പരസ്പരം PARASPARAM, E, A, N, K, KZ, P, G, LF, AP, EK
"നിങ്ങൾ എന്താ ഈ കാണിക്കുന്നത്..? കുഞ്ഞുങ്ങളെ ഇങ്ങനെ തല്ലാമോ..?"
"ദേ ടീച്ചർ, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി. എൻ്റെ മോളെ എന്ത് ചെയ്യണം എന്ന് എനിക്കറിയാം. എന്നെ വെറുതെ ഉപദേശിക്കുവാൻ വരേണ്ട."
എനിക്ക് നല്ല ദേഷ്യം വന്നൂ.
ക്ലാസ്സിൽ ഇടിച്ചു കയറിയതും പോരാ. മിനിയെ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് കള്ളി എന്ന് വിളിച്ചു, അവളുടെ കവിളിൽ അയാൾ ആഞ്ഞടിക്കുകയും ചെയ്തു. ആ കുഞ്ഞു മനസ്സു എത്ര വേദനിച്ചു കാണും.
അവളുടെ ബാഗിൽ നിന്നും അയാൾ ഒരു പൊട്ടിച്ച ബിസ്കറ്റ് പാക്കറ്റ് എടുത്തു. അതും എടുത്തുകൊണ്ട് അയാൾ നിന്ന് കലി തുള്ളുകയായിരുന്നൂ.
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ എനിക്ക് ആയില്ല.
കണ്ണുകൾ നിറഞ്ഞു തല കുനിച്ചു നിൽക്കുന്ന ആ എട്ടു വയസ്സുകാരിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. എൻ്റെ കണ്ണുകളും നിറഞ്ഞിരുന്നൂ.
പെട്ടെന്ന് ഹെഡ്മിസ്ട്രസ് അങ്ങോട്ട് കയറി വന്നൂ.
പ്യുണും ഹെഡ്മിസ്ട്രസും കൂടെ അയാളെ ഒരു കണക്കിന് ക്ലാസിനു പുറത്താക്കി. പുറത്തേയ്ക്കു പോകുമ്പോഴും അയാൾ പറയുന്നുണ്ടായിരുന്നൂ
"നീ വൈകുന്നേരം വീട്ടിലേയ്ക്കു വാ. നിനക്കുള്ളത് ഞാൻ അവിടെ വച്ചിട്ടുണ്ട്. നിന്നെ എന്ത് ചെയ്യണം എന്ന് എനിക്കറിയാം."
അയാൾ പോയതും ക്ലാസ്സു മറ്റൊരു ടീച്ചറെ ഏല്പിച്ചു ഞാൻ അവളെയും കൂട്ടി കൗൺസിലിംഗ് റൂമിലേയ്ക്ക് നടന്നൂ.
അവിടെ മാത്രമേ ആരുടേയും ശല്യം ഇല്ലാതെ എനിക്ക് അവളോട് സംസാരിക്കുവാൻ ആവുമായിരുന്നുള്ളൂ. എത്ര നേരം അവൾ എൻ്റെ മുന്നിൽ ഇരുന്നു കരഞ്ഞു എന്ന് എനിക്കറിയില്ല.
ആ കരച്ചിലിനിടയിൽ എപ്പോഴോ അവൾ മനസ്സ് തുറന്നൂ. പതിയെ അവൾ പറഞ്ഞു
"അപ്പയും അമ്മയും എന്നും വീട്ടിൽ വഴക്കാണ് ടീച്ചർ. എനിക്ക് ഈ ജീവിതം മടുത്തൂ. എനിക്ക് മാത്രം എന്താ ഇങ്ങനെ..?
ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നൂ..
"ഇന്നലെ വൈകുന്നേരം മുതൽ ഞാൻ ഒന്നും കഴിച്ചിട്ടില്ല ടീച്ചർ. ഇന്നലെയും അവർ തല്ലു കൂടി. അമ്മയ്‌ക്ക് നല്ല തല്ലു കിട്ടി. അപ്പയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 20 രൂപ ഞാൻ രാവിലെ ആരും കാണാതെ എടുത്തു. കടയിൽ നിന്നും ഞാൻ സ്കൂളിലേയ്ക്ക് വരും വഴി ഒരു ബിസ്കറ്റ് പാക്കറ്റ് വാങ്ങി. അത് പൊട്ടിച്ചു ഞാൻ അനിയൻ കുട്ടന് കൊടുത്തൂ. രണ്ടു ബിസ്കറ്റ് ഞാനും കഴിച്ചു. അത്രയ്ക്ക് വിശന്നിട്ടാണ്. ബാക്കിയുള്ള ബിസ്കറ്റ് അവനും ഞാനും വൈകുന്നേരം കഴിക്കുവാൻ വേണ്ടി മാറ്റി വച്ചതാണ്. ഉച്ചയ്ക്ക് ഇവിടെ കഞ്ഞി കിട്ടുമല്ലോ. അപ്പയുടെ കൂട്ടുകാരൻ്റെ കടയിൽ നിന്നുമാണ് ബിസ്കറ്റ് വാങ്ങിയത്. അയാൾ വിളിച്ചു പറഞ്ഞു കാണും. ഞാൻ വിശപ്പ് സഹിക്കാം. പക്ഷേ അനിയൻ കുട്ടൻ UKGയിൽ അല്ലേ, അവനു വിശക്കില്ലേ. എന്തെങ്കിലും വേണമെന്ന് പറഞ്ഞു അവൻ കരച്ചിൽ ആയിരുന്നൂ..."
"ഞാൻ കള്ളിയാണ് ടീച്ചർ. എനിക്ക് ഇനി ജീവിക്കേണ്ട. ഇനി ഞാൻ എല്ലാവരുടെയും മുഖത്തു എങ്ങനെ നോക്കും. കൂട്ടുകാർ എന്നെ കളിയാക്കില്ലേ."
എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നൂ. അവൾ പറഞ്ഞത് ശരിയാണ്. അവളെ അയാൾ എല്ലാവരുടെയും മുന്നിൽ വച്ച് നാണം കെടുത്തിയില്ലേ.
പക്ഷേ.. അവൾ ചെയ്തത് മോഷണം ആണോ?
തെറ്റ് എൻ്റെ കൂടെ ആണ്. പഠിപ്പിക്കുക മാത്രം ആണോ ഒരു അദ്ധ്യാപിക ചെയ്യേണ്ടത്. അതിനും അപ്പുറം അവർ ചെയ്യേണ്ട പലതും ഇല്ലേ. അവളുടെ അപ്പൻ ഒരു കുടിയൻ ആണ്. അത് അറിഞ്ഞിട്ടും ആ കുഞ്ഞിനെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിച്ചിരുന്നോ. അയാളെ പറഞ്ഞു തിരുത്തുവാൻ എനിക്കാവില്ല. ഈ കുട്ടികളുടെ ഒക്കെ മനസ്സ് എന്തേ ഞാൻ കണ്ടില്ല.
പെട്ടെന്ന് അവൾ എൻ്റെ കൈ പിടിച്ചു, എൻ്റെ കണ്ണിൽ നോക്കി അവൾ ചോദിച്ചൂ
"ഞാൻ ടീച്ചറുടെ വീട്ടിലേയ്ക്കു വരട്ടെ. ഇന്ന് വൈകീട്ട് അപ്പൻ എന്നെ കൊല്ലും. എനിക്ക് പേടിയാണ്."
ഞാൻ അവളോട് പറഞ്ഞു
"എൻ്റെ മിനിക്കുട്ടിയെ ഇനി ആരും ഒരിക്കലും ഒന്നും ചെയ്യില്ല. എൻ്റെ കുഞ്ഞു കള്ളിയല്ല. മോളെ ക്ലാസ്സിൽ ആരും കളിയാക്കില്ല. വേണ്ടത് ഞാൻ ചെയ്‌തോളാം. ഇനി എപ്പോഴെങ്കിലും എൻ്റെ കുഞ്ഞിന് വിശന്നാൽ ഈ ടീച്ചറമ്മ ഉണ്ടെന്നു ഓർക്കണം."
അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നൂ..
ഏട്ടൻ പോലീസിൽ ആയിരുന്നൂ. ഞാൻ ഏട്ടനെ വിളിച്ചു ഉടനെ കാര്യം പറഞ്ഞു.
അങ്ങനെ വൈകുന്നേരം സ്ഥലത്തെ S. I യെയും കൂട്ടി മഫ്ടിയിൽ ഏട്ടൻ എന്നോടൊപ്പം അവളുടെ വീട്ടിലേയ്ക്കു വന്നൂ. ഏട്ടൻ കാര്യങ്ങൾ അയാളെ പറഞ്ഞു മനസ്സിലാക്കി. അത് കേൾക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ.
കൂടെ ഒരു താക്കീതും നല്കി.
"ഇനി ഒരിക്കൽ കൂടെ അവളെയോ അവളുടെ അമ്മയെയോ അനിയൻകുട്ടനെയോ അയാൾ ഉപദ്രവിച്ചാൽ പിടിച്ചു നല്ലതു പൊട്ടിക്കുമെന്നു"
ഏതായാലും അയാൾ തിരുത്തുവാൻ തയ്യാറാകും എന്ന് എനിക്ക് ഉറപ്പായിരുന്നൂ.
തിരിച്ചു വീട്ടിലേയ്ക്കു പോരുമ്പോഴും എൻ്റെ മനസ്സിൽ അവളായിരുന്നൂ. പിന്നീടെന്നും അവളുടെ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കുമായിരുന്നൂ. അവളുടെ കൈയ്യിൽ ചോറ്റുപാത്രം ഉണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടേ പിന്നീട് ഞാൻ ഭക്ഷണം കഴിച്ചുള്ളൂ. അവളുടെ അപ്പൻ പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല
പക്ഷെ ആ വർഷം എനിക്ക് അവിടെ നിന്ന് വീടിനടുത്തുള്ള സ്കൂളിലേക്ക് മാറ്റം കിട്ടി. അന്ന് ഏറെ കരഞ്ഞത് അവളായിരുന്നൂ.
പിന്നീടൊരിക്കലും അവളെ കാണുവാൻ എനിക്ക് സാധിച്ചില്ല. ജീവിതം അങ്ങനെ ആണല്ലോ...
കാലം കടന്നു പോയി.
................................
"അമ്മ, നാളെ ഞാൻ വന്നാൽ മതിയോ, വീട്ടിൽ ഒരുപാടു പണി ഉണ്ട്. ഇന്ന് രാവിലെ എത്തിയതല്ലേ ഉള്ളൂ. ഒന്ന് വിശ്രമിക്കണം. ഇനി ഇപ്പോൾ അമ്മ നാട്ടിൽ ഒറ്റയ്ക്ക് നിൽക്കേണ്ട. എൻ്റെ കൂടെ പോന്നോളൂ. ഞാനും ഏട്ടനും അത് തീരുമാനിച്ചു കഴിഞ്ഞു."
"സാരമില്ല മോളെ, എനിക്ക് അങ്ങനെ പ്രശ്നം ഒന്നും ഇല്ല. ഇവിടെ നേഴ്സ് ഉണ്ടല്ലോ. എന്ത് ആവശ്യം വന്നാലും അവർ ഉണ്ടാകും. മോള് പോയിട്ട് വാ."
അത് പറയുമ്പോൾ കണ്ഠം ഇടറിയിരുന്നൂ. വയസ്സാം കാലത്തു ഒരിറ്റു വെള്ളം തരുവാൻ ആരുമില്ല. മക്കൾക്ക് രണ്ടു പേർക്കും തിരക്കാണ്. രണ്ടുപേരും കുടുംബസമേതം ദുബായിൽ ആണ്. അവരെയും കുറ്റം പറയുവാൻ വയ്യ. അവരുടെ കൂടെ പോകുവാൻ ഞാൻ തയ്യാറല്ല. ആ വീട് വിട്ടു പോകുവാൻ എനിക്കാവില്ല. ആ തൊടിയിലും മുറിയിലും അദ്ദേഹത്തിൻ്റെ ഗന്ധവും സാന്നിധ്യവും ഇപ്പോഴും ഉണ്ട്. എന്നെ തനിച്ചാക്കി അദ്ദേഹം പോയിട്ട് വർഷം അഞ്ചായിരിക്കുന്നൂ. എന്നിട്ടും എനിക്ക് എന്തോ അദ്ദേഹം പോയി എന്ന് തോന്നുന്നില്ല.
ആദ്യം ഞാൻ പോകും എന്ന് വിചാരിച്ചിരുന്നതാണ്....
എല്ലാം വിധി.
"അമ്മ എന്താണ് ആലോചിക്കുന്നത്?"
"ഒന്നുമില്ല, മോള് പോയിട്ട് വാ.."
അവൾ പോയതും കണ്ണടച്ച് കിടന്നൂ.
ഒന്ന് മയങ്ങി തുടങ്ങിയപ്പോൾ ആണ്, കാലിൽ ആരോ സ്പർശിക്കുന്നതു പോലെ തോന്നിയത്. കണ്ണ് തുറന്നു നോക്കുമ്പോൾ ഡോക്ടർ കാലിൽ തൊട്ടു നിൽക്കുന്നൂ.
ആരാണെന്നു പെട്ടെന്ന് മനസ്സിലായില്ല.
എന്നെ നോക്കി നിൽക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി തുടങ്ങിയിരുന്നൂ.
"ടീച്ചറമ്മയ്ക്കു എന്നെ മനസ്സിലായില്ലേ. ഞാൻ ടീച്ചറുടെ മിനിക്കുട്ടിയാണ്.."
മിനിക്കുട്ടി എന്ന് ഒരാളെ മാത്രമേ ഞാൻ ജീവിതത്തിൽ വിളിച്ചിട്ടുള്ളൂ. അവളെ മാത്രം. അവളെ ഞാൻ എങ്ങനെ മറക്കും. പിന്നീട് എത്ര മിനിമാർ ഞാൻ പഠിപ്പിച്ച ക്ലാസ്സുകളിൽ വന്നിട്ടും ആരെയും ഞാൻ അങ്ങനെ വിളിച്ചിട്ടില്ല. ടീച്ചറമ്മ എന്ന് എന്നെ വിളിക്കുന്ന ഒരു മിനിക്കുട്ടിയെ ഉള്ളൂ..
അവൾ ഇന്ന് എൻ്റെ മുന്നിൽ ഡോക്ടറുടെ വേഷത്തിൽ നിൽക്കുന്നൂ.
"എൻ്റെ മിനിക്കുട്ടി"
അവൾ എൻ്റെ കൈ പിടിച്ചു കുറച്ചു നേരം അടുത്തിരുന്നൂ. ഞാനും അവളും പരസ്പരം ഒന്നും മിണ്ടിയില്ല.
തിരിച്ചു വരാം എന്നും പറഞ്ഞു അവൾ പോയി.
റൗണ്ട്‌സ് തീർന്നതും അവൾ വീണ്ടും എൻ്റെ അടുത്ത് വന്നു കുറച്ചു നേരം ഇരുന്നൂ. ഒരുപാടു വിശേഷങ്ങൾ പറഞ്ഞു.
അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നീടൊരിക്കലും അവളുടെ അപ്പൻ അമ്മയെ തല്ലിയില്ല. കുടി നിറുത്തിയില്ലെങ്കിലും വീട്ടിലെ കാര്യങ്ങൾക്കു കുറവ് വരുത്താതെ നോക്കി. കഴിഞ്ഞ വർഷം അപ്പൻ മരിച്ചു പോയി. അപ്പൻ പോവുന്നതിനു മുൻപേ തന്നെ അവളുടെ വിവാഹം നടന്നൂ. അനിയൻകുട്ടൻ പോലീസിൽ ആണത്രേ. അമ്മയും അനിയനും ഒരുമിച്ചു അവൻ്റെ ജോലിസ്ഥലത്താണ്.
അങ്ങനെ അവളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും അവൾ പറഞ്ഞു. അതിനെല്ലാം ഉത്തരവാദി ഞാൻ ആണെന്ന് അവൾ ഇന്നും വിശ്വസിക്കുന്നൂ.
"പാവം കുട്ടി.."
എന്നെ അവൾ ഒത്തിരി അന്വേഷിച്ചിരുന്നൂ പോലും. പക്ഷേ കണ്ടെത്തുവാൻ ആയില്ല.
സത്യമാണ്, ഞങ്ങൾ പഴയ വീട് വിറ്റു കുറച്ചു അകലേക്ക് മാറിയിരുന്നൂ.
ഏതായാലും ആ ഒരാഴ്ച അവൾ എൻ്റെ കൂടെ എത്ര നേരം ചെലവഴിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. എൻ്റെ മകളെ പോലെ അവൾ എന്നെ നോക്കി.
പലപ്പോഴും അവളുടെ എൻ്റെ അടുത്തുള്ള സ്വാതന്ത്ര്യം എൻ്റെ മകളെ അസ്വസ്ഥായാക്കിയോ...
എൻ്റെ വിഷമം മനസ്സിലാക്കി അവൾ തന്നെ എനിക്ക് നല്ലൊരാളെ കൂട്ടിനു ഏർപ്പാടാക്കി തന്നൂ. എൻ്റെ മോളെ എല്ലാം അവൾ പറഞ്ഞു മനസ്സിലാക്കി. എന്ത് ആവശ്യം വന്നാലും അവൾ കൂടെ ഉണ്ടാകും എന്ന് ഉറപ്പു കൊടുത്തൂ. അങ്ങനെ ആ വിദേശ യാത്രയിൽ നിന്നും ഞാൻ രക്ഷ നേടി. പിന്നെ എനിക്ക് ഒരു മകളേയും കൂടെ കിട്ടി.
........................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ