അമ്മായി AMMAYI, FB, N, A, E, K, P, G, LF, KZ, AP

 അമ്മയുടെ മുഖത്തു അവസാനമായി ചുംബനം നൽകുമ്പോൾ മനസ്സു ശൂന്യമായിരുന്നൂ. ദൈവത്തോട് ദേഷ്യം മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളു.

ദൈവം അവിടെ ഇരുന്നു കളിക്കുന്ന ഗെയിമിൽ എന്നെ തട്ടിക്കളിക്കുന്നതു പോലെ തോന്നി.

വിവാഹം കഴിഞ്ഞു അദ്ദേഹത്തോടൊപ്പം കഴിഞ്ഞത് ആകെ അഞ്ചുകൊല്ലമാണ്. ഇരുപതാം വയസ്സിൽ കല്യാണം, ഇരുപത്തഞ്ചാമത്തെ വയസ്സിൽ വൈധവ്യം. 

അദ്ദേഹത്തെ തിരികെ വിളിച്ചപ്പോൾ മക്കൾക്ക് വയസ്സ് മൂന്നും നാലും ആയിരുന്നൂ. രണ്ടുപെൺമക്കൾ അവരെയും കൂട്ടി തറവാട്ടിലേക്ക് അമ്മയോടൊപ്പം പോന്നു. പിന്നെ എന്തിനും തുണ മാത്രം അമ്മയായിരുന്നൂ. 

മക്കൾ ഇപ്പോൾ പത്തിലും ഒൻപതിലും എത്തി നിൽക്കുന്നൂ. ഇത്രയും നാൾ ഒക്കേത്തിനും അമ്മ ഉണ്ടായിരുന്നൂ. 

ആരുമില്ല ഇനി എന്ന് അംഗീകരിക്കുവാൻ മനസ്സ് മടിക്കുന്നത് പോലെ. പൊട്ടിക്കരയണം എന്നുണ്ട്, അതിനു പോലും കഴിയുന്നില്ല. ജീവിതം ഒരു ചോദ്യ ചിഹ്നം പോലെ മുന്നിലുണ്ട്. മക്കളെയും കൂട്ടി മരിക്കാനും വയ്യ. അവർ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. എൻ്റെ സ്വാർത്ഥതയ്ക്കു അവരെ ഇരയാക്കുവാൻ വയ്യ. 

ചുറ്റിലും കൊത്തി പറിക്കുവാൻ നിൽക്കുന്ന കഴുകൻമ്മാർക്ക് ഞാൻ മക്കളെ വിട്ടു നൽകില്ല. പക്ഷേ എത്ര നാൾ എനിക്ക് പിടിച്ചു നിൽക്കുവാൻ ആകും. ജോലിയില്ല, മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ല. ഇനി എങ്ങനെ മുന്നോട്ടു പോകും.

 രണ്ടു വർഷം കഴിഞ്ഞാൽ മൂത്തവളെ പ്രൊഫഷണൽ കോഴ്സിന് വിടണം. അതിനുള്ള പണം ഇല്ല. ഉണ്ടായിരുന്ന സമ്പാദ്യമൊക്കെ അമ്മയുടെ ചികിത്സയ്ക്ക് ചെലവായി. എന്നിട്ടും ക്യാൻസർ അമ്മയെ കൊണ്ടുപോയി.

ഇപ്പോൾ  ഈ വീട്ടിൽ  ഉറങ്ങുവാൻ തന്നെ പേടി തോന്നുന്നൂ. കണ്ണടയ്ക്കുമ്പോൾ പേടി കൂടുന്നൂ. പഴയ തറവാട് വീടാണ്, ഓട് പൊളിച്ചു വല്ലവരും വരുമോ..

കക്കൂസ് ഉള്ളത് പുറത്താണ്, മക്കളോട് ആദ്യമേ പറഞ്ഞു 

"രാത്രി, പുറത്തിറങ്ങുവാൻ പറ്റില്ല. മുള്ളുവാൻ തോന്നിയാൽ ഒരു കപ്പു തരാം. രാവിലെ അതെടുത്തു കഴുകി വച്ചാൽ മതി."

അവർക്കു ചിരി വന്നൂ. 

"ഈ അമ്മയ്ക്ക് എന്താ വട്ടായോ.."

ശരിയാണ്, അവർ പറയുന്നതിലും കാര്യമുണ്ട്.

അമ്മ ആശുപത്രിയിൽ കിടന്നപ്പോൾ ഒക്കെ ഈ വീട്ടിൽ ഞങ്ങൾ ഒറ്റയ്ക്ക് ആയിരുന്നില്ലേ. പക്ഷേ, അപ്പോഴൊക്കെ മനസ്സിൽ ഒരു ധൈര്യം ഉണ്ടായിരുന്നൂ. 

"അമ്മ കൂടെ ഉള്ളത് പോലെ."

ഇപ്പോൾ ഉള്ള ധൈര്യം കൂടെ ചോർന്നു പോയിരിക്കുന്നൂ.

ഒന്ന് കണ്ണടച്ചതേ ഉള്ളൂ. പുറത്തു ആരോ ബെല്ലടിച്ചു. പേടിച്ചു പേടിച്ചാണ് ജനലിലൂടെ നോക്കിയത്. 

ആദ്യം ആളെ  മനസ്സിലായില്ല. പിന്നെ തിരിച്ചറിഞ്ഞു. 

"അമ്മായി.."

വേഗം വാതിൽ തുറന്നൂ. ആ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞു. 

"എന്താ മോളെ ഇത്. പത്രത്തിൽ നിന്നാണ് വിവരം അറിഞ്ഞത്. അവിടെ നിന്ന് വണ്ടി ഓടിച്ചു എത്തിയപ്പോഴേക്കും നേരം വൈകി."

അമ്മായിയും മോനും അകത്തേക്ക് കയറി ഇരുന്നൂ. അപ്പോൾ മനസ്സിൽ കുറ്റബോധം നീറി. 

.............................

"കുഞ്ഞിനേയും കൊണ്ട് ഇറങ്ങികൊള്ളണം. ഇനി ഒരു നിമിഷം ഇവിടെ നിൽക്കുവാൻ പാടില്ല. ഈ സ്ഥലവും വീടും എൻ്റെ പേരിലാണ്, ഒരാങ്ങള ഉണ്ടായിരുന്നത് വഴി പിഴച്ചു പോയില്ലേ. അല്ലെങ്കിൽ നിന്നെ പോലെ ഒരെണ്ണത്തിനെ അവൻ കെട്ടുമോ. ഒരു ഗതിയും പരഗതിയും ഇല്ലാത്തവൾ."

"പിന്നെ, കുറച്ചു പൈസ നിനക്ക് വേണ്ടി അപ്പൻ മാറ്റി വച്ചിട്ടുണ്ട്. അതുംകൊണ്ട് എവിടെ എങ്കിലും പോയി ജീവിച്ചോ. ഇനി ഈ നാട്ടിൽ കാണരുത്, ഞങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാക്കുവാൻ. "

"ജോയിച്ചേട്ടൻ്റെ ആണ് ഈ സന്താനം എന്നൊന്നും എനിക്ക് ഉറപ്പില്ല. അതുകൊണ്ടു അതിനോട് യാതൊരു സഹതാപവും എനിക്കില്ല. പിന്നെ കെട്ടിയോൻ ചത്തിട്ടും ഒരു വർഷം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. ആണ്ടു കഴിയുന്നത് വരെ ഞാൻ ക്ഷമിച്ചു അത്ര മാത്രമേ ഉള്ളൂ."

അമ്മായി, അമ്മയുടെ കാലിലേക്ക് വീണു.

"അങ്ങനെ പറയല്ലേ നാത്തൂനേ, എനിക്ക് ആരുമില്ല എന്നറിയാമല്ലോ. അനാഥാലയത്തിൽ നിന്നല്ലേ ജോയേട്ടൻ എന്നെ മിന്നുകെട്ടി കൊണ്ട് വന്നത്. ഞാൻ പത്തു വയസ്സുള്ള ഇവനെയും കൊണ്ട് എവിടെ പോകും.  ഇവിടത്തെ പണി എല്ലാം ചെയ്‌തോളാം, ഒരു വേലക്കാരിയുടെ സ്ഥാനം മതി എനിക്ക്. അവനെ ഒന്ന് പഠിക്കുവാൻ വിട്ടാൽ മതി."

"എന്നെ നീ നാത്തൂൻ എന്നൊന്നും വിളിക്കേണ്ട. ഇപ്പോൾ തന്നെ ഇറങ്ങിക്കോ. "

"നാത്തൂനേ, നിങ്ങൾക്കും ഒരു മകളില്ലേ, അവളെ ഓർത്തെങ്കിലും.."

അമ്മ നിന്ന് ഉറഞ്ഞു തുള്ളി..

കണ്ണുകൾ തുടച്ചു, അമ്മായി, മോനെയും കൂട്ടി ഇറങ്ങി, അപ്പോൾ അമ്മായി പറഞ്ഞു.

നാളെ എൻ്റെ ഗതി ആ കുഞ്ഞിന് വരാതിരിക്കട്ടെ."

...........................................

പിന്നീട് ഇന്നാണ് ഞാൻ അവരെ കാണുന്നത്. അവർ ആകെ മാറിയിരിക്കുന്നൂ. നല്ല വിലകൂടിയ വസ്ത്രങ്ങൾ. ജോമോനും നല്ല മാറ്റം ഉണ്ട്. വലിയ കാർ. 

പെട്ടെന്ന് അമ്മായി ചോദിച്ചു 

"ജോമോനെ, നിനക്ക് ഇവളെ ഓർമ്മയില്ലേ."

"എനിക്ക് എല്ലാം ഓർമ്മയുണ്ട് അമ്മെ, ഒന്നും ഞാൻ മറന്നിട്ടില്ല."

അത് കേട്ടപ്പോൾ എൻ്റെ മനസ്സൊന്നു പിടഞ്ഞു.

എന്നും പന്തിയിൽ പക്ഷഭേദം ആയിരുന്നൂ. എനിക്കന്നു എട്ടു വയസ്സ് കാണും. അങ്കിളിൻ്റെ മരണത്തിനു ശേഷം അമ്മ എന്നും അവനെ വെറുതെ തല്ലുമായിരുന്നൂ, ഒക്കെയും ഞാൻ പറഞ്ഞു കൊടുത്ത നുണകൾ കാരണം ആയിരുന്നൂ. എൻ്റെ പത്രത്തിലെ ഇറച്ചി കഷ്ണങ്ങളും മുഴുത്ത മീൻ കഷ്ണങ്ങളും കണ്ടു അവൻ ഒത്തിരി വെള്ളം ഇറക്കിയിരുന്നൂ. 

അതിനും അവനു അമ്മയുടെ കൈയ്യിൽ നിന്നും തല്ലു കിട്ടിയിട്ടുണ്ട്.

"മോളെ, നീ എന്താ ആലോചിക്കുന്നത്."

"ഇല്ല, ഒന്നുമില്ല അമ്മായി."

"മോളെ, നിനക്ക് ആരുമില്ല എന്ന് കരുതേണ്ട കേട്ടോ. നിനക്കും മക്കൾക്കും ഞാൻ ഉണ്ട്. നിനക്ക് സമ്മതമാണെങ്കിൽ ഞങ്ങളുടെ കൂടെ വരാം. ബാംഗ്ലൂരിൽ അവൻ്റെ വില്ലയിൽ താമസിക്കാം. അതല്ലെങ്കിൽ എറണാകുളത്തു അവൻ്റെ ഫ്ലാറ്റ് ഉണ്ട്. അവിടെ താമസിക്കാം. കുട്ടികളുടെ പഠനവും മറ്റും അവൻ നോക്കിക്കൊള്ളും."

"ഒന്നും വേണ്ട, അമ്മായി. എന്തായാലും ഇവിടെ വരെ ഒന്നു വന്നല്ലോ. അത് മതി."

അഭിമാനം അവർക്കൊപ്പം പോകുവാൻ അനുവദിച്ചില്ല.

അവസാനമായി അമ്മായി പറഞ്ഞ വാക്കുകൾ എനിക്കോർമ്മയുണ്ട്. 

അവരുടെ കണ്ണീരാണ് എൻ്റെ ജീവിതം തകർത്തത് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലെങ്കിലും ഈ വീടും സ്ഥലവും അവർക്കും മകനും കൂടെ അവകാശപ്പെട്ടതാണ്. ചതിച്ചു നേടിയതൊന്നും മനസ്സമാധാനത്തോടെ അനുഭവിക്കുവാൻ പറ്റില്ല. അതങ്ങനെയാണ്. ദൈവത്തിന് ഒരു നീതിയുണ്ട്. 

"എൻ്റെ മോളെ, നീ ഒന്നും മനസ്സിൽ വയ്‌ക്കേണ്ട കേട്ടോ. എനിക്കെന്നും ദൈവം നന്മ മാത്രമേ ചെയ്തിട്ടുള്ളൂ. ഇവിടെ നിന്നും ഞാൻ നേരെ പോയത്, എൻ്റെ അനാഥാലയത്തിലെ അമ്മമാരുടെ അടുത്തേക്കാണ്. അവരാണ് എന്നെ ജർമ്മനിക്ക് അയച്ചത്, പ്രായമായവരെ നോക്കുവാനായിട്ടു. മോനെ നാട്ടിൽ നല്ല ഹോസ്റ്റലിൽ നിറുത്തി. അവൻ്റെ കാര്യങ്ങൾ എല്ലാം അവർ നോക്കി. ഒത്തിരി കഷ്ടപ്പെട്ടു ഞാൻ അവിടെ. രാവും പകലും എല്ലുമുറിയെ പണി എടുത്തു."

"അവനെ പഠിപ്പിക്കാൻ സാധിക്കുന്നിടത്തോളം പഠിപ്പിച്ചു. അവൻ സ്വന്തം കാലിൽ നിൽക്കാറായപ്പോൾ ഞാൻ തിരികെ പോന്നു. കഷ്ടപ്പാടുകൾ അനുഭവിച്ചല്ലേ അവൻ വളർന്നത്. അതുകൊണ്ടു തന്നെ അവൻ എന്നും പഠനത്തിലും ജോലിയിലും ഒന്നാമൻ ആയിരുന്നൂ. അവൻ്റെ സ്വഭാവം ഇഷ്ടമായ അവൻ്റെ കമ്പനി മുതലാളി അയാളുടെ ഒറ്റമകളെ  അവനു വിവാഹം ചെയ്തു കൊടുത്തു. ആഗ്രഹിച്ചതിലും അധികം അവനു ദൈവം കൊടുത്തിട്ടുണ്ട്."

"ഇവിടെ നിന്നും നിൻ്റെ അമ്മ ഇറക്കി വിട്ടത് കൊണ്ട് ഞങ്ങൾക്ക് നന്മകൾ മാത്രമേ വന്നിട്ടുള്ളൂ. നിന്നെ ഞാൻ എന്നും എൻ്റെ മകളായി മാത്രമേ കണ്ടിട്ടുള്ളൂ. നീ ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയേണ്ട. എന്നെ പോലെ നീ കഷ്ടപ്പെടരുത്. അത് എൻ്റെ ജോയേട്ടൻ്റെ ആത്മാവ് സഹിക്കില്ല. എന്നും നീ കഴിഞ്ഞിട്ടല്ലേ അദ്ദേഹത്തിന് ആരും ഉണ്ടായിരുന്നുള്ളൂ. നീ ഇനി എന്നെ അമ്മയുടെ സ്ഥാനത്തു കാണണം. നമുക്ക് ഇവരെ വളർത്തി നല്ല നിലയിൽ എത്തിക്കേണ്ടെ."

അപ്പോൾ ഞാൻ ഓർത്തു.

അമ്മായി പറഞ്ഞത് ശരിയാണ്, ജീവിച്ചിരുന്ന കാലമൊക്കെയും അങ്കിളിനു ഞാൻ കഴിഞ്ഞിട്ടേ ആരും ഉണ്ടായിരുന്നുള്ളൂ. അതൊന്നും തിരിച്ചു ഞാൻ ജോമോനോട് കാണിച്ചിട്ടില്ല.

പിറ്റേന്ന് അമ്മായിയോടൊപ്പം എറണാകുളത്തെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ മനസ്സിൽ ഒരുതരി അഹങ്കാരം ബാക്കി ഉണ്ടായിരുന്നില്ല. അമ്മായിയുടെ തോളിൽ തല ചായ്ക്കുമ്പോൾ മനസ്സിൽ നിന്നും ആശങ്കകൾ ഒക്കെ നീങ്ങിയിരുന്നൂ. 

കാണാമറയത്തു നിന്നും എന്നെ തേടി വന്ന എൻ്റെ അമ്മ. മനസ്സിന് ധൈര്യം വന്നിരുന്നൂ.

ഇനി മക്കളെ പഠിപ്പിക്കണം. ദൈവത്തോടും പരാതിയില്ല. ചെയ്ത തെറ്റുകൾ ഒത്തിരി ഉണ്ട്. അതിനുള്ള പരിഹാരം കാണണമല്ലോ. അവൻ്റെ നീതി, അത് ഞാൻ അനുഭവിക്കണം. 

....................സുജ അനൂപ് 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G