സൗഹൃദം SOUHRADHAM, E, N, A, P, NA, KZ, NL, LF, K, G, SXC
"മാഡം ആ പണം ഞാൻ എടുത്തിട്ടില്ല. ഇതെങ്ങനെ എൻ്റെ പുസ്‌തകത്തിനുള്ളിൽ വന്നു എന്ന് എനിക്കറിയില്ല.."
"കള്ളി, പഠിച്ച കള്ളി, ഇതെങ്ങനെ വന്നൂ എന്ന് നിനക്കറിയില്ല അല്ലെ. രാവിലെ നീ അല്ലെ പറഞ്ഞത് ഹോസ്റ്റൽ ഫീ അടക്കുവാൻ പണമില്ല, രണ്ടു ദിവസ്സം കഴിഞ്ഞിട്ട് തരാമെന്നു. പിന്നെ ഈ പണം എങ്ങനെ നിൻ്റെ കൈയ്യിൽ വന്നൂ. എന്തിനാണ് മോഷ്ടിച്ചത് നീ ഇതു മോഷ്ടിച്ചത്?."
"എന്തായാലും നിൻ്റെ അപ്പനെ ഓർത്തു ഞാൻ ആരെയും അറിയിക്കുന്നില്ല. ആ പാവം മനുഷ്യൻ തകർന്നു പോകും. കൈയ്യിൽ പണം ഇല്ലാതിരുന്നിട്ടും അയാൾ നിന്നെ പഠിപ്പിക്കുന്നില്ലേ. പാടത്തു കിടന്നു കഷ്ടപ്പെടുന്ന അയാളെ എനിക്ക് വേദനിപ്പിക്കുവാൻ വയ്യ. പാവപ്പെട്ടവർക്ക് അഭിമാനം വലുതാണ് കുട്ടി. ഇന്ന് മുതൽ നീ വേറെ മുറിയിൽ കിടന്നാൽ മതി. ഇത്രയും നാൾ ഈ ഹോസ്റ്റലിൽ നടന്ന മോഷണമൊക്കെ നീ ചെയ്തത് ആയിരുന്നല്ലേ. എനിക്ക് ഇപ്പോൾ അത് മനസ്സിലായി."
കണ്ണുകൾ നിറഞ്ഞു മെട്രണിൻ്റെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ കണ്ടു.
തന്നെ നോക്കി പിറുപിറുക്കുന്ന റൂംമേറ്റ്സ്..
ഉറ്റ കൂട്ടുകാരിയായ അഞ്ജലി ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. അവൾ പോലും എന്നെ വെറുക്കുന്നൂ..
രണ്ടു വർഷം (ബിരുദാനന്ത ബിരുദം) ഒരുമിച്ചു താമസിച്ചിട്ടും അവർക്കു എന്നെ മനസ്സിലായില്ല. നാളെ ഈ കോളേജ് മൊത്തം ഈ വാർത്ത പടരും...
അഭിമാനം നഷ്ടപ്പെട്ടൂ. ഇനി ആത്മഹത്യ ഒന്ന് മാത്രമേ വഴിയുള്ളൂ..
പതിയെ കോവണിയിലൂടെ മുകളിലേയ്ക്കു കയറി. താഴേക്ക് ചാടാം എന്ന് വിചാരിച്ചൂ.
പെട്ടെന്ന് ഒരു കൈ എന്നെ പിടിച്ചൂ. ഞാൻ നോക്കി.
"മെർലിൻ.."
കൂടെ പഠിക്കുന്ന കുട്ടി. വലിയ പണമുള്ള വീട്ടിലെ കുട്ടിയാണ്. ആരുമായും അവൾ കൂട്ടുകൂടാറില്ല. ഒറ്റയ്ക്ക് ഒരു റൂമിൽ ആണ് താമസം. ഒരിക്കൽ പോലും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് പോലുമില്ല.
അവൾ എന്നോട് ചോദിച്ചൂ.
"ആത്മഹത്യ ചെയ്താൽ നിൻ്റെ ചീത്തപ്പേര് മാറുമോ. ഈ കുറ്റങ്ങൾ ഒക്കെയും അവർ നിൻ്റെ മേലെ അടിച്ചേൽപ്പിക്കും. അത് സത്യമാണെന്നു ലോകം മുഴുവൻ വിശ്വസിക്കും. പട്ടിണി കിടന്നാണെങ്കിലും നിന്നെ അച്ഛൻ പഠിപ്പിച്ചില്ലേ. നീ മാതാപിതാക്കളെ ഓർത്താൽ മതി. സത്യം എന്നായാലും ഒരിക്കൽ തെളിയും. കുറ്റക്കാരി അല്ല എന്ന് തോന്നുന്നുവെങ്കിൽ എൻ്റെ കൂടെ വാ. നിനക്ക് എൻ്റെ മുറിയിൽ താമസിക്കാം. ഇനി ഹോസ്റ്റൽ ഫീസ് കൊടുക്കേണ്ട. ഞാൻ കൊടുത്തോളാ൦."
എൻ്റെ കണ്ണ് നിറഞ്ഞു..
ക്ലാസ്സിലെ എല്ലാവരും എന്നും അവളെ നീക്കി നിറുത്തിയിട്ടേ ഉള്ളൂ. ഞാൻ പോലും എത്ര കമന്റ് പറഞ്ഞിരിക്കുന്നൂ. പക്ഷേ ഒരാവശ്യം വന്നപ്പോൾ അവൾ മാത്രമേ ഉള്ളൂ.
ഞാൻ അറിയാതെ ചോദിച്ചു പോയി.
"ഞാൻ കള്ളിയാണെന്നു നിനക്ക് തോന്നുന്നില്ലേ.."
മെർലിൻ പറഞ്ഞു
"ഇല്ല, നീ ഒരിക്കലും മോഷ്ടിക്കില്ല, നിൻ്റെ കണ്ണുകളിൽ കള്ളത്തരം ഇല്ല, എന്ന് എൻ്റെ മനസ്സ് പറയുന്നൂ.."
ആ നിമിഷം അവളെ കെട്ടിപിടിച്ചു ഞാൻ പൊട്ടികരഞ്ഞു.
.......................
ദിവസ്സങ്ങൾ കടന്നു പോയി..
ഞാൻ മെർലിനെ മനസ്സിലാക്കുവാൻ ശ്രമിക്കുകയായിരുന്നൂ. അധികം സംസാരിക്കാത്ത ആർക്കും പിടി തരാത്ത പ്രകൃതം. സ്വന്തം കാര്യം നോക്കി പഠിച്ചു അങ്ങനെ നടക്കുന്നൂ. ആരെ പറ്റിയും അവൾ ഒന്നും പറയാറില്ല.
അവൾ എനിക്ക് ഒരു സമസ്യ ആയിരുന്നൂ..
........................
അന്ന് വൈകിട്ട് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും വൈകിയിരുന്നൂ. ലൈബ്രറിയിൽ കുറച്ചു നേരം കൂടുതൽ ഇരുന്നൂ. മനസ്സിലെ വിങ്ങൽ ഇതുവരെ മാറിയിട്ടില്ല.
ഇടയ്ക്കൊക്കെ കള്ളി എന്ന് ആരൊക്കെയോ ഒളിച്ചും പാത്തും വിളിക്കുന്നൂ..
അത് കേൾക്കുമ്പോൾ തൊലി ഉരിഞ്ഞു പോകുന്നൂ..
ഹോസ്റ്റലിൽ എത്തിയപ്പോൾ കണ്ടൂ. മെട്രണിൻ്റെ മുറിയുടെ മുന്നിൽ ആൾക്കൂട്ടം.
എല്ലാവരും എന്നെ അർത്ഥവത്തായൊന്നു നോക്കി.
മെർലിൻ അവിടെ ദേഷ്യപെട്ടു നിൽക്കുന്നൂ..
എന്നെ കണ്ടതും മേട്രൺ പറഞ്ഞു.
"കള്ളി, നീ വീണ്ടും മോഷ്ടിച്ചല്ലേ.."
എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി.
"പോലീസ് വരട്ടേ. ഇവളെ പോലെ ഉള്ള അലവലാതികളെ ഒക്കെ ഈ ഹോസ്റ്റലിൽ താമസിപ്പിക്കുന്ന എന്നെ പറഞ്ഞാൽ മതി. എവിടെയാടി മെർലിൻ്റെ സ്വർണമാല.."
ഞാൻ തല കുനിച്ചു നിന്നൂ..
കാരണം എന്നെ കേൾക്കുവാൻ അവിടെ ആരുമില്ലല്ലോ..
"വാ, നടക്കു റൂമിലേയ്ക്ക്, നിൻ്റെ അലമാരയും ബാഗുകളും എനിക്ക് പരിശോധിക്കണം.."
റൂമിൽ എത്തിയതും കൂട്ടുകാരികൾ ബാഗു തുറന്നൂ.
ആകെ ഉള്ളത് ഒരൊറ്റ ബാഗു ആണ്. കുറച്ചു വസ്ത്രങ്ങളും. ഒന്നിനും അച്ഛൻ കുറവ് വരുത്തിയിട്ടില്ല. അമ്മ മരിച്ചതിൽ പിന്നെ അച്ഛന് ഞാൻ മാത്രമേ ഉള്ളൂ. കിട്ടുന്ന പണിയെല്ലാം എടുത്തിട്ടാണ് അച്ഛൻ എൻ്റെ ഫീസെല്ലാം അടക്കുന്നത്. എൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചാണ് അച്ഛൻ വളർത്തുന്നത്. എൻ്റെ കണ്ണ് നിറയുന്നത് അച്ഛൻ സഹിക്കില്ല. പാവപ്പെട്ടവർക്ക് എന്നും അഭിമാനം മാത്രമേ ഉള്ളൂ. അത് കൂടെ പോയാൽ..
പ്രതീക്ഷിച്ച പോലെ അവർക്കു എൻ്റെ ബാഗിൽ നിന്നും മാല കിട്ടി. ഒന്നും മിണ്ടാതെ ഞാൻ തല താഴ്ത്തി നിന്നൂ.
ചുറ്റിലും കള്ളി എന്ന വിളികൾ വീണ്ടും നിറഞ്ഞു.
പെട്ടെന്ന് എല്ലാവരുടെയും മൊബൈലിലേയ്ക്ക് ഒരു മെസ്സേജ് വന്നൂ. എനിക്കും കിട്ടി അത്.
ഒരു വീഡിയോ ആയിരുന്നൂ അത്.
"എൻ്റെ ഉറ്റ കൂട്ടുകാരി എന്ന് ഞാൻ വിശ്വസിച്ചിരുന്ന അഞ്ജലി ആ മാല എൻ്റെ ബാഗിൽ ഇടുന്ന വീഡിയോ.."
പെട്ടെന്ന് മെർലിൻ പറഞ്ഞു
"ഇതുവരെ ഈ ഹോസ്റ്റലിൽ നടന്ന എല്ലാ മോഷണങ്ങളും ചെയ്തത് അഞ്ജലി ആണ്. അവൾ പണക്കാരി അല്ലെ. അച്ഛൻ പോലീസിലും. പിന്നെ അവളെ ആരും സംശയിക്കില്ലല്ലോ. കുളിമുറിയിൽ രാവിലെ ഊരി വച്ച മാല പോയപ്പോൾ തന്നെ ഞാൻ മേട്രനെ അറിയിച്ചൂ. അത് ചെയ്തത് നിലീന അല്ല എന്ന് എനിക്ക് ഉറപ്പായിരുന്നൂ. കഴിഞ്ഞ പ്രാവശ്യം മോഷണം നടന്നപ്പോൾ തന്നെ ഞാൻ എൻ്റെ മുറിയിൽ ഒളി ക്യാമറ വച്ചിരുന്നൂ. അത് നിലീനയെ സംശയിച്ചിട്ടല്ല. പക്ഷേ അവളെ മറ്റാരെങ്കിലും വീണ്ടും കുടുക്കുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നൂ. ആ രഹസ്യം നിലീന പോലും അറിയാതെ ഞാൻ ഒളിപ്പിച്ചൂ. മോഷ്ടിച്ചത് ആരാണെങ്കിലും പിടിക്കുമെന്നു ഉറപ്പായാൽ അത് നിലീനയുടെ ബാഗിൽ വയ്ക്കുമെന്ന് എനിക്ക് തോന്നി."
"കേട്ടിട്ടില്ലേ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ..."
എനിക്ക് നല്ല ദേഷ്യം വന്നൂ. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.
ചെയ്യാത്ത കുറ്റത്തിന് ഞാൻ പഴി കേട്ടൂ. ആ വിഷമത്തിൻ്റെ ആഴം എനിക്കറിയാം. ഏതായാലും കള്ളി ആരെന്നു എല്ലാവർക്കും മനസ്സിലായി. എനിക്ക് അത് തന്നെ ധാരാളമായിരുന്നൂ.
ഒപ്പം സൗഹൃദം എന്തെന്ന് ഞാനും പഠിച്ചൂ.
അഞ്ജലിയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അടുത്ത കൂട്ടുകാരിയായിട്ടും അവളെ മനസ്സിലാക്കാതെ പോയത് എൻ്റെ മാത്രം തെറ്റാണ്.
എന്നെ മനസ്സിലാക്കുവാൻ മെർലിൻ ഉണ്ട്. ഈ ജന്മം ഇനി വേറെ ഒരു കൂട്ടുകാരി എനിക്ക് വേണ്ട.
ഒപ്പം കളിക്കുന്നതോ ചിരിക്കുന്നതോ അല്ല സൗഹൃദം. ഒരു ആവശ്യം വരുമ്പോൾ കൂടെ നിൽക്കുന്നതും, കണ്ണുനീര് ഒപ്പുന്നതും ആവണം സൗഹൃദം . മനസ്സിലാക്കുവാൻ ഒരാളുണ്ടെങ്കിൽ ഈ ലോകത്തിൽ മറ്റൊന്നും ആവശ്യമില്ല.
.........................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ