ARAVUMAADUKAL അറവുമാടുകൾ FB, A, N, E, K, KZ

തിരിഞ്ഞു ഞാൻ നോക്കിയില്ല. കണ്ണുകൾ തുടച്ചു തല നിവർത്തി നടന്നൂ. പലർക്കും എന്നെ പറ്റി പലതും പറയുവാൻ കാണും. അതൊന്നും ഞാൻ കേൾക്കുവാൻ നിൽക്കുന്നില്ല. ഇനി ഈ നാട്ടിലേക്കു ഒരു മടക്കം ഇല്ല. അത് എൻ്റെ തീരുമാനമാണ്. ഞാൻ ഒരു മണ്ടിയാണെന്നു നിങ്ങൾ കരുതിക്കോളൂ.

എനിക്ക് ആരോടും ഒന്നും പറയാനില്ല. എല്ലാം എൻ്റെ വിധിയാണ്. 

അതിനു മറ്റുള്ളവരെ പഴിച്ചിട്ടു എന്ത് കാര്യം? 

ദൈവം എല്ലാവരെയും ഒരുപോലെ അല്ലല്ലോ സൃഷിക്കുന്നത്? പലപ്പോഴും തോന്നിയിട്ടുണ്ട്...

ചില ജന്മങ്ങൾ ദൈവത്തിൻ്റെ വികൃതികൾ ആണോ എന്ന്.

...................................

വയസ്സ് പതിനെട്ടു ആയപ്പോൾ മുതൽ ഉള്ളിൽ ഭയം തുടങ്ങി. ഇനി എൻ്റെ ഊഴം ആണല്ലോ എന്നോർത്ത്. ഇപ്പോഴും എനിക്ക് കുട്ടിത്തം മാറിയിട്ടില്ല. ഇനിയും ഒരുപാടു പഠിക്കണം എന്നുണ്ട്. പഠിക്കുവാൻ അത്ര കഴിവൊന്നും ഉണ്ടായിട്ടല്ല. എന്നാലും എൻ്റെ പ്രായത്തിലുള്ളവർ കോളേജിൽ പോകുന്നത് കണ്ടപ്പോൾ ഒരാഗ്രഹം എനിക്കും പോവണം. 

പേടിച്ചു പേടിച്ചു അതൊന്നു അമ്മയോട് പറഞ്ഞു 

"എനിക്ക് കോളേജിൽ ചേരണം. അനിയൻ പഠിക്കുന്നുണ്ടല്ലോ, എന്നെയും ചേർക്കണം."

ഒരടി മുഖത്തിട്ടു കിട്ടിയത് മാത്രം ഓർമ്മയുണ്ട്.

പിന്നെ കുറെ കേട്ടൂ. കേട്ടാൽ അറക്കുന്ന വാക്കുകൾ. കുറേ പ്രാകുന്നത് കേട്ടൂ. ഒരിക്കൽ ചേച്ചിയും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത് ഞാൻ കണ്ടിരുന്നൂ. പിന്നെ ഒന്നും പറഞ്ഞില്ല.

...............................

അച്ഛനും രണ്ടാനമ്മയും ചേച്ചിയും രണ്ടു അനിയത്തിമാരും അനിയനും ഉള്ള വീട്. ഓർമ്മ വച്ചപ്പോൾ  മുതൽ അച്ഛൻ പണിക്കു പോകുന്നത് കണ്ടിട്ടില്ല. അമ്മ  എന്തൊക്കെയോ പണിക്കു പോയിരുന്നൂ. അവർ എപ്പോൾ എൻ്റെ അമ്മയായി എന്ന് പോലും അറിയില്ല. എൻ്റെ അമ്മയുടേത് എന്ന് പറയുവാൻ ഒരു ഫോട്ടോ പോലും ഇല്ല. ആരൊക്കെയോ പറഞ്ഞു അറിയാം "ചേച്ചിക്ക് അമ്മയുടെ ഛായ ആണത്രേ."

 എങ്ങനെയൊക്കെയോ കുടുംബം മുന്നോട്ടു പോകുന്നൂ. അതിനെ കുറിച്ചൊന്നും അക്കാലത്തു ചിന്തിച്ചിട്ടേയില്ല. 

രണ്ടാനമ്മയെ പറ്റി പലരും മോശം പറയുന്നത് കേട്ടിരുന്നൂ. വലുതായപ്പോൾ അതിൻ്റെ അർത്ഥം മനസ്സിലായി. എന്നിട്ടും ഒരിക്കൽ പോലും അതിനെ പറ്റി അമ്മയോട് ചോദിച്ചില്ല. അതെല്ലാം സത്യം ആയിരുന്നോ എന്ന് ഇന്നും  എനിക്കറിയില്ല. 

അനിയനെ അമ്മ ഒത്തിരി കൂടുതലായി സ്നേഹിക്കുന്നത് പോലെ തോന്നിയിരുന്നൂ. ആകെയുള്ള ആൺതരി. അവനെ അമ്മ കൂടുതൽ സ്നേഹിക്കുന്നത് എന്തിനാകും. ഇന്നും എനിക്ക് അതിനുള്ള ഉത്തരം എനിക്കറിയില്ല. അല്ലെങ്കിലും അവരുടെ മക്കൾക്ക് കൊടുത്തിട്ടു ബാക്കി ഉണ്ടെങ്കിലേ ഞങ്ങൾക്ക് രണ്ടുപേർക്കും കിട്ടിയിരുന്നുള്ളൂ.

ചേച്ചി നന്നായി പഠിക്കുമായിരുന്നൂ എന്നിട്ടും പതിനെട്ടു തികഞ്ഞപ്പോൾ ചേച്ചിയെ അമ്മ ചെമ്മീൻ കിള്ളുന്ന കമ്പനിയിൽ അയച്ചൂ. അവൾ ബ്രോക്കറോടൊപ്പം പോകുമ്പോൾ എനിക്ക് നല്ല കരച്ചിൽ വന്നൂ. എനിക്ക് അവൾ അമ്മയായിരുന്നൂ.

പിന്നീട് ഒരിക്കലും ചേച്ചിയെ ഞാൻ ചിരിച്ചു കണ്ടിട്ടില്ല. നാട്ടിൽ വരുമ്പോഴെല്ലാം അവൾ മുറിയിൽ കയറി അടച്ചിരിപ്പായിരുന്നൂ. നാട്ടുകാരെ ആരെയും കാണുവാൻ അവൾ എന്തോ ഇഷ്ടപെട്ടിരുന്നില്ല. അവൾ വരുമ്പോഴെല്ലാം എനിക്ക് തരുവാൻ എന്തെങ്കിലും ചെറിയ ഒരു സമ്മാനം കരുതിയിരുന്നൂ. 

പഠിക്കുവാൻ കൊള്ളാത്ത അനിയനെ അമ്മ ചേച്ചിയുടെ പണം കൊണ്ട് കോളേജിൽ വിട്ടൂ. 

അന്ന് മുതൽ എനിക്ക് ഭയം ആയിരുന്നൂ

"പതിനെട്ടു തികഞ്ഞാൽ എന്നെയും പണിക്കു വിടുമോ. ഞാനും അവരുടെ മകൾ അല്ലല്ലോ.."

ഞാൻ വിചാരിച്ചതു പോലെ തന്നെ സംഭവിച്ചൂ. പ്ലസ് ടു വരെ ഞാനും പഠിക്കുവാൻ പോയി. ആ അവധിക്കാലത്തു എന്നെ തയ്യൽ പഠിക്കുവാൻ അമ്മ  അയച്ചൂ. 

എന്തുകൊണ്ട് എന്നെ തയ്യൽ പഠിക്കുവാൻ അയക്കുന്നൂ എന്ന് ഒരിക്കലും ഞാൻ ചോദിച്ചില്ല. ചോദിച്ചിട്ടു കാര്യമില്ല. വെറുതെ തല്ലു കിട്ടും.

കഴിഞ്ഞാഴ്ച ചേച്ചിയെ കൊണ്ട് പോയ ആ ബ്രോക്കർ വന്നിരുന്നൂ. എന്നെ കോയമ്പത്തൂർക്ക് അയക്കുന്നൂ എന്ന് രണ്ടു നാൾ മുന്നേ മാത്രമാണ്  ഞാൻ അറിഞ്ഞത്. 

ഇനി ഇപ്പോൾ എനിക്ക് എന്ത് ചെയ്യാനാവും?

കരയുവാൻ ആവുന്നിടത്തോളം ഞാൻ കരഞ്ഞു. അതൊന്നും കണ്ടില്ല എന്ന് അമ്മ നടിച്ചൂ. അയാളുടെ കൈയ്യിൽ നിന്നും കിട്ടിയ അഡ്വാൻസ് ഉപയോഗിച്ച് അമ്മ  അനിയന് പുതിയ മൊബൈൽ വാങ്ങി കൊടുത്തൂ. 

അതിൽ എനിക്ക് പരാതിയൊന്നും ഇല്ല. 

"എനിക്കും പഠിക്കണം. എനിക്ക് ജോലി വേണ്ട.." അതൊന്നേ മനസ്സിലുള്ളൂ. എത്ര പ്രാർത്ഥിച്ചു ദൈവത്തോട്, ആ പ്രാർത്ഥനകൾ ആരും കേട്ടില്ല.

അമ്മ കള്ളക്കണ്ണീരൊഴുക്കി ഒന്നേ പറഞ്ഞുള്ളൂ.

"നിൻ്റെ ചേച്ചി, നമുക്കെല്ലാവർക്കും വേണ്ടി അല്ലെ അവിടെ കിടന്നു കഷ്ടപെട്ടതു ഇത്ര നാളും. ഇനി അവളെ കെട്ടിച്ചു വിടണം. വീട്ടിലെ കാര്യങ്ങൾ നടക്കേണ്ടേ. അതിനു നീ അവിടെ പോയെ തീരൂ."

എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നൂ. 

"ആണൊരുത്തൻ ഉണ്ടല്ലോ, അവനെ പണിക്കു വിട്ടുകൂടെ."

പക്ഷേ എന്തോ സ്വരം പുറത്തേക്കു വന്നില്ല. പിന്നെ ഓർത്തൂ എല്ലാം എൻ്റെ ചേച്ചിക്ക് വേണ്ടിയല്ലേ, സാരമില്ല.

ഞാൻ ജോലിക്കു പോകുന്നതിനു തലേന്ന് ചേച്ചി തിരിച്ചു വന്നൂ. അവളുടെ മുഖം ആകെ വാടിയിരുന്നൂ. എത്ര ചുറുചുറുക്കോടെ കാര്യങ്ങൾ നടത്തിയിരുന്നവൾ ആയിരുന്നൂ. 

ഇപ്പോൾ എന്താ പറ്റിയത്?

ചേച്ചിയുടെ കൂടെ രാത്രിയിൽ കിടക്കുമ്പോൾ വെറുതെ ചോദിച്ചൂ

"ചേച്ചിക്ക് അവിടെ നിന്ന് പോരുവാൻ ഇഷ്ടം ഇല്ലായിരുന്നോ..?

അതിനു അവൾ ഒന്നേ മറുപടി പറഞ്ഞുള്ളൂ.

"ഇനി എനിക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല. ഈ ലോകത്തു എവിടെ പോയാലും എനിക്ക് ചിരിക്കുവാനും ആകില്ല. അത്രയും ഇപ്പോൾ നീ മനസ്സിലാക്കിയാൽ മതി. പിന്നെ നീ ഒന്നോർത്തൊള്ളൂ കുട്ടി, ഓടി രക്ഷപെടുവാൻ ആകില്ല എന്ന് തോന്നിയാൽ ആ വിധിയെ ഇരുകൈയും നീട്ടി സ്വീകരിക്കണം. അതിൽ ഒരിക്കലൂം വിഷമിക്കരുത്. എല്ലാം അറിയുന്ന ദൈവത്തിനു മുൻപിൽ നീ ഒരിക്കലും തെറ്റുകാരിയാവില്ല."

"അതെന്തേ. ഈ ചേച്ചി ഇങ്ങനെ പറയുന്നത്?." എന്നുള്ള എൻ്റെ ചോദ്യത്തിന് അവൾ മറുപടി തന്നില്ല. 

ഞാൻ ഓർത്തു. 

"മറുനാട്ടിൽ പോയപ്പോൾ അവൾ സാഹിത്യവും പഠിച്ചോ ആവോ.."

മനസ്സു പറഞ്ഞു.

ഭാഗ്യവതി. 

ഇനി വീട്ടിൽ എല്ലാവരോടും ഒപ്പം അവൾക്കു കഴിയാമല്ലോ. കുറെ കഴിയുമ്പോൾ അവളുടെ വിവാഹവും നടക്കും. ഇനി ഇപ്പോൾ അവൾക്കു  സ്വപ്നങ്ങൾ കാണാം. എന്നാലും അവളോടൊപ്പം നിൽക്കുവാൻ എനിക്ക് ഭാഗ്യം ഇല്ല. 

പുതിയ ജോലി സ്ഥലത്തേയ്ക്ക് പുറപ്പെടുമ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു. എന്തിനെന്നറിയാതെ ഞാനും കരഞ്ഞു. 

..............................

പെട്ടെന്ന് വീട്ടിലേയ്ക്കു ചെല്ലണം എന്ന് മുതലാളി പറഞ്ഞപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല. 

നാളെ ചേച്ചിയെ കാണുവാൻ ആരോ വരുന്നുണ്ട് എന്ന് അമ്മ ഇന്നലെ ഫോൺ ചെയ്തപ്പോൾ പറഞ്ഞിരുന്നൂ. ഒരു പക്ഷേ എന്നെയും തിരിച്ചു വിളിക്കുവാരിക്കും. മനസ്സു അറിയാതെ ഒന്ന് സന്തോഷിച്ചൂ. ഈ ജീവിതം എനിക്ക് മടുത്തിരുന്നൂ. ഞാൻ ആയിട്ട് തിരിച്ചു ചെന്നാൽ അമ്മ തല്ലും. അമ്മയായിട്ടു വിളിക്കുമ്പോൾ പ്രശ്‌നം ഇല്ലല്ലോ . 

 ഏതായാലും ബ്രോക്കറോടൊപ്പം നടക്കുമ്പോൾ ഒന്നും തോന്നിയില്ല. കഴിഞ്ഞ രണ്ടുമാസങ്ങളിൽ ഞാൻ എത്ര മാറിയിരുന്നൂ. ഒരർത്ഥത്തിൽ ജീവിക്കുവാൻ പഠിച്ചിരിക്കുന്നൂ. 

ചെന്ന ആദ്യദിവസങ്ങളിൽ തന്നെ എനിക്ക് പലതും മനസ്സിലായിരുന്നൂ. തയ്യൽ എന്ന് പറയുന്നതിലുപരി മറ്റെന്തൊക്കെയോ അവിടെ ഉണ്ട്.

"മുതലാളി പറയുന്നത് കേട്ട് നിൽക്കണം. എങ്കിൽ  മാത്രമേ നിനക്ക് ഇവിടെ മുന്നോട്ടു പോകുവാൻ കഴിയൂ." 

ഇവിടെ എത്തിക്കുമ്പോൾ ബ്രോക്കർ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലായത് അന്നൊരിക്കൽ രാത്രിയിൽ മുതലാളിയുടെ മുറിയിലേക്ക് എന്നെ വിളിപ്പിച്ചപ്പോൾ മാത്രമാണ്. ആ രാത്രി എനിക്ക് എല്ലാം നഷ്ടമായി. പിന്നീട് അങ്ങനെയുള്ള രാത്രികൾ ആവർത്തിച്ചപ്പോൾ ഞാൻ കരഞ്ഞില്ല. പകരം ചേച്ചി പറഞ്ഞത് മാത്രം ഓർത്തു. 

"ഓടി രക്ഷപെടുവാൻ ആകില്ല എന്ന് തോന്നിയാൽ ആ വിധിയെ ഇരുകൈയും നീട്ടി സ്വീകരിക്കണം. എല്ലാം അറിയുന്ന ദൈവത്തിനു മുൻപിൽ നീ അപ്പോൾ തെറ്റുകാരിയാവില്ല."

ഇനി ഇപ്പോൾ ഞാൻ എന്തിനു കരയുന്നു. 

....................................

വീട്ടിൽ ചെന്നപ്പോൾ കണ്ടൂ. മുറ്റം നിറയെ ആളുകൾ. അവളെ അവിടെ വെള്ള പുതപ്പിച്ചു കിടത്തിയിട്ടുണ്ട്. 

എല്ലാം എനിക്ക് മനസ്സിലായി. ഒരാളെ വഞ്ചിക്കുവാൻ നിൽക്കാതെ അവൾ പോയി. എന്നിട്ടും മനസ്സിൽ തോന്നി.

"മണ്ടി, പൊട്ടിക്കാളി"

വെറുതെ ഈ ജീവിതം പാഴാക്കിയില്ലേ. 

അല്ല പറയുവാൻ എനിക്ക് എളുപ്പമാണ്. അവൾക്കു പ്രതികരിക്കുവാൻ അറിയില്ല. ഒരർത്ഥത്തിൽ അടുത്തത് എൻ്റെ ഊഴമല്ലേ.

ഒരു തുള്ളി കണ്ണീർ ഞാൻ കളഞ്ഞില്ല. അവൾ രക്ഷപെട്ടിരിക്കുന്നൂ. അതിൽ ഞാൻ സന്തോഷിക്കയല്ലേ വേണ്ടത്. ഒരുപക്ഷേ അവൾ ഇപ്പോൾ എൻ്റെ അമ്മയ്‌ക്കൊപ്പം ആവും, വേദനകൾ ഇല്ലാത്ത ലോകത്തു, ആരും പറിച്ചു കീറാത്ത ലോകത്തു.

എന്നാലും സങ്കടം വന്നൂ "പോയപ്പോൾ ഒറ്റയ്ക്ക് പോയില്ലേ, എന്നെ പറ്റി ഓർത്തില്ലല്ലോ.."

അമ്മ കരയുന്നതു കണ്ടപ്പോൾ ദേഷ്യം തോന്നി. എല്ലാം അറിഞ്ഞുകൊണ്ട് അല്ലെ ഞങ്ങളെ ഇതിലേക്ക് അവർ തള്ളി വിട്ടത്. എന്നിട്ടു ആരെ കാണിക്കുവാനാണോ ഈ കള്ളകരച്ചിൽ. 

ശവശരീരം എടുത്തു. ആരൊക്കെയോ അടക്കം പറയുന്നത് കേട്ടൂ 

"ഏതോ നാട്ടിൽ പോയി, കുറെ ഉഴുതതല്ലേ. വയറ്റിൽ കാണും. അതാ.."

"ശരിയാ, ഇതുങ്ങളൊക്കെ നാടിനു തന്നെ നാണക്കേടാ.."

വേറൊരാൾ..

എല്ലാം ഞാൻ കേട്ടിരുന്നൂ.

"അല്ല, അത് പറയുവാൻ അവർക്കു അർഹതയുണ്ടോ, ഞങ്ങളുടെ കരച്ചിൽ കണ്ടു പ്രതികരിക്കാതിരുന്നവർ, വിശപ്പ് സഹിക്കാതെ കരഞ്ഞപ്പോൾ ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം പോലും തരാത്തവർ നിന്ന് സദാചാരം പ്രസംഗിക്കുന്നൂ."

എനിക്ക് അവരോടു പുച്ഛം മാത്രമേ ഉള്ളൂ. 

പിറ്റേന്ന് തന്നെ വരണമെന്ന് ബ്രോക്കറോട് പറഞ്ഞു. അവളെ എടുക്കുന്നത് വരെ അയാൾ അവിടെ ഉണ്ടായിരുന്നൂ. 

...................

പിറ്റേന്ന്  അയാൾ വന്നൂ, പറഞ്ഞ സമയത്തു തന്നെ. 

പുറപ്പെടുവാൻ നേരം അമ്മ പറഞ്ഞു

"രണ്ടു ദിവസ്സം കൂടെ കഴിഞ്ഞിട്ട് പോവാം.."

അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. അവൾ പോയതിനു ശേഷം പോലും അമ്മ മാറിയില്ലല്ലോ എന്നോർത്ത്. 

ഞാൻ  പറഞ്ഞു 

"വേണ്ട. ആ രണ്ടു ദിവസ്സത്തെ പണം കൂടെ ഞാൻ അയച്ചു തരാം. പക്ഷേ ഇനി ഞാൻ ഇവിടേക്ക് വരില്ല. അനിയത്തിമാരെ നിങ്ങൾ പഠിപ്പിക്കണം. അനിയനും പഠിക്കട്ടെ. പക്ഷേ എന്നെ തേടി നിങ്ങൾ ഒരിക്കലും അങ്ങോട്ട് വരരുത്. എന്നെ ഒരിക്കലും അന്വേഷിക്കരുത്. ഇങ്ങനെ ഒരു മകൾ നിങ്ങൾക്കില്ല. പിന്നെ ഒന്നോർത്തോളൂ, വിശപ്പടക്കുവാൻ വേണ്ടത് കൊടുക്കുവാൻ ആകില്ലെങ്കിൽ എന്തിനാണ് നിങ്ങൾ ഇത്രയും മക്കളെ പ്രസവിച്ചത്. ഞാനും ചേച്ചിയും അറവുമാടുകൾ ആണോ, നിങ്ങൾക്ക് വേണ്ടി ജീവിതം ഹോമിക്കേണ്ടവർ. അടുത്ത മാസം മുതൽ ഞാൻ പണം അയക്കില്ല. ഞാൻ ചേച്ചിയല്ല. മഹാത്യാഗി ആവുകയും വേണ്ട.."

പിന്നെ ഒന്നും പറഞ്ഞില്ല. അവസാനമായി ഒന്ന് നോക്കി. വിധി എനിക്കായി കരുതി വച്ച ആ മഹാഭാഗ്യത്തിലേക്കു ഞാൻ പതുക്കെ നടന്നൂ ആ ബ്രോക്കറോടൊപ്പം.

.......................സുജ അനൂപ് 







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA