കുരുത്തംകെട്ടവൻ KURUTHAMKETTAVAN, FB, N, A, E, K, KZ, P, NA, EK, LF

 "ടാ നിന്നോട് അവിടെ നിൽക്കുവാനാണ് പറഞ്ഞത്. എൻ്റെ കൈയ്യിൽ നിന്നും നീ മേടിക്കും. കുരുത്തം കെട്ടവൻ."

വടിയുമായി പുറകെ ഞാൻ പാഞ്ഞു. പശുതൊഴുത്തിൻ്റെ അടുത്ത് വച്ച് അവൻ്റെ കൈയ്യിൽ പിടുത്തം കിട്ടി. വയസ്സ് പത്തേ ഉള്ളൂ ചെറുക്കന്. ഓരോ ദിവസം കഴിയുന്തോറും കുരുത്തക്കേട് കൂടി വരുന്നേ ഉളളൂ. 

"ഈ തൊഴുത്തു അടിച്ചു വാരി കഴുകി ഇട്ടാലെ നിനക്ക് ഞാൻ ഇന്ന് ഭക്ഷണം തരൂ."

പറഞ്ഞു തീരുന്നതിനു മുൻപേ അവൻ ചാണകം വാരി എൻ്റെ മുഖത്തേക്ക് എറിഞ്ഞു. എന്നിട്ടവൻ പുറത്തേക്കോടി. ഇനി അദ്ദേഹം വന്നാലേ അവൻ തിരിച്ചു വരൂ. 

എനിക്ക് നല്ല ദേഷ്യം വന്നൂ. 

ഞാൻ രണ്ടാനമ്മയല്ലേ, എന്ത് ചെയ്താലും പറഞ്ഞാലും കുറ്റം എനിക്ക് മാത്രമാണ്. ഇന്നിപ്പോൾ അയല്പക്കത്തെ ചെക്കനുമായി തല്ലുണ്ടാക്കിയിരിക്കുന്നൂ. എന്നും ഓരോ കേസാണ് ചെറുക്കൻ്റെ പേരിൽ. 

ഒരു തുള്ളി സ്വസ്ഥത തരില്ല ഈ ചെകുത്താൻ. 

"സീനേച്ചി.."

തിരിഞ്ഞു നോക്കിയപ്പോൾ അനിയത്തി (റിനി) നിന്ന് ചിരിക്കുന്നൂ. അവൾ വന്നത് അറിഞ്ഞതേ ഇല്ല. 

"നീ എപ്പോൾ വന്നൂ."

അവൾ ചിരിച്ചുകൊണ്ടേയിരുന്നൂ..

ഞാൻ ഓടി മനുക്കുട്ടൻ്റെ (അനിയത്തിയുടെ മകൻ) അടുത്തേക്ക് 

"എൻ്റെ ചക്കരകുട്ടൻ എവിടെ, വാ ഒരുമ്മ താ.."

റിനി മോനെ പ്രസവിച്ചു തന്നത് എൻ്റെ കൈയ്യിലേക്കാണ്. അവനെ മൂന്ന് വയസ്സ് വരെ വളർത്തിയതും ഞാൻ ആണ്. ഇപ്പോഴും ചെക്കന് ഞാൻ കഴിഞ്ഞിട്ടേ ആരുമുള്ളൂ. 

അവൻ ഓടി വന്നൂ, പക്ഷേ ഉമ്മ തന്നില്ല. 

"സീനേച്ചി, ആദ്യം പോയി മുഖം കഴുകൂ. എന്നിട്ടവൻ ഉമ്മ തരും."

ഞാൻ പതിയെ കുളിമുറിയിലേക്ക് നടന്നൂ.

ഈ വീട്ടിൽ വന്നിട്ട് ആറു മാസം ആയിട്ടേ ഉള്ളൂ. 

വിവാഹം വേണ്ട എന്ന് വച്ചിരുന്നതാണ്. എല്ലാം എൻ്റെ തെറ്റാണ്. ഒന്നും വേണ്ടായിരുന്നൂ. വെറുതെ ഈ നരകത്തിലേക്ക് കയറി വന്നൂ.

കോളേജിൽ കൂടെ പഠിച്ചിരുന്ന സിബിയെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നൂ. പക്ഷേ കാര്യം കഴിഞ്ഞപ്പോൾ അവൻ എന്നെ കൈവിട്ടു. ഗർഭിണി ആയ എന്നെ അവൻ സ്വീകരിച്ചില്ല. ആരുമറിയാതെ അമ്മയാണ് ഗർഭച്ഛിദ്രത്തിന് കൊണ്ട് പോയത്. ഡോക്ടർക്കു പറ്റിയ ഒരു കൈയബദ്ധം. പിന്നീട് അങ്ങോട്ട് ബ്ലീഡിങ്ങ് ആയിരുന്നൂ. അവസാനം ഗർഭപാത്രം നീക്കേണ്ടി വന്നൂ. അതുകൊണ്ടു തന്നെ പിന്നീടൊരു വിവാഹത്തെ പറ്റി ചിന്തിച്ചില്ല. 

അനിയത്തിയുടെ വിവാഹസമയത്തും ആളുകൾ അർത്ഥം വച്ച് ഓരോന്ന് പറഞ്ഞു. അതൊന്നും ഞാൻ കേട്ടില്ല എന്ന് നടിച്ചു. 

അനിയത്തിയുടെ  ഭർത്താവിൻ്റെ പരിചയത്തിൽ നിന്നാണ് ഈ ആലോചന വന്നത്. ഭാര്യ പ്രസവത്തിൽ മരിച്ചു പോയ ആൾ. മറ്റൊരു വിവാഹം കഴിക്കുവാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ആകെ ഒരു വർഷം മാത്രമാണ് അദ്ദേഹം ഭാര്യക്കൊപ്പം കഴിഞ്ഞത് പോലും. ഒരു മകൻ ഉണ്ട്, പത്തു വയസ്സായി പോലും. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു. 

ആദ്യരാത്രിയിലെ അയാൾ പറഞ്ഞു

"എൻ്റെ മനസ്സിൽ എന്നും മിനി (ആദ്യഭാര്യ) മാത്രമേ ഉണ്ടാകൂ. അവനൊരമ്മ, അതിലുപരി ഒന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്. എനിക്ക് അതിനു കഴിയില്ല."

അല്ലെങ്കിലും എനിക്ക് വലിയ സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതെല്ലാം തല്ലി തകർത്തില്ലേ അവൻ. 

അയാളുടെ മകന് എന്നോട് തുടക്കം മുതലേ വെറുപ്പായിരുന്നൂ. ഞാൻ എന്ത് പറഞ്ഞാലും അവൻ അനുസരിക്കില്ല. കുരുത്തംകെട്ടവൻ. 

പെട്ടെന്ന് പുറത്തു നിന്നും വിളി കേട്ടൂ. 

"എന്തോ കുളിയാ ചേച്ചി, ഒന്ന് വരുന്നുണ്ടോ."

വേഗം പുറത്തിറങ്ങി. 

"സീനേച്ചി, ഞാനും മോനും രണ്ടു ദിവസ്സം ഇവിടെ ഉണ്ടാകും."

ഞാൻ തലയാട്ടി. 

രാത്രി എല്ലാവരും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു. ഞാൻ അന്ന് അനിയത്തിയുടെ ഒപ്പം കിടന്നൂ.

"സീനേച്ചി.."

"ഊം എന്താ.."

ചേച്ചിക്ക് ഇവിടെ ഇഷ്ടമായോ.."

ഞാൻ ഒന്നും മിണ്ടിയില്ല.

"ചേച്ചി, വിനുവിനെ കുറച്ചു കൂടെ സ്നേഹിക്കണം."

പിറ്റേന്ന് അവൾ വിനുവിന് ചായയും പുട്ടും കൊടുത്തു. അവൻ്റെ അടുത്തിരുന്നു ഓരോന്ന് ചോദിച്ചു. ആദ്യം അവൻ ഒന്നും മിണ്ടിയില്ലെങ്കിലും പതിയെ അവൻ അവളോട് കൂട്ടു കൂടി. 

രണ്ടു ദിവസ്സം എന്ന് പറഞ്ഞ അവൾ ഒരാഴ്ച എൻ്റെ കൂടെ നിന്നൂ. വിനുവും അവളും നല്ല കൂട്ടായി. 

അന്ന് രാത്രി അവൾ പറഞ്ഞു.

"ചേച്ചി, നാളെ ഞാൻ പോകും. വിനു കൊച്ചുകുട്ടിയാണ്. അവൻ്റെ അച്ഛൻ അവനെ ലാളിക്കാറില്ല. അവനെ ആരും സ്നേഹിച്ചിട്ടില്ല. അതെനിക്ക് മനസ്സിലായി. ആ മനസ്സു എത്ര നീറുന്നുണ്ടാകും. ചേച്ചിയുടെ പ്രശ്നങ്ങൾ എനിക്കറിയാം. നമുക്കെല്ലാവർക്കും നമ്മുടെ പ്രശ്നങ്ങൾ ആണ് വലുത്. ചേച്ചിയെ അവൻ ശത്രുവായല്ലേ കരുതൂ. അവൻ്റെ അച്ഛനെ അവനിൽ നിന്നും അകറ്റുവാൻ വന്നവൾ. പക്ഷേ ചേച്ചിക്ക് അവനെ സ്നേഹിക്കുവാൻ ആകും. എൻ്റെ മോൻ എത്ര കുസൃതി കാണിക്കുന്നു. എന്നിട്ടും ചേച്ചി അവനെ തല്ലാറുണ്ടോ. ഇല്ലല്ലോ. അത് പോലെ തന്നെ അല്ലെ അവനും. അവൻ ചേച്ചിയുടെ മകൻ ആണ്. അവൻ ചേച്ചിയെ വെറുത്തോട്ടെ. ചേച്ചി പക്ഷേ അവനെ സ്നേഹിക്കണം. ആ കുഞ്ഞുമനസ്സു നീറുന്നതു ചേച്ചി അറിയണം."

ഞാൻ ഒന്നും മിണ്ടിയില്ല.

"ചേച്ചിയുടെ മകൻ ഇന്നുണ്ടായിരുന്നെങ്കിൽ അവൻ്റെ പ്രായം കണ്ടേനെ. അവനെ അതുപോലെ കണ്ടു കൂടെ. സിബിയോടുള്ള ദേഷ്യം അവനോട് വേണ്ട. ഒരു ചെറിയ ജീവിതം അല്ലെ നമുക്കുള്ളൂ. അവൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ആ കുട്ടി ഇങ്ങനെ ആവില്ലായിരുന്നല്ലോ. ആരും സ്നേഹിക്കുവാനില്ല എന്ന തോന്നൽ ആണ് അവനെ ഇങ്ങനെ ആക്കുന്നത്. ചേട്ടനും പതിയെ മാറും, എൻ്റെ ആ പഴയ ചേച്ചി എവിടെ, എല്ലാവരെയും സ്നേഹിക്കുന്ന ചേച്ചി."

പിറ്റേന്ന് അവൾ പോയി.

അവളുടെ വാക്കുകൾ എന്നെ ഒത്തിരി ചിന്തിപ്പിച്ചു. അല്ലെങ്കിലും ഒരു കൊച്ചുകുട്ടിയുടെ വികൃതികൾ ഒരമ്മയുടെ കണ്ണിലൂടെ കാണുവാൻ ഞാൻ ശ്രമിച്ചിട്ടില്ലായിരുന്നൂ. അതെൻ്റെ തെറ്റാണു. 

കുരുത്തംകെട്ടവൻ എന്നാണല്ലോ എന്നും ഞാൻ അവനെ വിളിച്ചിരുന്നത്. 

പിന്നീടെന്തോ വിനു കാണിക്കുന്ന കുരുത്തക്കേടുകൾ എല്ലാം ഞാൻ കണ്ടില്ല എന്ന് നടിച്ചു. അവനെ സ്നേഹിക്കുവാൻ ശ്രമിച്ചു. 

പതിയെ പതിയെ അവൻ എന്നെ മനസിലാക്കി. അല്ലെങ്കിലും ആരൊക്കെ എന്തൊക്കെ പറഞ്ഞു കൊടുത്താലും സ്നേഹത്തിനു മാറ്റുവാൻ കഴിയാത്തതായി ഒന്നുമില്ലല്ലോ. 

അന്നവൻ എന്നോട് ചോദിച്ചു 

"അമ്മയ്ക്ക് എന്നെ ഇഷ്ടമാണോ."

"എൻ്റെ മോനെ, എനിക്ക് നീ കഴിഞ്ഞേ ആരുമുള്ളൂ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മോൻ അത് കേൾക്കണ്ട കേട്ടോ. ഞാൻ എന്നും നിനക്കൊപ്പം ഉണ്ടാകും."

അവൻ തലയാട്ടി. 

ആദ്യമായി അവൻ എന്നെ അമ്മ എന്ന് വിളിച്ചു. 

പിന്നീടൊരിക്കലും അവനെ ഞാൻ ഒറ്റയ്ക്ക് അവൻ്റെ അമ്മവീട്ടിൽ അയച്ചില്ല. അയല്പക്കത്തെ പെണ്ണുങ്ങൾ അവനെ പറ്റി കുറ്റം പറയുവാനും അനുവദിച്ചില്ല. ചില ജന്മങ്ങൾ അങ്ങനെയാണ് ആരാൻ്റെ  അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണുവാൻ നല്ല ചേല് എന്ന് പറഞ്ഞു നടക്കുന്നവർ. അവൻ്റെ മനസ്സിൽ ആരും വിഷം കുത്തി വയ്ക്കുവാൻ ഇടവും കൊടുത്തില്ല. എനിക്ക് അവനും അവനു ഞാനും എന്നും ഉണ്ടാവണം. 

അല്ലെങ്കിലും സ്നേഹത്തിനു മായ്ക്കുവാൻ കഴിയാത്ത മുറിവുകൾ ഉണ്ടോ...

.....................സുജ അനൂപ് 




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G