എൻ്റെ അഭിമാനം ENTE ABHIMANAM, E, FB, N, A, K, KZ, AP, NL, P, LF, EK, SXC, G
"ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ. ആനിവേഴ്സറിക്കു പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളൂ."
"ശരിയാണല്ലോ, ഞാൻ അത് അങ്ങു മറന്നു പോയി."
പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു.
"ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ. മിനി ടീച്ചർ, ആശ ടീച്ചറുടെ പൂർവ്വവിദ്യാർത്ഥി അല്ലെ."
പെട്ടെന്ന് മനസ്സ് പറഞ്ഞു.
"അത് വേണ്ട ടീച്ചറെ, അത് ചെയ്യേണ്ട ആൾ ഞാൻ അല്ല. സലീം ആണ്. അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകൂ."
"സലീമോ, അതാരാ ടീച്ചറെ. ടീച്ചർ എന്താ ഉദ്ദേശിച്ചത്."
"ഒന്നുമില്ല ടീച്ചറെ. സലിം എൻ്റെ ക്ലാസ്സ്മേറ്റ് ആണ്. ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത്. ആശ ടീച്ചറുടെ പ്രീയപ്പെട്ട വിദ്യാർത്ഥി ആണ്."
അത് പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നൂ. ഞാൻ തുടർന്നൂ.
"ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡ്ഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ. അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്."
"ആ സലീമോ. അദ്ദേഹം ഒക്കെ നമ്മുടെ ഈ ചെറിയ ചടങ്ങിന് വരുമോ." ഹേമ ടീച്ചർ അത്ഭുതപ്പെട്ടു.
"വരും, ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത്. അവനെ ഞാൻ വരുത്തും."
അതെൻ്റെ വാശി ആയിരുന്നൂ.
മനസ്സ് പതിയെ ഓർമ്മകളിലേക്ക് പറന്നു. അവിടെ അവൻ ഉണ്ടായിരുന്നൂ. ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്തപ്പേരുള്ള സലീം. മറ്റുള്ളവർക്കെല്ലാം അവനോടു പുച്ഛം ആയിരുന്നൂ എന്നും . എനിക്ക് അവനോടു സഹതാപവും.
വഴിവക്കിൽ പൊറോട്ടയും പോട്ടിയും വിൽക്കുന്ന മമ്മദിക്കയുടെ മകൻ. പറയുവാൻ വലിയ കുലമഹിമയൊന്നും ഇല്ല. സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും കളിക്കുവാൻ പോകും. അവൻ പോകുന്നത് ഉപ്പയെ സഹായിക്കുവാൻ ആണ്.
ആ തട്ടുകടയിലെ പാത്രങ്ങൾ ആണ് അവൻ്റെ കൂട്ടുകാർ. അവൻ്റെ ഉമ്മ രണ്ടു വർഷം മുൻപെയാണ് സർക്കസ് കളിക്കുവാൻ ആ നാട്ടിൽ വന്ന ആളുടെ കൂടെ ഒളിച്ചോടി പോയത്. സർക്കസ്കാർ കൂടാരം അടിച്ചിരുന്നത് അവൻ്റെ വീടിനടുത്തായിരുന്നൂ. അവൻ്റെ ഉപ്പയോടൊപ്പമുള്ള കഷ്ടപ്പാട് നിറഞ്ഞ ജീവിതം വേണ്ടെന്നു വച്ച് അവൻ്റെ ഉമ്മ ഒളിച്ചോടിപ്പോയി. അന്ന് തുടങ്ങിയതാണ് അവൻ്റെ കഷ്ടപ്പാട്.
ഉപ്പ വേറെ പെണ്ണിനെ കൊണ്ട് വന്നൂ. അവർക്കു അവനെ വേണ്ട. അവൻ്റെ വസ്ത്രങ്ങൾ അലക്കുവാനോ അവനെ പഠിപ്പിക്കുവാനോ അവർക്കു ഇഷ്ടമല്ല. ഉപ്പയാണെങ്കിൽ ഒളിച്ചോടിപ്പോയ ഉമ്മയോടുള്ള ദേഷ്യം തീർത്തിരുന്നത് അവനോടായിരുന്നൂ. അവൻ്റെ തട്ടുകടയുടെ മുൻപിലൂടെയാണ് ഞാൻ എന്നും സ്കൂളിൽ പോയിരുന്നത്. അതുകൊണ്ടു തന്നെ കാര്യങ്ങൾ എല്ലാം എനിക്ക് അറിയാമായിരുന്നൂ.
"തട്ടുകടയിലെ പണിക്കു വേറെ ആളെ നിർത്തിയാൽ പൈസ കൊടുക്കേണ്ടേ. ഇവൻ ആവുമ്പോൾ വയറു നിറയെ ഭക്ഷണം കൊടുത്താൽ മതി. അതെന്തായാലും വീട്ടിൽ വെറുതെ ഇരുന്നാലും കൊടുത്തേ പറ്റൂ. അല്ലെങ്കിൽ നാട്ടുകാർ ചോദിക്കില്ലേ മകന് ഭക്ഷണം കൊടുക്കുന്നില്ലേ എന്ന്. അപ്പോൾ പിന്നെ പണി ചെയ്യട്ടെ." അതായിരുന്നൂ അവൻ്റെ ഉപ്പയുടെ പക്ഷം.
ഒളിച്ചോടിപ്പോയ ഉമ്മയ്ക്ക് പെറ്റിട്ട കുഞ്ഞിൻ്റെ വിഷമം അറിയേണ്ടല്ലോ.
അതൊന്നും സ്കൂളിലെ ആർക്കും ഒരു വിഷയമേ അല്ല. ഗവണ്മെന്റ് എന്തായാലും ശമ്പളം കൊടുക്കും. എന്തെങ്കിലും പഠിപ്പിച്ചു എന്ന് കാണിച്ചാൽ പോരെ. കുട്ടികളുടെ മനസ്സു അറിയേണ്ട ഉത്തരവാദിത്ത൦ ടീച്ചർക്കില്ലല്ലോ.
അന്ന് ഞങ്ങൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു, അന്നാണ് അവൻ അവസാനമായി ക്ലാസ്സിൽ വന്നത്. ആശ ടീച്ചറുടെ ക്ലാസ്സു ആയിരുന്നൂ.
ടീച്ചർ പറഞ്ഞു.
"എല്ലാവരും ഒരു പേപ്പറിൽ നിങ്ങൾക്ക് ഭാവിയിൽ ആരാകണം എന്ന് എഴുതിയിട്ട് എൻ്റെ അടുത്തേക്ക് കൊണ്ടുവരൂ."
ഞാൻ ഒട്ടും മടിച്ചില്ല, ഒരു പേപ്പറിൽ ഉടനെ എഴുതി
"ടീച്ചർ."
ഞാൻ നോക്കുമ്പോൾ എല്ലാവരിലും മുന്നേ സലിം ഒരു പേപ്പറിൽ എന്തോ എഴുതി ടീച്ചറുടെ അടുത്തേക്ക് ഓടുന്നൂ.
അവൻ്റെ മുഖത്തു ആദ്യമായി ഞാൻ ഒരു പ്രകാശം കണ്ടു, അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന സലിം.
ടീച്ചർ ആ പേപ്പർ വാങ്ങി നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു.
"നീ ഇതൊന്നു വായിച്ചേ"
സലിം മടിച്ചു മടിച്ചു അത് വായിച്ചു
"പൊറോട്ട കച്ചവടക്കാരൻ"
ടീച്ചർ പുച്ഛത്തോടെ അവനെ നോക്കി.
"വേഷം കണ്ടില്ലേ, കുളിക്കില്ല, പല്ലും തേക്കില്ല, എന്തൊരു നാറ്റം ആണ് അടുത്ത് വരുമ്പോൾ. ഉപ്പക്കും മോനും കൂടെ റോഡിൽ നടന്നു പൊറോട്ട വിൽക്കാം. അതിനിപ്പോൾ വലിയ പഠിപ്പിൻ്റെ ആവശ്യം ഇല്ല."
എല്ലാകുട്ടികളും പൊട്ടിച്ചിരിച്ചു.
അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒപ്പം എൻ്റെയും.
ആ നിമിഷം എൻ്റെ പേപ്പറിൽ എഴുതിയത് ഞാൻ തിരുത്തി എഴുതി.
"ആശ ടീച്ചറെ പോലെ അല്ലാത്ത ടീച്ചർ"
അന്ന് ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ സലിം ടീച്ചറുടെ മുന്നിൽ തല ഉയർത്തി നിൽക്കണം. അതിനുള്ള ഒരു അവസരം ദൈവം തരാതിരിക്കില്ല. അവൻ്റെ ആ കണ്ണുനീർ ഭൂമിദേവിയുടെ മാറു പൊള്ളിച്ചു കാണുമെന്നു എനിക്ക് ഉറപ്പായിരുന്നൂ.
അതിൽ പിന്നെ അവൻ സ്കൂളിൽ വന്നില്ല. സ്കൂൾ വിട്ടു പോകുമ്പോൾ പലപ്പോഴും ഞാൻ അവനെ പൊറോട്ട കടയിൽ കണ്ടു. ചിലപ്പോഴൊക്കെ ഉപ്പയുടെ കൈയ്യിൽ നിന്നും തല്ലുകൊണ്ട് കരയുന്ന അവനെയും. പലപ്പോഴും ഞാൻ ആരുമറിയാതെ കൈയ്യിൽ കരുതിയിരുന്ന പോപ്പിൻസ് അവനു കൊടുക്കും.
ആ സൗഹ്രദം എനിക്ക് പ്രീയപെട്ടതായിരുന്നൂ.
പക്ഷേ പെട്ടെന്നൊരിക്കൽ അവനെ കാണാതായി. ഒളിച്ചോടിപ്പോയി എന്ന് ആരോക്കെയോ പറഞ്ഞു. പിന്നീട് ഒരിക്കലും അവൻ ആ നാട്ടിലേക്കു വന്നില്ല.
വർഷങ്ങൾക്കു ശേഷം എൻ്റെ വിവാഹത്തിന് അവൻ വന്നൂ. അതെനിക്ക് അത്ഭുതം ആയിരുന്നൂ. ഫേസ്ബുക്കിൽ ഞാൻ ഇട്ടിരുന്ന എൻ്റെ വിവാഹ അറിയിപ്പിൻ്റെ പോസ്റ്റ് കണ്ടു വിവാഹത്തിന് അവൻ എത്തി.
അപ്പോഴേക്കും അവൻ ഒത്തിരി വളർന്നിരുന്നൂ, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പലഹാര കച്ചവടക്കാരൻ. ഇഡ്ഡലിയും ദോശമാവും റെഡി മേഡ് പൊറോട്ടയും ഒക്കെ വിൽക്കുന്ന വലിയ കമ്പനിയുടെ ഉടമ.
അന്നെനിക്ക് അവനെ ഓർത്തു ഒത്തിരി അഭിമാനം തോന്നി. എത്രയോ കോളേജുകളിൽ നിന്നും ബിസിനെസ്സ് പഠിക്കുവാൻ കുട്ടികൾ അവൻ്റെ കമ്പനിയിൽ ഇന്റേൺഷിപ്പിനു ആഗ്രഹിക്കുന്നൂ.
അവൻ എന്നെ മറന്നിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അവൻ എല്ലാം ഓർമ്മയിൽ സൂക്ഷിച്ചിരുന്നൂ, എല്ലാം.
.....................................
എനിക്ക് ഉറപ്പായിരുന്നൂ ഞാൻ വിളിച്ചാൽ അവൻ വരും. ഫോണിൽ അവനെ വിളിച്ചപ്പോൾ തന്നെ അവൻ പറഞ്ഞു
"വേണ്ട മിനി, ആ സ്കൂൾ കാലഘട്ടം എനിക്ക് നല്ല ഓർമ്മകൾ ഒന്നും തന്നിട്ടില്ല. എന്നെ മനസ്സിലാക്കുന്ന ഒരു ടീച്ചർപോലും അവിടെ ഉണ്ടായിരുന്നില്ല. ആ നാട് എൻ്റെ ഉമ്മയെയും ഉപ്പയെയും എന്നിൽ നിന്നും പറിച്ചെടുത്തു. എനിക്ക് വയ്യ, ആ നാട് എനിക്ക് ഇഷ്ടമല്ല."
"നീ അങ്ങനെ പറയരുത്. ഇതെൻ്റെ വാശിയാണ്. നീ ഇന്നും എന്നെ നല്ല ഒരു കൂട്ടുകാരിയായി കാണുന്നെങ്കിൽ വരണം. നമ്മുടെ ബാച്ചിലെ എല്ലാവരും വരും. എല്ലാവരെയും ഞാൻ ക്ഷണിച്ചിട്ടുണ്ട്. ആ പഴയ എട്ടാം ക്ലാസ്സിലെ എല്ലാവരും. അവരുടെ മുന്നിൽ നീ കച്ചവടക്കാരനായി നിൽക്കണം. അത് ദൈവവിധിയാണ്."
അവൻ അത് സമ്മതിച്ചു.
ആനിവേഴ്സ്റി ചടങ്ങിൽ അവൻ വന്നിറങ്ങിയത് ഒരു ആഡംബര കാറിൽ ആയിരുന്നൂ. കൂടെ മാനേജരും (ഏതോ ഒരു IIMകാരൻ). അവൻ ചടങ്ങിൽ മനോഹരമായി സംസാരിച്ചു. ജീവിതം അവനെ അത്രമാത്രം പഠിപ്പിച്ചിരുന്നൂ. ചടങ്ങു കഴിഞ്ഞു ഇറങ്ങിയപ്പോൾ ആശ ടീച്ചർ അവനോടു പറഞ്ഞു
"മോൻ പഴയതൊന്നും മനസ്സിൽ വെക്കരുത് കേട്ടോ. മോൻ പറഞ്ഞതൊന്നും എനിക്ക് അർഹതപെട്ടതല്ല എന്ന് ഇന്നെനിക്കറിയാം."
അവൻ ടീച്ചറെ തടഞ്ഞു
"എനിക്ക് അതിലൊന്നും ഒരു പരാതിയുമില്ല ടീച്ചറെ. ഞാൻ നന്നായി പഠിച്ചിരുന്നെങ്കിൽ ഏതെങ്കിലും ഒരു ചെറിയ കമ്പനിയിൽ ഇപ്പോൾ ജോലിക്കാരനായി ഇരുന്നേനെ. അന്ന് ഞാൻ പഠനം നിർത്തിയെങ്കിലും ടീച്ചർ പറഞ്ഞ ഓരോ വാക്കുമാണ് എന്നെ എന്തും നേടുവാനുള്ള വാശിക്കാരൻ ആക്കിയത്."
അപ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ, ഒപ്പം എൻ്റെയും. പിറ്റേന്ന് സ്റ്റാഫ് റൂമിൽ പലരും അടക്കം പറയുന്നത് കേട്ടൂ.
"ഇത്രയും വലിയ മനുഷ്യൻ, എത്ര എളിമയോടെയാണ് സംസാരിച്ചത്. ജീവിതത്തിൽ ഒരിക്കലും ഇത്ര അർത്ഥവത്തായ ഒരു പ്രസംഗം കേട്ടിട്ടില്ല. അയാൾ ഇവിടത്തെ പൂർവ്വവിദ്യാർത്ഥി എന്ന് പറയുന്നത് തന്നെ നമുക്കൊക്കെ അഭിമാനം ആണ്.
..........................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ