ശബ്ദമില്ലാത്ത പാദസരം SHABDHAMILLATHA PADHASARAM, FB, N, A, E, K, SXC, AP, NL, KZ, EK, LF, G, NA, P
"ചിന്നു നാളെ വൈകുന്നേരം വീട്ടിലേക്കു ഒന്ന് വരുമോ"
"അതിനെന്താ ആന്റി, ഞാൻ വരാം. ഇപ്പോൾ വരണോ."
"വേണ്ട കുട്ടി, നാളെ വന്നാൽ മതി മീനാക്ഷിയേയും കൂട്ടി."
എന്തിനാണ് അവളെ വിളിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ല. അത് ഒരു രഹസ്യം ആണ്.
അവളെ ഇപ്പോൾ അറിയിച്ചാൽ ശരിയാകില്ല, എല്ലാ സസ്‌പെൻസും പോകും.
പിറ്റേന്ന് ജോലിക്കു വരേണ്ട എന്ന് ഞാൻ മീനാക്ഷിയോട് പറഞ്ഞു. പത്തു വർഷമായി മീനാക്ഷി എൻ്റെ വീട്ടിൽ ജോലി ചെയ്യുന്നൂ. അവർക്കു വേണ്ടതെല്ലാം ഞാൻ ചെയ്തു കൊടുക്കാറുണ്ട്.
പെട്ടെന്ന് അവൾക്കു സങ്കടം ആയി.
"മാഡവും എന്നെ പറഞ്ഞു വിടുകയാണോ.."
"ഇല്ല മീനാക്ഷി, നാളെ ഞങ്ങൾ എല്ലാവരും പുറത്തു പോകും. വൈകീട്ടെ വരൂ."
"ശരി മാഡം.."
അപ്പോഴും അവളുടെ കണ്ണുകളിൽ ദൈന്യത നിറഞ്ഞിരുന്നൂ.
ഓഫീസിലെ പലരും എന്നോട് ചോദിക്കാറുണ്ട്
"ഇത്രയും പണം കൊടുത്തു ഒരു ജോലിക്കാരിയെ വയ്‌ക്കേണ്ട കാര്യം ഉണ്ടോ. എന്തിനാണ് നീ വെറുതെ പൈസ കളയുന്നത്. അതിൻ്റെ പകുതി പൈസയ്ക്ക് വേറെ ആളെ കിട്ടും."
അതിനൊന്നും ഞാൻ മറുപടി കൊടുക്കാറില്ല.
അല്ലെങ്കിലും എപ്പോഴെങ്കിലും അവരെ ഞാൻ ജോലിക്കാരിയായി കണ്ടിട്ടുണ്ടോ. പിന്നെ നമ്മൾ ഉണ്ടാക്കുന്ന പണം മുഴുവൻ കൂട്ടി വച്ച് എവിടെ കൊടുക്കുവാനാണ്. അർഹിക്കുന്ന ആളുകൾ ചുറ്റിലും ഉണ്ട്. കുറച്ചൊക്കെ അവർക്കും കൊടുക്കേണ്ടേ. അവളെ മനസ്സിലാക്കുവാനും ഒരാൾ വേണ്ടേ.
മീനാക്ഷിയെ ഞാൻ പരിചയപ്പെടുമ്പോൾ അവൾക്കു ഭർത്താവു ഉണ്ടായിരുന്നൂ. രണ്ടുവർഷം മുൻപേ ആണ് അയാൾ പോയത്. അത്യാവശ്യം നന്നായി അയാൾ കുടിക്കുമായിരുന്നൂ. അവളെ അയാൾ നന്നായി ഉപദ്രവിക്കും. എന്നിട്ടും മകൾക്കു വേണ്ടി അവൾ എല്ലാം സഹിച്ചൂ, ആരോടും പരാതി പറയാതെ.
എന്നിട്ടും എനിക്ക് എന്തോ അത് മനസ്സിലാകുമായിരുന്നൂ. അവളുടെ കണ്ണുകൾ അത് കള്ളം പറയില്ലല്ലോ.
അന്നൊരു ദിവസം എനിക്കൊരു കാൾ വന്നൂ.
"മാഡം, അദ്ധേഹം ആശുപത്രിയിൽ ആണ്. അറ്റാക്ക് ആണ്. പൈസ അടക്കണം. എൻ്റെ കൈയ്യിൽ ഒന്നുമില്ല. എന്നെ ഒന്ന് സഹായിക്കാമോ.."
ഞാൻ ഓഫീസിൽ ആയിരുന്നൂ. ഇവിടെ നിന്ന് ഇറങ്ങിയാലും അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.
എന്ത് ചെയ്യണം എന്നറിയില്ല. പിന്നെയാണ് ഓർത്തത് അവൾ എൻ്റെ കൂട്ടുകാരിയുടെ (സംഗീത) ഫ്ലാറ്റിലും ജോലിക്കു പോകുന്നുണ്ട്. അവൾ വീട്ടിൽ തന്നെ ഉണ്ട്. വേഗം മീനാക്ഷിയോട് അവളെ വിളിക്കുവാൻ പറഞ്ഞു.
"പൈസ അവിടെ നിന്നും വാങ്ങിക്കോ. ഞാൻ അവൾക്കു കൊടുത്തോളാo"
മീനാക്ഷി അവളെ വിളിച്ചു കാണണം.
എനിക്ക് അപ്പോൾ തന്നെ കൂട്ടുകാരിയുടെ വിളി വന്നൂ.
"സുമി ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. കൂട്ടൊക്കെ ശരി തന്നെ. അതിനപ്പുറമുള്ള പണമിടപാടുകൾ ഒന്നും ജോലിക്കാരികൾക്കു വേണ്ടി വേണ്ട. മീനാക്ഷി ഇപ്പോൾ തന്നെ എനിക്ക് 700 രൂപ തരുവാനുണ്ട്. പറ്റുമെങ്കിൽ അത് തിരികെ വാങ്ങി തരൂ. എന്താവശ്യത്തിനു തന്നെ ആയാലും അഞ്ചു പൈസ ഞാൻ അവൾക്കു കൊടുക്കില്ല. അവളുടെ കെട്ട്യോൻ ചത്താൽ എനിക്കെന്താ..?"
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.
"ഒരുവൾ താലി സംരക്ഷിക്കുവാൻ വേണ്ടി കരയുന്നൂ. അവൾ പാവപെട്ടവൾ ആയതു അവളുടെ കുഴപ്പം കൊണ്ടാണോ?."
"സംഗീതയുടെ ഭർത്താവിന് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉണ്ട്. എന്നിട്ടും അവൾക്കെന്തേ മീനാക്ഷിയുടെ മനസ്സ് കാണുവാൻ കഴിയുന്നില്ല. കുറച്ചു നേരത്തേക്ക് ഒരു ചെറിയ സഹായം. അത് പോലും ചെയ്യുന്നില്ല."
ഒട്ടും മടിച്ചില്ല.
ഞാൻ മീനാക്ഷിയെ വിളിച്ചൂ, ഫോൺ ഹോസ്പിറ്റലിലെ മാനേജർക്ക് കൊടുക്കുവാൻ പറഞ്ഞു.
"സാർ, ഞാൻ വന്നുകൊണ്ടിരിക്കുവാണ്. പണം ഞാൻ അടച്ചോളാം. അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. ഒട്ടും വൈകരുത്."
ചെറിയ ആശുപത്രി ആണ്. എന്നിട്ടും അയാൾ മടിക്കാതെ മീനാക്ഷിയുടെ ഭർത്താവിനെ അഡ്മിറ്റ് ചെയ്തു. അന്ന് വൈകിട്ട് തന്നെ ഞാൻ പണം അടച്ചു. പക്ഷെ, വിധി അയാളെ തുണച്ചില്ല. ഓപ്പറേഷൻ ചെയ്തിട്ടും അയാൾ പോയി.
പിന്നീട് ഒരിക്കലും മീനാക്ഷിയെ ഞാൻ ഒറ്റക്കാക്കിയില്ല. അവൾക്കു വേണ്ടതൊക്കെ ഞാൻ ചെയ്തു കൊടുത്തൂ.
കഴിഞ്ഞ ആഴ്ച അവൾ എന്നോട് ചോദിച്ചൂ.
"മാഡത്തിന് ഞാൻ ഒരു ബുദ്ധിമുട്ടല്ലേ, ഇനി ഞാൻ ജോലിക്കു വരണോ."
ഞാൻ ഒന്ന് ചിരിച്ചൂ.
അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
അവൾ പറഞ്ഞു തുടങ്ങി.
"മാഡത്തിന് അറിയാമോ, ഇന്നും ഭർത്താവു മരിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ പൊട്ടു ഞാൻ വയ്ക്കുന്നതിന് മാഡം ഒഴികെ എല്ലാവരും എന്നെ കളിയാക്കിയിട്ടുണ്ട്, ചീത്ത പറയാറുണ്ട്. ഭർത്താവു മരിച്ചിട്ടും ഈ പൊട്ടു വയ്ക്കുമ്പോൾ അദ്ധേഹം അടുത്തുള്ളത് പോലെ എനിക്ക് തോന്നും. ഒരിക്കലും ഞാൻ വിധവയാണ് എന്ന് ഓർക്കാറില്ല. അദ്ധേഹം ദൂരെ എവിടെയോ പണിക്കു പോയിരിക്കുന്നൂ. ഒരിക്കൽ വരും. അങ്ങനെ എൻ്റെ മനസ്സിനെ എല്ലാ രാത്രിയിലും ഞാൻ പറഞ്ഞു പഠിപ്പിക്കും. പാദസരം ഇടുവാൻ എനിക്ക് കൊതിയാണ് മാഡം, പക്ഷേ ഒരു വിധവയ്ക്ക് അത് വിധിച്ചിട്ടില്ലല്ലോ. എൻ്റെ ജീവിതം തീർന്നില്ലേ."
ഞാൻ ഒന്നും പറഞ്ഞില്ല. അവളുടെ ദുഃഖം എനിക്ക് മനസ്സിലാകും. പക്ഷേ അവളെ ആശ്വസിപ്പിക്കുവാൻ എൻ്റെ കൈയ്യിൽ വാക്കുകളില്ല.
വിധവയാണ് എന്ന് പറഞ്ഞു എൻ്റെ കൂട്ടുകാരീ അവളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടൂ. വിധവകൾ വീട്ടിൽ കയറുന്നതു ഐശ്വര്യക്കേടാണ് പോലും.
ആ വാക്കുകൾ കേൾക്കുമ്പോൾ മുറിയുന്ന മനസ്സിൻ്റെ വിങ്ങൽ, അതിലൂടെ എന്ത് സന്തോഷമാണ് മറ്റുള്ളവർക്ക് കിട്ടുന്നത്.
അന്ന് എൻ്റെ കണ്ണുകൾ നിറഞ്ഞു. പിന്നീട് ഒരിക്കലും മറ്റൊരു വീട്ടിൽ അവളെ പണിക്കു ഞാൻ വിട്ടില്ല.
.......................
ചിന്നുവും മീനാക്ഷിയും പറഞ്ഞ സമയത്തു തന്നെ വന്നൂ. എന്തിനാണ് വൈകുന്നേരം വരുവാൻ പറഞ്ഞതു എന്ന് അവർക്കു മനസ്സിലായില്ല.
അധികം ആരും ഉണ്ടായിരുന്നില്ല വീട്ടിൽ, ഞാനും ഭർത്താവും രണ്ടു മക്കളും മാത്രം.
കേക്ക് കണ്ടപ്പോൾ തന്നെ മീനാക്ഷിക്ക് കാര്യം മനസ്സിലായി. അവൾക്കു വേണ്ടി ഒരു സദ്യ ഞാൻ ഒരുക്കിയിരുന്നൂ.
അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു.
ആ കേക്ക് മുറിച്ചു ആദ്യത്തെ കഷ്ണം മകൾക്കു നല്കാതെ അവൾ എനിക്ക് തന്നൂ. അതിനു പകരമായി അവളുടെ കൈകളിൽ ഞാൻ അത് വച്ച് കൊടുത്തൂ.
"പാദസരം.."
അവൾക്കു വേണ്ടി ശബ്ദമില്ലാത്ത മണികൾ വച്ച പാദസരം ഞാൻ പ്രത്യേകം നോക്കി വാങ്ങിയതാണ്.
അവൾക്കു പാദസരം വേണം. നാട്ടിൻപുറത്തു ജനിച്ചു വളർന്ന അവൾക്കു ചെറിയ സന്തോഷങ്ങൾ മാത്രമേ ഉള്ളൂ.
പക്ഷേ ചുറ്റും ഉള്ളവർക്ക് അവൾ വിധവയാണ്. പൊട്ടു തൊടാതെ പഴയ സാരി ഉടുത്തു നടക്കേണ്ടവൾ.
അത് അവൾ കാലിൽ അണിയുമ്പോൾ നിറഞ്ഞത് എൻ്റെ കണ്ണുകൾ ആണ്..
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ