ORU JATTI KADHA ഒരു ജട്ടി കഥ
അപ്പോൾ ഇന്നത്തെ കഥയിലെ വില്ലൻ ആ ജട്ടി ആണ് .
ഒരു ജട്ടി അങ്ങനെ വില്ലൻ ആകുമോ എന്നാൽ വേണ്ട ഹീറോ തന്നെ ആയിക്കോട്ടെ.
മനോഹരമായ ഒരു ദിവസ്സം...
രാവിലെ തന്നെ പണി ഒക്കെ തീർത്തു കഴിഞ്ഞാൽ ഉച്ചയ്‌ക്കൊന്നു കിടന്നുറങ്ങണം. അവധി ദിവസ്സം ആയതുകൊണ്ട് അത് മുൻപേ തന്നെ തീരുമാനിച്ചതാണ്.
തുണി അലക്കു കഴിഞ്ഞു മുകളിൽ വിരിക്കുവാൻ ചെല്ലുമ്പോൾ അതാ നമ്മുടെ വില്ലൻ അവിടെ എൻ്റെ അഴയുടെ നടുക്ക് തൂങ്ങി അങ്ങനെ ആടി കളിക്കുന്നൂ.
"ഛെ.. എന്നാലും ഇതാരാണ് ഈ പണി കാണിച്ചത്. എൻ്റെ അഴയുടെ ഒത്ത നടുക്ക് ജട്ടി തൂക്കിയിട്ടട്ടും പോയത്. എന്തോ ആവട്ടെ. ജോലിക്കാരിയോട് പറഞ്ഞു അത് തൊട്ടടുത്തുള്ള അഴയിലേക്കു മാറ്റാം."
"ലക്ഷ്മി.."
"എന്താ.?
"ആ ജട്ടി എടുത്തു അപ്പുറത്തെ അഴയിലേക്കു ഇട്ടേക്കു.."
ഏതായാലും ആ ജട്ടിയുടെ അഹങ്കാരം അവിടെ തീർന്നൂ. നടുക്ക് ഞെളിഞ്ഞു കിടന്നങ്ങു ഡാൻസ് കളിക്കുവാരുന്നല്ലോ."
ഏതായാലും തുണിയെല്ലാം വിരിച്ചു കഴിഞ്ഞു ഞാൻ താഴേക്ക് പോന്നൂ. അല്ലെങ്കിലും ഫ്ലാറ്റിൽ ജീവിക്കുമ്പോൾ അങ്ങനെ ആണ്. ആളുകൾ തുണികൾ തോന്നുന്നത് പോലെ അവിടെ ഇവിടെ അങ്ങനെ വിരിക്കും. ഏതായാലും ഇന്നത്തെ യുദ്ധം കഴിഞ്ഞു. ഒരു മണിക്കൂർ കൊണ്ട് അതെല്ലാം ഉണങ്ങി കിട്ടും. അതും എടുത്തു മടക്കി വച്ചിട്ട് വേണം ഒന്നുറങ്ങാൻ. ഒരാഴ്ചയിലെ ഉറക്കം ബാക്കി ഉണ്ട്.
വിചാരിച്ചതു പോലെ തുണി ഉണങ്ങി കിട്ടി. അതെല്ലാം എടുത്തു മടക്കി വച്ചതിനു ശേഷം വിശാലമായി ഒന്നുറങ്ങി തുടങ്ങി.
ഉറക്കത്തിൽ എന്തൊക്കെയോ സ്വപ്നങ്ങൾ കാണുന്നതിനിടയിൽ ആണ് ബെല്ലടിച്ചത്. നല്ലൊരു സ്വപ്നം ആയിരുന്നൂ. അത് പാതിയിൽ അങ്ങു പോയി.
പുള്ളിക്കാരൻ വാതിൽ തുറന്നു നോക്കുമ്പോൾ
"ദാ നിൽക്കുന്നൂ മുന്നിൽ മുകളിലെ ഫ്ളാറ്റിലെ മെലിഞ്ഞുണങ്ങിയ അപ്പാപ്പനും കരിഞ്ഞുണങ്ങിയ മകളും (ഇതു ഞാൻ ഇട്ട പേരല്ലാട്ടോ. അപ്പാർട്മെന്റിലെ കുരുത്തം കെട്ട പിള്ളേര് ഇംഗ്ളിഷിൽ ഇട്ട പേര് മലയാളീകരിച്ചപ്പോൾ ഇങ്ങനെ ആയി...)"
"ഭാര്യയില്ലെ.."
അവർ സ്വല്പം കലിപ്പിൽ ആണ്.
"ഉണ്ടല്ലോ.."
പെട്ടെന്ന് ഞാൻ ചാടി എഴുന്നേറ്റൂ..
കണ്ണും മര്യാദയ്ക്ക് കാണുന്നില്ല. നല്ലൊരുറക്കം പോയതിൻ്റെ നീരസം വേറെയും.
ഈ അപ്പാപ്പനും മോളും തല്ലു കൂടാത്ത ഒരാൾ പോലും ദൈവം സഹായിച്ചിട്ടു നമ്മുടെ അപ്പാർട്മെൻ്റെൽ ഉണ്ടാവില്ല. അവർ ഭക്ഷണം കഴിക്കുന്നത് മൊത്തം തല്ലു കൂടുവാൻ ആണ് ശരീരം ചെലവാക്കുന്നത്. ഇന്നിപ്പോൾ ആണ് എൻ്റെ നറുക്കു വീണത് എന്ന് തോന്നുന്നൂ.
"എൻ്റെ കർത്താവെ എന്നാലും എന്നോട് ഇതു വേണമാരുന്നോ.."
എന്നെ കണ്ടതും മോള് തുടങ്ങി
"അതെ ഞങ്ങളുടെ തുണി കാണുവാനില്ല. നിങ്ങൾ എടുത്തു വന്നിട്ടുണ്ട്. വേഗം പോയി നോക്കൂ.."
"ഞാൻ എടുത്തിട്ടില്ല. ഏതു തുണി."
"നിങ്ങളുടെ അഴയിൽ ഉണ്ടായിരുന്നല്ലോ..."
"ഇപ്പോൾ ആളെ പിടി കിട്ടി. ജട്ടി. (അതപ്പോൾ ഈ അപ്പാപ്പൻ്റെ ആരുന്നല്ലേ)"
"ആ അതൊന്നും പറഞ്ഞാൽ പറ്റില്ല. ആ തുണി ഞങ്ങൾക്ക് വേണം. പിന്നെ തുണി ഒക്കെ ഇടുമ്പോൾ സ്വന്തം അഴയിൽ ഇട്ടാൽ മതി. മറ്റുള്ളവരുടെ അഴയിലേക്കു ഇടണ്ട"
അവർ നന്നായി ചൂടാവുന്നുണ്ട്.
"ഓ ശരി, ഇനി മുതൽ നിങ്ങൾ തുണി ഇടുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ. ആ അഴ എൻ്റെ ആണ്.." ഞാനും വിട്ടില്ല.
ഉടനെ മോള്
"അതിനു ആ അഴയിൽ ഫ്ലാറ്റ് നമ്പർ എഴുതി വച്ചിട്ടുണ്ടോ. പിന്നെ ഞങ്ങളുടെ തുണി ഞങ്ങൾ മാറ്റി തരും. വന്നു പറഞ്ഞാൽ മതി.."
"ആ പറഞ്ഞത് ശരി. അത് പോലെ ആ മഹത്തായ ജട്ടിയിലും ഫ്ലാറ്റ് നമ്പർ ഉണ്ടായിരുന്നില്ലല്ലോ."
പിന്നെയും അവർ എന്തൊക്കെയോ പറഞ്ഞു.
ഞാനും കേട്ട് നിന്നൂ. അങ്ങനെ അവർ പോയി
അപ്പോൾ ദാ വരുന്നൂ പുള്ളിക്കാരൻ്റെ വക പഞ്ചു എന്നോട്
"അല്ലേലും ആ ജട്ടിആർക്കു വേണം. താഴെ പറന്നു പോയി കാണും. ആ പുള്ളിക്കാരൻ്റെ ആണേൽ അത് ആർക്കും പാകമാവില്ലല്ലോ. എന്നാലും അയാൾ എന്തിനാണ് ജട്ടി അന്വേഷിച്ചു ഇവിടെ വന്നത്.."
എനിക്കങ്ങു ദേഷ്യം വന്നൂ.
ഉടനെ ഞാൻ പറഞ്ഞു
"അല്ലേലും നിങ്ങൾ ആണുങ്ങൾക്ക് ജട്ടി നല്ലതു ഒരെണ്ണമല്ലേ ഉണ്ടാകൂ. ബാക്കി ഒക്കെ തുള ഉള്ളത് ആകും. അതുകൊണ്ടാണല്ലോ വിശാലമായി അഴയുടെ നടുക്ക് തന്നെ വിരിച്ചിട്ടത്, നാലാള് കാണുവാൻ വേണ്ടി. അങ്ങനെ വരുമ്പോൾ അത് കണ്ടുപിടിക്കേണ്ടേ."
കിട്ടിയ അവസരം ഞാനും പാഴാക്കിയില്ല..
...............................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ