അടച്ചു ഉമ്മറപ്പടിയിൽ അദ്ദേഹം ഇരുന്നൂ.
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി.
അമ്മയുടെ സ്നേഹമോ അച്ഛൻ്റെ കരുതലോ മനസ്സിലാക്കുവാൻ എനിക്കായില്ല. മനസ്സിൽ പ്രേമം നിറഞ്ഞു നിൽക്കുവാരുന്നല്ലോ.
കല്യാണം ഒന്നും വേണ്ട ലിവിങ് ടുഗെതർ മതി എന്ന് പറഞ്ഞത് അദ്ദേഹം ആണ് . ഇന്ന് വരെ ജീവിച്ചത് തന്നെ അദ്ദേഹത്തിന് വേണ്ടിയായിരുന്നൂ. വർഷം മൂന്ന് കഴിഞ്ഞു. അദ്ദേഹത്തിന് ഞാൻ ജോലിക്കു പോകുന്നത് ഇഷ്ടം അല്ലായിരുന്നത് കൊണ്ട് ജോലിക്കു പോയില്ല. അദ്ദേഹം പറയുന്നതിന് എതിർത്ത് ഇന്നേവരെ ഒന്നും പറഞ്ഞിട്ടില്ല.
എന്നിട്ടും...
ഇന്ന് രാവിലെ അകലെയുള്ള ആശുപത്രിയിൽ നിന്നും ഒരു കാൾ വന്നൂ. മറുതലയ്ക്കൽ മീനാക്ഷി ആയിരുന്നൂ എൻ്റെ സ്കൂൾമേറ്റ്. അവളെ കിച്ചേട്ടന് അറിയില്ല. സ്കൂൾമേറ്റ്സ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ അതിൽ എൻ്റെ പേരും ചേർത്തിരുന്നൂ. അങ്ങനെ അവൾക്കു എൻ്റെ നമ്പർ കിട്ടി. ഡിപിയിൽ കിച്ചേട്ടൻ്റെ കൂടെ ഞാൻ നിൽക്കുന്ന ഫോട്ടോ അവൾ ശ്രദ്ധിച്ചിരുന്നൂ. അത് കണ്ടപ്പോൾ ആണ് അവൾ സംശയം പറഞ്ഞത്.
"ഗൈനെക്കോളജിയിൽ കൺസൽറ്റിങിന് വരുന്ന ഒരു പെൺകുട്ടിക്കൊപ്പം നിൻ്റെ ഭർത്താവു വരുന്നുണ്ട് സ്ഥിരമായി. എന്തിനാണ് ഇത്ര അകലെയുള്ള ആശുപത്രിയിൽ അതും ഒട്ടും പ്രശസ്‌തമല്ലാത്ത ആശുപത്രിയിൽ അവർ വരുന്നത്...?"
"അത് എൻ്റെ കിച്ചേട്ടൻ അല്ല" എന്ന് ഞാൻ തീർത്തു പറഞ്ഞു
എന്നിട്ടും അവൾ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാൻ അവിടേക്കു ചെന്നത്...
എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കുവാൻ ആയില്ല. കിച്ചേട്ടനും അദ്ദേഹത്തിൻ്റെ ഓഫീസിലെ ശാലിനിയും അവിടെ ഇരിക്കുന്നൂ. അവളുടെ ഭർത്താവു അവളെ ഉപേക്ഷിച്ചതാണ്. അവളെ എന്നും ഞാൻ എൻ്റെ അനിയത്തിയുടെ സ്ഥാനത്തു മാത്രമേ കണ്ടിരുന്നുള്ളൂ.
ഈ ലോകം ഈ നിമിഷം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചൂ. അവരുടെ ഒരു ഫോട്ടോ അവർ കാണാതെ എടുത്തതിനു ശേഷം ഒഴുകി വന്ന കണ്ണുനീർ തുടച്ചു ഞാൻ ഓട്ടോയിൽ കയറി പോന്നൂ.
വീട്ടിൽ എത്തിയിട്ടും എനിക്ക് സങ്കടം സഹിക്കാനായില്ല. വൈകീട്ട് ഒന്നുമറിയാത്തതു പോലെ കിച്ചേട്ടൻ വന്നൂ. എന്നെ കണ്ടതും അദ്ദേഹം ഒന്ന് ഞെട്ടിയോ എന്ന് തോന്നി..
"കുഞ്ഞി ഇന്ന് നമുക്ക് പുറമെ നിന്ന് ഭക്ഷണം കഴിച്ചാലോ. ഞാൻ ഫ്രഷ് ആയിട്ട് വരാം.."
അദ്ദേഹം വേഗം ടോയ്‌ലെറ്റിൽ കയറി. ടോയ്‌ലറ്റിൽ നിന്നും ഇറങ്ങിയ അദ്ദേഹം എന്നോട് ചോദിച്ചൂ..
"കുഞ്ഞി ഒരുങ്ങിയില്ലേ. ആ പുതിയ ഗൗൺ ഇട്ടാൽ മതീട്ടോ. വേഗം ആവട്ടെ."
ഞാൻ ഇരുന്നിടത്തു നിന്നും അനങ്ങിയില്ല.
അത് ശ്രദ്ധിച്ച അദ്ദേഹം അടുത്ത് വന്നിരുന്നൂ..
എന്നെ തൊട്ടതും ഞാൻ ആ കൈ തട്ടിമാറ്റിയിട്ടു ചോദിച്ചൂ..
"ശാലിനിയുടെ ഗർഭത്തിനു ഉത്തരവാദി ആരാണ്..?"
ഒരു കൂസലും കൂടാതെ അദ്ദേഹം പറഞ്ഞു. എൻ്റെ കണ്ണിൽ നോക്കി അദ്ദേഹം പറഞ്ഞു.
"നീ ഒക്കെ അറിഞ്ഞോ. നല്ല കാര്യം. ഞാൻ ആണ് ആ കുട്ടിയുടെ അച്ഛൻ. ഇനി ഇപ്പോൾ ധൈര്യമായി അവളെ ആശുപത്രിയിൽ കൊണ്ട് പോകാമല്ലോ. ആരെയും ഒന്നും ഒളിപ്പിക്കേണ്ടല്ലോ."
ഈ കിച്ചേട്ടനെ ഞാൻ ആദ്യമായി കാണുകയായിരുന്നൂ. എൻ്റെ മുന്നിൽ നിന്ന് മാപ്പപേക്ഷിക്കുന്ന ഒരാളെ സ്വപ്നം കണ്ട എനിക്ക് തെറ്റി.
എല്ലാം കൈവിട്ടു പോയത് പോലെ എനിക്ക് തോന്നി. തകർന്നു തളർന്നു ഞാൻ കട്ടിലിൽ കിടന്നൂ.
....................................
ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ ശാലിനിയെ കണ്ടൂ. എന്നെ കണ്ടതും അവൾ ഓടി വന്നൂ.
"ചേച്ചിയെ ഇനി ഒരിക്കലും ജീവിതത്തിൽ കാണുവാൻ സാധിക്കില്ല എന്ന് വിചാരിച്ചൂ.."
ഞാൻ ഒന്നും മിണ്ടിയില്ല. അവളെ കണ്ടു ഞാൻ സത്യത്തിൽ ഷോക്കായി നിൽക്കുകയായിരുന്നൂ.
തലയിലെ മുടിയെല്ലാം പോയി ഒരു ഇരുണ്ട രൂപം. പഴയ സുന്ദരിയായ ശാലിനി എവിടെ. അത് അവൾ ആണെന്ന് തിരിച്ചറിയുവാൻ പോലും പ്രയാസം തോന്നി.
ഞാൻ സ്തംഭിച്ചു നിൽക്കുന്നത് കണ്ടിട്ടാവും അവൾ പറഞ്ഞു.
"എല്ലാം എൻ്റെ തെറ്റാണു ചേച്ചി. ഞാൻ ചേച്ചിയെ ചതിച്ചൂ. ചേച്ചിയുടെ കിച്ചേട്ടൻ എന്നെയും ചതിച്ചൂ. ഇന്നെനിക്കു ആരുമില്ല."
അവൾ തുടർന്നൂ..
"അന്ന് ചേച്ചി ആ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ ആണ്. പിറ്റേന്ന് തന്നെ ഞാൻ അവിടേയ്ക്കു താമസം മാറ്റി. ചേച്ചിയുടെ ശാപം കൊണ്ടാവും എൻ്റെ കുഞ്ഞു പിറന്നത് ചാപിള്ള ആയിട്ടാണ്. അതോടെ അദ്ദേഹം എന്നെ വെറുത്തു.അല്ലെങ്കിലും അദ്ദേഹം സത്യത്തിൽ എന്നെ സ്നേഹിച്ചിരുന്നോ. അത് സംശയം ആണ്. ആ സമയത്താണ് എനിക്ക് ക്യാൻസർ ആണ് എന്നറിയുന്നത്, അതോടെ അദ്ദേഹം എന്നെ ഉപേക്ഷിച്ചൂ. ഞാനും ചേച്ചിയെ പോലെ ലിവിങ് ടുഗെതർ ആയിരുന്നല്ലോ. ഞാൻ അവിടെ നിന്നും ഇറങ്ങിയതോടെ പുതിയ ഒരു പെൺകുട്ടി അവിടേക്ക് വന്നൂ. പക്ഷേ അവൾക്കു ബുദ്ധി ഉള്ളത് കൊണ്ട് വീട്ടുകാരുമായി സംസാരിച്ചു അവൾ വിവാഹം നടത്തിയതിനു ശേഷം ആണ് വന്നത്.."
അവൾ പറയുന്നതെല്ലാം ഞാൻ കേട്ടിരുന്നൂ.
"എനിക്ക് ഇപ്പോൾ സങ്കടം ഒന്നുമില്ല ചേച്ചി. ഇന്നോ നാളെയോ ഞാൻ പോകും. ചേച്ചി ഇപ്പോൾ എവിടെ ആണ്.."
പെട്ടെന്ന് ഞാൻ ചിന്തയിൽ നിന്നുമുണർന്നൂ.
ഞാൻ പഴയകാലം ഒന്നോർത്തു പോയി.
അന്ന് അവിടെ നിന്നും ഇറങ്ങിയപ്പോൾ മനസ്സിൽ മരണം എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെ മരിക്കണം എന്ന് ചിന്തിച്ചപ്പോൾ ആണ് അവസാനമായി അച്ഛനെയും അമ്മയെയും ഒന്ന് കാണണം തോന്നിയത്. അവിടെ എത്തിയപ്പോൾ ഗേറ്റിനു പുറത്തു നിന്ന് വലിഞ്ഞു അകത്തേക്ക് നോക്കി കൊണ്ടിരുന്ന എന്നെ അമ്മ ഓടി വന്നൂ കെട്ടിപിടിച്ചു അകത്തേയ്ക്കു കയറ്റി.
എൻ്റെ മുഖത്തു നിന്നും എല്ലാം അമ്മയ്ക്ക് മനസ്സിലായി. അതാണല്ലോ അമ്മ എന്ന സത്യം. മക്കളെ മനസ്സിലാക്കുവാൻ അവരെ കഴിഞ്ഞേ ആരും ഉള്ളൂ..
അന്ന് അമ്മയുടെ മടിയിൽ കിടന്നു ഞാൻ ഒത്തിരി കരഞ്ഞു. അമ്മയും കൂടെ കരഞ്ഞു.
പിന്നീട് പഴയതെല്ലാം മറക്കുവാൻ അമ്മ എന്നെ പഠിപ്പിചൂ. ആ നാട്ടിൽ നിന്നും എനിക്ക് വേണ്ടി മാത്രം ഞങ്ങൾ താമസം മാറ്റി. എന്നെ അമ്മ വീണ്ടും പഠിക്കുവാൻ അയച്ചൂ. അങ്ങനെ ഒരു ജോലി നേടി ഞാൻ സ്വന്തം കാലിൽ നിൽക്കുവാൻ പഠിച്ചൂ.
പിന്നെ എന്നെ പറ്റി എല്ലാം പറഞ്ഞതിന് ശേഷം നല്ലൊരാളെ കണ്ടെത്തി അച്ഛൻ എൻ്റെ വിവാഹം നടത്തി.
"എന്തോ ഭർത്താവിന് എന്നെ മനസ്സിലായി. ഇടയ്‌ക്കിടയ്ക്കുള്ള ഉമ്മകളും. കുഞ്ഞി എന്നുള്ള വിളികളും ഇല്ല. പക്ഷേ എന്നെ മനസ്സിലാക്കി എന്നെ കൈ പിടിച്ചുയർത്തുന്ന ഒരു ഭർത്താവിനെ എനിക്ക് കിട്ടി."
പെട്ടെന്ന് ഞാൻ അവളോട് പറഞ്ഞു.
'എനിക്ക് നിന്നോട് പരാതിയൊന്നുമില്ല കുട്ടി. നീ എൻ്റെ കണ്ണുകൾ തുറപ്പിച്ചൂ. അതിൽ നന്ദി മാത്രമേ ഉള്ളൂ. ഇന്ന് ഞാൻ നേടിയ ഈ ജീവിതത്തിനു നിന്നോടും ഞാൻ കടപ്പെട്ടിരിക്കുന്നൂ.."
അത് ഞാൻ പറയുമ്പോൾ എനിക്ക് അവളോട് പുച്ഛം തോന്നിയില്ല. ഞാനും ഒരു ശീലാവതി അല്ലല്ലോ. മാതാപിതാക്കൾ എല്ലാം മനസ്സിലാക്കി എന്നെ കൈ പിടിച്ചു നടത്തിയത് കൊണ്ട് ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നൂ. എല്ലാവർക്കും ആ ഭാഗ്യം ലഭിക്കണം എന്നില്ല.
പ്രേമം ഒരു തെറ്റല്ല. പക്ഷേ ജീവിതം ഒന്നേ ഉള്ളൂ. മുന്നോട്ടു വയ്ക്കുന്ന കാൽചുവടുകൾ പിഴച്ചാൽ രക്ഷപെടുന്നവർ ചുരുക്കമാണ്. സ്വന്തം കാലിൽ നിൽക്കുവാൻ ഒരു പെൺകുട്ടി പഠിച്ചിരിക്കണം.
..............................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ