മണിക്കുട്ടിയുടെ ലോകം MANIKUTTIYUDE LOKAM


                                 അദ്ധ്യായം 1: മണിക്കുട്ടിയുടെ ലോകം 

എൻ്റെ കണ്ണിലൂടെ കാണുന്നതു കൊണ്ടു മാത്രം ആണോ എന്നെനിക്കറിയില്ല, എന്ത് ഭംഗിയാണ് എൻ്റെ നാട് കാണുവാൻ. നിറയെ വയലേലകൾ ഉള്ള, ഒത്തിരി ആമ്പൽപ്പൂക്കൾ വിടർന്നു നിൽക്കുന്ന കുളങ്ങളും പാടങ്ങളും ഉള്ള എൻ്റെ നാട്. മണിക്കുട്ടിയുടെ നാട് എന്ന് നിങ്ങൾ അതിനെ വിളിച്ചോളൂ കേട്ടോ. അങ്ങനെ കേൾക്കുവാനാണ് എനിക്കിഷ്ടം. 

എൻ്റെ ഈ ഗ്രാമത്തിലെ പാടവരമ്പിലൂടെ നടക്കുമ്പോൾ തന്നെ മനസ്സൊന്നു തണുക്കും. നിറയെ താമരകൾ വിരിയുന്ന അമ്പലക്കുളം. ഐശ്വര്യം തുളുമ്പി നിൽക്കുന്ന അമ്പലം. പിന്നെ കുറേ നല്ല നാട്ടുകാരും. നന്മകൾ മാത്രം നിറഞ്ഞതാണ് എൻ്റെ നാടെന്നു പറയുവാനാണ് എന്നും എനിക്കിഷ്ടം. എന്നും സന്തോഷം മാത്രം നിറഞ്ഞു നിൽക്കട്ടെ ഈ നാട്ടിൽ. 

ഇവിടെ ഉള്ള എല്ലാവർക്കും പറയുവാനുണ്ടാകും ഒരു കഥ. ഇവിടത്തെ പുൽനാമ്പുകൾക്കു വരെ പറയുവാൻ ഒരുപക്ഷേ ഒരു കഥ ഉണ്ടാകും. തൽക്കാലം അതവിടെ നിൽക്കട്ടെ. എനിക്ക് പറയുവാനുള്ളത് ഈ നാടിൻ്റെ  കഥയല്ല. മണിക്കുട്ടിയുടെ കഥയാണ്. മണിക്കുട്ടിയിൽ നിന്നും തുടങ്ങി മണിയമ്മൂമ്മയിൽ അവസാനിക്കുന്ന എൻ്റെ കഥ. 

എനിക്കറിയാം എല്ലാവർക്കും തന്നെ ജനിച്ചു വളർന്ന നാട് പ്രീയപ്പെട്ടതായിരിക്കുമെന്ന്. എനിക്കും അങ്ങനെ തന്നെ. അത് നിങ്ങൾക്കും മനസ്സിലായി കാണുമല്ലോ. എല്ലാ നാട്ടിലും നല്ല ആളുകളും ചീത്ത ആളുകളും കാണും. പക്ഷേ എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചത് നന്മകൾ മാത്രം ചെയ്യുവാനാണ്. നമ്മൾ ചെയ്യുന്ന നന്മകൾ നമ്മൾക്കുള്ള പ്രതിഫലവുമായി ഒരിക്കൽ നമ്മളുടെ അരികിൽ തിരിച്ചെത്തും. അതെന്നും അങ്ങനെയാണ്. അതിനെ വിധിയെന്നോ കർമ്മഫലമെന്നോ നിങ്ങൾ വിളിച്ചോളൂ. 

ഒരിക്കലും ഈ നാട് വിട്ടു പോകാൻ എനിക്ക് ഇഷ്ടമല്ല. അങ്ങനെ ഒന്നിനെ പറ്റി ചിന്തിക്കുവാൻ പോലും എൻ്റെ മനസ്സ് ഒരിക്കലും എന്നെ അനുവദിക്കില്ല. പക്ഷേ, ഏതൊരു പെൺകുട്ടിയേയും പോലെ എനിക്കറിയാം അവളുടെ ലോകം ഏതു നിമിഷവും മാറി മറിയാമെന്ന്. അത് തടഞ്ഞു നിർത്തുവാൻ ആർക്കും കഴിയില്ല. 

ഈ നാട്ടിലെ പുഴയും എൻ്റെ പ്രീയ കൂട്ടുകാരി മാതുവും, പള്ളിക്കൂടവും ദേവിയും അച്ഛനും അമ്മയും പിന്നെ സഹോദരങ്ങളും, അത്രയൊക്കെ മാത്രമേ ഉള്ളൂ ഇപ്പോൾ എൻ്റെ ഈ കുഞ്ഞു ലോകത്തിൽ. അതെ മണിക്കുട്ടിയുടെ കൊച്ചുലോകത്തിൽ. 

ഈ കൊച്ചു ലോകത്തിൽ മണിക്കുട്ടി ഒരു  രാജകുമാരി തന്നെ ആണ് കേട്ടോ. പക്ഷേ, ചെറ്റക്കുടിലിലെ രാജകുമാരി ആണെന്ന് നിങ്ങൾ പറഞ്ഞേക്കാം. സാരമില്ല, എനിക്ക് അതിൽ സങ്കടമില്ല. സന്തോഷം മാത്രമേ ഉള്ളൂ. എൻ്റെ ഈ കൊച്ചുലോകത്തിലേക്കു വേറെ ആരും എന്നെ തേടി വരേണ്ട. ഞാനും എൻ്റെ കൊച്ചു സ്വപ്നങ്ങളും ചിന്തകളും മതി ഇവിടെ. മണിക്കുട്ടി ആരെയും ഒരിക്കലും വേദനിപ്പിക്കില്ല. മണിക്കുട്ടിയേയും ഈ ലോകത്തിൽ വന്നു ആരും കരയിപ്പിക്കേണ്ട കേട്ടോ. 

ഇനി ഞാൻ ആരാണ് എന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്. ഒരു കാട്ടുപൂവ് ആണെന്ന് കരുതിക്കോ. പൂജയ്ക്കെടുക്കാത്ത ആരും തലയിൽ ചൂടുവാൻ ഇഷ്ടപ്പെടാത്ത ഒരു കാട്ടുപൂവ്. എങ്കിലും അവൾ സുന്ദരിയാണ്. പക്ഷേ, അവളെ സ്വന്തമാക്കുവാൻ ആരും ആഗ്രഹിക്കില്ല. ആർക്കും സ്വന്തം തോട്ടത്തിൽ അവളെ വേണ്ട. പക്ഷേ, അവളുടെ മനസ്സു കാണാതെ പോകുവാൻ നിങ്ങൾക്കാവുമോ. ചുമ്മാ പറഞ്ഞതാണ് കേട്ടോ. 

എൻ്റെ പേര് മണി. അച്ഛൻ എന്നെ സ്നേഹത്തോടെ 'മണിക്കുട്ടി' എന്ന് വിളിക്കും. അത് കേട്ടിട്ട് ഈ നാട് മൊത്തം എന്നെ ഇപ്പോൾ 'മണിക്കുട്ടി' എന്ന് തന്നെയാണ് വിളിക്കുന്നത്. ഈ നാടിൻ്റെ സ്വന്തം 'മണിക്കുട്ടി.' ഇപ്പോൾ നിങ്ങളുടെ കൂടെ മണിക്കുട്ടി. 

വീട്ടിലെ നാല് കുട്ടികളിൽ മൂത്തവൾ ആണ് ഞാൻ. എല്ലാവർക്കും എന്നും പ്രീയങ്കരി ആണ് ഞാൻ. അതെന്താന്നല്ലേ. എനിക്ക് ആരോടും ഒരു പരാതിയും പരിഭവവും ഇല്ല. അതുകൊണ്ടു തന്നെ. പിന്നെ എനിക്ക് ആരുടേയും ഒന്നും വേണ്ട. എൻ്റെ കൈയ്യിലും  ആർക്കും കൊടുക്കുവാൻ ഒന്നുമില്ല, കുറച്ചു സ്വപ്നങ്ങൾ അല്ലാതെ. 

എല്ലാവർക്കും വലിയ സ്വപ്നങ്ങൾ കാണും. എനിക്കും ഉണ്ട് സ്വപ്നങ്ങൾ. ഒരു പക്ഷേ എന്നെങ്കിലും ആ സ്വപ്നങ്ങൾ എല്ലാം സഫലമാകുo എന്ന തോന്നൽ ആണല്ലോ നമ്മളെ എല്ലാവരേയും മുന്നോട്ടു നയിക്കുന്നത്. 

അത്ര വലിയ സ്വപ്നങ്ങൾ ഒന്നും എനിക്കില്ല കേട്ടോ.  കാരണം അന്നന്നത്തെ അപ്പത്തിന് വകയില്ലാത്ത കൂരയിൽ ജനിച്ച ഞാൻ എങ്ങനെ വലിയ സ്വപ്നങ്ങൾ കാണുവാൻ ആണ്. അങ്ങനെ വലിയ സ്വപ്നങ്ങൾ കണ്ടാൽ ദൈവകോപം ഉണ്ടാവുമത്രെ. അത് അമ്മ പറഞ്ഞു തന്നതാണ് കേട്ടോ. ഇടയ്ക്കൊക്കെ അമ്മ എന്നെ അത് ഇങ്ങനെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഒരു പക്ഷേ ഞാൻ വലിയ സ്വപ്നങ്ങൾ കാണുവാതിരിക്കുവാൻ വേണ്ടിയാകും, അമ്മ അങ്ങനെ പറയുന്നത്. എന്നെ വലിയ പള്ളിക്കൂടത്തിൽ അയക്കുവാനുള്ള പണമൊന്നും അവരുടെ കൈയ്യിൽ ഇല്ലല്ലോ. പാവം എൻ്റെ അമ്മ.

അത് കേൾക്കുമ്പോൾ പക്ഷേ മണിക്കുട്ടിക്ക് സങ്കടം വരും. എന്തിനാണ് ദൈവം ആളുകളെ പണക്കാരനും പാവപ്പെട്ടവനും ആയി വേർതിരിച്ചു സൃഷ്ടിക്കുന്നത്. ജാതിയുടെ പേരിലും ഇവിടെ വേർതിരിവുണ്ട്. എന്നെ പോലെയുള്ള പാവങ്ങൾക്ക് സ്വപ്നങ്ങൾ കാണുവാൻ പോലും അവകാശമില്ല. 

നിങ്ങൾക്കറിയോ ഞങ്ങളുടെ നാട്ടിൽ ഉള്ള അമ്പലത്തിലെ ദേവിക്ക് ഒത്തിരി ശക്തി ഉണ്ട്. എല്ലാവരും അങ്ങനെ തന്നെയാണ് പറയുന്നത്. വിളിച്ചാൽ വിളിപ്പുറത്താണ് ദേവിയത്രെ. അമ്മയും അങ്ങനെ തന്നെയാണ് എപ്പോഴും പറയാറുള്ളത്. 

ഞാനും എന്നും ആ ദേവിയോട് പ്രാർത്ഥിക്കും. "എൻ്റെ അച്ഛനും അമ്മയ്ക്കും ഒരാപത്തും വരുത്തല്ലേ" എന്ന്. കാരണം എനിക്ക് അവരല്ലേ ഉള്ളൂ. അതൊന്നു മാത്രമാണ് എൻ്റെ അത്യാഗ്രഹം എന്ന് ഞാൻ പറയും. അത് പക്ഷേ അത്യാഗ്രഹമാണോ. അതൊരു ആവശ്യം മാത്രമല്ലെ. ഈ കൊച്ചുലോകത്തിൽ മണിക്കുട്ടിയെ നോക്കുവാൻ അവരല്ലേ ഉള്ളൂ. അവരില്ലാത്ത ഒരു ലോകം മണിക്കുട്ടിക്ക് സങ്കല്പിക്കുവാൻ പോലുമാകില്ല. 

പിന്നെ ഈ കഥ എൻ്റെ മാത്രമാണ്. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും എൻ്റെ ഉറ്റവർ ആണ്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്നത് എൻ്റെ ആ കൊച്ചു ലോകത്തിലേക്കാണ്, 'മണിക്കുട്ടിയുടെ ലോകം'. ഇതിലെ ചിന്തകളും ഭാവനകളും എൻ്റെ മാത്രം ആണ്. അപ്പോൾ നമുക്ക് പോയാലോ ആ കൊച്ചുലോകത്തിലേക്കു. ആ ലോകത്തിൽ നിങ്ങളെ കാത്തിരിക്കുന്ന ഒത്തിരി നല്ല കഥാപാത്രങ്ങൾ ഉണ്ട്. ഓരോരുത്തരെയായി നമുക്ക് പരിചയപ്പെടാം പതുക്കെ പതുക്കെ.

                                      അദ്ധ്യായം 2: മണിക്കുട്ടിയുടെ  അമ്മ 

ഇന്ന് എന്താണ് അന്തരീക്ഷം ആകെ മൂടിക്കെട്ടി നിൽക്കുവാണല്ലോ. അതോ മൂടികെട്ടൽ എനിക്ക് മാത്രം തോന്നുന്നതാണോ. ഒരുപക്ഷേ ആവും. ഈയിടെയായി മനസ്സിൽ എപ്പോഴും ഒരാന്തലാണ്. എന്തോ ഒരാപത്തു അടുത്ത് വരുന്നത് പോലെ. പാക്കരേട്ടന് സുഖമില്ലാതായതിൽ പിന്നെ പ്രത്യേകിച്ചും. ഇടയ്ക്കിടെ പനി വരുന്നുണ്ട് ആൾക്ക്. കുട്ടികളുടെ അച്ഛനല്ലാതെ എനിക്ക് വേറെ ആരുണ്ട് ഈ ലോകത്തിൽ, എനിക്ക് എൻ്റെ സ്വന്തം എന്ന് പറയുവാൻ.

പതിമൂന്നാം വയസ്സിൽ ആ കൈപിടിച്ചു അച്ഛൻ ഏൽപ്പിച്ചതാണ് എന്നെ. പിന്നെ അങ്ങേരും മക്കളും മാത്രമേ എൻ്റെ ലോകത്തിൽ ഉണ്ടായിട്ടുള്ളൂ. ഈ ഗ്രാമവും ജനിച്ചു വളർന്ന നാടും അല്ലാതെ മറ്റൊരു നാട് ഇന്നേവരെ ഞാൻ കണ്ടിട്ടില്ല. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കിട്ടു ഞാനും പാക്കരേട്ടനും മക്കളോടൊപ്പം ഈ കൂരയിൽ കഴിയുന്നൂ. അച്ഛനും അമ്മയും നേരത്തെ പോയി. ഒരു ആങ്ങള ഉണ്ട് എനിക്ക്. പാവം എൻ്റെ ഏട്ടനും ഒരു പ്രാരാബ്ധക്കാരൻ ആണ്. 

പെട്ടെന്ന് പുറകിലെന്തോ ശബ്ദം കേട്ടു.

തിരിഞ്ഞു നോക്കുമ്പോൾ പാക്കരേട്ടൻ പണിക്കു പോകുവാൻ ഇറങ്ങുന്നു. എത്ര പറഞ്ഞാലും ഈ മനുഷ്യൻ കേൾക്കില്ല. എപ്പോൾ എഴുന്നേറ്റു തയ്യാറായോ എന്തോ.  അല്ലെങ്കിലും ചുറ്റിലും നടക്കുന്നതൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. 

"പാക്കരേട്ടാ, ഇന്ന് പണിക്കു പോവണ്ട, സുഖമില്ലല്ലോ. കുറച്ചു നേരം കൂടെ കിടന്നാൽ നല്ല സുഖം തോന്നും. നാളെ നമുക്ക് ആശുപത്രി വരെ ഒന്ന് പോകാം. ഈ തുളസിനീരോന്നും കുടിച്ചാലൊന്നും ഇക്കാലത്തെ പനി ഒന്നും വേഗം വിട്ടുപോകില്ല."

"അതെങ്ങനെ ശരിയാകും എൻ്റെ ചക്കി, കൈയ്യിൽ അഞ്ചു പൈസയില്ല. ഉത്സവമായിട്ടു കുട്ടികൾക്ക് വേണ്ടത് വാങ്ങി കൊടുക്കേണ്ടേ. വർഷത്തിൽ ഒരിക്കൽ അല്ലെ അതുങ്ങൾ എന്തെങ്കിലും വേണമെന്ന് ഇങ്ങനെ നിർബന്ധം പിടിക്കുന്നത്. അത് നിനക്കും അറിയാവുന്നതു അല്ലെ. കൂട്ടുകാരുടെ കൈയ്യിൽ ഓരോന്നിരിക്കുന്നതു കണ്ടു എൻ്റെ മക്കൾ സങ്കടപ്പെടരുത്. ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിനു സമ്മതിക്കില്ല." 

"അത് സാരമില്ല, നമ്മുടെ മക്കൾ അല്ലെ, അവരോടു മണിക്കുട്ടീ പറഞ്ഞോളും. പിന്നെ ഞാനും പറയാം. ഇന്ന് പാടത്തെ പണി കഴിഞ്ഞു മുതലാളിയുടെ വീട്ടിൽ എനിക്ക് പണി കിട്ടിയിട്ടുണ്ട്, ഉത്സവം അല്ലെ. എന്തേലും അവിടെ നിന്നും കിട്ടാതെ ഇരിക്കില്ല. ആയമ്മ അറിഞ്ഞെന്തെങ്കിലും തരാതിരിക്കില്ല. അവരെപ്പോഴും മക്കളെപറ്റി തിരക്കാറുണ്ട്."

"ഒക്കെ ശരിയാണ്. അതുകൊണ്ടൊന്നും പക്ഷേ ഒന്നും ആകില്ല ചക്കി. സാധനങ്ങൾക്കൊക്കെ ഇപ്പോൾ തീ പിടിച്ച വിലയാണ്. കൂലി ഒട്ടു കൂടുന്നുമില്ല. ദേവി തന്നെ തുണ. ഞാൻ മുതലാളിയുടെ തോട്ടത്തിൽ ഇന്ന് തടം എടുത്തു കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്. നാളത്തെ കൂലി കൂടെ ഇന്ന് തരാമോ എന്ന് ചോദിച്ചു നോക്കാം. മുതലാളി ചിലപ്പോൾ സമ്മതിച്ചേക്കും."

"എന്നാൽ വെറുംവയറ്റിൽ പോവല്ലേ പാക്കരേട്ടാ, കുറച്ചു കഞ്ഞി എങ്കിലും കുടിച്ചിട്ട് പോ, എൻ്റെ ഒരു സമാധാനത്തിനു വേണ്ടി.."

"വേണ്ട, ചക്കി നല്ല വിശപ്പില്ല ഇപ്പോൾ. പണിസ്ഥലത്തു നിന്ന് ഞാൻ എന്തേലും ഉച്ചക്ക്  കഴിച്ചോളാം. നീ വിഷമിക്കണ്ട.."

ഞാൻ തടസ്സം പറഞ്ഞിട്ടും പാക്കരേട്ടൻ പണിക്കു പോയി. മണിക്കുട്ടിയുടെ അച്ഛൻ അങ്ങനെയാണ്. ഒരു ദിവസ്സം പോലും വെറുതെ ഇരിക്കില്ല. എല്ലുമുറിയെ പണി എടുക്കും. അങ്ങേരുടെ കൈ പിടിച്ചു ഇവിടെ വന്നതിനു ശേഷം ഇതുവരെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. കുടിക്കാത്ത ആളെ കിട്ടിയത് തന്നെ ഭാഗ്യം. അങ്ങേർക്കാണെങ്കിൽ ഒരു തഴക്ക ദോഷവും ഇല്ല. അതെൻ്റെ ഭാഗ്യം തന്നെയാണ്. എല്ലാവരും എപ്പോഴും  അത് പറയും. ആരുടെയും കണ്ണ് പെടരുത് എൻ്റെ ജീവിതത്തിൽ എന്ന ആഗ്രഹo മാത്രമേ എനിക്ക് ഇപ്പോൾ ഉള്ളൂ.

പാക്കരേട്ടൻ്റെ  ആ പോക്ക് നോക്കി നിന്നപ്പോൾ കണ്ണ് നിറഞ്ഞു. എന്ന് തീരും ഈ കഷ്ടപ്പാടെന്നു അറിയില്ല. മനസ്സു തുറന്നു ദേവിയോട് പ്രാർത്ഥിച്ചു. 

"എൻ്റെ ദേവി, അങ്ങർക്ക് ഒന്നും വരുത്തല്ലേ, എനിക്കും കുഞ്ഞുങ്ങൾക്കും വേറെ ആരും ഇല്ല. രണ്ടു ദിവസമായി രാത്രി പനിക്കുന്നുണ്ട്. മരുന്ന് വാങ്ങുവാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. നീയെ ഉള്ളൂ ഞങ്ങൾക്ക് ഇനി തുണ."

കുഞ്ഞുങ്ങൾ ഒരു നിലയ്ക്ക് എത്തുന്നത് വരെ അദ്ദേഹത്തിന് നല്ല ആരോഗ്യം വേണം. അത് കഴിഞ്ഞാൽ അതുങ്ങൾ സ്വന്തം കാര്യ൦ നോക്കിക്കൊള്ളും. കലികാലം ആണ്. എവിടെയും കേൾക്കുന്നത് നല്ല കാര്യങ്ങൾ അല്ല. എത്ര തരം വ്യാധികൾ ഉണ്ട് ഇപ്പോൾ. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നൂ. ദേവി തന്നെ കാക്കണം. 

ഓരോന്ന് ആലോചിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഈ പിള്ളേർ എന്തിയേ ആവൊ. പള്ളിക്കൂടത്തിൽ പോണം എന്നുള്ള വിചാരം പോലും ഒന്നിനുമില്ല. എന്തോരം പണി കിടക്കുന്നൂ. മണിക്കുട്ടിയേയും കാണുന്നില്ല.

...................................                                                    

"മണിക്കുട്ടി... മണിക്കുട്ടി.."

"ഈ പെണ്ണ് എഴുന്നേറ്റില്ലേ, പള്ളിക്കൂടത്തിൽ പോകുന്നില്ലേ ഇന്ന്. ഇനി എപ്പോഴാണോ മുറ്റം അടിക്കുന്നത്. വെള്ളം കോരിയിട്ടില്ല. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. ഇന്ന് ഈ പെണ്ണ് എൻ്റെ കൈയ്യിൽ നിന്നും നല്ല അടി വാങ്ങിക്കും." 

അമ്മ തുടങ്ങിയല്ലോ രാവിലെ തന്നെ. 

പെട്ടെന്ന് മണിക്കുട്ടീ പറഞ്ഞു 

"എൻ്റെ അമ്മേ, ഞാൻ വെള്ളം കോരുവാൻ പോയതാണ്. മുറ്റം അടിച്ചു കഴിഞ്ഞത് അമ്മ കണ്ടില്ലേ. അമ്മയുടെ മുന്നിൽ കൂടെയല്ലേ ഞാൻ ഇപ്പോൾ  വെള്ളം കോരുവാൻ പോയത്."

ശരിയാണ്. മുറ്റമൊക്കെ വൃത്തിയായി കിടക്കുന്നുണ്ട്. ഞാൻ ഒന്നും കണ്ടില്ല. പാവം എൻ്റെ മണിക്കുട്ടി. വെറുതെ വഴക്കു കേൾക്കുന്നൂ. അല്ലെങ്കിലും ഇളയത്തുങ്ങൾ കാട്ടികൂട്ടുന്നതിനൊക്കെ എന്നും അവൾക്കാണ് വഴക്കു കിട്ടുക. പാവം എല്ലാം സഹിക്കും. 

എന്താണെന്നു അറിയില്ല. മസ്സാകെ കലുങ്കുഷമാണ്. എന്തോ ആപത്തു വരുവാൻ ഇരിക്കുന്നത് പോലെ തോന്നുന്നൂ. ഈ ലോകത്തിൽ ഞാൻ ഉണ്ടെന്നു തന്നെ തോന്നുന്നില്ല. കുറച്ചു ദിവസ്സമായി നന്നായൊന്നു ഉറങ്ങുവാനും കഴിയുന്നില്ല. 

എനിക്കറിയാം മൂത്തവളുടെ കാര്യത്തിൽ ഞാൻ ഒന്നും നോക്കേണ്ടതില്ല എന്ന്. എല്ലാം അവൾ കൃത്യമായി ചെയ്യും. എൻ്റെ കുട്ടി എപ്പോഴും അങ്ങനെയാണ്. ദൈവം എനിക്ക് തന്ന ഭാഗ്യം. എൻ്റെ മണിക്കുട്ടി. 

"മോളെ, ഇളയതുങ്ങളെ ഒക്കെ വിളിക്കു കേട്ടോ. കഞ്ഞിയും മുളക് ചമ്മന്തിയും ഉണ്ട്. അത് കൊടുത്തിട്ടു പള്ളിക്കൂടത്തിൽ കൊണ്ടോയിക്കോട്ടോ അവരെ. വൈകുന്നേരം കാര്യമായിട്ട് എന്തേലും ഉണ്ടാക്കി തരാം."

നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ പോലെ അല്ല എൻ്റെ മണിക്കുട്ടി. എല്ലാം നോക്കിയും കണ്ടും ചെയ്യും. പാവം ആണ്. ഒന്നിനും ഒരു ശാഠ്യവും ഇല്ല. അവൾ ഒരമ്മയുടെ സ്ഥാനത്തു നിന്നാണ് ഇളയതുങ്ങളെ നോക്കുന്നത്. 

അയലത്തെ സരള എപ്പോഴും പറയും.

"കുട്ടികൾ ഉണ്ടാവുകയാണെങ്കിൽ മണിക്കുട്ടിയെ പോലെ വേണം. എല്ലാം നോക്കിയും അറിഞ്ഞും അവൾ ചെയ്യും. നന്നായി പഠിക്കുകയും ചെയ്യുo. നിൻ്റെ ഭാഗ്യം തന്നെയാണ് മണിക്കുട്ടി."

അവളുടെ അച്ഛനും ഇടയ്ക്ക് പറയും

"മണിക്കുട്ടീ, എൻ്റെ പുണ്യം ആണ്. ഞാൻ പോയാലും അവൾ എല്ലാം നോക്കിക്കൊള്ളും. നീ പേടിക്കേണ്ട ചക്കി, അവൾ ഉണ്ടാകും എന്നും നിനക്ക്."

അമ്മ എന്താ ആലോചിക്കുന്നത്.

"ഒന്നുമില്ല കുഞ്ഞേ, മോള് വേഗം പണി തീർത്തിട്ട് പള്ളിക്കൂടത്തിൽ പോകുവാൻ നോക്കൂ. അമ്മ പാടത്തു പോകുവാണ്"

'അച്ഛൻ എവിടെ അമ്മേ, ഇന്ന് വൈകുന്നേരം അമ്പലത്തിൽ കൊണ്ട് പോകുമോ നമ്മളെ.."

"കൊണ്ടുപോകും മോളെ. ഇതുവരെ അത് അച്ഛൻ മുടക്കിയിട്ടുണ്ടോ. ഒന്ന് വൈകുന്നേരം ആയിക്കോട്ടെ. നീ ആ പാത്രങ്ങൾ ഒക്കെ കഴുകി വയ്ക്കണം കേട്ടോ. വൈകുന്നേരം ഒന്നിനും സമയം കാണില്ല. പള്ളിക്കൂടത്തിൽ നിന്നും വരുമ്പോൾ ഒരുങ്ങി നിൽക്കണം കേട്ടോ. അമ്മ വേഗം വരാൻ നോക്കാം. എന്നാലേ അമ്പലത്തിൽ പോകുവാൻ പറ്റൂ."

അത് പറഞ്ഞതും ഞാൻ വേഗം ഓടി. ഇപ്പോൾ തന്നെ നേരം വൈകി. ഇന്നാണെങ്കിൽ പിടിപ്പതു പണി ഉണ്ട് തോട്ടത്തിലും മുതലാളിയുടെ വീട്ടിലും. പണത്തിനും ആവശ്യം ഉണ്ട്. 

...............................

                                                      അദ്ധ്യായം 3: മണിക്കുട്ടി

അമ്മ പറഞ്ഞതൊക്കെ തലയാട്ടി സമ്മതം മൂളുമ്പോൾ, മനസ്സ് നിറയെ ഉത്സവ പറമ്പിലെ കുപ്പിവളകൾ ആയിരുന്നൂ എൻ്റെ മനസ്സിൽ. 

എന്ത് രസമാണ് പലതരം കുപ്പിവളകൾ അങ്ങനെ നിരന്നിരിക്കുന്നതു കാണുവാൻ. അത് മുഴുവനും വാങ്ങണം എന്ന് ചിലപ്പോൾ തോന്നും. ചിലതൊക്കെ ഞാൻ മനസ്സിൽ കരുതിയിട്ടുണ്ട്. 

ഒരു കൈ നിറയെ കരിവളകൾ വാങ്ങി ഇടണം, മറ്റേ കൈയ്യിൽ ചുവന്ന വളകളും, പിന്നെ ഒരു മോതിരം, ഒരു ജോടി ജിമിക്കി കമ്മലും, ഒരു ക്യൂട്ടെക്സും വേണം, അതും ചുവപ്പു നിറത്തിൽ ഉള്ളത് തന്നെ വേണം. കുഞ്ചലം വാങ്ങി തരുമോ എന്തോ. അതെനിക്ക് ഇഷ്ടം ആണ്. ഏതായാലും മുന്നേ തന്നെ അച്ഛനോട് ഞാൻ എനിക്ക് വേണ്ടതൊക്കെ പറഞ്ഞു വച്ചിട്ടുണ്ട്. 

അനിയത്തിക്കു പാവ വേണമെന്നു അവൾ പറഞ്ഞിട്ടുണ്ട്. അവമ്മാർ രണ്ടുപേരും എന്താ ചോദിക്കുവാൻ പോകുന്നത് എന്നറിയില്ല. എല്ലാത്തിനും കൂടെ ഉള്ള പൈസ അച്ഛൻ്റെ കൈയ്യിൽ കാണില്ല. 

ഞാൻ ആരെയും അധികം ബുദ്ധിമുട്ടിക്കാറില്ല. വർഷത്തിൽ ഒരിക്കൽ വരുന്ന ഈ നാട്ടിലെ ഉത്സവത്തിന് മാത്രമാണ് ഞങ്ങളെ അച്ഛൻ കൊണ്ട് പോകാറുള്ളൂ . വർഷത്തിൽ ഒരിക്കലേ ഈ ആർഭാടങ്ങളും ഉള്ളൂ. ഓണത്തിനാണ് ആകെ പുത്തൻ ഉടുപ്പ് അച്ഛൻ വാങ്ങി തരാറുള്ളത്. അതും അമ്മയുടെ പഴയ സാരി വച്ച് എനിക്കും അനിയത്തിക്കും പാവാട തയ്പ്പിക്കും. പുതിയ ജാക്കറ്റ് രണ്ടുപേർക്കും ആ പാവാടയ്ക്കു ചേരുന്നത് തുന്നിപ്പിച്ചു തരും. അക്കാര്യത്തിൽ അവൻമ്മാർക്ക് ഭാഗ്യം ഉണ്ട്. അച്ഛൻ്റെ കൈലി വച്ച് ഷർട്ട് തുന്നുവാൻ പറ്റാത്തത് കൊണ്ട് അവൻമ്മാർക്ക് പുതിയ ഷർട്ടും നിക്കറും കിട്ടും. അമ്മയ്ക്ക് പുതിയ സാരി കിട്ടും. അച്ഛൻ അങ്ങനെ അധികമൊന്നും തനിക്കായി വാങ്ങി കാണാറില്ല. 

ബാക്കിയുള്ള ആർഭാടങ്ങൾ കിട്ടുന്നത് ഈ ഉത്സവത്തിനു ആണ്. കൈ നിറയെ കുപ്പിവളകൾ ഇട്ടു പള്ളിക്കൂടത്തിൽ ചെന്ന് എല്ലാവരേയും കൊതിപ്പിക്കണം. ആലോചിക്കുമ്പോൾ തന്നെ മനസ്സു നിറഞ്ഞു. 

പൈസ കൂടുതൽ ഉണ്ടെങ്കിൽ ഒരാപ്പിൾ ബലൂൺ കൂടെ വാങ്ങണം. അത് മാത്രം അച്ഛനോട് പറഞ്ഞിട്ടില്ല. രണ്ടു ദിവസ്സം കഴിയുമ്പോൾ അത് പൊട്ടിപോകുകയോ ചുരുങ്ങി പോവുകയോ ചെയ്യും. അതുകൊണ്ടു തന്നെ അത് അങ്ങനെ വാങ്ങി തരുന്നത് അച്ഛന് അത്ര ഇഷ്ടമല്ല. വെറുതെ പൈസ പാഴാക്കേണ്ട എന്ന് എപ്പോഴും അച്ഛൻ പറയും.

എന്നാലും ആപ്പിൾ ബലൂൺ കാണുമ്പോൾ എനിക്ക് കൊതിയാകും. എന്ത് രസമാണ് അത് അങ്ങനെ തൂങ്ങി കിടക്കുന്നതു കാണുവാൻ. മണിക്കുട്ടിയുടെ കുടുക്കയിൽ പണമൊന്നും ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഒരാപ്പിൾ ബലൂൺ മണിക്കുട്ടി വാങ്ങിയേനെ. 

"മണിക്കുട്ടീ, നീ എന്താ സ്വപ്ന ലോകത്തിൽ വല്ലോം ആണോ.."

തിരിഞ്ഞു നോക്കിയപ്പോൾ മാതു നിൽക്കുന്നൂ.

"എൻ്റെ ദേവി, മാതു വന്നോ." നേരം പോയതറിഞ്ഞില്ല. 

 ഒരു അഞ്ചു  മിനിട്ടു മാതു. നമുക്ക് ഇപ്പോൾ തന്നെ ഓടി പോകാം കേട്ടോ പള്ളിക്കൂടത്തിലേക്ക്.."

പത്രങ്ങൾ അപ്പോഴേക്കും കഴുകി കഴിഞ്ഞിരുന്നൂ. ഇനി പാവാടയും ജാക്കറ്റും ഇട്ടു ഒരോട്ടം ഓടിയാൽ മതി. 

"എൻ്റെ മണിക്കുട്ടീ, നീ കാരണം എന്നും സ്കൂളിലേക്ക് ഓടുവാനാണല്ലോ എൻ്റെ വിധി." മാതു നെടുവീർപ്പിട്ടൂ. 

ഞാൻ അവളെ നോക്കി കണ്ണിറുക്കി. 

അല്ലെങ്കിലും എന്നും മണിക്കുട്ടി പണിയൊക്കെ തീർത്തു വരുമ്പോഴേക്കും പള്ളിക്കൂടത്തിലേക്കെത്താൻ ഓടേണ്ടി വരും. മാതുവിന്‌ വീട്ടിൽ പണിയൊന്നും ഉണ്ടാകില്ല. മണിക്കുട്ടി അങ്ങനെ അല്ലല്ലോ. എന്നാലും മണിക്കുട്ടി ഒരു ദിവസം പോലും പള്ളിക്കൂടം മുടക്കില്ല. പിന്നെ നന്നായി പഠിക്കുകയും ചെയ്യും കേട്ടോ.

........................

പള്ളിക്കൂടത്തിൽ ഇരിക്കുമ്പോഴും മനസ്സു മുഴുവൻ ഉത്സവ പറമ്പിൽ ആയിരുന്നൂ. അവിടത്തെ വർണ്ണക്കാഴ്ചകൾ ആയിരുന്നൂ അപ്പോൾ മനസ്സിൽ. ഈ പ്രാവശ്യം വെടിക്കെട്ട് പൊടിപൊടിക്കും എന്ന് ആരൊക്കെയോ പറയുന്നത് കേട്ടിരുന്നൂ. മുതലാളി നല്ലവണ്ണം പണം ചിലവഴിക്കുന്നുണ്ട് പോലും. 

"എന്താ മണിയെ, ഇന്ന് ക്ലാസ്സിൽ തീരെ ശ്രദ്ധിക്കുന്നില്ലല്ലോ.." കണക്കു മാഷാണ്. 

ഉള്ള മാഷുമാരിൽ എല്ലാവരോടും ഒരുപോലെ സ്നേഹം കാണിക്കുന്നത് കണക്കു മാഷ് മാത്രമാണ്. മാഷുടെ 'മണിയേ' എന്ന വിളിക്കു തന്നെ ഒരു പ്രത്യേക ഇമ്പം ആണ്. 

ഞാൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അമ്പലത്തിൽ ഉത്സവം ഉള്ളപ്പോൾ ക്ലാസ്സു വയ്‌ക്കേണ്ട വല്ല കാര്യവും മാഷ്ക്ക് ഉണ്ടായിരുന്നോ. പകുതി കുട്ടികളും വന്നിട്ടില്ല. വന്നവർ ആണെങ്കിൽ രാത്രിയിൽ നാടകം ഉള്ളതിനെ പറ്റി പറഞ്ഞുകൊണ്ടിരിക്കുവാണ്. ആരും തന്നെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല. മാഷ്ക്ക് അങ്ങനെ തന്നെ വേണം. പുറകിലെ ബെഞ്ചിലെ ചെറുക്കൻമ്മാർ എല്ലാവരും കലപില വർത്തമാനം പറയുന്നൂ. എല്ലാവർക്കും മനസ്സിൽ ഉത്സവം മാത്രമേ ഉള്ളൂ.

ഞാനും വൈകുന്നേരം നാടകത്തിനു പോകും. എല്ലാ വർഷവും അച്ഛൻ കൊണ്ടുപോകാറുള്ളതാണ്. എന്ത് രസമാണ് ഇഞ്ചി മിഠായിയും നുണഞ്ഞു അങ്ങനെ നാടകം കണ്ടിരിക്കുവാൻ. അമ്മ ചണചാക്ക് ഒരെണ്ണം കൈയ്യിൽ കരുതിയിട്ടുണ്ടാകും. അത് മരച്ചുവട്ടിൽ വിരിച്ചു തരും. അതിൽ ഇരുന്നാണ് ഞങ്ങൾ എല്ലാവരും നാടകം കാണുന്നത്. അച്ഛൻ മാത്രം കൂട്ടുകാരോടൊപ്പം പുറകിൽ എവിടെ എങ്കിലും ആയിരിക്കും.  കുറെ ചെറുക്കൻമ്മാർ പുറകിൽ ഇരുന്നു ചുമ്മാ ചൂളമടിക്കുന്നതു  കാണാം. അതൊക്കെ പക്ഷേ ഒരു രസo തന്നെയാണ്.

പക്ഷേ മഴ പെയ്താൽ എല്ലാം കുളമാകും. മഴയുള്ളപ്പോൾ അച്ഛൻ ജ്വരം വരുമെന്ന് പറഞ്ഞു എങ്ങും കൊണ്ടുപോകില്ല. എന്തായാലും ദേവി കാക്കും. മഴ ഒന്നും വരില്ല. ഉത്സവം കഴിഞ്ഞേ സാധരണ ഇവിടെ മഴ പെയ്യാറുള്ളൂ.  

വേഗം ഒന്ന് ബെല്ലടിച്ചാൽ മതിയാരുന്നൂ എൻ്റെ ദേവി. നേരത്തെ വിടാമെന്ന് മാഷ് പറഞ്ഞിട്ടുള്ളതാണ്. അത് മാഷ് മറന്നോ എന്തോ. 

പറഞ്ഞു തീർന്നില്ല. ബെല്ലടിച്ചു. 

സഞ്ചിയും എടുത്തു പിന്നെ ഇളയത്തുങ്ങളെയും കൂട്ടി ഒരോട്ടം തന്നെ ആയിരുന്നൂ വീട്ടിലേക്കു. വീട്ടിൽ ചെന്നിട്ടു ഓണത്തിന് തയ്പ്പിച്ചു തന്ന പാവാടയും ബ്ലോസും ഇട്ടിട്ടു വേണം അമ്പലത്തിലേക്ക്  പോകുവാൻ. മനസ്സിൽ അത് മാത്രമേ ഉള്ളൂ. പെട്ടിക്കടകൾ ഒത്തിരി ഉണ്ടെന്നാണ് കേട്ടത്. അതാലോചിക്കുമ്പോൾ തന്നെ കൊതി വരുന്നൂ. അച്ഛനും അമ്മയും ഒന്ന് വേഗം വന്നാൽ മതിയായിരുന്നൂ. 

                                                  അദ്ധ്യായം 4: അച്ഛൻ എന്ന സത്യം 

വീട്ടിൽ എത്തിയ ഉടൻ കാപ്പി ഉണ്ടാക്കി ഇളയത്തുങ്ങൾക്കു കൊടുത്തൂ. അത് എന്നും ചെയ്യുന്നതാണ്. അമ്മ പണി കഴിഞ്ഞു വരുവാൻ വൈകും. കഴിക്കുവാൻ സാധാരണ വൈകുന്നേരങ്ങളിൽ ഒന്നും ഉണ്ടാകാറില്ല. ചിലപ്പോഴൊക്കെ അച്ഛൻ വരുമ്പോൾ മടിക്കെട്ടിൽ ചെറിയ പൊതിയിൽ എന്തെങ്കിലും കരുതിയിട്ടുണ്ടാകും. ഒരു മടക്കോ പൊരിച്ചുണ്ടയോ മറ്റോ.

വിയർപ്പിൻ്റെ മണമുള്ള ആ പൊതിയിൽ ഉള്ള സാധനങ്ങളുടെ വിലയെ പറ്റിയോ അതിൻ്റെ രുചിയെ പറ്റിയോ അല്ല ഞാൻ അപ്പോൾ ഓർക്കാറുള്ളത്, പിന്നെയോ അതിൽ ചാലിച്ചു ചേർത്തിരിക്കുന്ന അച്ഛൻ്റെ സ്നേഹവും, അതിനുള്ള പൈസ ഒപ്പിക്കുവാൻ അച്ഛൻ പെടുന്ന കഷ്ടപ്പാടും.  

വേഗം കുളിച്ചൊരുങ്ങി, അച്ഛനെയും കാത്തിരുന്നൂ.  അനിയൻമ്മാരെ അടക്കി ഇരുത്തുവാൻ വലിയ പാടാണ്. ഇന്നെന്തോ അവൻമ്മാർ അനങ്ങാതെ ഇരുപ്പുണ്ട്. ദേഹത്തു അഴുക്കു പറ്റിയാൽ അച്ഛൻ ഉത്സവത്തിനു കൂടെ കൊണ്ട് പോകില്ല എന്ന് അവൻമ്മാർക്ക് അറിയാം. 

അമ്പലത്തിൽ കയറണമെങ്കിൽ വൃത്തിയും വെടിപ്പും വേണമെന്ന് അച്ഛന് നിർബന്ധമാണ്. 

അപ്പോഴാണ് അയലത്തെ സരള ചേച്ചി ഓടിക്കിതച്ചു വന്നത്. 

'മണിക്കുട്ടീ, അമ്മ വന്നില്ലേ..'

'ഇല്ല ചേച്ചി, ഉത്സവം അല്ലെ, പാടത്തെ പണി കഴിഞ്ഞിട്ടു മുതലാളിയുടെ വീട്ടിൽ സഹായിക്കുവാൻ അമ്മ പോകുമെന്ന് പറഞ്ഞിരുന്നൂ. അവിടെ ബന്ധുക്കൾ ഒത്തിരി ഉണ്ടാകുമല്ലോ ഇന്ന്. ഇപ്പോൾ വരുമായിരിക്കും. ഞങ്ങളെ അമ്പലത്തിൽ കൊണ്ടുപോകണമല്ലോ.'

'ചതിച്ചല്ലോ മോളെ'

സരള ചേച്ചി ഉറക്കെ കരഞ്ഞുകൊണ്ട് എന്നെ കെട്ടി പിടിച്ചു. 

എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും അയല്പക്കത്തു ഉള്ളവർ ഒക്കെ ഓടി വന്നൂ. ആരൊക്കെയോ അമ്മയെ വിളിക്കുവാൻ ഓടിപ്പോയി. 

അപ്പോഴാണ് അകലെയായി ആ കാഴ്ച ഞാൻ കണ്ടത്. 

ആരൊക്കെയോ ചേർന്ന് എന്തോ ചുമന്നു കൊണ്ട് വരുന്നൂ. ഞാൻ ആ ഭാഗത്തേക്ക് ഓടി. അവർ അടുത്തെത്തിയപ്പോൾ മനസ്സിലായി. അത് എൻ്റെ അച്ഛൻ ആണ്.

അച്ഛനെ കൊണ്ട് വന്നു അവർ ഉമ്മറത്ത് കിടത്തി. ഞാൻ ഓടിച്ചെന്നു അച്ഛനെ കെട്ടിപിടിച്ചു, കരഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു നോക്കി. അച്ഛൻ പക്ഷെ അനങ്ങുന്നുണ്ടായിരുന്നില്ല. എൻ്റെ വിളികൾ ഒന്നും ആ ചെവിയിൽ എത്തിയില്ല. എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. 

അപ്പോൾ ആരോ പറയുന്നത് കേട്ടു.

"പണിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. എല്ലാം പെട്ടെന്ന് ആയിരുന്നൂ. ആരൊക്കെയോ ചേർന്ന്  വൈദ്യരുടെ അടുത്ത് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞെന്നു വൈദ്യർ പറഞ്ഞു. പാവം നല്ലവൻ ആയിരുന്നൂ."

'എൻ്റെ പാക്കരേട്ടാ..'

ആ വിളികേട്ടു ഞാൻ നോക്കി.

അമ്മയാണ്.. പണിസ്ഥലത്തു നിന്നും ഓടിക്കിതച്ചുള്ള വരവാണ്. 

അച്ഛൻ്റെ മേലേക്ക് അമ്മ തളർന്നു വീണു. പിന്നെ ആ പാവം എഴുന്നേറ്റില്ല. ആരോ പറയുന്നത് കേട്ടൂ. 

'പാവം അവൾ ഇതെങ്ങനെ താങ്ങും..'

എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നൂ. ഒരു നിമിഷം കൊണ്ട് എൻ്റെ ലോകം ആകെ മാറി മറിയുകയായിരുന്നൂ. ദേവിയോട് എനിക്ക് അപ്പോൾ  കോപം തോന്നി. ഒരുപാടൊന്നും ഞാൻ ചോദിച്ചിട്ടില്ല ഇതുവരെ. 

എൻ്റെ അച്ഛനെയും അമ്മയേയും കാക്കേണ്ടവൾ അല്ലെ. അതോ പണക്കാരുടെ പ്രാർത്ഥന മാത്രമേ ദേവി കേക്കൊള്ളു എന്നാണോ. എൻ്റെ കൈയ്യിൽ നേർച്ച ഇടുവാൻ പൈസ ഇല്ലല്ലോ. വീട്ടിൽ കറിക്കു പോലും തേങ്ങയില്ല. പിന്നെ ഞാൻ എങ്ങനെ തേങ്ങ ഉടയ്ക്കും ആ തിരുമുൻപിൽ. എല്ലാം ദേവിക്കറിയാം. എന്നിട്ടും എന്തേ എൻ്റെ അച്ഛനെ തിരിച്ചു വിളിച്ചേ. മനം നൊന്തു മാത്രമല്ലേ ആ തിരുനടയിൽ നിന്ന് ഞാൻ ഇതുവരെ പ്രാർത്ഥിച്ചിട്ടുള്ളൂ. എന്നിട്ടും എന്തേ ദേവി എൻ്റെ പ്രാർത്ഥന മാത്രം കേട്ടില്ല.. 

ഞാൻ ആശിച്ചതു കുറച്ചു കുപ്പിവളകൾ മാത്രം അല്ലെ. അതും ദേവിക്ക് ഇഷ്‍ടമായില്ല, എന്നാണോ..

"മണിക്കുട്ടീ, കണ്ണ് തുടയ്ക്കു കേട്ടോ. അമ്മയ്ക്കും ഇളയത്തുങ്ങൾക്കും നീ അല്ലെ ഉള്ളൂ ഇനി. മാമൻ ഇപ്പോൾ വരും. അറിയിക്കുവാൻ ആള് പോയിട്ടുണ്ട് കേട്ടോ. നമുക്ക് അച്ഛനെ ചിതയിലേക്ക് എടുക്കുവാൻ വേണ്ടതൊക്കെ ചെയ്യണ്ടേ." സരള ചേച്ചിയാണ്.

ഞാൻ ചേച്ചിയെ ഒന്നും മനസ്സിലാകാത്തത് പോലെ നോക്കി. എന്നിലെ നാലാം ക്ലാസ്സുകാരിക്ക് അതൊന്നും അറിയില്ല എന്ന് ചേച്ചിക്കറിയില്ലേ. അല്ലെങ്കിൽ തന്നെ ഈ വീട്ടിൽ വേറെ ആരോട് അവർ അത് പറയും. തളർന്നു കിടക്കുന്ന അമ്മയ്ക്കും സഹോദരങ്ങൾക്കും അച്ഛൻ്റെ സ്ഥാനത്തു ഇനി ഞാൻ മാത്രമേ ഉള്ളൂ. അതെനിക്കറിയാം. അവർക്കും അതറിയാമായിരിക്കും. 

പലപ്പോഴും രാത്രിയിൽ അച്ഛൻ്റെ തോളിൽ തല വച്ച് കിടക്കുമ്പോൾ അച്ഛൻ  പറയാറുണ്ട്. 

'മണിക്കുട്ടീ.."

ആദ്യം ഒരു നീട്ടി വിളിയാണ്. പിന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു തരും. അവസാനം എല്ലാം അവസാനിക്കുക ആ പറച്ചിലിൽ ആണ്. 

"അച്ഛൻ പോയാൽ എൻ്റെ കുഞ്ഞു വേണം എല്ലാവരെയും നോക്കുവാൻ കേട്ടോ. എൻ്റെ ചക്കിക്കും നിൻ്റെ ഇളയതുങ്ങൾക്കും നീയേ ഉള്ളൂ. അതോർമ്മ വേണം എപ്പോഴും എൻ്റെ മണിക്കുട്ടിക്ക് .'

ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ തലയാട്ടി ചിരിക്കും...

ഉതിർന്നു വന്ന കണ്ണുനീർതുള്ളികൾ തുടയ്ക്കുമ്പോൾ മനസ്സിൽ ഞാൻ ആ സാന്നിധ്യം അറിഞ്ഞു.

"ഇല്ല, അച്ഛൻ എൻ്റെ കൂടെ ഉണ്ട്. എനിക്ക് എല്ലാം കഴിയും. എനിക്കേ കഴിയൂ.."

........................

പിറ്റേന്ന് അച്ഛനെ ചിതയിലേക്ക് എടുത്തു. അവസാനമായി ആ മുഖം കണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി. 

ഒരു പക്ഷെ, ഞാൻ കുപ്പിവളകൾ വേണം എന്ന് പറഞ്ഞത് കൊണ്ടാണോ അച്ഛൻ സുഖമില്ലാതിരുന്നിട്ടും പണിക്കു പോയത്. അങ്ങനെ എങ്കിൽ എനിക്ക് ഇനി കുപ്പിവളകൾ വേണ്ട. ഇനി മണിക്കുട്ടീ ഒരിക്കലും ഒന്നും ആഗ്രഹിക്കില്ല. ഇനി എല്ലാം വരുന്നത് പോലെ വരട്ടെ. മണിക്കുട്ടിയുടെ ലോകത്തിൽ ഇനി സ്വപ്നങ്ങൾക്ക് സ്ഥാനമില്ല. 

ചടങ്ങുകൾ എല്ലാം വേഗം കഴിഞ്ഞു. എല്ലാവരും പോയി. മാമനും അടുത്ത ബന്ധുക്കളും മാത്രം ഉണ്ട്. എത്ര വേഗമാണ് അച്ഛൻ ഒരുപിടി ചാരമായതു. ഇനി അച്ഛനില്ല. എൻ്റെ സ്വപ്നങ്ങളും കൂടെയാണ് ആ ചിതയിൽ എരിഞ്ഞത്‌ എന്ന് എനിക്കറിയാം. 

ചിതയിൽ വച്ചപ്പോൾ അച്ഛന് വേദനിച്ചു കാണില്ലേ. നല്ല തീ ഉണ്ടായി കാണുമോ. അച്ഛൻ കരഞ്ഞു കാണുമോ. ആലോചിച്ചപ്പോൾ തന്നെ എനിക്ക് സങ്കടം വന്നൂ. ചിത കത്തുന്നത് കാണുവാൻ മാമൻ സമ്മതിച്ചില്ല. കുട്ടികൾ അത് കാണുവാൻ പാടില്ലത്രേ. 

പുലയുണ്ട്. അമ്മ ഇതുവരെ എഴുന്നേറ്റിട്ടില്ല. എല്ലാം മാമൻ നോക്കും എന്നെനിക്കറിയാം. അമ്മയുടെ ആകെയുള്ള ഒരാങ്ങള, കണാരൻ മാമൻ. എല്ലാo നോക്കി നടത്തുവാൻ മാമൻ മാത്രമേ ഇനി ഉള്ളൂ. 

ഇന്നാദ്യമായി അച്ഛൻ പുതിയ വെള്ള മുണ്ടും ഷർട്ടും ഇട്ടു. അതൊക്കെ മാമൻ വാങ്ങി കൊടുത്തു. ഒട്ടും അഴുക്കില്ലാത്ത വേഷത്തിൽ അച്ഛനെ കാണുവാൻ എന്ത് ഭംഗി ആയിരുന്നൂ. ഒരു പക്ഷേ ഞാൻ കുലുക്കി വിളിച്ചിരുന്നെങ്കിൽ അച്ഛൻ ഉണർന്നേനെ എന്നെനിക്കു തോന്നി. 

"മണിക്കുട്ടീ"

മാമൻ ആണ് വിളിക്കുന്നത്.

"എന്തേ മാമ.."

"എൻ്റെ കുഞ്ഞു വിഷമിക്കരുത് കേട്ടോ. ചക്കിക്ക് നീയേ ഉള്ളൂ. നീ വേണം എല്ലാം നോക്കുവാൻ. മോൾക്ക് മാമൻ ഉണ്ടാവും എന്നും എപ്പോഴും"

ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ തലയാട്ടി. 

ഈ ലോകം അങ്ങനെയാണ്. പോയവർക്ക് അറിയില്ലല്ലോ നമ്മുടെ വേദന. വേദനയില്ലാത്ത കഷ്ടപ്പാടുകൾ ഇല്ലാത്ത ലോകത്തിലേക്ക് അച്ഛൻ പോയി. എല്ലാവരും അങ്ങനെയാണ് പറഞ്ഞത്. പക്ഷേ, അച്ഛൻ എന്തേ ഓർത്തില്ല. മണിക്കുട്ടിക്ക് വിഷമം ആകുമെന്ന്. ഇനി മണിക്കുട്ടിയെ ആരാ നോക്കുക. അമ്മയെ അച്ഛൻ ഒറ്റയ്ക്ക് ആക്കിയില്ലേ. 

മണിക്കുട്ടിക്ക് പഠിക്കുവാൻ ഇനി പറ്റുമോ. അമ്മയ്ക്ക് ആരാണ് ഇനി സഹായത്തിന് ഉള്ളത്. അച്ഛന് അറിയില്ലേ മണിക്കുട്ടീ കുഞ്ഞാണ് എന്ന്. ദേവിയോട് ചോദിച്ചു അച്ഛന് ഇങ്ങു തിരിച്ചു പോരാമായിരുന്നില്ലേ. ചിലപ്പോൾ അച്ഛൻ ചോദിച്ചു കാണും. ദേവി വിട്ടുകാണില്ല. എനിക്ക് അതുറപ്പുണ്ട്. അച്ഛന് മണിക്കുട്ടിയെ അങ്ങനെ ഇട്ടിട്ടു പോകുവാൻ ആകില്ല. 

അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. 

പണ്ടൊരിക്കൽ അമ്മ കുളിക്കുവാൻ പോയപ്പോൾ ഉറക്കി കിടത്തിയിരുന്ന ഞാൻ എഴുന്നേറ്റു തോടിൻ്റെ അടുത്തേക്ക് നടന്നു പോയത്രേ. ഭാഗ്യത്തിന് അച്ഛൻ അത് കണ്ടു. അന്ന് അച്ഛൻ എന്നെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞത്രേ. അമ്മയോട് അന്നച്ഛൻ പറഞ്ഞു പോലും "എൻ്റെ മണിക്കുട്ടിയെ വിട്ടിട്ടു ഞാൻ ഇനി എങ്ങും പോകില്ല എന്ന്". 

പിന്നെ അച്ഛൻ എന്നെ ഇട്ടിട്ടു പണിക്കു പോകുവാൻ പോലും തയ്യാറായില്ല. മാമൻ വന്നാണ് അച്ഛനെ സമാധാനിപ്പിച്ചത്. അന്ന് അമ്മയ്ക്ക് കാര്യമായ വഴക്കു കേട്ടു മാമൻ്റെ കൈയ്യിൽ നിന്നും. 

എന്നാലും മരണം ഒരു സത്യമാണ്. ആർക്കും മനസ്സിലാകാത്ത സത്യം. 

സരള ചേച്ചി പറഞ്ഞിട്ടുണ്ട് അപ്പുറത്തെ വീട്ടിലെ കൊച്ചമ്മിണിചേച്ചിയുടെ മകൾ മരിച്ചപ്പോൾ. ആ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നൂ കേട്ടോ. അവർക്കു  എന്തായിരുന്നു അസുഖം എന്ന് മണിക്കുട്ടിക്ക് ഇന്നും അറിയില്ല. പ്രസവം കഴിഞ്ഞ ഉടനെ ആയിരുന്നൂ അവരുടെ മരണം എന്നുമാത്രം എനിക്കറിയാം. 

"ദേവിക്കു ഒത്തിരി ഇഷ്ടം ഉള്ളവരെ വേഗം വിളിക്കുo . അവർ ഭൂമിയിൽ അധികം കഷ്ടപ്പെടുന്നത് ദേവിക്ക് ഇഷ്ടമല്ല. സ്വർഗ്ഗത്തിൽ അവർക്കു വേണ്ടതെല്ലാം ദേവി കൊടുക്കു൦. അവർക്കു അവിടെ ഒരു കഷ്ടപ്പാടും ഉണ്ടാകില്ല. കഷ്ടപ്പാട് മൊത്തം ഭൂമിയിൽ ആണ്. ദേവലോകത്തിൽ ദേവിയുടെ തൊട്ടടുത്ത് ഇരിക്കുന്നവർക്ക് ഒന്നിനേയും പേടിക്കേണ്ട. ഒന്നിനെക്കുറിച്ചും ആവലാതിയും വേണ്ട."

ഒരുപക്ഷേ അച്ഛനെ ദേവിക്ക് ഒത്തിരി ഇഷ്ടം ആയിരിക്കും. അതുകൊണ്ടാകും വേഗം വിളിച്ചത്. അങ്ങനെ ആയാൽ മതിയായിരുന്നൂ. അച്ഛൻ അവിടെ സുഖമായിരിക്കട്ടെ. എൻ്റെ അച്ഛനെ നന്നായി നോക്കണേ ദേവി. 

അത് പറയുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നൂ. 

                                                അദ്ധ്യായം 5: പറിച്ചു നടൽ 

"എന്താ കണാരാ, മുഖത്തു ഒരു വിഷമം പോലെ.." 

വെറുതെ നടക്കുവാൻ ഇറങ്ങിയപ്പോൾ ആണ് മുതലാളിയെ കണ്ടത്. ചടങ്ങുകൾ തീരുന്നതുവരെ പെങ്ങളുടെ വീട്ടിൽ നിൽക്കാം എന്ന് കരുതി. അവൾക്കു ഞാൻ അല്ലെ ഉള്ളൂ. അങ്ങനെ തന്നെയാണ് വേണ്ടത്. കെട്ടിച്ചു വിട്ടാലും എന്തിനും ഏതിനും ആങ്ങള തന്നെ വേണം, അച്ഛനും അമ്മയും ഇല്ലാത്ത സ്ഥിതിക്ക്.

"എന്ത് പറയാനാണ് മുതലാളി, പെങ്ങളുടെ കാര്യം ഒക്കെ മുതലാളിക്കും അറിയാമല്ലോ. പാക്കരേട്ടൻ ഇത്ര വേഗം പോകുമെന്ന് ഞാനും കരുതിയില്ല. എല്ലാം അവളുടെ വിധി."

"അറിയാം കണാരാ. കഷ്ടമായിപ്പോയി. എൻ്റെ തോട്ടത്തിൽ വച്ചാണല്ലോ എല്ലാം കഴിഞ്ഞത്. അവൻ നല്ല സ്നേഹവും ആത്മാർത്ഥതയും ഉള്ളവൻ ആയിരുന്നൂ. പാവം. മനുഷ്യരുടെ കാര്യമൊക്കെ അത്രയേ ഉള്ളൂ. ഇന്ന് കാണുന്നവനെ നാളെ കാണില്ല."

"ശരിയാണ് മുതലാളി. എൻ്റെ ചക്കിക്കും അവൻ്റെ കുട്ടികൾക്കും അത്രയേ വിധിച്ചിട്ടുള്ളു എന്ന് സമാധാനിക്കുവാണ് ഞാൻ."

"ഇനി ഇപ്പോൾ എങ്ങനെ ആണ് മുന്നോട്ടുള്ള കാര്യങ്ങൾ കാണാരാ ."

"എനിക്കൊന്നും അറിയില്ല, മുതലാളി. അവളെയും കുഞ്ഞുങ്ങളെയും എൻ്റെ കൂടെ കൂട്ടികൊണ്ടു പോവണം എന്നുണ്ട്. പക്ഷേ എൻ്റെ കൊച്ചുകൂരയിലെ അവസ്ഥ മുതലാളിക്ക് അറിയില്ലേ. നല്ലൊരു പുര കൂടിയില്ല. ഞാൻ കൂട്ടിയാൽ കൂടില്ല അവിടത്തെ കാര്യങ്ങൾ. എന്ത് ചെയ്യണം എന്നറിയില്ല. അവളുടെ മുഖത്തു നോക്കുവാൻ പോലും വയ്യ എനിക്ക്."

"ഊം.. അതും ശരിയാണ്. നിനക്കും ഒരു കുടുംബം ഉണ്ടല്ലോ. നീ കൂട്ടിയാൽ കാര്യങ്ങൾ കൂടില്ല കണാരാ."

"ഏതായാലും ചടങ്ങുകൾ കഴിയുന്നത് വരെ അവളും പിള്ളേരും ഇവിടെ നിൽക്കട്ടെ. ബാക്കി വരുന്നിടത്തു വച്ച് കാണാം. അങ്ങനെയാണ് എൻ്റെ  തീരുമാനം മുതലാളി."

"ഞാൻ ഒരു കാര്യം പറയാം കണാരാ. ചക്കിയുടെ മൂത്തകുട്ടിയെ എൻ്റെ വീട്ടിൽ നീ പണിക്കു നിർത്തിക്കോ. അത്യാവശ്യം വേണ്ട പണം ഞാൻ അവളുടെ  വീട്ടിലേക്കു കൊടുക്കാം. അവളുടെ ഇളയത്തുങ്ങൾ തൽക്കാലം  പഠിക്കട്ടെ."

"അത് എങ്ങനെ ശരിയാകും മുതലാളി, അവൾ കുഞ്ഞല്ലേ, നന്നായി പഠിക്കും. അവളെ പഠിപ്പിച്ചു നല്ലൊരു നിലയിൽ എത്തിക്കണമെന്ന് പാക്കരേട്ടൻ ആഗ്രഹിച്ചിരുന്നൂ. അവളെ പണിക്കു വിടുവാൻ എൻ്റെ മനസ്സു അനുവദിക്കുന്നില്ല. എന്നോട് എൻ്റെ പാക്കരേട്ടൻ പൊറുക്കില്ല. ചക്കിയും സമ്മതിക്കുമെന്നു തോന്നുന്നില്ല."

"അതൊക്കെ ശരിയാണ് കണാരാ. പക്ഷേ, ഇതുങ്ങളൊക്കെ പഠിച്ചിട്ടു എന്തിനാണ്. കളക്ടർ ആകുവാൻ ആണോ. നാലുനേരം തിന്നാനുള്ള വക ആദ്യം കണ്ടെത്തു. എന്നിട്ടാകാം മുന്നോട്ടുള്ള പഠിപ്പു. അവളെ കുറച്ചു കഴിയുമ്പോൾ കെട്ടിച്ചു വിടണം. ആ ആൺപിള്ളേരെ പഠിപ്പിച്ചാൽ ചക്കിക്കു ഉപകാരപ്പെടും. പിന്നെ ചടങ്ങിനുള്ള പണം ഞാൻ തരാം. നീ എന്ത് പറയുന്നൂ?"

"അത് മുതലാളി.."

"നീ ഒന്നും ആലോചിക്കേണ്ട. ചടങ്ങു കഴിയുമ്പോൾ അവളെ വീട്ടിലേക്കു വിട്ടേക്കണം. നിൻ്റെയും അവളുടെയും നന്മക്കാണ് ഞാൻ ഇത് പറയുന്നത്. നിനക്ക് മനസ്സിലാകുന്നുണ്ടോ."

"ശരി, മുതലാളി ഞാൻ ചക്കിയെ പറഞ്ഞു മനസ്സിലാക്കുവാൻ നോക്കാം. എല്ലാം മുതലാളി പറയുന്നത് പോലെ തന്നെ നടക്കട്ടെ.." 

മുതലാളി പറയുന്നത് അനുസരിക്കുകയെ നിവർത്തിയുള്ളൂ എനിക്ക്. മുതലാളി പറയുന്നതിലും കാര്യം ഉണ്ട്. പെണ്ണിനെ പഠിപ്പിച്ചിട്ടു എന്തിനാണ്. വല്ലവരുടെ അടുക്കളയിലും ഒതുങ്ങാനുള്ള ജീവിതം ആണ്. മുടക്കുന്ന പൈസ വെറുതെ പോകും. പാക്കരേട്ടന് വിവരമില്ല. മുതലാളി പറയുന്നതാണ് ശരി. പഠിച്ച ആളാണ് മുതലാളി. മുന്നും പിന്നും നോക്കിയേ എന്തും പറയൂ. എതിർത്തു പറഞ്ഞാൽ പിന്നെ സഹായം ചോദിച്ചു ചെല്ലുവാൻ ഈ നാട്ടിൽ വേറെ വീടില്ല. ഒരു പണി വേണമെങ്കിൽ തന്നെ ആ പടിക്കെട്ടിൽ ചെല്ലണം ചക്കിക്ക്. 

ഞാൻ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചിരുന്നൂ

"ചക്കിയെ പറഞ്ഞു മനസ്സിലാക്കണം. അതേ ഇനി നടക്കൂ.."

പെൺകുട്ടികൾ പാവപ്പെട്ട കുടുംബത്തിൽ ജനിക്കരുത്. അവിടെ അവരുടെ സ്വപ്നങ്ങൾ ചിറകു മുളയ്ക്കും മുൻപേ കരിയുകയേ ഉള്ളൂ. എൻ്റെ മണിക്കുട്ടിയുടെ വിധി മറിച്ചെഴുതാൻ ഞാൻ ദൈവമൊന്നും അല്ലല്ലോ. പാക്കരേട്ടനും ചക്കിയും എന്നോട് പൊറുക്കട്ടെ. 

............................

അമ്മയാണ് എന്നോട് അത് പറഞ്ഞത്. എൻ്റെ വിധി എഴുതപ്പെട്ടിരിക്കുന്ന വിവരം.

"മണിക്കുട്ടീ, മോള് ഞാൻ പറയുന്നത് അനുസരിക്കോ.."

മുഖവുരയൊന്നും കൂടാതെ സംസാരിക്കുന്ന അമ്മയാണ്. ഇന്നെന്തു പറ്റി അമ്മയ്ക്ക്. അല്ലെങ്കിലും അച്ഛൻ പോയതിൽ പിന്നെ അമ്മ ആകെ മാറിയിരിക്കുന്നൂ. ഒന്നിലും ഒരു ഉത്സാഹവും ഇല്ല. ആർക്കോ വേണ്ടി ജീവിക്കുന്നത് പോലെയുണ്ട്. പലപ്പോഴും മുറിയുടെ മൂലയിൽ കുത്തിയിരുന്നു കരയുന്നതു കാണാം. 

ഞാൻ സാവധാനം പറഞ്ഞു. 

"എന്താ അമ്മേ, അമ്മയും അച്ഛനും പറയുന്നതല്ലേ മണിക്കുട്ടീ എന്നും കേട്ടിട്ടുള്ളൂ. അമ്മ പറഞ്ഞോ."

അമ്മ അല്പസമയം എന്തോ ആലോചിച്ചു ഇരിക്കുന്നത് പോലെ തോന്നി. പിന്നെ പതിയെ പറഞ്ഞു തുടങ്ങി. 

"മോളെ, നിന്നെ കണാരൻ മാമൻ മുതലാളിയുടെ വീട്ടിൽ കൊണ്ടുപോയി വിടും. എന്തൊരു വലിയ വീടാണത്. മോളും കണ്ടിട്ടുള്ളതല്ലേ. അവിടെ നല്ല കുട്ടിയായി എൻ്റെ കുഞ്ഞു നിൽക്കണം. നല്ല ആഹാരം ഒക്കെ കിട്ടും മോൾക്കവിടെ. മോള് ഇവിടെ ചെയ്യുന്ന കൊച്ചു കൊച്ചു പണികളൊക്കെ ചെയ്താൽ മതി. നല്ല ഉടുപ്പും കുപ്പിവളകളും ക്യൂട്ടെക്‌സും ഒക്കെ അവിടെ നിന്നും കിട്ടും. എൻ്റെ മോള് ചടങ്ങു കഴിയുമ്പോൾ മുതലാളിയുടെ വീട്ടിലേക്കു പോകണം. മറുത്തൊന്നും പറഞ്ഞു അമ്മയെ വിഷമിപ്പിക്കരുത്. "

എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ എന്തോ ഒരു ഭയം മനസ്സിനെ നീറ്റുന്നുണ്ടായിരുന്നൂ. അമ്മയെ പിരിഞ്ഞു നിൽക്കുവാൻ വയ്യ. ഈ വീട് വിട്ടു എനിക്ക് എങ്ങും പോകണ്ട. 

"വേണ്ട അമ്മെ, എനിക്കിനി കുപ്പിവളകളും ക്യൂട്ടെക്‌സും ഒന്നും വേണ്ട. അതൊക്കെ ഞാൻ ആഗ്രഹിച്ച കൊണ്ടല്ലേ എൻ്റെ അച്ഛൻ പോയത്. എനിക്ക് അമ്മ മാത്രം മതി. എനിക്ക് എങ്ങും പോകണ്ട. ഞാൻ ഇവിടെ നിന്നോളാo. വീട്ടിലെ എല്ലാ പണികളും എടുത്തോളാ൦. ഒരു പരാതിയും പറയില്ല."

അത് പറഞ്ഞു കഴിയുമ്പോഴേക്കും അമ്മയുടെ മടിയിലേക്കു വീണു ഞാൻ പൊട്ടിക്കരഞ്ഞു. 

അമ്മ ഒന്ന് നെടുവീർപ്പിട്ടൂ. എന്നിട്ടു തുടർന്നൂ.

"എൻ്റെ കുഞ്ഞേ, അങ്ങനെ ഒന്നും പറയല്ലേ. അച്ഛന് സുഖമില്ലാതെ പോയതല്ലേ. എൻ്റെ മോൾ ഒരു കുറ്റവും ചെയ്തിട്ടില്ല. എൻ്റെ കുഞ്ഞു ആഗ്രഹിച്ചതൊക്കെ ഇനി കിട്ടുവാൻ പോകുവല്ലേ. പിന്നെ മോള് കൂടെ പണിക്കു പോയാലല്ലേ, മോളുടെ കൂടപ്പിറപ്പുകൾക്കു കൂടെ ആഹാരം കൊടുക്കുവാൻ പറ്റൂ. എൻ്റെ കുഞ്ഞേ, അവർ പട്ടിണി കിടന്നാൽ അച്ഛൻ്റെ ആത്മാവ് വിഷമിക്കില്ലേ."

പിന്നെ ഞാൻ എതിർത്തില്ല. ഇളയത്തുങ്ങളെ നോക്കുവാൻ ഞാൻ അല്ലെ ഉള്ളൂ ഇനി. എൻ്റെ പഠനം അവിടെ തീരുകയാണ് എന്നെനിക്കറിയാം. സാരമില്ല. സ്വപ്നങ്ങൾ കാണുവാൻ എല്ലാവർക്കും അവകാശം ഇല്ല. പ്രത്യേകിച്ച് എന്നെ പോലെ ഉള്ള കുട്ടികൾക്ക്. ഞാൻ പഠിച്ചിട്ടു എന്തിനാണ്. 

ദേവിയും പക്ഷഭേദം കാണിക്കുവല്ലേ. എന്നെ പോലെ ഉള്ളവർക്ക് സ്വപ്നങ്ങൾ എന്തിനാണ്. ശാപം പേറി ജീവിക്കുന്നവൾ. അല്ലെങ്കിൽ എൻ്റെ അച്ഛനെ ദേവി, വേഗം കൊണ്ടുപോകുമായിരുന്നോ. എനിക്ക് അച്ഛനെ ഉള്ളൂ എന്ന് ദേവിക്ക് അറിയാമായിരുന്നല്ലോ. ഇനി ഒരിക്കലും ആ നടയിൽ ഞാൻ വരില്ല. മനസ്സിൽ അത് ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നൂ. ദേവി എന്നെ കാണാതെ വിഷമിക്കട്ടെ. ഞാൻ കരഞ്ഞത് പോലെ എന്നെ ഓർത്തു ദേവിയും കരയട്ടെ.

രാത്രി മൊത്തം ഞാൻ കരഞ്ഞു, ശബ്ദം പുറത്തു വരാതെ. എൻ്റെ പഴയ തുണികൾ നിറച്ചുണ്ടാക്കിയ ആ തലയിണ മൊത്തം നനഞ്ഞു കുതിർന്നൂ. എൻ്റെ കണ്ണുനീർ ഇനി ഞാൻ മാത്രം കണ്ടാൽ മതി. അമ്മയെ വേദനിപ്പിക്കുവാൻ വയ്യ. മണിക്കുട്ടി വേദനിച്ചാലും സാരമില്ല. ഞാൻ കാരണം ആരും കരയരുത്. അതെ എനിക്കുള്ളൂ. 

പിറ്റേന്ന് ഉണ്ടായിരുന്നതിൽ നല്ല രണ്ടു പാവാടയും ജാക്കറ്റും ഒരു ഭാണ്ഡത്തിൽ ആക്കി ഞാൻ മാമനൊപ്പം മുതലാളിയുടെ വീട്ടിലേക്കു ചെന്നൂ. 

ഇവിടെ എൻ്റെ ലോകം മാറുകയാണ് എന്നെനിക്കറിയാം. അച്ഛൻ്റെ എട്ടും പൊട്ടും തിരിയാത്ത മണിക്കുട്ടി അല്ല ഞാൻ ഇനി. എനിക്കിനി ഒരു ജോലി ഉണ്ടല്ലോ. ഇളയത്തുങ്ങളെ പോറ്റുവാൻ വേണ്ട കരുത്തു മാത്രം ഈ കൈകൾക്കു ദൈവം തന്നാൽ മതിയായിരുന്നൂ. അത് മാത്രമേ ഇനി മനസ്സിൽ ഉള്ളൂ. 

മാമനൊപ്പം ഇറങ്ങുമ്പോൾ അമ്മ പൊട്ടിക്കരഞ്ഞു. ഞാനും അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. 

"എൻ്റെ മണിക്കുട്ടീ, പാക്കരേട്ടൻ എന്നോട് പൊറുക്കട്ടെ..'

മുതലാളിയുടെ വീട്ടിലേക്കു നടക്കുമ്പോൾ ഞാൻ എൻ്റെ വീടും തോടും എല്ലാം ഒന്നുകൂടെ നോക്കി. മനസ്സു മുഴുവൻ ഇവിടെയാണ്. ഇനി എന്നാണ് തിരിച്ചു വരുവാൻ പറ്റുക എന്നറിയില്ല. 

അപ്പോൾ എനിക്ക് ഒരിക്കൽ അനിയനോട് അമ്മ പറഞ്ഞത് ഓർമ്മ വന്നു. അന്ന് അവൻ പൂച്ചകുട്ടികളെ അമ്മ പൂച്ച കാണാതെ എടുത്തു വീട്ടിലേക്കു കൊണ്ടുപോന്നു. 

"ഉണ്ണി, ആ കുഞ്ഞുങ്ങൾ പറയുന്നത് നിനക്ക് മനസ്സിലാക്ഞ്ഞിട്ടല്ലേ. അമ്മയെ കാണാതെ അവർ വിഷമിക്കുകയല്ലേ. മോനെ ആരെങ്കിലും ഇതുപോലെ എടുത്തിട്ടു പോയാൽ മോൻ എത്ര വിഷമിക്കും. വേണമെങ്കിൽ തള്ളപ്പൂച്ചയ്ക്ക് ഒപ്പം മോൻ അവരെ ഇങ്ങോട്ടു കൊണ്ടുപോരെ.."

അന്ന് അവൻ ആ പൂച്ചകുഞ്ഞുങ്ങളെ തിരിച്ചു കൊണ്ടുപോയി അവിടെ വിട്ടു. ആ അമ്മയാണ് ഇന്ന് മണിക്കുട്ടിയുടെ മനസ്സു കാണാതെ പോയത്. പൂച്ചകുഞ്ഞുങ്ങളുടെ വിഷമം മനസ്സിലാക്കിയ അമ്മയ്ക്ക് എരിയുന്ന മണിക്കുട്ടിയുടെ ഹൃദയം കാണുവാൻ കഴിഞ്ഞില്ല. 

മുതലാളിയുടെ വീട്ടിൽ എന്നെ ഏല്പിക്കുമ്പോൾ എൻ്റെ രണ്ടു കൈയ്യും ചേർത്ത് പിടിച്ചു മാമൻ കരഞ്ഞു. എന്തിനാണ് മാമൻ കരയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. മണിക്കുട്ടിക്ക് ഇവിടെ സുഖം ആയിരിക്കും എന്നാണല്ലോ അമ്മ പറഞ്ഞത്. അല്ലെങ്കിലും അച്ഛനില്ലാത്ത ആ കൂരയിൽ മണിക്കുട്ടിക്ക് ഇനി എന്നും സങ്കടങ്ങൾ മാത്രമല്ലെ ഉണ്ടാകൂ.

"മണിക്കുട്ടീ, എൻ്റെ പൊന്നേ" എന്നിനി ആരാ എന്നെ വിളിക്കുക. 

"എന്താ, കുട്ടീ, ആലോചിക്കുന്നേ, വേഗം നടക്കൂ. അപ്പുറത്തു താമസിക്കാനുള്ള ഇടം  ഒക്കെ ഉണ്ട്. അതൊക്കെ ഞാൻ കാട്ടിത്തരാം."

നോക്കിയപ്പോൾ നല്ല ഐശ്വര്യം തുളുമ്പുന്ന മുഖവുമായി നിൽക്കുന്ന ഒരമ്മ. ദേവിയാണോ എന്നറിയില്ല. ഞാൻ അവരെ അങ്ങനെ നോക്കി നിന്നൂ. 

പിന്നെ പതിയെ പിന്നാമ്പുറത്തേക്കു നടന്നൂ. നടക്കുമ്പോൾ കാലുകൾ ഇടറിയിരുന്നൂ. ഇവിടെ ആരെയും അറിയില്ല എനിക്ക്. അമ്മയില്ല. അച്ഛനെ ഇനി ഒരിക്കലും കാണുവാൻ ആകില്ല. എൻ്റെ മാതു ഇവിടെ ഇല്ല. അവൾക്കൊപ്പം ഇനി പള്ളിക്കൂടത്തിൽ പോകുവാൻ എനിക്കാകില്ല. എൻ്റെ അനിയൻമ്മാരും അനിയത്തിക്കുട്ടിയും ഇവിടെ ഇല്ല. ഈ ലോകത്തിൽ മണിക്കുട്ടി തനിച്ചാണ്. ദേവിയും എന്നെ ഉപേക്ഷിച്ചിരിക്കുന്നൂ. 

ചുറ്റിലുമുള്ളവർ എന്നെ തുറിച്ചു നോക്കുന്നൂ. മണിക്കുട്ടിയെ ആരെങ്കിലും ഉപദ്രവിക്കുമോ ഇവിടെ. എനിക്കൊന്നും അറിയില്ല. 

                                             അദ്ധ്യായം 6: പുതിയ ലോകം 

"മണിക്കുട്ടീ, എന്നാണ് പേരല്ലേ"

ആയമ്മയാണ്..

ഞാൻ തലയാട്ടി. പേടിച്ചിട്ടു എൻ്റെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.

"കുട്ടി, പേടിക്കേണ്ട കേട്ടോ. ആയമ്മ ഉണ്ടല്ലോ. മിടുക്കിയായി ഇവിടെ നിക്കണം. ആയമ്മ പറയുന്നതൊക്കെ കുഞ്ഞു അനുസരിക്കുമോ."

ഞാൻ വീണ്ടു൦ തലയാട്ടി. 

"നേരം വെളുക്കുമ്പോൾ എഴുന്നേറ്റു മുറ്റം അടിക്കണം. പിന്നെ തൊഴുത്തു എന്നും അടിച്ചു വാരണം. പശുക്കളെ അപ്പോഴേക്കും കേശവൻ പറമ്പിൽ കൊണ്ടുപോയി കെട്ടിക്കോളും. പിന്നെ തുണികൾ ഒക്കെ കൊണ്ടുപോയി കഴുകി ഇടണം. തല്ക്കാലം അടുക്കളപ്പണി ഒന്നും ചെയ്യേണ്ട. ശുദ്ധവും വൃത്തിയും ഒക്കെ ഉണ്ടോ എന്ന് ഞാൻ നോക്കട്ടെ. എന്താ പറയുന്നത് മനസ്സിലാകുന്നുണ്ടോ."

ആയമ്മ പറയുന്നത് കേട്ട് ഞാൻ വീണ്ടും തലയാട്ടി. എന്നെ പോലെ ഒരു കുട്ടിയെ കാണുമ്പോൾ എൻ്റെ ആഗ്രഹങ്ങൾ എന്താണെന്നു അവർക്കു ചോദിച്ചു കൂടെ. ഇത്രയൊക്കെ പണി എടുക്കുവാനുള്ള പ്രായം എനിക്കായിട്ടില്ല. അത് അവർക്കു അറിയില്ലേ. അതോ പണക്കാരുടെ ലോകത്തിൽ പാവപ്പെട്ടവർ കൂലിപ്പണി എടുക്കുവാൻ വേണ്ടി മാത്രം ഉള്ളവരാണോ. അവരും ഈ പ്രായം കഴിഞ്ഞു തന്നെ അല്ലെ ഇവിടെ വരെ എത്തിയത്. 

ആയമ്മയെ പറ്റി അമ്മയും അച്ഛനും ഒത്തിരി പറഞ്ഞു കേട്ടിട്ടുണ്ട്. 

"നല്ല സ്ത്രീ ആണവർ. ആർക്കും ഒരു ദ്രോഹവും ചെയ്യില്ല. ഇത്ര സ്നേഹമുള്ള ഒരാളെ വേറെ കാണുവാൻ കിട്ടില്ല. പണിക്കാർക്ക് ഒക്കെ വയറു നിറയെ ഭക്ഷണം കൊടുക്കും. ഒരു മകൻ മാത്രമേ അവർക്കുള്ളൂ. അയാൾ അങ്ങു പട്ടണത്തിൽ ആണ്." 

പറഞ്ഞുകേട്ടതൊക്കെ സത്യം ആകണേ എന്ന് മാത്രം അപ്പോൾ ഞാൻ  മനസ്സിൽ പ്രാർത്ഥിച്ചു. 

"കുട്ടി എന്താ ആലോചിക്കുന്നത്..?'

ഒന്നുമില്ല എന്ന് ഞാൻ തലയാട്ടി.

അപ്പോൾ അവർ പറഞ്ഞു 

"ആ കാണുന്ന പുരയിലാണ് പണിക്കാരി പെണ്ണുങ്ങൾ താമസിക്കുന്നത്. കുട്ടി അവിടെ അങ്ങോട്ട് ചെന്നോളൂ.."

പണിക്കാരി പെണ്ണുങ്ങൾ താമസിക്കുന്ന സ്ഥലത്തു ചെന്നപ്പോൾ ഒരു പായയും തലയിണയും എനിക്കും കിട്ടി. ചോർന്നൊലിക്കുന്ന കൂരയിൽ കിടക്കുന്ന അമ്മയെയും സഹോദരങ്ങളെയും എനിക്കപ്പോൾ ഓർമ്മ വന്നൂ. നാളെ മുതൽ പണി തുടങ്ങണം. പാഠപുസ്‌തകം എനിക്ക് ഇനി ആവശ്യം വരില്ല. പഠിച്ച അക്ഷരങ്ങൾ ഇനി എന്തിനാണ്..? അതോർത്തു മാത്രം മനസ്സു തേങ്ങി. 

ജീവിതം ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയതല്ല. ആരോ വരക്കുന്ന വരയിലൂടെ വീഴാതെ നടക്കുകയാണ് ഞാൻ എന്ന് തോന്നിപോകുന്നൂ. എൻ്റെ ജീവിതത്തിൽ നടക്കുന്നതൊന്നും ഞാൻ ആഗ്രഹിച്ചതായിരുന്നില്ല. എൻ്റെ സ്വപ്നങ്ങൾ എനിക്കിന്ന് അന്യമാണ്. 

എല്ലാം യാന്ത്രികമായി തുടങ്ങിയിരുന്നൂ. രാവിലെ എഴുന്നേൽക്കുന്നൂ. പണി തുടങ്ങുന്നൂ. ഒരു പണി തീരുന്നതിനു മുന്നേ തന്നെ ഒന്നിന് മുകളിൽ ഒന്നായി അതങ്ങനെ വന്നുകൊണ്ടേയിരിക്കുന്നൂ. 

"പണി ചെയ്തില്ലെങ്കിൽ കാര്യസ്ഥൻ വഴക്കു പറയും. ചിലപ്പോൾ തല്ലും കിട്ടും കേട്ടോ." പണിക്കാരികളിൽ ആരോ പറയുന്നത് കേട്ടൂ. അത് കേട്ടപ്പോൾ ചെറുതായൊന്നു പേടിച്ചു. പിന്നെ തോന്നി. എല്ലാം വരുന്നിടത്തു വച്ച് കാണാം. 

ആദ്യമൊക്കെ കാര്യസ്ഥൻ ചീത്ത പറയുമായിരുന്നൂ. അപ്പോൾ കൂടെ ഉള്ള പണിക്കാരികൾ കളിയാക്കി ചിരിക്കും. ആരുടെ മുഖത്തും ഞാൻ ദയ കണ്ടില്ല, ആയമ്മയുടെ ഒഴികെ. അവർ കാൺകെ ആരും എന്നെ വഴക്കു പറയാറില്ല. 

എന്തൊക്കെ തന്നെ ആയാലും ആഹാരം കൃത്യസമയത്തു തന്നെ കിട്ടും. രാത്രിയിൽ പണി ചെയ്തു ക്ഷീണിച്ച കുഞ്ഞുകൈകൾ വേദനിക്കുമ്പോൾ ഞാൻ തലയിണയിൽ മുഖം അമർത്തി കരഞ്ഞു. പക്ഷെ, ആ കണ്ണീരു കാണുവാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. സ്വർഗ്ഗത്തിൽ ഇരുന്നു എൻ്റെ അച്ഛൻ എല്ലാം കാണുന്നുണ്ടാവുമോ. 

അപ്പോൾ മനസ്സു പറഞ്ഞു 

"കരയരുത് ഒരിക്കലും. അച്ഛൻ്റെ മണിക്കുട്ടീ കരഞ്ഞാൽ അച്ഛനും കരയും. ആ ആത്മാവ് ഒരിക്കലും വേദനിക്കരുത്."

ആദ്യമൊക്കെ പണി കഴിഞ്ഞു വരുമ്പോൾ മേലാകെ വേദനിക്കുമായിരുന്നൂ. പിന്നീട് അതൊക്കെ ശീലമായി. ഇടയ്ക്കൊക്കെ അമ്മ കാണുവാൻ വരും. അപ്പോൾ മുതലാളി അമ്മയ്ക്ക് പൈസ കൊടുക്കും. ആയമ്മ പറമ്പിലെ പച്ചക്കറികൾ ഒക്കെ കൈ നിറയെ കൊടുക്കും. നെല്ലും കൊടുക്കുന്നത് കാണാം. അതൊക്കെ കൊണ്ട് വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞു പോകുന്നൂ എന്ന് അമ്മ പറഞ്ഞു. 

അമ്മ പെട്ടെന്ന് വയസ്സായതു പോലെ തോന്നി. എന്നെ കാണുബോഴൊക്കെ കെട്ടിപിടിച്ചു കരയും. മാപ്പു ചോദിക്കും. എന്തിനാണ് അമ്മ മാപ്പു ചോദിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. 

എനിക്ക് അറിയാം പാവം എൻ്റെ അമ്മയെ. ഒന്നും വേണമെന്നു വച്ചിട്ടല്ലല്ലോ അമ്മ എന്നെ പണിക്കു നിർത്തിയിരിക്കുന്നത്. വേറെ വഴിയില്ലാഞ്ഞിട്ടല്ലേ. ഞാൻ പണി എടുക്കുന്നത് കൊണ്ട് കൂടിയല്ലേ വീട്ടിലെ അടുപ്പു പുകയുന്നത്. ബാക്കി ഉള്ളവരൊക്കെ കുഞ്ഞുങ്ങൾ അല്ലെ. അച്ഛൻ പറയുന്നത് പോലെ ഞാൻ വേണ്ടേ അവരെ നോക്കുവാൻ. 

മൂന്ന് മാസം കൂടുമ്പോൾ ഞാനും വീട്ടിൽ പോയി രണ്ടീസം നിൽക്കും. ആയമ്മ അത് സമ്മതിച്ചിട്ടുള്ളതാണ്. ആ ദിവസ്സങ്ങൾക്കായി ഞാൻ അങ്ങനെ കാത്തുകാത്തിരിക്കും. വീട്ടിൽ ചെല്ലുന്നതു തന്നെ വിശേഷങ്ങൾ ഒക്കെ അറിയുവാൻ കൂടി ആണ്. 

മാതു അപ്പോൾ ഓടി വന്നു പള്ളിക്കൂടത്തിലെ വിശേഷങ്ങൾ ഒക്കെ പറയും. അതൊക്കെ കേൾക്കുമ്പോൾ അറിയാതെ അവിടെ വരെ ഒന്ന് പോകുവാൻ മനസ്സു കൊതിക്കും. പോയ കാലം മതിയായിരുന്നൂ എന്ന് തോന്നിപ്പോകും അപ്പോൾ. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് അപ്പോഴൊക്കെ അറിയാതെ ഓർത്തു പോകും. 

കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോൾ ആണ് മാതു പറഞ്ഞത് കണക്കു മാഷ് സ്ഥലം മാറി പോയെന്ന്. പുതിയ ടീച്ചർ വന്നൂ പോലും. പോകുമ്പോഴും മാഷ് എന്നെ തിരക്കിയത്രേ. അത് കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. മാഷെ ഒന്ന് കാണുവാൻ പോലും കഴിഞ്ഞില്ല. 

അങ്ങനെ ഒത്തിരി വിശേഷങ്ങൾ അവൾ പറയും..

പക്ഷേ പിന്നീടൊരിക്കലും ഞാൻ ഉത്സവത്തിനു പോയില്ല. ഉത്സവം എന്ന് ആലോചിക്കുമ്പോഴേ ഓർമ്മ വരുന്നത് വെള്ളത്തുണിയിൽ കിടത്തിയിരിക്കുന്ന അച്ഛനെ ആയിരുന്നൂ. അത് മറക്കുവാൻ ഈ ജന്മം എനിക്ക് ആവില്ല. പിന്നീടൊരിക്കലും ഞാൻ ദേവിയെ വിളിച്ചു പ്രാർത്ഥിച്ചിട്ടുമില്ല. ദേവി ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നോ. അമ്പലത്തിൽ പോകുന്നതും ദേവിയോട് പ്രാർത്ഥിക്കുന്നതും ഞാൻ എന്തുകൊണ്ടോ ഇഷ്ടപെട്ടില്ല. 

പഠിക്കേണ്ട പ്രായത്തിൽ ഭാരം ചുമക്കുവാൻ മാത്രമായി ഈ ജന്മം പടച്ചുവിട്ടത് എന്തിനാണെന്ന് എനിക്കറിയില്ല. അതിനുള്ള ഉത്തരം തേടി മാത്രം ആയിരുന്നൂ എൻ്റെ പിന്നീടുള്ള  ജീവിതം. ഒരിക്കൽ ദേവിയെ നേരിൽ കണ്ടാൽ എനിക്കു വേണ്ടിയിരുന്നത് ആ ചോദ്യത്തിനുള്ള ഉത്തരം മാത്രം ആയിരുന്നൂ. കാരണം ചോദിച്ചു വാങ്ങുവാൻ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ എനിക്ക് ഉണ്ടായിരുന്നില്ല. പിന്നെ ആ പാദങ്ങളിൽ അർപ്പിക്കുവാൻ കുറച്ചു കണ്ണീർ ഞാൻ മാറ്റി വച്ചിരുന്നൂ. എൻ്റെ കണ്ണുനീർ വീണു ആ പാദങ്ങൾ പൊള്ളും എന്ന് എനിക്ക് ഉറപ്പായിരുന്നൂ.

                                      അദ്ധ്യായം 7: കാലം കാത്തു വച്ച മാറ്റങ്ങൾ 

കാലം കടന്നു പോയികൊണ്ടിരുന്നൂ. എത്ര ഉത്സവങ്ങൾ കടന്നു പോയി എന്നെനിക്കറിയില്ല. ശരീരം മാറിയിരിക്കുന്നൂ. മനസ്സിലെ ചിന്തകൾ കൂടെ മാറി തുടങ്ങിയിരിക്കുന്നൂ. പറമ്പിലെ പണിക്കാരിയിൽ നിന്നും എനിക്ക് ഇപ്പോൾ  അടുക്കളയിലേക്കു മോചനം കിട്ടിയിരിക്കുന്നൂ. 

ഇപ്പോൾ കറിക്കു അരിഞ്ഞു കൊടുക്കുന്നതും അരപ്പു ശരിയാക്കുന്നതും എല്ലാം ഞാൻ ആണ്. ആയമ്മയ്ക്കു എന്തിനും ഏതിനും ഞാൻ തന്നെ വേണം എന്നായിരിക്കുന്നൂ. അതിൽ മറ്റുള്ള പണിക്കാരികൾക്കു ചെറിയ അസൂയ കൂടെ ഉണ്ടെന്നു എനിക്കറിയാം. അതൊന്നും ആയിരുന്നില്ല പക്ഷേ എൻ്റെ ഏറ്റവും വലിയ സന്തോഷം. എപ്പോഴും ആയമ്മ അടുക്കള പരിസരത്തു തന്നെ ഉണ്ടാകും, ഓരോ കാര്യങ്ങൾ പറഞ്ഞു ചെയ്യിക്കുവാൻ. അവരെ കണ്ടുകൊണ്ടു അങ്ങനെ പണി ചെയ്യുന്നത് ഒരു രസമാണ്. 

ആയമ്മക്ക് എന്നെ എന്തോ അങ്ങട് പിടിച്ചിരിക്കുന്നൂ. അതോണ്ട് തന്നെ മറ്റുള്ളവർ എന്നെ വഴക്കു പറയുവാൻ അവർ ഇപ്പോൾ സമ്മതിക്കില്ല. ആയമ്മ പല സ്ഥലങ്ങളിലും പോകുമ്പോൾ  എന്നെയും കൂടെ കൂട്ടുന്നൂ. എന്ത് വച്ചാലും എനിക്ക് ഒരു പങ്ക് തരുന്നൂ. 

ആയമ്മയല്ല അമ്മയാണ് എന്ന് പലപ്പോഴും തോന്നിപോകുന്നൂ. പക്ഷേ, അങ്ങനെ വിളിക്കുവാൻ വാല്യക്കാരിക്ക് അധികാരവും അവകാശവും ഉണ്ടോ എന്നറിയില്ല. എന്തൊരു സ്നേഹമാണവർക്കു. എനിക്ക് കിട്ടിയ പുണ്യം തന്നെയാണവർ എന്ന് പലപ്പോഴും മനസ്സു പറഞ്ഞു.

ആയമ്മ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നൂ, ജീവിതവും അതിലെ നല്ലതും ചീത്തയും ഒക്കെ. ഇടയ്ക്കൊക്കെ വായിക്കുവാൻ പുസ്തകം ഒക്കെ തരും. പണിക്കാരികളിൽ വായിക്കുവാൻ എനിക്ക് മാത്രമേ അറിയൂ. ഇടയ്ക്കൊക്കെ അവരുടെ മകൻ ഭാര്യയെയും കൂട്ടി വരും. അവർക്കും എന്നെ വലിയ കാര്യമാണ്.

ആയമ്മയുടെ മകൻ്റെ കല്യാണം ഞാനും കൂടിയിട്ടുണ്ട്. ചെറുപ്പത്തിൽ അച്ഛനൊപ്പം കൂടിയ കല്യാണങ്ങളിൽ ഓർത്തിരിക്കുന്നത് അത് മാത്രമാണ്. അത്രയും നല്ലൊരു സദ്യ ഞാൻ ജീവിതത്തിൽ പിന്നെ കഴിച്ചിട്ടില്ല എന്ന് തന്നെ പറയാം. നാടടച്ചു കല്യാണം വിളിച്ചിരുന്നൂ. രണ്ടു തരം പായസവും ഉണ്ടായിരുന്നൂ. വയറു നിറയെ അന്നുണ്ടു. അല്ലെങ്കിൽ തന്നെ വയറു നിറയെ വേറെ എവിടെ നിന്നും അത്രയും നല്ല ആഹാരം കിട്ടുവാനാണ് ഞങ്ങൾ പാവങ്ങൾക്ക്. 

പിച്ചക്കാർക്കു പോലും പന്തിയിലെ ഇലയിൽ ബാക്കി വന്നത് അവർ കൊടുത്തില്ല. അവർക്കും നല്ല ഭക്ഷണം വിളമ്പി കൊടുത്തൂ. സാധാരണ നമ്മുടെ നാട്ടിൽ പണക്കാരൊക്കെ കല്യാണം കഴിക്കുമ്പോൾ കഴിച്ച ഇലയിൽ ബാക്കി ഉള്ളത്, എച്ചിൽ ഇടുന്ന ഭാഗത്തു നിന്ന് വാരി വലിച്ചു തിന്നുവാൻ പിച്ചക്കാർ വരും, പിന്നെ കുറെ പാവപ്പെട്ടവരും കാണും അവിടെ. അവരെ ആരും പന്തിയിൽ ഇരുത്തില്ല. 

അങ്ങനെ പോയി എച്ചിൽ കഴിക്കുവാൻ അച്ഛൻ ഒരിക്കലും ഞങ്ങളെ അനുവദിച്ചിട്ടില്ല. ഞങ്ങളുടെ കോളനിയിലെ പല കുട്ടികളും അങ്ങനെ പോയി എച്ചിൽ കഴിക്കുന്നത് കണ്ടിട്ടുണ്ട്. പാവങ്ങൾ അവർക്കും കാണില്ലേ സദ്യ ഉണ്ണുവാൻ ആഗ്രഹം. അതൊന്നും കണ്ടാലൊന്നുo പണക്കാർക്ക് അവരോടു ദയ തോന്നില്ല. എന്തോരം ഭക്ഷണം അവർ വെറുതെ കളയും. എന്നിട്ടും ഒരിക്കലും ബാക്കി വന്നാൽ കുഴിച്ചു മൂടുകയല്ലാതെ അത് പാവങ്ങൾക്ക് കൊടുക്കില്ല. അതെല്ലാം കാണുമ്പോൾ എനിക്ക് വിഷമം തോന്നും. 

അച്ഛൻ എപ്പോഴും പറയും "പട്ടിണി കിടന്നാലും എച്ചിൽ കഴിക്കരുത്. മുണ്ടു മുറുക്കി ഉടുക്കണം മക്കളെ എന്ന്." 

ആ വാക്കുകൾ മരണം വരെ ഞാൻ പാലിക്കും. അഭിമാനം വിറ്റു മണിക്കുട്ടി ഒരിക്കലൂം ജീവിക്കില്ല. 

അച്ഛൻ അമ്മയോട് പറയുന്നത് കേട്ടൂ അന്ന് "കാര്യസ്ഥനോട് ആയമ്മ പറഞ്ഞത്രേ"

"ഉണ്ണിയുടെ മംഗലത്തിനു വന്നവർ ആരും വയറു നിറയെ കഴിക്കാതെ പോകരുത് ശങ്കുണ്ണി. അത് ബന്ധൂക്കാരൻ ആയാലും പിച്ചക്കാരൻ ആയാലും ശരി. എച്ചിൽ തിന്നുവാൻ ആരെയും അനുവദിക്കരുത്. വിശന്നു വരുന്നവനെ വെറുംകൈയ്യോടെ അയക്കരുത്. ദൈവകോപം കിട്ടും. ഒന്നിനും ഒരു കുറവും വരരുത്. ഇനി ഇതുപോലെ ഒരു മംഗലം ഈ നാട്ടിൽ വേറെ ഉണ്ടാകരുത്. ആരെങ്കിലും പാത്രം കൊണ്ടുവന്നാൽ അതിലും വിളമ്പി കൊടുത്തേക്കണം. ഇല്ലാഞ്ഞിട്ടല്ലേ അവർ ചോദിക്കുന്നത്."

ആയമ്മ പറഞ്ഞാൽ പിന്നെ അവിടെ മറുവാക്കില്ല. എല്ലാവരും അതങ്ങട് അനുസരിച്ചോണം. അന്ന് മംഗലത്തിനു വന്ന പിച്ചക്കാരുടെ പാത്രങ്ങളിൽ ഒക്കെ ഭക്ഷണം നിറച്ചു കൊടുത്തിട്ടാണ് അവർ അവിടെ നിന്നും അവരെ പറഞ്ഞയച്ചത്. കണ്ണും മനസ്സും നിറഞ്ഞു സന്തോഷത്തോടെയാണ് അന്ന് എല്ലാവരും അവിടെ നിന്നും മടങ്ങിയത്. 

അച്ഛൻ അങ്ങനെ ആരുടെയും കല്യാണങ്ങൾക്കു ഞങ്ങളെ കൊണ്ട് പോവാറുള്ളതല്ല. പക്ഷേ ആയമ്മയുടെ മകൻ്റെ കല്യാണത്തിന് നാടടച്ചു എല്ലാവരും പോയി. കാരണം പന്തിയിൽ ഇരുത്തി എല്ലാവർക്കും മാന്യമായി ഭക്ഷണം അവർ കൊടുക്കുകയായിരുന്നല്ലോ. 

..................................

ഞാൻ വയസ്സറിയിച്ചതും ആയമ്മയുടെ  അവിടെ വച്ചിട്ടായിരുന്നൂ. പണിക്കാരി പെണ്ണുങ്ങൾ പറഞ്ഞു പലതും എനിക്ക് അറിയാമായിരുന്നൂ. അതുകൊണ്ടു തന്നെ പേടിയൊന്നും തോന്നിയില്ല. എങ്കിലും അമ്മ അടുത്തില്ല എന്ന വിഷമം ഉണ്ടയിരുന്നൂ. 

പണിക്കാരി പെണ്ണുങ്ങൾ ആണ് ആയമ്മയെ വിവരം അറിയിച്ചത്. അവരാണ് അമ്മയോട് വരുവാൻ പറഞ്ഞത്, മാമനെയും കൂട്ടി..

"കണാരാ നിനക്ക് ഞാൻ പറയാതെ തന്നെ ഇവിടത്തെ കാര്യങ്ങൾ അറിയാല്ലോ. അവളെ എൻ്റെ മകളെ പോലെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇനി അവളെ അധികം ഇവിടെ നിർത്തുവാൻ വയ്യ. കറുപ്പാണെങ്കിലും എൻ്റെ മണിക്കുട്ടീ കാണുവാൻ  മിടുക്കിയാണ്."

"എന്താ ആയമ്മ ഈ പറയുന്നത്. എനിക്ക് മനസ്സിലാകുന്നില്ല. അവളെ പിന്നെ ഞാൻ എന്ത് ചെയ്യുവാൻ ആണ്. ഇവിടെ നിന്ന് കിട്ടുന്നത് കൂടെ കൊണ്ടുകൂടിയാണ് ആ വീട് കഴിഞ്ഞു പോകുന്നത്. അത് നിന്നാൽ പിന്നെ അവിടത്തെ കാര്യം കഷ്ടത്തിൽ ആകും. ചക്കിക്ക് പണ്ടത്തെ പോലെ പണി എടുക്കുവാൻ വയ്യ. പാക്കരേട്ടൻ പോയതിൽ പിന്നെ അവൾ ജീവിക്കുവാൻ തന്നെ  മറന്നിരിക്കുന്നൂ."

ആയമ്മ തുടർന്നൂ

"നിനക്ക് മുതലാളിയെ ശരിക്കും അറിയാഞ്ഞിട്ടാണ് കണാരാ. കൊച്ചുമകളുടെ പ്രായം ഉള്ളൂ എന്നൊന്നും അങ്ങോർ നോക്കില്ല. എനിക്കൊട്ടു ഒന്നും തടയുവാൻ കരുത്തില്ല. എൻ്റെ കൺമുന്നിൽ ഒന്നും നടക്കില്ല. അത് എനിക്കുറപ്പുണ്ട്. പക്ഷേ, അബദ്ധം പറ്റിയാൽ, അതെനിക്ക് താങ്ങാൻ കഴിയില്ല.  നല്ലൊരു ചെക്കനെ നോക്കണം അവൾക്കു. അവളുടെ കല്യാണം കഴിഞ്ഞാൽ ചക്കിയോ അവളുടെ അനിയത്തിയെ ഇവിടെ നിന്നോട്ടെ. മണിക്കുട്ടിയുടെ  കല്യാണച്ചെലവൊക്കെ ഞാൻ വഹിച്ചോളാo. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ."

മാമൻ മനസ്സില്ലാമനസ്സോടെ തലയാട്ടി. 

അവിടെ പണിക്കു നിന്നിട്ടുള്ള കൗമാരക്കാരികളുടെ ഒക്കെ അവസ്ഥ മാമന് നന്നായിട്ടറിയാമായിരുന്നൂ. മാമന് മാത്രമല്ല നാട്ടുകാർക്കും അറിയാം. പണിക്കാരികൾ പറഞ്ഞു ഞാനും കുറെ ഏറെ കഥകൾ കേട്ടിരിക്കുന്നൂ. മുതലാളിയുടെ വീട്ടിൽ പണിക്കു  നിന്നാൽ പിന്നെ മംഗലം നടക്കില്ല എന്നാണ് നാട്ടുകാർ പറയാറുള്ളത്. 

ആയമ്മ പറയുന്നത് കേട്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു. ആയമ്മയെ വിട്ടു പോകുവാൻ എനിക്ക് മസ്സുണ്ടായിരുന്നില്ല. അത്രയ്ക്ക് ആയമ്മയെ ഞാൻ സ്നേഹിച്ചുപോയിരുന്നൂ. ആയമ്മ എനിക്ക് അമ്മയെ പോലെ ആയിരുന്നൂ. അവരെ കാണാതെ അവരോടു മിണ്ടാതെ ഒരു ദിവസ്സം പോലും എനിക്കാകില്ല. 

എന്തിനാണ് ഞാൻ വയസ്സറിയിച്ചത് എന്നെനിക്കു തോന്നിപ്പോയി. കാലം ഒന്നിനും കാത്തിരിക്കില്ല. ഇവിടെ നിന്നും പോയാൽ പിന്നെ മുന്നോട്ടു എന്ത് എന്നത് ഒരു ചോദ്യചിഹ്നമായി മുന്നിൽ വന്നൂ. സ്വന്തം വീട് പോലെയാണ് ഞാൻ ഈ വീട് കണ്ടത്. 

............................

ആയമ്മ മാമനോട് പറഞ്ഞതിൻ്റെ അർത്ഥം പക്ഷേ വൈകാതെ തന്നെ എനിക്ക് മനസ്സിലായി തുടങ്ങി. 

കാര്യസ്ഥൻ്റെ പെരുമാറ്റത്തിൽ ആണ് ആദ്യം പന്തികേട് എനിക്ക് തോന്നിയത്. കുത്തികുത്തി എന്തൊക്കെയോ പറയുന്നൂ. വഷളായി സംസാരിക്കുന്നൂ. ആയമ്മ കൂടെ ഉള്ളതുകൊണ്ടു മാത്രം അയാൾ എന്നെ കയറി പിടിച്ചിട്ടില്ല. അയാൾ കയറി പിടിച്ചു എന്നും പറഞ്ഞു പല പണിക്കാരികളും കരയുന്നതു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. 

മനസ്സിൽ ഭയം നിറഞ്ഞു തുടങ്ങിയിരുന്നൂ. 

കൊയ്ത്തെല്ലാം കഴിഞ്ഞു. ഇത്തവണ നല്ല വിളവുണ്ടെന്നു പണിക്കാരികൾ പറയുന്നുണ്ടായിരുന്നൂ. കൊയ്ത്തു തുടങ്ങിയാൽ പിന്നെ അടുക്കളയിൽ നല്ല പണിയാണ്. ഒന്ന് ഇരിക്കുവാൻ പോലും സമയം കിട്ടില്ല. ഒഴിവില്ലാതെ എല്ലാവർക്കും തന്നെ പണി കാണും. 

ഇനി ഇപ്പോൾ ഉത്സവം ആണ്. പണിക്കാരികൾ എല്ലാവരും തന്നെ വീട്ടിലേക്കു പോയി. ചിലർ നാളെ വരും. നാട്ടിൽ ആണെങ്കിൽ ആകെ മൊത്തം  ഉത്സവമേളം ആണ്. പണിക്കാരെല്ലാവരും അവരവരുടെ കുടുംബത്തോടൊപ്പം ഉത്‌സവo കൂടുവാൻ പോയിരിക്കുന്നൂ. ആയമ്മ അമ്പലത്തിൽ പോയി. എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല. ദേവിയെ ഞാൻ വിളിച്ചിട്ടു കാലം എത്ര കഴിഞ്ഞിരിക്കുന്നൂ. അടുക്കളയിലെ എല്ലാം ഒതുക്കി കഴിഞ്ഞാൽ ഒന്ന് തല ചായ്ക്കാം എന്ന് കരുതി. ബന്ധുക്കൾ ഒക്കെ വൈകീട്ട് ആവുമ്പോഴേക്കും എത്തും. പിന്നെ രണ്ടുദിവസ്സം വീട് നിറയെ ആളുകൾ ഉണ്ടാകും.

ഇനി ഇപ്പോൾ നല്ല തിരക്കാണ്. നാളെ മുതൽ ബന്ധുക്കൾ എല്ലാവരും തന്നെ  ഉണ്ടാകും. എനിക്ക് പിടിപ്പതു പണി കാണും. ഉത്സവത്തിനു ഞാൻ വീട്ടിൽ പോകില്ല എന്ന് ആയമ്മയ്ക്കു അറിയാം. അത് അവർക്കൊരാശ്വാസമാണ്. അല്ലെങ്കിൽ തന്നെ നെല്ല് പുഴുങ്ങുവാനും ഉണക്കുവാനും, കൊപ്ര  ഉണക്കുവാനും എന്നൊക്കെ പറഞ്ഞു ദിവസ്സവും ആളുകൾ കാണും ഇവിടെ. തിരക്കൊഴിഞ്ഞ ദിവസ്സങ്ങൾ ഇവിടെ കുറവാണ്. 

അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് മുതലാളി വന്നത്. ഇന്നിപ്പോൾ പണിക്കു ആരും ഉണ്ടാകില്ല. അതാകും വേഗം വന്നത്. നേരെ അദ്ദേഹം അടുക്കളയിലേക്കു വന്നൂ, പിന്നെ പറഞ്ഞു.

"മണിക്കുട്ടീ, വെള്ളം മുറിയിലേക്ക് വേണം"

'ശരി' എന്ന് ഞാൻ തലയാട്ടി. ഈ കാലത്തിനിടയ്ക്കു ഒരിക്കൽ പോലും മുതലാളിയോട് സംസാരിച്ചിട്ടില്ല. പണിക്കാരിപെണ്ണുങ്ങൾ പറയുന്ന കഥകൾ കേട്ടാൽ പേടി തോന്നും. മുതലാളി അത്ര ക്രൂരൻ ആണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. 

പണിക്കാരി പെണ്ണുങ്ങൾ പലരും പറയാറുണ്ട്

"മണിക്കുട്ടീ, ആയമ്മ ഇല്ലാതെ നീ അയാളുടെ അടുത്ത് പോകരുത് കേട്ടോ. അയാൾ ഒരു മൃഗം ആണ്. കണ്ണിൽ ചോരയില്ലാത്ത മനുഷ്യൻ. എത്ര പെണ്ണുങ്ങളെ അയാൾ നശിപ്പിച്ചിട്ടുണ്ട് എന്ന് നിനക്കറിയില്ല. നീ ഒന്നുമറിയാത്ത ഒരു പാവമാണ്."

അതെല്ലാം കേൾക്കുമ്പോൾ ഞാൻ ചിരിക്കും.

അപ്പോൾ അവർ പറയും

"ചിരിച്ചോ ചിരിച്ചോ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും."

അതിനൊന്നും ഞാൻ മറുപടി കൊടുക്കാറില്ല. പക്ഷേ ഇന്നിപ്പോൾ എനിക്ക് പേടി തോന്നുന്നൂ. ആയമ്മയോ മറ്റു പണിക്കാരോ ഇവിടെ ഇല്ല. മുതലാളി എന്നെ ഉപദ്രവിക്കുമോ എന്തോ. 

ഞാൻ ഒരു മൊന്ത നിറയെ വെള്ളവുമായി മുതലാളിയുടെ മുറിയിലേക്ക് നടന്നൂ. മുറിയിൽ ഞാൻ കയറിയതും പിന്നിൽ വാതിൽ അടഞ്ഞു. 

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. അപ്രതീക്ഷിതമായി എൻ്റെ ശരീരത്തിൽ അയാളുടെ കൈകൾ അമർന്നതും ഞാൻ സർവ്വശക്തിയുമെടുത്തു അയാളെ കുതറി തെറിപ്പിച്ചു. ഞാൻ അറിയാതെ തന്നെ വർഷങ്ങൾക്കു ശേഷം ദേവി എന്ന് വിളിച്ചു പോയി. 

കണ്ണ് കാണുന്നുണ്ടായിരുന്നില്ല എനിക്ക്. ഭാഗ്യത്തിന് അയാൾ വാതിൽ കുറ്റി ഇട്ടിട്ടുണ്ടായിരുന്നില്ല. പിന്നെ ഒരോട്ടം ആയിരുന്നൂ. ആ ഓട്ടം അവസാനിച്ചത് എൻ്റെ വീട്ടുമുറ്റത്തു ആയിരുന്നൂ. ഞാൻ അത്രയ്ക്ക് പേടിച്ചു പോയിരുന്നൂ. വഴിയിൽ ആരെങ്കിലും എന്നെ കണ്ടോ എന്നുപോലും എനിക്കറിയില്ല. ഒന്നും എനിക്ക് കാണുവാൻ പറ്റുന്നുണ്ടായിരുന്നില്ല. 

എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. ഇനി ആ വീട്ടിലേക്കു തിരിച്ചു പോകില്ല എന്ന് മാത്രം ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നൂ. ആയമ്മ പറഞ്ഞു തന്ന അറിവ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. 

"ആരെയും ശരീരത്തിൽ തൊടുവാൻ അനുവദിക്കരുത് കുട്ടീ. അങ്ങനെ വന്നാൽ നീ ചീത്തയാകും.."

എന്താണ് ചീത്തയാകുക എന്ന് പറഞ്ഞാൽ എന്ന് എനിക്കറിയില്ല. പക്ഷേ, അരുതാത്തത് എന്തോ ആണ് മുതലാളി എന്നോട് ചെയ്യുവാൻ ശ്രമിച്ചത് എന്ന് മാത്രം  എനിക്കറിയാം. എനിക്ക് അയാളോട് അറപ്പു തോന്നി. ഇങ്ങനേയും ഈ ലോകത്തിൽ മനുഷ്യർ ഉണ്ടല്ലോ എന്ന് ഞാൻ ആലോചിച്ചു പോയി. അയാളുടെ കൊച്ചുമകൾ ആകുവാനുള്ള പ്രായം മാത്രമേ എനിക്കുള്ളൂ. എന്നിട്ടും അയാൾ...

                                              അദ്ധ്യായം 8: വിവാഹം 

ഞാൻ ചെന്ന് കയറുമ്പോൾ അമ്മ ഉത്‌സവത്തിനു പോയിരിക്കുകയായിരുന്നൂ. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഞാൻ കോലായിൽ ഒരു മൂലയ്ക്ക് ആരുടേയും കണ്ണിൽ പെടാതെ ഇരുന്നൂ. ഉമ്മറത്തിരുന്നു കരയുന്നതു കണ്ടാൽ ആളുകൾ എന്താണ് പറഞ്ഞു പരത്തുക എന്ന് എനിക്കറിയില്ല. എനിക്കിപ്പോൾ എല്ലാവരെയും ഭയമാണ്. ഇനി ചുറ്റുവട്ടത്തുള്ള ആരെങ്കിലും എന്നെ കയറി പിടിച്ചാൽ ഞാൻ എന്ത് ചെയ്യും. 

അമ്മ വരുമ്പോൾ ഞാൻ വീട്ടിൽ ഇരുന്നു കരയുകയായിരുന്നൂ. അമ്മ എന്നോട് എന്തോ ഒന്നും ചോദിച്ചില്ല. എന്തൊക്കെയോ അമ്മ ഊഹിച്ചിരിക്കുന്നൂ എന്നെനിക്കു തോന്നി. അല്ലെങ്കിലും എന്നെക്കാളും കൂടുതൽ ലോകവിവരം അവർക്കുണ്ടല്ലോ. 

ചിലതൊക്കെ പറയാതെ തന്നെ പറയുവാൻ കഴിയും. അത് നമ്മുടെ മുഖത്തു എഴുതി വച്ചിട്ടുണ്ടാകും. മകളുടെ കണ്ണുകളിൽ ഉള്ളത് വായിച്ചെടുക്കുവാൻ കഴിയാത്ത ഒരമ്മ ലോകത്തുണ്ടാകുമോ. അതാണ് ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധം. മകളുടെ ദുഖവും അവസ്ഥയും അവൾ പറയാതെ തന്നെ മനസിലാക്കുവാൻ ഈ ലോകത്തിൽ അമ്മയ്ക്കല്ലാതെ മറ്റാർക്കു കഴിയും.

അമ്മയുടെ മടിയിൽ കിടന്നു ഞാൻ ഒത്തിരി കരഞ്ഞു. അമ്മ ഒന്നും ചോദിച്ചില്ല. ഞാൻ ഒന്നും പറഞ്ഞില്ല. എല്ലാവരും നാടകത്തിനു നിന്നപ്പോൾ നാടകം പകുതിക്കിട്ടു തിരക്ക് പിടിച്ചു അമ്മ എന്തിനാണ് വീട്ടിലേക്കു ഓടിയെത്തിയത്. എൻ്റെ സാന്നിധ്യം അമ്മ എങ്ങനെ അറിഞ്ഞു. ഒരുപക്ഷേ, ദേവി പറഞ്ഞിട്ടായിരിക്കുമോ അമ്മ ഓടി വന്നത്. ഒരു ഉത്സവത്തിനു പോലും അച്ഛൻ്റെ മരണശേഷം ഞാൻ വന്നിട്ടില്ല. 

എൻ്റെ ചോദ്യം മനസ്സിലാക്കിയത് പോലെ അമ്മ പറഞ്ഞു

"എനിക്കെല്ലാം അറിയാം എൻ്റെ മണിക്കുട്ടീ, നീ എൻ്റെ മകൾ അല്ലെ. എൻ്റെ പൊന്നുമകൾ. നീ ആയമ്മയുടെ അടുത്തായിരുന്നപ്പോൾ പോലും, നിനക്ക് ഒരേനക്കേട്‌ വരുമ്പോൾ എല്ലാം ഈ അമ്മ ഓടി വന്നിട്ടില്ലേ. എൻ്റെ മനസ്സു എന്നും നിനക്കൊപ്പം ആയിരുന്നൂ മോളെ. നിനക്ക് കാവലായി നിൻ്റെ അച്ഛനുണ്ട്. പിന്നെ ദേവിയും. നിനക്ക് ഒരാപത്തും വരുവാൻ അവർ സമ്മതിക്കില്ല."

അമ്മ പറഞ്ഞത് സത്യം ആണെന്ന് എനിക്കറിയാം. കാരണം എന്നെ പോലെ ഉള്ള ഒരു കുട്ടിക്ക് ഉന്തി തള്ളി നീക്കുവാൻ പറ്റിയ ആളല്ല ആ തടിയൻ മുതലാളി. എൻ്റെ കൈകൾക്കും കരുത്തില്ല. എൻ്റെ കൈകളുടെ ആ നേരത്തെ കരുത്തു അത് തീർച്ചയായും അച്ഛൻ തന്നതാണ്.  അതെനിക്കുറപ്പുണ്ട്.

എത്ര നേരം അങ്ങനെ അമ്മയുടെ മടിയിൽ കിടന്നു കരഞ്ഞു എന്നെനിക്കറിയില്ല. കണ്ണീർ വറ്റുവോളം ഞാൻ ആ മടിയിൽ തല വച്ചു കരഞ്ഞു. 

ഒടുവിൽ അമ്മ പറഞ്ഞു. 

'നാളെ മാമനോട് വരുവാൻ പറഞ്ഞു ഞാൻ ആളെ അയച്ചിട്ടുണ്ട്. ഇനി എന്താണ് വേണ്ടതെന്നു എനിക്കറിയാം."

...........................

പിറ്റേന്ന് മാമൻ വന്നൂ. അമ്മ മാമനോട് എന്തൊക്കെയോ പറയുന്നത് കേട്ടൂ. മാമനെ കാണുവാൻ ഞാൻ പുറത്തേക്കു വന്നില്ല. എനിക്ക് എല്ലാവരെയും ഭയമായിരുന്നൂ. അത്രയ്ക്ക് ഞാൻ പേടിച്ചു പോയിരുന്നൂ. ഒരിക്കൽ ഉപേക്ഷിച്ച ദേവിയെ ഞാൻ തിരികെ വിളിച്ചു. 

കുറേ നേരം അമ്മയും മാമനും എന്തൊക്കെയോ സംസാരിച്ചു. രണ്ടു ദിവസ്സം കഴിഞ്ഞിട്ട് വരാമെന്നു പറഞ്ഞിട്ട് മാമൻ പോയി. പോകും മുൻപ് എന്നെ വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ടു പറഞ്ഞു.

"എൻ്റെ കുഞ്ഞിന് ഒരാപത്തും വരില്ല കേട്ടോ. ഈ മാമൻ എല്ലാം നോക്കിക്കൊള്ളാം. മണിക്കുട്ടീ ഇനി കരയരുത്. എൻ്റെ മോളെ ദേവി കാത്തു. മോൾക്ക് എന്നും നല്ലതേ വരൂ."

എങ്ങനെ ഞാൻ കരയാതിരിക്കും. ഒരിക്കൽ എൻ്റെ വീട്ടുകാർ ആ വീട്ടിൽ എന്നെ കൊണ്ടുപോയാക്കി. എൻ്റെ വിഷമം ആരും മനസ്സിലാക്കിയില്ല. പഠനം മുടങ്ങി, അമ്മയെ വിട്ടുപിരിയേണ്ടി വന്നൂ. എല്ലാം ഞാൻ മറന്നൂ ആയമ്മയെ കണ്ടപ്പോൾ. അതെൻ്റെ വീടാണെന്നും ആയമ്മ എൻ്റെ അമ്മയാണെന്നും കരുതി ഞാൻ ജീവിതം മുന്നോട്ടു നീക്കി. 

ആഗ്രഹിച്ചതൊന്നും എനിക്ക് കിട്ടിയിട്ടില്ല. കിട്ടിയതൊക്കെ ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു. ഇപ്പോൾ വിധി വീണ്ടും എന്നോട് ക്രൂരത കാട്ടുന്നൂ. എന്നെ സ്നേഹിക്കുന്നവരെയൊക്കെ വിധി എന്നിൽ നിന്നും അകറ്റുകയാണല്ലോ. ആദ്യം അച്ഛൻ, ഇപ്പോൾ ഇതാ ആയമ്മയും. 

എനിക്ക് തല പെരുക്കുന്നതു പോലെ തോന്നി. ഇനി എനിക്കായി എന്താണ് വിധി കരുതിയിരിക്കുന്നത് എന്നറിയില്ല. വയ്യ, ഇങ്ങനെ തോറ്റു തോറ്റു ജീവിക്കുവാൻ വയ്യ. എനിക്കും ഒരു മനസ്സില്ലേ. അതെന്തേ ദേവി കാണുന്നില്ല. ആരുടെയോ കൈയ്യിലെ കളിപ്പാട്ടം പോലെയാണ് എൻ്റെ ജീവിതം എന്ന് തോന്നിപോകുന്നൂ. മനസ്സു മടുത്തു തുടങ്ങിയിരിക്കുന്നൂ. മരിക്കുവാൻ ആഗ്രഹമുണ്ട്. പക്ഷേ അതിനുള്ള ധൈര്യം പോലും എനിക്കില്ല. 

...............................

രണ്ടുദിവസം കഴിഞ്ഞപ്പോൾ വീണ്ടും മാമൻ ഞങ്ങളെ തേടി വന്നൂ. നല്ലൊരു ആലോചനയുമായിട്ടായിരുന്നൂ ആ വരവ്. 

അമ്മയോട് മാമൻ പറയുന്നത് ഞാൻ അകത്തിരുന്നു കേട്ടു.

"രണ്ടാം കെട്ട് ആണ് ചക്കീ. സ്ത്രീധനമൊന്നും വേണ്ട അവർക്കു. ഭാര്യ മലേറിയ വന്നു മരിച്ചതാണ്. മൂത്തകുട്ടിക്കു നാല് വയസ്സ് പ്രായം. ഇളയ കുട്ടിക്ക് ഒരു വയസ്സുണ്ട്. ചെറുക്കന് ഒരു മുപ്പതു വയസ്സു പ്രായം കാണും. നേരിട്ട് കണ്ടാൽ അത്രയും തോന്നില്ല. കുഴപ്പമില്ലാതെ നമ്മുടെ കുഞ്ഞിന് ആ വീട്ടിൽ  കഴിയാം. നല്ലൊരു വീടുണ്ട്. കുടിയില്ല, വലിയില്ല. വേറൊരു പേരുദോഷവും കേൾപ്പിച്ചിട്ടില്ല ആ ചെക്കൻ ഇതുവരെ. ഞാൻ കാര്യങ്ങൾ എല്ലാം അവരോടു  പറഞ്ഞിട്ടുണ്ട്. അവർക്കു പൂർണ്ണസമ്മതമാണ്. പേരിനു ഒരു പെണ്ണുകാണൽ ചടങ്ങു അങ്ങു നടത്താം. അതുപോലും വേണ്ടെന്നാണ് അവിടത്തെ അമ്മ പറയുന്നത്. നീ എന്ത് പറയുന്നൂ."

അമ്മ സങ്കടപ്പെട്ടൂ, പിന്നെ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.  

"അതെങ്ങനെ ശരിയാകും കണാരേട്ടാ, അവൾ കുഞ്ഞല്ലേ. വയസ്സ് പതിന്നാലല്ലേ ഉള്ളൂ. രണ്ടു കുട്ടികളുടെ അമ്മയായി അവൾ എങ്ങനെ ജീവിക്കും ആ വീട്ടിൽ. അവളെ പഠിപ്പിക്കുവാനോ എനിക്ക് കഴിഞ്ഞില്ല. ഇത്രയും നാൾ കൂടപ്പിറപ്പുകൾക്കു വേണ്ടി അവൾ കഷ്ടപെട്ടില്ലേ. ഇനിയും അവളെ തീ തീറ്റിക്കുവാൻ എനിക്ക് വയ്യ. നമുക്ക് വേറെ ആലോചന നോക്കാം. എൻ്റെ പാക്കരേട്ടൻ എന്നോട് പൊറുക്കില്ല. എൻ്റെ കുഞ്ഞിനെ നല്ലൊരു നിലയിൽ എനിക്ക് കല്യാണം കഴിച്ചയപ്പിക്കണം."

"എൻ്റെ ചക്കി. നീ എന്താ ഈ പറയുന്നത്. അവൻ നല്ല ചെറുക്കൻ ആണ്. മണിക്കുട്ടി എൻ്റെ കൂടെ മകൾ അല്ലെ. അവൾക്കു ചീത്ത വരുന്ന ഒരു കാര്യം ഞാൻ ചെയ്യുമോ. പിന്നെ മുപ്പതു വയസ്സൊക്കെ ഒരു പ്രായം ആണോ മോളെ. ഞാനും എൻ്റെ ആളും തമ്മിൽ ഇല്ലേ പത്തു വയസ്സ് വ്യത്യാസം. എന്നിട്ടും അവളും ഞാനും ചേർന്ന് പോകുന്നില്ലേ. പിന്നെ എന്താ കുഴപ്പം. ഇതാകുമ്പോൾ എല്ലാം ചെറുക്കൻ കൂട്ടർ നോക്കിക്കൊള്ളും. നമ്മൾ ഒന്നും അറിയേണ്ട. അവൾക്കു താഴെ ഇനി ഒരാൾ കൂടെ ഉണ്ട് എന്ന കാര്യം നീ മറന്നോ. നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുമോ കാര്യങ്ങൾ. മുതലാളിയെ വെറുപ്പിച്ചിട്ടു എത്ര നാൾ അവളെ നമുക്ക് ഇവിടെ പിടിച്ചു വെക്കുവാൻ കഴിയും. അവരോടൊക്കെ ചോദിക്കുവാൻ നമുക്ക് കെല്പുണ്ടോ ചക്കി. നീ ഞാൻ പറയുന്നത് കേൾക്കൂ."

എന്നിട്ടും അമ്മ സമ്മതിച്ചില്ല. വീണ്ടും മാമൻ തുടർന്നൂ..

"നിനക്കറിയില്ലേ ചക്കി. അവൾ മുതലാളിയുടെ വീട്ടിൽ നിന്നും ഓടി പോരുന്നത് ഒരുപാടു പേര് കണ്ടുകാണും. ഒരു ചീത്തപ്പേര് കേട്ട് കഴിഞ്ഞാൽ പിന്നെ ഒരു കല്യാണവും ഈ വീട്ടിൽ നടക്കില്ല. ഇതാവുമ്പോൾ എനിക്ക് അറിയാവുന്ന കുടുംബം ആണ്. അവർ ഒന്നും അന്വേഷിക്കില്ല. മൂത്തത് നിന്ന് പോയാൽ പിന്നെ ഇളയത്തുങ്ങളുടെ ഭാവി എന്താകും. അവൾക്കു താഴെ മറ്റൊരു പെൺകുട്ടി കൂടെ ഉണ്ടെന്നുള്ളത് നീ മറന്നു പോയോ."

പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. 'മുതലാളി' എന്ന പേര് കേൾക്കുമ്പോഴേ അമ്മയ്ക്ക് പേടിയാണ്. അയാൾ വന്നു എന്നെ പിടിച്ചു കൊണ്ടുപോയാലോ എന്ന് മാത്രം അമ്മ ഒത്തിരി ഭയന്നിരുന്നൂ. വല്ല കള്ളക്കേസും കൊടുത്തു കഴിഞ്ഞാൽ അത് മതി ജീവിതം പോകുവാൻ. 

മാമൻ പിന്നെയും പറഞ്ഞു 

"കണ്ട മുതലാളിമാരുടെ വെപ്പാട്ടി ആയി ജീവിതം കാലം മുഴുവൻ  കഴിയുന്നതിനേക്കാൾ നല്ലതു ഈ ജീവിതം അല്ലേ, നീ ആലോചിച്ചു നോക്കൂ ചക്കീ."

ഞാൻ ഒന്നും മിണ്ടിയില്ല. വിവാഹം കഴിക്കുവാനുള്ള പ്രായം ആയിട്ടില്ല എനിക്ക്. ഒരു താലി ചരട് ഞാൻ സ്വപ്നം കണ്ടിട്ടില്ല. അങ്ങനെ ഒരു ഭാഗ്യം എനിക്ക് ഉണ്ടാകും എന്നൊന്നും ഞാൻ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. 

പക്ഷേ ആയമ്മ തന്ന കഥാപുസ്തകങ്ങളിൽ എവിടെയൊക്കെയോ  രാജകുമാരൻമ്മാർ ഉണ്ടായിരുന്നൂ. കുതിരപ്പുറത്തു കയറി വന്നു രാജകുമാരിയെ കൊണ്ടുപോകുന്നവർ. ഒരിക്കൽ കുതിരപ്പുറത്തു കയറി ഒരു രാജകുമാരൻ വരുമെന്നും അവൻ എന്നെ തൻ്റെ കുതിരപ്പുറത്തു കയറ്റി എന്നെയും കൊണ്ടുപോകുമെന്നു ഞാനും നിലാവുള്ള രാത്രികളിൽ സ്വപ്നം  കണ്ടിരുന്നൂ. ആ സ്വപ്നവും വെറുതെ ആണെന്ന് അന്നേ എനിക്ക് അറിയാമായിരുന്നൂ. 

അല്ലെങ്കിലും അങ്ങനെ ഒക്കെ സ്വപ്നം കാണുവാൻ മുതലാളിയുടെ വീട്ടിലെ അടിച്ചുതളിക്കാരിക്ക് അവകാശം ഉണ്ടോ. ഇല്ല എന്നെനിക്കറിയാം. ഈ പാവം നാലാം ക്ലാസ്സുകാരിക്ക് വിധിച്ചത് ഇതൊക്കെ തന്നെയാണ്. ഇതെങ്കിലും കിട്ടുന്നത് തന്നെ ഭാഗ്യം എന്നുവേണം കരുതുവാൻ. 

അമ്മ വന്നു തട്ടി വിളിച്ചപ്പോൾ ആണ് ചിന്തകളിൽ നിന്നും ഉണർന്നത്. മുഖവുരയൊന്നും കൂടാതെ തന്നെ അമ്മ എല്ലാം തുറന്നു പറഞ്ഞു. ഞാൻ എല്ലാം കേട്ടുകാണുമെന്നു അമ്മയ്ക്ക് അറിയാം. 

അമ്മയോട് 'വേണ്ട' എന്ന് ഞാൻ പറഞ്ഞില്ല. ഇതുവരെ അമ്മ പറഞ്ഞതൊക്കെ അനുസരിച്ചു മാത്രമേ ജീവിച്ചിട്ടുള്ളൂ. ഇനിയും അത് അങ്ങനെ മതി. 'സമ്മതം' എന്ന് പറയുമ്പോൾ മാത്രം എൻ്റെ കൺകോണിൽ നിന്നും രണ്ടുതുള്ളി അടർന്നു വീണത് ആരും കാണാതെ ഞാൻ തുടച്ചു കളഞ്ഞു. 

അപ്പോൾ ഞാൻ ഓർത്തു. 

"അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ, ഞാൻ ഇപ്പോഴും പള്ളിക്കൂടത്തിൽ പോയേനെ. അങ്ങനെ എങ്കിൽ എൻ്റെ രാജുമാരനെ എനിക്ക് കിട്ടിയേനെ. മാതുവിനെപ്പോലെ എനിക്ക് ഭാഗ്യം ഇല്ലാതെ പോയി." 

അറിയാതെ വീണ്ടും എനിക്ക് ദേവിയോട് കോപം തോന്നി. എൻ്റെ കണ്ണീരു കണ്ടു ദേവിക്ക് മതിയായി കാണില്ല. ഒരിക്കൽ ആ തിരുമുൻപിൽ വന്നു ഞാൻ എൻ്റെ ഈ തല ഉടയ്ക്കും. അപ്പോൾ എങ്കിലും ദേവി അടങ്ങുമോ.

...............................

പിറ്റേന്ന് എന്നെ കാണുവാൻ അയാൾ വന്നൂ.

അമ്മയാണ് ചായ കൊണ്ടുചെന്നു കൊടുത്തത്. അമ്മ വിളിച്ചപ്പോൾ ഞാൻ ഉമ്മറത്ത് ചെന്ന് നിന്ന് തല കാണിച്ചു. എനിക്ക് ആ മുഖത്തേക്ക് നോക്കുവാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല. അയാൾ എന്നോട് ഒന്നും ചോദിച്ചില്ല. ഞാൻ ഒന്നും പറഞ്ഞില്ല. ജനലഴികൾക്കു ഇടയിലൂടെ ഒരു മിന്നായം പോലെ അയാളെ ഞാൻ കണ്ടു, അതും അനിയത്തി നിർബന്ധിച്ചത് കൊണ്ട് മാത്രം നോക്കിയതാണ്. 

എൻ്റെ സ്വപ്നങ്ങളിൽ ഞാൻ കണ്ട രാജകുമാരൻ ആയിരുന്നില്ല അത്. എൻ്റെ രാജകുമാരൻ്റെ മുടി നരച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ആ കല്യാണം ഉറപ്പിച്ചു. അമ്മയുടെ മുഖത്തു പ്രകാശം തെളിയുന്നത് ഞാൻ കണ്ടു. പാവം ഒരു ഭാരം ഇറക്കി വച്ചു എന്ന് കരുതി സന്തോഷിക്കുകയാകും. 

കല്യാണം ഉറപ്പിച്ചതിനു ശേഷം ഞാൻ പോയി ആയമ്മയെ കണ്ടു. അവർ എനിക്ക് ആരും കാണാതെ കുറച്ചു പണം തന്നൂ. 

അവർ പറഞ്ഞു 

"എൻ്റെ  മണിക്കുട്ടിക്ക് എന്നും നല്ലതേ വരൂ. നിന്നെപ്പോലെ ഒരു മകളെ ദൈവം എനിക്ക് തന്നില്ല. എന്നിരുന്നാലും നീ എൻ്റെ മകൾ തന്നെയാണ്. എന്ത് ആവശ്യം വന്നാലും ഈ ആയമ്മ ഇവിടെ ഉണ്ടെന്നു എൻ്റെ കുട്ടി ഓർക്കണം കേട്ടോ. എന്ത് വിഷമം വന്നാലും എന്നെ അറിയിക്കണം. ഒരു തട്ടുകേട് വന്നാൽ ഓടി ഇങ്ങോട്ടു വരണം. എൻ്റെ കുട്ടിയെ ദേവി കാക്കട്ടെ."

ഞാൻ തലയാട്ടി. ആ കാലിൽ വീണു അനുഗ്രഹം വാങ്ങുമ്പോൾ എൻ്റെ മനസ്സു പറഞ്ഞു 

"എൻ്റെ പോറ്റമ്മ. ജീവിതത്തെക്കുറിച്ചു എനിക്ക് ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നവർ. ഈ ജീവിതത്തിനു എന്നും ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നൂ.."

അവിടെ നിന്നും ഇറങ്ങുമ്പോൾ മനസ്സു കലങ്ങിയിരുന്നൂ. ഒരിക്കൽ അഭയം തന്ന വീടാണ്. ഇന്ന് അതും എനിക്ക് അന്യമാവുകയാണ്. ജീവിതം അങ്ങനെയാണ്, ഒന്നും ശാശ്വതം അല്ല. ഇനി പുതിയ ജീവിതത്തിലേക്ക്. പുതിയ വീട്, പുതിയ ആളുകൾ. എനിക്ക് കരുത്തു തരുവാൻ അച്ഛൻ കൂടെ ഉണ്ടാകും എന്ന് മനസ്സ് പറഞ്ഞു.

...........................

പിന്നെ എല്ലാം പെട്ടെന്നായിരുന്നൂ. കല്യാണദിവസ്സം അങ്ങടുത്തൂ.

കുറച്ചു ആളുകൾക്ക് മാമൻ സദ്യ ഏർപ്പാടാക്കിയിരുന്നൂ. വലിയ സദ്യ ഒന്നുമില്ല. ഇതു തന്നെ ഒരുക്കുവാൻ മാമനും അമ്മയും ഒത്തിരി കഷ്ടപ്പെട്ട് കാണും എന്നെനിക്കറിയാം. 

താലി കഴുത്തിൽ വീഴുമ്പോൾ പക്ഷേ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ. അത് കണ്ടത് മാതു മാത്രം ആയിരുന്നൂ. 

എൻ്റെ സ്വപ്നങ്ങളിലെ രാജകുമാരനെ അവൾക്കു അറിയാമായിരുന്നൂ. ഒരു കൗമാരക്കാരിയെ മനസ്സിലാക്കുവാൻ അവളുടെ മനസ്സു തൊട്ടറിയുവാൻ മറ്റൊരു കൗമാരക്കാരിക്ക് അതും ഉറ്റതോഴിക്കു മാത്രമേ ആകൂ. 

കല്യാണ തലേന്ന് അവൾ വീട്ടിൽ വന്നു. അവളെ കെട്ടിപ്പിടിച്ചു ഞാൻ  ഒത്തിരി കരഞ്ഞു. 

അവൾ ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ ആയിരിക്കുന്നൂ. ഭാഗ്യവതി, അവളുടെ അച്ഛനും അമ്മയ്ക്കും അവൾ മാത്രമേ ഉള്ളൂ. അവളെ പഠിപ്പിച്ചു ഡോക്ടർ ആക്കണമെന്ന് അവളുടെ അമ്മ എപ്പോഴും പറയും. എല്ലാവർക്കും ആ ഭാഗ്യം കിട്ടില്ല. യോഗം വേണം. എന്നെ പോലെയുള്ള കാട്ടുപൂവിനു അതിനുള്ള ഭാഗ്യം ഇല്ല. 

മാതു കൈയ്യിൽ രണ്ടുപൊതി കുപ്പിവളകൾ കരുതിയിരുന്നൂ. ഒരു ഡസൻ കരിവളകളും ഒരു ഡസൻ ചുവന്ന കുപ്പിവളകളും. അത് തന്നെ വാങ്ങുവാൻ അവൾ ഒത്തിരി കഷ്ടപ്പെട്ടു കാണും എന്നെനിക്കറിയാം. ഉള്ള കുടുക്ക പൊട്ടിച്ചു വാങ്ങിയതാവും പാവം. ചെക്കൻ തന്ന ചുവന്ന കരയുള്ള മുണ്ടും നേര്യതും ആയിരുന്നൂ കല്യാണ വേഷം. ആ വളകൾ ആ നേര്യതിനു നന്നായി ചേരുമായിരുന്നൂ. പക്ഷേ, ആ വളകൾ സ്വീകരിക്കുവാൻ എൻ്റെ മനസ്സു എന്തോ അനുവദിച്ചില്ല. 

ഒരിക്കൽ മണികുട്ടിക്ക് ഇഷ്ടമായിരുന്നൂ കൈ നിറയെ കുപ്പിവളകൾ ഇടുവാനും, കുഞ്ചലം മുടിതുമ്പിൽ കെട്ടുവാനും. ആ മണിക്കുട്ടീ ഇന്നില്ലല്ലോ.  രണ്ടുകുട്ടികളുടെ അമ്മയായി പോകുന്ന എനിക്ക് എന്തിനാണ് ഇത്രയധികം കുപ്പിവളകൾ. അല്ലെങ്കിലും പണി ചെയ്തു തഴമ്പെടുത്ത എൻ്റെ കൈകളേക്കാൾ മൃദുവായ അവളുടെ കൈകൾക്കാണ്‌ ആ വളകൾ കൂടുതൽ ചേരുക എന്ന് എനിക്ക് തോന്നി.

എന്തിനെന്നറിയാതെ ഞാൻ അവളെ നോക്കി. അപ്പോൾ അവൾ ഒന്ന് മാത്രം പറഞ്ഞു.

"നിൻ്റെ ദുഃഖങ്ങൾ കണ്ടു വളർന്നത് കൊണ്ടാണ് മണിക്കുട്ടീ ഞാൻ നന്നായി പഠിക്കുന്നത്. എനിക്ക് പഠിക്കാനുള്ള ചാലക ശക്തി എന്നും നീയാണ്. അതിനു എന്നും ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നൂ. ഇന്ന് നിനക്കൊന്നും ചെയ്തു തരുവാൻ എനിക്കാവില്ല. പക്ഷേ, നാളെ ഞാൻ പഠിച്ചു വലിയൊരാൾ ആകും. അപ്പോൾ ഞാൻ ഉണ്ടാകും നിനക്ക്. നീ എവിടെ ആയിരുന്നാലും ഞാൻ വന്നു കാണും. എൻ്റെ പഠനം കൊണ്ട് നിനക്കും പ്രയോജനം ഉണ്ടാകും. ഇതെൻ്റെ വാക്കാണ്. "

ആ വാക്കുകൾ എനിക്കേകിയ ആശ്വാസം വളരെ വലുതായിരുന്നൂ. അതൊന്നും വെറും വാക്കല്ല എന്നെനിക്കറിയാമായിരുന്നൂ. അവൾ പറഞ്ഞത് ഹൃദയത്തിൽ നിന്നാണ്. കളങ്കമില്ലാത്ത മനസ്സാണ് അവളുടേത്‌. അവൾക്കെന്നും നല്ലതേ വരൂ. എൻ്റെ ദേവി എനിക്ക് നീ തരാത്ത നന്മകൾ എൻ്റെ ഈ കൂട്ടുകാരിക്ക് നൽകണേ. ഞാൻ ദേവിയോട് മനസ്സു തുറന്നു പ്രാർത്ഥിച്ചു. 

ആരുമില്ല എന്ന് തോന്നുമ്പോഴാണ് നമുക്ക് മരിക്കുവാൻ തോന്നുന്നത്. ആർക്കൊക്കെ വേണ്ടിയല്ലേ നമ്മൾ ഭൂമിയിൽ ജന്മം എടുക്കുന്നതും ജീവിക്കുന്നതും. ആരുമില്ലാത്തൊരവസ്ഥ അതനുഭവിച്ചർക്കെ അതിൻ്റെ ആഴം മനസ്സിലാകൂ. അവൾ എനിക്കുണ്ട് എന്നുള്ള ഉറപ്പു എനിക്ക് തന്ന ധൈര്യം വലുതായിരുന്നൂ. 

വിവാഹത്തിന് അദ്ദേഹത്തിൻ്റെ മക്കൾ വന്നിട്ടുണ്ടായിരുന്നില്ല. ആ കൈകൾ പിടിച്ചു അദ്ദേഹത്തിൻ്റെ ലോകത്തേയ്ക്ക് ഞാൻ പതിയേ നടന്നൂ. മാമനാണ് എൻ്റെ കൈകൾ ആ കൈകളിൽ വച്ച് നൽകിയത്. അപ്പോൾ മാമൻ കരയുന്നുണ്ടായിരുന്നൂ. അദ്ദേഹത്തിൻ്റെ ലോകത്തിൽ ഞാൻ ഭാര്യയാണ്, അമ്മയാണ്, മരുമകൾ ആണ് പിന്നെ ആരൊക്കെയോ ആണ്. അവിടെ പക്ഷേ പാവം മണിക്കുട്ടിക്ക് ഒരു സ്ഥാനവും ഇല്ല. എനിക്കതറിയാം. 

വിവാഹം കഴിഞ്ഞു ഞാൻ അദ്ദേഹത്തോടൊപ്പം കാറിൽ പോയത്  അമ്പലത്തിനു മുന്നിലൂടെ ആയിരുന്നൂ. ആ നിമിഷം മനസ്സിൽ ദേവിയെ വിളിച്ചു. ഇനിയുള്ള ഈ യാത്ര എവിടെ അവസാനിക്കും എന്നുള്ളത് എനിക്ക് അജ്ഞാതമായിരുന്നൂ. ആ കൈകളിൽ ഞാൻ സുരക്ഷിത ആയിരിക്കുമോ. എനിക്കറിയില്ല ഒന്നും. ദേവി കൂടെ ഉണ്ടെങ്കിൽ ആപത്തൊന്നും വരില്ല എന്ന് മനസ്സു പറഞ്ഞു. 

                                   അദ്ധ്യായം 9: പുതിയ ചുവടുവയ്പ്പുകൾ 

കാറിൽ അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ മനസ്സു നിറയെ ഭയം നിറഞ്ഞിരുന്നൂ. ക്രൂരൻമ്മാരായ ആണുങ്ങളെ മാത്രമേ ഞാൻ ഇതുവരെ കണ്ടിട്ടുള്ളൂ. അദ്ദേഹത്തെ ഒന്ന് നോക്കുവാൻ പോലും ഞാൻ ഭയപ്പെട്ടു.. കള്ളനോട്ടത്തോടെ എന്നെ നോക്കുന്ന മുതലാളിയേയും കാര്യസ്ഥനേയും പണിക്കാരെയും മാത്രമേ ഞാൻ കണ്ടിട്ടുളളൂ. അതുകൊണ്ടു തന്നെ എനിക്ക് ആണുങ്ങളെ എല്ലാവരേയും ഭയമാണ്. 

ഇന്നിപ്പോൾ ഒട്ടും പരിചയമില്ലാത്ത ഒരാണിൻ്റെ  കൂടെ ഞാൻ  ഇറങ്ങി വന്നിരിക്കുന്നൂ. 'താലി' എന്ന ഒരു ചരടിൻ്റെ മാത്രം ബലത്തിൽ. അയാളുടെ മനസ്സു എനിക്കറിയില്ല. സ്വഭാവങ്ങൾ ഒന്നും അറിയില്ല. ഒന്ന് മാത്രം എനിക്ക് അറിയാം. എൻ്റെ ജീവിതത്തിലെ പുതിയ  അദ്ധ്യായം ഇവിടെ തുടങ്ങുകയാണ്. ഇനി അയാളുടെ എല്ലാ നന്മകളും എൻ്റെ കൂടെയാണ്. അയാളിൽ നന്മ മാത്രം നിറഞ്ഞു നിൽക്കണെ എന്ന് ഞാൻ മനം നൊന്തു പ്രാർത്ഥിച്ചു. വലതുകാൽ വച്ച് കയറുമ്പോൾ മനസ്സിലെ 'കുട്ടിയെ' ഞാൻ ആ പടിക്കൽ ഉപേക്ഷിച്ചു. ഇനി ഞാൻ ഇല്ല. 

"മണിയമ്മ, എന്താ ആലോചിച്ചു നിൽക്കുന്നത്."

'മണിയമ്മേ' എന്ന ആ വിളി എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. അദ്ദേഹത്തിൻ്റെ അമ്മയാണ്. 

കൈയ്യിൽ നിലവിളക്കു തന്നിട്ട് ആ അമ്മ പറഞ്ഞു 

"മണിയമ്മ വലതു കാൽ വച്ച് അകത്തേക്ക് കയറി വരൂ."

'മണിയമ്മ' ശരിയായ പേര്. രണ്ടു കുട്ടികളുടെ അമ്മയ്ക്ക് ഇതിലും നല്ല മറ്റൊരു പേര് വേറെയില്ല. മണിക്കുട്ടീ ഇനിയില്ല. ഈ വീട്ടിൽ ഞാൻ മണിയമ്മയാണ്.

മനസ്സിൽ ദേവിയെ വിളിച്ചു ഞാൻ അകത്തേക്ക് കയറി. പരിചയമില്ലാത്ത ലോകത്തിൽ പരിചയമുള്ള ഒരാൾ കൂടെ വേണമെന്ന് മനസ്സു വിചാരിച്ചു. അതുകൊണ്ടു തന്നെ ഞാൻ മനസ്സു നൊന്തു പ്രാർത്ഥിച്ചിരുന്നൂ, എൻ്റെ കൂടെ പോന്നേക്കണം ദേവി എന്ന്. ദേവിക്ക് എവിടെയും കൂടെ വരാമല്ലോ. നാട്ടിലെ ദേവിയെ എൻ്റെ ഈ പുതിയ നാട്ടിലേക്കു ഞാൻ കൂട്ട് വിളിച്ചു. 

എനിക്ക് കൂട്ടമ്മയായി വരുവാൻ ദേവി മാത്രമല്ലേ ഉള്ളൂ. ഈ പാവത്തിനെ അവൾ കൈ വെടിയില്ല എന്നെനിക്കറിയാം. അകത്തേക്ക് ചെന്നതും അമ്മ നിലവിളക്കു വാങ്ങി വച്ചു. പകരം ഇളയ കുട്ടിയെ കൈയ്യിലേക്ക് തന്നൂ, എന്നിട്ടു പറഞ്ഞു 

"രാത്രി ഒരു പോള കണ്ണടക്കുവാൻ ഈ ചെറുക്കൻ സമ്മതിക്കില്ല. അശ്രീകരം, ഇതിൻ്റെ  തല കണ്ടപ്പോഴേ അവൾ പോയി. ഇനി ഇപ്പോൾ ആരുടെ ഒക്കെ തല കൊയ്യുമോ എന്തോ. എനിക്ക് നന്നായി ഒന്ന് ഉറങ്ങണം. ഇനി രണ്ടെണ്ണത്തിനെയും നീ നോക്കിക്കൊള്ളണം."

ഞാൻ തലയാട്ടി. അമ്മയുടെ പറച്ചിൽ കേട്ടപ്പോൾ സത്യത്തിൽ പേടി തോന്നി. 

വായിച്ച കഥകളിൽ ഒക്കെ അമ്മായിഅമ്മ പാൽ നിറച്ച ഗ്ലാസ്സാണ് കൈയ്യിൽ  കൊടുക്കുന്നത്. അങ്ങനെയാണ് സരള ചേച്ചി പറഞ്ഞു തന്നതും. മുതലാളിയുടെ വീട്ടിലെ ടെലിവിഷനിൽ കണ്ടിട്ടുള്ളതും അങ്ങനെയാണ്. എനിക്ക് മാത്രം ആദ്യരാത്രിയിൽ കൈയ്യിൽ കിട്ടിയതു ഒരു കുഞ്ഞിനെയാണ്. ഞാൻ ആ കുഞ്ഞുമുഖത്തേക്കു നോക്കി. എന്തോ പരിചയം ഇല്ലാതിരുന്നിട്ടു കൂടി ഞാൻ നീട്ടിയ കൈയ്യിലേക്കു അവൻ വന്നൂ. എൻ്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. അവിടെ ആ നിമിഷം ഞാൻ അമ്മയായി മാറുകയായിരുന്നൂ. 

എൻ്റെ പൊന്നു മക്കളുടെ മണിയമ്മ. 

ആദ്യരാത്രി എന്നത് എല്ലാവരുടെയും മനസ്സിലെ സ്വപ്നം ആണ്. സങ്കല്പിക്കുവാൻ ഒന്നും ഉണ്ടായിരുന്നെങ്കിലും അങ്ങനെ ഒന്ന് ഞാനും സ്വപ്നം കണ്ടു തുടങ്ങിയിരുന്നൂ. സരള ചേച്ചിയാണ് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നത്. അമ്മ ഒന്നും പറഞ്ഞു തന്നില്ല. അതൊക്കെ അമ്മ ചേച്ചിയെ ഏല്പിച്ചിരുന്നൂ. അമ്മയ്ക്ക് മകൾക്കു പറഞ്ഞു കൊടുക്കുവാൻ പറ്റാത്ത കാര്യങ്ങൾ ആയതുകൊണ്ടാണോ എന്നറിയില്ല. ചേച്ചി പറഞ്ഞതൊന്നും മുഴുവനായും ഉൾക്കൊള്ളുവാൻ എനിക്കും ആയില്ല. 

പക്ഷേ, എൻ്റെ ആദ്യരാത്രിയിൽ എൻ്റെ  ഇടത്തും വലത്തും രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നൂ. അവരെ പക്ഷേ, അകത്തി കിടത്തുവാൻ എനിക്ക് തോന്നിയില്ല. 

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എനിക്ക് മുതലാളിയുടെ വീട്ടിലേക്ക് പോകേണ്ടി വന്നത്. എന്നിട്ടും അമ്മയെ ഓർത്തു ഞാൻ രാത്രികളിൽ ഒത്തിരി കരഞ്ഞിട്ടുണ്ട്. പിന്നീടുള്ള എല്ലാ രാത്രികളിലും പ്രത്യേകിച്ച് ഇടിയും മഴയും ഉള്ള രാത്രികളിൽ അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നൂ. പേടിച്ചു പുതപ്പിനടിയിൽ തല മൂടികിടക്കുമ്പോൾ അച്ഛൻ്റെ സാന്നിധ്യം ഞാൻ അനുഭവിച്ചിരുന്നൂ. 

എൻ്റെ വിധി ഈ ലോകത്തിൽ ആർക്കും ഉണ്ടാകരുത്. നിർഭാഗ്യവതിയാണ് ഞാൻ. ഒരിക്കൽപോലും ആഗ്രഹിച്ചപ്പോഴൊന്നും അമ്മയോടൊപ്പം നിൽക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. ഈ പാവങ്ങൾക്ക് അവരുടെ അമ്മയെ നഷ്ടമായത് നന്നേ ചെറുപ്പത്തിലേ അല്ലെ. അപ്പോൾ ആ കുഞ്ഞു മനസ്സു എത്ര നീറുന്നുണ്ടാകും എന്ന് എനിക്ക് ഊഹിക്കാം. അവർക്കു പക്ഷേ ഇനി ഞാൻ ഉണ്ടാകും, അവരുടെ മണിയമ്മയായിട്ടു. 

എനിക്ക് ആരുമില്ല. സാരമില്ല. ഇതെൻ്റെ വിധിയാണ്. ഈ വിധിയെ പക്ഷെ ഞാൻ സസന്തോഷം സ്വീകരിക്കുന്നൂ. ഇനിയുള്ള ലോകം 'മണിയമ്മയുടെ ലോകമാണ്'.

............................

പിറ്റേന്ന് രാവിലെ തന്നെ ഞാൻ എഴുന്നേറ്റു, മുറ്റമെല്ലാം അടിച്ചു വൃത്തിയാക്കി. ഭക്ഷണമെല്ലാം ഉണ്ടാക്കി വച്ചു. കുഞ്ഞുങ്ങൾ എഴുന്നേറ്റു വരുന്നതിനു മുൻപേ പണികളെല്ലാം തീർക്കണം എന്നെനിക്കറിയാം. അമ്മ ചെയ്യുന്നത് കണ്ടാണല്ലോ ഞാൻ വളർന്നത്. പിന്നെ കുഞ്ഞുങ്ങൾക്ക് വേണ്ടതൊക്കെ അദ്ദേഹത്തിൻ്റെ അമ്മയോട് ചോദിച്ചു മനസ്സിലാക്കി. 

മൂത്തവൻ ശിവൻ, ഇളയവൻ കണ്ണൻ. പേരെല്ലാം അമ്മ പറഞ്ഞു തന്നൂ. അദ്ദേഹം രാവിലെ തന്നെ ഭക്ഷണം കഴിച്ചു പുറത്തേക്കു പോയി. രാത്രി അദ്ദേഹം എവിടെയാണ് കിടന്നതെന്നു പോലും എനിക്കറിയില്ല. അദ്ധേഹത്തിൻ്റെ ലോകത്തിൽ എനിക്ക് പ്രവേശനം ഇല്ല എന്ന് തോന്നി തുടങ്ങിയിരുന്നൂ. അങ്ങനെ തോന്നാൻ കാരണം അമ്മയായിരുന്നൂ. 

ഉച്ചയ്ക്ക് ഉണ്ണുവാൻ ഇരിക്കുമ്പോൾ ആണ് അമ്മ അത് പറഞ്ഞത്. 

"മണിയമ്മേ, അവനെ നിർബന്ധിച്ചാണ് ഞാൻ വിവാഹം കഴിപ്പിച്ചത്. ലീല മാത്രമേ അവൻ്റെ ലോകത്തുള്ളൂ. അത് നീ മനസ്സിലാക്കണം. നിന്നെക്കുറിച്ചു എനിക്കറിയാം. കണാരൻ എല്ലാം പറഞ്ഞു. പറഞ്ഞു കേട്ടപ്പോഴേ എനിക്ക് മനസ്സിലായി എൻ്റെ മകനെ മനസ്സിലാക്കി സ്നേഹിക്കുവാൻ നിനക്ക് മാത്രമേ കഴിയൂ എന്ന്."

"ലീല.."

എൻ്റെ ചോദ്യം കേട്ടതും അമ്മ പറഞ്ഞു 

"അവൻ്റെ കുട്ടികളുടെ അമ്മയാണ് ലീല. ആർക്കും അസൂയ തോന്നുന്ന പ്രണയം ആയിരുന്നൂ അവരുടേത്. അഞ്ചു വർഷം പ്രണയിച്ചിട്ടാണ് അവൻ അവളെ കെട്ടിയത്. എനിക്ക് ആദ്യം ആ വിവാഹത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല. അവൾ പക്ഷെ നല്ലവൾ ആയിരുന്നൂ. സ്നേഹിക്കുവാൻ മാത്രമേ എൻ്റെ ലീലയ്ക്കു അറിയൂ. എന്ത് ചെയ്യാം അവൾക്കു വിധിയില്ലാതെ പോയി."

അമ്മ ഒന്ന് നെടുവീർപ്പിട്ടൂ.

"ഇത്ര വേഗം അവൾ പോകുമെന്ന് ഞാൻ കരുതിയില്ല. അവനും. ആ വേർപാട് അവനു താങ്ങുവാൻ ആകില്ല. ഈ വയസ്സാം കാലത്തു ഞാൻ എങ്ങനെയാ ഈ കുട്ടികളെ നോക്കി വളർത്തുന്നത്. എൻ്റെ കാലം കഴിഞ്ഞാൽ അവനു ഒരു കൂട്ടു വേണ്ടേ. നീ വേണം അവനും മക്കൾക്കും. കുറേ കഴിയുമ്പോൾ അവൻ നിന്നെ മനസ്സിലാക്കും. കേട്ടോ. മോൾ വിഷമിക്കരുത്."

ഞാൻ ഒന്നും മിണ്ടിയില്ല 

'രാജകുമാരി നഷ്ടപ്പെട്ടു പോയ രാജകുമാരൻമ്മാരെ പറ്റി ഞാൻ എത്ര വായിച്ചിരിക്കുന്നൂ കഥകളിൽ. ആ അവസ്ഥ എനിക്ക് മനസ്സിലാകും. അല്ലെങ്കിൽ എനിക്ക് മാത്രമേ മനസ്സിലാകൂ. രാജകുമാരൻ നഷ്ടപ്പെട്ട രാജകുമാരിക്ക് രാജകുമാരി നഷ്ടപ്പെട്ട രാജകുമാരൻ തുണ. എന്തായാലും രണ്ടുപേരും ചേർന്നു പോകും.

അമ്മ പിന്നെയും തുടർന്നൂ 

"അവനെ നീ സ്നേഹിക്കണം. ആദ്യമുള്ള ഈ അകൽച്ചയൊക്കെ താനേ മാറും. ലീലയുടെയും അവൻ്റെയും സ്നേഹം കണ്ടു അസൂയപ്പെടാത്തവർ ആരും ഉണ്ടാകില്ല ഈ നാട്ടിൽ."

അവർ വീണ്ടും  നെടുവീർപ്പിട്ടു. കഥ പറയുമ്പോൾ അവർ ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നൂ.

"ലീലയ്ക്കു അച്ഛനും  അമ്മയും ഉണ്ടായിരുന്നില്ല മോളെ. അവൾ അമ്മാവൻ്റെ  വീട്ടിലാണ് വളർന്നത്. അവൻ്റെ കളിക്കൂട്ടുകാരി ആയിരുന്നൂ. പള്ളിക്കൂടത്തിൽ അവർ ഒരുമിച്ചാണ് പഠിച്ചത്. പത്തുവരെ അവർ ഒരുമിച്ചു പഠിച്ചു. ഇടയ്ക്കെപ്പോഴോ സൗഹൃദം പ്രണയമായി. അവൻ എന്നോട് ഒന്നും മറയ്ക്കാറുണ്ടായിരുന്നില്ല. അവനു എന്തിനും ലീല വേണമായിരുന്നൂ. അവളെ മറക്കുവാൻ ഈ ജന്മം അവനാകുമെന്നു തോന്നുന്നില്ല."

പിന്നെയും അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നൂ. ഞാൻ എല്ലാം കേട്ടിരുന്നൂ. 

......................................... 

പതിയെ പതിയെ ഞാൻ ആ വീടിൻ്റെ ഭാഗമായി. ശിവനും കണ്ണനും എൻ്റെ മക്കൾ അല്ലെന്നു എനിക്ക് ഒരിക്കലും തോന്നിയില്ല. അവരെ നോക്കുന്നതോ വീട്ടിലെ പണികൾ ചെയ്യുന്നതോ എനിക്ക് ഒരു ഭാരമായി തോന്നിയില്ല. അവർക്കിപ്പോൾ അമ്മമ്മ വേണ്ടെന്നു ആയിരിക്കുന്നൂ. 

മൂത്തവനേ അമ്മ നോക്കും. അവൻ്റെ പുറകേ എപ്പോഴും ഒരാൾ വേണം. ഇളയവൻ കൂടുതൽ നേരവും പായയിൽ കിടന്നുകൊള്ളും. അമ്മ അവനെ അങ്ങനെ ശീലിപ്പിച്ചിരിക്കുന്നൂ. അതെന്തായാലും നന്നായി. അവനെയും ഒക്കത്തു വച്ച് പണി ചെയ്യുവാൻ എളുപ്പമല്ല. പണികൾ ഒതുക്കി കഴിഞ്ഞാൽ ഞാൻ കണ്ണനെ നിലത്തു വയ്ക്കാറില്ല. 

ഇനിയും രണ്ടു വർഷം കഴിഞ്ഞാൽ മൂത്തവനെ പള്ളിക്കൂടത്തിൽ വിടാം. എൻ്റെ ഗതി ആ മക്കൾക്ക് വരരുത് എന്ന് ഞാൻ തീരുമാനിച്ചു. രണ്ടുപേരെയും പഠിപ്പിക്കണം. എത്ര കഷ്ടപെട്ടിട്ടായാലും അത് ഞാൻ നേടിയിരിക്കും.

അദ്ദേഹം എന്നോട് അധികമൊന്നും സംസാരിക്കാറില്ല. മറ്റേതോ ലോകത്തു ആണ് അദ്ദേഹം ജീവിക്കുന്നത് എന്ന് തന്നെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാര്യ മരിച്ച ആഘാതത്തിൽ നിന്നും അദ്ദേഹം മോചിതൻ ആയിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ ആ സ്വപ്നലോകത്തിലെ കവാടങ്ങൾ എനിക്കായി എന്ന് തുറന്നു കിട്ടും എന്ന് എനിക്ക് അറിയാമായിരുന്നില്ല. 

എൻ്റെ രാത്രികൾ എല്ലാം എൻ്റെ മക്കൾക്ക് ഉള്ളത് ആയിരുന്നൂ. അവർ രണ്ടുപേരും എന്നെ അമ്മയായി കണ്ടു തുടങ്ങിയിരുന്നൂ. അങ്ങനെ അല്ല എന്ന് ഞാനും വിശ്വസിച്ചിരുന്നില്ല. അവരുടെ കൊഞ്ചലും കളികളും എനിക്ക് ചുറ്റും പുതിയ ലോകം സൃഷ്ടിച്ചു. ആ ലോകത്തിൽ അവരുടെ മണിയമ്മയായി ഞാൻ ജീവിച്ചു. 

...........................

അന്ന് കണ്ണന് തീരെ വയ്യായിരുന്നൂ. ഞാനും അദ്ദേഹവും കൂടെ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവനെ ആ രാത്രിയിൽ തിരിച്ചു കൊണ്ടുപോരുവാൻ അനുവദിച്ചില്ല. രാത്രിയിൽ അവൻ ഒരുപോള കണ്ണടച്ചില്ല. അവൻ കരഞ്ഞുകൊണ്ടേയിരുന്നൂ. 

അവനു മൂന്നുമാസം പ്രായം ഉള്ളപ്പോൾ ആണത്രേ അവൻ്റെ അമ്മ മരിച്ചു പോയത്. അതുകൊണ്ടു തന്നെ അവനു പനി വരുമ്പോഴൊക്കെ അമ്മിഞ്ഞക്കായി കരയുമത്രെ. അപ്പോഴൊക്കെ അമ്മ ഉറവ വറ്റിയ തൻ്റെ മുലഞെട്ടുകൾ കൊടുത്തു അവനെ പറ്റിക്കുമായിരുന്നത്രെ. അവൻ്റെ നിർത്താതെയുള്ള കരച്ചിലിൻ്റെ കാരണം എനിക്ക് മനസ്സിലായി. ആ നിമിഷം ഞാൻ എല്ലാം മറന്നു. 

അദ്ദേഹത്തിൻ്റെ അമ്മ അടുത്തില്ല. ഇനി ഇപ്പോൾ എനിക്ക് മാത്രമേ എന്തെങ്കിലും ചെയ്യുവാൻ കഴിയൂ. ഞാൻ അവനു മുല കൊടുത്തു. ആ നിമിഷം ഞാൻ മണിക്കുട്ടി ആയിരുന്നില്ല. പൂർണ്ണമായി അവൻ്റെ മണിയമ്മയായി മാറുകയായിരുന്നൂ. അദ്ദേഹം വേഗം പുറത്തേക്കു പോയത് എനിക്ക് ആശ്വാസമായി. ആദ്യമായാണ് ഞങ്ങൾ ഒരു മുറിയിൽ താമസിക്കുന്നത്. 

എൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയിട്ടാണ് അദ്ദേഹം പുറത്തേക്കു പോയത് എന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം തിരിച്ചു വരുമ്പോഴേക്കും കണ്ണൻ ഉറങ്ങിയിരുന്നൂ. അദ്ദേഹത്തിൻ്റെ കൈയ്യിൽ ഒരു പൊതിച്ചോറ് ഉണ്ടായിരുന്നൂ. ആ പൊതി അദ്ദേഹം എന്നെ ഏല്പിച്ചു. അദ്ദേഹം കഴിച്ചു കാണില്ല എന്ന് എനിക്ക് അറിയാമായിരുന്നൂ. മക്കളെ അത്രയ്ക്ക് ജീവനാണ് അദ്ദേഹത്തിന്. അന്ന് ഞങ്ങൾ ആദ്യമായി ഒന്നിച്ചിരുന്നൂ ആഹാരം കഴിച്ചു. പിറ്റേന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ അദ്ദേഹവുമായി ഒരടുപ്പം എനിക്ക് തോന്നി തുടങ്ങിയിരുന്നൂ. കാലം പോയതേ അറിഞ്ഞില്ല, വിവാഹം കഴിഞ്ഞു ഇപ്പോൾ ആറുമാസങ്ങൾ കഴിഞ്ഞിരിക്കുന്നൂ. 

.......................

എപ്പോഴോ അദ്ദേഹം എന്നോടടുത്തു. ഞങ്ങൾക്കിടയിലെ അതിർവരമ്പുകൾ പതിയെ പതിയെ ഇല്ലാതെ ആയി. അദ്ദേഹം ലീല ചേച്ചിയെ മറന്നു തുടങ്ങിയിരിക്കുന്നൂ എന്ന് എനിക്ക് മനസ്സിലായി. ഞാനും മണിയമ്മ എന്ന അസ്തിത്വത്തിലേക്ക് പൂർണ്ണമായി മാറിയിരുന്നൂ. 

പക്ഷേ അദ്ദേഹം മാത്രം എന്നെ മണിയമ്മ എന്ന് വിളിച്ചില്ല. അദ്ദേഹത്തിന് മാത്രം ഞാൻ 'മണിക്കുട്ടി' ആയിരുന്നൂ. എന്നെ അദ്ദേഹം പലപ്പോഴും ഭാര്യ എന്നതിലുപരി മകളായാണോ കാണുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 

കണാരൻ മാമനും അമ്മയും ഇടയ്ക്കൊക്കെ എന്നെ കാണുവാൻ വരും. എൻ്റെ സന്തോഷം കാണുമ്പോൾ അവരുടെ മനസ്സു നിറയും. അദ്ദേഹത്തിൻ്റെ അമ്മയ്ക്ക് ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നൂ. ഇടയ്ക്കൊക്കെ അയല്പക്കത്തെ പെണ്ണുങ്ങൾ കുശുമ്പ് കുത്താൻ അമ്മയുടെ അടുത്ത് വരും. 

ഒരിക്കൽ അപ്പുറത്തെ സതി ചേച്ചി അമ്മയോട് പറഞ്ഞു.

"ഉപ്പോളം വരുമോ ഉപ്പിലിട്ടത്. മക്കളെ ചേച്ചി തന്നെ നോക്കണം കേട്ടോ. രണ്ടാനമ്മയാണ്. എന്തായാലും ഉള്ളിൽ വിഷം കാണും. എപ്പോഴാണ് കുഞ്ഞുങ്ങളെ തിരിഞ്ഞു കൊത്തുന്നത് എന്ന് പറയുവാൻ ആകില്ല. ചേച്ചി ഒന്ന് കരുതിയിരുന്നോ."

അടുക്കളയിൽ ആയിരുന്നെങ്കിലും ഞാൻ അത് കേട്ടു. എൻ്റെ മനസ്സു അന്ന് ഒത്തിരി നീറി. പക്ഷേ അപ്പോഴാണ് അമ്മയുടെ കരുതൽ എനിക്ക് മനസ്സിലായത്. 

"ദേ, സതി നിനക്ക് എപ്പോൾ വേണമെങ്കിലും ഈ വീട്ടിൽ വരുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു നീ കരുതേണ്ട. അവൾ എൻ്റെ മകൾ ആണ്. മരുമകൾ അല്ല. നിൻ്റെ മകളെ പറ്റി ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ നീ സഹിക്കുമോ. പിന്നെ നാളെ ഒരിക്കൽ നിനക്ക് ഒരാവശ്യം വന്നാൽ ഞാൻ ഇല്ലെങ്കിലും അവൾ ഉണ്ടാകും ഇവിടെ എന്ന് നീ ഓർത്തോ. എൻ്റെ ലീല കൂടെ ഈ കുഞ്ഞുങ്ങളെ ഇത്ര നന്നായി നോക്കി എന്ന് വരില്ല. അവളുടെ മനസ്സു അത് ഞാൻ കണ്ടിട്ടുണ്ട്. എൻ്റെ മകൻ എനിക്ക് തന്ന പുണ്യം ആണ് എൻ്റെ മണിയമ്മ."

അന്നാണ് എനിക്ക് മനസ്സിലായത് അമ്മ എന്നെ എത്രമാത്രം മനസ്സിലാക്കിയിരിക്കുന്നൂ എന്ന്. അതൊന്നു മതിയായിരുന്നൂ എനിക്ക് ആ വീട്ടിൽ ജീവിക്കുവാൻ. നമ്മളെ മനസ്സിലാക്കുന്ന ഒരമ്മായിയമ്മയെ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യം ആണ്. ദേവിയുടെ അനുഗ്രഹം തന്നെയല്ലേ അത്. 

..............................

                                   അദ്ധ്യായം 10: അനിവാര്യമായ മാറ്റങ്ങൾ   

കാലം കടന്നു പോയിക്കൊണ്ടിരുന്നൂ. ഇടയ്ക്കൊക്കെ ഞാൻ മക്കൾ ഒന്നിച്ചു എൻ്റെ വീട്ടിൽ ചെന്നു നിന്നു. എൻ്റെ മക്കളെ സ്വന്തം കൊച്ചുമക്കൾ ആയിട്ടു മാത്രമേ എൻ്റെ അമ്മയും കണാരൻ മാമനും കണ്ടുള്ളൂ. എൻ്റെ വിവാഹത്തിന് ശേഷം അനിയത്തിക്കുട്ടി മുതലാളിയുടെ വീട്ടിൽ പണിക്കു പോകുന്നതിനു വേണ്ടി പഠനം നിർത്തിയിരുന്നൂ. അവളെ മുതലാളിയുടെ വീട്ടിൽ പണിക്കു അയക്കുന്നത് എനിക്ക് ഇഷ്ടം അല്ലായിരുന്നൂ. പക്ഷേ, വേറെ വഴിയൊന്നും അമ്മ കണ്ടില്ല.

അദ്ദേഹം പതിയെ പതിയെ എൻ്റെ വീട്ടിലെ കാര്യങ്ങൾ അറിഞ്ഞു ചെയ്തു തുടങ്ങി. അനിയത്തി പണിക്കു പോകുന്നത് അപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. അപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു. 

"അവൾ എങ്കിലും പഠിക്കട്ടെ. ഉള്ളത് പോലെ ഞാൻ സഹായിക്കാം.."

ആ വാക്കുകൾ അമ്മയ്ക്ക് ആശ്വാസം ആയിരുന്നൂ. ചെറുതാണെങ്കിലും ഒരു തുക അമ്മയ്ക്ക് അദ്ദേഹം നൽകി പോന്നു. അതിനു അദ്ദേഹത്തിൻ്റെ അമ്മയും തടസ്സം പറഞ്ഞില്ല. പ്രീ ഡിഗ്രി കഴിഞ്ഞതും അനിയത്തിക്ക് നല്ലൊരു ആലോചന അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹത്തിൻ്റെ കൂടെ കമ്പനിയിൽ ജോലി ചെയ്യുന്ന ആൾ ആയിരുന്നൂ വരൻ. 

അനിയത്തിയെ കണ്ടതും അയാൾക്ക്‌ ഇഷ്ടമായി. സ്ത്രീധനമൊന്നും വാങ്ങാതെ അയാളെ അവളെ വിവാഹം കഴിച്ചു. അനിയൻമ്മാർ രണ്ടുപേരും ബിരുദം വരെ പഠിച്ചു. രണ്ടാൾക്കും ചെറിയ ജോലിയായി. 

അമ്മ എപ്പോഴും ഇളയത്തുങ്ങളോട് പറയുo 

"എൻ്റെ മണിക്കുട്ടിയും മരുമകനും ആണ് ഈ കുടുംബം കരകയറ്ററിയത്. അത് ജീവിച്ചിരിക്കും കാലം നിങ്ങൾ ആരും മറക്കരുത്."

അമ്മയുടെ മുഖത്തെ പഴയ ദുഃഖച്ഛായ ഒക്കെ മാറി. എൻ്റെ മക്കളും വളർന്നു തുടങ്ങിയിരുന്നൂ. മൂത്തവൻ പത്താം തരത്തിൽ ആയി. ഇളയവൻ ഏഴാം ക്ലാസ്സിൽ ആയിരിക്കുന്നൂ. 

....................

അന്ന് വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു 

'മണിക്കുട്ടീ, കുഞ്ഞോൾക്കു വിശേഷം ഉണ്ട്..'

അത് കേട്ടതും എൻ്റെ കണ്ണ് നിറഞ്ഞു. പെട്ടെന്നാണ് അമ്മ എന്നോട് ചോദിച്ചത് 

'നിനക്കും വിശേഷം വേണ്ടേ മോളെ..'

എൻ്റെ കണ്ണുകൾ നിറഞ്ഞതു ഞാൻ അമ്മയെ കാണിച്ചില്ല. അമ്മയ്ക്ക് അറിയാത്ത രഹസ്യം. ഞാൻ അദ്ദേഹത്തിൻ്റെ മക്കളെ സ്നേഹിച്ചു വളർത്തുന്ന നാളുകൾ. അപ്പോഴൊക്കെ അദ്ദേഹം എന്നോട് അടുപ്പമൊന്നും കാണിച്ചിരുന്നില്ല. അന്ന് കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ നിന്നും തിരിച്ചു വന്ന ദിവസ്സം. ആ രാത്രിയിൽ ആണ് ആദ്യമായി അദ്ദേഹം എന്നെ സ്പർശിച്ചത്. 

അന്ന് അദ്ദേഹം എന്നോട് പറഞ്ഞു 

"എൻ്റെ കുട്ടീ, നിന്നോട് ഞാൻ തെറ്റ് ചെയ്തു. അടുപ്പിച്ചു രണ്ടു കുട്ടികൾ ആയപ്പോൾ ഇനി ഒന്ന് വേണ്ട എന്ന് കരുതി ഞാൻ കുടുംബാസൂത്രണ ശസ്ത്രക്രിയ ചെയ്തു. ലീലയുടെ മേൽ കത്തി വയ്ക്കുന്നത് എനിക്ക് സഹിക്കുവാൻ ആവുമായിരുന്നില്ല. എൻ്റെ അമ്മയ്ക്ക് പോലും ഇതറിയില്ല. അത് മറച്ചു വച്ചിട്ടാണ് ഞാൻ നിന്നെ കെട്ടുന്നത്. ഇനി ഒരു വിവാഹം വേണ്ടി വരും എന്നൊന്നും ഞാൻ അന്ന് കരുതിയിട്ടുണ്ടായിരുന്നില്ല. നീ എന്നോട് ക്ഷമിക്കണം."

അന്ന് അതിൻ്റെ അർത്ഥം ഒന്നും എനിക്ക് അറിയാമായിരുന്നില്ല. പിന്നീടൊരിക്കൽ മാതുവിനെ കണ്ടപ്പോൾ അവൾ ആണ് എനിക്ക് അതെല്ലാം പറഞ്ഞു തന്നത്. അന്ന് അവൾ ഒത്തിരി സങ്കടപ്പെട്ടു. പക്ഷേ എനിക്ക് വിഷമം ഒന്നും തോന്നിയില്ല. എനിക്ക് എൻ്റെ ശിവനും കണ്ണനും ഉണ്ടല്ലോ. അവർ മതി എനിക്ക് എന്ന് ഞാൻ അന്നേ തീരുമാനിച്ചിരുന്നൂ.  

അതൊന്നും ഞാൻ അമ്മയെ അറിയിച്ചിരുന്നില്ല. അതൊരുപക്ഷേ താങ്ങുവാൻ അമ്മയ്ക്ക് ആകില്ല എന്ന് ഞാൻ ഭയന്നിരുന്നൂ. അതുകൊണ്ടു തന്നെ ആ സത്യം എനിക്കൊപ്പം മരിക്കട്ടെ എന്ന് ഞാൻ ഉറപ്പിച്ചു.

"എന്താ മോളെ, നീ ഒന്നും  പറഞ്ഞില്ല.." വീണ്ടും അമ്മ ചോദിച്ചു

"എൻ്റെ അമ്മേ, എനിക്കിനി വിശേഷം എന്തിനാണ്. എൻ്റെ മക്കൾ വളരുവല്ലേ. എനിക്ക് അവർ മതി. ഈ അമ്മയുടെ ഒരു കാര്യം. എനിക്ക് ഒരു കുട്ടി ഉണ്ടായാൽ അവനെ ഞാൻ കൂടുതൽ സ്നേഹിക്കുവാൻ തുടങ്ങിയാൽ എൻ്റെ കണ്ണനും ശിവനും വിഷമിക്കില്ലേ.."

"എന്നാലും മോളെ, ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലാക്കൂ. വയസ്സാം കാലത്തു നിനക്ക് തുണയ്ക്കു ഒരാൾ വേണ്ടേ. എത്ര പറഞ്ഞാലും നീ പോറ്റമ്മയല്ലേ. അവർ നിന്നെ നോക്കിയില്ലെങ്കിലോ. എനിക്ക് പേടിയുണ്ട് മോളെ."

അതുകേട്ടുകൊണ്ടാണ് ഇളയ ആങ്ങള അങ്ങോട്ടേക്കു വന്നത് 

"അമ്മ വിഷമിക്കേണ്ട, എൻ്റെ ചേച്ചിയെ ആർക്കും വേണ്ടെങ്കിൽ ഞാൻ ഇങ്ങു കൊണ്ടുപോരും. ഇതു അമ്മയ്ക്ക് ഞാൻ തരുന്ന വാക്കാണ്. അവളുടെ കണ്ണുനീർ ഈ വീട്ടിൽ വീഴുവാൻ ഒരിക്കലും ഞാൻ അനുവദിക്കുകയുമില്ല.."

പിന്നെ അമ്മയെ ഒന്നും പറയുവാൻ ഞാൻ അനുവദിച്ചില്ല. അമ്മ എന്താണ് പറയുക എന്ന് എനിക്ക് അറിയാമായിരുന്നൂ. സ്വന്തം മക്കൾ പോലും അപ്പനമ്മമാരെ നോക്കാത്ത കാലം ആണ് ഇതു. വയസ്സാകുമ്പോൾ എൻ്റെ മോൾക്ക് ആരും ഉണ്ടാകില്ല. ഇതെല്ലാം എല്ലാ അമ്മമാരും ചിന്തിക്കുന്നതാണ്. സാരമില്ല. എനിക്ക് പക്ഷേ അങ്ങനെ ചിന്തിക്കുവാൻ കഴിയില്ല. പതിമൂന്നാം വയസ്സിൽ ഞാൻ അമ്മയായി, അതും രണ്ടു മക്കളുടെ. പിന്നെ എൻ്റെ വിധി എനിക്ക് മറിച്ചെഴുതുവാൻ ആകില്ല. 

മനസ്സു മുഴുവൻ അപ്പോൾ കുഞ്ഞുമോൾ ആയിരുന്നൂ. പാവം കുട്ടി. അവൾ പഠിച്ചു ഗവൺമെൻറ് ജോലിക്കാരി ആയിരിക്കുന്നൂ. പഠനം കഴിഞ്ഞു. അവൾ ആശിച്ച പോലെ തന്നെ നല്ലൊരാളെയാണ് അദ്ദേഹം അവൾക്കു വേണ്ടി കണ്ടെത്തിയത്. അതും കൂടെ ജോലി ചെയ്യുന്ന ആൾ. എൻ്റെ കുഞ്ഞുമോളെ ദേവി കാക്കും എന്ന് എനിക്ക് ഉറപ്പായിരുന്നൂ. 

തിരിച്ചു വീട്ടിലേക്കു പോരുമ്പോൾ അവൾക്കു വേണ്ടി എന്ത് ഉണ്ടാക്കി കൊടുക്കും എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

.............................

കാലം തൻ്റെ രഥത്തിൽ കയറി യാത്ര തുടങ്ങി. ഇന്നലെ കഴിഞ്ഞപോലെയാണ് ഓരോന്നും മനസ്സിലേക്ക് കടന്നു വരുന്നത്. അനിയമ്മാർ വിവാഹിതരായി. അവർക്കും മക്കൾ ആയി. 

അമ്മയുടെ വേർപാട് പ്രതീക്ഷിക്കാത്ത നേരത്തായിരുന്നൂ. ഇളയ അനിയൻ്റെ കൂടെ അവൻ ജോലി ചെയ്യുന്ന നാട്ടിൽ ആയിരുന്നൂ അമ്മ. അവൻ്റെ ഭാര്യക്കു ജോലി ഉണ്ടായിരുന്നൂ. കുട്ടികളെ അമ്മയാണ് നോക്കിയിരുന്നത്. പെട്ടെന്നു ഒരു വന്നതാണ് അമ്മയ്ക്ക്. രണ്ടു ദിവസ്സം മാത്രമേ ആശുപത്രിയിൽ കിടന്നുള്ളൂ. അനിയൻ ഫോൺ വിളിച്ച ഉടനെ ഞാൻ അദ്ദേഹവുമായി അവിടെ ചെന്നു. എന്നെ കണ്ടതും അമ്മ കണ്ണടച്ചു. എനിക്ക് വേണ്ടി മാത്രം അമ്മ കാത്തിരുന്നത് പോലെ തോന്നി. കുഞ്ഞുമോൾ എത്തുമ്പോഴേക്കും അമ്മ പോയിരുന്നൂ. 

അമ്മ പോയപ്പോൾ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. പെട്ടെന്ന് അനാഥ ആയതു പോലെ തോന്നി. അധികം വൈകാതെ അദ്ദേഹത്തിൻ്റെ അമ്മയും പോയി. ആ കണ്ണുകൾ അടയും മുൻപേ അവർ എന്നെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു.

"നിനക്ക് എന്നും നന്മ മാത്രമേ വരൂ എൻ്റെ മണിക്കുട്ടീ"

....................................

അന്ന് ഞാൻ അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നൂ, അപ്പോഴാണ് കമ്പനിയിൽ നിന്നും അടുത്ത വീട്ടിലേക്കു വിളി വന്നത്. സതിച്ചേച്ചിയുടെ മകൾ ആണ് ഓടി വന്നു വിവരം പറഞ്ഞത്. 

"രാജേട്ടൻ ഒന്ന് വീണു, മണിയമ്മ ഒന്ന് ആശുപത്രിയിലേക്ക് വരണം"

ഞാൻ ആശുപത്രിയിലേക്ക് ഓടി. ശിവൻ ബിരുദത്തിനു ചേർന്നതേ ഉള്ളൂ. കണ്ണൻ ആണെങ്കിൽ സ്കൂളിൽ ആണ്. 

ആശുപത്രിയിൽ എത്തുമ്പോൾ അദ്ദേഹം ICU ൽ ആണെന്ന് അറിഞ്ഞു. സ്ട്രോക്ക് ആണെന് ഡോക്ടർ പറഞ്ഞു. ഭാഗ്യത്തിന് മാതു ആ ആശുപത്രിയിൽ ഉണ്ടായിരുന്നൂ. അവൾ ആണ് പിന്നെ എല്ലാ കാര്യങ്ങളും നോക്കിയത്. അദ്ദേഹത്തിൻ്റെ ശരീരം മുഴുവൻ  തളർന്നു പോയിരുന്നൂ. ഒരാഴ്ച അദ്ദേഹം ആശുപത്രിയിൽ കിടന്നു. പിന്നീട് ഞാൻ അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോന്നു. 

അദ്ദേഹത്തിൻ്റെ ജോലി അവർ ശിവന് നൽകി. ഒരു കുറവും വരാതെ ഞാൻ അദ്ദേഹത്തെ നോക്കി. കിടപ്പുരോഗി ആയതുകൊണ്ട് അധികം ആഹാരം കൊടുക്കേണ്ട എന്ന് പറഞ്ഞവർ വരെ ഉണ്ട്. അദ്ദേഹത്തിൻ്റെ  മലം കോരുന്നത് അരോചകമായി എനിക്ക് തോന്നിയില്ല. 

എന്നെ വേദനിപ്പിച്ചത് ശിവൻ്റെ പെരുമാറ്റം ആയിരുന്നൂ. ജോലിക്കു കയറി അധികം കഴിയും മുൻപേ അവൻ ഒരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നു. അവൻ്റെ കൂടെ കോളേജിൽ പഠിച്ച കുട്ടിയായിരുന്നൂ. അവൾക്കു പക്ഷേ ഞങ്ങളുടെ വീടോ പരിസരമോ തീരെ ഇഷ്ടമായില്ല. അദ്ദേഹത്തിൻ്റെ കിടപ്പു അവൾക്കു അരോചകമായി തോന്നി. അവൾ ശിവനെയും കൂട്ടി വാടകയ്ക്ക് പോയി. പിന്നീട് ഒരിക്കലും എന്നെയോ അവൻ്റെ അച്ഛനെയോ അനിയനെയോ ശിവൻ തിരക്കിയില്ല. 

അന്ന് കണ്ണൻ ബിരുദത്തിനു അവസാന വർഷം പഠിക്കുകയായിരുന്നൂ. വീട്ടുചെലവുകൾ നടത്തുവാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടു. അവൻ്റെ പഠനം നടക്കണം, അദ്ദേഹത്തിൻ്റെ മരുന്നുകൾ മുടക്കുവാൻ വയ്യ. അപ്പോൾ എനിക്ക് താങ്ങായി അവൾ വന്നു. എൻ്റെ മാതു. 

ഞാൻ ഒരിക്കലും അവളെ തേടി പോയിട്ടില്ല. പക്ഷേ അവൾ എൻ്റെ വിവാഹത്തിന് തന്ന വാക്ക് പാലിച്ചു. കണ്ണൻ്റെ പഠിപ്പു മുടങ്ങുവാൻ അവൾ സമ്മതിച്ചില്ല. അവനെ സ്വന്തം മകനായി അവൾ സ്നേഹിച്ചു. ആ സൗഹ്രദം തന്ന ആശ്വാസം ഒരിക്കലും പറയുവാൻ എൻ്റെ വാക്കുകൾ പോര. അത് അനുഭവിച്ചവർക്കു മാത്രമേ അത് മനസ്സിലാകൂ.

..............................

                                               അദ്ധ്യായം 11: കണ്ണൻ  

ഇന്ന് എനിക്ക് ഏറ്റവും സന്തോഷം ഉള്ള ദിവസ്സം ആണ്. എൻ്റെ കണ്ണൻ വിവാഹിതൻ ആകുന്നൂ. അവൻ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. 

ബിരുദാനന്തര ബിരുദം കഴിഞ്ഞു അവൻ നല്ലൊരു ജോലി നേടിയിരിക്കുന്നൂ. നാലാം ക്ലാസ്സു വരെ പഠിച്ച എനിക്ക് എങ്ങനെ അവനു പറ്റിയ പെൺകുട്ടിയെ കണ്ടെത്തുവാൻ കഴിയും. അദ്ദേഹം ആണെങ്കിൽ കിടപ്പിലാണ്. ഇല്ലായിരുന്നെങ്കിൽ ആദ്ദേഹം നല്ലൊരു കുട്ടിയെ അവനു വേണ്ടി കണ്ടെത്തിയേനെ. 

അവൻ്റെ കല്യാണം കൂടുവാൻ ആഗ്രഹം ഉണ്ടെങ്കിലും അദ്ദേഹത്തെ തനിച്ചാക്കി പോകുവാൻ എനിക്കാവില്ല. എല്ലാം ഞാൻ മാതുവിനെ ഏല്പിച്ചു. അവൾ ആകുമ്പോൾ അവൻ്റെ യോഗ്യതയ്ക്കു ചേർന്ന രീതിയിൽ എല്ലാം ചെയ്തു കൊള്ളും എന്ന് എനിക്ക് അറിയാമായിരുന്നൂ. അവൾ അവനു വേണ്ടി എന്തൊക്കെ ചെയ്തു. 

കല്യാണം കയറി വന്നപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. നിലവിളക്കൊക്കെ കഴുകി വൃത്തിയാക്കി വച്ചിരുന്നൂ. കുറച്ചുപേർക്ക് ഓഡിറ്റോറിയത്തിൽ സദ്യയും ഒരുക്കിയിരുന്നൂ. റിസപ്ഷൻ വീട്ടിൽ നടത്തുവാൻ പറ്റില്ല. ചെറിയ വീടാണ്. പിന്നെ അദ്ദേഹം തളർന്നു കിടക്കുവല്ലേ. 

ഞാൻ നിലവിളക്കുമായി മരുമകളെ സ്വീകരിക്കുവാൻ ചെന്നു. വലതുകാൽ വച്ച് അവൾ കയറി. കുറച്ചു നേരം വീട്ടിൽ അവർ ഉണ്ടായിരുന്നു. ആദ്യരാത്രി ഏതോ ഹോട്ടലിൽ ആണെന്നും പിന്നീട് അവിടെ നിന്നും അവർ ഹണിമൂണിന് പോകുമെന്നും ആരോ പറഞ്ഞു. എനിക്ക് ഈ കാലഘട്ടത്തിലെ മാറ്റങ്ങൾ ഒന്നും അറിയില്ല. കുഞ്ഞോൾ പറഞ്ഞാണ് ഞാൻ ഓരോന്നും അറിയുന്നത്. 

ഹണിമൂൺ കഴിഞ്ഞു വന്ന മരുമകൾ ബെഡ്‌റൂം വിട്ടു പുറത്തിറങ്ങുന്നത് മൂന്ന് നേരം ഭക്ഷണം കഴിക്കുവാൻ മാത്രം ആയിരുന്നൂ. അവൾ എന്നോട് ഒരു അകലം സൂക്ഷിച്ചിരുന്നൂ എന്നും. എനിക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നൂ. കണ്ണൻ്റെ കല്യാണത്തിന് ഓഡിറ്റോറിയത്തിൽ വന്നു തിരിച്ചു പോയതല്ലാതെ ശിവനും ഭാര്യയും ഒരിക്കലും പിന്നെ എന്നെ കാണുവാനോ അച്ഛനെ കാണുവാനോ വീട്ടിലേക്കു വന്നില്ല. 

                                                          അദ്ധ്യായം 12 : മണിയമ്മൂമ്മ 

കാലം എനിക്കായി  കരുതി വച്ചതൊക്കെ ഞാൻ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ. അങ്ങനെ ഞാൻ മണിയമ്മൂമ്മയായി. ശിവന് മകൾ ഉണ്ടായെങ്കിലും അവളെ കാണുവാൻ അവൻ എന്നെ അനുവദിച്ചില്ല. ഒരിക്കൽ പോലും ആ കുഞ്ഞിനെ അവൻ എൻ്റെ വീട്ടിലേക്കു കൊണ്ടുവന്നില്ല. 

കണ്ണൻ്റെ ഭാര്യ പ്രസവത്തിനു വീട്ടിൽ പോയില്ല. വിവാഹം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തന്നെ അവൾ ഗർഭിണിയായി. ആ കുഞ്ഞിനെ ഞാനാണ് ഏറ്റു വാങ്ങിയത്. കണ്ണനുമായുള്ള വിവാഹത്തിന് അവളുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നൂ. അതെല്ലാം ഞാൻ അറിയുന്നത് വൈകിയാണ്. അവരുടെ അത്ര സാമ്പത്തികം നമുക്ക് ഇല്ലല്ലോ. അതായിരുന്നൂ എതിർപ്പിനുള്ള പ്രധാന കാരണം. പിന്നെ രണ്ടാനമ്മയും തളർന്നു കിടക്കുന്ന അച്ഛനും മകൾക്കു എന്നും ഒരു  ഭാരം ആവുമെന്ന് അവളുടെ മാതാപിതാക്കൾ വിചാരിച്ചതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല. 

സതിച്ചേച്ചിയാണ് കുഞ്ഞിനെ കാണുവാൻ വന്നപ്പോൾ ആദ്യമായി എന്നെ മണിയമ്മൂമ്മ എന്ന് വിളിച്ചത്. അവർക്കിപ്പോൾ തീരെ വയ്യാതായിരിക്കുന്നൂ. എന്നാലും കണ്ണൻ്റെ കുഞ്ഞിനെ കാണണം എന്ന് പറഞ്ഞപ്പോൾ മരുമകൾ കൂട്ടികൊണ്ടു വന്നു. എൻ്റെ കൈയ്യിലിക്കുന്ന കുഞ്ഞിനെ നോക്കി അവൾ പറഞ്ഞു 

"മോൻ്റെ മണിയമ്മൂമ്മയെ കണ്ടോ. തങ്കമാണ് മോൻ്റെ മണിയമ്മൂമ്മ"

ആ നിമിഷം ഞാൻ മണിയമ്മൂമ്മയായി. എനിക്കറിയാം ഇനി എൻ്റെ ജീവിതം ഈ കുഞ്ഞിന് വേണ്ടിയുള്ളതാണെന്നു. കാലചക്രം എന്നെ മണിക്കുട്ടിയിൽ നിന്നും ഇപ്പോൾ മണിയമ്മൂമ്മ ആക്കിയിരിക്കുന്നൂ. ഇനി എന്ത് എന്നെനിക്കറിയില്ല. 

                                                   അദ്ധ്യായം 13: രണ്ടാനമ്മ 

ഇന്ന് വീണ്ടും വിധി എന്നെ പരീക്ഷിച്ചിരിക്കുന്നൂ. "അദ്ദേഹം പോയി. ഇനി എനിക്ക് ഇവിടെ ഈ വീട്ടിൽ സ്വന്തമെന്നു പറയുവാൻ ആരാണുള്ളത് ? "


ചിതയിലേക്കെടുക്കുന്ന ശരീരത്തിൽ അവസാനമായി ഞാനൊന്നു നോക്കി. എൻ്റെ കണ്ണുനീരെല്ലാം എപ്പോഴേ വറ്റിപ്പോയിരുന്നൂ. നീണ്ട 30 വർഷക്കാലം അദ്ദേഹത്തിന് തുണയായി ഞാൻ ഉണ്ടായിരുന്നൂ...
"അമ്മ, എന്താണ് ആലോചിക്കുന്നത്" ഇളയമകനാണ്

"ഇല്ല മോനെ, ഒന്നുമില്ല."

കൊച്ചുമകൻ വലുതായിരിക്കുന്നൂ. അവനെ നോക്കുവാൻ ഇനി എൻ്റെ ആവശ്യമില്ല. അദ്ദേഹവും പോയി. 

മരണാനന്തര ചടങ്ങുകൾ എല്ലാം മുറെ പോലെ നടന്നൂ....

..........................................

 ഇപ്പോൾ വർഷം ഒന്നായിരിക്കുന്നൂ. ഇന്നും അദ്ദേഹത്തിൻ്റെ മുറിയിൽ കിടക്കുമ്പോൾ അദ്ദേഹം കൂടെ ഉള്ളത് പോലെയാണ് എനിക്ക് തോന്നാറുള്ളത്. ആണ്ടുബലി കഴിഞ്ഞു. എല്ലാവരും ഉമ്മറത്തിരിപ്പുണ്ട്.

മൂത്ത മകൻ എന്നെ ഉമ്മറത്തേയ്‌ക്ക്‌ വിളിപ്പിച്ചൂ. അവിടെ എന്തോ ചർച്ചകൾ നടക്കുകയാണ്. സ്വത്തു ഭാഗിക്കുകയാണ് എന്ന് മനസ്സിലായി.

അദ്ദേഹത്തെ വേണ്ടാതിരുന്ന മൂത്ത മകനും മരുമകളും സ്വത്തിനായി മുറവിളി കൂട്ടുന്നൂ. സ്വത്തു രണ്ടായി വീതിക്കുവാൻ തീരുമാനമായി. ഇതിലൊന്നും ചേരാതെ മാറി നിൽക്കുന്ന ഇളയമകനെ ഞാൻ കണ്ടൂ.

ഞാൻ അകത്തെ മുറിയിലേയ്ക്കു തിരിച്ചു നടന്നൂ.

 പെട്ടെന്ന് മൂത്ത മരുമകൾ അവിടേയ്‌ക്ക് കയറി വന്നൂ പറഞ്ഞു.

"കെട്ടിലമ്മ, എടുക്കേണ്ടതൊക്കെ എടുത്തു ഇറങ്ങിക്കോ. ഇവിടെ ഇനി രണ്ടാനമ്മയുടെ ആവശ്യമില്ല.."

ഞാൻ ഒന്നും പറഞ്ഞില്ല. പോകുവാൻ ഒരിടമില്ല. എൻ്റെ സ്വന്തമെന്നു പറയുവാൻ എനിക്ക് മക്കളുമില്ല. എന്നാലും ഉണ്ടായിരുന്ന രണ്ടു  മുണ്ടും നേര്യതുo ഒരു പൊതിയിലാക്കി. പതിയെ പുറത്തേയ്ക്കിറങ്ങി.

അദ്ദേഹത്തിൻ്റെ കൈ പിടിച്ചു കയറിയ വീടിൻ്റെ പടികൾ ഇറങ്ങുവാൻ തുടങ്ങുബോൾ മനസ്സൊന്നു പിടഞ്ഞു.

പെട്ടെന്ന് ഒരു വിളി കേട്ടൂ.

 "അമ്മ ഒന്ന് നിൽക്കൂ"

ഇളയമകനാണ്..

അവൻ എന്തോ പറയുവാൻ തുടങ്ങുന്നൂ...

"സ്വത്തു വീതിച്ചു കഴിഞ്ഞല്ലോ, ഇനി എല്ലാം ഈ വീട്ടിൽ നിന്ന് ഇറങ്ങിക്കൊള്ളണം. ബന്ധുക്കളാണെന്നു പറഞ്ഞു ഒരെണ്ണം പിന്നെ ഈ പടി കയറി വന്നേക്കരുത്. ഈ വീടും രണ്ടു സെൻറ് സ്ഥലവും  എൻ്റെ പേരിലാണ്."

"പിന്നെ നിങ്ങൾ ഇവിടെ നിന്നും ഇറക്കി വിടുവാൻ നോക്കിയത് എൻ്റെ അമ്മയെയാണ്. ഞാൻ എവിടെ ഉണ്ടോ അവിടെ എൻ്റെ അമ്മയും ഉണ്ടാവും"

പണ്ട് അച്ഛമ്മ പറഞ്ഞു തന്ന ഒരു കഥ എനിക്കോർമ്മയുണ്ട്.

"രാത്രിയിലെപ്പോഴോ അമ്മിഞ്ഞയ്ക്കായി കരഞ്ഞിരുന്ന ഒരു രണ്ടു വയസുകാരന് സ്വന്തം അമ്മിഞ്ഞ വച്ച് തന്ന ഒരു പതിനഞ്ചു വയസ്സുകാരിയുടെ കഥ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ എൻ്റെ അമ്മയാവേണ്ടി വന്ന ആ പാവം, ഈ വീടിനു വേണ്ടി കഷ്ടപെട്ടതൊക്കെ നിങ്ങൾക്ക് മറക്കാം."

" എനിക്ക് എൻ്റെ അമ്മയെ ഓർമ്മയില്ല. ഇനി ഓർക്കുകയും വേണ്ട. എനിക്ക് എൻ്റെ ഈ അമ്മ മതി. എൻ്റെ അമ്മയുടെ കണ്ണുനീർ ഈ വീട്ടിൽ ഇനി വീഴില്ല. അവരുടെ അന്ത്യം വരെ എൻ്റെ അച്ഛൻ്റെ മുറിയിൽ അവരുണ്ടാവും.."

എൻ്റെ കണ്ണുകൾ ആ നിമിഷം നിറഞ്ഞൊഴുകി. മനസ്സ് നിറഞ്ഞു. മനസ്സുകൊണ്ട്  ഞാൻ എൻ്റെ മകനെ അനുഗ്രഹിച്ചൂ. അവൻ്റെ പുറകിൽ നിന്നിരുന്ന മരുമകൾ എന്നെ കൈ പിടിച്ചു അകത്തേയ്ക്കു കൂട്ടി കൊണ്ട് പോയി.

അകത്തെത്തിയതും അവൾ എന്നോട് പറഞ്ഞു..

"അമ്മ, എന്നോട് ക്ഷമിക്കണം, അമ്മയെ ഒരിക്കലും ഞാൻ ഇവിടെ നിന്ന് ഇറക്കി വിടില്ല. അമ്മ ഇല്ലാത്ത ഈ വീട്ടിൽ ഞാനും നിൽക്കില്ല. നാളെ ഒരിക്കൽ ഞാനും ഒരു അമ്മായിഅമ്മയാകും. അന്ന് എൻ്റെ മരുമകൾ ഇങ്ങനെ എന്നോട് ചെയ്താലോ. എൻ്റെ മകന് നല്ല കഥകൾ പറഞ്ഞു കൊടുക്കുവാൻ അവൻ്റെ മണിയമ്മൂമ്മ   ഈ വീട്ടിൽ വേണം. അവൻ്റെ അച്ഛനെ അമ്മ വളർത്തിയത് പോലെ എൻ്റെ മകനെ എനിക്ക് വളർത്തണം.."

അവളുടെ തലയിൽ കൈവച്ചു അനുഗ്രഹിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അദ്ദേഹത്തിൻ്റെ മുറിയിൽ ഞാൻ ഇരിക്കുമ്പോൾ കണ്ണുനിറഞ്ഞു ഒരാൾ എന്നെ നോക്കുന്നുണ്ടായിരുന്നൂ, എൻ്റെ അച്ഛൻ.

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G