വിട്ടുവീഴ്ചകൾ VITTUVEEZCHAKAL, E, A, N, K, KZ, NA, G, AP, P

 "വിഷ്ണുവേട്ടാ , നമുക്ക് എൻ്റെ വീട്ടിൽ പോയി നിന്നാലോ.."

"അത് വേണോ. ഇവിടെ ഇപ്പോൾ എന്താ കുഴപ്പം നിനക്ക്."

"അവിടെ ആകുമ്പോൾ എനിക്ക് അനിയൻ്റെയും അനിയത്തിയുടെയും കാര്യങ്ങൾ നോക്കാമല്ലോ. അപ്പനും അമ്മയും ഇല്ലല്ലോ. ഞാൻ അല്ലെ അവർക്കുള്ളൂ. അവർ ആകെ കഷ്ടത്തിൽ ആണ്. "

"അതൊക്കെ ശരി തന്നെ. അവിടെ നിന്ന് വന്നതിൻ്റെ വിഷമം ആണ് നിനക്കിപ്പോൾ. കല്യാണം കഴിയുമ്പോൾ എല്ലാവർക്കും അങ്ങനെ ഒക്കെ തോന്നും. കുറേ കഴിയുമ്പോൾ ശരിയാകും. പക്ഷേ നിനക്ക് വേണമെങ്കിൽ അവരെ ഇങ്ങോട്ടു കൂട്ടാം കേട്ടോ. ഇവിടെ അമ്മ മാത്രമല്ലേ ഉള്ളൂ. എനിക്ക് അതിൽ പ്രശ്നം ഒന്നും ഇല്ല. അനിയൻ്റെ പഠനം ഇനി ഒരു വർഷം കൂടെ അല്ലേ ഉളളൂ. ജോലി കിട്ടിയാൽ അവനു ഒരു പെണ്ണിനെ നോക്കാം. അനിയത്തിക്കുട്ടി ഇവിടെ നിന്ന് പഠിക്കട്ടെ, അവൾക്കു ഇഷ്ടമുള്ളിടട്ടോളം കാലം. പിന്നെ അവർ കുട്ടികൾ ഒന്നും അല്ലല്ലോ, കാര്യങ്ങൾ അവർക്കു മനസ്സിലാകാതെ വരുമോ."

"അനിയത്തിക്കു ഒന്നും അറിയില്ല ഏട്ടാ.  അനിയൻ പഠിക്കുവല്ലേ. അവർക്കു ഇവിടെ ഇഷ്ടമായില്ലെങ്കിലോ."

"നിനക്ക് അവർ വലുതാണെങ്കിൽ എനിക്ക് എൻ്റെ അമ്മയും വലുത് തന്നെയാണ്. അച്ഛൻ മരിക്കുമ്പോൾ എനിക്ക് വയസ്സ് അഞ്ചാണ്. കഷ്ടപ്പെട്ടാണ് അവർ എന്നെ വളർത്തി ഒരു ജോലിക്കാരൻ ആക്കിയത്. അമ്മയെ വിട്ടു അച്ചി വീട്ടിൽ പോകേണ്ട ഗതികേട് എനിക്കിപ്പോൾ ഇല്ല. പിന്നെ അച്ഛൻ പോയിട്ട് വർഷം മൂന്നായില്ലേ. നീ നിൻ്റെ പഠിപ്പെല്ലാം വിട്ടു അന്ന് മുതൽ കഞ്ഞിയും കറിയുമെല്ലാം അവർക്കുണ്ടാക്കി കൊടുത്തു കാലം കഴിക്കുവാരുന്നില്ലേ. ഇപ്പോൾ വിവാഹം കഴിഞ്ഞു ഇനി നമ്മുടെ കാര്യങ്ങൾ കൂടി കുറച്ചു ശ്രദ്ധിക്കണം. PSC കോച്ചിങ്ങിനു പൊക്കോളൂ. ഒരു ജോലി നേടുവാൻ നോക്കൂ. അവർക്കു പണമോ വല്ലതും ആവശ്യം ഉണ്ടെങ്കിൽ ഞാൻ കൊടുക്കാം. അല്ലാതെ നീ അവിടെ വീട്ടുജോലിക്കാരി ആയി നില്ക്കുന്നതിൽ  എനിക്ക് വല്യ താല്പര്യം ഇല്ല."

വെറുതെ പറഞ്ഞു മുഷിയേണ്ട എന്ന് കരുതി പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോഴും മനസ്സിൽ വീട്ടിലേക്കു പോകണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

..................... 

ഫോൺ ബെല്ലടിക്കുന്നൂ. ഓ ആങ്ങളായാണ്‌. അവനു ഞാൻ കഴിഞ്ഞേ ആരുമുള്ളൂ. 

"ചേച്ചി, ഞാൻ പറഞ്ഞ കാര്യം എന്തായി?"

"ഇല്ല മനു എനിക്ക് അങ്ങോട്ട് ഇപ്പോൾ വരുവാൻ പറ്റില്ല. മിനി ഉണ്ടല്ലോ അവിടെ. അവൾ എല്ലാം ചെയ്‌തോളും. പിന്നെ വേണമെങ്കിൽ നിങ്ങൾക്ക് ഇവിടെ വന്നു നിൽക്കാം. ഇവിടെയും വേറെ ആരും ഇല്ലല്ലോ."

"ഈ ചേച്ചിക്ക് എന്നോട് ഒരു ഇഷ്ടവും ഇല്ല. ചേച്ചി, അമ്മയുടെ സ്ഥാനത്തു നിന്നാണ് എന്നെ വളർത്തിയത് എന്നൊക്ക പറയുന്നത് വെറുതെയല്ലെ. ശരിക്കും എന്നെ ഇഷ്ടമുണ്ടോ."

"നോക്കട്ടെ. നീ എന്തായാലും അവളെ ഒന്ന് സഹായിച്ചു കൊടുക്ക്. പാവം ഒറ്റക്കല്ലേ എല്ലാം ചെയ്യുന്നേ. കുറച്ചു കഴിയട്ടെ, ഞാൻ വരാം. ഇപ്പോൾ ജോലിക്കാരി ഉണ്ടല്ലോ. വിഷ്ണുവേട്ടനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം കേട്ടോ."

നീ ഫോൺ വയ്ക്കു, ദാ വിഷ്ണുവേട്ടൻ വന്നൂ. ഞാൻ ഒന്ന് നോക്കട്ടെ.

"നീ എന്താ ഇങ്ങനെ മുഖം വീർപ്പിച്ചു നില്ക്കുന്നത്. "

"പോയി നിങ്ങളുടെ തള്ളയോട് ചോദിക്കു. ഒരു നിമിഷം എന്നെ ഈ വീട്ടിൽ വെറുതെ ഇരിക്കുവാൻ സമ്മതിക്കില്ല.."

"അത് കൊള്ളാലോ, പെട്ടെന്നെന്താ അങ്ങനെ. അമ്മയോട് ഞാൻ ഇപ്പോൾ തന്നെ ചോദിക്കാം. വേണമെങ്കിൽ രണ്ടു തല്ലും കൊടുക്കാം. ഇതങ്ങനെ വിട്ടാൽ പറ്റുമോ. വന്നു കയറിയിട്ട് മാസം മൂന്നല്ലേ ആയുള്ളു. അപ്പോഴേക്കും അമ്മായിഅമ്മ പോരോ. നീ വാ.."

"അമ്മേ.."

"എന്താ കുഞ്ഞേ. നീ ഇന്ന് വൈകിയല്ലോ."

"തിരക്കായിരുന്നൂ, ഓഡിറ്റിങ് ഉണ്ടായിരുന്നൂ. ഭക്ഷണം എടുത്തോളൂട്ടോ. നമുക്ക് കഴിക്കാം."

"ശരി മോനെ."

ഓ, അല്ലെങ്കിലും തള്ള കഴിഞ്ഞിട്ടേ അയാൾക്ക്‌ ഞാൻ ഉള്ളൂ. വന്ന ദേഷ്യം മനസ്സിൽ അടക്കി. 

"ഒത്തിരി കറികൾ ഉണ്ടല്ലോ അമ്മേ ഇന്ന്. മോര് കറി, വാഴക്കായ തോരൻ. പിന്നെ മീനും. ഇതെല്ലാം അമ്മ വച്ചതാണോ എന്ന് ഞാൻ ചോദിക്കുന്നില്ല. അമ്മയുടെ കറികൾ കണ്ടാൽ എനിക്കറിയാമല്ലോ."

എൻ്റെ നേരെ നോക്കി 

"മിനി, പിന്നെ നിനക്ക് ഇവിടെ എന്താ പണി. പ്രഭാത ഭക്ഷണം മുതൽ എല്ലാം അമ്മ ഉണ്ടാക്കും. പറമ്പിലെ പണികളും ചെയ്യും. നിന്നോട് ഒരുപാടു  പണികൾ എല്ലാം  എടുക്കണം എന്നൊന്നും ഞാൻ പറയില്ല. പക്ഷേ അമ്മയെ ഒന്ന് സഹായിച്ചു കൂടെ നിനക്ക്."

"എന്താ മോനെ നീ ഈ പറയുന്നേ, അമ്മയില്ലാത്ത കുട്ടിയല്ലേ അവൾ. എനിക്കവൾ നിന്നെ പോലെ തന്നെയാണ്. "

"അമ്മയ്ക്ക് അങ്ങനെ ആവും. അവൾക്കോ.."

"അതൊക്കെ ശരിയാകും പതിയെ. നിങ്ങൾ ഇങ്ങനെ വഴക്കു കൂടരുത്. ഭക്ഷണം കഴിക്കുമ്പോഴാണോ തല്ലു കൂടുന്നെ. അവൾ വന്നിട്ട് അധികം ദിവസം ആയില്ലല്ലോ. അവൾക്കു ഇത്തിരി സമയം കൊടുക്കൂ."

എനിക്ക് നല്ല ദേഷ്യം വന്നൂ. 

"ദേ തള്ളെ എന്നെ ഉപദേശിക്കണ്ട. എന്താ വേണ്ടത് എന്ന് എനിക്കറിയാം. ഒരമ്മയും മകനും. ലോകത്തു വേറെ എങ്ങും മനുഷ്യർ ഇല്ലാത്ത പോലെ.."

മുന്നിലിരുന്ന ഭക്ഷണം തട്ടിയെറിഞ്ഞു ഞാൻ എഴുന്നേറ്റൂ. ഭക്ഷണം താഴെ വീണതും വിഷ്ണുവേട്ടൻ എന്നെ തല്ലി. 

"നിനക്ക് ഭക്ഷണത്തിൻ്റെ വില അറിയില്ല. അതറിഞ്ഞാണ് ഞാൻ വളർന്നത്. അന്നം ഒരിക്കലും തട്ടി തെറിപ്പിക്കരുത്."

അയാൾ പറഞ്ഞത് കേൾക്കുവാൻ നിൽക്കാതെ, ഞാൻ വേഗം മുറിയിലേക്ക് പോയി. കണ്ണടച്ച് കട്ടിലിൽ കിടന്നൂ. ഒന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നൂ. നാളെ തന്നെ വീട്ടിലേയ്ക്കു പോവണം. ഇനി ഇവിടെ വയ്യ. 

"എനിക്കറിയാം, രണ്ടുദിവസ്സം കഴിയുമ്പോൾ എന്നെ തേടി അയാൾ വന്നോളും.."

പതിയെ കണ്ണടച്ചൂ..

................................

അനിയൻ്റെ  ഭാര്യ വന്നത് മുതൽ ഭരണം  അവളുടെ കൈയ്യിൽ ആണ്. അവൾ പറയുന്നതിനപ്പുറം അവനു മറ്റൊന്നും ഇല്ലല്ലോ. അടുക്കളയിൽ കയറുവാൻ അവൾക്കു ഒട്ടും താല്പര്യം ഇല്ല. അവളുടെ തുണികൾ ഞാൻ തന്നെ കഴുകണം എന്ന് വരെ ആയി. എന്നിട്ടും കുറ്റം മാത്രം ബാക്കിയായി. 

ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, അവനോടു ചോദിക്കണം, അങ്ങനെ വിചാരിക്കുമ്പോഴാണ് അവൻ പെട്ടെന്ന് മുറിയിലേക്ക് കയറി വന്നത്. ഞാൻ എന്തെങ്കിലും പറയും മുൻപേ, അവൻ പറഞ്ഞു.

"ചേച്ചിക്ക് ഇനിയെങ്കിലും മര്യാദ പഠിച്ചൂടെ. കെട്ടിച്ചു വിട്ട വീട്ടിലോ ഒതുങ്ങിയില്ല. ഇവിടെ വന്നു കിടന്നു ഞങ്ങളെ കൂടി ബുദ്ധിമുട്ടിക്കുന്നു. ഇനി ഇപ്പോൾ അവളെ ഇവിടെ നിന്ന് ഓടിച്ചു വിടണം, അതാണല്ലേ ഉദ്ദേശ്യം.."

പിന്നെ എന്തൊക്കെയോ അവൻ വിളിച്ചു പറഞ്ഞു. ആ ദേഷ്യത്തിന് ഞാൻ ചാടി അവനെ ഒന്ന് തൊഴിച്ചു.

അത്ര മാത്രമേ ഓർമ്മ ഉളളൂ. എന്തോ വലിയ ശബ്ദം. നോക്കുമ്പോൾ വിഷ്ണുവേട്ടൻ നിലത്തു കിടക്കുന്നൂ. 

അപ്പോൾ മാത്രമാണ് അതൊരു സ്വപ്നം ആണെന്ന് മനസ്സിലായത്.  ഞാൻ ആകെ പേടിച്ചു പോയിരുന്നൂ. വഴക്കിട്ടു കിടന്നതു മാത്രം ഓർമ്മയുണ്ട്. 

വിഷ്ണുവേട്ടനെ സമാധാനിപ്പിക്കുമ്പോൾ മനസ്സിൽ ഒന്നുറപ്പിച്ചിരുന്നൂ. 

"ഇവിടെ എനിക്ക് ഒരു കുറവും ഇല്ല. അനിയനും അനിയത്തിയും കൂടെ വന്നു നിൽക്കട്ടെ. ഇനി അവർക്കായി ബാക്കിയുള്ള ജീവിതം കൂടെ ഹോമിക്കുവാൻ ഞാൻ ഇല്ല. നാളെ എന്ത് എന്നറിയില്ല. എല്ലാവർക്കും അവരുടെ ജീവിതമാണ് വലുത്. ചെറിയ കാര്യങ്ങളുടെ പേരിൽ ഒരിക്കൽ കൈവിട്ടു പോയാൽ ജീവിതം  തിരിച്ചു പിടിക്കുവാൻ പാടാണ്. ചില ചെറിയ പോരായ്മകൾ എല്ലാ ജീവിതത്തിലും ഉണ്ടാകും. എന്നെ ഇഷ്ടപെടുന്ന, മനസ്സിലാക്കുന്ന ഭർത്താവിനെ കിട്ടിയത് തന്നെ ഭാഗ്യമാണ്. കുറച്ചൊക്കെ വിട്ടുവീഴ്ചകൾ അനിയനും അനിയത്തിയും പഠിക്കട്ടെ. അതല്ലേ ശരി. 

................. സുജ അനൂപ് 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA