മോചനം MOCHANAM FB, N, A, E, K, P, KZ, LF, AP, NA, SXC

 "അവൾ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. എന്തെങ്കിലും പറഞ്ഞാലല്ലേ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുവാൻ പറ്റൂ."

"അഹങ്കാരത്തിനു ഇപ്പോഴും ഒരു കുറവും ഇല്ല." നാത്തൂനാണോ അത് പറഞ്ഞത്. 

അറിയില്ല.

"അതന്നെ അല്ലെങ്കിൽ ഇത്ര ചെറുപ്പത്തിലേ അവനെ ദൈവം വിളിക്കുമോ. എന്ത് നല്ല ചെക്കനായിരുന്നൂ. അവൾക്കു യോഗമില്ല. അവളുടെ അഹങ്കാരത്തിനുള്ള ശിക്ഷ."

അഹങ്കാരികളായ പെണ്ണുങ്ങളുടെ ഭർത്താക്കൻമാർ വേഗം മരിച്ചു പോകുമോ. അതൊരു പുതിയ അറിവായിരുന്നൂ.

ചുറ്റിലും കുറ്റപ്പെടുത്തലുകളും ഒപ്പം ചില സഹതാപ തരംഗങ്ങളും.

എല്ലാം ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ ആരോടും ഒന്നും എനിക്ക് പറയുവാനില്ല. ഒരു നിമിഷം കൊണ്ടാണ് എൻ്റെ ലോകം കീഴ്മേൽ മറിഞ്ഞത്. അതുൾക്കൊള്ളുവാൻ തന്നെ എനിക്കായിട്ടില്ല. ഈ വീട്ടിൽ നിന്നും ഒരു മോചനം എന്നും ഞാൻ ആഗ്രഹിച്ചിരുന്നൂ. അതെങ്ങനെ എന്ന് എനിക്കറിയില്ലായിരുന്നൂ.

ചുറ്റിലും നിന്നു അഭിപ്രായം പറയുവാൻ ആർക്കും കഴിയും. ആ അവസ്ഥ അനുഭവിക്കുന്നവൾക്കേ അതിൻ്റെ തീവ്രത മനസ്സിലാകൂ. ഇത്ര ചെറുപ്പത്തിലെ ഒരു വിധവാപ്പട്ടം അത് ഞാൻ അർഹിച്ചിരുന്നോ അതോ ഇതെൻ്റെ വിധിയിൽ നിന്നും ഉള്ള മോചനം ആകുമോ.

റാമിൻ്റെ കൈ പിടിച്ചു പോരുമ്പോൾ മനസ്സിൽ ഒത്തിരി സ്വപ്നങ്ങൾ ഉണ്ടായിരുന്നൂ. ബിരുദം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. മനസ്സ് കൊണ്ട് ഒരിക്കലും വിവാഹത്തിന് ഞാൻ തയ്യാറായിരുന്നില്ല. 

കൂടെ പഠിച്ചവരൊക്കെ പുതിയ കോഴ്‌സുകൾക്ക് ചേർന്നൂ. ഞാൻ മാത്രം വിവാഹിതയായി. 

ജാതകത്തിൽ ഉണ്ടത്രേ..

"ഇരുപത്തൊന്നിനു മുൻപേ വിവാഹം നടക്കണം. ഇല്ലെങ്കിൽ പിന്നെ മുപ്പതിലെ നടക്കൂ." 

ആ ജാതകം എഴുതിയവനെ തല്ലണം എന്നാണ് ആദ്യം കരുതിയത്. പക്ഷേ അയാൾ ആരാണാവോ...

പഠിച്ചൊരു ജോലി നേടണം, ലോകം മുഴുവൻ കറങ്ങണം. പിന്നെ വേണമെന്ന് തോന്നിയാൽ മാത്രം ഒരു വിവാഹം. അതായിരുന്നൂ എന്നും മനസ്സിൽ.

അച്ഛനും അമ്മാവൻമ്മാരും കൂടെ യോഗം കൂടി തീരുമാനം എടുത്തു. 

"നമ്മുടെ കുടുംബത്തിൽ ആരും മുപ്പതു വരെ കെട്ടാതെ നിൽക്കാറില്ല. നല്ല ചെറുക്കനെ കിട്ടണമെങ്കിൽ നേരത്തെ തന്നെ ആവണം. ഇനി ഒന്നും ആലോചിക്കാനില്ല. അവളുടെ വിധി അതാവും. ഇനി അഞ്ചു മാസം കൂടെ ഉള്ളൂ, വേഗം കല്യാണം നടത്തണം."

പിന്നെ അങ്ങു കല്യാണ ആലോചനകളുടെ തിരക്കായിരുന്നൂ. അങ്ങനെ അവർ കണ്ടെത്തിയ വരൻ ആയിരുന്നൂ റാം. 

ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ എന്തോ റാമിനെ എല്ലാവർക്കും ഇഷ്ടമായി. 

നല്ല കുടുംബം, നല്ല ജോലി, എല്ലാത്തിലും ഉപരി ജാതക പൊരുത്തവും. പ്രതീക്ഷിച്ച പോലെ തന്നെ ആ വിവാഹം നടന്നൂ. 

റാം നല്ലവൻ ആയിരുന്നൂ എല്ലാവർക്കും എല്ലാ അർത്ഥത്തിലും, പക്ഷേ എനിക്ക് അങ്ങനെ ആയിരുന്നില്ല. 

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ എനിക്ക് മനസ്സിലായി. ഞാൻ കണ്ട സ്വപ്നങ്ങൾക്കൊന്നും അവൻ്റെ മുൻപിൽ വിലയില്ലെന്ന്. 

ജോലിക്കു പോകുന്നതോ പഠിക്കുവാൻ പോകുന്നതോ റാം ഇഷ്ടപ്പെട്ടിരുന്നില്ല. എനിക്ക് അവിടെ ഒരു കുറവും ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അധികം സ്വപ്നങ്ങൾ ഇല്ലാത്ത ഒരു പെൺകുട്ടി അവനൊപ്പം സന്തോഷമായി ജീവിച്ചേനെ. 

പക്ഷേ, എനിക്ക് എൻ്റെ സ്വപ്നങ്ങൾ ഉണ്ടായിരുന്നൂ. അതെല്ലാം വിവാഹത്തിന് ശേഷം ഒരു പെട്ടിക്കുള്ളിൽ അടച്ചു മറ്റുള്ളവരുടെ മുൻപിൽ ഞാൻ സന്തോഷം അഭിനയിച്ചു. 

ഒരിക്കൽ മാത്രം അമ്മയോട് സങ്കടം പറഞ്ഞു. അതിനു അമ്മ നൽകിയ മറുപടി എന്നെ അത്ഭുതപ്പെടുത്തി. 

"നിനക്കെന്താ കുട്ടി, അവനു ഒരു ദുഃശീലങ്ങളും ഇല്ല. നിന്നെ തല്ലാറില്ല. വേണ്ടതെല്ലാം വാങ്ങി തരും. ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം അതാണ്. പുറത്തു പറഞ്ഞാൽ ആളുകൾ നിന്നെ മാത്രമേ കുറ്റപ്പെടുത്തു. ഒരു ജോലി നേടുന്നത് അത്ര വലിയ കാര്യമാണോ. നിന്നെക്കാളും നന്നായി പഠിച്ചിരുന്ന കുട്ടി അല്ലെ ലതിക (അമ്മാവൻ്റെ മകൾ), ഇപ്പോൾ അവൾ കുട്ടികളെ നോക്കി നന്നായി കഴിയുകയല്ലേ."

റാമിന് ഇഷ്ടമുള്ള ഭക്ഷണം, റാമിൻ്റെ ഇഷ്ടങ്ങൾ അങ്ങനെ എപ്പോഴോ ഞാൻ എൻ്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നു. അല്ലെങ്കിൽ എനിക്കെപ്പോഴോ എല്ലാത്തിനോടും മടുപ്പു തോന്നിതുടങ്ങിയിരുന്നൂ. പിന്നെ എല്ലാം യാന്ത്രികമായി.

ഈ രണ്ടു  വർഷങ്ങൾ കൊണ്ട് തന്നെ എനിക്ക് ജീവിതത്തോടു തന്നെ മടുപ്പു തോന്നിയിരുന്നൂ. 

പെട്ടെന്നാണ് റാം പോയത്. ഒട്ടും പ്രതീക്ഷിക്കാതെ, അതും COVID വന്നിട്ട്. 

പെട്ടെന്ന് എൻ്റെ ചിന്തകളെ തുളച്ചുകൊണ്ടു റാമിൻ്റെ അച്ഛൻ പറഞ്ഞു.

"നിരഞ്ജന ഇവിടെ നിന്നോട്ടെ. ഞങ്ങൾ മകളെ പോലെ നോക്കിക്കൊള്ളാം. അല്ലാ, അവൾ ഞങ്ങളുടെ മകൾ തന്നെയല്ലേ."

എൻ്റെ കണ്ണുകൾ നിറഞ്ഞു 

ഈ വീട് എൻ്റെ ആണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എൻ്റെ സ്വപ്നങ്ങളുടെ ശവകുടീരം ആണെന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ.

പക്ഷേ എനിക്ക് വേണ്ടി ആരാണ് സംസാരിക്കുക. ആരും ഇല്ലല്ലോ എന്നെ മനസ്സിലാക്കുവാൻ. ഉണ്ടായിരുന്നെങ്കിൽ എന്നെ ഇവിടെ വിട്ടിട്ടു അച്ഛനും അമ്മയും പോകുമായിരുന്നോ. 

പെട്ടെന്നാണ് അമ്മ പറഞ്ഞത്. 

"ഞാൻ അവളെ കൊണ്ട് പോകുന്നൂ. കഴിഞ്ഞ ആറുമാസങ്ങൾ അവൾ റാമില്ലാതെ ഇവിടെ കഴിഞ്ഞു. നിങ്ങൾക്ക് ഒരു വേലക്കാരിയെ വെറുതെ കിട്ടി. അത്ര തന്നെ. ഇനി അവളുടെ ജീവിതം അവൾ തീരുമാനിക്കട്ടെ. വിധവ എന്ന് പറഞ്ഞു അവളെ ആരും ഒതുക്കി നിർത്തേണ്ട."

"ദേവി, നീ ഒന്ന് മിണ്ടാതിരിക്കൂ. ഇപ്പോൾ അവൾ അവരുടെ മരുമകൾ ആണ്. അവർ തീരുമാനിക്കട്ടെ കാര്യങ്ങൾ."

"എൻ്റെ വായ ആരും അടപ്പിക്കേണ്ട. അവളുടെ അമ്മയാണ് ഞാൻ. എൻ്റെ കുട്ടിയെ ഞാൻ അല്ലാതെ ആരാണ് മനസ്സിലാക്കേണ്ടത്. ഇനി എങ്കിലും എൻ്റെ കുട്ടി ഒന്ന് ജീവിക്കട്ടെ. ഒരച്ഛൻ എന്ന നിലയിൽ അവളുടെ വിവാഹം നിങ്ങൾ നടത്തി. അന്ന് ഞാൻ എത്രയോ പറഞ്ഞു അവൾ പഠിക്കട്ടെ എന്ന്. ജാതകം എന്ന് പറഞ്ഞു എൻ്റെ വായ അടപ്പിച്ചു. ഇനി വയ്യ."

അന്നാദ്യമായി എനിക്ക് അമ്മയെ ഓർത്തു അഭിമാനം തോന്നി. അറിയാതെ കണ്ണുകൾ നിറഞ്ഞു.

"മോളെ, നീ അത്യാവശ്യം വേണ്ടതെല്ലാം എടുത്തോ. നിന്നെ ആരും തടയില്ല. ഇനി നിൻ്റെ ജാതകം ഒരുത്തനും നോക്കില്ല. നിന്നെ ഞാൻ പഠിപ്പിക്കും. എന്നോട് നീ ക്ഷമിക്കണം. നിനക്കു വേണ്ടി അന്ന് ഞാൻ ഇതു ചെയ്യേണ്ടതായിരുന്നൂ. നിന്നെ ഈ വിധിക്കു ഞാൻ കൂടെ വിട്ടുകൊടുത്തു. ഇനി നിൻ്റെ വിധി എന്ന് പറഞ്ഞു മാറ്റി നിർത്തുവാൻ എനിക്ക് വയ്യ."

എല്ലാം എടുത്തു അവിടെ നിന്നും ഇറങ്ങുമ്പോൾ ചുറ്റിലും ഉള്ളവർ പറയുന്നത് ഞാൻ കേട്ടില്ല. രണ്ടു വർഷങ്ങൾക്കു ശേഷം എനിക്ക് മോചനം കിട്ടിയിരിക്കുന്നു, എൻ്റെ സ്വർണ്ണക്കൂട്ടിൽ നിന്നും. 

അത് മാത്രം മതിയായിരുന്നൂ എനിക്ക്. എൻ്റെ സ്വപ്നങ്ങളെ ഇനി എനിക്ക് ചേർത്തു പിടിക്കാം..

..........................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA