പാഠം ഒന്ന് PAADAM ONNU, FB, N, A, E, K, EK, KZ, NA, P, G, AP
"അവളുടെ അഹങ്കാരം തീർന്നൂ. എന്തായിരുന്നൂ ഒരു നടപ്പും എടുപ്പും. എല്ലാം തികഞ്ഞു എന്നായിരുന്നല്ലോ വിചാരം. ഇപ്പോൾ ശരിയായി. അങ്ങനെ തന്നെ വേണം. "
"നീ എന്താ ഈ പിറുപിറുക്കുന്നതു. വട്ടായോ.."
"വട്ടു നിങ്ങളുടെ തള്ളയ്ക്കാണ്. എനിക്കല്ല."
അവൾക്കു നല്ല ദേഷ്യം വന്നൂ.
അല്ലെങ്കിലും എന്നെ പറഞ്ഞാൽ മതി. വഴിയിൽ കൂടെ പോയതെല്ലാം വലിഞ്ഞു കയറി ചെന്ന് എരന്നു വാങ്ങിക്കൊള്ളും. ആരുടെ എങ്കിലും കുറ്റം പറയാതെ അവൾ ഒരു ദിവസ്സം തുടങ്ങില്ല. കെട്ടിയ അന്ന് മുതൽ കാണുന്നതല്ലേ.
അയല്പക്കത്തുകാർക്കെന്തെങ്കിലും വിഷമം വന്നാൽ സന്തോഷമായി. ഓരോ ജന്മങ്ങൾ.
ചായ കുടിക്കാനെടുത്തപ്പോൾ വീണ്ടും അവൾ പറഞ്ഞു തുടങ്ങി.
"നിങ്ങൾ അറിഞ്ഞോ മനുഷ്യാ, തെക്കേലെ ശാന്തേടെ മോൻ, ഒരു പെണ്ണിനെ പ്രേമിക്കുന്നുണ്ട് പോലും. കല്യാണം ഒറപ്പിച്ചൂ എന്നാ കേട്ടത്. പാവപ്പെട്ട വീടാണത്രെ. ഒന്നും കിട്ടില്ലെന്നാ തോന്നുന്നത്."
"അതിനെന്താ മീനെ, അവർ സുഖമായിട്ടു ജീവിച്ചാൽ പോരെ. നമുക്കെന്താ.."
"വലിയ പണക്കാരിയെന്ന ഒരു വിചാരം അവൾക്കുണ്ട്. അത് തീർന്നു കിട്ടി. മോൻ പോയി ഒരിടത്തു പെട്ടല്ലോ. എനിക്കവളെ ഒന്ന് കാണണം. ചരഞ്ഞു അവൾ ഇരിക്കുമല്ലോ അത് മതി."
"എന്തിനാ, മീനെ. ഒരാൾ വിഷമത്തിൽ ആണെങ്കിൽ അവരെ വീണ്ടും കുത്തുന്നത്. അതത്ര നല്ലതല്ല."
"നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് മനുഷ്യ, ഒരു പുണ്യാളൻ വന്നിരിക്കുന്നൂ, ഉപദേശിക്കുവാൻ."
"ആരോ ബെല്ലടിക്കുന്നുണ്ടല്ലോ.."
"അയ്യോ, ഇതാര് ശാന്തേടത്തിയോ. വാ കയറി ഇരിക്കൂ."
എൻ്റെ ദൈവമേ, വായിൽ നിന്നും തേനൊലിക്കുന്നൂ. ഇവൾ പറഞ്ഞതെങ്ങാനും അവർ കേട്ട് കാണുമോ എന്തോ. എന്തൊരഭിനയം. സ്റ്റേജിൽ ആയിരുന്നെങ്കിൽ ഇവൾ തകർത്തേനെ.
"ഏടത്തിയെപറ്റി ഓർക്കാത്ത സമയമില്ല കേട്ടോ. ചേട്ടനും ഇപ്പോൾ പറഞ്ഞതേ ഉള്ളൂ, ഏടത്തിയെ ഒന്നു കാണണമെന്ന്. ഏടത്തിയെ പോലെ നല്ല ആളുകൾ ഈ നാട്ടിൽ വേറെ ഉണ്ടോ."
ഞാൻ അറിയാതെ തലയിൽ കൈ വച്ച് പോയി. ഇതുകേട്ട് ഈ വീട് ഇടിയാത്തതു തന്നെ ഭാഗ്യം.
"മീനെ, അറിയാല്ലോ, സാജൻ്റെ മനഃസമ്മതം ആണ് അടുത്ത മാസം. ഒരുത്തനല്ലേ ഉളളൂ. അതുകൊണ്ടു തന്നെ ഒന്നിനും കുറവ് വരരുത് എന്ന് എനിക്കും ചേട്ടനും നിർബന്ധം ഉണ്ട്. ചേട്ടൻ ഷിപ്പിൽ നിന്നും നാളെ എത്തുള്ളു. പിന്നെ ആറുമാസം ഉണ്ടാകും നാട്ടിൽ. നിങ്ങളെ നേരത്തെ തന്നെ ഞാൻ വന്നു വിളിക്കാമെന്ന് കരുതി. അയല്പക്കമായതു കൊണ്ട് നിങ്ങളല്ലേ എന്തിനും കൂടെ ഉണ്ടാകൂ. പിന്നെ നിനക്കുള്ള സാരി എൻ്റെ വകയാണ് കേട്ടോ."
ഏടത്തി വീണ്ടും തുടർന്നു.
"അറിയാല്ലോ, ദൈവാനുഗ്രഹം കൊണ്ടാണ് കുട്ടികൾ ഇല്ലാതിരുന്ന ഞങ്ങൾക്ക് നല്ലൊരു മോനെ കിട്ടിയത്. ഒരു കുട്ടിയെ ദത്തു എടുക്കുവാൻ ഇരുന്നപ്പോൾ ആണ് ഞാൻ ഗർഭിണി ആണെന്നറിഞ്ഞത്. അന്നേ ഞങ്ങൾ തീരുമാനിച്ചതാണ് അവനു വേണ്ടി നല്ലൊരു മോളെ അനാഥാലയത്തിൽ നിന്നു തന്നെ കണ്ടെത്തുമെന്ന്. പള്ളുരുത്തിയിലെ മഠത്തിൽ നിന്നാണ് മോൾ പഠിച്ചതും വളർന്നതും എല്ലാം. അതുകൊണ്ടു തന്നെ എല്ലാം ഞങ്ങൾ നേരിട്ടാണ് ചെയ്യുന്നത്. നല്ല സ്വഭാവം ആണ് കേട്ടോ. നിങ്ങൾ കരുതുന്നത് പോലെ പ്രണയ വിവാഹം ഒന്നും അല്ല. എൻ്റെ അനിയത്തി അവിടെ കന്യാസ്ത്രി ആണെന്നറിയാമല്ലോ, അവൾ കാണിച്ചു തന്ന കുട്ടിയാണ്. ദൈവം വാനോളം തന്നിട്ടുണ്ട്. അവനും എനിക്കും അവൻ്റെ അപ്പനും അവളെ അങ്ങു ഇഷ്ടമായി. പണം മാത്രമല്ലല്ലോ കാര്യം. ആളുകൾ പലതും പറയും. പക്ഷേ, ഞങ്ങൾക്ക് അവൾ മതി."
അത് കേട്ടപ്പോൾ മീനയുടെ മുഖം ഒന്ന് വാടിയോ.
അവർ ക്ഷണിച്ചിട്ടു പോയി.
ഏതായാലും പറഞ്ഞ പോലെ മനോഹരമായി മനഃസമ്മതവും കല്യാണവും നടന്നു.
വിവാഹത്തിന് വന്നവരെല്ലാം ശാന്തേടത്തിയെ വാനോളം പുകഴ്ത്തി. സ്വന്തം മോളെ ഒരുക്കുന്ന പോലെയാണ് അവർ മരുമകളെ വിവാഹവേദിയിൽ കൊണ്ട് വന്നത്.
മാലാഖയെ പോലെ ഒരു പെൺകുട്ടി.
പിന്നീടങ്ങോട്ട് ആ പെൺകുട്ടി താൻ ഒരു മാലാഖയാണെന്നും സ്വഭാവത്തിലൂടെ തെളിയിച്ചു.
...........................
"ഇവിടെ ആരുമില്ലേ."
"ദേ മനുഷ്യാ, ആരാണെന്നു ഒന്ന് നോക്കിയേ."
"കർത്താവെ പോലീസ്."
"അവർ വീട് മറിക്കേറിയതായിരിക്കും."
"ഇതു സാമിൻ്റെ വീടല്ലേ."
"അതേ സാറെ, എൻ്റെ മോനാ സാം.."
"എന്നാൽ ആ പുന്നാരമോനെ ഒന്ന് വിളിക്കാമോ.."
"എന്തെങ്കിലും പ്രശ്‌നം ഉണ്ടോ."
"ഒരു കുഴപ്പവും ഇല്ല. അവൻ ഗർഭിണി ആക്കിയ പെണ്ണ്, ICUയിൽ ചാകാൻ കിടപ്പുണ്ട്. അവളുടെ അപ്പൻ വേണ്ട തെളിവുകൾ ഒക്കെ സമർപ്പിച്ചിട്ടുണ്ട്. ശിഷ്ടകാലം അവനു ജയിലിൽ കഴിയാം."
"എൻ്റെ മോൻ അങ്ങനെ ചെയ്യില്ല. അവൻ നല്ലവനാണ്. അവൻ കുഞ്ഞല്ലേ, ബിരുദം കഴിഞ്ഞല്ലേ ഉള്ളൂ." അവൾ തുടങ്ങി.
"വേണ്ടാത്ത കാര്യങ്ങളിൽ അവൻ PhD എടുത്തിട്ടുണ്ട്. അത് തന്നെ ധാരാളം."
ഞാൻ വേഗം മോനെ വിളിച്ചു. SI യുടെ കൈയ്യും കാലും പിടിച്ചു. മോനെ സ്റ്റേഷനിൽ എത്തിച്ചാൽ മതിയെന്ന് അയാൾ സമ്മതിച്ചു.
അവനെയും കൂട്ടി സ്റ്റേഷനിൽ ചെന്നൂ. ഏതായാലും അവൻ കുറ്റങ്ങൾ എല്ലാം സമ്മതിച്ചു.
പെണ്ണ് അപകടനില തരണം ചെയ്തു എന്ന് SI പറഞ്ഞു.
പിന്നെയാണ് കാര്യങ്ങൾ മനസ്സിലായത്..
ചേരിയിൽ വാറ്റു വില്ക്കുന്ന അമ്മിണിയുടെ മകൾ ആണ് കഥാപാത്രം. അവൻ ഇടയ്ക്കൊക്കെ അവിടെ പോകുമായിരുന്നൂ. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അവൾക്കാണെങ്കിൽ മോനെ പറ്റി അന്വേഷിക്കുവാൻ നേരമില്ലല്ലോ. ഏതായാലും അവൻ ചതിയിൽ പെട്ടതാണെന്ന് മനസ്സിലായി. ഇനി ഒന്നും ചെയ്യുവാനില്ല എന്നും എനിക്കറിയാം.
അങ്ങനെ അടുത്ത ശുഭമുഹൂർത്തത്തിൽ ആ കല്യാണം നടന്നു. അല്ല നടത്തേണ്ടി വന്നൂ.
സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ അന്വേഷിക്കാതെ, അയല്പക്കത്തെ കാര്യങ്ങൾ ചികഞ്ഞു നടന്നതിന് എൻ്റെ ഭാര്യക്ക് നന്നായി തന്നെ കിട്ടി. ഇനിയെങ്കിലും അവൾ പഠിക്കട്ടെ.
.....സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ