തെറ്റുധാരണ THETTUDHARANA, K, E, FB, N, A, KZ, P, G, EK, LF, NA
"ടാ പൊട്ടാ, നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ലേ. മണ്ടൻ നിന്നെ പഠിപ്പിക്കുവാൻ ഇരുത്തിയ എന്നെ പറഞ്ഞാൽ മതി.."
പിന്നെ ഒന്നും നോക്കിയില്ല വായിൽ വന്നതൊക്കെയും പറഞ്ഞു.
അത്രയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നൂ എനിക്ക്.
പെട്ടെന്ന് അവൻ എൻ്റെ കൈയ്യിൽ പിടിച്ചൂ..
"മോൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല. മോൻ നന്നായി പഠിച്ചോളാം അമ്മേ..."
അത് കേട്ടപ്പോൾ എൻ്റെ ദേഷ്യം ഒന്ന് ശമിച്ചൂ.
അല്ലെങ്കിലും ഞാൻ എന്തിനാണ് അവനോടു ദേഷ്യപെടുന്നത്. ഓഫീസിൽ നിറയെ പ്രശ്നങ്ങൾ ആയിരുന്നൂ. വന്ന ദേഷ്യം മുഴുവൻ ഞാൻ അവൻ്റെ മുകളിൽ ആണ് തീർത്തത്.
പഠിപ്പിക്കുവാൻ അവനെ ഇരുത്തിയതാണ്...
"എത്ര പറഞ്ഞു കൊടുത്തിട്ടും അവൻ്റെ തലയിൽ കയറിയില്ല. പിന്നെയും spelling തെറ്റിക്കുന്നൂ..."
തത്കാലം ബാക്കി നാളെ പഠിപ്പിക്കാം എന്ന് പറഞ്ഞു, അവിടെ നിറുത്തി.
അവൻ്റെ മനസ്സു വേദനിച്ചാൽ അദ്ദേഹത്തിൻ്റെ ആത്മാവ് വേദനിക്കും..
"വെറുതെ കുഞ്ഞിനെ തല്ലണ്ട. അത്രയ്ക്ക് ദേഷ്യം ഉണ്ട് പലരോടും മനസ്സിൽ."
അവനു മനസ്സിലാകുന്ന രീതിയിൽ ഞാൻ പറഞ്ഞു കൊടുക്കേണ്ടേ. അതിനുള്ള മനസ്സ് ഇന്നില്ല. എൻ്റെ തെറ്റ്..
....................................
രാത്രി കിടക്കുമ്പോൾ കുഞ്ഞു എന്നെ പതിയെ കെട്ടി പിടിച്ചൂ, എന്നിട്ടു ചോദിച്ചൂ
"അമ്മാ ഞാൻ മണ്ടൻ ആണല്ലേ. എനിക്കെന്തേ ദൈവം ബുദ്ധി തന്നില്ല.."
എൻ്റെ കണ്ണ് നിറഞ്ഞു
"ഇല്ല, ഉണ്ണി.. എൻ്റെ മോൻ നല്ല കുട്ടിയാണ്. ഈ തല നിറച്ചും ബുദ്ധിയാണ്. മോൻ ശ്രദ്ധിക്കാതെ ഇരുന്നിട്ട് ഒരു അബദ്ധം കാണിച്ചതല്ലേ. അമ്മ മോനെ ഒരിക്കലും അങ്ങനെ ഇനി പറയില്ല കേട്ടോ.."
അവനെ കിടത്തി ഉറക്കിയതിനു ശേഷം ഞാൻ അദ്ദേഹത്തിൻ്റെ ഫോട്ടോ കൈയ്യിൽ എടുത്തു. അത് നെഞ്ചോടു ചേർത്ത് പൊട്ടിക്കരഞ്ഞു.
"എന്നെ മനസ്സിലാക്കുവാൻ ആകെ ഉണ്ടായിരുന്ന ആളെ അങ്ങോട്ട് വിളിച്ചില്ലേ എൻ്റെ ദൈവമേ.."
ഇന്ന് ഓഫീസിൽ ഒത്തിരി തിരക്കുണ്ടായിരുന്നൂ.
ആ സമയത്താണ് മാനേജരുടെ വേഷം കെട്ട് .
"അയാൾക്ക് എന്നെ കാണുവാൻ രാത്രി വീട്ടിൽ വരണം പോലും..."
അദ്ദേഹം പോയതിൽ പിന്നെ അയാളുടെ പെരുമാറ്റം അത്ര ശരിയല്ല. ചോദിക്കുവാനും പറയുവാനും എനിക്ക് ആരുമില്ലല്ലോ.
അയാൾ പറയുന്നതെല്ലാം കേട്ട് ആവശ്യം ഇല്ലാതെ ബോസ് എന്നെ ചീത്ത പറയും. ഒരു കണക്കിനാണ് ബോസിൻ്റെ ചീത്തവിളിയും കേട്ട് അവിടെ നിന്ന് ഇറങ്ങിയത്.
"പാവം എൻ്റെ കുട്ടി സ്കൂൾ വിട്ടു വന്നു സുമതി ചേച്ചിയുടെ വീട്ടിൽ ഇരുപ്പുണ്ടാകും എന്നും എന്നെയും കാത്തു. പിന്നെ അവനെയും കൂട്ടി വീട്ടിലേയ്ക്കു അതാണ് പതിവ്..."
ഈയിടെയായി എനിക്ക് വേഗം ദേഷ്യം വരുന്നുണ്ടോ..
നിസ്സഹായായി പെട്ടെന്ന് ഈ ലോകത്തിനു മുൻപിൽ തനിച്ചായി പോകുമ്പോൾ ആരാണ് തകർന്നു പോവാത്തത്..
..........................
അനാഥ, ജനിച്ച അന്ന് മുതൽ എന്നിൽ ആരൊക്കെയോ ചാർത്തി തന്ന പട്ടം.
ഒരു ജോലി കിട്ടിയിട്ടും അനാഥാലയത്തിൽ തുടരുവാൻ എന്നെ സിസ്റ്റർ അനുവദിച്ചൂ. ഒഴിവു സമയങ്ങളിൽ അവിടത്തെ കുട്ടികളെ ഞാൻ പഠിപ്പിചൂ. അവിടെ ഞാൻ എങ്ങനെ എത്തി എന്ന് എനിക്കറിയില്ല.
അതും ദൈവത്തിൻ്റെ വികൃതി.
ഒരിക്കൽ അനാഥകുട്ടികൾക്കു വസ്ത്രം നൽകുവാൻ വന്ന മനുവേട്ടൻ സിസ്റ്ററിനോട് ചോദിച്ചൂ.
"എമിലിനെ ഞാൻ വിവാഹം കഴിച്ചു കൂടെ കൂട്ടിക്കോട്ടെ"
എനിക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടാക്കിയത് മനുവേട്ടൻ ആണ്.
മനുവേട്ടനൊപ്പം ഈ വീട്ടിലേയ്ക്കു വന്നപ്പോൾ അന്നാദ്യമായി എനിക്ക് തോന്നി..
"സ്വന്തം എന്ന് പറയുവാൻ ആരൊക്കെയോ ഉണ്ട്."
ആ നെഞ്ചിൽ കിടന്നുറങ്ങുമ്പോൾ ഞാൻ അനുഭവിച്ച സുരക്ഷിതത്വ ബോധം.
പിന്നെ ഞങ്ങൾക്കിടയിലേയ്ക്ക് ഞങ്ങളുടെ മകൻ കടന്നു വന്നൂ.
സന്തോഷം നിറഞ്ഞ നാളുകൾ..
എൻ്റെ സന്തോഷം കണ്ടപ്പോൾ ദൈവത്തിന് അതിഷ്ടമായില്ല എന്ന് തോന്നുന്നൂ..
ജീവിച്ചു കൊതി തീരും മുൻപേ മനുവേട്ടനെ കഴിഞ്ഞ വർഷം ദൈവം അങ്ങു കൊണ്ട് പോയി.
രാവിലെ ഒരുമിച്ചു ഓഫീസിലേക്കിറങ്ങിയതാണ്..
എന്നും മകനെ സ്കൂളിൽ വിട്ടു, എന്നെ ഓഫീസിൽ വിട്ടിട്ടാണ് അദ്ദേഹം ഓഫീസിലേയ്ക്ക് പോകുക. പതിയെ മാത്രമേ അദ്ദേഹം വണ്ടി ഓടിക്കൂ.
എന്നിട്ടും..
എൻ്റെ കൺമുന്നിൽ വച്ചാണ്, എൻ്റെ ഓഫീസിനു മുൻപിൽ വച്ച് സ്പീഡിൽ വന്ന ആ കാർ അദ്ദേഹത്തെ ഇടിച്ചിട്ടത്.
ഓടി ചെന്ന് മടിയിൽ തല എടുത്തു വയ്ക്കുമ്പോൾ ഒന്നേ അദ്ദേഹം പറഞ്ഞുള്ളൂ
"മോന് ഒരു കുറവും വരുത്തരുത്. അദ്ദേഹത്തിൻ്റെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണുനീർ തുള്ളികൾ അടർന്നു വീണൂ.."
ആ നിമിഷം ബോധം പോയ ഞാൻ കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിൽ ആയിരുന്നൂ.
പേപ്പറിൽ ഒപ്പിട്ടു ആ ശരീരം ഏറ്റു വാങ്ങുമ്പോൾ ഞാൻ കരഞ്ഞില്ല. അന്ന് ഞാൻ എല്ലാ ദൈവങ്ങളെയും വെറുത്തൂ.
എൻ്റെ എല്ലാ പ്രശ്നങ്ങളും ഞാൻ തുറന്നു പറഞ്ഞിരുന്നത് ആ നെഞ്ചിൽ കിടക്കുമ്പോൾ ആയിരുന്നൂ. പെട്ടെന്ന് ഒരാളെ കിട്ടിയപ്പോൾ ഒരു ജന്മം മുഴുവൻ ഞാൻ കൊണ്ട് നടന്ന എല്ലാ സങ്കടങ്ങളും പറഞ്ഞു തീർത്തൂ.
കുഞ്ഞിലേ മുതലേ എല്ലാം ഒറ്റയ്ക്ക് നേരിട്ടൂ, പൊരുതി വന്നിട്ടേ ഉള്ളൂ.
പക്ഷേ പെട്ടെന്ന് ആശ്വസിപ്പിക്കുവാൻ ഒരാൾ വന്നപ്പോൾ പിന്നെ എല്ലാം ആ തണലിൽ ആയി.
പെട്ടെന്ന് അയാൾ ഇല്ല എന്ന് വരുമ്പോൾ ആ അവസ്ഥ അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ...
പിന്നെ എല്ലാം മറന്നു മകന് വേണ്ടി മാത്രം ജീവിച്ചു തുടങ്ങി.
പകൽ വേഷം കെട്ടുന്ന മാന്യൻമ്മാർ രാത്രിയിൽ വാതിലിൽ മുട്ടിയപ്പോൾ മകനെ ചേർത്ത് പിടിച്ചു ഞാൻ കരഞ്ഞു...
..........................
പതിയെ കണ്ണ് തുടച്ചു അദ്ദേഹത്തിൻ്റെ ഷർട്ട് എടുത്തു ഞാൻ ധരിച്ചൂ. അത് ധരിക്കുമ്പോൾ കുറച്ചു ധൈര്യം വരും..
ആ ഫോട്ടോയിൽ നോക്കി ഞാൻ മാപ്പു പറഞ്ഞു.
"എൻ്റെ കുഞ്ഞിനെ വിഷമിപ്പിച്ചതിനു.."
അവസാനമായി അദ്ദേഹം ആവശ്യപ്പെട്ടതു ഒന്നേ ഉള്ളൂ.
ഇനി എൻ്റെ മകനെ ഞാൻ കരയിക്കില്ല. ഇന്നും ഡാഡി തിരിച്ചു വരുന്നതും നോക്കി ഇരിക്കുന്ന എൻ്റെ കുഞ്ഞു. അവനെ ഞാൻ മനസ്സിലാക്കേണ്ടേ.
എനിക്ക് നഷ്ടമായത് കൈത്താങ്ങാണ്. അവനു നഷ്ടമായത് അവൻ്റെ ഡാഡിയെ മാത്രമല്ല കൂട്ടുകാരനെ കൂടിയാണ്.
പെട്ടെന്ന് പുറകിൽ നിന്നാരോ എന്നെ തൊട്ടൂ..
നോക്കുമ്പോൾ മോൻ ആണ്..
"അമ്മ കരയണ്ട കേട്ടോ, അമ്മ വഴക്കു പറഞ്ഞാലും ഞാൻ പിണങ്ങില്ല. അമ്മയ്ക്ക് കുട്ടൻ എന്നും കൂടെ ഉണ്ടാകും.."
അവനെ ചേർത്ത് പിടിക്കുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നൂ..
"അവനേ ഒരിക്കലും ഞാൻ അനാഥനാക്കില്ല. ഞാൻ പൊരുതും. ആത്മഹത്യ ഒന്നും ഞാൻ ചെയ്യില്ല. എനിക്കും ഈ ലോകത്തിൽ ജീവിക്കണം. ഇനി ആര് എന്നെ തേടി രാത്രി വന്നാലും ഞാൻ തളരില്ല. അവൻ്റെ പകൽമാന്യൻ കുപ്പായം അവൻ്റെ വീട്ടുകാരുടെ മുന്നിൽ വച്ച് ഞാൻ അഴിക്കും.."
"എനിക്ക് ആരുടെയും സഹതാപം വേണ്ട. വിധവകൾ എല്ലാവരും എന്തിനും വഴങ്ങുന്നവരാണ് എന്ന തെറ്റുധാരണ തിരുത്തിയാൽ മതി.."
......................................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ