AMMAYIACHANTE KALYANAM അമ്മായിയച്ഛൻ്റെ കല്യാണം FB, E, A, N, EK, TMC, SXC, G, P, K, NL, AP, NA, LF

 "അമ്മായിഅച്ഛന് കല്യാണ ആലോചനയുമായി വന്ന ലോകത്തിലെ ആദ്യത്തെ ഭാര്യ നീയായിരിക്കും.ഞാൻ ഒന്നും പറയുന്നില്ല. പിടിച്ചൊരെണ്ണം തരേണ്ടതാണ്. കല്യാണം ആലോചിക്കുവാൻ നിനക്ക് എൻ്റെ അച്ഛനെ മാത്രമേ കിട്ടിയുള്ളൂ.."

"ഏട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.."

"എനിക്ക് ഒന്നും കേൾക്കേണ്ട. മേലിൽ ഈ വിഷയം ഇവിടെ സംസാരിക്കരുത്.."

ഒഴുകി വന്ന കണ്ണുനീർ തുടച്ചിട്ട് ഞാൻ തിരിഞ്ഞു കിടന്നൂ. ഏട്ടൻ ഒന്നും കേൾക്കുവാൻ തയ്യാറല്ല. അച്ഛൻ എന്ന് വച്ചാൽ ഏട്ടന് ജീവനാണ്. 

എന്നിട്ടും എന്തേ ഏട്ടൻ ആ മനസ്സു തിരിച്ചറിയുന്നില്ല. 

മനസ്സിലൂടെ പലതും കടന്നു പോയി.

ഈ വീട്ടിലേയ്ക്കു വിവാഹം കഴിഞ്ഞു വന്നിട്ട് മാസം മൂന്ന് ആകുന്നതേ ഉള്ളൂ. രണ്ടു ആൺമക്കൾ മാത്രം ഉള്ള വീടാണ്. അതുകൊണ്ടു തന്നെ പേടിച്ചു പേടിച്ചാണ് ഈ വീട്ടിലേയ്ക്കു കടന്നു വന്നത്. അവരുടെ അമ്മ ഏട്ടൻ ബിരുദത്തിനു പഠിക്കുമ്പോൾ മരിച്ചു പോയി. 

പാവം നല്ല സ്നേഹമുള്ള അച്ഛൻ. അദ്ദേഹം നന്നായി തന്നെ അവരെ വളർത്തി. രണ്ടുപേർക്കും ജോലിയായി. അവർ രണ്ടുപേരും എപ്പോഴും ജോലിത്തിരക്കിൽ ആയിരിക്കും. റിട്ടയർ ആയ അച്ഛൻ അങ്ങനെ തൊടിയിലും വീട്ടിലുമായി ജീവിതം തള്ളി നീക്കുന്നൂ. 

എനിക്ക് ഈ വീട്ടിൽ ഇതുവരെ ഒരു വിഷമം ഉണ്ടായിട്ടില്ല. പക്ഷേ എപ്പോഴൊക്കെയോ ഒരു അമ്മയുടെ കുറവ് എനിക്ക് അനുഭവപ്പെട്ടൂ. അതെപ്പോഴും അങ്ങനെ അല്ലെ...

കഴിഞ്ഞ ആഴ്ച ഞാൻ ആദ്യമായി അവരുടെ കുടുംബത്തിലെ ഒരു വിവാഹത്തിന് പോയി. അവിടെ നിന്ന് പോരും വഴി ഞാൻ അച്ഛൻ്റെ തറവാട്ട് വീട്ടിൽ കയറി. 

അവിടെ വച്ച് അവരെ ഞാൻ ആദ്യമായി കണ്ടു. 

അമ്മായി അച്ഛൻ്റെ മുറപ്പെണ്ണിനെ..... 

അവരുടെ കണ്ണുകളിലെ ദുഃഖം ഞാൻ ഒറ്റനോട്ടത്തിലെ മനസ്സിലാക്കി. 

അവരുടെ കുട്ടിക്കാലത്തു അച്ഛനും അവരും സ്നേഹത്തിൽ ആയിരുന്നൂ. അച്ഛന് വേണ്ടി പറയാതെ തന്നെ പറഞ്ഞു വച്ച ബന്ധം. അക്കാലത്തു അങ്ങനെ ആയിരുന്നല്ലോ. എത്രയോ സ്വപ്നങ്ങൾ അവർ ഒരുമിച്ചു കണ്ടു.

അവരുടെ സന്തോഷങ്ങളിലേയ്ക്ക് വില്ലനായി വന്നത് പാണ്ടു രോഗം ആയിരുന്നൂ. ഒരിക്കൽ ഒരു പൊട്ടു പോലെ അവരുടെ ശരീരത്തിൽ പ്രത്യക്ഷപ്പെട്ട രോഗം, അവൾ പത്താം തരത്തിൽ എത്തുമ്പോഴേക്കും ശരീരത്തിൽ മൊത്തം പടർന്നൂ. 

നാഗശാപം ആണത്രേ...

അന്ന് മുതൽ ആയമ്മ കാണാത്ത വൈദ്യൻമാരും ഇല്ല, പോവാത്ത ക്ഷേത്രങ്ങളും ഇല്ല. ഒന്നിനും ഒരു ഫലവും കിട്ടിയില്ല.

നാഗശാപം പേറി നടക്കുന്ന പെണ്ണിനെ വിവാഹം കഴിക്കുവാൻ അനുവദിക്കില്ല എന്ന് അച്ഛൻ്റെ അച്ഛൻ തീരുമാനിച്ചൂ. 

ആ അസുഖം അടുത്ത തലമുറയിലേയ്ക്ക് കൂടി വന്നാലോ...

ആദ്യമൊക്കെ അച്ഛൻ കുറെ എതിർത്തെങ്കിലും അവസാനം അച്ഛൻ വീട്ടുകാരുടെ തീരുമാനത്തിന് വഴങ്ങി വേറെ കെട്ടി.

പക്ഷേ എല്ലാം നഷ്ടപെട്ട അവർ അതോടെ ആ വീട്ടിൽ ഒതുങ്ങി. അവരുടെ ആങ്ങളയുടെ വിവാഹം കഴിഞ്ഞതോടെ അവർ ആ വീട്ടിൽ അധികപ്പറ്റായി.

പുറത്തെങ്ങും പോകാതെ ആ നാലുകെട്ടിൻ്റെ ഉള്ളിലെ അകത്തളങ്ങളിൽ എവിടെയോ ഒതുങ്ങി കൂടുന്ന ഒരു ജന്മം... 

അവരുടെ കഥ ഞാൻ കല്യാണം കഴിഞ്ഞു വന്ന സമയത്തെപ്പോഴോ അനിയൻ പറഞ്ഞു കേട്ടിരുന്നൂ. അമ്മായിഅച്ഛനെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു. അവരെ കണ്ടപ്പോൾ അച്ഛൻ്റെ കണ്ണുകളിൽ പ്രകാശം നിറയുന്നത് ഞാൻ കണ്ടിരുന്നൂ. 

ഒരു ജന്മം മുഴുവൻ ഒന്നും ആഗ്രഹിക്കാതെ അവിടെ കഴിഞ്ഞ അവരോടു എനിക്ക് അനുകമ്പ തോന്നി. എൻ്റെ അടുത്തേയ്ക്കു വരാതെ അവർ ഒരു  മൂലയിൽ ഒതുങ്ങി നിന്നൂ. ഞാൻ പതിയെ അവരുടെ അടുത്തേയ്ക്കു ചെന്നു, ആ കാലുകളിൽ തൊട്ടു അനുഗ്രഹം വാങ്ങി. പെട്ടെന്ന് അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി, ആ കണ്ണുനീർ എൻ്റെ തലയിൽ വീണു.

"എൻ്റെ കുട്ടിക്ക് എന്നും നല്ലതേ വരൂ.." അവർ അനുഗ്രഹിച്ചൂ. ഒരു ദീർഘനിശ്വാസം എടുത്തിട്ട് അവർ അറിയാതെ പറഞ്ഞു പോയി.

"എൻ്റെ മരുമകൾ ആകേണ്ട കുട്ടിയാണ്. എനിക്ക് സന്തോഷമായി. എന്നെ തൊടുവാൻ വരെ പലർക്കും ഇവിടെ വെറുപ്പാണ്. ഞാൻ ശാപമല്ലേ.."

പിന്നീട് പലതും ഞാൻ അവിടെ കണ്ടൂ. 

അന്ന് ഞാൻ അവിടെയാണ് താമസിച്ചത്. 

എല്ലാവരും ഉണ്ണുമ്പോൾ കൂടെ ഉണ്ണാൻ അവരെ ആങ്ങളയുടെ ഭാര്യ സമ്മതിക്കില്ല. അവർക്കുള്ള ഭക്ഷണം, വെള്ളം എല്ലാം വേറെയാണ്. അവർ തൊടുന്ന പാത്രങ്ങൾ പോലും മറ്റുള്ളവർ തൊടില്ല. 

തിരിച്ചു അവിടെ നിന്ന് ഞാൻ ഇറങ്ങുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത ഭാരം അനുഭവപ്പെട്ടൂ. ഈ ഭൂമിയിൽ ദൈവം കുറച്ചു നാളുകളല്ലേ നമുക്ക് തന്നിട്ടുള്ളൂ. ആ ദിവസങ്ങളിൽ ഇത്തിരി സമാധാനം എല്ലാവരും ആഗ്രഹിക്കില്ലേ. സ്വപ്നങ്ങൾ കാണുവാൻ എല്ലാവർക്കും ആഗ്രഹമില്ലേ...

അവരുടെ വിഷമങ്ങൾ കാണുമ്പോൾ അച്ഛൻ്റെ നെഞ്ച് പിടയുന്നത് ഞാൻ അറിഞ്ഞു. 

അല്ലെങ്കിലും അച്ഛനമ്മമാരുടെ മനസ്സു നന്നായി അറിയുന്നത് മകൾ ആണ്. എൻ്റെ അച്ഛനില്ലാതെ പോയതും അതാണ്. 

പക്ഷേ ഇന്ന് ഞാൻ അത് തിരിച്ചറിഞ്ഞിരിക്കുന്നൂ..

അച്ഛൻ അവരെ വിവാഹം കഴിക്കാതിരുന്നത് അടുത്ത തലമുറയിൽ ആ രോഗം വന്നാലോ എന്ന് പേടിച്ചു മാത്രമാണ്. അല്ലെങ്കിൽ സ്വന്തം കുടുംബത്തിലെ മറ്റുള്ളവരെ വിഷമിപ്പിക്കാതെ ഇരിക്കുവാൻ മാത്രമാണ്. ആ പേടി ഇനി വേണ്ടല്ലോ. 

ഇനിയും അച്ഛന് അവർക്കു ഒരു ജീവിതം കൊടുക്കുവാൻ കഴിയില്ലേ.. 

കഴിയും എന്ന് എൻ്റെ മനസ്സു പറയുന്നൂ..

..........................

പിറ്റേന്ന് ഞാൻ ഈ വിഷയം അനിയനുമായി സംസാരിച്ചൂ. ഒരു ഡോക്ടർ ആയ അവനു അത് സമ്മതം ആയിരുന്നൂ. അവൻ ഏട്ടനെ സമ്മതം അറിയിച്ചൂ. ആദ്യം എതിർത്തെങ്കിലും അനിയൻ കൂടെ പറഞ്ഞു കൊടുത്തപ്പോൾ ആ സ്നേഹത്തിൻ്റെ ആഴം ഏട്ടന് മനസ്സിലായി. 

അങ്ങനെ ഞങ്ങൾ ആ അമ്മയെ വീണ്ടും പോയി കണ്ടൂ.

"അവരുടെ സമ്മതം അറിയണമല്ലോ.."

ഞാൻ കാര്യങ്ങൾ പറഞ്ഞതും അവർ എൻ്റെ കൈകൾ ചേർത്ത് പിടിച്ചൂ.

"നിനക്ക് ഒരു വലിയ മനസ്സ് ഉണ്ട് കുട്ടി. എൻ്റെ കണ്ണേട്ടൻ ഭാഗ്യവാൻ ആണ്. നിന്നെ പോലെ ഒരു മകളെ അദ്ദേഹത്തിന് കിട്ടിയല്ലോ. പക്ഷെ നാളെ ഞാൻ നിങ്ങൾക്ക് ഒരു ഭാരം ആകും. എൻ്റെ ജന്മം ഇങ്ങനെ ഒക്കെ അങ്ങു പോയാൽ മതി. അനിയൻകുട്ടിക്കു വിവാഹം വരുമ്പോൾ അത് ഒരു പ്രശ്നം ആകും. എനിക്ക് സ്വപ്നങ്ങൾ ഒന്നും ബാക്കിയില്ല. സീമന്ത രേഖയിലെ കുങ്കുമം എന്നെ ഇപ്പോൾ മോഹിപ്പിക്കാറില്ല.."

ഉടനെ അനിയൻ പറഞ്ഞു 

"എന്നെ ഓർത്തു അമ്മ വിഷമിക്കേണ്ട, എൻ്റെ ആൾ ഒരു ഡോക്ടർ ആണ്, ലവ് മാരേജ്. അവൾക്കു ഇതൊന്നും ഒരു പ്രശ്നം അല്ല. എൻ്റെ അച്ഛന് ഒരു കൂട്ട് വേണം. എനിക്ക് ഇപ്പോൾ അതാണ് വലുത്."

പ്രതീക്ഷിച്ച പോലെ പ്രതിഷേധവുമായി അവരുടെ നാത്തൂൻ വന്നൂ. 

പക്ഷേ അവർക്കായി ഞാൻ കരുതി വച്ചിരുന്ന മറുപടി എൻ്റെ കൈയ്യിൽ ഉണ്ടായിരുന്നൂ.

"ഈ അസുഖം നിങ്ങളുടെ മകൾക്കു ആയിരുന്നെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമായിരുന്നൂ. മറ്റുള്ളവരുടെ കുറവുകളെ പരിഹസിക്കരുത്. ദൈവം ചിലർക്കൊക്കെ സഹനങ്ങൾ കൊടുക്കാറുണ്ട്. അവരുടെ സഹനങ്ങൾ ഇവിടെ തീർന്നൂ. ഞാൻ എൻ്റെ അമ്മയെ പോലെ അവരെ നോക്കും. നിങ്ങൾക്ക് ഒരു മകനുണ്ട്. അവൻ്റെ വിവാഹം കഴിയുമ്പോൾ ആ മരുമകൾ നിങ്ങളെ നന്നായി നോക്കുവാൻ ഞാൻ പ്രാർത്ഥിക്കാം.." 

അങ്ങനെ അടുത്ത ശുഭമുഹൂർത്തത്തിൽ ആ വിവാഹം നടന്നൂ. വിവാഹം കഴിഞ്ഞു അവർ വന്നപ്പോൾ വിളക്ക് എടുത്ത് കൊടുത്തു വീട്ടിലേയ്ക്കു അവരെ ഞാൻ കയറ്റി. അമ്മായിഅമ്മയെ വിളക്ക് കൊടുത്തു വീട്ടിലേയ്ക്കു കയറ്റുവാനും ഒരു ഭാഗ്യം വേണമല്ലോ..

അപ്പോൾ അച്ഛൻ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നൂ.

"അച്ഛന് ഈ ലോകത്തിൽ ആകെ ഉണ്ടായിരുന്ന ദുഃഖം അത് ഞാൻ അകറ്റിയിരിക്കുന്നൂ. എന്നും അച്ഛൻ അവരെ വേദനിപ്പിച്ചതിൻ്റെ കുറ്റബോധത്തിൽ ആയിരുന്നൂ ജീവിച്ചിരുന്നത്. ഇന്ന് അതിൽ നിന്നും മുക്തി നേടിയിരിക്കുന്നൂ.."

ചിലപ്പോൾ ഒക്കെ ജീവിതം അങ്ങനെയാണ്. ഒത്തിരി വേദനകൾക്കു അവസാനം കുറച്ചു സന്തോഷം കിട്ടും..

....................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA