എൻ്റെ എല്ലാം ENTE ELLAM, E, A, N, K, P, G, KZ, EK, AP, NA

 തല താഴ്ത്തി അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നൂ, ഒപ്പം പകയും. എല്ലാം നശിപ്പിക്കുവാനുള്ള പക. പത്തു വർഷം ജീവിതം ഹോമിച്ചത് ഈ കമ്പനിക്കു വേണ്ടിയായിരുന്നൂ. ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നൂ. തിരിച്ചൊന്നും പറയണം എന്ന് തോന്നിയില്ല. 

ഇന്നലെ പെട്ടെന്നാണ് HR വിളിച്ചത്, വൈസ്പ്രസിഡന്റിനു കാണണം പോലും. 

മനസ്സ് ഒത്തിരി സന്തോഷിച്ചു.

കാത്തു മോഹിച്ചിരുന്ന ജോലിക്കയറ്റം തരുവാനാകും. മാനേജർ ആയി ഈ കമ്പനിയിൽ വന്നതല്ല. സാധാ ഗുമസ്തനായി ജോലിക്കു കയറിയതാണ്. ഇന്ന്  കമ്പനി ഈ നിലയിൽ ആകുവാൻ ഞാൻ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്. അത് എല്ലാവർക്കും അറിയാം.

കമ്പനിയിലെ എല്ലാവരും അത് പറഞ്ഞതാണ്. 

"ഓ, രാജൻ്റെ ഒരു ഭാഗ്യം. വച്ചവച്ചടി കയറ്റമല്ലേ.."

റീജിയണൽ മാനേജരുടെ പോസ്റ്റ് വന്നപ്പോൾ മുതൽ ഞാനും അത് ആഗ്രഹിച്ചതാണ്. ഏറ്റവും കൂടുതൽ എക്സ്പീരിയൻസ് ഉള്ള ആൾ, മുതലാളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് എല്ലാ മാസവും കിട്ടുന്ന ഒരേ ഒരാൾ, ഉള്ള ബ്രാഞ്ച് നന്നായി കൊണ്ട് നടക്കുന്ന ആൾ, അതുകൊണ്ടു തന്നെ ആ ജോലിക്കയറ്റം എനിക്ക് അവകാശപ്പെട്ടത് ആണ്.

പ്രധാന ശാഖയിലേക്ക് വിളിപ്പിച്ചപ്പോൾ ഒത്തിരി സന്തോഷിച്ചു. തല ഉയർത്തിയാണ് എല്ലാവരുടെയും മുന്നിലൂടെ ചെന്നത്. പല മുഖങ്ങളിലും അസ്സൂയ നിറഞ്ഞിരുന്നൂ. അതെല്ലാം കണ്ടപ്പോൾ അഭിമാനം തോന്നി. സ്വന്തം കഴിവിൽ ആത്മവിശ്വാസവും. 

വൈസ്പ്രസിഡന്റിൻ്റെ മുറിയിലേക്ക് കയറുമ്പോൾ മാത്രം മനസ്സൊന്നു പിടച്ചു. 

ആൾ അത്ര ശരിയല്ല. 

ആദ്യമായിട്ടാണ് അയാൾ എന്നോട് ഒന്നു ഇരിക്കുവാൻ പറഞ്ഞത്. അല്ലെങ്കിൽ അവിടെ വരുമ്പോൾ ഒക്കെ നിന്ന് അയാളുടെ ആജ്ഞകൾ മൊത്തം കേൾക്കണം. 

അധികം ദീർഘിപ്പിക്കാതെ അയാൾ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.

"കമ്പനി അത്ര ലാഭത്തിൽ അല്ല. ചില ബ്രാഞ്ചുകൾ അടച്ചു പൂട്ടുവാൻ തീരുമാനിച്ചു. അവിടെ ഉള്ള ജോലിക്കാരെയൊക്കെ മറ്റു ബ്രാഞ്ചുകളിലേക്കു മാറ്റും. തല്ക്കാലത്തേക്ക് മാനേജർ പോസ്റ്റ് എങ്ങും ഇല്ല. നിങ്ങൾക്ക് വേണമെങ്കിൽ രാജി വയ്ക്കാം."

അവിടെ അയാൾ നിർത്തിയില്ല. കൂടെ ഒരു ഉപദേശവും. 

"ആശയങ്ങൾ ഒരുപാടു ഉണ്ടെങ്കിൽ അതങ്ങു കൈയ്യിൽ വച്ചാൽ മതി. മുകളിലേക്ക് എല്ലാം എത്തിക്കണം എന്നില്ല."

മുതലാളിക്ക് എന്നെ ഇഷ്ടം ആണ്, അത് അയാൾക്ക്‌ തീരെ പിടിച്ചിരുന്നില്ല. എത്ര കാര്യങ്ങൾ ആണ് ആ ബ്രാഞ്ചിന് വേണ്ടി ഞാൻ ചെയ്തത്. എന്നിട്ടും അവസാനം ആ വലിയ വിപണന ശൃoഖല ഉള്ള കമ്പനിയിൽ ഞാൻ ഒന്നും അല്ലാതായിരിക്കുന്നൂ. 

അവിടെ നിന്നും ഇറങ്ങുമ്പോൾ മനസ്സു ആകെ കലങ്ങിയിരുന്നൂ. ആരുടെയും മുഖത്തു നോക്കുവാൻ വയ്യ. ഭാര്യയോട് എന്ത് പറയും. രാപകൽ ഇല്ലാതെ കമ്പനിക്കു വേണ്ടി ഓടുമ്പോൾ പലപ്പോഴും അവൾ കളിയായി ചോദിച്ചിരുന്നൂ.

"മുതലാളി മോളെ കെട്ടിച്ചു തരാമെന്നു പറഞ്ഞിട്ടുണ്ടോ."

തളർന്നു വീട്ടിൽ എത്തി. 

ഇനി ഒരു മാസം കൂടെ ജോലി കാണും. അത് കഴിഞ്ഞാൽ..

വൈകുന്നേരം ശരത് വിളിച്ചിരുന്നൂ. കൂടെ ജോലി ചെയ്യുന്ന പയ്യൻ ആണ്.

"സാർ ഈ ജോലി പോയി എന്ന് കരുതി വിഷമിക്കരുത്. സാറിനെ മനപൂർവ്വം അയാൾ പറഞ്ഞു വിട്ടതാണ്. അയാളുടെ മകൻ ആണ് പുതിയ റീജിയണൽ മാനേജർ. മുതലാളിയുടെ മകൾക്കു അയാളോട് പ്രത്യേക താല്പര്യം ഉണ്ട്. അവൾ ലണ്ടനിൽ നിന്നും പഠിപ്പു പൂർത്തിയാക്കി വന്നാൽ ആ വിവാഹം നടക്കും. സാർ അവിടെ തുടരുന്നത് വൈസ്പ്രസിഡന്റിനു ഇഷ്ടമല്ല. സാറിന് നല്ലതേ വരൂ. ഇപ്പോൾ കാര്യങ്ങൾ നോക്കുന്നത് അവരല്ലേ. മുതലാളിക്ക് ഒന്നും ചെയ്യാനില്ല."

അതെല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. 

വൈകുന്നേരം ഭാര്യ ജോലി കഴിഞ്ഞു വന്നൂ. 

അവൾ എല്ലാം അറിഞ്ഞിരുന്നെന്നു തോന്നുന്നൂ. ശരത്തിൻ്റെ ഭാര്യ അവളോടൊപ്പം ആണ് ജോലി ചെയ്യുന്നത്. തളർന്നു കിടക്കുന്ന എൻ്റെ നെറ്റിയിൽ കൈ വച്ചു. 

"ഏട്ടൻ ഒന്നും പറയേണ്ട. ദാ പിടിച്ചോ അഞ്ചു ലക്ഷം.  എൻ്റെ RD ഡെപ്പോസിറ്റ്, ബാങ്ക് ബാലൻസ് എല്ലാം ഉണ്ട്. ചെറുതായി ഒരു ബിസിനെസ്സ് തുടങ്ങണം. തൽക്കാലം വീട്ടിലെ കാര്യങ്ങൾ നോക്കണ്ട. എൻ്റെ ശമ്പളം ഉണ്ടല്ലോ. ഞാൻ നോക്കിക്കൊള്ളാം. ഒരു മോളല്ലേ ഉള്ളൂ. അവൾക്കു വേണ്ടത് ഞാൻ മാറ്റി വച്ചിട്ടുണ്ട്. ഏട്ടന് ഒത്തിരി ആൾക്കാരെ പരിചയം ഉണ്ടല്ലോ. മുതലാളിക്ക് വേണ്ടി ചെയ്‌തതിൻ്റെ പകുതി അധ്വാനിച്ചാൽ പോലും ഏട്ടൻ മുന്നിൽ വരും. എനിക്ക് ഉറപ്പുണ്ട്."

ആ നിമിഷം അവളുടെ കൈ പിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു. എന്നെ മനസ്സിലാക്കുന്ന അവളാണ് എൻ്റെ ഭാഗ്യം. 

....................

ഏറ്റവും നല്ല ബിസിനെസ്സ്കാരനുള്ള അവാർഡ് വാങ്ങി  ജർണലിസ്റ്റിൻ്റെ മുന്നിൽ ഇരിക്കുമ്പോൾ മനസ്സിൽ എന്തായിരുന്നൂ എന്നറിയില്ല. കുറച്ചു നേരമായി അവർ ഒത്തിരി കാര്യങ്ങൾ ചോദിക്കുന്നൂ. 

"സാർ ഒരിക്കൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ ശൃoഖല മൊത്തം വാങ്ങിയല്ലോ. അതിനെ പറ്റി എന്ത് തോന്നുന്നൂ."

"ദൈവം വലിയവൻ ആണ്. നമ്മുടെ അവകാശങ്ങൾ ആരൊക്കെ പിടിച്ചടക്കിയാലും അതെല്ലാം നമ്മുടെ കൈയ്യിലേക്ക് തന്നെ തിരിച്ചു വരും."

"അവിടെ ഉള്ള ജോലിക്കാരെ ഒക്കെ പിരിച്ചു വിടുമോ.."

"ഇല്ല ചിലരെ പിരിച്ചു വിടേണ്ടി വരും. ബാക്കി ഉള്ളവരെ എന്ത് ചെയ്യണം എന്നുള്ളത് എൻ്റെ മാനേജർ ശരത് നോക്കിക്കൊള്ളും."

മനസ്സിൽ ഒരു മൂലയിൽ ഒതുക്കി വച്ചിരുന്ന പക, അത് ഞാൻ തീർക്കും. അതെങ്ങനെ വേണമെന്നുള്ളത് ഭാര്യ പണ്ടേ പറഞ്ഞു വച്ചിട്ടുള്ളതാണ്.

 അറിയാതെ കണ്ണുകൾ നിറഞ്ഞു. 

"സാർ അവസാനമായി ഒരു കാര്യം ചോദിക്കട്ടെ.." 

"ചോദിച്ചോളൂ"

"ആരാണ് സാറിൻ്റെ ഉയർച്ചയ്ക്ക് പിന്നിൽ.."

ഞാൻ അറിയാതെ ഒന്ന് ചിരിച്ചു.

"നിങ്ങൾ ആദ്യം ഇതാണ് ചോദിക്കേണ്ടിയിരുന്നത്."

"എത്ര വലിയ പ്രശ്നങ്ങൾ വരുമ്പോഴും പുറകിൽ നിന്നും പലരും കുത്തുമ്പോഴും മനസ്സിൽ എനിക്ക് ഒരുറപ്പുണ്ട്. എന്നെ മനസ്സിലാക്കുവാൻ എന്നെ താങ്ങുവാൻ അവൾ എപ്പോഴും എൻ്റെ കൂടെ ഉണ്ടാകും എന്ന്.."

"ആരാണ് അവൾ?"  

ഞാൻ പതിയെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയിലേക്കു കൈ ചൂണ്ടി.

"എൻ്റെ എല്ലാം എല്ലാം അവൾ ആണ്. ഞാൻ കഷ്ടപെട്ടപ്പോൾ ഒക്കെ അവൾ കൂടെ ഉണ്ടായിരുന്നൂ. വലിയ ബിസിനെസ്സ്കാരൻ ആയപ്പോൾ അവൾ പോയി. അഞ്ചു വർഷം ആയി പോയിട്ട്. ക്യാൻസർ ആയിരുന്നൂ. അവളുടെ അസുഖം പോലും അറിയുവാൻ വൈകി. ഒരിക്കൽ പോലും അവൾ വിഷമങ്ങൾ ഒന്നും എന്നെ അറിയിച്ചിരുന്നില്ല."

പെട്ടെന്ന് മകൾ വന്നൂ. 

"അച്ഛാ, മതീട്ടോ. ഇനി അമ്മയെ ഓർത്തു കരയരുത്. അച്ഛൻ എന്നും വിജയിച്ചു നിൽക്കണം അതാണ് അമ്മയ്ക്ക് വേണ്ടത്."

അപ്പോഴും അലമാരയിൽ ഒരു ഡെപ്പോസിറ്റ് പേപ്പർ ഉണ്ടായിരുന്നൂ. മരിക്കുന്നതിന് തലേന്ന് അവൾ എന്നെ ഏൽപ്പിച്ചത്.

"ഏട്ടൻ പാവമാണ്. ആരും ഏട്ടനെ പറ്റിക്കുവാൻ അനുവദിക്കരുത്. ഈ ഡെപ്പോസിറ്റ് മോൾക്ക് വേണ്ടി ഞാൻ കരുതി വച്ചതാണ്. അവളെ ഓർത്തു ഏട്ടൻ ഒരിക്കലും വിഷമിക്കരുത്."

......................സുജ അനൂപ് 





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA