RANDANAMMA, ALLA ENTE AMMA, രണ്ടാനമ്മ, അല്ല എൻ്റെ അമ്മ, FB, N, E, A, K, KZ, EK, P

 "മോളെ നീ എന്താ ഈ പറയുന്നത്? വിവാഹം കഴിക്കുവാനുള്ള പ്രായം നിനക്കായില്ലലോ..? "

"പതിനെട്ടു വയസ്സ്.. ഇനിയും പഠിക്കുവാൻ ഏറെയുണ്ട്." അച്ഛൻ നെടുവീർപ്പിട്ടൂ.

"എനിക്കൊന്നും കേൾക്കേണ്ട. അമ്മ മരിച്ചിട്ടു വർഷം രണ്ട് ആയപ്പോഴേക്കും അച്ഛന് കെട്ടണം. രണ്ടാനമ്മയുടെ കൂടെ ഒരു നിമിഷം ഞാൻ ഈ വീട്ടിൽ  നിൽക്കില്ല."

"നിനക്ക് താഴെ ഉള്ള കുട്ടിക്ക് വയസ്സ് ഏഴേ ഉള്ളൂ മോളെ. അത് നീ ഓർക്കേണ്ടേ. അവളുടെ കാര്യം നോക്കുവാൻ ഒരമ്മ വേണം."

"അച്ഛൻ എന്താണെന്നു വച്ചാൽ ചെയ്‌തോ. എനിക്ക് കല്യാണം കഴിക്കണം."

"വേണ്ട മോളെ, നീ വേണേൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചോ. അല്ലെങ്കിൽ നിന്നെ ഞാൻ എൻ്റെ വീട്ടിലോ അമ്മ വീട്ടിലോ ആക്കാം."

"വേണ്ട, എനിക്ക് ഈ നരകത്തിൽ നിന്നും ഒന്ന് രക്ഷപെട്ടാൽ മതി." 

അച്ഛൻ പറയുന്നത് കേൾക്കുവാൻ ഞാൻ ഒരുക്കമായിരുന്നില്ല. 

എന്തൊക്കെയോ പറയുന്നതിനൊടുവിൽ അച്ഛൻ പറഞ്ഞു. 

"ഇനി എല്ലാം നിൻ്റെ ഇഷ്ടം." 

പിന്നീട് അച്ഛൻ ഒന്നും പറഞ്ഞില്ല. ആ കണ്ണുകൾ നിറഞ്ഞിരുന്നൂ. അത് ഞാൻ കണ്ടില്ല എന്ന് നടിച്ചൂ. 

അനിയത്തി ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നൂ.

പെട്ടെന്ന് തന്നെ അച്ഛൻ ആലോചിച്ചു നല്ലൊരു വിവാഹം നടത്തി തന്നൂ. വിവാഹ ശേഷം പഠിക്കാമെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നൂ. 

പണമുള്ള പഴയ തറവാട്. രമേശേട്ടന് നല്ല ശമ്പളമുള്ള സർക്കാർ ജോലി. വീട്ടിൽ അച്ഛനും അമ്മയും മാത്രം. ഒരു പെങ്ങൾ ഉള്ളത് ഹോസ്റ്റലിൽ നിന്ന് മെഡിസിന് പഠിക്കുന്നൂ. അച്ഛൻ കൈ നിറയെ പൊന്നണിയിച്ചാണ് എന്നെ ഇറക്കിയത്. 

എൻ്റെ അമ്മയുടെ ആഭരണങ്ങൾ ഒന്നും ആ വരുന്ന സ്ത്രീയെക്കൊണ്ട് തൊടീക്കില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നൂ.

രമേശേട്ടനെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി. 

വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് വന്നു കയറുവാൻ പോകുന്ന രണ്ടാനമ്മയ്‌ക്കെതിരെ അനിയത്തിയുടെ മനസ്സിൽ ആവശ്യത്തിന് വിഷം കയറ്റുവാൻ ഞാൻ മറന്നില്ല. 

അച്ഛൻ്റെ വിവാഹത്തിന് ഞാൻ പോയില്ല. അല്ലെങ്കിലും ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്പലത്തിൽ പോയി ഒരു മാലയിട്ടൂ. 

അനിയത്തി വിളിച്ചു അവിടത്തെ കാര്യങ്ങൾ പറഞ്ഞു തന്നൂ.

ദിവസ്സങ്ങൾ കടന്നു പോയി. വിവാഹം കഴിഞ്ഞു പഠിക്കാമെന്നുള്ള എൻ്റെ മോഹത്തിന് അമ്മായിഅമ്മ തടസ്സം നിന്നൂ. 

"മകൻ്റെ കാര്യങ്ങൾ നോക്കുവാനാണ് മരുമകൾ, അല്ലാതെ തുള്ളിച്ചാടി ഓടി നടക്കുവാൻ അല്ലത്രേ."

മറുത്തൊന്നും രമേശേട്ടൻ പറഞ്ഞില്ല. 

മധുവിധു രാവുകൾ തീർന്നതും ഞാൻ ജീവിതം പഠിച്ചൂ. 

അനിയത്തി ഇപ്പോൾ എന്തോ വിളിക്കാറില്ല. ആദ്യമൊക്കെ അച്ഛൻ വീട്ടിൽ വരുമായിരുന്നു, എന്നെ കൂട്ടികൊണ്ടു പോകുവാനും, വിശേഷങ്ങൾ തിരക്കുവാനും. അതൊന്നും എനിക്കിഷ്ട്ടമല്ല എന്ന് തോന്നിയത് കൊണ്ടും ഞാൻ അവഗണിക്കുന്നതു കൊണ്ടും അച്ഛൻ ആ വരവ് നിറുത്തി. അവസാന വരവിൽ ഇനി വരരുത് എന്ന രീതിയിൽ ഞാൻ സംസാരിച്ചിരുന്നൂ. രണ്ടാനമ്മയെ ഒരിക്കലും അച്ഛൻ കൂട്ടി കൊണ്ട് വന്നില്ല. അവരെ പറ്റി ഞാൻ ഒട്ടു തിരക്കിയതും ഇല്ല. അന്നൊക്കെ പുതുമോടി ആയതു കൊണ്ട് അമ്മായിഅമ്മയുടെ കൂടെ അങ്ങു കൂടാം എന്ന് ഞാൻ വിചാരിച്ചൂ.

അച്ഛൻ പറഞ്ഞത് കേട്ട് ഹോസ്റ്റലിൽ നിന്ന് പഠിച്ചാൽ മതിയായിരുന്നൂ എന്ന് പിന്നീടെപ്പോഴോക്കെയോ എനിക്ക് തോന്നി. എല്ലാം ഞാൻ തന്നെ വിളിച്ചു വരുത്തിയതാണ്.

കേട്ടിട്ടില്ലേ "മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും."

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗർഭിണി ആണെന്നറിഞ്ഞത്. സന്തോഷിക്കണോ അതോ ദുഖിക്കണോ എന്നറിയാതെ ഞാൻ വിഷമിച്ചൂ. 

ഗർഭിണി ആണെന്നറിഞ്ഞിട്ടും വീട്ടിൽ എടുക്കേണ്ട പണിക്കു അമ്മായിഅമ്മ ഒരു ഇളവും തന്നില്ല. ഒപ്പം പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കുത്തുവാക്കുകൾ പറയുവാനും തുടങ്ങി. 

പ്രസവത്തിന് എന്നെ വീട്ടുകാർ കൂട്ടികൊണ്ടു പോയില്ലെങ്കിൽ അമ്മായിഅമ്മയ്ക്ക് അതൊരു പ്രശ്‌നം ആകുമല്ലോ. 

ഏഴാം മാസം അടുത്തതോടെ ശരീരം തീരെ വയ്യ എന്നായി. അമ്മായിഅമ്മ ആണെങ്കിൽ അതൊന്നും കണ്ടില്ല എന്ന് നടിച്ചൂ. രമേഷേട്ടനോട് എനിക്ക് ദേഷ്യം തോന്നി. ഉള്ള ജോലിക്കാരിയെ എന്നെ കണ്ടതും കുറച്ചു നാളുകൾക്കു ശേഷം നയത്തിൽ എന്നെ അറിയിക്കാതെ അമ്മായിഅമ്മ പറഞ്ഞു വിട്ടിരുന്നൂ. അവരെ കുറച്ചു നാളത്തേക്കെങ്കിലും ഒന്ന് നിറുത്തിയിരുന്നെങ്കിൽ. അതിനുള്ള ധൈര്യo പോലും അയാൾക്കില്ല. രാത്രിയിൽ കിടപ്പറയിൽ മാത്രം സ്നേഹം കാണിക്കുന്നതിൽ രമേശേട്ടൻ ഒരു മുടക്കവും വരുത്തിയില്ല. 

"എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ.." പലപ്പോഴും എനിക്ക് ഈശ്വരനോട് ദേഷ്യം തോന്നി.

...............................

രാവിലെ തന്നെ അടുക്കളപ്പണി തീർത്തൂ. എൻ്റെയും രമേശേട്ടൻ്റെയും തുണികൾ എടുത്തു അലക്കു കല്ലിനടുത്തേയ്ക്കു നടക്കുമ്പോഴാണ് കാളിംഗ് ബെല്ലടിക്കുന്നതു കേട്ടത്.

"ഈശ്വരാ, വിരുന്നുകാർ അവരുതേ. വീണ്ടും അടുക്കളയിൽ കയറി വച്ചുവേവിക്കുവാൻ എനിക്ക് വയ്യ."

ഏതായാലും അമ്മായിഅമ്മ അഥിതികളെ സ്വീകരിച്ചു കാണും. എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ എന്നെ വിളിക്കും.

ഞാൻ പതിയെ തുണി അലക്കുവാൻ തുടങ്ങി. 

പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി കേട്ടൂ..

"ചേച്ചി.."

തിരിഞ്ഞു നോക്കുമ്പോൾ അനിയത്തിയും ഒരു സ്ത്രീയും. 

അനിയത്തി ഒത്തിരി സുന്ദരി ആയതുപോലെ തോന്നി. 

"അമ്മേ, എൻ്റെ ചേച്ചിയെ കണ്ടോ.."

അപ്പോഴാണ് അവർ ആരാണെന്നു എനിക്ക് മനസ്സിലായത്. 

അവർ ഓടി വന്നു എന്നെ കെട്ടിപിടിച്ചൂ. അപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. 

"എന്നാലും എൻ്റെ മോളെ.."

എൻ്റെ അപ്പോഴെത്തെ കോലം അങ്ങനെ ആയിരുന്നൂ. 

അവർ എന്നോട് ഒന്നേ പറഞ്ഞുള്ളൂ.

"എല്ലാം എൻ്റെ തെറ്റാണു കുട്ടി. കുട്ടികൾ വാശി കാണിക്കും. അത് കാര്യമായി എടുക്കാതെ ഞാൻ നിന്നെ വന്നു കാണണമായിരുന്നൂ. നിൻ്റെ അച്ഛനോട് ഞാൻ അത് പലവട്ടം പറഞ്ഞു. പക്ഷെ അദ്ദേഹത്തെ നീ ഇവിടെ നിന്ന് ഇറക്കി വിട്ടത് കൊണ്ട് അദ്ദേഹം ഇങ്ങോട്ട് വരുവാൻ എന്നെ അനുവദിച്ചില്ല. എങ്കിലും നിനക്കൊന്നു ഫോൺ ചെയ്തു കൂടായിരുന്നോ മോളെ. നിന്നെ കൂട്ടികൊണ്ടു പോകുവാൻ അടുത്താഴ്ച ഞങ്ങൾ വരട്ടെ എന്ന് ചോദിക്കുവാനാണ് ഞാൻ വന്നത്. അതിനു നിൻ്റെ സമ്മതം വേണമല്ലോ.."

എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നൂ. 

അമ്മ എന്നെ അകത്തേയ്ക്കു കൂട്ടികൊണ്ട് പോയി കട്ടിലിൽ ഇരുത്തി. അതിനു ശേഷം അവർ അച്ഛന് ഫോൺ ചെയ്യുവാൻ പോയി. 

അപ്പോഴാണ് അനിയത്തി അമ്മയെ കുറിച്ച് എന്നോട് പറഞ്ഞത്.

"ചേച്ചി പറഞ്ഞത് പോലെ അവർ ഒരു ദുഷ്ട ആയിരിക്കും എന്ന് ഞാൻ പേടിച്ചൂ. പക്ഷെ ഇപ്പോൾ എൻ്റെ പെറ്റമ്മയെക്കാളും അവരെ എനിക്ക് ഇഷ്ടം ആണ്. ചേച്ചി ഫോൺ ചെയ്യുമ്പോഴൊക്കെ അവരെ പറ്റി കുറ്റം പറയുന്നത് കേൾക്കുവാൻ എനിക്ക് ഇഷ്ടമില്ല. അതുകൊണ്ടാണ് അമ്മ ചേച്ചിയെ വിളിക്കുവാൻ പലപ്പോഴും പറഞ്ഞിട്ടും ഞാൻ ഫോൺ വിളിക്കാതെ ഇരുന്നത്. എൻ്റെ അമ്മയോടൊപ്പം കുറച്ചു നാളുകൾ അല്ലെ ഞാൻ കഴിഞ്ഞിട്ടുള്ളൂ. എനിക്ക് ഈ അമ്മയെ വേദനിപ്പിക്കുവാൻ വയ്യ." 

"പാവമാണ് ഈ അമ്മ. ചേച്ചിക്ക് അവരെ കുറിച്ച് അറിയാഞ്ഞിട്ടാണ്. അച്ഛൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. അവരെ ഞാൻ പൂർണ്ണമായി മനസ്സിലാക്കണം എന്ന് അച്ഛൻ ആഗ്രഹിച്ചൂ.."

ഞാൻ അനിയത്തിയെ നോക്കി. കൊച്ചുകുട്ടിയാണ്. എന്നിട്ടും എത്ര വിവേകത്തോടെ അവൾ സംസാരിക്കുന്നൂ. അല്ലെങ്കിലും ജീവിതത്തിൽ എനിക്ക് ഇല്ലാതെ പോയതും അതാണല്ലോ.

അവൾ തുടർന്നൂ. 

"ഈ അമ്മയ്ക്ക് ലോ കോളേജിൽ അവസാന വർഷം പഠിക്കുമ്പോൾ   ഒരു ചതി പറ്റി. അങ്ങനെ കുഞ്ഞിനെ അബോർഷൻ ചെയ്തപ്പോൾ ഗർഭപാത്രം പോയി. പിന്നെ അവർ വേറെ വിവാഹത്തിന് തുനിഞ്ഞില്ല. അമ്മയെ ചതിച്ച ആ ആൾ നമ്മുടെ അച്ഛൻ ആയിരുന്നൂ. അവർ ഗർഭിണി ആയതുപോലും അച്ഛൻ അറിഞ്ഞിരുന്നില്ല. അവരുടെ കോളേജിനടുത്താണ് അച്ഛൻ ആദ്യം താമസിച്ചിരുന്നതത്രെ. ബിരുദം കഴിഞ്ഞതും പെട്ടെന്ന് അച്ഛന് നാട്ടിലേയ്ക്ക് പോരേണ്ടി വന്നൂ. പിന്നീട് അവരെ പറ്റി അന്വേഷിച്ചിട്ടും വിവരമൊന്നും അറിഞ്ഞില്ല. അവർ ഗർഭിണി ആയതോടെ വീട്ടുകാർ ആ നാട് വിട്ടുപോയിരുന്നൂ. നമ്മുടെ അമ്മയുടെ മരണത്തിനു ശേഷം ഒരിക്കൽ ഏതോ ഒരു കൂട്ടുകാരൻ ആണ് അവരുടെ അവസ്ഥ അച്ഛനെ അറിയിച്ചത്. ചെയ്ത തെറ്റിന് പ്രായശ്ചിത്തം ആയിട്ടാണ് അച്ഛൻ അവരെ വിവാഹം കഴിക്കുവാൻ തീരുമാനിച്ചത്. അവർക്കു അത് സമ്മതം അല്ലായിരുന്നു. പിന്നീട് അച്ഛന് ഒരു കൊച്ചുകുട്ടി കൂടെ ഉണ്ട് എന്നറിഞ്ഞു അവർ സമ്മതിക്കുകയായിരുന്നൂ. 

അപ്പോഴേക്കും അമ്മ വന്നൂ.

അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. നാളെ തന്നെ ചടങ്ങുകൾ നടത്തി എന്നെ കൂടെ കൊണ്ട് പോകാം എന്ന് അമ്മ പറഞ്ഞു. എന്നാൽ അമ്മായിഅമ്മ അത് എതിർത്തൂ. 

അത് കേട്ടതും അമ്മ ഇടഞ്ഞു. എൻ്റെ സ്വന്തം അമ്മയെ പോലെ അവർ സംസാരിച്ചു തുടങ്ങി.

"എൻ്റെ കുഞ്ഞിനെ ഇവിടെ കിടത്തി കൊല്ലാകൊല ചെയ്തത് ഞാൻ ക്ഷമിച്ചിരിക്കുന്നൂ. ജീവിതം ഒത്തിരി കണ്ടവളാണ് ഞാൻ. എന്നെകൊണ്ട് അധികം പറയിക്കേണ്ട."

"നിങ്ങളുടെ മകളുടെ പ്രായം പോലും ഈ കുഞ്ഞിനില്ലല്ലോ. പിന്നെ അവൾക്കു ചോദിക്കുവാനും പറയുവാനും ഞാൻ ഉണ്ട്. ഇനി എൻ്റെ കുഞ്ഞു അവൾക്കു ഇഷ്ടം ഉണ്ടെങ്കിലേ തിരിച്ചു വരൂ. അവൾക്കു ഇതു പഠിക്കുവാനുള്ള പ്രായം ആണ്. പ്രസവം കഴിഞ്ഞു അവൾ വന്നാൽ അവളെ നിങ്ങൾ പഠിക്കുവാൻ അനുവദിക്കണം. അത് ബുദ്ധിമുട്ടാണെങ്കിൽ ഇപ്പോഴേ പറഞ്ഞോളൂ. ഇനി ബിരുദം പൂർത്തിയാക്കുവാൻ രണ്ടു വർഷം മതി. അവളുടെ കുഞ്ഞിനെ ഞാൻ വളർത്തും. അവൾ അവളുടെ അമ്മയുടെ അടുത്ത് നിന്ന് പഠിക്കുവാൻ പോകും. നിങ്ങളുടെ മകനോട് പറയുവാൻ ഉള്ളത് ഞാൻ പറഞ്ഞോളാ൦. പിന്നെ ഒരു സ്ത്രീപീഡന കേസൊക്കെ കൈകാര്യം ചെയ്യുവാൻ ഞാൻ തന്നെ ധാരാളം മതി."

കേസ് എന്ന് കേട്ടതും പിന്നെ അമ്മായിഅമ്മ ഒന്നും മിണ്ടിയില്ല. 

ഞാൻ അത്ഭുതത്തോടെ അമ്മയെ നോക്കി. അമ്മ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചൂ.

...........................സുജ അനൂപ്  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA