താലി THAALI, E, N, A, KZ, K

" അമ്മ  ചീത്തയാ, എനിക്കിനി ഈ അമ്മയെ കാണേണ്ട. അമ്മ ഇവിടെ നിന്ന് പൊക്കോ എങ്ങോട്ടെങ്കിലും.."

ഉണ്ണിയുടെ വായിൽ നിന്നും വീണ ആ വാക്കുകൾ തറച്ചത് നെഞ്ചിൽ ആയിരുന്നൂ. 

അവൻ അങ്ങനെ പറയുമോ..

വയസ്സ്  പതിനെട്ടായിരിക്കുന്നൂ എൻ്റെ ഉണ്ണിക്കു. പക്വത ആവശ്യത്തിനുണ്ട്. എന്നിട്ടും അച്ഛൻ പറഞ്ഞ വാക്കുകൾ അവൻ അതേ പോലെ ഏറ്റുപറഞ്ഞിരിക്കുന്നൂ.

കൈ വളരുന്നുണ്ടോ, കാലു വളരുന്നുണ്ടോ എന്ന് നോക്കി വളർത്തിയതാണ് എൻ്റെ ഉണ്ണിയെ. 

അവൻ്റെ അച്ഛന് എന്നും തെരക്കായിരുന്നൂ. ചെറുതായി തുടങ്ങിയ കച്ചവടം വളർന്നു പന്തലിച്ചപ്പോൾ അദ്ദേഹത്തിന് ഞാൻ ഒരു അധികപ്പറ്റായി മാറി. അത് മനസ്സിലാക്കിയിട്ടും ഞാൻ ആ വീട്ടിൽ പിടിച്ചു നിന്നതു എൻ്റെ ഉണ്ണിക്കു വേണ്ടി മാത്രമായിരുന്നൂ.

ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന് വ്യാപാരം തുടങ്ങുവാൻ വേണ്ടി ഞാൻ എല്ലാം നൽകി. ഈ താലി മാല ഒഴിച്ച്. എത്ര സന്തോഷം നിറഞ്ഞ വീടായിരുന്നൂ ഞങ്ങളുടേത്. എപ്പോഴാണ് എല്ലാം തകർന്നത്. ഞാൻ കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉണ്ടായിരുന്നുള്ളൂ. ഉണ്ണിയേയും ജീവനായിരുന്നൂ.  

എപ്പോഴോ അദ്ദേഹം എല്ലാം മറന്നൂ. 

എൻ്റെ ജീവിതം പിന്നെ ഉണ്ണിക്കു വേണ്ടി മാത്രമായി. 

അദ്ദേഹത്തിൻ്റെ ഓഫീസിലുള്ള പലരും പറഞ്ഞു പലതും അറിഞ്ഞു. പലതും മനസ്സിലാക്കിയിട്ടും ഒന്നും കണ്ടില്ല എന്ന് ഞാൻ നടിച്ചു. 

താലി കഴുത്തിൽ ഉണ്ടല്ലോ അത് മതി എനിക്ക് എന്ന്  ആശ്വസിച്ചൂ. ഈ താലി ആരും തട്ടിപ്പറിക്കരുതേ എന്ന് പ്രാർത്ഥിച്ചു. പക്ഷേ ഇപ്പോൾ അതും കൈ വിട്ടു പോകുന്നൂ. 

കഴിഞ്ഞ ആഴ്ച അദ്ദേഹം വീട്ടിൽ വന്നപ്പോൾ കൂടെ അവൾ ഉണ്ടായിരുന്നൂ. ആരാണ് കൂടെ എന്ന് ചോദിക്കുവാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. അവളെയും കൂട്ടി അദ്ദേഹം നേരെ എൻ്റെ അടുത്തേയ്ക്കു വന്നൂ.

"ഗീതേ, അടുത്ത ആഴ്ച മുതൽ ഈ വീട്ടിൽ ഇവൾ ഉണ്ടാകും. നിനക്ക് ഇവളെ അറിയാമല്ലോ, ഗിരിജ. നമ്മുടെ മാനേജരുടെ സഹോദരി.  ബുദ്ധിമുട്ടാണെങ്കിൽ നിനക്ക്  ഇവിടെ നിന്നും ഇറങ്ങാം. അവൾ ഇല്ലാതെ എനിക്ക് ഇനി പറ്റില്ല. ഒരു ചളിപ്പുമില്ലാതെ എൻ്റെ മുഖത്തു നോക്കി അദ്ദേഹം അങ്ങനെ പറഞ്ഞു. 

ഞാൻ ദയനീയമായി അദ്ദേഹത്തെ ഒന്ന് നോക്കി.

പോകുവാൻ എനിക്ക് ഒരു വീടില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അച്ഛനും അമ്മയുമെല്ലാം പോയി. ആകെയുള്ള സഹോദരൻ PR എടുത്തു എന്നേ കാനഡയ്ക്ക് പോയി. എനിക്ക് ഉണ്ടായിരുന്ന സ്വത്തെല്ലാം അദ്ദേഹത്തിന് വ്യാപാരം ചെയ്യുവാൻ നൽകി. 

ഞാൻ ഗിരിജയുടെ മുഖത്തേയ്ക്കു ഒന്ന് നോക്കി, എന്നിട്ടു പറഞ്ഞു 

"നിനക്ക് എന്നേലും പ്രായം ഒത്തിരി കുറവാണ്. വിവാഹം കഴിക്കുവാൻ ഒരു കുട്ടിയുടെ അച്ഛനെ മാത്രമേ നിനക്ക് കിട്ടിയുള്ളൂ. ഈ താലി എൻ്റെ കഴുത്തിൽ അണിയിക്കുമ്പോൾ എന്നും എൻ്റെ കൂടെ ഉണ്ടാകും എന്നൊരു വാഗ്ദാനം അദ്ദേഹം നല്കിയിരുന്നൂ. എന്തിനാണ് കുട്ടി നീ എൻ്റെ താലി ആഗ്രഹിക്കുന്നത്. ദൈവത്തിൻ്റെ മുന്നിൽ നിന്നാണ് ഞാൻ അത് സ്വീകരിച്ചത്. ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ അദ്ദേഹം എന്നെ കൈവെടിയില്ല. ആരുമില്ലാത്തവർക്കു ദൈവം തുണയുണ്ടാകും."

ഞാൻ പറഞ്ഞത് അവൾ പുച്ഛത്തോടെ കേട്ടൂ..

മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അവളുടെ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നൂ.

പിന്നീട്  ഒന്നും മിണ്ടാതെ ഞാൻ ഉണ്ണിയുടെ മുറിയിലേയ്ക്കു കയറി ചെന്നൂ. അവൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നൂ. എന്നെ ഒന്ന് നോക്കിയിട്ടു ഉണ്ണി പെട്ടെന്ന് മുറിയിൽ നിന്നും ഇറങ്ങി. 

അവൻ അച്ഛനോട് പറഞ്ഞു.

"അച്ഛാ, ഈ സ്ത്രീയെ ഈ വീട്ടിൽ നിർത്തുവാൻ പറ്റില്ല. ഞാൻ അത് സമ്മതിക്കില്ല."

അച്ഛൻ ഒന്ന് മുരണ്ടു.

"നിൻ്റെ സമ്മതം ആർക്കു വേണമെടാ. ഇതു എൻ്റെ വീടാണ്. ഉണ്ണിക്കു വേണമെങ്കിൽ അമ്മയോടൊപ്പം പടി ഇറങ്ങാം. അതല്ല, എൻ്റെ സ്വത്തിൽ അവകാശം വേണം എന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് കേട്ട് ഇവിടെ നിൽക്കാം. അമ്മ ഇനി ഈ വീട്ടിൽ ഉണ്ടാകില്ല."

പിന്നെ ഉണ്ണി ഒന്നും പറഞ്ഞില്ല. 

പിറ്റേന്ന് ഉള്ളതെല്ലാം പെറുക്കി കൂട്ടി അവിടെ നിന്ന് ഇറങ്ങുമ്പോൾ മുന്നിൽ ശൂന്യത ആയിരുന്നൂ. 

ഞാൻ മൂലം ആർക്കും വിഷമം വേണ്ട. യുദ്ധം ചെയ്തു എനിക്ക് ഒന്നും നേടേണ്ട. അല്ലെങ്കിലും സ്നേഹവും വിശ്വാസവും ഒന്നും യുദ്ധം ചെയ്തു നേടുവാൻ ആകില്ല. അതെല്ലാം മനസ്സിൽ താനെ വരണം. 

മനസ്സിൽ ഒരു ചോദ്യം മാത്രം അവശേഷിച്ചൂ.

"ഇനി എങ്ങോട്ടു..?"

പെട്ടെന്നാണ് ഇടിത്തീ പോലെ ആ വാക്കുകൾ ചെവിയിൽ പതിച്ചത്.  എൻ്റെ ഉണ്ണി എന്നാലും എന്നോടിങ്ങനെ പറയുമോ. എൻ്റെ ഉണ്ണി ഇങ്ങനെ പറഞ്ഞല്ലോ. അതും ഞാൻ സഹിച്ചൂ. 

അവനു പഠിക്കുവാൻ പണം വേണം. തല ചായ്ക്കുവാൻ ഒരിടം വേണം. പാവം എൻ്റെ ഉണ്ണി. നാട്ടുകാരുടെ മുന്നിൽ ഞാൻ തെറ്റുകാരി ആണെന്ന് കാണിച്ചാൽ മാത്രമല്ലെ അയാൾക്ക്‌ ആ സ്ത്രീയെ വിവാഹം കഴിച്ചു അവിടെ കഴിയുവാൻ ആകൂ. പരപുരുഷ ബന്ധമുള്ള ഭാര്യയെ ഉപേക്ഷിക്കുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും ഒരു തെറ്റല്ലല്ലോ. 

മറുത്തൊന്നും പറയാതെ കണ്ണുനീർ തുടച്ചു ഞാൻ ഇറങ്ങി. അകലെ ഒരു ആശ്രമം നടത്തുന്ന സ്വാമിയേ അറിയാം. ശിഷ്ടകാലം അവിടെ കൂടാം. 

പതിയെ നടന്നു നീങ്ങുമ്പോൾ പിന്നിൽ നിന്നും ഒരു വിളി കേട്ടൂ 

"അമ്മേ.."

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടൂ

ചെറിയ ഒരു ബാഗും കയ്യിലെടുത്തു എൻ്റെ ഉണ്ണി.

അവൻ അച്ഛനോട് പറഞ്ഞു 

"അച്ഛൻ പറയുവാൻ പറഞ്ഞത് ഞാൻ പറഞ്ഞു കഴിഞ്ഞു. അച്ഛൻ അമ്മയെ ഉപേക്ഷിച്ചോളൂ. എനിക്ക് അതിനു കഴിയില്ല. എനിക്ക് അച്ഛൻ്റെ സ്വത്തും പണവും വേണ്ട. അമ്മയുടെ സ്നേഹം മതി. എന്നെങ്കിലും ചെയ്തത് തെറ്റാണു എന്ന് അച്ഛന് തോന്നിയാൽ വരണം. ഞങ്ങൾ അച്ഛനെ സ്വീകരിക്കും."

എൻ്റെ കൈയ്യും പിടിച്ചു ഉണ്ണി ഗേറ്റു ലക്ഷ്യമാക്കി നടന്നൂ, അപ്പോഴും ഞാൻ താലിയിൽ പിടിമുറുക്കിയിരുന്നൂ. 

പെട്ടെന്ന് കമ്പനിയിൽ നിന്നും അദ്ദേഹത്തിൻ്റെ ഫോണിലേയ്ക്ക് മാനേജരുടെ വിളി വന്നൂ. 

"സാർ,  ഗിരിജയെ ആശുപത്രിയിൽ ആക്കി. ഹാർട്ട് അറ്റാക്ക് ആയിരുന്നൂ. അവൾ പോയി."

 അത് കേട്ടതും അദ്ദേഹം തളർന്നു നിലത്തിരുന്നു.

ഞാൻ ഓടി അദ്ദേഹത്തിൻ്റെ അടുത്തേയ്ക്കു. ഉണ്ണി എന്നെ തടയുവാൻ നോക്കി. പക്ഷേ ആ കൈ മുറുകെ പിടിച്ചു ഞാൻ അദ്ദേഹത്തിൻ്റെ അടുത്തേയ്ക്കു ഓടി.

അപ്പോൾ മനസ്സിൽ ഇരുന്നാരോ മന്ത്രിച്ചൂ.

"താലിക്കു ഒരു സത്യമുണ്ട്. അതൊരു ചരടല്ല. വാഗ്ദാനമാണ്. ഒരു ജന്മം കൂടെ നിൽക്കാമെന്ന വാഗ്ദാനം.." 

................സുജ അനൂപ് 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA