നാരങ്ങ മിഠായി NAARANGHA MIDAYI, FB, E, A, N, K, AP, SXC, KZ, QL, LF, EK, P

 "ഗോപാലേട്ട സുഖമല്ലേ..?"

എൻ്റെ ചോദ്യം കേട്ടതും ബീഡി തെറുപ്പു നിറുത്തി ഗോപാലേട്ടൻ എന്നെ നോക്കി. അപ്പോൾ ആ മുഖത്തു തളം കെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു.

ഒരു പുഞ്ചിരി സമ്മാനിച്ച് ഏട്ടൻ ചോദിച്ചൂ..

"കുഞ്ഞു എപ്പോൾ വന്നൂ..?"

"കുറച്ചു ദിവസമായി ചേട്ടാ. ഇന്നാണ് ഇവിടേയ്ക്ക് വരുവാൻ സമയം കിട്ടിയത്.."

"കുഞ്ഞിൻ്റെ അമ്മയെ കാണുമ്പോൾ ഒക്കെ വിശേഷം ഞാൻ  ചോദിച്ചറിയാറുണ്ട്. കുഞ്ഞു നല്ലൊരു നിലയിൽ എത്തുമെന്ന് എനിക്ക് അറിയാമായിരുന്നൂ. മോൾക്കിപ്പോഴും എന്നെ ഓർമ്മയുണ്ടല്ലോ. അത് തന്നെ വലിയ കാര്യം.."

"എന്താ ചേട്ടാ ഇങ്ങനെ പറയുന്നത്. ഈ വിദ്യാലയവും ചേട്ടൻ്റെ കടയും ഒരിക്കലും എനിക്ക്  മറക്കുവാൻ കഴിയില്ല. സ്വപ്നങ്ങളെ കൈ എത്തി പിടിക്കുവാൻ ഞാൻ പഠിച്ചത് ഇവിടെ നിന്നാണ്. ഈ വിദ്യാലയം എനിക്ക് എത്രയോ പ്രീയപെട്ടതാണ്, അതിലും പ്രീയപെട്ടതാണ് ഏട്ടൻ്റെ കട."

"അതൊക്കെ ഒരു കാലം കുഞ്ഞേ. അമേരിക്കയിൽ പോയിട്ടും കുഞ്ഞു എന്നെ മറന്നില്ലല്ലോ.."

"അമേരിക്കയിൽ പോയാൽ സ്വന്തം നാട് മറക്കുമോ ഏട്ടാ. മനസ്സ് എന്നും ഇവിടെ തന്നെയാണ്. ഗ്യാസ് മിഠായിയും, കപ്പലണ്ടി മിഠായിയും ഒക്കെ ഇവിടെ നിന്നല്ലേ വാങ്ങി കഴിച്ചിരുന്നത്. അന്നത്തെ ചൗ മിഠായിക്ക് എന്തൊരു രുചി ആയിരുന്നൂ. പിന്നെ ആ പത്തു പൈസയുടെ കണ്ണിമാങ്ങ അച്ചാർ അതിൻ്റെ എരിവ് ഇന്നും ഈ നാവിൻ തുമ്പിലുണ്ട്."

മനസുകൊണ്ട് ഞാൻ ആ പഴയ കുട്ടിയായി മാറിയിരുന്നൂ അപ്പോൾ.  മുടി പിന്നി മടക്കി കെട്ടി, കൈ നിറയെ കുപ്പിവളകൾ ഇട്ടിരുന്ന ആ പാവടക്കാരി. ഈ ലോകത്തിൻ്റെ ഏതു കോണിൽ പോയാലും മനസ്സ് എന്നും ഇവിടെ ആയിരിക്കും. 

ചിന്തിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല.

"ആ ചേട്ടാ സമയം ഒത്തിരിയായി. ഞാൻ പോവട്ടെ. പിന്നീട് കാണാട്ടോ."

"ശരി മോളെ, മോന്  ഞാൻ രണ്ടു നാരങ്ങ മിഠായി കൊടുത്തോട്ടെ,"

"അതിനെന്താ ചേട്ടാ, കൊടുക്കൂ.."

അവനു കിട്ടിയ നാരങ്ങാ മിഠായിൽ ഒരെണ്ണം ഞാൻ വായിൽ ഇട്ടൂ.

സ്കൂളിൻ്റെ മുന്നിലുള്ള വഴിയിലൂടെ പോകണം എന്നുള്ളത് എൻ്റെ നിർബന്ധം ആയിരുന്നൂ. നാല് വർഷം കൂടിയുള്ള വരവാണ്. ഇനി കുറച്ചു ദിവസങ്ങൾ എനിക്ക് മാത്രമായി എൻ്റെ വീട്ടിൽ വേണം. ഭർത്താവിനോട് അവിടെ നിന്ന് പോരുമ്പോഴേ പറഞ്ഞതാണ് അത്. 

വീട്ടിൽ എത്തിയതും അമ്മയും അപ്പയും ഉണ്ടാക്കി വച്ചിരുന്നതൊക്കെയും ഒറ്റയടിക്ക് കഴിച്ചു തീർത്തൂ. അല്ലെങ്കിലും വീട്ടിൽ എത്തുമ്പോഴാണ് ഞാൻ ആ പഴയ കുട്ടിയായി മാറുന്നത്. 

എൻ്റെ ഇഷ്ടങ്ങൾ ഒക്കെ അവർക്കേ അറിയൂ. പറമ്പിലൂടെ ഒന്ന് നടക്കണം. അമ്പഴങ്ങയും കാരക്കയും പൊട്ടിച്ചു തിന്നണം. താഴെ കിടക്കുന്ന കണ്ണിമാങ്ങകൾ പെറുക്കി അമ്മയ്ക്ക് കൊടുക്കണം. അമ്മ അത് ചെറുതായി അരിഞ്ഞു ഉപ്പും മുളകും വിതറി തരും. അതും കഴിച്ചു അങ്ങനെ കുറച്ചു നേരം ഇരിക്കണം. കുളത്തിൽ ഒന്ന് മുങ്ങി കുളിക്കണം. 

പിന്നെ അമ്മയുടെ മടിയിൽ തല വച്ച് നാട്ടിലെ വിശേഷങ്ങൾ മുഴുവൻ കേൾക്കണം. അമ്മ തലയിൽ അങ്ങനെ കൈ ഓടിച്ചുകൊണ്ടിരിക്കും. ആ സുഖം ഒന്ന് വേറെ തന്നെയാണ്. മസാജ്‌ പാർലറിൽ പോയാൽ ആ സുഖം കിട്ടില്ല. 

ആ വിശേഷം പറച്ചിലിനിടയിലാണ് അമ്മ ഗോപാലേട്ടനെ പറ്റി പറഞ്ഞത്. 

ഗോപാലേട്ടനു പെൺകുട്ടികൾ മൂന്നായിരുന്നൂ. ആദ്യത്തെ കുട്ടിയെ വിവാഹം കഴിച്ചു വിട്ടപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ നടുവൊടിഞ്ഞിരുന്നൂ. വീട് പണയപെടുത്തിയാണ് രണ്ടാമത്തെ കുട്ടിയെ വിവാഹം കഴിപ്പിച്ചത്. വീട് ജപ്തിഭീഷണിയിൽ ആണ് ഇപ്പോൾ. മൂന്നാമത്തെ കുട്ടി കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നൂ. 

കേട്ടപ്പോൾ വിഷമം തോന്നി.

"ആ കുഞ്ഞു കടയാണ് ഞങ്ങൾ കൂട്ടുകാരുടെ കുട്ടിക്കാലത്തെ ഓർമ്മകൾ കൂടുതൽ വർണ്ണാഭമാക്കിയത്. ഗോപാലേട്ടൻ എത്രയോ വട്ടം എത്രയോ കുട്ടികൾക്ക്  മിഠായി കടം കൊടുത്തിരിക്കുന്നൂ. അതും ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെ.ആ പണം കൊടുക്കാതെ എത്രയോ പേർ ആ സ്കൂളിൽ നിന്നും പോയിരിക്കുന്നൂ. പണക്കാരൻ ആകുവാൻ അദ്ദേഹം കട നടത്തിയിട്ടില്ല."

 എന്തെങ്കിലും ചെയ്യുവാൻ എനിക്ക് സാധിക്കില്ലേ....

പിന്നെ അധികമൊന്നും ആലോചിച്ചില്ല. നേരെ സ്കൂളിൻ്റെ ഫേസ്ബുക്  കൂട്ടായ്മയിൽ കയറി, പ്രശ്നങ്ങൾ പറഞ്ഞു. എന്തെങ്കിലും ചെയ്യുവാൻ ആവുമോ എന്ന് അന്വേഷിചൂ."

അമ്പതു വർഷം പഴക്കമുള്ള വിദ്യാലയം. ഒരുപാടു പേരുള്ള ഗ്രൂപ്. പ്രതീക്ഷിച്ചതിലും വേഗത്തിൽ മറുപടികൾ വന്നൂ.

കടം വീട്ടുവാനുള്ള പണം മൊത്തം ഒറ്റയ്ക്ക് ഒരാൾ തരുവാൻ തയ്യാറായി.

"ഷുക്കൂർ.."

നാട്ടിൻപുറത്തെ എൻ്റെ  വിദ്യാലയത്തിൽ ഒത്തിരി പാവപ്പെട്ട കുട്ടികൾ പഠിച്ചിരുന്നൂ. ആ പാവപെട്ടവരിൽ ഏറ്റവും പാവപ്പെട്ടവൻ അവൻ ആയിരുന്നൂ. ബട്ടൻസ് പൊട്ടിപ്പോയ പഴയ യൂണിഫോമിട്ടു സ്കൂളിൽ വന്നിരുന്ന ഷുക്കൂർ.എത്രയോ പ്രാവശ്യം ആ വസ്ത്രത്തിൻ്റെ പേരിൽ അവൻ അധ്യാപകരുടെ വഴക്കു കേട്ടിരിക്കുന്നൂ. പഠിക്കുവാൻ മടിയൻ ആയിരുന്ന അവൻ ഇന്നിപ്പോൾ  ഗൾഫിൽ വലിയ ബിസിനസ്സുകാരൻ. 

അവൻ ഒന്നേ എന്നോട് പറഞ്ഞുള്ളൂ

"എത്രയോ വട്ടം ആ കടയിൽ നിന്നും എനിക്ക് മിഠായിയും അച്ചാറ് പാക്കറ്റുകളും കിട്ടിയിരിക്കുന്നൂ. എൻ്റെ കൈയ്യിൽ അന്ന് പണം ഉണ്ടായിരുന്നില്ല. മറ്റു കുട്ടികൾ മിഠായി വാങ്ങി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്ന എന്നെ വിളിച്ചു പിന്നിപ്പോയ പോക്കറ്റിൽ അദ്ദേഹം മിഠായി അല്ലെങ്കിൽ അച്ചാറ് പാക്കറ്റ് ഇട്ടു തരുമായിരുന്നൂ. ഇന്ന് വിലകൂടിയ ഭക്ഷണം കഴിക്കുമ്പോഴും ചോക്ലേറ്റ് മക്കൾക്ക് വാങ്ങി കൊടുക്കുമ്പോഴും, മനസ്സിൽ വലിയ സ്ഥാനം ഉള്ളത് ആ മിഠായികൾക്ക് തന്നെ. ഗോപാലേട്ടൻ തന്ന മിഠായി വാങ്ങുമ്പോൾ എന്തോ ഒരിക്കലും എനിക്ക് നാണക്കേട് തോന്നിയിരുന്നില്ല. വീട്ടിൽ എത്തുമ്പോൾ ആകെ കിട്ടിയിരുന്ന കഞ്ഞിയിൽ വറ്റു കുറവായിരുന്നൂ. ആ അച്ചാറ് പാക്കറ്റ് പൊട്ടിച്ചൊഴിച്ചു കഞ്ഞി വെള്ളം കുടിക്കുമ്പോൾ വയറും മനസ്സും നിറയുമായിരുന്നൂ."

അത് പറയുമ്പോൾ അവൻ്റെ സ്വരം ഇടറിയിരുന്നൂ..

ഏതായാലും ഞാൻ നാട്ടിൽ നിന്ന് തിരിച്ചു പോരുന്നതിനു മുൻപ് തന്നെ ആ വീട് അദ്ദേഹത്തിന് തിരിച്ചു നൽകുവാനും ആ പെൺകുട്ടിയുടെ വിവാഹം നടത്തുവാനും സാധിച്ചൂ. 

നാട്ടിൽ വന്നാൽ കൂട്ടുകാരെല്ലാം കൂടി ഒരു മുന്തിയ ഹോട്ടലിൽ കൂടാം എന്ന് ഒരു പദ്ധതി ഇട്ടിരുന്നൂ. 

ആ പാർട്ടി ഞങ്ങൾ മാറ്റി വച്ചൂ. പകരം ഗോപാലേട്ടൻ്റെ മകളുടെ വിവാഹത്തിന് എല്ലാവരും ഒത്തു കൂടി. ആ കുഞ്ഞു വീടിൻ്റെ മുറ്റത്തിട്ട പന്തലിൽ അന്ന് കല്യാണത്തിന് ഉണ്ടായിരുന്നവർ എല്ലാം അവരുടെ കമ്പനിയിലെ സ്ഥാനം മറന്നു ഓടി നടന്നു എല്ലാ പണികളും ചെയ്തു, ആ കല്യാണം മനോഹരമാക്കി. 

അവസാനം സ്റ്റേജിൽ നിന്ന് എല്ലാവരും കൂടെ ഗ്രൂപ് ഫോട്ടോ എടുക്കുമ്പോൾ ഒരാളുടെ മാത്രം കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ.

"ഞങ്ങളുടെ ഗോപാലേട്ടൻ്റെ.." 

താൻ കൊടുത്തിരുന്ന ആ നാരങ്ങാ മിഠായികൾക്കും അച്ചാറ് പാക്കറ്റുകൾക്കും ഗ്യാസ് മിഠായികൾക്കും ഇത്രയും വില ഉണ്ടെന്നു അദ്ദേഹം അറിഞ്ഞിരുന്നോ..

.............സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA