തെറ്റുകാരി THETTUKAARI, FB, E, A, N, K, EK, KZ, NL, P, AP, SXC
"മോളുറങ്ങിയോ.."
"ഇല്ല അമ്മേ, മോൾക്ക് ഉറക്കം വരണില്ല.."
"ഇന്നെന്താ എൻ്റെ കുഞ്ഞിന് പറ്റിയെ, ശരി, അമ്മ ഒരു കഥ പറഞ്ഞു തരാം. അത് കേട്ട് പൊന്നു ഉറങ്ങിക്കോ..."
"ഉം.."
"മോള് കണ്ണടച്ച് കഥ കേട്ടോണെ.."
മനസ്സിൽ കഥകൾ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. ചിന്തകളുടെ താളം തെറ്റിയിട്ടു എത്രയോ നാളുകൾ ആയി. മനസ്സ് എങ്ങും ഉറക്കുന്നുണ്ടായിരുന്നില്ല. എല്ലാം എൻ്റെ ഭാഗ്യക്കേട്.
എവിടെന്നോ എന്തൊക്കെയോ കടമെടുത്തു ഞാൻ പറഞ്ഞു തുടങ്ങി.
"ഒരിടത്തൊരിടത്തു ഒരു രാജകുമാരി ഉണ്ടായിരുന്നൂ. അവൾ ഒരു സുന്ദരി ആയിരുന്നൂ. രാജാവിനു അവളെ വലിയ ഇഷ്ടമായിരുന്നൂ. രാക്ഷസൻമ്മാർ പിടിച്ചു കൊണ്ട് പോവാതെ അവളെ രാജാവ് കാത്തൂ സൂക്ഷിച്ചൂ. ഒരിക്കൽ കാട്ടിൽ വച്ച് കണ്ട രാക്ഷസനെ രാജകുമാരൻ എന്ന് തെറ്റുദ്ധരിച്ചു അവൾ ഇഷ്ടപ്പെട്ടൂ. മന്ത്രം അറിയുന്ന രാക്ഷസൻ ആയിരുന്നൂ അത്. അച്ഛൻ പറയുന്നത് പോലും കേൾക്കുവാൻ നിൽക്കാതെ അവൾ രാക്ഷസൻ്റെ കൂടെ പോയി. അതോടെ അവളുടെ...."
"മോള് ഉറങ്ങിയോ.."
അനക്കമില്ല.
പാവം എൻ്റെ കുട്ടി..
അല്ലെങ്കിലും അമ്മയ്ക്ക് കഥ പറയുവാൻ അറിയില്ലല്ലോ. അല്ലെങ്കിൽ അമ്മ എപ്പോഴോ മാറിപോയില്ലേ. ഈ കഥയുടെ ബാക്കി പറയുവാൻ അമ്മയ്ക്ക് ആവില്ലല്ലോ. ഈ കഥയിലെ രാജകുമാരി ഞാൻ തന്നെ അല്ലെ. നാടും വീടും ഉപേക്ഷിച്ചു രാക്ഷസൻ്റെ കൂടെ വന്ന മണ്ടി. സ്വന്തം അച്ഛൻ ചിതയിൽ കത്തി തീരുവാൻ ഇട വരുത്തിയ ഭാഗ്യദോഷി.
കൺകോണിൽ വന്ന ഒരു തുള്ളി കണ്ണുനീർ തുടച്ചു കളഞ്ഞിട്ടു ഞാൻ കണ്ണടച്ചൂ..
"ഇനി അതൊന്നും ആലോചിക്കുവാൻ വയ്യ.."
..........................
"സ്കൂളിൽ നിന്നും വന്നിട്ട് മോളെന്താ അമ്മയെ വിളിക്കാഞ്ഞേ.."
"ഒന്നുമില്ലമ്മെ.."
"എന്താ എൻ്റെ കുഞ്ഞിൻ്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്.."
"മ്മ്.."
"എന്താണേലും മോള് പറ.."
"അമ്മേ ഈ ചീത്ത എന്ന് പറഞ്ഞാൽ എന്താ.."
"അതാരാ.. എൻ്റെ കുഞ്ഞിനോട് അങ്ങനെ പറഞ്ഞെ.."
"'അമ്മ ചീത്തയാണെന്ന് അച്ഛമ്മ പറഞ്ഞല്ലോ.."
"അത് സാരമില്ലാട്ടോ. അച്ഛമ്മയ്ക്കു വയസായില്ലേ. ഒന്നും ഓർമ്മ കാണില്ല, അതോണ്ടല്ലേ അങ്ങനെ പറഞ്ഞത്."
" അച്ഛമ്മ എന്തൊക്കെയോ പറയുന്നൂ. അമ്മ വേറെ ആരുടെയോ കൂടെ എങ്ങോട്ടോ പോവും പോലും. അപ്പോൾ എനിക്ക് അച്ഛൻ മാത്രേ ഉണ്ടാവുള്ളത്ര. അതെന്താ അങ്ങനെ.'അമ്മ എങ്ങോട്ടാ പോവുന്നെ. എന്നെ കൂടെ കൊണ്ട് പോവില്ലേ"
"അങ്ങനെ ഒന്നും ഇല്ലാട്ടോ..."
അത് മുഴുമിപ്പിക്കുവാൻ പക്ഷേ എനിക്കായില്ല. കാരണം എങ്ങനെ അവളോട് ഞാൻ നുണ പറയും. എൻ്റെ മോളോട് നുണ പറയുവാൻ എനിക്ക് വയ്യ.
വീട്ടുകാരെ ഉപേക്ഷിച്ചു എൻ്റെ രാജകുമാരൻ്റെ കൂടെ ഞാൻ ഇറങ്ങിപോന്നൂ. അവൻ രാക്ഷസൻ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വയറ്റിൽ അവൻ്റെ വിത്ത് മുളച്ചിരുന്നൂ. വന്നു കയറിയ അന്ന് മുതൽ ശാപവാക്കുകൾ മാത്രമേ അമ്മായിഅമ്മ പറഞ്ഞിട്ടുള്ളൂ.
സ്ത്രീധനം ഒന്നും കിട്ടിയില്ലല്ലോ. അവരുടെ മകനെ വളച്ചെടുത്ത ദുഷ്ടയല്ലേ ഞാൻ. ഇനിയും വയ്യ. ഇടിയും തൊഴിയും ഒഴിഞ്ഞ ഒരു നേരം ഈ വീട്ടിൽ ഉണ്ടായിട്ടില്ല.
എല്ലാം താളം തെറ്റിയത് എപ്പോഴാണ്. അപ്പുറത്തെ വീട്ടിൽ വാർക്ക പണിക്കു വന്ന രാജനെ ഞാൻ അറിയാതെ ഇഷ്ടപ്പെട്ടു പോയി. എൻ്റെ ഭർത്താവിൽ നിന്നും കിട്ടാത്തതെല്ലാം അവനിൽ നിന്നും എനിക്ക് കിട്ടി. അച്ഛൻ മരിച്ചതിനു ശേഷം ആദ്യമായി ഒരാൾ എന്നോട് സ്നേഹം കാണിച്ചൂ. എൻ്റെ മനസ്സ് മനസ്സിലാക്കി എന്നോട് സംസാരിച്ചൂ.
ഇനി ഒരാഴ്ച അത്രേ ഉള്ളൂ ഇവിടെ. അടുത്താഴ്ച ഏട്ടൻ പണിക്കു നഗരത്തിലേയ്ക്ക് പോകും. പിന്നെ ഒരാഴ്ച കഴിഞ്ഞേ വരൂ. ആ സമയത്തു രാജനൊപ്പം ഞാൻ പോകും മറ്റൊരു നാട്ടിലേയ്ക്ക്, ഇനി തിരിച്ചു നടക്കുവാൻ വയ്യ. എനിക്കും ജീവിക്കണം സന്തോഷത്തോടെ..
ഒരുപക്ഷേ എൻ്റെ സ്വാർത്ഥത ആവും. പക്ഷേ എനിക്കും ജീവിക്കേണ്ടേ. ജീവിതം ഒന്നല്ലേ ഉള്ളൂ. എനിക്കും സമാധാനമായി ജീവിക്കണം.
മോൾക്ക് ഭക്ഷണം കൊടുത്തൂ.
എന്തൊക്കെയോ പറഞ്ഞു അവളുടെ ശ്രദ്ധ തന്നെ അവളുടെ അച്ഛമ്മ പറഞ്ഞ കാര്യങ്ങളിൽ നിന്നും മാറ്റി.
രാത്രി ഉറങ്ങിയപ്പോൾ വൈകി. രാവിലെ അവളെ സ്കൂളിൽ അയച്ചൂ. ആ സമയത്തു തന്നെ ബാഗെല്ലാം തയ്യാറാക്കി വച്ചൂ.
മോള് വരുന്ന നേരം ആയപ്പോഴേക്കും ഹൃദയമിടിപ്പ് കൂടി. എന്തോ തെറ്റ് ചെയ്യുന്ന പോലെ ഒരു തോന്നൽ.
ചിന്തകൾ കാട് കയറി തുടങ്ങിയപ്പോഴേക്കും അവൾ എത്തി. അവൾ ഓടി വന്നു എന്നെ കെട്ടി പിടിച്ചൂ. അവളെയും കൊണ്ട് അടുക്കളയിലേക്കു നടന്നൂ. അവിടെ അവൾക്കു ഇഷ്ടമുള്ളതെല്ലാം ഞാൻ ഉണ്ടാക്കി വച്ചിരുന്നൂ.
"അമ്മേ, ഇന്നെന്താ പഴംപൊരി ഉണ്ടാക്കിയെ.."
"മോൾക്ക് അത് നല്ല ഇഷ്ടമല്ലേ. അതോണ്ടാ.. വയറു നിറച്ചു കഴിച്ചോ.."
അവൾ കഴിക്കുന്നത് നോക്കി ഇരുന്നപ്പോൾ കണ്ണ് നിറഞ്ഞു. രാത്രി അവളെ ഒറ്റയ്ക്കാക്കി ഞാൻ പോകും. ഇനി എൻ്റെ മോളെ കാണുവാൻ എനിക്ക് സാധിക്കില്ല. അവസാനമായി അവൾക്കു ഇഷ്ടപെട്ടതെല്ലാം ഉണ്ടാക്കി കൊടുക്കുവാണ് എന്ന് അവളോട് ഞാൻ എങ്ങനെ പറയും.
രാജന് അവളെ കൂടെ കൂട്ടുവാൻ താല്പര്യം ഇല്ല. എന്തായാലും ഇനി ഒരു തിരിഞ്ഞുനോട്ടം ഇല്ല. എല്ലാം ഞാൻ പാക്ക് ചെയ്തു വച്ചിട്ടുണ്ട്.
എങ്ങനെ എങ്കിലും രാത്രി ആയാൽ മതി...
രാത്രി മോളെ കഥ പറഞ്ഞുറക്കി. പിന്നെ അവളെ അവസാനമായി ഒന്ന് നോക്കി, പതിയെ ഞാൻ ബാഗു൦ എടുത്തു പുറത്തേയ്ക്കു ഇറങ്ങി. ശബ്ദമൊന്നും ഉണ്ടാക്കാതെ പതിയെ പിൻവശത്തെ വാതിൽ തുറന്നൂ.
പെട്ടെന്ന് ആരോ എൻ്റെ സാരിത്തുമ്പിൽ പിടിച്ചൂ വലിച്ചൂ.
തിരിഞ്ഞു നോക്കിയപ്പോൾ കണ്ടൂ
"ഒരു പാവം പത്തുവയസ്സുകാരി.."
"അമ്മ, എന്നെ ഇട്ടിട്ടു പോകുവാണോ.."
എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ.
"അമ്മയ്ക്ക് മോളെ ഇഷ്ടമല്ലല്ലേ. അപ്പോൾ അച്ഛമ്മ പറഞ്ഞത് ശരിയാണോ..."
ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ കരഞ്ഞു തുടങ്ങിയിരുന്നൂ. ആ കരച്ചിലിനിടയിലൂടെ അവൾ പറഞ്ഞു.
"അമ്മ പോയി കഴിയുമ്പോൾ എന്നെ രാക്ഷസൻ വന്നു പിടിച്ചു കൊണ്ട് പോയാൽ അമ്മ എന്ത് ചെയ്യും.."
പെട്ടെന്ന് എന്നിലെ അമ്മ ഉണർന്നൂ.
ഞാൻ ചെയ്ത തെറ്റ് നാളെ എൻ്റെ മകൾ ചെയ്താൽ. വിടർന്നു വരുന്ന ഈ മൊട്ടിനെ ആരെങ്കിലും നശിപ്പിച്ചാൽ. ചുറ്റിലുമുള്ള മുഖങ്ങളിൽ രാക്ഷസൻമ്മാർ ഉണ്ടാകും. അവർ അവളെ പിച്ചിച്ചീന്തിയാൽ.....
ഇല്ല എനിക്കതു ഓർക്കുവാൻ ആകില്ല....
ഞാനാണ് തെറ്റുകാരി, എൻ്റെ മകളെ സ്നേഹിക്കുവാൻ ആകില്ല എന്ന് പറഞ്ഞ ഒരുത്തനൊപ്പം ഞാൻ പോകുവാൻ പാടില്ല. എൻ്റെ സ്വപ്നങ്ങൾ അതിലും വലുതല്ലേ അവളുടെ സ്വപ്നങ്ങൾ. എനിക്ക് സ്വബോധം നഷ്ടപ്പെട്ടോ. അമ്മ എന്ന വാക്കിന് ഒരുപാടു അർത്ഥങ്ങൾ ഇല്ലേ. അത് പാലിക്കാതെ ഇരിക്കുവാൻ എനിക്ക് ആകില്ല.
"എൻ്റെ മോളെ...."
"നിന്നെ വിട്ടിട്ടു ഈ അമ്മ എങ്ങും പോകില്ല. അമ്മ ഈ പെട്ടി പുറത്തെടുത്തു വയ്ക്കുവാൻ വന്നതല്ലേ. അതിൽ നിറയെ പഴയ തുണികൾ ആണ്"
അവളെയും വാരിയെടുത്തു ഞാൻ അകത്തേയ്ക്കു നടന്നൂ..
രാത്രി അവളെ കെട്ടിപിടിച്ചു ഉറങ്ങുമ്പോൾ മനസ്സിൽ ഞാൻ പലതും ഉറപ്പിച്ചിരുന്നൂ.
ഒരിക്കൽ പ്രേമം എൻ്റെ കണ്ണുകൾ മൂടി. അതിനുള്ള ശിക്ഷ ഞാൻ അനുഭവിച്ചൂ. അത് എൻ്റെ മാത്രം തെറ്റാണ്. എൻ്റെ കുഞ്ഞു ഒരു തെറ്റും ചെയ്തിട്ടില്ല. അവളെയും കൊണ്ട് ഒരിക്കലും ഞാൻ ആത്മഹത്യ ചെയ്യില്ല. ഇനി എനിക്ക് ജീവിക്കണം. അവൾക്കു വയസ്സ് പത്തായി. അവളെ പഠിപ്പിക്കണം. ആരുടെയും തുണയില്ലാതെ മുന്നോട്ടു നീങ്ങുവാൻ എനിക്കാകും, ഈ സമൂഹം എൻ്റെ മോളെ പിച്ചിച്ചീന്തുവാൻ ഞാൻ അനുവദിക്കില്ല. ഒരമ്മയ്ക്ക് അസാധ്യമായി എന്തുണ്ട് ഈ ലോകത്തിൽ. ആദ്യം എൻ്റെ മനസ്സാണ് തീരുമാനിക്കേണ്ടത് എനിക്കെല്ലാം സാധിക്കുമെന്ന്...
.......................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ