CHEETHAPPERU ചീത്തപ്പേര് E, A, N, K, LF, G, AP, NA, P, SXC, EK

 "മോളെ പുറത്താരോ ബെല്ലടിക്കുന്നൂ. നീ ഒന്ന് നോക്കിക്കേ.."

വാതിൽ തുറന്ന് നോക്കിയതും അവൾ ചിരിച്ചുകൊണ്ട് ഓടി വന്നൂ. 

"അപ്പച്ചാ, അത് ആ ഒളിച്ചോടിപ്പോയ പള്ളീലച്ചൻ ആണ്..."

"നീ അദ്ദേഹത്തോട് കയറി ഇരിക്കുവാൻ പറഞ്ഞില്ലേ മോളെ.."

അത് കേട്ടതും ഭാര്യ തുടങ്ങി.

"ദേ മനുഷ്യാ, അയാളെ ഞാൻ ഈ വീട്ടിൽ കയറ്റില്ല. സഭയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയേച്ചു പോയതല്ലേ. അയാളെ വീട്ടിൽ കയറ്റിയാൽ ഈ കുടുംബം മുടിയും."

അവൾ അങ്ങനെയാണ്, തുടങ്ങിയാൽ പിന്നെ നിറുത്തില്ല.

ഭയങ്കര ഭക്തയാണ്. ഏതു നേരവും പ്രാർത്ഥന. ദിവസ്സവും പള്ളിയിൽ പോകും. പക്ഷേ ഒരാളെ മനസ്സിലാക്കുവാനുള്ള വിവേകം ഇല്ല.

"കൊച്ചുത്രേസ്യാ നീ ഒന്ന് മിണ്ടാതിരിക്കു. അച്ചൻ കേൾക്കും. വീട്ടിൽ വരുന്നവരെ അപമാനിച്ചു അയക്കരുത്."

"എന്തോ, ഏതു അച്ചൻ..?"

പിന്നെയും അവൾ എന്തൊക്കെയോ പിറുപിറുത്തു. ഞാൻ വേഗം പുറത്തേയ്ക്കു ചെന്നൂ. 

മകളും അമ്മയും എന്താണെന്നു വച്ചാൽ പറഞ്ഞു ചിരിക്കട്ടെ. എനിക്ക് അതിലൊന്നും താല്പര്യമില്ല. നമുക്ക് നമ്മുടെ ബിസിനസ്സ്, അതിൻ്റെ തിരക്ക്, അത്രയും മതി. 

അച്ചൻ അകത്തേയ്ക്കു കയറാതെ മുറ്റത്തു തന്നെ നിൽക്കുകയായിരുന്നൂ. ഒരു സാധരണ പാന്റും ഷർട്ടും ഇട്ടിട്ടുണ്ട്. റോഡരികിൽ ഒരു കാർ കിടപ്പുണ്ട്. അന്ന് പോയതിനു ശേഷം ഇന്നാണ് ഞാൻ അച്ചനെ കാണുന്നത്. 

എത്രയോ പ്രാവശ്യം അച്ചൻ ഈ വീട്ടിൽ വന്നിരിക്കുന്നൂ. അന്നൊക്കെ ത്രേസ്യയും മോളും അദ്ദേഹത്തെ ഭയഭക്തി ബഹുമാനങ്ങളോടെ അകത്തേയ്ക്കു കയറ്റി ഇരുത്തുമായിരുന്നൂ. അച്ചൻ്റെ പ്രസംഗത്തെ പറ്റി അവൾ വാതോരാതെ പുകഴ്ത്തുമായിരുന്നൂ.

ഞാൻ പിന്നെ പണ്ടേ തല്ലുകൊള്ളിയാണ്. പള്ളിയും പട്ടക്കാരനും ഇല്ലാത്ത മനുഷ്യനല്ലേ. പലിശക്കാരൻ, ഒരിക്കലും സ്വർഗ്ഗത്തിൽ കയറാത്തവൻ. പാപി.

ഇന്നലെ നടന്ന പോലെ എനിക്ക് എല്ലാം ഇന്നും ഓർമ്മയുണ്ട്. 

ഭർത്താവു മരിച്ച ഡെയ്‌സി ആണ് പള്ളിമുറ്റം അടിച്ചു വാരിയിരുന്നത്. പുതിയ വികാരി വന്നപ്പോഴും അവൾ തന്നെയാണ് അത് തുടർന്നത്. അച്ചൻ ചെറുപ്പമാണ്, ആ പെണ്ണ് വേണ്ട എന്ന് പലതവണ പള്ളി കമ്മറ്റിയിലെ ചില പ്രമാണിമാർ പറയുമായിരുന്നൂ. അവൾക്കു വരുമാനം നിലച്ചാൽ അല്ലെ അവൻമ്മാർക്ക് അവളുടെ വീട്ടിൽ കയറി നിരങ്ങുവാൻ പറ്റൂ. 

പാവം ഡെയ്സി, വിവാഹം കഴിഞ്ഞു മാസം ഒന്ന്  കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവ് വാഹന അപകടത്തിൽ പോയി. ഭർത്താവു മരിച്ചു കഴിഞ്ഞാണ് അവൾക്കു വയറ്റിൽ ഉണ്ടെന്നു അറിഞ്ഞത്. പ്രേമിച്ചതാണെങ്കിലും പള്ളിയിൽ വച്ചാണ് അവർ കെട്ടിയത്.  പ്രേമ വിവാഹം ആയതുകൊണ്ട് ജാതി ഒന്നായിട്ടു കൂടി രണ്ടു വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നൂ. കെട്ടിയോൻ കൂടെ പോയതോടെ അവൾ അവൻ കെട്ടിയ ചെറ്റപ്പുരയിൽ തീർത്തും ഒറ്റപ്പെട്ടൂ. നാട്ടുകാരുടെ ഒക്കെ സഹായത്തോടെ അവൾ ആ കുഞ്ഞിനെ പ്രസവിച്ചൂ. പിന്നെ അങ്ങോട്ട് അവളുടെ ജീവിതം ആ കുഞ്ഞിന് വേണ്ടി മാത്രം ആയിരുന്നൂ. 

അവളുടെ മകന് എട്ടു വയസ്സ് ഉള്ളപ്പോഴാണ് അച്ചൻ നമ്മുടെ പള്ളിയിൽ വികാരിയായി വരുന്നത്. അച്ചൻ അല്പം കൂടുതൽ പ്രാർത്ഥനാ ചൈതന്യം ഉള്ളവൻ ആയിരുന്നൂ. ഇടവക കാര്യത്തിലും പ്രാർത്ഥന കാര്യത്തിലും അച്ചൻ ഒരു വിട്ടുവീഴ്ചയും സമ്മതിക്കില്ല. അത് ഈ ഇടവകയിലെ കുറച്ചു പേർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കിയിരുന്നൂ. 

ആയിടയ്ക്കാണ് ചാക്കോ മുതലാളിയുടെ മകൻ ഡേയ്സിയെ ഒരു രാത്രി വീട്ടിൽ കയറി ചെന്ന് പിടിച്ചത്. അവൾ അവനെ അവിടെ നിന്ന് ആട്ടി ഇറക്കി എന്ന് മാത്രമല്ല അച്ചനോട് വന്നു പരാതിയും പറഞ്ഞു. 

അച്ചൻ പറഞ്ഞതനുസരിച്ചു ഡെയ്‌സി അത് അവൻ്റെ ഭാര്യയെ അറിയിച്ചൂ. അതോടെ അവനു അച്ചനോട് ദേഷ്യം ആയി. 

അച്ചനെ കുടുക്കിലാക്കുവാൻ ഒരവസരം നോക്കിയിരുന്ന അവൻ അങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുത്തൂ. 

അതിനു അവൻ പൈസയും മദ്യവും കൊടുത്തു തന്നെ നാട്ടുകാരുടെ ഇടയിൽ അച്ചനും ഡെയ്‌സിയും തമ്മിൽ സമാഗമങ്ങൾ ഉണ്ടെന്നുള്ള വാർത്ത പരത്തി. 

അന്ന് അവൻ പറഞ്ഞത് അനുസരിച്ചാണ് ഡേയ്‌സിയുടെ അയല്പക്കത്തുകാരി അച്ചന് പെട്ടെന്ന് സുഖമില്ലാതായി എന്ന കാര്യം അവളെ അറിയിക്കുന്നത്. രാത്രി ആണെന്ന് ഓർക്കാതെ അവൾ ഓടി പള്ളിമേടയിലേയ്ക്ക്. 

അവൾ മേടയിൽ കയറി ബെല്ലടിച്ചതും, അച്ചൻ വാതിൽ തുറന്നൂ. അച്ചനും അവളും സംസാരിച്ചു നിൽക്കുമ്പോൾ തന്നെ നാട്ടുകാർ പള്ളിമേട വളഞ്ഞു അവരെ പിടിച്ചു. 

ആ വാർത്ത കാട്ടുതീ പോലെ പടർന്നൂ.

മുതിർന്നഅച്ചൻമ്മാർ വന്നു അവരെ രണ്ടുപേരെയും ആ പള്ളിമേടയിൽ നിന്നും കൂട്ടികൊണ്ടു പോയി. 

പിന്നീട് ഇന്നാണ് ഞാൻ അച്ചനെ കാണുന്നത്.

..............

"അച്ചൻ, വരൂ കയറി ഇരിക്കൂ..."

"ഇല്ല, പത്രോസേട്ടാ എനിക്ക് വേഗം തിരിച്ചു പോവണം. എനിക്ക് ഒരു സഹായം വേണമായിരുന്നൂ."

"അച്ചൻ പറഞ്ഞോ, ഈ പാപി എന്ത് സഹായം ആണ് ചെയ്തു തരേണ്ടത്.  അതവിടെ നിൽക്കട്ടെ അച്ചൻ ഇപ്പോൾ എവിടെയാണ്. സാമ്പത്തിക സഹായം വല്ലതും വേണോ? എപ്പോൾ വിഷമം വന്നാലും എന്നെ വിളിച്ചോളൂ."

അച്ചൻ എന്നെ നോക്കി ഒന്ന് ചിരിച്ചൂ, പിന്നെ തുടർന്നൂ. 

"അതൊരു വലിയ കഥയാണ് ചേട്ടാ.."

"അന്ന് ഈ നാട്ടുകാർ മൊത്തം എനിക്കെതിരെ നിന്നല്ലോ. ഇവിടെ നിന്ന് ഞങ്ങൾ രണ്ടുപേരെയും അരമനയിലേയ്ക്ക് ആണ് കൊണ്ട് പോയത്. അവിടെ വച്ച് പിതാവിനോട് ഞാൻ എല്ലാം പറഞ്ഞു."

"പിതാവിന് കാര്യങ്ങൾ മനസ്സിലായി. പക്ഷേ വാട്സ്ആപ് വഴി ഞങ്ങളുടെ വാർത്തയും ഫോട്ടോയും അപ്പോഴേക്കും എല്ലായിടത്തും എത്തിയിരുന്നൂ. പിതാവ് എന്നോട് ഒന്നേ ചോദിച്ചുള്ളൂ"

"ഇനി എന്ത്? ഒരു പെൺകുട്ടിയുടെ ജീവിതം ഞാൻ മൂലം തകരരുത്. അവളെ വിവാഹം കഴിക്കണോ..?"

"അത് എനിക്ക് മനസ്സുകൊണ്ട് സാധ്യമല്ലായിരുന്നൂ. ഞാൻ ഒരു പെണ്ണിനേയും അങ്ങനെ കണ്ടിട്ടില്ല. ചേട്ടന് അറിയാമല്ലോ അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബത്തിൽ നിന്നും ബ്രഹ്മചര്യം പൂർണ്ണ മനസ്സോടെ തന്നെ സ്വീകരിച്ചാണ് ഞാൻ ഈ വേഷം ധരിച്ചത്. പക്ഷേ, പിതാവ് പറയുന്നത് എന്തും സ്വീകരിക്കുവാൻ ഞാൻ തയ്യാറായിരുന്നൂ. കാരണം ഞാൻ മൂലം ഒരു ജീവിതവും തകരരുത്" 

എന്നാൽ ഡെയ്സി വിവാഹത്തിന് സമ്മതിച്ചില്ല. എന്നെ അവൾ കണ്ടിരുന്നത് പള്ളിയിലെ അച്ചൻ മാത്രം ആയിട്ടായിരുന്നില്ല, സ്വന്തം സഹോദരനെ പോലെ കൂടെ ആയിരുന്നൂ. അതോടെ അവളെയും മകനെയും സഭ ഏറ്റെടുത്തു. അവരെ ഊട്ടിയിലെ ഒരു കോൺവെന്റിലേയ്ക്ക് മാറ്റി. അവൾക്കു അവരുടെ സ്കൂളിൽ ആയയായി ജോലി കിട്ടി. അവൾക്കും മകനും വേണ്ടതെല്ലാം അവർ നൽകി. അവളുടെ മകൻ ഇപ്പോൾ മെഡിസിന് പഠിക്കുന്നു. ഇനി ഒരിക്കലും ഈ നാട്ടിലേയ്ക്ക് വരില്ല എന്ന് ഡെയ്സി തീരുമാനിച്ചിരുന്നൂ. അവളും മകനും ഇപ്പോൾ സുഖമായിരിക്കുന്നൂ. എന്നെ അന്നേ സഭ വിദേശത്തു അയച്ചൂ." 

"ഞാൻ അങ്ങനെ നാട്ടിലേയ്ക്ക് വരാറില്ല. കഴിഞ്ഞ ആഴ്ച പിതാവ് എന്നെ പെട്ടെന്ന് നാട്ടിലേയ്ക്ക് വിളിച്ചൂ"

"ചേട്ടന് അറിയാമല്ലോ, ചാക്കോ മുതലാളിയുടെ മകൻ (സാബു) ഒൻപതു വർഷമായി തളർന്നു കിടപ്പാണെന്നു. അവർ എല്ലാം വിറ്റു പെറുക്കി ചികിത്സിച്ചിട്ടും ഒന്നും നടന്നില്ല. ഡോക്ടർമാർക്ക് ആർക്കും അസുഖം കണ്ടു പിടിക്കുവാൻ ആയില്ല. ഇപ്പോൾ അയാൾക്ക്‌  തീരെ വയ്യ, മരണം കാത്തു കിടക്കുന്നൂ. അവർ ഏതോ മന്ത്രവാദികളെ ഒക്കെ കാണിച്ചൂ പോലും. കടമുണ്ട് എന്ന് വന്ന പലരും പറഞ്ഞത്രേ. അങ്ങനെയാണ് അവർ പിതാവിനോട് നേരിട്ട് എന്നെ വരുത്തിക്കണം എന്ന് ആവശ്യപ്പെട്ടത്.   ചേട്ടൻ ഒന്ന് അവിടെ വരെ വരണം. നാട്ടുകാരൻ ഒരാളെ കൂടെ കൂട്ടണം എന്ന് പിതാവ് പറഞ്ഞിരുന്നൂ. ഈ നാട്ടിൽ എനിക്ക് അറിയാവുന്ന ഒരു നല്ല മനുഷ്യൻ അങ്ങാണ്.

"അതെങ്ങനെ അച്ചോ, ഞാൻ പലിശക്കാരനും കണ്ണിൽ ചോര ഇല്ലാത്തവനും അല്ലെ. ഞാൻ നല്ലവൻ അല്ല."

"നല്ലവൻ ആര് എന്ന് തീരുമാനിക്കുന്നത് ദൈവം അല്ലെ. നമ്മൾ ആരാണ് ഒരാളെ വിധിക്കുവാൻ. പിന്നെ പലിശക്കു കൊടുക്കുന്നത് അത് ചേട്ടൻ്റെ തൊഴിൽ അല്ലെ.."

"അന്ന് അവർ എന്നെ മേടയിൽ നിന്നും ഡേയ്‌സിയോടൊപ്പം പിടിച്ച ദിവസ്സം സാബു എന്നെ ചവിട്ടി നിലത്തിട്ടൂ. അവൻ്റെ ആളുകൾ എൻ്റെ നേരെ തുപ്പി. ആ സമയത്തു അവിടെ കയറി വന്ന ചേട്ടൻ സാബുവിനെ തടഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. പുരോഹിതന് നേരെ നീ കൈ ഉയർത്തേണ്ട. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സഭ നോക്കിക്കൊള്ളും. എല്ലാവരെയും ചേട്ടൻ ആണ് അന്ന് പിരിച്ചു വിട്ടത്."

അത് പറയുമ്പോൾ അച്ഛൻ്റെ കണ്ണ് നിറഞ്ഞിരുന്നൂ.

ഏതായാലും അങ്ങനെ ഞങ്ങൾ ആ വീട്ടിൽ എത്തി. സാബുവിൻ്റെ വീട്ടുകാർ ഞങ്ങളെ കാത്തിരിക്കുകയായിരുന്നൂ. അച്ഛനെ കണ്ടതും സാബുവിൻ്റെ കണ്ണ് നിറഞ്ഞു. അയാൾക്ക്‌ വേണ്ടി അച്ഛൻ പ്രാർത്ഥിച്ചൂ. അച്ഛൻ പ്രാത്ഥിച്ചതോടെ സാബു കണ്ണടച്ചൂ. 

കണ്ണടയ്ക്കും മുൻപേ അവൻ ഒന്ന് മാത്രം പറഞ്ഞു 

"മാപ്പ്"

എല്ലാം കേട്ടുകൊണ്ട് ഞാൻ അടുത്തുണ്ടായിരുന്നൂ. മുറ്റം നിറയെ ജനങ്ങളും.

അങ്ങനെ പത്തു വർഷത്തിന് ശേഷം അച്ഛൻ തെറ്റുകാരൻ അല്ലെന്നു ആ നാട് തിരിച്ചറിഞ്ഞു. 

ഒന്നും മിണ്ടാതെ എൻ്റെ കൈയ്യിൽ പിടിച്ചതിനു ശേഷം അച്ഛൻ കാറിൻ്റെ അടുത്തേയ്ക്കു യാത്രയായി. കാറിൽ കയറുന്നതിനു മുൻപ് അച്ചൻ എൻ്റെ കണ്ണിലേക്കു ഒന്ന് നോക്കി. ആ കണ്ണിൽ എല്ലാം ഉണ്ടായിരുന്നൂ.

"ഒരു ക്രൂശിതൻ്റെ വിലാപം.."

അപ്പോഴും എൻ്റെ മനസ്സിൽ ആ ചോദ്യം ബാക്കി നിന്നൂ

"എൻ്റെ കർത്താവെ, ഈ പാപിയെ ആണോ നീ തിരഞ്ഞെടുത്തത്, ഇതെല്ലാം ജനങ്ങളെ അറിയിക്കുവാൻ.."

അല്ലെങ്കിലും ദൈവം അങ്ങനെയാണ്, അവിടത്തെ ശരികൾ ആർക്കും മനസ്സിലാകില്ല.

തല ഉയർത്തി നാട്ടുകാരുടെ ഇടയിലൂടെ അച്ചൻ നടന്നു പോകുന്നത് മനസ്സിൽ നിറഞ്ഞങ്ങനെ നിന്നൂ. അപ്പോൾ ഒന്നെനിക്കു മനസ്സിലായി, കാലം തെളിയിക്കാത്ത ഒരു സത്യവും ഈ ലോകത്തു ഉണ്ടാകില്ല. നന്മ ചെയ്യുന്നവർക്ക് ഇത്തിരി വിഷമം ഉണ്ടായാലും ആ നന്മ തന്നെ തിരിച്ചു കിട്ടും. കണ്ടതും കേട്ടതും വിളിച്ചു പറയുന്ന സോഷ്യൽ മീഡിയ നീറുന്ന പാവങ്ങളുടെ മനസ്സ് കാണുന്നുണ്ടോ. നമ്മുടെ ശരി എപ്പോഴും ശരിയാകണമെന്ന് നിർബന്ധം ഇല്ല. 

..........................സുജ അനൂപ് 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA