നിയോഗം NIYOGAM FB, N, E, A, K, SXC, KZ, LF, EK, G, NA

 "അങ്കിൾ, എന്നെ എടുത്തേ."

നോക്കുമ്പോൾ മനുക്കുട്ടൻ പാന്റിൽ പിടിച്ചു വലിക്കുന്നൂ. 

അവനെ വാരി എടുത്തു, ആ കവിളിൽ ഒരുമ്മ കൊടുത്തു. കൈയ്യിൽ കയറിയതും അവൻ കാര്യമായി സംസാരം തുടങ്ങി. എന്നും അങ്ങനെയാണ്, കൂട്ടുകാരനെ (ജോണി) കാണുവാൻ വരുമ്പോൾ അവൻ്റെ മോനുള്ള ഡയറി മിൽക്ക് കൈയ്യിൽ കരുതാറുണ്ട്. 

മിക്കവാറും ശനിയാഴ്ചകളിൽ ഞങ്ങൾ കൂട്ടുകാർ കൂടാറുള്ളതാണ്. അവൻ്റെ ഒഴിഞ്ഞു കിടക്കുന്ന തറവാട് വീട്ടിലാണ് സമ്മേളനം. ഞാനും ജോണിയും അടുത്തടുത്താണ് താമസിക്കുന്നത്. പക്ഷെ, ജോലിത്തിരക്ക് കാരണം കാണുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ്. പക്ഷേ എന്നും വിളിക്കും.

അവിടെ ചെല്ലുമ്പോൾ ആദ്യം മനുക്കുട്ടനെ താലോലിക്കും. അവനറിയാം എൻ്റെ പോക്കറ്റിൽ അവനുള്ള ചോക്ലേറ്റ് കാണുമെന്നു. അതെൻ്റെ മകൾ അവനു വേണ്ടി തന്നു വിടാറുള്ളതാണ്. 

അവൻ പോക്കറ്റിൽ നോക്കി. ചോക്ലറ്റ് ഇല്ല. പിന്നെ കരച്ചിലായി. 

ഞാൻ അവനെയും കൊണ്ട് അടുത്തുള്ള കടയിൽ ചെന്ന് ചോക്ലേറ്റ് വാങ്ങി കൊടുത്തു. മരണത്തിരക്കിനിടയിൽ ചോക്ലേറ്റ് വാങ്ങുവാൻ മറന്നു. ആ മൂന്ന് വയസ്സുകാരന് അറിയുമോ അവൻ്റെ അപ്പ ഇനി വരില്ലെന്ന്. 

അവിടെ ഉള്ളവരുടെ മുഖത്തെല്ലാം സഹതാപ ഭാവം. 

ആരോ പറയുന്നതു കേട്ടു. 

"പാവം കുട്ടി"

ഞാൻ അവനെ നെഞ്ചോടു ചേർത്തു. അപ്പോൾ മനസ്സു പറഞ്ഞു.

"ഇല്ല, അവൻ്റെ അപ്പയുടെ സ്ഥാനത്തു ഞാൻ ഉണ്ട്.."

ചോക്ലേറ്റ് കഴിച്ചു കഴിഞ്ഞതും അവൻ ചോദിച്ചു

"ഇന്നലെ അപ്പ വന്നില്ല. അപ്പ എവിടെ."

എൻ്റെ കണ്ണുകൾ നിറഞ്ഞു

വീട്ടുമുറ്റത്തുള്ള പന്തലിൽ പെട്ടിയിൽ ഒന്നും അറിയാതെ ഉറങ്ങുന്നത് അവൻ്റെ അപ്പയാണ്. അത് അവനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.

അവൻ വീണ്ടും പറഞ്ഞു തുടങ്ങി.

"അപ്പ എനിക്ക് കാറ് കൊണ്ടോരാൻ പോയതാണല്ലോ, അങ്കിളിനും കാറ്  കളിക്കുവാൻ തരാട്ടോ."

അവൻ്റെ ശവശരീരം ഞാൻ ഏറ്റു വാങ്ങുമ്പോൾ കൂടെ പൊട്ടിപൊളിഞ്ഞ ഒരു കളിപ്പാട്ടകാറും പെഴ്സും ഉണ്ടായിരുന്നൂ. 

ആ കാറും കാത്തിരിക്കുന്ന പാവം മകൻ. 

പെട്ടെന്ന് ആരോ വിളിച്ചു പറഞ്ഞു.

"എടുക്കാറായിട്ടോ. അവസാനമായി ചുംബിക്കേണ്ടവർക്കു ആകാം."

ഞാൻ മനുക്കുട്ടനെ എടുത്തു പെട്ടിക്കു അടുത്തേക്ക് ചെന്നു. ശവശരീരം കണ്ടതും അവൻ അലറിക്കരഞ്ഞു.

"വാ, പോവാം നിച്ചു പേടിയാ.."

മുത്തം കൊടുക്കുവാൻ പോയിട്ട്, പെട്ടിക്കു അടുത്തേക്ക് പോകുവാൻ അവൻ തയ്യാറായില്ല. അവൻ്റെ അമ്മ (മിനി) അവനെ എടുക്കുവാൻ നോക്കി. അവൻ പോകുവാൻ തയ്യാറായില്ല. മിനിയുടെ കരച്ചിൽ കണ്ടു അവൻ പേടിച്ചിരിക്കുന്നൂ.

പിന്നെ മുതിർന്നവർ ആരോ പറഞ്ഞു.

"വേണ്ട, കുഞ്ഞല്ലേ. അതിനു ഒന്നും അറിയില്ലല്ലോ."

കരച്ചിലിനിടയിൽ അവൻ അപ്പയെ വിളിക്കുന്നുണ്ടായിരുന്നൂ. 

അത് കേട്ടതും കൂടി നിന്നിരുന്നവർ ഉറക്കെ അലമുറയിട്ടു. 

.........................

ഇന്നലെ രാത്രിയാണ് എനിക്ക് ഒരു കാൾ വന്നത്. 

"ഇവിടെ വൈറ്റിലയിൽ ഒരപകടം നടന്നിരിക്കുന്നൂ. ലോറി കാറിൽ ഇടിച്ചു കയറി. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് കാരണം. അപകട സ്ഥലത്തു നിന്നും കിട്ടിയ മൊബൈലിൽ നിങ്ങളുടെ പേരുണ്ട്. വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വരണം." 

ഞാൻ വേഗം ഓടി ചെന്നൂ. 

പക്ഷേ ഞാൻ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നൂ. 

സ്കൂൾ കാലഘട്ടം മുതലുള്ള ബന്ധം ആണ്. ഒരുമിച്ചൊരു എഞ്ചിനീറിംഗ് കോളേജ് വരെ അത് നീണ്ടു. ഇന്നിപ്പോൾ അത് അവസാനിച്ചിരിക്കുന്നൂ. അവൻ്റെ കൂടെ പെണ്ണ് കാണുവാൻ പോയതും, മിനിയുടെ പ്രസവ സമയത്തു ആശ്വസിപ്പിച്ചു കൂടെ നിന്നതും എല്ലാം ഞാൻ ആയിരുന്നൂ. 

ഞാൻ അല്ലാതെ അവനു വേറെ കുടപ്പിറപ്പില്ല അടുത്ത കൂട്ടുകാരും. 

ഒറ്റമകൻ. അവൻ്റെ മാതാപിതാക്കൾക്ക് ഇനി ഞാനേ ഉള്ളൂ.. 

ആ ശരീരവും ഞാൻ തന്നെ ഏറ്റുവാങ്ങണം എന്നുള്ളത് വിധിയാകുമോ അതോ നിയോഗമോ.

പക്ഷേ അങ്ങനെ ഒരു നിയോഗം ആർക്കും വരാതിരിക്കട്ടെ..

ചിരിച്ചുകൊണ്ട് അവൻ ആ പെട്ടിയിൽ അങ്ങനെ കിടക്കുന്നൂ. അതെങ്ങനെ ഞാൻ സഹിക്കും.

..............................

ചടങ്ങുകൾ എല്ലാം തീർന്നപ്പോൾ എല്ലാവരും പിരിഞ്ഞു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ. 

മാറിൽ കിടന്നുറങ്ങുന്ന മനുക്കുട്ടനെ മിനിയുടെ അമ്മ എടുക്കുവാൻ നോക്കി. അവൻ പോയില്ല.

ഞാൻ പറഞ്ഞു.

"വേണ്ട, ഞാൻ അവനെ വീട്ടിലേക്കു കൊണ്ട് പൊക്കോളാം. മിനിയെ നോക്കു. അടുത്ത വളവിൽ അല്ലെ എൻ്റെ വീട്. അവൻ ഇടയ്ക്കു അവിടെ വന്നു  നിൽക്കുന്നതാണ്. ഇന്നവൻ നന്നായി പേടിച്ചിട്ടുണ്ട്. ചെറിയ പനിയും ഉണ്ട്. ഇന്നിനി അവനെ കൂടുതൽ വിഷമിപ്പിക്കുവാൻ വയ്യ. ഞാൻ അവനെ ഒന്ന് ആശുപത്രിയിൽ കാണിക്കാം. അവൻ നന്നായി പേടിച്ചിട്ടുണ്ട്."

മിനിയുടെ അമ്മ തലയാട്ടി, ഒപ്പം എൻ്റെ ഭാര്യയും. 

അന്നാദ്യമായി എനിക്ക് ദൈവത്തോട് ദേഷ്യം തോന്നി. എൻ്റെ മനുക്കുട്ടനെ അനാഥൻ ആക്കിയ ദൈവത്തോട്..

എൻ്റെ ജോണിയുടെ എല്ലാമാണ് എൻ്റെ മാറിൽ കിടക്കുന്നത്. അവനു ഇനി ഞാൻ ഉണ്ട്. 

ആ ശരീരം ഏറ്റുവാങ്ങുമ്പോൾ ഞാൻ കൊടുത്ത വാക്കാണ് അത്, എൻ്റെ ജോണിക്ക്. 

ഒരുപക്ഷേ ഇതാവും എൻ്റെ നിയോഗം. നാളെ ഒരിക്കൽ മിനിക്ക് വേറെ വിവാഹം വേണമെന്ന് തോന്നിയാലും അവനെന്നും അവൻ്റെ അപ്പയുടെ സ്ഥാനത്തു ഞാൻ ഉണ്ടാകും. ഒരിക്കലും എൻ്റെ മകളെയും അവനെയും ഞാൻ തിരിച്ചു കാണില്ല. 

....................... സുജ അനൂപ് 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA